Book Review

ആത്മീയ നവീകരണത്തിന് ഒരാഹ്വാനം

ആത്മീയ നവീകരണത്തിനുള്ള ആഹ്വാനമാണ് Revive your heart: Putting life in perspective എന്ന പുസ്തകം. നമ്മുടെ ജീവിതത്തില്‍ വരുത്തേണ്ട അടിസ്ഥാനമാറ്റങ്ങളെ സംബന്ധിച്ചും, നമ്മുടെ കര്‍മങ്ങളെയും ചിന്തകളെയും ആലോചനകളെയും പുനപരിശോധന നടത്തുന്നതിനും, അതുവഴി നമ്മുടെ അകവും പുറവും  ഒരുപോലെ രൂപപ്പെടുത്തുന്നതിനുമുതകുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. ദൈവവുമായി ആത്മീയ ബന്ധം നിലനിര്‍ത്തുന്നതിനും, മുസ്‌ലിംകള്‍ക്കിടയിലെ അനൈക്യം, ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ദൈവത്തില്‍ നിന്നുള്ള അകല്‍ച്ച പോലെയുള്ള ഇന്ന് മുസ്‌ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളോട്  പ്രതികരിക്കുന്നതിനും  ആധുനിക മുസ്‌ലിംകളെ  സഹായിക്കുകയെന്നതാണിതിന്റെ ഉദ്ദേശ്യം. ഖുര്‍ആനുമായുള്ള ആഴത്തിലുള്ള ഇടപെടലില്‍ നിന്ന് വളരെ ആകര്‍ഷകമായ രീതിയിലാണ് നുഅ്മാന്‍ അലി ഖാന്‍ ഇവയെല്ലാം കൈകാര്യം ചെയ്യുന്നത്.

മഹത്തായ ഒരു കൃതി മാര്‍ഗദര്‍ശിയും വായനക്കാരുടെ മനസ്സിലും ഹൃദയത്തിലും സ്വാധീനം നിലനിര്‍ത്തുന്നതുമായിരിക്കണം. ഓരോ അധ്യായങ്ങളും വായിച്ചതിനുശേഷം ഒരാളത്  ദൈനംദിന ജീവിതത്തില്‍ പ്രയോഗിക്കുകയാണെങ്കില്‍ അതാണ് ഏറെ മഹത്തരം. അത്തരത്തിലുള്ള ഒരു പുസ്തകം കൂടിയാണിത്.
പ്രാസംഗികനും, ബയ്യിന ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ  നേതൃപരിശീലകനും സ്ഥാപകനുമാണ് നുഅ്മാന്‍ അലി ഖാന്‍. ജര്‍മനിയിലെ ബെര്‍ലിനില്‍ ജനിച്ച അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. ജോര്‍ദാനിലെ റോയല്‍ ഇസ്‌ലാമിക്ക് സ്ട്രാറ്റജിക്ക് സ്റ്റഡീസ് സെന്റര്‍ ലോകത്തെ സ്വാധീനമുള്ള 500 വ്യക്തികളില്‍ ഒരാളായി അദ്ദേഹത്തെ തെരെഞ്ഞെടുത്തിട്ടുണ്ട്.

വ്യക്തിതലം മുതല്‍ ആഗോളതലം വരെയുള്ള നിരവധി വിഷയങ്ങള്‍ തന്ത്രപരവും, അനായാസ സംഭാഷണശൈലിയോടും കൂടിയാണ് ഈ പുസ്തകത്തില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അവ നമ്മുടെ ജിവിതത്തില്‍ നാം ചെയ്യുന്ന കാര്യങ്ങളെ പുനപരിശോധിക്കാന്‍ കൂടി പ്രേരിപ്പിക്കുന്നതാണ്. മൊഴിമുത്തുകളായി പരിഗണിക്കപ്പെടേണ്ടവയാണവ. ഉദാഹരണത്തിന് ഈ വരികള്‍ നോക്കുക: ”അലിവില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ലോകത്തുടനീളം ഇന്ന് നടക്കുന്നത്.  ലോകത്തെ രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, സോഷ്യല്‍മീഡിയ, സാങ്കേതികവിദ്യ, വിനോദം തുടങ്ങിയ രംഗങ്ങളിലെ പുരോഗതി നമ്മുടെ ശ്രദ്ധക്കായി മത്സരിക്കുന്നു. അവയെല്ലാം നമ്മുടെ മനസ്സിനെ വ്യതിചലിപ്പിക്കാന്‍ മത്സരിക്കുന്നു എന്നതാണ് കൂടുതല്‍ ശരി. സ്വതന്ത്രവിപണികളുടെ പ്രത്യശാസ്ത്രത്തിന് അനുസൃതമായി ഉപഭോഗത്തിന് അടിപ്പെടാനത് നമ്മെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.”

മനുഷ്യനെ വെറും ഉപഭോഗവസ്തുവായി കാണുന്ന സംസ്‌കാരത്തെക്കുറിച്ച് പുനരാലോചിക്കാന്‍ ഖാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. എത്രത്തോളമെന്നാല്‍ അത് ആത്മീയ ജീവിതത്തെ വരെ വിനോദോപാധിയെന്ന തരത്തിലുള്ള വില്‍പനചരക്കാക്കി മാറ്റിയിരിക്കുന്നു. ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് ആഗോളതലത്തില്‍ തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് മുസ്‌ലിംകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന മതപരമായ സ്വത്വപ്രതിസന്ധിയെന്ന് ഗ്രന്ഥക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ സംഘങ്ങള്‍ ദീനിനെക്കുറിച്ച അജ്ഞരായ മുസ്‌ലിംയുവാക്കളെ ആകര്‍ഷണീയമായ തലക്കെട്ടുകളിലൂടെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.  മുസ്‌ലിംകള്‍ക്ക് അവരിന്നനുഭവിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഏക മാര്‍ഗമെന്നത്. അവര്‍ സ്വയമേവ ദൈവത്തിലേക്ക് അടുക്കലാണെന്ന് ഖാന്‍ നമ്മെ ഉണര്‍ത്തുന്നു. ഇത് ജീവതത്തിലൊരു കാഴ്ചപ്പാടുണ്ടാകേണ്ടതിന്റെ ആവശ്യകതയെയാണ് കുറിക്കുന്നത്. ഇവിടെയുള്ള ജീവിതം നൈമിഷികമാണെന്ന യാഥാര്‍ത്ഥ്യത്തെ ഒരിക്കലും മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഭൂമിയിലെ ചുരുങ്ങിയ ജീവിതം ഈ ലോകത്ത് നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള അവസരമാണ്. അതിനനുസരിച്ച് നാം സ്വര്‍ഗത്തിന് അര്‍ഹരാണോ അല്ലയോ എന്നത് ദൈവം തീരുമാനിക്കും.

ഇസ്‌ലാമിന്റെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന തീവ്രവാദാരോപണങ്ങളുടെയും, യുദ്ധങ്ങളും, വ്യാജ പണ്ഡിതരും മതം പഠിക്കാനുള്ള പരമ്പരാഗത സംവിധാനങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഈ സമയത്ത് തീവ്രവാദത്തില്‍ നിന്ന് അകന്ന് നില്‍കാനും ആത്മ പരിശോധന നടത്താനും ഖാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെടുന്നു. ഇന്നത്തെ മിക്ക മുസ്‌ലിം രാജ്യങ്ങളിലെയും പ്രശ്‌നങ്ങള്‍ നിറഞ്ഞ അവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഖാന്‍ വാക്കുകള്‍ മയപ്പെടുത്തുന്നില്ല. മുസ്‌ലിംകള്‍ തങ്ങളുടെ ബാധ്യതകളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് ബോധവാന്‍മാരായിരിക്കുകയും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ഇസ്‌ലാമിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ കുറിച്ച് തിരിച്ചറിവുള്ളവരായിരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

അദ്ദേഹം പറയുന്നു: ”മുസ്‌ലിംകളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇസ്‌ലാം പരിഹസിക്കപ്പെടുന്നതെന്നാണ് ഞാന്‍ പറയുക. മുസ്‌ലിംകള്‍ എന്തായി മാറുകയാണ്? എങ്ങനെയാണ് നാം പെരുമാറുന്നത്? നമ്മുടെ സമൂഹങ്ങളഉടെ അവസ്ഥ എന്താണ്? നമ്മുടെ ചുറ്റുവട്ടത്തെ തെരുവുകളുടെ അവസ്ഥ എന്താണ്? നമ്മുടെ വീടുകളുടെ അവസ്ഥ എങ്ങനെയാണ്? നമ്മുടെ ഇടപാടുകല്‍ ഏത് തരത്തിലാണ്? നമ്മുടെ സര്‍ക്കാറുകള്‍ എങ്ങനെയാണ്? നിങ്ങള്‍ അഴിമതിക്കുള്ള ഉദാഹരണമാണ് തേടുന്നതെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന്റെ വിപരീതം കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുസ്‌ലിം രാജ്യങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി. അവിടെ ദൈവത്തിനു വേണ്ടിയുണ്ടാക്കിയ മസ്ജിദിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പോലും പരിഷ്‌കൃതരായി മാറാന്‍ നമുക്ക് പ്രയാസമാണ്. നമസ്‌കാരത്തിന് സ്വഫ്ഫുകളില്‍ അണിനില്‍ക്കുമ്പോള്‍ മാത്രമാണ് നിരയൊപ്പിച്ച് നില്‍ക്കുന്നത്. അതിന് പുറത്തു കടക്കുമ്പോള്‍ അതെല്ലാം നാം മറക്കുന്നു. മൗലികമായ മാനുഷികമൂല്യങ്ങള്‍ പോലും നാം പാലിക്കുന്നില്ല. എന്താണ് നമ്മള്‍ ചെയ്യുന്നത്? മനുഷ്യരെന്ന നിലയില്‍ എന്താണ് നാം നിര്‍മ്മിച്ചത്? ലോകത്തിനെന്തു സംഭാവനയാണ് നാം നല്‍കിയത്? പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് നാം വാര്‍ത്തകളില്‍ പോലും നിറയുന്നത്. നമുക്ക് നമ്മുടെ ധാര്‍മ്മിക ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. ദീന്‍, ശരിഅത്ത്, ഫിഖ്ഹ് എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് മനുഷ്യനു വേണ്ട അടിസ്ഥാന മൂല്യങ്ങളെ കുറിച്ച് മാത്രമാണ്. നമ്മുടെ മനസ്സും ഹൃദയവും കണ്ണുകളും അടക്കുന്നതിനുള്ള വഴിയല്ല മതമെന്ന് നാം കാണിച്ചു കൊടുക്കേണ്ടതുണ്ട്. മറിച്ച്, അത് മനസ്സ് തുറപ്പിക്കുന്നതും, സംവാദത്തിലേര്‍പ്പെടാനും, മനുഷ്യനിലേക്ക് സംസ്‌കാരത്തെ സന്നിവേശിപ്പിക്കുന്നതിനുളള വഴിയാണത്.”

മുസ്‌ലിംകളുടെ പരിതാപകരമായ അവസ്ഥക്ക് മാറ്റം വരുത്താന്‍ മുസ്‌ലിംകള്‍ സ്വയം മാറുകയാണ് വേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. അതുകൊണ്ടര്‍ത്ഥമാക്കുന്നത് ഓരോ മുസ്‌ലിമിനും വ്യക്തിപരമായി മാറ്റം ആവശ്യമാണ്. ഈ മാറ്റം സ്വന്തത്തിലും കുടുംബത്തിനകത്തും സമൂഹത്തിലും ഉണ്ടാകണമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.

Revive Your Heart-Putting Life in Perspective ന് നിങ്ങളുടെ ഹൃദയവുമായി ഇഴുകിച്ചേരാന്‍ കഴിയും. നിങ്ങളുദ്ദേശിക്കുന്ന രീതിയിലല്ല, അല്ലാഹു നിങ്ങളില്‍നിന്നുദ്ദേശിക്കുന്ന രീതിയില്‍ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്ന ആഹ്വാനമാണിത്. ഉയര്‍ന്ന ദൈവഭക്തിയിലൂടെയും സഹാനുഭൂതിയിലൂടെയും മികച്ച സാമൂഹിക പ്രതിബദ്ധതയിലൂടെയും ചുറ്റുപാടിന് വെളിച്ചം പകരാന്‍ സാധിക്കുന്നവരാക്കി മുസ്‌ലിംകളെ മാറ്റുന്നതിന് ഈ പുസ്തകം ഏറെ സഹായിക്കുമെന്നാണ് ഞാന്‍ പ്രത്യാശിക്കുന്നത്.

വിവ: കെ.സി. കരിങ്ങനാട്‌

Facebook Comments
Related Articles
Close
Close