പതിനൊന്നു വര്‍ഷത്തെ കടുത്ത തടവിനും മരണത്തിന്റെ നിഴലിലുമുളള ജീവിതത്തിനു ശേഷം ഫെബ്രുവരിയുടെ ഒരു പ്രഭാതത്തില്‍ അഫ്‌സല്‍ തൂക്കിലേറ്റപ്പെട്ടു. തികച്ചും നിയമവിരുദ്ധമായിരുന്നു ആ തൂക്കിലേറ്റല്‍. എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന് ഇങ്ങനെ നിയമവിരുദ്ധമായി പെരുമാറാന്‍ സാധിക്കുക.? പ്രത്യേകിച്ചും രാജ്യത്തെ പരമോന്നത കോടതി അദ്ദേഹത്തിന് മൂന്ന് ജീവപര്യന്തവും രണ്ട് വധശിക്ഷയുമുള്‍പ്പെടെയുളള തടവിന് വിധിച്ചിരിക്കെ. പത്തുമാസം മുമ്പ് 2012 ഏപ്രിലില്‍ സുപ്രീം കോടതി കുറെക്കാലം തടവു ശിക്ഷയനുഭവിച്ചവരുടെ കാര്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തീകരിച്ചതാണ്. അതില്‍ ഒരു കേസ് അഫ്‌സല്‍ ഗുരുവിന്റെതാണ്. കോടതി അതിന്റെ വിധി പറയല്‍ നീട്ടി വച്ചു. എന്നാല്‍ വിധി വരുന്നതിനു മുമ്പ് അഫ്‌സല്‍ വധിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ മൃതദേഹത്തിനു വേണ്ടിയുളള കുടുംബത്തിന്റെ അപേക്ഷയോട് സര്‍ക്കാര്‍ മുഖം തിരിച്ചു. ചടങ്ങുകളൊന്നുമില്ലാതെ ജയില്‍ വളപ്പില്‍ അടക്കം ചെയ്തു. അങ്ങനെ കാശ്മീറില്‍ രക്തസാക്ഷികളുടെ ഖബറിസ്ഥാനില്‍ കാലിയായ ഒരു ഖബറിടം കൂടി മൃതദേഹത്തിനായ് കാത്തു കിടക്കുന്നു. ഒരിക്കല്‍കൂടി ഇന്ത്യയില്‍ ജനങ്ങള്‍ തങ്ങളുടെ പ്രതികരണ ശേഷി പ്രകടിപ്പിച്ചതാണ് കാശ്മീറില്‍ കാണാന്‍ കഴിഞ്ഞത്. ഒരിക്കല്‍ക്കൂടി നാം ജനാധിപത്യത്തെ അനുഭവിച്ചു. അവര്‍ ചോദിച്ചു; ഈ തൂക്കിലേറ്റല്‍ നിയമപരമായിരുന്നോ? ആറു വര്‍ഷം മുമ്പ് വിചാരണയുടെ നാലാം വര്‍ഷത്തില്‍ ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പിറങ്ങിയിരുന്നു. വിചാരണയില്‍ അഫ്‌സല്‍ അനുഭവിച്ച അനീതിയുടെ വശങ്ങള്‍ വിശദീകരിക്കുന്ന ലേഖനങ്ങളാണ് അതിലുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം പതിപ്പില്‍ അഫ്‌സലിന്റെ വധം നടപ്പിലാക്കിയതിലെ നിയമലംഘനങ്ങളാണ് വിശകലനവിധേയമാക്കുന്നത്. ഒന്നാം പതിപ്പ് അവസാനിപ്പിക്കുന്നത് പ്രതീക്ഷയുടെ കിരണങ്ങള്‍ ബാക്കി വച്ചിട്ടായിരുന്നെങ്കില്‍ രണ്ടാം പതിപ്പ് നീതികേടിലുളള രോഷത്തിലാണ് അവസാനിപ്പിക്കുന്നത്. ഈ വൈകിയ വേളയില്‍ നമുക്കിനിയും ചോദിക്കേണ്ടി വരുന്നു യഥാര്‍ഥത്തില്‍ അദ്ദേഹം കുറ്റവാളിയായിരുന്നോ? അതോ നാം ഒരു നിരപരാധിയെ തൂക്കിലേറ്റുകയായിരുന്നോ? ഈ പുസ്തകം മോത്തത്തില്‍ പറയാന്‍ ശ്രമിക്കുന്നത് അഫ്‌സല്‍ പ്രതിയായിരുന്നില്ല എന്നു തന്നെയാണ്. മാധ്യമങ്ങളുടെ കൊണ്ടു പിടിച്ച പ്രചാരണങ്ങളും സുപ്രീം കോടതിയുടെ വിവാദമായ വിധിതന്നെയും അതിനുദാഹരണമായി എടുത്തു കാട്ടുന്നു. യഥാര്‍ഥത്തില്‍ തെളിയിക്കപ്പെടാത്ത കുറ്റത്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ തൂക്കിലേറ്റപ്പെടുകയായിരുന്നു.
ചില ചോദ്യങ്ങള്‍ ഈ പുസ്തകം ചോദിക്കുന്നു. 1983 ല്‍ 3000 അനധികൃത ബംഗ്ലാദേശികളെ കൂട്ടക്കൊല ചെയ്തത് ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെയുളള ആക്രമണമല്ലേ? 1984 ലെ സിഖ് കൂട്ടക്കുരുതിയുടെ കാര്യത്തില്‍ എന്തു പറയുന്നു. അവിടെയും 3000 പേര്‍ മരിച്ചു വീണല്ലേ? 2002 ലെ ഗുജറാത്തിനെക്കുറിച്ച് എന്തു തോന്നുന്നു..? ഇന്ത്യന്‍ ജനാധിപത്യത്തിന് അതൊരു പോറലും ഏല്‍പിച്ചില്ലെന്നാണോ? ഈ കൂട്ടക്കുരുതിയിലൊക്കെയും നമ്മുടെ രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കെതിരെ ശക്തമായ തെളിവുണ്ടായിരിക്കെ അവരാരെങ്കിലും അറസ്റ്റ് ചെയ്യപ്പെടുകയോ പതിനൊന്നു വര്‍ഷം തടവനുഭവിക്കുകയോ ചെയ്തിട്ടുണ്ടോ? ആരെങ്കിലും ഒരാള്‍ വധശിക്ഷക്കു വിധേയനായിട്ടുണ്ടോ? അവരിലൊരാള്‍ക്ക് മുംബൈ നഗരത്തില്‍ പ്രതിമ സ്ഥാപിച്ചു. സംസ്ഥാനം ഒന്നിച്ച് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. മറ്റോരാള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുളള ഒരുക്കത്തിലാണ്. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ആക്രമണോല്‍സുകത നമ്മില്‍ തന്നെ ഒളിഞ്ഞു കിടക്കുകയാണ്. യഥാര്‍ഥത്തില്‍ അഫ്‌സല്‍ ഗുരു വെറുമൊരു രക്തസാക്ഷിയല്ല. മറിച്ച് കാശ്മീര്‍ താഴവരയിലെ സാധാരണക്കാര്‍ തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ചു തീര്‍ക്കുന്ന യാതനകളുടെ പ്രതീകം കൂടിയാണ്. അദ്ദേഹം പീഡിപ്പിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു, അവസാനം തൂക്കിലേറ്റപ്പെട്ടു.
സത്യത്തില്‍ സംഭവിച്ചതെന്തെന്നു വച്ചാല്‍ അഫ്‌സല്‍ മരണപ്പെട്ടു; പക്ഷെ നമുക്കിപ്പോഴും ആരാണ് പാര്‍ലിമെന്റ് ആക്രമിച്ചതെന്ന് അറിയില്ല. അങ്ങനെ അഫ്‌സല്‍ മരണപ്പെട്ടു. രാഷ്ട്രീയക്കാര്‍ പല രീതിയില്‍ അഫ്‌സല്‍ എന്ന മനുഷ്യനെ ഉപയോഗപ്പെടുത്തി. അത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പക്ഷെ അഫ്‌സല്‍ യഥാര്‍ഥത്തില്‍ ഇപ്പോഴും ജീവിക്കുന്നത് കാശ്മീരികളുടെ മനസ്സുകളിലാണ്. അവരുടെ ഹീറോ ആയിട്ട്. അഫ്‌സലിന്റെ കഥ നമുക്ക് തരുന്ന വലിയൊരു പാഠം യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു നേര്‍ക്കുളള ആക്രമണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന കാശ്മീര്‍ ജനതക്കു നേര്‍ക്കുളള സൈനിക ആക്രമണമാണ്. അഫ്‌സല്‍ അങ്ങനെ വിശ്രമത്തിലേക്ക് യാത്രയായി. (336 പേജുളള പുസ്തകം പെന്‍ക്വിന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്)
വിവ : അത്തീഖുറഹ്മാന്‍