13 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ ആനച്ചിക്ക് വെറും അഞ്ച് വയസ്സായിരുന്നു പ്രായം. ‘ഞാന്‍ ഒരു തളികയില്‍ വെച്ചാണ് വിവാഹിതയായത്. ഇവിടെ ഇത് ഒരു ആചാരമാണ്. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഒരു തളികയില്‍ ഇരുത്തുന്നു, എന്നിട്ട് അവര്‍ ആ തളികകള്‍ കൈമാറുകയും കുട്ടികള്‍ വിവാഹിതരായതായി കണക്കാക്കുകയും ചെയ്യുന്നു. എന്റെ വിവാഹത്തെക്കുറിച്ചോ, അന്ന് ഞാന്‍ ധരിച്ചിരുന്നതോ പോലും എനിക്ക് ഓര്‍മയില്ല…എന്റെ ഭര്‍ത്താവ് എങ്ങനെയുണ്ടെന്നോ അവന്റെ പേരോ പോലും എനിക്കറിയില്ലായിരുന്നു. പിന്നീടാണ് ഞാന്‍ അതെല്ലാം അറിഞ്ഞത്’. ആനച്ചി പറയുന്നു.
യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ടിന്റെ 2020ലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ആഗോളതലത്തില്‍ 223 ദശലക്ഷം ശിശു വധുക്കള്‍ ഉണ്ട്. ആഗോളതലത്തില്‍ തന്നെ മൊത്തത്തില്‍ മൂന്നിലൊന്നാണിത്. ലോകത്തിലെ ഏത് രാജ്യത്തെക്കാളും ഏറ്റവും വലുതാണിത്.
2006ലെ ശൈശവ വിവാഹ നിരോധന നിയമം 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാക്കുമ്പോള്‍, ഇന്ത്യയില്‍ ഓരോ വര്‍ഷവും കുറഞ്ഞത് 1.5 ദശലക്ഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്ത്രീകളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ മാത്രമല്ല ഇത് ബാധിക്കുന്നത്. നേരത്തെയുള്ള വിവാഹം, ഗര്‍ഭധാരണം, ആരോഗ്യപ്രശ്നങ്ങള്‍, മരണനിരക്ക്, ദുര്‍ബലമായ വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ലിംഗാധിഷ്ഠിത അക്രമം എന്നിവയും നേരിടേണ്ടിവരുന്നു- രാജസ്ഥാന്‍ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് താര ആലുവാലിയ പറയുന്നു.
വര്‍ഷങ്ങളായി നിരോധിക്കപ്പെട്ടവ ഉള്‍പ്പെടെയുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളോടെ രാജസ്ഥാനിലെ സ്ത്രീകളുടെ മേല്‍ ഇപ്പോഴും നിര്‍ബന്ധിതരാക്കപ്പെടുന്ന, പാരമ്പര്യങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള ഒരു പരമ്പരയുടെ ഭാഗമാണ് മുകളിലെ അനുഭവകഥകള്‍. രാജ്യത്തും രാജസ്ഥാനിലെ പല ഭാഗങ്ങളിലും ഇപ്പോഴും സാധാരണമായ ശൈശവ വിവാഹങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചാണ് പരമ്പരയിലെ ആദ്യഭാഗത്തില്‍ പറയുന്നത്.
പഴയ പാരമ്പര്യം
2019-21ല്‍ രാജസ്ഥാനിലെ 20-24 വയസ് പ്രായമുള്ള 24.5% സ്ത്രീകളും 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരായിരുന്നുവെന്ന് അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വേ പറയുന്നത്. ഇത് 2015-’16 ലെ 35.4% ല്‍ നിന്നും 2005-06 ലെ 65.2% ല്‍ നിന്നും ഗണ്യമായി കുറഞ്ഞവെന്നും കണക്കുകള്‍ പറയുന്നു. രാജസ്ഥാനിലെ ഏറ്റവും പുതിയ ശൈശവ വിവാഹ നിരക്ക് ഇന്ത്യയിലാകെയുള്ള ശൈശവ വിവാഹ നിരക്കായ 23.3% സമാനമാണ്.
രാജ്സമന്ദില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ, ഭില്‍വാര ജില്ലയിലെ ഒരു ഗ്രാമത്തില്‍, കഴിഞ്ഞ ജനുവരിയില്‍ 17 വയസ്സുള്ള ഖുശ്ബു (തിരിച്ചറിയാതിരിക്കാന്‍ പേര് മാറ്റിയിട്ടുണ്ട്) എന്ന പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 2020 നവംബറില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്തായിരുന്നു വിവാഹം. ‘എട്ടാം ക്ലാസിലെ പരീക്ഷ കഴിഞ്ഞതോടെ ഞാന്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ചു.
എന്റെ ഭര്‍ത്താവിന് എന്നെക്കാള്‍ 12 വയസ്സ് കൂടുതലാണ്, അദ്ദേഹത്തിന് ഒരു പലചരക്ക് കടയുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിച്ചു. കൂടുതല്‍ പഠിക്കുമെന്ന് എന്തായാലും എനിക്ക് ഉറപ്പില്ലായിരുന്നു, പക്ഷേ ലോക്ക്ഡൗണ്‍ അത് സ്ഥിരീകരിക്കുകയായിരുന്നു. എന്റെ അച്ഛന്‍ ഒരു ഡ്രൈവറാണ്, ആറ് മാസമായി തുടര്‍ച്ചയായി വരുമാനമില്ലായിരുന്നു, ദിവസവും മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായി മാറുകയായിരുന്നു, അതിനാല്‍ അവര്‍ എന്നെ എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു,’ ഖുശ്ബു പറഞ്ഞു.
രാജസ്ഥാനിലെ പുരാതനമായ പാരമ്പര്യങ്ങളില്‍ ഒന്നാണ് നേരത്തെയുള്ള വിവാഹം, എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ടു. ഇപ്പോള്‍, പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നത് വരെ അവര്‍ കാത്തിരിക്കുന്നു. ഇന്നും ഞങ്ങളുടെ ടീം ശൈശവ വിവാഹം തടയാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ അപമാനിക്കപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു- ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ മരുധര്‍ സിംഗ് ദേവ്ദ.
മിക്കപ്പോഴും ഇതെല്ലാം ആദിവാസി മേഖലയിലാണ് സംഭവിക്കുന്നത്. ഒരാള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ടെങ്കില്‍, അവരില്‍ മൂത്തയാള്‍ക്ക് 17 അല്ലെങ്കില്‍ 18 വയസ്സ് തികയുന്നത് വരെ അവര്‍ കാത്തിരിക്കും, ആ സമയത്ത് ബാക്കി പെണ്‍കുട്ടികളുടെ പ്രായം എത്രയായിരുന്നാലും അവരെ എല്ലാവരെയും ഒരുമിച്ച് വിവാഹം കഴിപ്പിക്കും. വിവാഹങ്ങള്‍ ഇവിടെ ഒരു ചെലവുള്ള ഏര്‍പ്പാടാണ്, ഇത് താങ്ങാന്‍ കഴിയാത്ത ദരിദ്ര കുടുംബങ്ങള്‍ പെണ്‍മക്കളെ ഒരുമിച്ചുള്ള വിവാഹത്തിലോ സാമൂഹിക വിവാഹത്തിലോ വിവാഹം കഴിപ്പിക്കുന്നത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നു.
എന്നാല്‍, ഒസമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്നത് സമൂഹത്തിലെ തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കരുതുന്നവരുമുണ്ട്.
പൊലിസ്, പ്രാദേശിക ഭരണകൂടെ എന്നിവയുമായി ചേര്‍ന്ന് തെരുവ് നാടകങ്ങളും മറ്റ് ബോധവല്‍ക്കരണ കാമ്പയ്നുകളും നടത്തുന്നുണ്ടെന്നും അവര്‍ സംസാരിക്കുന്ന ഭാഷയില്‍ തന്നെ ശൈശവ വിവാഹത്തിലെ പ്രശ്‌നങ്ങള്‍ അവരോട് മനസ്സിലാക്കികൊടുക്കുന്നുണ്ടെന്നും ദേവ്ദ പറുന്നു.
എന്തുകൊണ്ട് ഇപ്പോഴും തുടരുന്നു
വിദ്യാഭ്യാസത്തിന്റെ അഭാവവും സാക്ഷരതയിലെ ലിംഗ വ്യത്യാസവും, ദരിദ്ര കുടുംബത്തില്‍ ജനിച്ചത്, നിലവിലുള്ള സാമൂഹിക പാരമ്പര്യങ്ങളും ആചാരങ്ങളും എന്നിവയെല്ലാമാണ് നേരത്തെയുള്ള വിവാഹത്തിനുള്ള കാരണങ്ങള്‍ എന്ന് 2023ലെ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഴത്തില്‍ വേരൂന്നിയ സാമൂഹിക-സാംസ്‌കാരിക മാനദണ്ഡങ്ങളുടെയും ലിംഗ അസമത്വങ്ങളുടെയും അനന്തരഫലമാണ് ശൈശവ വിവാഹം. ദാരിദ്ര്യം, സാമ്പത്തിക അരക്ഷിതാവസ്ഥ, വിദ്യാഭ്യാസമില്ലായ്മ, പെണ്‍കുട്ടികളുടെ സുരക്ഷയെ കുറിച്ചുള്ള ഉത്കണ്ഠ എന്നിവ പലപ്പോഴും മാതാപിതാക്കളെ അവരുടെ പെണ്‍മക്കളെ നേരത്തെ വിവാഹം കഴിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുത്രേജ പറയുന്നു.
തങ്ങളുടെ പെണ്‍മക്കളുടെ ഭാവി ‘സുരക്ഷിത’മാക്കുന്നതിനോ അവരുടെ സാമ്പത്തിക സാഹചര്യങ്ങള്‍ ലഘൂകരിക്കുന്നതിനോ ഉള്ള ഒരു ‘പരിഹാരമായാണ് സമുദായങ്ങള്‍ ഇത്തരം വിവാഹത്തെ കാണുന്നത്. മാതാപിതാക്കളും രക്ഷിതാക്കളും സമയമായെന്ന് കരുതുമ്പോഴാണ് ശൈശവ വിവാഹം നടക്കുന്നത്.
1980ലാണ് ആനച്ചി ജനിച്ചത്, അക്കാലത്ത് 15 വയസ്സ് മാത്രം പ്രായമുള്ള അവര്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ അമ്മയായിരുന്നു. എന്റെ ഭര്‍ത്താവിന് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാമായിരുന്നിരിക്കാം, അല്ലെങ്കില്‍ അറിയില്ലായിരിക്കാം,എന്നാല്‍, രണ്ട് കുട്ടികളെ പ്രസവിക്കുന്നത് വരെ എനിക്ക് അതേക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ആനച്ചി ചിരിച്ചുകൊണ്ട് പറയുന്നു.
പെണ്‍കുട്ടികള്‍ നേരത്തെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കളും ആഗ്രഹിക്കുന്നു, കാരണം പെണ്‍കുട്ടി മറ്റൊരു ജാതിയിലോ സമുദായത്തിലോ ഉള്ള ആണ്‍കുട്ടിയുമായി ഒളിച്ചോടുമെന്ന് അവര്‍ ഭയപ്പെടുന്നു, ഇത് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാമൂഹികമായി അസ്വീകാര്യമായി കണക്കാക്കപ്പെടുന്നുവെന്നും പ്രദേശത്തെ എന്‍.ജി.ഒകള്‍ പറയുന്നു.