Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ: ഇസ്‌ലാമിലും ജൂത- ക്രൈസ്തവ പാരമ്പര്യങ്ങളിലും ( 1 – 7 )

ടൊറന്റോ സ്റ്റാർ 1990 ജൂലൈ 3 ലക്കത്തിൽ “പുരുഷാധിപത്യ സിദ്ധാന്തങ്ങളിൽ ഇസ്‌ലാം തനിച്ചല്ല” എന്ന തലക്കെട്ടിൽ ഗ്വിൻ ഡയർ ( Gwynne Dyer) എഴുതിയ ലേഖനം വായിക്കാനിടയായി.

‘സ്ത്രീകളും അധികാരവും’ എന്ന പ്രമേയത്തിൽ മോൺട്രിയലിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസിദ്ധ ഈജിപ്ഷ്യൻ ഫെമിനിസ്റ്റ് ഡോ.നവാൽ സാദാവി ( Dr. Nawal Saadawi ) യുടെ അഭിപ്രായത്തിന് നേരെ വന്ന പരുക്കൻ പ്രതികരണങ്ങൾ അതിൽ വിവരിക്കുന്നുണ്ട്. “സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന തത്വങ്ങൾ യഥാക്രമം പഴയനിയമ പ്രകാരമുള്ള ജൂതമതവും ക്രിസ്തുമതവും ഖുർആനുമാണ്”, “എല്ലാ മതങ്ങളും പുരുഷാധിപത്യപരമാണ്, കാരണം അവ പുരുഷാധിപത്യ സമൂഹങ്ങളിൽ നിന്ന് ഉടലെടുത്തതാണ്”; “സ്ത്രീകളുടെ ശിരോവസ്ത്രം ഒരു പ്രത്യേക ഇസ്ലാമിക ആചാരമല്ല, പ്രത്യുത സഹോദര മതങ്ങളിലെ ആചാരങ്ങളോട് സമാനമായ പുരാതന സാംസ്കാരിക പൈതൃകമാണ്” തുടങ്ങിയ പ്രസ്താവനകളാണ് അവർ പങ്കുവെച്ചിരുന്നത്.

അവരുടെ വിശ്വാസങ്ങളെ ഇസ്‌ലാമുമായി തുലനം ചെയ്യുന്നത് കോൺഫറൻസിൽ പങ്കെടുത്ത മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം സഹ്യമായിരുന്നില്ല. ഡോ.സാദവിക്ക് വിമർശനങ്ങളുടെ പെരുമഴ തന്നെ നേരിടേണ്ടി വന്നു.

“ഡോ. സാദാവിയുടെ അഭിപ്രായങ്ങൾ സ്വീകാര്യമല്ല. അവർ മുന്നോട്ടു വെച്ച മറുപടി അവർക്ക് മറ്റുള്ളവരുടെ വിശ്വാസങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് വിളിച്ചുപറയുന്നു” എന്നാണ് വേൾഡ് മൂവ്‌മെന്റ് ഓഫ് മദേഴ്‌സ് വക്താവ് ബെർണീസ് ഡുബോയിസിന്റെ വിമർശം.

“യഹൂദമതത്തിൽ ശിരോവസ്ത്ര സങ്കൽപ്പമില്ലെന്നും ഉന്നയിക്കപ്പെട്ട വാദത്തിൽ പ്രതിഷേധിക്കണമെന്നും ഇസ്രായേൽ വുമൺസ് നെറ്റ് വർക്ക് പാനലിസ്റ്റ് ആലീസ് ഷാൽവി ( Alice Shalvi ) പറഞ്ഞു. പാശ്ചാത്യരുടെ സ്വന്തം സാംസ്കാരിക പൈതൃകങ്ങളുടെ ഭാഗമായ ആചാരങ്ങളെ ഇസ്‌ലാമിന്റെ തലയിൽ കെട്ടിവെക്കാനുള്ള പാശ്ചാത്യരുടെ ശക്തമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം തീവ്രമായ പ്രതികരണങ്ങൾ വന്നതെന്ന് ലേഖനം വിശദീകരിക്കുന്നുണ്ട്. എങ്കിലും “മുസ്ലിംകളെപോലെ ക്രിസ്ത്യാനികളും ജൂത ഫെമിനിസ്റ്റുകളും ചർച്ച ചെയ്യപ്പെടുന്നില്ല” എന്ന് ഗ്വിൻ ഡയർ ( Gwynne Dyer ) എഴുതുന്നു.

സമ്മേളനത്തിൽ പങ്കെടുത്തവർ ഇസ്‌ലാമിനെ കുറിച്ച്, വിശിഷ്യാ സ്ത്രീ-സംബന്ധമായ വിഷയങ്ങളിൽ നിഷേധാത്മകമായ വീക്ഷണം പുലർത്തുന്നതിൽ അത്ഭുതപ്പെടാനില്ല. പാശ്ചാത്യ രാജ്യങ്ങളിൽ, ഇസ്‌ലാം സ്ത്രീകളുടെ പരമമായ വിധേയത്വത്തിന്റെ പ്രതീകമായി വിശ്വസിക്കപ്പെടുന്നു. കുറച്ച് മുമ്പ് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രി പർദ്ദ ധരിച്ച് സ്കൂളിലെത്തുന്ന മുസ്‌ലിം യുവതികളെ പുറത്താക്കണമെന്ന് ഉത്തരവിറക്കിയിരുന്നല്ലോ- ( The Globe and Mail, Oct. 4,1994.) നവോത്ഥാന നായകരിലൊരാളായി വിശ്വസിക്കപ്പെടുന്ന വോൾട്ടയറുടെ രാജ്യത്ത് വന്ന ഈ ഉത്തരവ് മുസ്‌ലിംകളെ പറ്റിയുള്ള പല വിശ്വാസങ്ങളും എത്രത്തോളം രൂഢമൂലമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ശിരോവസ്ത്രം ധരിക്കുന്നത് കാരണം മുസ്ലീം വിദ്യാർത്ഥിക്ക് ഫ്രാൻസിൽ അവളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുകയാണ്. അതേസമയം കുരിശ് ധരിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥികൾക്കോ തൊപ്പി ധരിച്ചെത്തുന്ന ജൂത വിദ്യാർത്ഥികൾക്കോ ഈയൊരവസ്ഥയില്ല. ശിരോവസ്ത്രമണിഞ്ഞ് വരുന്ന മുസ്‌ലിം യുവതികളെ ഹൈസ്കൂളിൽ പ്രവേശിക്കുന്നത് തടയുന്ന ഫ്രഞ്ച് പോലീസുകാരുടെ രംഗം വേദനിപ്പിക്കുന്നതാണ്. 1962-ൽ അലബാമയിലെ വിദ്യാലയങ്ങളിലെ വർണ വിവേചനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ വിദ്യാലയത്തിന്റെ കവാടത്തിന് മുന്നിൽ കറുത്തവർഗക്കാരായ വിദ്യാർത്ഥികളുടെ പ്രവേശനം തടയുന്ന ഗവർണർ ജോർജ്ജ് വാലസിന്റെ അപമാനകരമായ മറ്റൊരു ദൃശ്യത്തിന്റെ ഓർമ്മകളിലേക്ക് ഈയൊരു ചിത്രം നമ്മെ കൊണ്ടുപോകുന്നു. പക്ഷേ, രണ്ട് ചിത്രങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളെ അനുകൂലിച്ച് അമേരിക്കയുൾപ്പടെ ലോകമെമ്പാടുമുള്ള പലരും രംഗത്തു വന്നിരുന്നു. കറുത്ത വർഗ്ഗക്കാരുടെ പ്രവേശന പ്രശ്നം പരിഹരിക്കാൻ പ്രസിഡന്റ് കെന്നഡി യു എസ് നാഷണൽ ഗാർഡിനെ നിയോഗിച്ചിരുന്നു. എന്നാൽ, മുസ്‌ലിം പെൺകുട്ടികൾക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ല. ഫ്രാൻസിന് അകത്തു നിന്നും പുറത്തു നിന്നുമായി അവരെ അനുകൂലിച്ച് വന്നവർ വളരെ വിരളമാണ്. ഇന്ന് ലോകത്ത് ഇസ്‌ലാമിക കാര്യങ്ങളെ കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണയും ഭയവും നിലനിൽക്കുന്നുണ്ട് എന്നതാണ് കാരണം.

മോൺട്രിയൽ കോൺഫറൻസിനെക്കുറിച്ച് ഉയർന്നു വന്ന ഒരു ചോദ്യം എന്നെ ഹഠാദാകർശിച്ചു; സാദാവിയും വിമർശകരും ഉന്നയിച്ച പ്രസ്താവനകൾ വസ്തുതാപരമാണോ? മറ്റൊരർത്ഥത്തിൽ, യഹൂദമതവും ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും സ്ത്രീകളെ കുറിച്ച് ഒരേ സങ്കൽപ്പമാണോ അവതരിപ്പിക്കുന്നത്? ഈ മതങ്ങളുടെ കാഴ്ചപ്പാടിൽ വ്യത്യാസമുണ്ടോ? യഹൂദമതവും ക്രിസ്ത്യാനിറ്റിയും, ഇസ്‌ലാം നൽകുന്നതിനേക്കാൾ മെച്ചപ്പെട്ട പരിഗണന സ്ത്രീകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ടോ, എന്താണ് വസ്തുത? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക ശ്രമകരമായ ദൗത്യമാണ്. ഒന്നാമതായി, പഠനങ്ങളിലും പര്യവേക്ഷണത്തിലും പരമാവധി സത്യസന്ധതയും വസ്തുനിഷ്ഠയും പാലിക്കണം. അതാണ് ഇസ്‌ലാമിന്റെ രീതി. മുസ്‌ലിംകൾ, വെറുക്കുന്ന കാര്യമാണെങ്കിൽ പോലും സത്യം പറയണമെന്ന് ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്: “നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതിപാലിക്കുക; അത് അടുത്ത കുടുംബക്കാരന്റെ കാര്യത്തിലായാലും” (6:152) “വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നിർവഹിക്കുക, അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്” (4:135).

രണ്ടാമതായി വിഷയത്തിന്റെ വൈപുല്യം വലിയ പ്രയാസങ്ങൾ തീർക്കുന്നു. ഈ ചേദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ കഴിഞ്ഞ വർഷങ്ങളിൽ ബൈബിളും മതവിജ്ഞാനകോശവും , എൻസൈക്ലോപീഡിയ ജൂഡൈക്കയും തിരഞ്ഞ് മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട്. പണ്ഡിതരും നിരൂപകരും വിമർശകരും രചിച്ച വിവിധ മതങ്ങളിൽ സ്ത്രീകളുടെ സ്ഥാനം പ്രമേയമായുള്ള നിരവധി പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ഈ ഗവേഷണത്തിന്റെ പ്രധാന കണ്ടെത്തലുകളാണ് തുടർന്നുള്ള അധ്യായങ്ങളിൽ അവതരിപ്പിക്കുന്നത്. ഇത് പൂർണമായും വസ്തുനിഷ്ഠമാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. “നീതിപൂർവ്വം സംസാരിക്കുക” എന്ന ഖുർആനിക ആദർശത്തിന്റെ വെളിച്ചത്തിൽ വിഷയത്തെ സമീപിക്കാനാണ് ഈ ഗവേഷണത്തിലുടനീളം ഞാൻ ശ്രമിക്കുന്നത്.

യഹൂദമതത്തെയോ ക്രിസ്തുമതത്തെയോ ഇകഴ്ത്തുക എന്നതല്ല ഈ പഠനത്തിന്റെ താൽപര്യമെന്ന് ആമുഖമായി ഞാൻ അടിവരയിടുന്നു. ഒരു മുസ്‌ലിം എന്ന നിലയിൽ, ഈ മതങ്ങളും ദൈവികമാണെന്ന് ഞാൻ വിശ്വസിക്കുന്നു. മോശയെയും യേശുവിനെയും ദൈവത്തിന്റെ പ്രവാചകന്മാരായി വിശ്വസിക്കാതെ ആരും മുസ്‌ലിമാകില്ല. ഇസ്‌ലാമിന്റെ പക്ഷം വ്യക്തമാക്കുക, പാശ്ചാത്യ രാജ്യങ്ങളിൽ മനുഷ്യരാശിക്ക് ദൈവത്തിൽ നിന്ന് ലഭിച്ച സത്യസന്ദേശങ്ങളുടെ സാംഗത്യം അവതരിപ്പിക്കുക എന്നീ കാര്യത്തിൽ മാത്രമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മൂന്ന് മതങ്ങളിലെയും സ്ത്രീകളുടെ സ്ഥാനം മനസിലാക്കേണ്ടത് അവരുടെ യഥാർത്ഥ സ്രോതസ്സുകളിൽ നിന്നാണ്. അവ ഇന്ന് ലോകത്ത് ദശലക്ഷക്കണക്കിന് അനുയായികൾ ആചരിക്കുന്നതല്ല മത തത്വങ്ങളെന്ന യാഥാര്‍ത്ഥ്യം ഈ പഠനത്തിലുടനീളം പരിഗണിച്ചിട്ടുണ്ട്. അതിനാൽ ഇവിടെ തെളിവുകളായി ഉദ്ധരിച്ചത് ഖുർആൻ, മുഹമ്മദ് നബിയുടെ വചനങ്ങൾ, ബൈബിൾ, താൽമൂഡ് (യഹൂദ നിയമഗ്രന്ഥം) ക്രിസ്തുമതത്തെ നിർവചിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതിൽ മികച്ച സംഭാവനകൾ നൽകിയ സഭാപിതാക്കന്മാരുടെ വാക്കുകൾ എന്നിവ മാത്രമാണ്. ചില നാമമാത്ര അനുയായികളിലൂടെ ഒരു പ്രത്യേക മതത്തെ മനസ്സിലാക്കുന്നത് ശരിയല്ല എന്നാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്. പലരും സംസ്കാരവും മതവും പരസ്പരം വേർതിരിച്ചറിയാതെ ആശയക്കുഴപ്പത്തിലകപ്പെടുകയാണ്. മറ്റ് പലർക്കും അവരുടെ മതഗ്രന്ഥങ്ങൾ അനുശാസിക്കുന്നതെന്താണെന്ന് അറിയില്ല. മറ്റു ചിലർ അത് വേണ്ടത്ര ഗൗനിക്കാറുമില്ല.

ഹവ്വയുടെ അപരാധം?

സ്‌ത്രീകളെയും പുരുഷന്മാരെയും സൃഷ്‌ടിച്ചത് പ്രപഞ്ചസ്രഷ്ടാവായ ദൈവമാണെന്ന വസ്തുതയെ മൂന്നുമതങ്ങളും അംഗീകരിക്കുന്നുണ്ട്. എങ്കിലും, ആദ്യ മനുഷ്യനായ ആദമിന്റെയും ആദ്യ സ്ത്രീയായ ഹവ്വായുടെയും സൃഷ്ടിപ്പിൽ നിന്ന് തന്നെ അഭിപ്രായവ്യത്യാസങ്ങൾ ആരംഭിക്കുന്നുണ്ട്. ആദമിന്റെയും ഹവ്വായുടെയും സൃഷ്ടിയെക്കുറിച്ചുള്ള യഹൂദ-ക്രിസ്ത്യൻ ആശയം ഉല്പത്തി 2: 4-3: 24 ൽ വിശദമായി വിവരിച്ചിരിക്കുന്നു. ‘വിലക്കപ്പെട്ട വൃക്ഷത്തിന്റെ പഴങ്ങൾ ഭക്ഷിക്കുന്നതിൽ നിന്ന് ദൈവം അവരെ രണ്ടുപേരെയും വിലക്കി. സർപ്പം ഹവ്വായെ വശീകരിച്ച് അതിൽ നിന്ന് ഭക്ഷിപ്പിക്കുകയും, ഹവ്വ ആദാമിനെ അവളോടൊപ്പം ഭക്ഷണം കഴിക്കാൻ വശീകരിക്കുകയും ചെയ്തു. ദൈവം ആദമിനെ ശാസിച്ചപ്പോൾ, അവൻ എല്ലാ കുറ്റവും ഹവ്വായുടെ മേൽ ചുമത്തി, “നീ എന്റെ കൂടെ നിർത്തിയ സ്ത്രീ – അവൾ എനിക്ക് മരത്തിൽ നിന്ന് കുറച്ച് ഫലം തന്നു, ഞാൻ അത് തിന്നു.” തത്ഫലമായി, ദൈവം ഹവ്വായോട് പറഞ്ഞു:
“പ്രസവത്തിൽ നിങ്ങളുടെ വേദന ഞാൻ അത്യധികം വർദ്ധിപ്പിക്കും; വേദനയോടെയാവും നിങ്ങൾ കുട്ടികളെ പ്രസവിക്കുക. നിങ്ങളുടെസർവ്വതാല്പര്യങ്ങളും നിങ്ങളുടെ ഭർത്താവിനായിരിക്കും, അവനാവും നിങ്ങളെ ഭരിക്കുക.”

മൂന്ന് മതങ്ങളിലെയും സ്ത്രീകളുടെ സ്ഥാനം മനസിലാക്കേണ്ടത് അവരുടെ യഥാർത്ഥ സ്രോതസ്സുകളിൽ നിന്നാണ്. അവ ഇന്ന് ലോകത്ത് ദശലക്ഷക്കണക്കിന് അനുയായികൾ ആചരിക്കുന്നതല്ല മത തത്വങ്ങളെന്ന യാഥാര്‍ത്ഥ്യം ഈ പഠനത്തിലുടനീളം പരിഗണിച്ചിട്ടുണ്ട്.

ആദാമിനോട് അവൻ പറഞ്ഞു:
“നീ നിന്റെ ഭാര്യയെ ശ്രവിക്കുകയും മരത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തതുകൊണ്ട്, നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; ജീവിതകാലം മുഴുവൻ വേദനാജനകമായ അദ്ധ്വാനത്താൽ നീ അത് അനുഭവിക്കും…”

പ്രഥമ സൃഷ്ടിയെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം ഖുർആനിൽ പല സ്ഥലങ്ങളിലും കാണാം. ഉദാഹരണത്തിന്:
“ആദം, നീയും നിന്റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമുള്ളിടത്തുനിന്ന് തിന്നാം. എന്നാല്‍ ഈ മരത്തോട് അടുക്കരുത്; നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും,പിന്നെ, പിശാച് ഇരുവരോടും ദുര്‍മന്ത്രണം നടത്തി; അവരില്‍ ഒളിഞ്ഞിരിക്കുന്ന നഗ്നസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുത്താന്‍. അവന്‍ പറഞ്ഞു: ”നിങ്ങളുടെ നാഥന്‍ ഈ മരം നിങ്ങള്‍ക്ക് വിലക്കിയത് നിങ്ങള്‍ മലക്കുകളായിമാറുകയോ ഇവിടെ നിത്യവാസികളായിത്തീരുകയോ ചെയ്യുമെന്നതിനാല്‍ മാത്രമാണ്,ഒപ്പം അവന്‍ അവരോട് ആണയിട്ടു പറഞ്ഞു: ”ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്,അങ്ങനെ അവരിരുവരെയും അവന്‍ വഞ്ചനയിലൂടെ വശപ്പെടുത്തി. ഇരുവരും ആ മരം രുചിച്ചു. അതോടെ തങ്ങളുടെ നഗ്നത ഇരുവര്‍ക്കും വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ ചേര്‍ത്തുവെച്ച് അവര്‍ തങ്ങളുടെ ശരീരം മറയ്ക്കാന്‍ തുടങ്ങി. അവരുടെ നാഥന്‍ ഇരുവരെയും വിളിച്ചുചോദിച്ചു: ”ആ മരം നിങ്ങള്‍ക്കു ഞാന്‍ വിലക്കിയിരുന്നില്ലേ? പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ?,ഇരുവരും പറഞ്ഞു: ”ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.” (7:19-23).

സൃഷ്ടിപ്പിനെ സംബന്ധിച്ചുള്ള രണ്ട് വിവരണങ്ങളും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വലിയ വ്യത്യാസങ്ങൾ കാണാനാവുന്നുണ്ട്. വിശുദ്ധ ഖുർആൻ ബൈബിളിന് വിരുദ്ധമായി,ആദമിന്റെയും ഹവ്വായുടെയും തെറ്റിന് തുല്യമായ കുറ്റമാണ് ചുമത്തുന്നത്. ആദമിനെ മരത്തിൽ നിന്ന് ഭക്ഷിക്കാൻ ഹവ്വാ പ്രലോഭിപ്പിച്ചതിന്റെ ചെറിയ സൂചന പോലും ഖുർആനിൽ എവിടെയും കണ്ടെത്താൻ കഴിയില്ല. ഖുർആനിലെ ഹവ്വ ഒരു പ്രലോഭകയോ വഞ്ചകയോ അല്ല. അത്പോലെത്തന്നെ സന്താനദുരിതത്തിന് ഹവ്വയെ കുറ്റപ്പെടുത്താനും ഖുർആൻ മുതിരുന്നില്ല. ഖുർആൻ അനുസരിച്ച്, ദൈവം മറ്റൊരാളുടെ തെറ്റുകൾക്ക് ആരെയും ശിക്ഷിക്കുന്നില്ല. ആദമും ഹവ്വായും ഒരു പാപം ചെയ്തു. തുടർന്ന് ദൈവത്തോട് ക്ഷമ ചോദിക്കുകയും അവൻ ഇരുവർക്കും ക്ഷമിക്കുകയും ചെയ്തുവെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്.

ഹവ്വയുടെ പാരമ്പര്യം

ഹവ്വയെ വശീകരിച്ചവളാക്കുന്ന ബൈബിൾ വീക്ഷണം യഹൂദ-ക്രിസ്ത്യൻ പാരമ്പര്യത്തിലുടനീളം സ്ത്രീകളിൽ അങ്ങേയറ്റം പ്രതികൂലമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാ സ്ത്രീകളും തങ്ങളുടെ മാതാവായ ഹവ്വായിൽ നിന്ന് അവളുടെ കുറ്റബോധവും വഞ്ചനയും പാരമ്പര്യമായി സ്വീകരിച്ചതായിട്ടാണ് വിശ്വസിക്കപ്പെട്ടത്. തത്ഫലമായി, അവരെല്ലാം അവിശ്വസനീയരും ധാർമ്മികമായി താഴ്ന്നവരും ദുഷ്ടരുമായി ധരിക്കപ്പെടുകയും ആർത്തവം, ഗർഭം, പ്രസവം എന്നിവ ശപിക്കപ്പെട്ട സ്ത്രീ ലൈംഗികതയുടെ ശാശ്വതമായ കുറ്റത്തിനുള്ള ശിക്ഷയായി കണക്കാക്കപ്പെടുകയും ചെയ്തു.

ബൈബിളിലെ ഹവ്വായുടെ സ്വാധീനം അവളുടെ എല്ലാ സ്ത്രീ സന്തതികളിലും എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ പ്രധാനപ്പെട്ട ചില ജൂത ക്രിസ്ത്യൻ രചനകൾ പരിശോധിക്കൽ അനിവാര്യമാണ്. നമുക്ക് പഴയനിയമത്തിലെ നിന്നുള്ള ഭാഗങ്ങൾ നോക്കാം:
“മരണത്തെക്കാൾ കയ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കൈയിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപെടും; പാപിയോ അവളാൽ പിടിപെടും. കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചു നോക്കീട്ട് ഞാൻ ഇതാകുന്നു കണ്ടത് എന്നു സഭാപ്രസംഗി പറയുന്നു: ഞാൻ താൽപര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ”
(സഭാപ്രസംഗി 7:26-28).

കത്തോലിക്കാ ബൈബിളിൽ കാണപ്പെടുന്ന ഹീബ്രു സാഹിത്യത്തിന്റെ മറ്റൊരു ഭാഗത്ത് നമുക്ക് വായിക്കാം:
“ഭാര്യയുടെ അകൃത്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ മറ്റെന്തും നിസാരമാണ്; പാപികളുടെ വിധി അവളുടെമേല്‍ പതിക്കട്ടെ!,ഒരു സ്ത്രീയാണ് പാപം തുടങ്ങിവച്ചത്; അവള്‍ നിമിത്തം നാമെല്ലാവരും മരിക്കുന്നു. ” (പ്രഭാഷകൻ 25:19,24).

വീഴ്ചയുടെ ഫലമായി സ്ത്രീകൾക്ക് സംഭവിച്ച ഒമ്പത് ശാപങ്ങൾ ജൂത റബ്ബികൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.
“അവൻ സ്ത്രീക്ക് ഒമ്പത് ശാപങ്ങളും മരണവും നൽകി; ആർത്തവ,കന്യകത്വ രക്തത്തിൻറെ ഭാരം,ഗർഭഭാരം, പ്രസവ ഭാരം, സന്താന പരിപാലന ഭാരം; അവളുടെ തല ഒരു ദുഃഖം പോലെ മൂടിയിരിക്കുകയാണ്, അവൾ തന്റെ യജമാനനെ സേവിക്കുന്ന സ്ഥിരമായ അടിമയെപ്പോലെയാണ്, അവളെ ഒരു സാക്ഷിയായി വിശ്വസിക്കരുത്; ഒടുവിൽ എല്ലാറ്റിനും ശേഷം മരണവും”. ( Leonard J. Swidler, Women in Judaism: the Status of Women in Formative Judaism (Metuchen, N.J: Scarecrow Press, 1976) p. 115.)

യാഥാസ്ഥിതിക യഹൂദ പുരുഷന്മാർ അവരുടെ ദൈനംദിന പ്രഭാത പ്രാർത്ഥനയിൽ ഇന്നും പ്രാർഥിക്കുന്നത് “നീ എന്നെ ഒരു സ്ത്രീയാക്കാത്തതിനാൽ പ്രപഞ്ചത്തിന്റെ രാജാവായ ദൈവം വാഴ്ത്തപ്പെടട്ടെ” എന്ന് ചൊല്ലിക്കൊണ്ടാണ്. അതേസമയം യഹൂദസ്ത്രീകൾ, “നിന്റെ ഇഷ്ടപ്രകാരം എന്നെ സൃഷ്ടിച്ചതിന്” എല്ലാ ദിവസവും രാവിലെ ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു. ( Thena Kendath, “Memories of an Orthodox youth” in Susannah Heschel, ed. On being a Jewish Feminist (New York: Schocken Books, 1983), pp. 96-97.) പല യഹൂദ പ്രാർത്ഥനാ പുസ്തകങ്ങളിലും കാണപ്പെടുന്ന മറ്റൊരു പ്രാർത്ഥന ഇങ്ങനെയാണ്. “ദൈവം എന്നെ ഒരു അവിശ്വാസിയായി സൃഷ്ടിക്കാത്തതിന് സ്തുതി, എന്നെ ഒരു സ്ത്രീയായി സൃഷ്ടിക്കാത്തതിന് ദൈവത്തിനു സ്തുതി, എന്നെ ഒരു അജ്ഞനായി സൃഷ്ടിക്കാത്തതിന് ദൈവത്തിന് സ്തുതി.” ( Swidler, op. cit., pp. 80-81.)

ബൈബിളിലെ ഈവ് ( Eve ) ക്രിസ്തുമതത്തിൽ വഹിച്ച പങ്ക് യഹൂദ മതത്തേക്കാൾ വളരെ വലുതാണ്. അവളുടെ പാപം ക്രിസ്തീയ വിശ്വാസത്തിലുടനീളം നിർണായകമാണ്. കാരണം, ഭൂമിയിലെ യേശുക്രിസ്തുവിന്റെ ദൗത്യത്തിന്റെ കാരണത്തെക്കുറിച്ചുള്ള ക്രിസ്ത്യൻ സങ്കൽപ്പം ദൈവത്തോടുള്ള ഹവ്വായുടെ അനുസരണക്കേടിൽ നിന്നാണ് ആരംഭിക്കുന്നത്. അവൾ പാപം ചെയ്യുകയും തുടർന്ന് ആദാമിനെ വശീകരിക്കുകയും ചെയ്തു. തൽഫലമായി, ദൈവം അവരെ രണ്ടുപേരെയും സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പുറത്താക്കുകയും ഇരുവരും ശപിക്കപ്പെടുകയും ചെയ്തു. ദൈവം ക്ഷമിക്കാത്ത അവരുടെ പ്രസ്തുത പാപം എല്ലാ സന്തതികൾക്കും ലഭിക്കുകയും എല്ലാ മനുഷ്യരും പാപത്തിൽ ജനിക്കുകയും ചെയ്യുന്നു. മനുഷ്യരെ അവരുടെ ‘ആദിപാപത്തിൽ’ നിന്ന് ശുദ്ധീകരിക്കാൻ, ദൈവപുത്രനായി കണക്കാക്കപ്പെടുന്ന യേശുവിനെ കുരിശിൽ ബലിയർപ്പിക്കേണ്ടിവന്നു. അതിനാൽ, ഹവ്വ തന്റെയും ഭർത്താവിന്റെയും സർവ്വമനുഷ്യരുടെയും പാപം, ദൈവപുത്രന്റെ മരണം എന്നിവയ്ക്ക് ഉത്തരവാദിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു സ്ത്രീ സ്വയം പ്രവർത്തിക്കുന്നത് മനുഷ്യത്വത്തിന്റെ പതനത്തിന് കാരണമായി.( Rosemary R. Ruether, “Christianity”, in Arvind Sharma, ed., Women in World Religions (Albany: State University of New York Press, 1987) p. 209.) അവളുടെ പെൺമക്കളും അവളെപ്പോലെ പാപികളാണ്. പുതിയ നിയമത്തിലെ വിശുദ്ധ പൗലോസിന്റെ കഠിനമായ സ്വരം ശ്രദ്ധിക്കുക:

” സ്‌ത്രീ നിശബ്‌ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ. പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരം നടത്താനോ സ്‌ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. അവള്‍ മൗനം പാലിക്കേണ്ടതാണ്‌. എന്തെന്നാല്‍, ആദ്യം സൃഷ്ടിക്കപ്പെട്ടത്‌ ആദമാണ്‌; പിന്നീടു ഹവ്വയും ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്‌ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്‌തു.” (I തിമോത്തി 2:11-14).

പ്രലോഭിപ്പിക്കപ്പെട്ട ഹവ്വായുടെ തുടർച്ചയായി എല്ലാ സ്ത്രീകളും വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നുവെന്നാണ് മേൽ വിവരണങ്ങൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, ഹവ്വായുടെയും അവളുടെ പെൺസന്തതിയുടെയും പാപപ്രകൃതിയിലുള്ള വിശ്വാസത്തിൽ സ്ത്രീകളെക്കുറിച്ചുള്ള ജൂത-ക്രിസ്ത്യൻ സങ്കൽപം തീർത്തും സ്ത്രീവിരുദ്ധമാണ്.

എന്നാൽ, സ്ത്രീകളെ കുറിച്ച് ഖുർആനികാധ്യാപനങ്ങൾ പരിശോധിക്കുമ്പോൾ അവ യഹൂദ-ക്രിസ്ത്യൻ ആശയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാനാകും.

ഖുർആൻ പറയുന്നു: “അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്”.(33:35)

സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച (9:71)

ഹവ്വായുടെയും അവളുടെ പെൺസന്തതിയുടെയും പാപപ്രകൃതിയിലുള്ള വിശ്വാസത്തിൽ സ്ത്രീകളെക്കുറിച്ചുള്ള ജൂത-ക്രിസ്ത്യൻ സങ്കൽപം തീർത്തും സ്ത്രീവിരുദ്ധമാണ്.

“അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി: ‘പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല. നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍ നിന്നുണ്ടായവരാണ്” (3:195)

“ആര്‍ തിന്മ ചെയ്താലും അതിനു തുല്യമായ പ്രതിഫലമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, സത്യവിശ്വാസിയായി സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും” (40:40)

“പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും” (16:97)

സ്ത്രീകളെക്കുറിച്ചുള്ള ഖുർആനിക വീക്ഷണം പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് ഈ ആയതുകളിൽ നിന്നു വ്യക്തമാണ്. ഇരുവിഭാഗവും ദൈവത്തിന്റെ സൃഷ്ടികളാണ്. അവരുടെ നാഥനെ ആരാധിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും തിന്മകൾ ഒഴിവാക്കുകയുമാണ് ഭൂമിയിലെ അവരുടെ മഹത്തായ ലക്ഷ്യം. ആ കല്പനകൾക്ക് വിധേയമാകുന്നതിനനുസരിച്ചാണ് ഇരുവിഭാഗവും വിലയിരുത്തപ്പെടുന്നത്. സ്ത്രീ പിശാചിന്റെ കവാടമാണെന്നോ അവൾ സ്വതവേ വഞ്ചകയാണെന്നോ ഖുർആൻ ഒരിക്കലും പരാമർശിക്കുന്നില്ല. എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളും അവന്റെ സൃഷ്ടികളാണെന്നാണ് പഠിപ്പിക്കുന്നത്. ഭൂമിയിൽ ഒരു സ്ത്രീയുടെ പങ്ക് പ്രസവത്തിൽ മാത്രം ഒതുങ്ങുന്നതാണെന്ന് ഖുർആൻ പറയുന്നില്ല. മറ്റേതൊരു പുരുഷനും ചെയ്യാൻ ആഗ്രഹിക്കുന്നത്ര നല്ല പ്രവൃത്തികൾ അവൾ ചെയ്യേണ്ടതുണ്ട്. സന്മാർഗികളായ സ്ത്രീകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഖുർആൻ പറയുന്നില്ല. നേരെമറിച്ച്, എല്ലാ വിശ്വാസികളോടും കന്യാമറിയത്തെയും ഫറവോയുടെ ഭാര്യയെയും പോലുള്ള ആദർശ സ്ത്രീകളുടെ മാതൃക പിന്തുടരാനാണ് ഖുർആൻ നിർദ്ദേശിച്ചത്.

“സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ” “തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു (66:11,12)  (തുടരും)

മൊഴി മാറ്റം: മുജ്തബ മുഹമ്മദ്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles