Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ: ഇസ്‌ലാമിലും ജൂത- ക്രൈസ്തവ പാരമ്പര്യങ്ങളിലും ( 7 – 7 )

ഖുർആനും ബൈബിളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസങ്ങളിലൊന്ന് മരണപ്പെട്ടവരുടെ സ്വത്തിൽ സ്ത്രീകളുടെ അവകാശം പരിഗണിക്കുന്നിടത്താണ്. ബൈബിളിലെ കൺസെപ്റ്റ് റബ്ബി എപ്‌സ്റ്റൈൻ സംക്ഷിപ്തമായി വിവരിക്കുന്നു: “ബൈബിളിന്റെ തുടക്കകാലം മുതലിങ്ങോട്ട് അണമുറിയാതെ തുടരുന്ന പാരമ്പര്യം വീട്ടിലെ സ്ത്രീകൾക്ക്, ഭാര്യയ്ക്കും പെൺമക്കൾക്കും കുടുംബ സ്വത്തിൽ അനന്തരാവകാശം നൽകുന്നില്ല. പ്രാകൃതമായ പിന്തുടർച്ചാ നിയമങ്ങൾ കുടുംബത്തിലെ സ്ത്രീ അംഗങ്ങളെ സമ്പത്തിന്റെ ഭാഗമായി കണ്ടിരുന്നു. അവരെ അവകാശിയായി കണക്കിലെടുക്കാതെ അടിമ എന്ന പരിഗണനയാണ് നൽകിയിരുന്നത്. മൊസൈക് നിയമങ്ങൾ പുരുഷന്മാർക്ക് പ്രശ്‌നമില്ലെങ്കിൽ പെൺമക്കളെ പിന്തുടർച്ചാവകാശത്തിൽ ഉൾപ്പെടുത്താമെന്നായി. അവർക്ക് വിമുഖതയുണ്ടെങ്കിൽ സ്ത്രീകളെ അനന്തരാവകാശിയായി പരിഗണിക്കില്ല.”(Epstein, op. cit., p. 175.)

എന്തുകൊണ്ടാണ് കുടുംബത്തിലെ സ്ത്രീകളെ കുടുംബ സ്വത്തിന്റെ ഭാഗമായി കണക്കാക്കിയത് എന്ന ചോദ്യത്തിന് റബ്ബി എപ്‌സ്റ്റ് ഉത്തരം കണ്ടെത്തുന്നുണ്ട്: “അവയുടെ ഉടമസ്ഥത – വിവാഹത്തിന് മുമ്പ്, പിതാവിനും വിവാഹത്തിന് ശേഷം, ഭർത്താവിനുമായിരിക്കും.”(Ibid., p. 121)

ബൈബിളിന്റെ അനന്തരാവകാശ നിയമങ്ങൾ 27:1-11ൽ വിവരിച്ചിരിക്കുന്നു, ഭാര്യക്ക് അവളുടെ ഭർത്താവിന്റെ സ്വത്തിൽ ഒരു പങ്കും നൽകപ്പെടുന്നില്ല, അതേ സമയം ഭർത്താവ് അവളുടെ സ്വത്തിൽ പുത്രന്മാരേക്കാൾ മുൻഗണനയുള്ള അവകാശിയാണ്. പുരുഷാവകാശികൾ ഇല്ലെങ്കിൽ മാത്രമേ മകൾക്ക് അനന്തരാവകാശം ലഭിക്കൂ. പിതാവുള്ളപ്പോൾ അമ്മ ഒരവകാശിയല്ല.

വിധവകൾക്കും പെൺമക്കൾക്കും, ആൺമക്കൾ അവശേഷിക്കുന്ന പക്ഷം, അവരുടെ അവകാശം നേടിയെടുക്കാൻ പുരുഷന്മാർ കനിയണം. അതുകൊണ്ടാണ് വിധവകളും അനാഥ പെൺകുട്ടികളും യഹൂദ സമൂഹത്തിലെ ഏറ്റവും നിരാലംബരായ വിഭാഗമായി മാറുന്നത്.

ക്രിസ്തുമതം ഇതുതന്നെയാണ് വളരെക്കാലം പിന്തുടർന്നിരുന്നത്. ക്രൈസ്‌തവലോകത്തെ സഭാ നിയമങ്ങളും സിവിൽ നിയമങ്ങളും പെൺമക്കളെ പിതാവിന്റെ അനന്തരസ്വത്ത് സഹോദരന്മാരുമായി പങ്കുവെക്കുന്നതിൽ നിന്ന് വിലക്കുന്നുണ്ട്. ഭാര്യമാർക്ക് അനന്തരാവകാശം നിഷേധിക്കുകയും ചെയ്യുന്നു. ഈ അന്യായമായ നിയമങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നിരുന്നു.(Gage, op. cit., p. 142)

ഇസ്‌ലാമിന് മുമ്പുള്ള അറബികളിൽ, അനന്തരാവകാശം പുരുഷ ബന്ധുക്കളിൽ പരിമിതമായിരുന്നു. ഖുർആൻ ഈ അന്യായമായ ആചാരങ്ങളെല്ലാം നിർത്തലാക്കി. കുടുംബക്കാരിലെ സ്ത്രീകൾക്കും അനന്തരാവകാശത്തിൽ ഓഹരികൾ നൽകി:

“മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്” (4:7)

സ്ത്രീകളുടെ അവകാശങ്ങൾ യൂറോപ്പ് തിരിച്ചറിയുന്നതിന് 1300 വർഷങ്ങൾക്ക് മുമ്പുതന്നെ മുസ്‌ലിമീങ്ങളിലെ മാതാവും ഭാര്യയും പെൺമക്കളും സഹോദരിമാരും ഈ അവകാശം കൈപ്പറ്റിയിരുന്നു. അനന്തരാവകാശ വിതരണം വലിയ വിശദാംശങ്ങളുള്ള ബൃഹത്തായ വിഷയമാണ്. ( സൂറ. നിസാഅ് 7,11,12,176 ആയത്തുകൾ കാണുക). മാതാവിനും പിതാവിനും തുല്യമായ വിഹിതം ലഭിക്കുന്ന കേസുകളൊഴികെ സ്ത്രീ വിഹിതം പുരുഷന്റെ പകുതിയാണെന്നാണ് പൊതുനിയമം. ഈ പൊതുനിയമം പുരുഷന്മാരെയും സ്ത്രീകളെയും സംബന്ധിച്ചുള്ള മറ്റ് നിയമ വ്യവസ്ഥകളിൽ നിന്ന് അടർത്തിമാറ്റി നോക്കുമ്പോൾ അന്യായമായി തോന്നിയേക്കാം. ഈ നിയമത്തിന് പിന്നിലെ യുക്തി മനസ്സിലാക്കാൻ, ഇസ്‌ലാമിലെ മറ്റു സാമ്പത്തിക ഉത്തരവാദിത്തങ്ങളും ഇവിടെ ചേർത്തുവായിക്കണം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് സാമ്പത്തിക ബാധ്യതകൾ വളരെ കുറവാണ് എന്നത് വസ്തുതയാണ്. ഒരു പുരുഷൻ തന്റെ വധുവിന് വിവാഹ സമ്മാനം നൽകണം. ഈ സമ്മാനം അവളുടെ എക്‌സ്‌ക്ലൂസീവ് സ്വത്തായി മാറുന്നു. പിന്നീട് വിവാഹമോചനം നേടിയാലും അത് തൽസ്ഥിതിയിൽ തുടരും. വധു തന്റെ വരന് സാമ്പത്തികമായി ഒന്നും നൽകേണ്ടതില്ല. മാത്രമല്ല, ഭർത്താവിന് ഭാര്യയുടെയും കുട്ടികളുടെയും സംരക്ഷണ ചുമതലയുണ്ട്. ഭാര്യയാകട്ടെ ഇക്കാര്യത്തിൽ അവനെ സഹായിക്കാൻ ബാധ്യസ്ഥയുമല്ല. അവളുടെ സ്വത്തും സമ്പാദ്യവും അവളുടെ ഭർത്താവിന് സ്വമേധയാ വാഗ്ദാനം ചെയ്യുന്നതൊഴിച്ചാൽ അവൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്. ഇസ്‌ലാം കുടുംബജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്നു, യുവാക്കളെ വിവാഹം കഴിക്കാൻ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു, വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുന്നു, ബ്രഹ്മചര്യത്തെ ഒരു പുണ്യമായി കണക്കാക്കുന്നില്ല. അതിനാൽ, ഒരു യഥാർത്ഥ ഇസ്‌ലാമിക സമൂഹത്തിൽ, കുടുംബജീവിതം വ്യാപകമായ ഒരാചാരമാണ്, ഏകാന്തജീവിതം അപൂർവമാണ്. അതായത്, ഒരു ഇസ്ലാമിക സമൂഹത്തിൽ എല്ലാ വിവാഹപ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും ബഹു ഭൂരിപക്ഷവും വിവാഹിതരാണ്. ഈ വസ്‌തുതകളുടെ വെളിച്ചത്തിൽ, മുസ്‌ലിം പുരുഷന്മാർക്ക് പൊതുവെ മുസ്‌ലിം സ്ത്രീകളേക്കാൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളിലൂടെ ഈ അസന്തുലിതാവസ്ഥ നികത്താൻ സാധിക്കുമെന്നും അതുവഴി സമൂഹത്തിലെ ലിംഗം തിരിച്ചുള്ള പോരാട്ടം കുറയുമെന്നും മനസിലാക്കാം. മുസ്ലീം സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങളും കടമകളും തമ്മിൽ ലളിതമായി താരതമ്യം ചെയ്തതിന് ശേഷം, ഒരു ബ്രിട്ടീഷ് മുസ്ലീം സ്ത്രീ, ഇസ്ലാം സ്ത്രീകളോട് നീതിപൂർവ്വവും ദയയോടെയുമാണ് പെരുമാറിയിട്ടുള്ളതെന്ന നിഗമനത്തിൽ എത്തിയത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. (B. Aisha Lemu and Fatima Heeren, Woman in Islam (London: Islamic Foundation, 1978) p. 23.)

ഉപസംഹാരം
ഇന്ന് മുസ്‌ലിം ലോകത്തെ സ്ത്രീകൾക്ക് ഉപരിസൂചിതമായ പരിഗണനകൾ ലഭിക്കുന്നുണ്ടോ എന്ന് ഈ പഠനത്തിന്റെ മുൻ പതിപ്പ് വായിച്ചവർ ഒരേ സ്വരത്തിൽ ചോദിച്ചിരുന്നു. നിർഭാഗ്യവശാൽ ഇല്ല എന്നാണ് ഉത്തരം. ഇസ്‌ലാമിലെ സ്ത്രീകളുടെ പദവിയെക്കുറിച്ചുള്ള ചർച്ചകളിൽ പൊതുവേ ഉയർന്നു വരുന്ന ഒരു ചോദ്യമായതിനാൽ, വായനക്കാരന് ഇവിഷയകമായി കൂടുതൽ വിശദീകരണം അനിവാര്യമാണ്.

മുസ്‌ലിം സമൂഹങ്ങൾക്കിടയിലെ വലിയ വ്യത്യാസങ്ങൾ മിക്ക സാമാന്യവൽക്കരണങ്ങളെയും വളരെ ലളിതമാക്കുന്നുവെന്ന് ആദ്യം വ്യക്തമാക്കേണ്ടതുണ്ട്. മുസ്‌ലിം ലോകത്ത് ഇന്ന് സ്ത്രീകളോട് വ്യത്യസ്തമായ മനോഭാവം പുലർത്തുന്നവരുണ്ട്. ഈ മനോഭാവങ്ങൾ ഓരോ സമൂഹത്തിനകത്തും വ്യത്യസ്തമാണ്. എന്നിരുന്നാലും, ചില പൊതുവായ പ്രവണതകൾ കണ്ടുവരുന്നുണ്ട്. പല മുസ്‌ലിം സമൂഹങ്ങളും ഒരു പരിധിവരെ സ്ത്രീകളുടെ പദവിയുമായി ബന്ധപ്പെട്ട് ഇസ്‌ലാമിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു. ഈ വ്യതിയാനങ്ങൾ, മിക്കവാറും, രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിൽ നിന്നാണ് വരുന്നത്. ഒന്നാമത്തെ വീക്ഷണം കൂടുതൽ യാഥാസ്ഥിതികവും പരിമിതവും പാരമ്പര്യങ്ങളെ അമിതമായി അടിസ്ഥാനമാക്കിയുള്ളതുമാണ്, രണ്ടാമത്തേത് കൂടുതൽ ലിബറലും പാശ്ചാത്യ-ചായ് വുള്ളതുമാണ്.

ആദ്യ വീക്ഷണം പ്രകാരം സമൂഹങ്ങൾ അവരുടെ പൂർവ്വികരിൽ നിന്ന് ലഭിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ് സ്ത്രീകളോട് പെരുമാറുന്നത്. ഈ പാരമ്പര്യം സാധാരണയായി സ്ത്രീകൾക്ക് ഇസ്‌ലാം അനുവദിച്ചിട്ടുള്ള പല അവകാശങ്ങളും ഇല്ലാതാക്കുന്നു. കൂടാതെ, പുരുഷന്മാരിൽ പരിഗണിക്കുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചല്ല സ്ത്രീകളെ വിലയിരുത്തുന്നത്. ഈ വിവേചനം സ്ത്രീകളുടെ ജീവിതത്തിലുടനീളം വ്യാപിക്കുന്നു: ഒരു ആൺകുട്ടി ജനിക്കുമ്പോഴുണ്ടാകുന്ന സന്തോഷം പെൺകുട്ടി ജനിക്കുമ്പോൾ ഉണ്ടാകുന്നില്ല; അവൾ സ്കൂളിൽ പോകാനുള്ള സാധ്യത കുറവാണ്; അവളുടെ കുടുംബത്തിന്റെ അനന്തരാവകാശത്തിൽ നിന്നുള്ള വിഹിതം അവൾക്ക് നഷ്ടമായേക്കാം; ഒരാണിൽ നിന്നുണ്ടാകുന്ന ചില മാന്യതയില്ലാത്ത പ്രവൃത്തികൾ സഹ്യമാകുമ്പോൾ തന്നെ അവളുടെ ഭാഗത്ത് നിന്ന് അത്തരം പ്രവർത്തനങ്ങൾ ഇല്ലാതിരിക്കാൻ അവൾ നിരന്തര നിരീക്ഷണത്തിലാണ്. അവളുടെ പുരുഷന്മാർക്ക് സാധാരണ അഭിമാനമാകുന്ന കാര്യങ്ങൾ അവൾ ചെയ്താൽ കൊല്ലപ്പെടാൻ വരെ സാധ്യതയുണ്ട്; കുടുംബസമൂഹിക കാര്യങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താൻ വേണ്ടത്ര അവസരമില്ല. അവളുടെ സ്വത്തിലും വിവാഹ സമ്മാനങ്ങളിലും അവൾക്ക് പൂർണ്ണ നിയന്ത്രണം ഇല്ല; ഒരു അമ്മയെന്ന നിലയിൽ അവൾ തന്നെ ആൺമക്കൾക്ക് ജന്മം നൽകാൻ ആഗ്രഹിക്കുകയും അതിലൂടെ അവൾക്ക് സമൂഹത്തിൽ ഉയർന്ന പദവി കൈവരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

മറുവശത്ത്, പാശ്ചാത്യ സംസ്കാരവും ജീവിതരീതിയും കൊണ്ട് അടിച്ചമർത്തപ്പെട്ട മുസ്ലീം സമൂഹങ്ങളുണ്ട്. ഈ സമൂഹങ്ങൾ പലപ്പോഴും പാശ്ചാത്യരിൽ നിന്ന് ലഭിക്കുന്നതെന്തും ഒരു ആലോചനകളുമില്ലാതെ അനുകരിക്കുകയും പാശ്ചാത്യ നാഗരികതയുടെ ഏറ്റവും മോശമായ ഫലങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ഈ സമൂഹങ്ങളിൽ, ഒരു സാധാരണ “ആധുനിക” സ്ത്രീയുടെ ജീവിതത്തിലെ മുൻ‌ഗണന അവളുടെ ശാരീരിക സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ആകൃതി, വലിപ്പം, ഭാരം എന്നിവയിലാണ് അവൾ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവൾ മനസ്സിനേക്കാൾ ശരീരത്തെക്കുറിച്ചും ബുദ്ധിയെക്കാൾ അവളുടെ മനോഹാരിതയെക്കുറിച്ചും കൂടുതൽ ശ്രദ്ധിക്കുന്നു. അവളുടെ വിദ്യാഭ്യാസ നേട്ടങ്ങൾ, ബൗദ്ധിക പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയെക്കാൾ ആകർഷകമാക്കാനും മറ്റുള്ളവരെ ആകർഷിപ്പിക്കാനും ഉത്തേജിപ്പിക്കാനുമുള്ള അവളുടെ കഴിവ് സമൂഹത്തിൽ കൂടുതൽ വിലമതിക്കുന്നു. അവളുടെ പേഴ്‌സിൽ ഖുർആനിന്റെ ഒരു പകർപ്പ് പ്രതീക്ഷിക്കുന്നതിന് പകരം അവൾ പോകുന്നിടത്തെല്ലാം അവളെ അനുഗമിക്കുന്നത് സൗന്ദര്യവർദ്ധക വസ്തുക്കളാണ്. അവളുടെ ആകർഷണീയതയിൽ മുഴുകിയിരിക്കുന്ന ഒരു സമൂഹത്തിൽ അവളുടെ ആത്മീയതയ്ക്ക് ഇടമില്ല. അതിനാൽ, അവളുടെ മനുഷ്യത്വം നിറവേറ്റുന്നതിനേക്കാൾ അവളുടെ സ്ത്രീത്വം തിരിച്ചറിയാൻ അവൾ തന്റെ ജീവിതം ചെലവഴിച്ചു കൊണ്ടേയിരിക്കും

എന്തുകൊണ്ടാണ് മുസ്‌ലിം സമൂഹങ്ങൾ ഇസ്‌ലാമിക ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചത് എന്നചോദ്യത്തിനുള്ള ഉത്തരം ലളിതമല്ല. സ്ത്രീകളെ കുറിച്ച് ഖുർആൻ അവതരിപ്പിക്കുന്ന മാർഗനിർദേശങ്ങൾ മുസ്‌ലിംകൾ പാലിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിശദീകരണം ഈ പഠനത്തിന്റെ പരിധിക്കപ്പുറമാണ്. എന്നിരുന്നാലും, മുസ്‌ലിം സമൂഹങ്ങൾ അവരുടെ പ്രമാണങ്ങളിൽ നിന്ന് വളരെക്കാലമായി വ്യതിചലിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത വ്യക്തമാക്കേണ്ടതുണ്ട്. മുസ്‌ലിംകൾ വിശ്വസിക്കേണ്ടതും അവർ യഥാർത്ഥത്തിൽ ആചരിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഈ വിടവ് സമീപകാല പ്രതിഭാസമല്ല. നൂറ്റാണ്ടുകളായി തുടരുന്ന ഈയൊരു പ്രതിഭാസം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന ഈ വ്യതിയാനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകടവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ മുസ്‌ലിം ലോകത്ത് സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വേച്ഛാധിപത്യം, ശിഥിലീകരണം, സാമ്പത്തിക ശാസ്‌ത്രീയ മേഖലയിലെ പിന്നോക്കാവസ്ഥ, സാമൂഹിക അനീതി, ബൗദ്ധിക സ്തംഭനാവസ്ഥ, തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ഇന്ന് കാണുന്ന അവസ്ഥകൾ ആഴത്തിലുള്ള ഒരു രോഗത്തിൻറെ ലക്ഷണം മാത്രമാണ്. ഇസ്‌ലാമിന്റെ ആശയാദർശങ്ങൾക്ക് യോജിക്കുന്ന നവോത്ഥാനമാണ് മുസ്‌ലിം ലോകത്തിന് ആവശ്യം. ഇന്നത്തെ മുസ്‌ലിം സ്ത്രീകളുടെ പരിതാവസ്ഥ ഇസ്‌ലാം കാരണമാണെന്ന ധാരണ തികച്ചും തെറ്റാണ്. പൊതുവെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങൾ ഇസ്‌ലാമിനോടുള്ള അമിതമായ ആസക്തി കൊണ്ടല്ല, അതിൽ നിന്നുള്ള ഒളിച്ചോട്ടത്തിന്റെ ബാക്കിപത്രങ്ങളാണ്.

ഈ താരതമ്യ പഠനത്തിന് പിന്നിലെ ഉദ്ദേശ്യം യഹൂദമതത്തെയോ ക്രിസ്തുമതത്തെയോ അപകീർത്തിപ്പെടുത്തുകയല്ലെന്ന് ഒരിക്കൽകൂടി അടിവരയിടുന്നു. യഹൂദ-ക്രിസ്ത്യൻ പാരമ്പര്യത്തിലെ സ്ത്രീകളുടെ സ്ഥിതി നിലവിലെ സാഹചര്യത്തിൽ ഭയാനകകമായി തോന്നിയേക്കാം. എന്നിരുന്നാലും, അതിനെ ശരിയായ ചരിത്ര പശ്ചാത്തലത്തിൽ നിന്ന് വീക്ഷിക്കേണ്ടതുണ്ട്. യഹൂദ-ക്രിസ്ത്യൻ പാരമ്പര്യത്തിലെ സ്ത്രീകളുടെ അവസ്‌ഥയെ കുറിച്ചുളള വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ ഈ പാരമ്പര്യം വികസിച്ചു വന്ന ചരിത്രപരമായ സാഹചര്യങ്ങളെ കണക്കിലെടുക്കേണ്ടതുണ്ട്. സ്ത്രീകളെ സംബന്ധിച്ച റബ്ബിമാരുടെയും സഭാപിതാക്കന്മാരുടെയും കാഴ്ചപ്പാടുകൾ അവരുടെ സമൂഹങ്ങളിൽ സ്ത്രീകളോടുള്ള പ്രബലമായ മനോഭാവം സ്വാധീനിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. ബൈബിൾ വ്യത്യസ്ത കാലങ്ങളിലായി വ്യത്യസ്ത എഴുത്തുകാർ എഴുതിയതാണ്. ഈ രചയിതാക്കൾക്ക് ചുറ്റുമുള്ള ആളുകളുടെ മൂല്യങ്ങളിലേക്കും ജീവിതരീതികളിലേക്കും കടന്നുകയറാൻ കഴിയില്ല. ഉദാഹരണത്തിന്, പഴയനിയമത്തിലെ വ്യഭിചാര നിയമങ്ങൾ സ്ത്രീകളോട് പക്ഷപാതപരമാണ്, അവ യുക്തിസഹമായ വിശദീകരണങ്ങൾക്ക് നിരക്കുന്നതല്ല.

ആദ്യകാല യഹൂദ ഗോത്രങ്ങൾ അവരുടെ ജനിതക ഏകതാനതയിൽ അഭിനിവേശമുള്ളവരായിരുന്നുവെന്നും ചുറ്റുമുള്ള ഗോത്രങ്ങളിൽ നിന്ന് വേറിട്ട് സ്വയം ഒരു അസ്തിത്വമായി നിലനിൽക്കാൻ അത്യധികം ഉത്സുകരായിരുന്നുവെന്നും ഗോത്രങ്ങളിലെ വിവാഹിതരായ സ്ത്രീകളുടെ ലൈംഗിക ദുരാചാരങ്ങൾ മാത്രമേ ഈ പ്രിയപ്പെട്ട അഭിലാഷങ്ങൾക്ക് ഭീഷണിയാകൂ എന്ന വസ്തുത പരിഗണിക്കുകയാണെങ്കിൽ, നമ്മൾ അങ്ങനെ ചെയ്യണം. ഈ പക്ഷപാതത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ കഴിയും, പക്ഷേ സഹതാപം കാണിക്കേണ്ടതില്ല. കൂടാതെ, സ്ത്രീകൾക്കെതിരായ സഭാപിതാക്കന്മാരുടെ വ്യാകുലതകൾ അവർ ജീവിച്ചിരുന്ന സ്ത്രീവിരുദ്ധ ഗ്രീക്കോ-റോമൻ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് വേർപെടുത്തരുത്. പ്രസക്തമായ ചരിത്ര സന്ദർഭത്തിന് ഒരു പരിഗണനയും നൽകാതെ യഹൂദ-ക്രിസ്ത്യൻ പൈതൃകത്തെ വിലയിരുത്തുന്നത് അന്യായമായിരിക്കും.

വാസ്തവത്തിൽ, ലോക ചരിത്രത്തിനും മനുഷ്യ നാഗരികതയ്ക്കും ഇസ്‌ലാം നൽകിയ സംഭാവനകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ജൂത-ക്രിസ്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയും നിർണായകമാണ്. യഹൂദ-ക്രിസ്ത്യൻ പാരമ്പര്യം അത് നിലനിന്നിരുന്ന ചുറ്റുപാടുകൾ, സാഹചര്യങ്ങൾ, സംസ്കാരങ്ങൾ എന്നിവയുടെ സ്വാധീനത്താൽ രൂപപ്പെട്ടുവന്നതാണ്. ഏഴാം നൂറ്റാണ്ടോടെ, ചുറ്റുപാടുകളുടെ സ്വാധീനം മൂലം മോശയ്ക്കും യേശുവിനും വെളിപ്പെടുത്തിയ യഥാർത്ഥ ദൈവിക സന്ദേശങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം വികലമായി. ഏഴാം നൂറ്റാണ്ടിൽ യഹൂദ-ക്രിസ്ത്യൻ ലോകത്ത് സംജാതമായ സ്ത്രീകളുടെ മോശം അവസ്ഥ ഒരു ഉദാഹരണമാണ്. അതിനാൽ, മനുഷ്യരാശിയെ നേർവഴിയിലേക്ക് തിരിച്ചുവിടുന്ന ഒരു പുതിയ ദൈവിക സന്ദേശത്തിന്റെ ആവശ്യകത വളരെ വലുതായിരുന്നു. യഹൂദർക്കും ക്രിസ്ത്യാനികൾക്കും ഉണ്ടായ ഭാരിച്ച ഭാരങ്ങളിൽ നിന്നുള്ള മോചനമായിട്ടാണ് ഖുർആൻ പുതിയ ദൂതന്റെ ദൗത്യത്തെ വിശേഷിപ്പിച്ചത്: “തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍ (7:157).

അതുകൊണ്ട് യഹൂദമതത്തിനോ ക്രിസ്തുമതത്തിനോ എതിരായ പാരമ്പര്യമായി ഇസ്‌ലാമിനെ കാണരുത്. അതിനുമുമ്പ് വെളിപ്പെട്ട ദൈവിക സന്ദേശങ്ങളുടെ പൂർത്തീകരണവും പൂർണതയുമായിട്ടാണ് ഇതിനെ കണക്കാക്കേണ്ടത്.

ഈ പഠനത്തിന്റെ അവസാനം, ആഗോള മുസ്ലീം സമൂഹത്തിന് മുന്നിൽ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഇസ്ലാമിക അവകാശങ്ങൾ വകവെച്ചുകൊടുക്കണം. അത്‌ നിങ്ങളുടെ ഔദാര്യമല്ല, കടമയാണ്. ഖുർആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും അടിസ്ഥാനത്തിൽ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളുടെ ഒരു ചാർട്ടർ പുറപ്പെടുവിക്കേണ്ടതുണ്ട്. ഈ ചാർട്ടർ മുസ്ലീം സ്ത്രീകൾക്ക് അവരുടെ സ്രഷ്ടാവ് നൽകുന്ന എല്ലാ അവകാശങ്ങളും നൽകണം. തുടർന്ന്, ചാർട്ടർ ശരിയായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മാർഗങ്ങളും വികസിപ്പിക്കണം. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ അവരുടെ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും മുഴുവൻ ഇസ്ലാമിക അവകാശങ്ങളും ഉറപ്പുനൽകുന്നില്ലെങ്കിൽ, മറ്റാരാണ് അത് നിർവഹിക്കുക?

കൂടാതെ, നമ്മുടെ ഭൂതകാലത്തെ അഭിമുഖീകരിക്കാനും നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാകുമ്പോഴെല്ലാം അവയെ പൂർണ്ണമായും നിരാകരിക്കാനുള്ള ധൈര്യം നമുക്കുണ്ടാകണം. മറുവശത്ത്, പാശ്ചാത്യരിൽ നിന്നോ മറ്റേതെങ്കിലും സംസ്കാരത്തിൽ നിന്നോ നമുക്ക് ലഭിക്കുന്നതെന്തും വിമർശനാത്മക മനോഭാവത്തോടെ വിലയിരുത്തണം. മറ്റ് സംസ്‌കാരങ്ങളുമായുള്ള ഇടപെടലും പഠനവും വിലമതിക്കാനാവാത്ത അനുഭവമാണ്. സൃഷ്ടിയുടെ ഉദ്ദേശ്യങ്ങളിലൊന്നായി ഖുർആൻ ഈ ഇടപെടലിനെ പരിച്ചയപ്പെടുത്തുന്നുണ്ടെങ്കിലും (“മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.” 49: 13) മറ്റുള്ളവരെ അന്ധമായി അനുകരിക്കുന്നത് ആത്മാഭിമാനമില്ലായ്മയുടെ ഉറപ്പായ അടയാളമാണെന്ന് പറയാതെ വയ്യ.

ഇസ്‌ലാമിനെ അറിയാനാഗ്രഹിക്കുന്ന ജൂത-ക്രിസ്ത്യൻ, മറ്റു അമുസ്ലിം വായക്കാരോടു ചിലത് ഓർമ്മപ്പെടുത്താനുണ്ട്. സ്ത്രീകളുടെ പദവിയിൽ വിപ്ലവം സൃഷ്ടിക്കുകയും അർഹമായ സ്ഥാനം നൽകുകയും ചെയ്ത ഒരു മതം എങ്ങനെയാണ് എന്തിനാണ് സ്ത്രീകളെ ഇത്രമാത്രം അടിച്ചമർത്തുന്നതും തരംതാഴ്ത്തുന്നതുമായി ചിത്രകരിക്കപ്പെടുന്നുവെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടാവും. ഇസ്‌ലാമിനെക്കുറിച്ച് ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും വ്യാപകമായ മിഥ്യകളിൽ ഒന്നാണിത്. സെൻസേഷണൽ പുസ്‌തകങ്ങൾ, ലേഖനങ്ങൾ, മാധ്യമ ചിത്രങ്ങൾ, ഹോളിവുഡ് സിനിമകൾ എന്നിവയുടെ നിരന്തരമായ പ്രവാഹം ഈ മിഥ്യയെ നിലനിർത്തുകയും ചെയ്യുന്നു. തെറ്റിദ്ധാരണ നിറഞ്ഞ ഇത്തരം സമീപനങ്ങളുടെ അനന്തരഫലമായി, ഇസ്ലാമുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും തെറ്റിദ്ധാരണയും ഭയവും ലോകത്ത് പടർന്നുകൊണ്ടിരിക്കുന്നു. വിവേചനത്തിന്റെയും മുൻവിധികളുടെയും തെറ്റിദ്ധാരണയുടെയും സൂചനകളില്ലാത്ത ഒരു ലോകത്ത് ജീവിക്കണമെങ്കിൽ ലോക മാധ്യമങ്ങളിൽ ഇസ്‌ലാമിന്റെ നേരേയുള്ള ഈ നിഷേധാത്മകമായ ചിത്രീകരണം അവസാനിക്കണം. മുസ്‌ലിംകളുടെ വിശ്വാസങ്ങളും ആചാരങ്ങളും തമ്മിൽ വലിയൊരു വിടവ് ഉണ്ടെന്നും മുസ്‌ലിംകൾ ചെയ്ത് കൂട്ടുന്ന സർവ്വ പ്രവർത്തനങ്ങളും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നല്ല എന്ന ലളിതമായ വസ്തുതയും അമുസ്‌ലിംകൾ തിരിച്ചറിയണം. ഈ ധാരണ മനസ്സിൽ വെച്ചുകൊണ്ട്, എല്ലാ തെറ്റിദ്ധാരണകളും സംശയങ്ങളും ഭയങ്ങളും നീക്കം ചെയ്യുന്നതിനായി മുസ്ലീങ്ങളും അമുസ്‌ലിംകളും ആശയവിനിമയത്തിന്റെയും സംഭാഷണത്തിന്റെയും ഒരു സംസ്കാരം ആരംഭിക്കണം. മനുഷ്യകുടുംബത്തിന് സമാധാനപൂർണമായ ഒരു ഭാവിക്ക് അത്തരം ആശയവിനിമയംങ്ങൾ ആവശ്യമാണ്.

ആധുനിക ലോകം ഈ നൂറ്റാണ്ടിൽ അംഗീകരിച്ച നിരവധി അവകാശങ്ങൾ കാലങ്ങൾക്ക് മുമ്പ് തന്നെ സ്ത്രീകളുടെ നില മെച്ചപ്പെടുത്തുകയും അവർക്ക് അനുവദിക്കുകയും ചെയ്ത ഒരു മതമായാണ് ഇസ്‌ലാമിനെ കാണേണ്ടത്. വിശുദ്ധ ഇസ്‌ലാം സ്ത്രീയുടെ ജനനം മുതൽ മരണം വരെയുള്ള അവളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അന്തസ്സും ബഹുമാനവും സംരക്ഷണവും നല്കുന്നതോടോപ്പം തന്നെ അവളുടെ ആത്മീയ, ബൗദ്ധിക കാര്യങ്ങൾ നിറവേറ്റുകയും ശാരീരിക, വൈകാരിക ആവശ്യങ്ങളെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. അത്കൊണ്ട് തന്നെ ബ്രിട്ടൻ പോലൊരു രാജ്യത്ത് ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നത് ഭൂരിഭാഗവും സ്ത്രീകളാണെന്നതിൽ അതിശയിക്കാനില്ല. യു.എസിൽ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ (4:1) കൂടുതലാണ്.(The Times, Nov. 18, 1993)

നമ്മുടെ ലോകം ആവശ്യപ്പെടുന്ന ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങളും നേതൃത്വവുമടങ്ങുന്ന ധാരാളം കാര്യങ്ങൾ ഇസ്‌ലാം വിഭാവനം ചെയ്യുന്നുണ്ട്. 1985 ജൂൺ 24-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിക്ക് മുന്നിൽ അംബാസഡർ ഹെർമൻ എയിൽറ്റ്സ് പറഞ്ഞു, “ഇന്ന് ലോകത്തിലെ മുസ്ലീം സമൂഹം വിശാലമാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഒരുപോലെ ശ്രദ്ധേയമായത് ഇസ്‌ലാം ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന ഏകദൈവ മതമാണ് എന്നതാണ്. ഇത് നമ്മൾ കണക്കിലെടുക്കേണ്ട കാര്യമാണ്. ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ ശരിയായതും നീതിപൂർണ്ണവുമാണ്. അത്കൊണ്ട് തന്നെയാണ് ഇസ്‌ലാമിലേക്ക് ധാരാളം ആളുകൾ ആകർഷിക്കുന്നതും.” അതെ, ഇസ്‌ലാം ശരിയാണ്, അത് കണ്ടെത്തേണ്ട സമയമാണിത്. ഈ പഠനം ആ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. (അവസാനിച്ചു )

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles