Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ: ഇസ്‌ലാമിലും ജൂത- ക്രൈസ്തവ പാരമ്പര്യങ്ങളിലും ( 5 – 7 )

സ്ത്രീകളുടെ അടിച്ചമർത്തലിന്റെയും അടിമത്തത്തിന്റെയും ഏറ്റവും വലിയ പ്രതീകമായി പാശ്ചാത്യ രാജ്യങ്ങളിൽ കണക്കാക്കപ്പെടുന്ന മൂടുപടം, ശിരോവസ്ത്രം എന്നിവയെക്കുറിച്ച് നമുക്ക് പരിശോധിക്കാം. യഹൂദ-ക്രിസ്ത്യൻ പാരമ്പര്യത്തിൽ മൂടുപടമുപയോഗമില്ല എന്നത് എത്രത്തോളം ശരിയാണ് എന്ന അന്വേഷണവും പ്രധാനമാണ്. റബ്ബി ഡോ. മെനാചെം എം. ബ്രയർ (യെശിവ യൂണിവേഴ്സിറ്റിയിലെ ബൈബിൾ സാഹിത്യ പ്രൊഫസർ) തന്റെ ‘The Jewish woman in Rabbinic literature’ എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച്, യഹൂദ സ്ത്രീകൾ ശിരോവസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് ഇറങ്ങുന്നത് പതിവായിരുന്നു. ചില ഘട്ടങ്ങളിൽ ഒരു കണ്ണൊഴിച്ച് മുഖം മുഴുവൻ മൂടിയിരുന്നതായി കാണാം. (Menachem M. Brayer, The Jewish Woman in Rabbinic Literature: A Psychosocial Perspective (Hoboken, N.J: Ktav Publishing House, 1986) p. 239) പ്രസിദ്ധരായ ചില പുരാതന റബ്ബിമാരുടെ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നു: “ഇസ്രായേൽ പുത്രിമാർ തല മറയ്ക്കാതെ നടക്കുന്നത് പോലെയല്ല”, “ഭാര്യയുടെ മുടി കാണാൻ അനുവദിക്കുന്ന പുരുഷൻ ശപിക്കപ്പെട്ടവൻ, “അവളുടെ മുടി തുറന്നുകാട്ടുന്ന ഒരു സ്ത്രീ സ്വയം ദാരിദ്ര്യം കൊണ്ടുവരുന്നു. “തല മറക്കാത്ത വിവാഹിതയായ സ്ത്രീയുടെ സാന്നിധ്യത്തിൽ അനുഗ്രഹങ്ങളോ പ്രാർത്ഥനയോ ചൊല്ലുന്നത് റബ്ബിനിക് നിയമം വിലക്കുന്നു. കാരണം സ്ത്രീയുടെ മുടി പ്രദർശിപ്പിക്കുന്നത് “നഗ്നത”യായിട്ടായിരുന്നു കണക്കാക്കപ്പെട്ടത്. (Ibid., pp. 316-317. Also see Swidler, op. cit., pp. 121-123.)

താനൈറ്റിക് കാലഘട്ടത്തിൽ യഹൂദ സ്ത്രീയുടെ തല മറയ്ക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നത് അവളുടെ ലജ്ജയെ അപമാനിക്കുന്നതായി കണക്കാക്കപ്പെടുകയും ചിലപ്പോഴൊക്കെ തല മറയ്ക്കാത്ത കുറ്റത്തിന് നാനൂറ് സുസിം പിഴ ഈടാക്കുകയും ചെയ്തിരുന്നുവെന്ന് ഡോ. ​​ബ്രയർ പരാമർശിക്കുന്നുണ്ട്. യഹൂദ സ്ത്രീയുടെ മൂടുപടം പലപ്പോഴും എളിമക്കപ്പുറം വ്യതിരിക്തതയുടെയും ആഡംബരത്തിന്റെയും പ്രതീകമായിരുന്നുവെന്നും കുലീനസ്ത്രീകളുടെ അന്തസും ശ്രേഷ്ഠതയും പ്രകടമാക്കുന്നതായിരുന്നുവെന്നും ഡോ. ​​ബ്രയർ വിശദീകരിക്കുന്നു.(Ibid., p. 139)

മൂടുപടം സ്ത്രീയുടെ ആത്മാഭിമാനത്തെയും സാമൂഹിക പദവിയെയുമാണ് സൂചിപ്പിക്കുന്നത്. താഴ്ന്ന വിഭാഗം സ്ത്രീകൾ പലപ്പോഴും ഉയർന്ന നിലയുടെ പ്രതീതി നൽകുന്നതിന് മൂടുപടം ധരിക്കുമായിരുന്നു. പഴയ യഹൂദ സമൂഹത്തിൽ വേശ്യകൾക്ക് മുടി മറയ്ക്കാൻ അനുവാദമില്ലാതിരുന്നതിന്റെ കാരണം ആ മൂടുപടം കുലീനതയുടെ അടയാളമായിരുന്നു എന്നതാണ്. എന്നിരുന്നാലും, വേശ്യകൾ പലപ്പോഴും മാന്യമായി കാണുന്നതിന് ഒരു പ്രത്യേക ശിരോവസ്ത്രം ധരിക്കുമായിരുന്നു.(Susan W. Schneider, Jewish and Female (New York: Simon & Schuster, 1984) p. 237)

യൂറോപ്പിലെ ജൂത സ്ത്രീകൾ അവരുടെ ജീവിതം ചുറ്റുമുള്ള മതേതര സംസ്കാരവുമായി കൂടുതൽ ഇടകലർന്ന പത്തൊൻപതാം നൂറ്റാണ്ട് വരെ ശിരോവസ്ത്രം ധരിക്കുന്നത് തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ജീവിതത്തിന്റെ ബാഹ്യസമ്മർദങ്ങൾ അവരിൽ പലരെയും നഗ്നമായ തലയുമായി പുറത്തിറങ്ങാൻ നിർബന്ധിക്കുകയായിരുന്നു. ചില യഹൂദ സ്ത്രീകൾ തങ്ങളുടെ പരമ്പരാഗത മൂടുപടം മാറ്റി മുടി മറയ്ക്കുന്നതിനുള്ള മറ്റൊരു രൂപമായി വിഗ്ഗ് ഉപയോഗിച്ച് കൂടുതൽ സൗകര്യപ്രദമായ രീതികൾ സ്വീകരിച്ചു. ഇന്ന്, മിക്ക യഹൂദ സ്ത്രീകളും സിനഗോഗിലല്ലാതെ മുടി മറയ്ക്കാറില്ല.(Ibid., pp. 238-239) ഹസിഡിക് വിഭാഗങ്ങൾ പോലുള്ള ചിലർ വിഗ് ഉപയോഗിക്കുന്നത് ഇപ്പോഴും പതിവാണ്. (Alexandra Wright, “Judaism”, in Holm and Bowker, ed., op. cit., pp. 128-129)

ശിരോവസ്ത്രത്തിന്റെ ക്രിസ്ത്യൻ പാരമ്പര്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ നൂറുകണക്കിനു വർഷങ്ങളായി കത്തോലിക്കാ കന്യാസ്ത്രീകൾ തല മറയ്ക്കുന്നുണ്ടെന്നത് സർവ്വാംഗീകൃതമാണ്. പുതിയ നിയമത്തിലെ വിശുദ്ധ പൗലോസ് മൂടുപടത്തെക്കുറിച്ച് വളരെ രസകരമായ ചില പ്രസ്താവനകൾ നടത്തുന്നുണ്ട്:

“എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു, മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
,മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ,സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ, കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ, പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു, പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു, പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു, ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.” (1 കൊരിന്ത്യർ 11:3-10)

പുരുഷനിൽ നിന്നും പുരുഷനുവേണ്ടിതന്നെ സൃഷ്ടിക്കപ്പെട്ട സ്ത്രീയുടെ മേൽ ദൈവത്തിന്റെ പ്രതിച്ഛായയും മഹത്വവുമുള്ള പുരുഷന്റെ അധികാരത്തിന്റെ അടയാളമാണ് മൂടുപടം എന്നതാണ് സ്ത്രീകൾ അത് ധരിക്കണമെന്നതിന് സെന്റ് പോൾസിന്റെ ന്യായം. വിശുദ്ധ ടെർത്തുല്യൻ തന്റെ പ്രസിദ്ധമായ ‘കന്യകമാരുടെ മൂടുപടത്തെക്കുറിച്ച്’ എന്ന ഗ്രന്ഥത്തിൽ എഴുതിയതിങ്ങനെയാണ്: “യുവതികളേ, നിങ്ങൾ തെരുവുകളിൽ നിങ്ങളുടെ മൂടുപടം ധരിക്കുന്നു, അതിനാൽ നിങ്ങൾ അവ പള്ളിയിൽ ധരിക്കണം, നിങ്ങൾ അപരിചിതർക്കിടയിലായിരിക്കുമ്പോൾ ധരിക്കുന്നു, അതിനാൽ നിങ്ങളുടെ സഹോദരങ്ങൾക്കിടയിലും ധരിക്കുക..” കത്തോലിക്കാ സഭയുടെ തിരുസഭാ നിയമങ്ങളിൽ(Canon) പള്ളിയിൽ സ്ത്രീകൾ തല മറക്കണമെന്ന നിയമമുണ്ട്.(Clara M. Henning, “Cannon Law and the Battle of the Sexes” in Rosemary R. Ruether, ed., Religion and Sexism: Images of Woman in the Jewish and Christian Traditions (New York: Simon and Schuster, 1974) p. 272.) അമിഷ്, മെനോനൈറ്റുകൾ പോലോത്ത ചില ക്രിസ്ത്യൻ വിഭാഗങ്ങൾ ഇന്നും അവരുടെ സ്ത്രീകളെ മൂടുപടത്തിലാണ് നിർത്തുന്നത്. അവരുടെ സഭാ നേതാക്കൾ ഇവ ധരിക്കാൻ നിർദ്ദേശിക്കാനുള്ള കാരണം “ശിരോവസ്ത്രം പുരുഷനും ദൈവത്തിനുമുള്ള സ്ത്രീവിധേയത്വത്തിന്റെ പ്രതീകമാണ്” എന്നതാണ്. പുതിയ നിയമത്തിൽ വിശുദ്ധ പോൾ അവതരിപ്പിച്ച അതേ യുക്തിതന്നെയാണ് ഇവരും സ്വീകരിക്കുന്നത്.(Donald B. Kraybill, The riddle of the Amish Culture (Baltimore: Johns Hopkins University Press, 1989) p. 56.)

മേൽപ്പറഞ്ഞ തെളിവുകളിൽ നിന്നെല്ലാം വ്യക്തമാകുന്നത് ശിരോവസ്ത്രം എന്നത് ഇസ്‌ലാമിന്റെ കണ്ടുപിടുത്തമല്ല എന്നാണ്. എങ്കിലും ഇസ്‌ലാം അത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. വിശ്വാസികളായ സ്ത്രീപുരുഷന്മാരോട് അവരുടെ ദൃഷ്ടി താഴ്ത്താനും വിനയം കാത്തുസൂക്ഷിക്കാനും ഖുർആൻ ഉദ്ബോധിപ്പിക്കുക്കുകയും വിശ്വാസികളായ സ്ത്രീകളെ കഴുത്തും നെഞ്ചും മറയ്ക്കാൻ ശിരോവസ്ത്രം നീട്ടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു:

“നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ, നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം” (24:30,31)

എളിമക്കും വിനയത്തിനും മൂടുപടം അത്യന്താപേക്ഷിതമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നത് പോലെ തന്നെ എളിമയുടെയും ലജ്ജയുടെയും പ്രാധാന്യവും ഖുർആൻ വിശദീകരിക്കുന്നുണ്ട്:

“നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മേലാടകള്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.” (33:59)

കത്തോലിക്കാ കന്യാസ്ത്രീകൾ പുരുഷാധികാരത്തിൻറെ മറവിൽ ‘വിശുദ്ധി’യുടെ അടയാളമായി ബഹുമാനിക്കുന്ന അതേ ശിരോവസ്ത്രം മുസ്ലീം സ്ത്രീകൾ തങ്ങളുടെ സംരക്ഷണത്തിനായി ധരിക്കുമ്പോൾ ‘അടിച്ചമർത്തലിന്റെ’ അടയാളമായി നിന്ദിക്കുന്നത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വിരോധാഭാസമാണ്.

ചുരുക്കത്തിൽ സ്ത്രീകൾ ലജ്ജയോടെ പെരുമാറണമെന്നും അതിന്റെ ഭാഗമായി മൂടുപടം ധരിക്കണമെന്നുമുള്ള ഇസ്‌ലാമികാഹ്വാനത്തിന്റെ താല്പര്യം സ്ത്രീസംരക്ഷണം മാത്രമാണ്. ഇസ്‌ലാമിലെ മൂടുപടം ക്രിസ്ത്യൻ പാരമ്പര്യത്തിലേതുപോലെ സ്ത്രീയുടെ മേലുള്ള പുരുഷാധികാരത്തിന്റെയും പുരുഷവിധേയത്വത്തിന്റെയും അടയാളമോ യഹൂദ പാരമ്പര്യത്തിലേതു പോലെ ചില കുലീനരായ വിവാഹിതരായ സ്ത്രീകളുടെ ആഡംബരത്തിന്റെയും വ്യതിരിക്തതയുടെയും അടയാളമല്ല. മറിച്ച്, എല്ലാ സ്ത്രീകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള എളിമയുടെ അടയാളം മാത്രമാണ് ഇസ്‌ലാം അനുശാസിക്കുന്ന മൂടുപടം. പിന്നീട് ഖേദിക്കുന്നതിനേക്കാൾ എപ്പോഴും സുരക്ഷിതരായിരിക്കുന്നതാണ് നല്ലത് എന്നതാണ് ഇസ്ലാമിക തത്വശാസ്ത്രം. വാസ്തവത്തിൽ, സ്ത്രീശരീരവും സ്ത്രീസ്വത്വവും സംരക്ഷിക്കുന്നതിൽ ഖുർആൻ വലിയ ശ്രദ്ധ പുലർത്തുന്നുണ്ട്. ഒരു സ്ത്രീയുടെ ചാരിത്ര്യത്തിൽ തെറ്റാരോപിക്കുന്ന പുരുഷൻ കഠിനമായി ശിക്ഷിക്കപ്പെടുമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട്:

“നാലു സാക്ഷികളെ ഹാജറാക്കാതെ ചാരിത്രവതികളുടെമേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍തന്നെയാണ് തെമ്മാടികള്‍”(24:4)

ഖുർആനിലെ ഈ കർശന മനോഭാവത്തെ ബലാത്സംഗത്തിനുള്ള ബൈബിളിലെ വളരെ അയവുള്ള ശിക്ഷയുമായി താരതമ്യം ചെയ്യേണ്ടതുണ്ട്: വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ/ അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ/ അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുത്” (ആവർത്തനം 22:28-30)

ഇവിടെ ഉയരുന്ന ഒരു ലളിതമായ ചോദ്യമുണ്ട്; ബലാത്സംഗത്തിന് പിഴ മാത്രം ഒടുക്കിയ പുരുഷനാണോ, അതോ തന്നെ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയും മരണം വരെ അവനോടൊപ്പം ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്ത പെൺകുട്ടിയാണോ യഥാർത്ഥത്തിൽ ശിക്ഷിക്കപ്പെടുന്നത്?. ഖുർആനിന്റെ കർക്കശ മനോഭാവമാണോ അതോ ബൈബിളിലെ അയവുള്ള മനോഭാവമാണോ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പ് വരുത്തുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.

ചിലർ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ ഇസ്‌ലാം നിർദ്ദേശിക്കുന്ന സംരക്ഷണത്തിനായുള്ള ലജ്ജയുടെ മുഴുവൻ വാദങ്ങളെയും പരിഹസിക്കാറുണ്ട്. വിദ്യാഭ്യാസം, പരിഷ്കൃതമായ പെരുമാറ്റം, ആത്മനിയന്ത്രണം എന്നിവയുടെ പ്രചരണമാണ് ഏറ്റവും നല്ല സംരക്ഷണമെന്നാണ് അവരുടെ വാദം. ഒരു പരിധി വരെ ഇതിനെ അംഗീകരിക്കാമെങ്കിലും ഇത് സമ്പൂർണമല്ല. ഇത്തരം പരിഷ്കാരങ്ങൾ മതിയായ സംരക്ഷണമാണെങ്കിൽ, എന്തുകൊണ്ടാണ് വടക്കേ അമേരിക്കയിലെ സ്ത്രീകൾ ഇരുണ്ട തെരുവിലൂടെയോ, ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തിലൂടെ പോലും ഒറ്റയ്ക്ക് നടക്കാൻ ധൈര്യപ്പെടാത്തത്? വിദ്യാഭ്യാസമാണ് പരിഹാരമെങ്കിൽ, ‘ക്വീൻസ്’ പോലെയുള്ള പ്രശസ്തമായ സർവ്വകലാശാലയ്ക്ക് ക്യാമ്പസിലെ വിദ്യാർത്ഥിനികൾക്കായി ‘വാക്ക് ഹോം സർവീസ്’ സംവിധാനം എന്തിനാണ്? ആത്മസംയമനമാണ് ഉത്തരമെങ്കിൽ, എന്തുകൊണ്ടാണ് ദിനേന ജോലിസ്ഥലത്തെ ലൈംഗികാതിക്രമ കേസുകൾ നവമാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്? നേവി ഓഫീസർമാർ, മാനേജർമാർ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ, സെനറ്റർമാർ, സുപ്രീം കോടതി ജസ്റ്റിസുമാർ, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് അടക്കം എത്ര പ്രമുഖരാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലൈംഗിക പീഡനങ്ങൾ ആരോപിക്കപ്പെടുന്നത്!

ക്വീൻസ് യൂണിവേഴ്സിറ്റിയിലെ ഡീൻ ഓഫ് വിമൻസ് ഓഫീസ് പുറത്തിറക്കിയ ഒരു ലഘുലേഖയിൽ പറയുന്ന സ്ഥിതിവിവരക്കണക്കുകൾ അവിശ്വസനീയമാണ് ;
1-കാനഡയിൽ, ഓരോ 6 മിനിറ്റിലും ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു.
2-കാനഡയിലെ 3 സ്ത്രീകളിൽ 1 പേർ അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ലൈംഗികാതിക്രമത്തിന് വിധേയരാകും.
3- നാല് സ്ത്രീകളിൽ ഒരാൾ തന്റെ ജീവിതകാലത്ത് ബലാത്സംഗത്തിൻ്റെയോ ബലാത്സംഗശ്രമത്തിൻ്റെയോ അപകടസാധ്യതയിലാണ്.
4- കോളേജ്, യൂണിവേഴ്സിറ്റി പഠന കാലത്ത് 8-ൽ ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെടുന്നു.
അത്പോലെ തന്നെ കനേഡിയൻ യൂണിവേഴ്‌സിറ്റികളിലെ 60% പുരുഷന്മാരും പിടിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ലൈംഗികാതിക്രമത്തിന് വിധേയരാകുമെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു.

നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ അടിസ്ഥാനപരമായി ചില പ്രശ്നങ്ങളുണ്ട്. സമൂഹത്തിന്റെ ജീവിതരീതിയിലും സംസ്കാരത്തിലും സമൂലമായ മാറ്റം അനിവാര്യമാണ്. മാന്യതയുടെ ഒരു സംസ്കാരം അത്യന്താപേക്ഷിതമാണ്. വസ്ത്രധാരണത്തിലും സംസാരത്തിലും സ്ത്രീപുരുഷന്മാരുടെ പെരുമാറ്റത്തിലും ഈ മാന്യത വരേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഭയാനകമായ കൂടുതൽ പരിതാപകരമായ സ്ഥിതിവിവരക്കണക്കുകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കും. മാന്യമായ വസ്ത്രധാരണത്തിന്റെ പേരിൽ യുവതികളെ സ്‌കൂളിൽ നിന്ന് പുറത്താക്കുന്ന ഫ്രാൻസ് പോലെയുള്ള സമൂഹം സ്വന്തത്തെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്.

കത്തോലിക്കാ കന്യാസ്ത്രീകൾ പുരുഷാധികാരത്തിൻറെ മറവിൽ ‘വിശുദ്ധി’യുടെ അടയാളമായി ബഹുമാനിക്കുന്ന അതേ ശിരോവസ്ത്രം മുസ്ലീം സ്ത്രീകൾ തങ്ങളുടെ സംരക്ഷണത്തിനായി ധരിക്കുമ്പോൾ ‘അടിച്ചമർത്തലിന്റെ’ അടയാളമായി നിന്ദിക്കുന്നത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വിരോധാഭാസമാണ്.

വിധവകളുടെ ദുരവസ്ഥ

പഴയ നിയമം അനന്തരാവകാശം നൽകാത്തതു കൊണ്ട് തന്നെ യഹൂദരിലെ ഏറ്റവും ദുർബലവിഭാഗത്തിൽ പെട്ടവരാണ് വിധവകൾ. ഒരു സ്ത്രീയുടെ മരിച്ചുപോയ ഭർത്താവിന്റെ എല്ലാ സ്വത്തുക്കളും അവകാശികളായ പുരുഷ ബന്ധുക്കൾക്ക് അവകാശപ്പെടുകയും എസ്റ്റേറ്റിൽ നിന്ന് അവർ ഭാര്യക്ക് നൽകുന്നതുമാണ് രീതി. എന്നാൽ, വിധവകൾക്ക് ഈ വ്യവസ്ഥ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒരു മാർഗവുമില്ല. മറ്റുള്ളവരുടെ കാരുണ്യത്തിലാണ് അവർ ജീവിച്ചിരുന്നത്. അത്കൊണ്ട് തന്നെ പുരാതന ഇസ്രായേലിലെ ഏറ്റവും താഴ്ന്ന വിഭാഗങ്ങളിൽ പെട്ടവരായിരുന്നു വിധവകൾ. വലിയ അധഃപതനത്തിന്റെ പ്രതീകമായിട്ടായിരുന്നു വിധവകൾ കണക്കാക്കപ്പെട്ടിരുന്നു (യെശയ്യാവ് 54:4).

എന്നാൽ ബൈബിൾ പാരമ്പര്യത്തിൽ ഒരു വിധവയുടെ ദുരവസ്ഥ അവളുടെ ഭർത്താവിന്റെ സ്വത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനും അപ്പുറമായിരുന്നു. ഉല്പത്തി 38 അനുസരിച്ച്, കുട്ടികളില്ലാത്ത ഒരു വിധവ തന്റെ ഭർത്താവിന്റെ സഹോദരനെ,അവൻ വിവാഹിതനാണെങ്കിൽ പോലും വിവാഹം കഴിക്കണമെന്നാണ് .
“അപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു” (ഉല്പത്തി 38:8)

ഈ വിവാഹത്തിന് വിധവയുടെ സമ്മതം ആവശ്യമില്ല. വിധവയെ മരിച്ചുപോയ ഭർത്താവിന്റെ സ്വത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. ബൈബിളിലെ ഈ നിയമം ഇന്നും ഇസ്രായേലിൽ നിലനിൽക്കുന്നു.(Hazleton, op. cit., pp. 45-46.) ഇസ്രായേലിൽ കുട്ടികളില്ലാത്ത ഒരു വിധവയെ അവളുടെ ഭർത്താവിന്റെ സഹോദരന് വസ്വിയ്യത്ത് ചെയ്യുന്നു. സഹോദരൻ വിവാഹം കഴിക്കാൻ മാത്രം പ്രായമായിട്ടില്ലെങ്കിൽ ആകുംവരെ അവൾ കാത്തിരിക്കണം. മരിച്ചുപോയ ഭർത്താവിന്റെ സഹോദരൻ അവളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചാൽ, അവൾ സ്വതന്ത്രയാക്കപ്പെടുകയും അതിനുശേഷം അവൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും പുരുഷനെ വിവാഹം കഴിക്കുകയും ചെയ്യാം.

ഇസ്‌ലാമിന് മുമ്പുള്ള വിഗ്രഹാരാധകരായ അറബികൾക്കും സമാനമായ ആചാരങ്ങൾ ഉണ്ടായിരുന്നു. ഒരു വിധവ അവളുടെ ഭർത്താവിന്റെ സ്വത്തിന്റെ ഭാഗമായി അവന്റെ പുരുഷ അവകാശികൾക്ക് അവകാശപ്പെട്ടതായി കണക്കാക്കപ്പെടുകയും മരിച്ചുപോയ പുരുഷന്റെ മറ്റൊരു ഭാര്യയിലുള്ള മൂത്തമകന് അവളെ വിവാഹം ചെയ്തുകൊടുക്കുന്നതും പതിവായിരുന്നു. ഈ നിന്ദ്യമായ ആചാരത്തെ ഖുർആൻ നിശിതമായി എതിർക്കുകയും നിർത്തലാക്കുകയും ചെയ്തു:

“നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തിരുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത് -മുമ്പ് നടന്നുകഴിഞ്ഞതല്ലാതെ- തീര്‍ച്ചയായും അത് മ്ലേഛമാണ്; വെറുക്കപ്പെട്ടതും ദുര്‍മാര്‍ഗവുമാണ് “(4:22).

വിധവകളും വിവാഹമോചിതരായ സ്ത്രീകളും ബൈബിൾ പാരമ്പര്യത്തിൽ വളരെ അവജ്ഞയോടെയാണ് വീക്ഷിക്കപ്പെട്ടിരുന്നത്. ഒരു മതപുരോഹിതന് വിധവയെയോ വിവാഹമോചിതയായ സ്ത്രീയെയോ വേശ്യയെയോ വിവാഹം കഴിക്കാൻ പറ്റുമായിരുന്നില്ല:

“കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവു, വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുത്, സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു. അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുത്; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു” (ലേവ്യ. 21:13-15)

ഇസ്രായേലിൽ ഇന്നും , കോഹൻ വിഭാഗത്തിലെ(Cohen caste) പിൻഗാമികൾക്ക് (ദേവാലയ കാലത്തെ പ്രധാന പുരോഹിതന്മാർ) വിവാഹമോചിതയെയോ വിധവയെയോ വേശ്യയെയോ വിവാഹം കഴിക്കാൻ കഴിയില്ല.(Ibid., p. 47.) യഹൂദ നിയമത്തിൽ, സ്വാഭാവിക കാരണങ്ങളാൽ മരിച്ച മൂന്ന് ഭർത്താക്കന്മാരോടൊപ്പം മൂന്ന് തവണ വിധവയായ സ്ത്രീയെ ‘വിനാശകാരിയായി’ കണക്കാക്കുകയും അവളുമായുള്ള വിവാഹം വിലക്കുകയും ചെയ്യുന്നുണ്ട്.(Ibid., p. 49.) മറുവശത്ത്, ഖുർആൻ പ്രത്യേകവിഭാഗങ്ങളെന്നോ വിനാശകാരികളെന്നോ ആരെയും വിശേഷിപ്പിക്കുന്നില്ല. വിധവകൾക്കും വിവാഹമോചിതർക്കും ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. വിവാഹമോചനത്തിനോ വിധവാവിവാഹത്തിനോ ഒരു കളങ്കവും അപമാനവും ഖുർആൻ കല്പിക്കുന്നില്ല:

“നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവരുടെ അവധി(മൂന്ന് ആർത്തവം) എത്തുകയും ചെയ്താല്‍ അവരെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന്‍ തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ കളിയായിട്ടെടുക്കാതിരിക്കുവിന്‍. (2:231)

“നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തു ദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചുനിര്‍ത്തേണ്ടതാണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല”(2:234)

“നിങ്ങളില്‍ ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്കാവശ്യമായ ജീവിതവിഭവങ്ങള്‍ വസ്വിയ്യത്തു ചെയ്യേണ്ടതാണ്. അവരെ വീട്ടില്‍നിന്ന് ഇറക്കിവിടരുത്. എന്നാല്‍ അവര്‍ സ്വയം പുറത്തുപോകുന്നുവെങ്കില്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയിലവര്‍ ചെയ്യുന്നതിലൊന്നും നിങ്ങള്‍ക്ക് കുറ്റമില്ല”(2:240) (തുടരും)

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles