Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ: ഇസ്‌ലാമിലും ജൂത- ക്രൈസ്തവ പാരമ്പര്യങ്ങളിലും (2 – 7)

വാസ്തവത്തിൽ, സ്ത്രീ ലൈംഗികതയോടുള്ള ബൈബിളിന്റെയും ഖുർആനിന്റെയും സമീപനങ്ങൾക്കിടയിലുള്ള വ്യത്യാസം സ്ത്രീയുടെ ജനനം മുതൽ ആരംഭിക്കുന്നതാണ്. ഉദാഹരണത്തിന്, ബൈബിൾ പ്രകാരം (ലേവ്യ. 12:2-5) ജനിച്ചത് പെൺകുട്ടിയാണെങ്കിൽ അമ്മയുടെ ആചാരപരമായ അശുദ്ധിയുടെ കാലയളവ് ഒരു ആൺകുട്ടിയുടേതിനേക്കാൾ ഇരട്ടിയാണ്.

“മകളുടെ ജനനം ഒരു നഷ്ടമാണ്” എന്ന് കത്തോലിക്കാ ബൈബിൾ സംശയത്തിനിടയില്ലാത്ത വിധം പ്രസ്താവിച്ചതാണ്. (സഭാപ്രസംഗി 22:3)

ഇതിന് നേർവിപരീതമായി, ആൺകുട്ടികൾക്ക് പ്രത്യേക പ്രശംസയും പരിഗണനയും ലഭിക്കുന്നു:
“തന്റെ മകനെ പഠിപ്പിക്കുന്ന ഒരു വ്യക്തിയോട് അവന്റെ ശത്രുവിന് അസൂയയാകും.” (സഭാപ്രസംഗി 30:3)

വംശാവലിയുടെ വ്യാപനത്തിന് വേണ്ടി റബ്ബികൾ യഹൂദ പുരുഷന്മാർക്ക് സന്താനോൽപാദനം നിർബന്ധ ബാധ്യതയാക്കിയിട്ടുണ്ട്. അവരും ആൺകുട്ടികളോടുള്ള പ്രത്യേക താൽപര്യം മറച്ചുവെച്ചില്ല: “ആൺകുട്ടികൾ ഉള്ളവർക്ക് ഭാഗ്യം. പെൺകുട്ടികളുള്ളവർക്ക് ദൗർഭാഗ്യം”, “ആൺകുട്ടിയുടെ ജനനത്തിൽ എല്ലാവരും സന്തോഷിക്കുന്നു … ഒരു പെൺകുട്ടിയുടെ ജനനം എല്ലാവർക്കും സങ്കടമാണ്”, “ഒരു ആൺകുട്ടി ലോകത്തേക്ക് വരുമ്പോൾ ലോകത്തിന് സമാധാനം കൈവരുന്നു. ഒരു പെൺകുട്ടി വരുമ്പോൾ ഒന്നും സംഭവിക്കുന്നില്ല.” ( Swidler, op. cit., p. 140.)

മകൾ പ്രയാസകരമായ ഒരു ഭാരമായി കണക്കാക്കപ്പെടുന്നു, പിതാവിന് അപമാനത്തിന്റെ ഉറവിടവുമാണവൾ.

“നിങ്ങളുടെ മകൾ ഒതുക്കമില്ലാത്തവളാണോ? അവൾ നിങ്ങളെ നിങ്ങളുടെ ശത്രുക്കളുടെ പരിഹാസപാത്രമാക്കാതിരിക്കാനും, പൊതുജന മധ്യത്തിൽ സംസാരവിഷയമാകാതിരിക്കാനും, നിങ്ങളെ പരസ്യമായി അപമാനിക്കാതിരിക്കാനും നല്ല ശ്രദ്ധ വേണം” (സഭാപ്രസംഗി 42:11).

“തലയെടുപ്പുള്ള മകളെ ശക്തമായ നിയന്ത്രണത്തിലാക്കുക, അല്ലെങ്കിൽ അവൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യം അവൾ ദുരുപയോഗം ചെയ്യും. അവളുടെ നാണമില്ലാത്ത കണ്ണുകളെ സദാ നിരീക്ഷിക്കുക. അവൾ നിങ്ങളെ അപമാനിക്കുകയാണെനങ്കിൽ അതിൽ ആശ്ചര്യപ്പെടാനില്ല” (സഭാപ്രസംഗി 26:10-11)

പെൺമക്കളെ നാണക്കേടായി ഗണിക്കപ്പെടുന്ന ഇതേ ആശയം തന്നെയാണ് ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പ്, പെൺ ശിശുഹത്യ നടത്തുന്നതിന് അറബികളെ പ്രേരിപ്പിച്ചത്. ഈ നീചമായ ആചാരത്തെ ഖുർആൻ ശക്തമായി വിമർശിച്ചു:
“അവരിലൊരാൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്ന വാർത്ത ലഭിച്ചാൽ, അവന്റെ മുഖം ഇരുണ്ടു, ഉള്ളിൽ സങ്കടം നിറഞ്ഞു, തനിക്കുണ്ടായ അപമാനം നിമിത്തം അവൻ ലജ്ജയോടെ തന്റെ സമൂഹത്തിൽ നിന്ന് ഒളിഞ്ഞു നടക്കുന്നു! അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ!”(16:59).

ഖുർആൻ ശക്തമായ ഭാഷയിൽ ഇതിനെ വിമർശിച്ചില്ലെങ്കിൽ അറേബ്യയിൽ ഈ ക്രൂരകൃത്യം ഒരിക്കലും അവസാനിക്കുമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഖുർആനിക വീക്ഷണത്തിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വ്യത്യാസമില്ല. ബൈബിളിന് വിപരീതമായി, ഖുർആൻ സ്ത്രീയുടെ ജനനം പുരുഷന്റെ ജനനം പോലെ തന്നെ ദൈവത്തിന്റെ ദാനമായും അനുഗ്രഹമായും കണക്കാക്കുന്നു. സ്ത്രീയെ ആദ്യം പരാമർശിക്കുന്നതിലൂടെ ഖുർആൻ ഒരുപടി മുന്നിലെത്തുന്നു. “ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു.”(42:49)

വളർന്നുകൊണ്ടിരിക്കുന്ന മുസ്ലീം സമൂഹത്തിൽ പെൺ ശിശുഹത്യ പൂർണമായി തുടച്ചുനീക്കുന്നതിനായി, പെൺമക്കളെ ലഭിക്കുന്ന രക്ഷിതാക്കൾക്ക്, അവരെ ദയയോടെ വളർത്തിയാൽ വലിയ പ്രതിഫലങ്ങളാണ് റസൂൽ വാഗ്ദാനം ചെയ്തത്.

“ആരെങ്കിലും പെൺമക്കളെ വളർത്തുന്നതിൽ ഏർപ്പെടുകയും അവരോട് ദയ കാണിക്കുകയും ചെയ്യുന്നു, എന്നാൽ അവർ നരകത്തിൽ നിന്ന് അവന് സംരക്ഷണം നൽകും” (ബുഖാരി, മുസ്‌ലിം).

“രണ്ട് വിരലുകൾ ചേർത്തുപിടിച്ച് നബി തങ്ങൾ പറഞ്ഞു: രണ്ട് പെൺമക്കളെ പ്രായപൂർത്തിയാകും വരെ ആരെങ്കിലും പരിപാലിച്ചാൽ, അവനും ഞാനും ന്യായവിധി നാളിൽ ഇതുപോലെയാവും” (മുസ്‌ലിം).

സ്ത്രീ വിദ്യാഭ്യാസം ?

സ്ത്രീകളെക്കുറിച്ചുള്ള ബിബ്ലിക് -ഖുർആനിക് കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസം ജനനവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഒതുങ്ങുന്നില്ല. മതം പഠിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയോടുള്ള ഇരുവരുടെയും കൺസെപ്റ്റുകൾ നമുക്ക് താരതമ്യം ചെയ്യാം. യഹൂദമതത്തിന്റെ ഹൃദയവും നിയമ സംഹിതയും തോറയാണ്. താൽമൂദ് അനുസരിച്ച്, “സ്ത്രീകളെ തോറയുടെ പഠനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു”. “തോറയുടെ വാക്കുകൾ സ്ത്രീകൾക്ക് പകരുന്നതിനേക്കാൾ നല്ലത് തീയിൽ നശിക്കപ്പെടുന്നതാണ്” എന്നും “തന്റെ മകളെ തോറ പഠിപ്പിക്കുന്നവൻ അവളെ അശ്ലീലം പഠിപ്പിച്ചത് പോലെയാണ്” എന്നും ചില യഹൂദ റബ്ബികൾ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. ( Denise L. Carmody, “Judaism”, in Arvind Sharma, ed., op. cit., p. 197.)

പുതിയ നിയമത്തിലെ വിശുദ്ധ പൗലോസിന്റെ മനോഭാവവും തഥൈവ.
” വിശുദ്ധന്മാരുടെ സർവസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്ക് അനുവാദമില്ല, അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് അനുചിതമല്ലോ..(1 കൊരിന്ത്യർ14:34-35)

സംസാരിക്കാൻ അനുമതിയില്ലെങ്കിൽ സ്ത്രീ എങ്ങനെയാണ് പഠിക്കുക? പൂർണ്ണമായ കീഴ്‌വഴക്കം ബാധ്യതയാണെങ്കിൽ ഒരു സ്ത്രീക്ക് എങ്ങനെ ബൗദ്ധികമായി വളരാൻ കഴിയും? അവളുടെ വിവരങ്ങളുടെ ഉറവിടം അവളുടെ ഭർത്താവ് മാത്രമാണെങ്കിൽ അവൾക്ക് എങ്ങനെ അവളുടെ ചിന്താമണ്ഡലങ്ങൾ വിശാലമാക്കാൻ കഴിയും?

ആർത്തവമുള്ള സ്ത്രീകളെ സംബന്ധിച്ച യഹൂദ നിയമങ്ങളും നിയന്ത്രണങ്ങളും വളരെ കർശനമാണ്. ആർത്തവമുള്ള എല്ലാ സ്ത്രീകളെയും അശുദ്ധരായാണ് പഴയ നിയമം കണക്കാക്കുന്നത്.

ഖുർആനിക നിലപാട് ഇതിൽ നിന്ന് വ്യത്യസ്തമാണോ എന്ന ചോദ്യം ന്യായമാണ്. ഖുർആനിൽ വിവരിച്ചിരിക്കുന്ന ഒരു ചരിത്രം അതിന്റെ നിലപാട് സംക്ഷിപ്തമായി അവതരിപ്പിക്കുന്നുണ്ട്. ഖൗല ഒരു മുസ്ലീം സ്ത്രീയാണ്. ഒരു നിമിഷം കുപിതനായ അവളുടെ ഭർത്താവ് ഔസ് ‘ളിഹാറി’ന്റെ വാക്യം മൊഴിഞ്ഞു: “You are to me as the back of my mother.” (നീയെനിക്ക് ഉമ്മയുടെ സ്ഥാനത്താണ്). വിവാഹമോചനത്തിന്റെ ഒരു പ്രസ്താവനയായി വിഗ്രഹാരാധകരായ അറബികൾ പരിഗണിക്കുന്ന ഒന്നായിരുന്നു അത്. അതോടെ ഭർത്താവ് ദാമ്പത്യ ഉത്തരവാദിത്തങ്ങളിൽ നിന്ന് മോചിതനാകുന്നു. എന്നാൽ ഭാര്യക്ക് ഭർത്താവിന്റെ വീട് വിടാനോ മറ്റൊരു പുരുഷനെ വിവാഹം കഴിക്കാനോ അനുമതിയുമില്ല. ഭർത്താവിൽ നിന്ന് ഈ വാക്കുകൾ കേട്ട ഖൗല ദയനീയാവസ്ഥയിലായിരുന്നു. അവർ നേരെ പ്രവാചകസന്നിധിയിലേക്ക് ചെന്നു. ഒരു വഴിയുമില്ലെന്ന് തോന്നിയതിനാൽ നബി തങ്ങൾ അവളോട് ക്ഷമ വരിക്കണമെന്ന് പറഞ്ഞു. ഈ ദാമ്പത്യത്തിന്റെ കാര്യത്തിൽ ഖൗല നബിയുമായി തർക്കിച്ചുകൊണ്ടിരുന്നു. താമസിയാതെ, ഖുർആൻ ഇടപെട്ടു; ഖൗലയുടെ അപേക്ഷ സ്വീകരിച്ചു. ദൈവിക വിധി ഈ അനാചാരത്തെ ഇല്ലാതാക്കി. “അൽമുജാദില” അല്ലെങ്കിൽ “തർക്കിക്കുന്ന സ്ത്രീ” എന്ന തലക്കെട്ടുള്ള ഖുർആനിലെ ഒരു പൂർണ്ണ അദ്ധ്യായം (അധ്യായം 58) ഈ സംഭവത്തിന്റെ പേരിലാണ്:
“തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.(58:1)

ഒരു സ്ത്രീക്ക് ഇസ്‌ലാമിലെ പരമോന്നതനായ നബിയോട് പോലും തർക്കിക്കാൻ അവകാശമുണ്ടെന്നാണ് ഖുർആനിന്റെ ഭാഷ്യം. അവളോട് മിണ്ടാതിരിക്കാൻ നിർദേശിക്കാൻ ആർക്കും അവകാശമില്ല. നിയമത്തിന്റെയും മതത്തിന്റെയും കാര്യങ്ങളിൽ തന്റെ ഭർത്താവിനെ ഒരേയൊരു അവലംബമായി കാണാൻ അവൾ ബാധ്യസ്ഥയല്ല.

സ്ത്രീയുടെ അശുദ്ധി?

ആർത്തവമുള്ള സ്ത്രീകളെ സംബന്ധിച്ച യഹൂദ നിയമങ്ങളും നിയന്ത്രണങ്ങളും വളരെ കർശനമാണ്. ആർത്തവമുള്ള എല്ലാ സ്ത്രീകളെയും അശുദ്ധരായാണ് പഴയ നിയമം കണക്കാക്കുന്നത്. മാത്രമല്ല, അവളുടെ അശുദ്ധി മറ്റുള്ളവരെയും ബാധിക്കുന്നു. അവൾ തൊടുന്നതെന്തും ഒരു ദിവസത്തേക്ക് അശുദ്ധമാകും.

“ഒരു സ്ത്രീക്ക് മാസമുറ ഉണ്ടാകുമ്പോൾ, അവളുടെ അശുദ്ധി ഏഴു ദിവസം നീണ്ടുനിൽക്കും, ഈ കാലയളവിൽ ആരെങ്കിലും അവളെ സ്പർശിച്ചാൽ അവരും വൈകുന്നേരം വരെ അശുദ്ധരായിരിക്കും. ആർത്തവസമയത്ത് അവൾ ഇരിക്കുന്നിടവും കിടക്കുന്നിടവും അശുദ്ധമാണ്. അവളുടെ കിടക്കയിൽ തൊടുന്നവൻ വസ്ത്രവും ശരീരവും വെള്ളമുപയോഗിച്ച് വൃത്തിയാക്കണം. അവരും വൈകുന്നേരം വരെ അശുദ്ധനായിരിക്കും”. (ലേവ്യപുസ്തകം 15:19-23).

“അശുദ്ധ” സ്വഭാവം കാരണം, ആർത്തവമുള്ള ഒരു സ്ത്രീയുമായി സമ്പർക്കത്തിനുള്ള സാധ്യത പൂർണമായി ഒഴിവാക്കാൻ പലപ്പോഴും അവൾ ബഹിഷ്കരിക്കപ്പെട്ട അവസ്ഥയിലേക്ക് മാറുന്നു. അവളുടെ അശുദ്ധി കാരണം മുഴുവൻ സമയവും “അശുദ്ധിയുടെ വീട്” എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക വീട്ടിലാണവൾ കഴിയേണ്ടത്. ശാരീരികമായ അടുപ്പം ഇല്ലെങ്കിൽ പോലും ആർത്തവമുള്ള സ്ത്രീ “വിനാശകരമായ” ഒന്നാണെന്ന് താൽമൂഡ് വിലയിരുത്തുന്നു. (  Swidler, op. cit., p. 137)

“നമ്മുടെ റബ്ബികൾ പഠിപ്പിച്ചത്:….ആർത്തവമുള്ള സ്ത്രീ രണ്ട് പുരുഷന്മാർക്കിടയിലൂടെ കടന്നുപോകുമ്പോൾ, അത് അവളുടെ ആർത്തവത്തിന്റെ ആരംഭദശയിലാണെങ്കിൽ, അവരിൽ ഒരാളെ അവൾ നശിപ്പിക്കും, അത് അവളുടെ ആർത്തവത്തിന്റെ അവസാനത്തിലാണെങ്കിൽ അവൾ അവയ്ക്കിടയിൽ വഴക്കുണ്ടാക്കും”. (bPes. 111a.)

കൂടാതെ, ആർത്തവമുള്ള സ്ത്രീയുടെ ഭർത്താവ്, അവളുടെ കാൽക്കീഴിലെ പൊടി തട്ടിയാണെങ്കിൽ പോലും, അശുദ്ധനായാൽ അവനു സിനഗോഗിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഭാര്യയോ മകളോ അമ്മയോ ആർത്തവകാരിയായുള്ള ഒരു പുരോഹിതന് സിനഗോഗിൽ പൗരോഹിത്യ ചടങ്ങുകൾക്ക് നേതൃത്വം നൽകാനാവില്ല. ( Ibid., p. 138 ) പല യഹൂദ സ്ത്രീകളും ഇപ്പോഴും ആർത്തവത്തെ “ശാപം” എന്ന് വിളിക്കുന്നതിൽ അതിശയിക്കാനില്ല. ( Sally Priesand, Judaism and the New Woman (New York: Behrman House, Inc., 1975) p. 24)

ആർത്തവമുള്ള സ്ത്രീക്ക് അന്യോന്യം പകരുന്ന അശുദ്ധി ഉള്ളതായി ഇസ്‌ലാം കണക്കാക്കുന്നില്ല. അവൾ തൊട്ടുകൂടാത്തവളോ ശപിക്കപ്പെട്ടവളോ അല്ല. നിശ്ചിത നിയന്ത്രണങ്ങളോടെ അവൾ അവളുടെ സാധാരണ ജീവിതം നയിക്കുന്നു. വിവാഹിതരായ ദമ്പതികൾക്ക് ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുവാദമില്ല. അവർ തമ്മിലുള്ള മറ്റു ശാരീരിക സമ്പർക്കം അനുവദനീയമാണ്. ആർത്തവ സമയത്ത് അവർക്ക് ദൈനംദിന നമസ്കാരം, വൃതം തുടങ്ങിയ ചില ആചാരങ്ങളിലും ഇസ്‌ലാം ഇളവു നൽകിയിട്ടുണ്ട്.

ഒരു പുരുഷൻ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവൾ കന്യകയല്ലെന്ന് ആക്ഷേപിക്കുകയും ചെയ്താൽ, അവളുടെ സാക്ഷ്യത്തിന് പരിഗണനയില്ല. അവളുടെ കന്യകാത്വത്തിന്റെ തെളിവുകൾ അവളുടെ മാതാപിതാക്കൾ നഗരത്തിലെ മുതിർന്നവരുടെ മുമ്പാകെ കൊണ്ടുവരണം.

സാക്ഷി നിർത്തൽ

ഖുർആനും ബൈബിളും വിയോജിക്കുന്ന മറ്റൊരു വിഷയം സ്ത്രീകളുടെ സാക്ഷ്യത്തിനുള്ള യോഗ്യതയാണ്. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വിശ്വാസികളോട് സാക്ഷികളായി രണ്ട് പുരുഷന്മാരും അല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും വേണമെന്ന് ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ടെന്നത് ശരിയാണ് (2:282). എങ്കിലും, ഖുർആൻ മറ്റു സന്ദർഭങ്ങളിൽ സ്ത്രീയുടെ സാക്ഷ്യത്തെ പുരുഷന്റെ സാക്ഷ്യത്തിന് തുല്യമായി അംഗീകരിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ സ്ത്രീയുടെ സാക്ഷ്യത്തിന് പുരുഷന്റെ സാക്ഷ്യത്തെ അസാധുവാക്കാനും കഴിയും. ഒരു പുരുഷൻ തന്റെ ഭാര്യയെ അനാചാരം ആരോപിച്ചാൽ, ഭാര്യയുടെ കുറ്റത്തിന് തെളിവായി അഞ്ച് തവണ സത്യം ചെയ്യണമെന്ന് ഖുർആൻ ആവശ്യപ്പെടുന്നു. ഭാര്യ നിഷേധിക്കുകയും സമാനമായി അഞ്ച് തവണ സത്യം ചെയ്യുകയും ചെയ്താൽ, അവൾ കുറ്റക്കാരിയായി കണക്കാക്കില്ല, രണ്ടായാലും വിവാഹം വേർപെടുത്തപ്പെടും (24:6-11).

അതേസമയം, ആദ്യകാല യഹൂദ സമൂഹത്തിൽ സ്ത്രീകൾക്ക് സാക്ഷ്യം വഹിക്കാൻ അനുവാദമുണ്ടായിരുന്നില്ല.  ( Swidler, op. cit., p. 115 )സാക്ഷ്യം വഹിക്കുന്നതിന് അയോഗ്യരാക്കുന്ന എല്ലാ സ്ത്രീകൾക്കും സംഭവിക്കുന്ന ഒമ്പത് ശാപങ്ങൾ റബ്ബികൾ എണ്ണിയിട്ടുണ്ട്. (“ഹവ്വയുടെ പാരമ്പര്യം” എന്ന ഭാഗം കാണുക). ഇന്നത്തെ ഇസ്രായേലിലെ സ്ത്രീകൾക്ക് റബ്ബികളുടെ കോടതികളിൽ തെളിവ് നൽകാൻ അനുവാദമില്ല. ( Lesley Hazleton, Israeli Women The Reality Behind the Myths (New York: Simon and Schuster, 1977) p. 41 )അബ്രഹാമിന്റെ ഭാര്യ സാറ കള്ളം പറഞ്ഞതായി പ്രസ്താവിക്കുന്ന ഉല്പത്തി 18:9-16 ഉദ്ധരിച്ച് സ്ത്രീകൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയില്ലെന്ന് റബ്ബികൾ ന്യായീകരിക്കുന്നു. ഉല്പത്തി 18:9-16-ൽ വിവരിച്ചിരിക്കുന്ന ഈ സംഭവം ഖുർആനിൽ ഒന്നിലധികം തവണ സാറയുടെ ഭാഗത്ത് നിന്നുള്ള നുണയാണന്ന് ഒരു സൂചനയും കൂടാതെ (11:69-74, 51:24-30) പരാമർശിച്ചിട്ടുണ്ട് എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തീയ പാശ്ചാത്യ രാജ്യങ്ങളിൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ സഭാ നിയമങ്ങളും സിവിൽ നിയമങ്ങളും സ്ത്രീകളെ സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു. ( Gage, op. cit. p. 142)

ഒരു പുരുഷൻ തന്റെ ഭാര്യയെ അശുദ്ധി ആരോപിച്ചാൽ, ബൈബിൾ അനുസരിച്ച് അവളുടെ സാക്ഷ്യം പരിഗണിക്കില്ല. കുറ്റാരോപിതയായ ഭാര്യയെ കടുത്ത പരീക്ഷണങ്ങളിലൂടെ വിചാരണയ്ക്ക് വിധേയയാക്കണം. ഈ വിചാരണയിൽ, സങ്കീർണ്ണവും അപമാനകരവുമായ ഒരു ആചാരത്തെ അഭിമുഖീകരിക്കുന്നു (Num. 5:11-31). ഈ പീഡനത്തിന് ശേഷം അവൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ, അവൾക്ക് വധശിക്ഷ ലഭിക്കുന്നു. അവൾ നിരപരാധിയാണെന്നു ബോധ്യപ്പെട്ടാലും ഭർത്താവ് ചെയ്തതിൽ ഒരു തെറ്റുമില്ല.

കൂടാതെ, ഒരു പുരുഷൻ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവൾ കന്യകയല്ലെന്ന് ആക്ഷേപിക്കുകയും ചെയ്താൽ, അവളുടെ സാക്ഷ്യത്തിന് പരിഗണനയില്ല. അവളുടെ കന്യകാത്വത്തിന്റെ തെളിവുകൾ അവളുടെ മാതാപിതാക്കൾ നഗരത്തിലെ മുതിർന്നവരുടെ മുമ്പാകെ കൊണ്ടുവരണം. മകളുടെ നിരപരാധിത്വം തെളിയിക്കാൻ രക്ഷിതാക്കൾക്ക് സാധിച്ചില്ലെങ്കിൽ അവളെ അച്ഛന്റെ മുന്നിൽ വെച്ച് കല്ലെറിഞ്ഞ് കൊല്ലും. മാതാപിതാക്കൾക്ക് അവളുടെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞാൽ, ഭർത്താവിന് നൂറ് ഷെക്കൽ വെള്ളി പിഴ മാത്രമേ ലഭിക്കൂ, അവൻ ജീവിച്ചിരിക്കുന്നിടത്തോളം ഭാര്യയെ വിവാഹമോചനം ചെയ്യേണ്ടതില്ല.

“ഒരു പുരുഷൻ ഒരുത്തിയെ ഭാര്യയായി സ്വീകരിച്ചു, അവളുമായി ശയിച്ചു, പക്ഷേ അവന് അവളെ ഇഷ്ടപ്പെട്ടില്ല. പിന്നെ ‘ഞാൻ ഈ സ്ത്രീയെ വിവാഹം ചെയ്തു. പക്ഷേ, ഞാൻ അവളെ സമീപിച്ചപ്പോൾ അവളുടെ കന്യകാത്വത്തിന്റെ തെളിവ് കണ്ടെതില്ല’ എന്ന് പറഞ്ഞ് അപകീർത്തിപ്പെടുത്തുകയും ചെയ്താൽ, പെൺകുട്ടിയുടെ അച്ഛനും അമ്മയും അവൾ കന്യകയായിരുന്നു എന്നതിന്റെ തെളിവ് നഗര കവാടത്തിൽ മൂപ്പന്മാർക്ക് മുമ്പിൽ അവതരിപ്പിക്കണം. പെൺകുട്ടിയുടെ പിതാവ് മൂപ്പന്മാരോട് പറയും: ഞാൻ എന്റെ മകളെ ഇവന് വിവാഹം ചെയ്തുകൊടുത്തു, പക്ഷേ അയാൾക്ക് അവളെ ഇഷ്ടമല്ല, ഇപ്പോൾ അവൻ അവളെ അപകീർത്തിപ്പെടുത്തുന്നു, നിങ്ങളുടെ മകളെ കന്യകയല്ലെന്ന് ആരോപിക്കുന്നു. എന്നാൽ ഇതാ എന്റെ മകളുടെ കന്യകാത്വത്തിന്റെ തെളിവ്.’ അവളുടെ വസ്ത്രം മാതാപിതാക്കൾ പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പാകെ കാണിക്കുന്നു; മൂപ്പന്മാർ അവനെ പിടിച്ചു ശിക്ഷിക്കുന്നു; ഇസ്രായേലീ കന്യകക്ക് ഒരു ദുഷ്പേര് നൽകിയെന്ന് പറഞ്ഞ് അവനു നൂറു വെള്ളിക്കാശ് പിഴ ചുമത്തുന്നു. അവനത് പെൺകുട്ടിയുടെ പിതാവിന് നൽകണം. എന്നാലും അവൾ അവന്റെ ഭാര്യയായി തുടരും, ജീവിച്ചിരിക്കുന്നിടത്തോളം അവളെ വിവാഹമോചനം ചെയ്യരുത്. എന്നാൽ, ആരോപണം ശരിയാണെങ്കിൽ അല്ലെങ്കിൽ പെൺകുട്ടിയുടെ കന്യകാത്വത്തിന്റെ തെളിവ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അവളെ പിതൃഭവനവത്തിലെത്തിക്കണം. അവിടെവെച്ചു നഗരവാസികൾ അവളെ കല്ലെറിഞ്ഞു കൊല്ലണം; ഇസ്രായേലിൽ നിന്ദ്യമായ ഒരു കാര്യമാണവൾ ചെയ്തത്; അച്ചന്റെ വീട്ടിൽവെച്ചു പരസംഗം ചെയ്തു. നിന്റെ ഇടയിൽ നിന്ന് തിന്മ തുടച്ചുനീക്കേണം.( ആവർത്തനം 22:13-21)

വ്യഭിചാരം

വ്യഭിചാരം എല്ലാ മതങ്ങളിലും ഒരു പാതകമാണ്. വ്യഭിചാരത്തിലേർപ്പെട്ട സ്ത്രീ – പുരുഷന്മാർക്ക് വധശിക്ഷ വിധിക്കുന്നു. (ലേവ്യ 20:10). ഇസ്‌ലാമും ഇരുവരെയും തുല്യമായി ശിക്ഷിക്കുന്നു(24:2). പക്ഷേ, ബൈബിൾ വ്യഭിചാരത്തിന് നൽകിയ നിർവചനമല്ല ഖുർആൻ നൽകുന്നത്. ഖുർആൻ പ്രകാരം, വിവാഹിതരും അവിവാഹിതരുമായ വ്യക്തികളുടെ അവിഹിത ബന്ധങ്ങൾ വ്യഭിചാരമാണ്. വിവാഹിതയായ സ്ത്രീയുടെ പരപുരുഷസംഗമം മാത്രമാണ് ബൈബിൾ വ്യഭിചാരമായി കാണുന്നത്.ലേവ്യപുസ്തകം 20:10, ആവർത്തനം 22:22, സദൃശവാക്യങ്ങൾ 6:20-7:27).

“ഒരാൾ മറ്റൊരാളുടെ ഭാര്യയോടൊപ്പം ശയിക്കുന്നത് കണ്ടാൽ, അവളോടൊപ്പം കിടന്നവനും കൂടെ കിടന്നവളും ഇരുവരും മരണം വരിക്കണം. നീ ഇസ്റായേലിൽ വെച്ച് ചെയ്ത പാപം കഴുകിക്കളയണം.(ആവർത്തനം 22:22),
“ഒരാൾ മറ്റൊരാളുടെ ഭാര്യയെ വ്യഭിചരിച്ചാൽ ആണും പെണ്ണും കൊല്ലപ്പെടണം”(ലേവ്യ 20:10).

ബൈബിൾ വ്യഭിചാരത്തിന് നൽകുന്ന നിർവചന പ്രകാരം, ഒരു വിവാഹിതനായ പുരുഷൻ അവിവാഹിതയായ സ്ത്രീയുമായി ബന്ധത്തിലേർപ്പെട്ടാൽ അതിനെ വ്യഭിചാരമെന്ന് വിളിക്കാനാവില്ല. ഒരു പുരുഷൻ വിവാഹിതനോ അവിവാഹിതനോ ആകട്ടെ, വിവാഹിതയായ സ്ത്രീയോടൊപ്പം ശയിച്ചാൽ മാത്രമേ വ്യഭിചാരമാകുന്നുള്ളൂ. ഇവിടെ ആണ് വിവാഹിതനല്ലെങ്കിൽ പോലും അവൻ വ്യഭിചാരിയാണ്. ചുരുക്കത്തിൽ, വ്യഭിചാരമെന്നാൽ വിവാഹിതയായ സ്ത്രീയുമായി നടത്തുന്ന നിയമവിരുദ്ധമായ ലൈംഗിക ബന്ധമാണ്.

ഇസ്രയേലിൽ ഇന്നുവരെ, വിവാഹിതനായ ഒരു പുരുഷൻ അവിവാഹിതയായ ഒരു സ്ത്രീയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടാൽ, ആ സ്ത്രീയിൽ അവനുണ്ടാകുന്ന കുട്ടികൾക്ക് നിയമ സാധുതയുണ്ട്. എന്നാൽ, വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെങ്കിൽ, വിവാഹിതനായാലും അല്ലെങ്കിലും, അവൾക്ക് അവനിലൂടെ ഉണ്ടാകുന്ന മക്കൾക്ക് നിയമ പരിരക്ഷ ലഭിക്കില്ല.

വിവാഹിതനായ ഒരു പുരുഷന്റെ വിവാഹേതര ബന്ധം ബൈബിളിൽ കുറ്റകരമല്ല. എന്തുകൊണ്ടാണീ ഇരട്ട നീതി? എൻസൈക്ലോപീഡിയ ജുഡൈക്ക അനുസരിച്ച്, ഭാര്യ ഭർത്താവിന്റെ സ്വത്താണ്. വ്യഭിചാരം ഭർത്താവിന് അവൾക്ക് മേലുളള പ്രത്യേക അവകാശത്തിന്റെ ലംഘനമാണ്. അവൾ ഭർത്താവിന്റെ ഉടമസ്ഥതയിലായത് കൊണ്ട് തന്നെ അവൾക്ക് ഭർത്താവിന്മേൽ ഒരവകാശവുമില്ല. അതായത്, ഒരു പുരുഷൻ വിവാഹിതയായ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അവൻ മറ്റൊരു പുരുഷന്റെ സ്വത്ത് അപഹരിക്കുകയാണ്, അതിനാൽ അവൻ ശിക്ഷിക്കപ്പെടണം. ( Jeffrey H. Togay, “Adultery,” Encyclopaedia Judaica, Vol. II, col. 313. Also, see Judith Plaskow, Standing Again at Sinai: Judaism from a Feminist Perspective (New York: Harper & Row Publishers, 1990) pp. 170-177.)

ഇസ്രയേലിൽ ഇന്നുവരെ, വിവാഹിതനായ ഒരു പുരുഷൻ അവിവാഹിതയായ ഒരു സ്ത്രീയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടാൽ, ആ സ്ത്രീയിൽ അവനുണ്ടാകുന്ന കുട്ടികൾക്ക് നിയമ സാധുതയുണ്ട്. എന്നാൽ, വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെങ്കിൽ, വിവാഹിതനായാലും അല്ലെങ്കിലും, അവൾക്ക് അവനിലൂടെ ഉണ്ടാകുന്ന മക്കൾക്ക് നിയമ പരിരക്ഷ ലഭിക്കില്ല. അവരെ ജാരസന്തതി എന്നാണ് വിളിക്കുക. അവർക്ക് മറ്റ് ജാരസന്തതികളെയോ മതം മാറിയ വന്ന ജൂതരെയോ മാത്രമേ വിവാഹം കഴിക്കാവൂ. വ്യഭിചാരത്തിന്റെ കളങ്കം ദുർബലമാകുന്നതുവരെ, പിൻഗാമികളിൽ നിന്ന് പത്ത് തലമുറകളിലേക്ക് ഈ നിരോധനം ബാധകമാകുന്നു. ( Hazleton, op. cit., pp. 41-42.)

അതേസമയം ഖുർആൻ സ്ത്രീയെ പുരുഷന്റെ സ്വത്തായി കണക്കാക്കുന്നില്ല. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെ ഖുർആൻ വിവരിക്കുന്നത് നോക്കൂ:
“അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്”(30:21).

സ്‌നേഹവും കാരുണ്യവും, സമാധാനവുമാണ് വിവാഹത്തെക്കുറിച്ചുള്ള ഖുർആനിക സങ്കൽപ്പം. (തുടരും)
മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles