Current Date

Search
Close this search box.
Search
Close this search box.

മനുഷ്യരിലെ ഒമ്പത് തരം ബുദ്ധി

ഐക്യു ടെസ്റ്റിൽ ഒരു വ്യക്തിക്ക് ലഭിക്കുന്ന സ്കോർ അനുസരിച്ച് ആ വ്യക്തിയുടെ ബുദ്ധിയെ അളക്കുന്നത് പതിവുള്ളതാണ്. പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഹോവർഡ് ഗാർഡ്‌നർ മനുഷ്യരിലെ ഒമ്പത് തരം ബുദ്ധിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ബുദ്ധിയെക്കുറിച്ച നമ്മുടെ ആലോചനകൾ വളരെ ശുഷ്‌കമായിരിക്കും. ഓരോ വ്യക്തിക്കും ഒമ്പതോളം അളവിലുള്ള ബുദ്ധിശക്തിയുണ്ട്.
വളർന്നു വരുന്ന ഒരുകൂട്ടം ബുദ്ധിജീവികൾ അനുമാനിക്കുന്നത് മനുഷ്യന് ഒമ്പത് തരം ബുദ്ധികളുണ്ടെന്നാണ്:

1- സ്പാഷ്യൽ ഇന്റലിജൻസ്
2- നാച്ചറൽ ഇന്റലിജൻസ്
3- മ്യൂസിക്കൽ ഇന്റലിജൻസ്
4- ലോജിക്കൽ മാത്തമാറ്റിക്കൽ ഇന്റലിജൻസ്
5- സോഷ്യൽ ഇന്റലിജൻസ്
6- ലിംഗിസ്റ്റിക് ഇന്റലിജൻസ്
7- സെൻസറി-മോട്ടോർ ഇന്റലിജൻസ്
8- പേഴ്സണൽ ഇന്റലിജൻസ്
9- എക്‌സിസ്റ്റെൻഷ്യൽ ഇന്റലിജൻസ്

പ്രസിദ്ധമായ Life Hacker ബ്ലോഗിൽ വന്നത് പ്രകാരവും Frames of Mind: The Theory of Multiple Intelligences എന്ന പുസ്തകത്തിന്റെ രചയിതാവ് ഗാർഡ്‌നറിന്റെ അഭിപ്രായ പ്രകാരവും എല്ലാ ബുദ്ധിക്കും അതിന്റേതായ ശക്തിയും പരിമിതികളുമുണ്ട്. മാത്രമല്ല, ജനനസമയത്ത് മനസ്സിന് ബുദ്ധിയുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. നമുക്കെല്ലാവർക്കും പരിചിതമായ ബുദ്ധി, അത് നമ്മുടെ പൂർവിക പരമ്പരയിൽ നിന്നുമുള്ള ഒരാളുടെ അസ്തിത്വത്തിന്റെ ഫലമായാണ് നമുക്ക് ലഭ്യമായിരിക്കുന്നതെന്ന് ഈ ഒമ്പത് ഇന ബുദ്ധിയെ പരാമർശിച്ചിടത്ത് ഗാഡ്നർ വിശദീകരിക്കുന്നുണ്ട്.

Life Hacker ബ്ലോഗിൽ പറയുന്നു: ഗാർഡ്‌നറുടെ ചിന്തക്ക് ശാസ്ത്ര ലോകത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടില്ല എങ്കിലും പല ശാസ്ത്ര വിശാരദൻമാരും അതിനെ പിന്തുണക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ബുദ്ധിയെ സുസ്ഥിരമായ ഒരു ഏക സ്ഥാപനമായി ചുരുക്കാൻ സാധ്യമാകില്ലെന്നും പല കുട്ടികളും പല രൂപത്തിലാണ് ചിന്തിക്കുന്നത്‌ എന്നത് അതിനുള്ള തെളിവാണെന്നും അവർ പറയുന്നു.

ഓൺലൈൻ ജേണലായ നാച്ചർ ന്യൂറോസയൻസ് 2015ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് വലിയൊരു ശതമാനം ആളുകളുടെയും ബുദ്ധി ജനിതകമായി ലഭിക്കുന്നതായിരിക്കും. നമ്മുടെ രണ്ട് സെറ്റ് ജീനുകൾ (M1, M2) കോഗ്നിറ്റീവ് ഇന്റലിജൻസിന് പ്രാധാന്യം നൽകുന്നവയാണ്. ചിന്ത, ഓർമ്മ, ശ്രദ്ധ, യുക്തി, പ്രതികരണ ശേഷി, കാര്യ നിർവഹണം എന്നിവയുമായിട്ടാണത് ബന്ധപ്പെട്ട് കിടക്കുന്നത്. ഇതുകൂടാതെ, ബുദ്ധിയുമായി ബന്ധപ്പെട്ട മറ്റനേകം സ്വഭാവവിശേഷങ്ങളുമുണ്ട്. ഉദാഹരണത്തിന്, ഈയടുത്ത് കഴിഞ്ഞ വേനൽ കാലത്ത് പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം പൊതുവായ അലസത യഥാർത്ഥത്തിൽ ബുദ്ധിശക്തി വർദ്ധിക്കുന്നതിന്റെ സൂചനയായിരിക്കാം. അതേസമയം, ആഴത്തിലുള്ള ചിന്തകൾ ഇല്ലാത്ത വ്യക്തികളെ സംബന്ധിച്ചെടുത്തോളം ഒറ്റക്കാകുമ്പോൾ അവർക്ക് കൂടുതൽ വിരസത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ഇത്തരക്കാർ സ്പോർട്സിലേക്കും മറ്റു ശാരീരിക പ്രവർത്തനങ്ങളിലേക്കുമാണ് കൂടുതൽ ആകൃഷ്ടരാവുക.
താഴെ കാണുന്ന ഇൻഫോഗ്രാഫിക്കിൽ ഗാർഡ്നർ പറയുന്ന ഒമ്പത് തരം ബുദ്ധികൾ പ്രമുഖ ഡിസൈനർ മാർക് വിറ്റൽ ചിത്രീകരിക്കുന്നുണ്ട്. അത് നോക്കിയാൽ ആ വാദത്തിന്റെ ചിത്രം കൂടുതൽ വ്യക്തമാകും.

അതിനുമുമ്പ്, നിങ്ങളിൽ ആരെങ്കിലും തന്റെ ബുദ്ധി നിരീക്ഷിക്കാൻ ഐക്യു ടെസ്റ്റ് നടത്തി നോക്കിയിട്ടുണ്ടോ? ‘Care 2’ വെബ്സൈറ്റിലെ തന്റെ ആർട്ടിക്കിളിലൂടെ കനേഡിയൻ എഴുത്തുകാരൻ സോ ബ്ലാറോവ്സ്‌കിയാണ് ആദ്യമായി ഈ ചോദ്യം ഉന്നയിക്കുന്നത്. ആരോഗ്യം, ഭക്ഷണം, സൈക്കോളജി എന്നീ വിഷയങ്ങളിൽ സ്പെഷലിസ്റ്റാണ് അദ്ദേഹം. നമ്മുടെ ബുദ്ധിയുടെ ശക്തിയെക്കുറിച്ച് കൃത്യമായ ഒരു റിസൾട്ട് നൽകാൻ ഇതിന് സാധ്യമാകില്ലത്രെ. ഗണിതശാസ്ത്രപരമായ കൂടുതൽ ലോജിക്കൽ ആയിട്ടുള്ള ആളുകളെ തിരിച്ചറിയുന്നതിന് വേണ്ടി നടത്തപ്പെടുന്ന ഐക്യു ടെസ്റ്റ് നിരുപാധികം ബുദ്ധി അളക്കാൻ വേണ്ടി ഉപയോഗിക്കുന്നത് പൊതുവെ വിമർശനം നേരിടുന്നുണ്ട്. കാരണം, കലാപരമായ അല്ലെങ്കിൽ ഭാഷാപരമായ കഴിവുള്ള ആളുകളെ ഇത് പലപ്പോഴും അവഗണിക്കുന്നുണ്ട്.

ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഗാർഡ്‌നറുടെ പഠനത്തെ ഉപജീവിച്ച് കൊണ്ടാണ് ബ്ലാറോവ്സ്‌കി മനുഷ്യർക്ക് വ്യത്യസ്ത തരത്തിലുള്ള ബുദ്ധിയുണ്ടെന്നും ഓരോരുത്തരുടെയും ബുദ്ധി മറ്റുള്ളവരിൽ നിന്നും വ്യതിരിക്തതമായിരിക്കുമെന്നും ചിലർക്ക് ചില കാര്യങ്ങളിൽ മറ്റുള്ളവരേക്കാൾ കഴിവ് ഉണ്ടാകുമെന്നും നിരീക്ഷിക്കുന്നത്. നിലവിലെ കണ്ടെത്തലിനൊപ്പം മറ്റുള്ളവ കൂടി കണ്ടെത്താൻ ശ്രമിക്കണം എന്ന് ഗാർഡ്‌നർ നിർദ്ദേശിക്കുന്നു. നിലവിലെ പ്രതിഭാസത്തിന് നേർവിപരീതമായി, ഒരു ബുദ്ധിയുണ്ടാവുക എന്ന സങ്കൽപ്പം ബലഹീനമാവുകയും ഒരു പക്ഷെ അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. ഒരു മനുഷ്യന് ഏകദേശം ഇരുപതോളം ഇനം ബുദ്ധി ഉണ്ടാകാം എന്ന തരത്തിലുള്ള മൾട്ടിപ്പിൾ ഇന്റലിജൻസാണ് അതിന്റെ സ്ഥാനത്ത് ഇപ്പോഴുള്ളത്. നമ്മിൽ പലർക്കും അതിൽ മിക്കതും ഉണ്ടെങ്കിലും അതെല്ലാം നാം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം! അത് നിങ്ങളിൽ ഉണ്ടോ? ഇല്ലെങ്കിൽ അതെങ്ങനെ വികസിപ്പിച്ചു എടുക്കാനാകും? എന്താണ് മൾട്ടിപ്പിൾ ഇന്റലിജൻസ്, ഒമ്പത് തരം ബുദ്ധി എന്താണ് എന്നിവ മനസ്സിലാക്കിയാൽ മുകളിലുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കും.

സൈക്കോളജിസ്റ്റ് ഗാർഡ്‌നർ ‘Frames of the Mind’ എന്ന തന്റെ പുസ്തകത്തിൽ മൾട്ടിപ്പിൾ ഇന്റലിജൻസ് സിദ്ധാന്തത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന് ഒറ്റ ബുദ്ധി മാത്രമേ ഉള്ളൂ എന്ന ഐഡിയയെത്തന്നെ തകർത്താണ് അദ്ദേഹം ഒമ്പത് ബുദ്ധിയെ വിശദീകരിക്കുന്നത്. മാത്രമല്ല, മനുഷ്യന് ഇരുപതോളം ഇനം ബുദ്ധി ഉണ്ടെന്നും അതിൽ ഒമ്പതെണ്ണം മാത്രമേ താൻ കണ്ടെത്തിയിട്ടൊള്ളു എന്നും ഇനി വരുന്നവർ ബാക്കി കൂടി കണ്ടെത്തണം എന്ന നിർദ്ദേശവും തന്റെ പുസ്തകത്തിലൂടെ ഗാർഡ്‌നർ ജനങ്ങൾക്ക് മുമ്പാകെ സമർപ്പിക്കുന്നുണ്ട്. ഇൗ മൾട്ടിപ്പിൾ ഇന്റലിജൻസിൽ ഒന്നുപോലും ഇല്ലാത്ത വ്യക്തികൾ ഉണ്ടാകില്ല. ഏറ്റവും ചുരുങ്ങിയത് ഒമ്പതെണ്ണമെങ്കിലും ഉണ്ടാകും. ബാക്കിയുള്ളവ വികസിപ്പിച്ചു എടുക്കുന്നവർ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുകയും ചെയ്യും. ഇതിൽ ഓരോന്നും ചിലപ്പോൾ വ്യക്തിഗതമായി പ്രവർത്തനക്ഷമമാവണം എന്നില്ല. പ്രവർത്തനങ്ങളുടെ സംഘടിതവും സംയോജിതവുമായ ഇടപെടലുകളായിരിക്കും അതിനെ പ്രവർത്തന ക്ഷമമാക്കുക. ഉദാഹരണത്തിന്, വിശ്രമവേളയിലോ വിനോദത്തിനോ വേണ്ടി ഒരാൾ പുസ്തകം വായിക്കുന്നു എന്ന് കരുതുക. അതിനു വേണ്ടി അയാൾ ശാന്തമായൊരു അന്തരീക്ഷം ആയിരിക്കും തെരഞ്ഞെടുക്കുക, അവിടെ ശാരീരിക ബുദ്ധിയാണ് പ്രവർത്തിക്കപ്പെടുന്നത്. പുസ്തകം വായിക്കുന്നതിനാൽ തന്നെ അയാളുടെ ഭാഷാപരമായ ബുദ്ധിയും വികസിക്കുന്നു. പുസ്തകത്തിലെ ചിത്രങ്ങളും നിറങ്ങളും അയാളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു, വിഷ്വൽ ഇന്റലിജൻസാണവിടെ പ്രവർത്തിക്കുന്നത്. ഇനി അയാൾ സംഗീതം കേൾക്കുന്നുവെന്ന് വെക്കുക, അവിടെ ഓഡിറ്ററി ഇന്റലിജൻസാണ് വരിക. ലളിതമായ ഒരു പ്രവർത്തനം ചെയ്യുമ്പോൾ തന്നെ ഇദ്ദേഹം ഒരുപാട് ഇനം ബുദ്ധി പ്രയോഗിക്കുന്നു.

ഈയൊരു ലേഖനത്തിൽ ഒമ്പത് ഇനം ബുദ്ധിയെ വിശകലനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതിനോട് ചേർന്നുള്ള ചില ചോദ്യങ്ങൾ ആ ബുദ്ധി നമ്മിലുണ്ടോ എന്ന് പരീക്ഷിക്കാൻ സഹായകമാകും. ഇല്ലെങ്കിൽ അത് നമുക്ക് വികസിപ്പിച്ച് എടുക്കാനും സാധിക്കും.

1- ലോജിക്കൽ, മാത്തമാറ്റിക്കൽ ഇന്റലിജൻസ്: പരസ്പരം ബന്ധം സൃഷ്ടിക്കുക, ജീവിത പ്രശ്നങ്ങളെയും കണക്കുകൂട്ടലുകളെയും പരിഹരിക്കുക, ലോജിക്കൽ സൊലൂഷനെക്കുറിച്ച് ഗവേഷണം നടത്തുക തുടങ്ങിയ കാര്യങ്ങൾക്ക് ഒരു വ്യക്തിയെ പര്യാപ്തമാക്കുന്നത് ലോജിക്കൽ മാത്തമാറ്റിക്കൽ ഇന്റലിജൻസാണ്. ഇവിടെ ലിംഗിസ്റ്റിക് ഇന്റലിജൻസിന്റെ ആവശ്യമില്ല. അതില്ലാതെ തന്നെ ഒരാൾക്ക് ജീവിതത്തിന്റെ കണക്കു പുസ്തകത്തെ ശരിപ്പെടുത്താനും ലോജിക്കൽ, മാത്തമാറ്റിക്കൽ വിഷയങ്ങളിൽ ഗവേഷണം നടത്താനും സാധിക്കും.

ഐക്യു ടെസ്റ്റ്:

*ലോജിക്കൽ, മാത്തമാറ്റിക്കൽ പ്രശ്നങ്ങളും പസ്സിലുകളും പരിഹരിക്കുന്നതിൽ മറ്റുള്ളവരിൽ നിന്നും നിങ്ങൾ വിത്യസ്തനാണോ?
* സ്കൂൾ പഠനകാലത്ത് ലോജിക്കൽ, മാത്തമാറ്റിക്കൽ വിഷയങ്ങൾ ഇഷ്ടപ്പെട്ടിരുന്നോ?
* കാര്യങ്ങളെ യുക്തിപരമായി മനസ്സിലാക്കാനും മനക്കണക്കുകൾ ചെയ്യാനും നിങ്ങൾ ശ്രമിക്കാറുണ്ടോ?
* വസ്തുനിഷ്ഠമായും രീതിശാസ്ത്രം ഉപയോഗിച്ചുമാണോ നിങ്ങൾ ജീവിത പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മറികടക്കാറുള്ളത്?

ഇന്റലിജൻസ് ഡെവലപ്പ്മെന്റ്:

പസ്സിലുകൾ സോൾവ് ചെയ്യുന്നതിലൂടെയും ഗണിത കഴിവുകൾ വർധിപ്പിക്കുന്നതിലൂടെയും ചിന്ത, ഗവേഷണം, ഗണിതം, വിശകലനം എന്നിവ വേഗതയിൽ ആക്കാൻ സഹായിക്കുന്ന മൈൻഡ് ഗെയിമുകളിലൂടെയും ലോജിക്കൽ, മാത്തമാറ്റിക്കൽ ഇന്റലിജൻസ് വികസിപ്പിച്ച് എടിക്കാനാകും.

2- ലിംഗിസ്റ്റിക് ഇന്റലിജൻസ്:
തലച്ചോറിന്റെ ഓരോ പകുതിയിലും ബ്രോകാസ് ഏരിയ എന്നൊരു സ്ഥലമുണ്ട്. പദാവലികളുടെ ക്രമീകരണങ്ങൾ, അവക്കിടയിൽ കൃത്യമായ ബന്ധം രൂപപ്പെടുത്തൽ, മനസ്സിലാകത്തക്ക രീതിയിലുള്ള സംഭാഷണങ്ങളും വരികളും ഉണ്ടാക്കൽ തുടങ്ങിയ ഭാഷാപരമായ കഴിവിന് മനുഷ്യനെ സഹായിക്കുന്നത് ഈ ബ്രോകാസ് ഏരിയയാണ്. ഇതിനെന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് നമ്മുടെ വരികളുടെ ക്രമീകരണത്തെയെല്ലാം സാരമായി ബാധിക്കും. ഭാഷാപരമായ ബുദ്ധിശക്തിയിൽ മികവ് തെളിയിക്കുന്നവർ എഴുത്തുകാരും കവികളുമായിരിക്കും. ഖണ്ഡികകളും വാക്യങ്ങളും രചിക്കാനും നിർമ്മിക്കാനും കഴിയുന്ന ആളുകൾക്കും ഭാഷാപരമായ ബുദ്ധിശക്തി കൂടുതലായുണ്ടാകും.

ഐക്യു ടെസ്റ്റ്:

* കഥ, കവിത എഴുത്തുകൾ നിനക്ക് ഇഷ്ടമാണോ? അതിൽ നിനക്ക് സമാധാനം കണ്ടെത്താനാകുന്നുണ്ടോ?
* മറ്റുള്ളവരെ ഏതെങ്കിലും തരത്തിൽ ബാധിക്കാൻ പോന്ന തരത്തിലാണോ നിങ്ങളുടെ രചനകളെ നിങ്ങൾ നോക്കിക്കാണുന്നത്?
* സ്‌കൂളുകളിൽ വെച്ച് മറ്റേതിനെക്കാളും നിർമ്മാണ സാമഗ്രികളോടായിരുന്നോ താൽപര്യം?
* വാക്ക്, ഗദ്യം, പദാവലികൾ എന്നിവ വായിച്ച് ആസ്വദിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ?

ഇന്റലിജൻസ് ഡെവലപ്‌മെന്റ്:

വായിക്കാനും പഠിക്കാനുമുള്ള താൽപര്യം അധികരിപ്പിക്കുന്നതിലൂടെ ലിംഗിസ്റ്റിക് ഇന്റലിജൻസ് വർധിപ്പിക്കാനാകും. അറബി ഭാഷ സാഹിത്യ ഗ്രന്ഥങ്ങളുടെ സവിശേഷതകളിലും പ്രസംഗങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ ഉയർന്ന രീതിയിൽ സ്വാധീനം നേടാനാകും.

3- ഹ്യൂമൻ ഇന്റലിജൻസ്:
ഹ്യൂമൻ ഇന്റലിജൻസ് അല്ലെങ്കിൽ വൈകാരിക ബുദ്ധി എന്നെല്ലാം ഇതിനെ വിളിക്കാം. ഒരു വ്യക്തിക്ക് തന്നെ തന്നെയും തന്റെ ചിന്തകളെയും മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം ഇതരരെക്കൂടി മനസ്സിലാക്കാൻ സഹായിക്കുന്നതാണിത്. സ്വന്തം നിലനിൽപ്പിനെക്കുറിച്ചും അതിന്റെ താൽപര്യത്തെക്കുറിച്ചും അതവന് ബോധം നൽകും. ജീവിത യാത്രയിൽ താൻ ചെയ്തു തീർക്കേണ്ട ബാധ്യതകളെയും തന്റെ ലക്ഷ്യത്തെയും കുറിച്ച് മനുഷ്യനെ ചിന്തിപ്പിക്കുന്നതാണ് ഹ്യൂമൻ ഇന്റലിജൻസ്.

ഐക്യു ടെസ്റ്റ്:

* ജീവിതത്തിൽ വലിയ ആശ്വാസവും സന്തുലിതാവസ്ഥയും നൽകുന്ന വല്ല ആന്തരിക അനുരഞ്ജനവും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ?
* മറ്റുള്ളവരോട് പെരുമാറുന്നതിന് മുമ്പ് അവരുടെ ചിന്തകളെയും വികാരങ്ങളെയും മനസ്സിലാക്കാൻ അതിന് പ്രാധാന്യം നൽകാനും നിങ്ങൾക്ക് സാധിക്കുന്നുണ്ടോ?
* സ്‌കൂൾ കാലത്ത് സൈക്കോളജിക്കൽ കൗൺസിലിങ്ങും ഫിലോസഫിയും നിങ്ങൾ ഇഷ്ടപ്പെട്ടിരുന്നോ?

ഇന്റലിജൻസ് ഡവലെപ്‌മെന്റ്

ഇതിന്റെ ഭൂരഭാഗവും ഭാഷാപരമായ ബുദ്ധിയെ ആശ്രയിച്ചാണിരിക്കുന്നത്. അതായത്, നിങ്ങളുടെ തനതായ പെരുമാറ്റ ശൈലിയിൽ ആശയവിനിമയം തുടരുന്നതോടൊപ്പം മനസ്സിലുള്ള ആഴത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കുന്ന തരത്തിലുള്ള സാമൂഹികവും തത്വചിന്താപരവുമായ പുസ്തകങ്ങളുടെ വായനയാണ് അതുകൊണ്ടുള്ള ഉദ്ദേശ്യം.

4- വിഷ്വൽ ഇന്റലിജൻസ്:
കാഴ്ചയുടെ ഇന്ദ്രിയങ്ങൾ നിയന്ത്രിക്കുന്നതിൽ തലച്ചോറിന്റെ രണ്ടു ഭാഗത്തിനും ഉത്തരവാദിത്വമുണ്ട്. കാഴ്ച കൊണ്ടുള്ള ഉദ്ദേശം വിഷ്വൽ ഇന്റലിജൻസല്ല. തലച്ചോറിന്റെ വലത് ഭാഗത്തന് മാത്രമാണ് അതിന്റെ പ്രവർത്തന, നിയന്ത്രണ ചുമതലയുള്ളത്. വിഷ്വൽ ഇന്റലിജൻസുള്ള ആളുകൾക്ക് ഭാവനാത്മകമായ ചിത്രങ്ങൾ വരയ്ക്കാനും അത് സൂക്ഷിക്കാനും കഴിവുണ്ടാകും. മാത്രമല്ല, ഉയർന്ന ബോധത്തോടും അഭിരുചിയോടും കൂടി അവ വരച്ച് ഫോട്ടോഗ്രാഫ് ചെയ്യാനും ശിൽപങ്ങളാക്കാനും സർഗാത്മക കഴിവുള്ളവരായിരിക്കുമവർ.

ഐക്യു ടെസ്റ്റ്:

* ഒരു തൊഴിൽ എന്ന നിലയിലല്ലെങ്കിലും വര, ശിൽപം, ഡിസൈനിങ് എന്നിവയെല്ലാം ജീവിതത്തിൽ അനിവാര്യമാണെന്ന് കരുതുന്നവരാണോ നിങ്ങൾ?
* നിങ്ങളുടെ പ്രവർത്തന മേഖലയായി ചിത്രരചനയെയും ഡിസൈനിങിനെയും ആശ്രയിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചാൽ നിങ്ങളത് സ്വീകരിക്കുമോ?
* സ്‌കൂൾ കാലത്ത് മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമായി വര ഇഷ്ടപ്പെട്ടിരുന്നോ?
* പെയ്ന്റിങുകൾ കാണുന്നതിലും കല ആസ്വദിക്കുന്നതിലും നിങ്ങൾ ആനന്ദം കണ്ടെത്തുന്നുണ്ടോ?

ഇന്റലിജൻസ് ഡെവലപ്‌മെന്റ്:

വര തുടരുന്നത് മനസ്സിനെ തെളിമയുള്ളതാക്കാനും നെഗറ്റീവ് ചിന്തകളിൽ നിന്നും മുക്തമാക്കാനും സഹായിക്കും. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ പഠിക്കുക, കലാസൃഷ്ടി മനസ്സിലാക്കുകയും ആസ്വദിക്കുകയും ചെയ്യുക, വാസ്തുവിദ്യാപഠനം അറിയുന്ന ആളുകളെ വെച്ച് രൂപകൽപന ചെയ്യുക തുടങ്ങിയവയും അതിനുള്ള മാർഗങ്ങളാണ്.

5- സോഷ്യൽ ഇന്റലിജൻസ്:
മറ്റേതൊരു വ്യക്തിയിൽ നിന്നും വ്യതിരിക്തമായി എല്ലായിടത്തും പ്രത്യേക സാന്നിധ്യം ലഭിക്കുന്ന ഉയർന്ന വ്യക്തിപ്രഭാവമുള്ള വ്യക്തിക്കാണ് സോഷ്യൽ ഇന്റലിജൻസുണ്ടാവുക. ഈ വ്യക്തിക്ക് തന്റെ സമൂഹവുമായി ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്താനാകും, അതയാളെ അവർക്കിടയിൽ വ്യത്യസ്തനുമാക്കും. റോൾ മോഡലുകളാണെങ്കിലും മോശപ്പെട്ടവരാണെങ്കിലും എല്ലാവരോടും കൃത്യമായ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിനാകും. സോഷ്യൽ ഇന്റലിജൻസാണ് അതിനദ്ദേഹത്തെ പ്രാപ്തനാക്കുന്നത്.

ഐക്യു ടെസ്റ്റ്:

* പ്രകൃത്യാ നിങ്ങളൊരു സാമൂഹിക വ്യക്തിയാണോ, അതോ ഏകാന്തതയാണോ നിങ്ങൾക്ക് കൂടുതൽ ആശ്വാസം പകരുന്നത്?
* നിങ്ങൾക്ക് കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും സാധിക്കുമോ?
* മറ്റുള്ളവരോട് സംവദിക്കുന്ന സമയത്ത് ലജ്ജ തോന്നുന്നുണ്ടോ?
* വ്യത്യസ്തരായ വ്യക്തിത്വങ്ങളോട് ഇടപെടാനുള്ള നിങ്ങളുടെ കഴിവിനെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?
* യഥാർത്ഥത്തിൽ ഇത് നല്ലതാണോ അതോ നിങ്ങളുടെ വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോ?

ഇന്റലിജൻസ് ഡെവലപ്‌മെന്റ്:

ഇതാണ് സുപ്രധാന ഇന്റലിജൻസുകളിലൊന്ന്. ഇതിന്റെ വികാസം പുരോഗതിയും വിജയവും ഉറപ്പു നൽകുന്നു. അതിനാൽ തന്നെ ഇത് അനിവാര്യവുമാണ്. ആർട്ട് ഓഫ് സോഷ്യൽ കമ്മ്യൂണിക്കേഷൻ, ബോഡി ലാംഗേജ് ആന്റ് ഐ കോൺടാക്റ്റ്‌സ്, ബിൽഡിങ് സെൽഫ് കോൺഫിഡൻസ്, എങ്ങനെ മറ്റുള്ളവരെ സ്വാധീനിക്കാം തുടങ്ങിയ വിഷയത്തിൽ മാസ്റ്റർ ബിരുദമെടുക്കുന്നത് അതിന് സഹായകമാകും.

6- ഇമോഷണൽ ഇന്റലിജൻസ്:
ഇതൊരു വ്യക്തിയുടെ ആത്മസ്‌നേഹത്തിന്റെയും വിലമതിപ്പിന്റെയും ആസ്വാദനമാണ്. അതിലൂടെ വൈകാരിക ആഘാതങ്ങളിൽ നിന്നും വിഷാദ, വിദ്വേഷങ്ങൾ പോലെ മാനസികമായ ഉപദ്രവത്തിന് ഇടയായി വന്നേക്കാവുന്ന പ്രത്യാഘാതങ്ങളെയെല്ലാം തടയാനാകും. വിവിധ സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും നേരിടാൻ ഇമോഷണൽ ഇന്റലിജൻസുള്ളവർക്ക് സാധ്യമാകും.

ഐക്യു ടെസ്റ്റ്:

* നിങ്ങളുടെ വികാരങ്ങൾ നിങ്ങളെ വേദനിപ്പിച്ചാൽ നിങ്ങൾ അതിൽ നിന്നും അകന്നുനിൽക്കാറാണോ പതിവ് അതോ സ്വയം പരിരക്ഷിക്കാൻ നിങ്ങളുടെ മനസ്സിനെ നിങ്ങൾ പര്യാപ്തമാക്കാറുണ്ടോ?
* നിങ്ങൾ അനുഭവിക്കുന്ന വിവിധ വികാരങ്ങളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ? അവ മനസ്സിലാക്കാനും അതിനെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാനും സമയം ചെലവഴിക്കാറുണ്ടോ?

ഇന്റലിജൻസ് ഡെവലപ്‌മെന്റ്:

രണ്ട് കാര്യങ്ങളിലൂടെ വൈകാരിക ബുദ്ധി വികസിപ്പിച്ചെടുക്കാം. ആദ്യത്തേത്, നിങ്ങൾ അനുഭവിക്കുന്ന വികാരങ്ങളെക്കുറിച്ചുള്ള അവബോധമാണ്. രണ്ടാമത്തേത് താഴെപ്പറയുന്ന വ്യായാമ രീതിയാണ്. നിങ്ങൾക്ക് അനിഷ്ടമുണ്ടാക്കുന്ന സംഭവങ്ങളെ അഭിസംബോധന ചെയ്യേണ്ടിവരുമ്പോൾ താഴെപ്പറയുന്ന കാര്യം ചെയ്യുക:
* നിങ്ങൾ അനുഭവിച്ച വികാരത്തെക്കുറിച്ച് തിരിച്ചറിയുക.
* അതിനുള്ള കാരണവും അതിനോടുള്ള നിങ്ങളുടെ പ്രതികരണവും ഒരു പേപ്പറിൽ എഴുതുക.
* അത് ഏഴ് മുതൽ ഇരുപത്തൊന്ന് തവണ ആവർത്തിക്കുക.
* തുടർച്ചയായി ഏഴ് മുതൽ ഇരുപത്തൊന്ന് ദിവസം ഇത് ആവർത്തിക്കുക. അതിലൂടെ നിങ്ങൾ നേടുന്ന ബോധം നിങ്ങളിൽ വലിയ ഉണർവുണ്ടാക്കും.

7- ഓഡിറ്ററി ഇന്റലിജൻസ്:
വ്യത്യസ്ത സംഗീത സ്വരങ്ങളെ വേർതിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുന്ന സംഗീതജ്ഞരെയും ഗായകരെയും സംഗീതം കേൾക്കുമ്പോൾ അതിൽ ആശ്വാസം കണ്ടെത്താൻ സാധിക്കുന്നവരിലെല്ലാമാണ് ഇത് കൂടുതലായി ഉണ്ടാവുക. മറ്റു ജോലികളിൽ വ്യാപൃതരായിരിക്കുമ്പോഴും അവർക്കതിൽ ശ്രദ്ധ കൊടുക്കാനാകും.

ഐക്യു ടെസ്റ്റ്:

* വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം തന്നെ നിങ്ങൾ സംഗീതം ആസ്വദിക്കാറുണ്ടോ?
* ഒരു സംഗീതോപകരണം വായിക്കാൻ നിങ്ങൾക്കറിയാമോ?
* സംഗീതത്തിന്റെ വ്യത്യസ്ത സ്വരങ്ങളെയും രീതികളെയും നിങ്ങൾക്ക് തിരിച്ചറിയാനാകുമോ?
* സ്‌കൂളിൽ മറ്റു വിഷയങ്ങളെക്കാൾ സംഗീതത്തെയായിരുന്നോ നിങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്?

ഇന്റലിജൻസ് ഡെവലപ്‌മെന്റ്:

ബുദ്ധിശക്തിയിൽ ഭൂരിഭാഗവും സ്വതസിദ്ധമായവയാണെങ്കിലും, സംഗീതത്തെക്കുറിച്ചും സംഗീത കലയെക്കുറിച്ചും കൂടുതൽ പഠിച്ച്, നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുന്നതിനൊപ്പം, താളങ്ങൾ മനസ്സിലാക്കുന്നതിനുള്ള വഴികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കേൾവിശക്തി വികസിപ്പിക്കാനാകും.

8- ഫിസിക്കൽ ഇന്റലിജൻസ്:
ഒരു വ്യക്തിക്ക് തന്റെ ശരീരത്തിലെ പേശികളെ നിയന്ത്രിക്കാനും യാതൊരു ബുദ്ധിമുട്ടുമില്ലാതെ സന്തുലിതവും താളാത്മകവുമായ ചലനങ്ങൾ സൃഷ്ടിക്കാനുമുള്ള കഴിവാണിത്. തലച്ചോറിന്റെ രണ്ട് ഭാഗവും ഇതിന്റെ പ്രവർത്തന മണ്ഡലമാണ്. തലച്ചോറിന്റെ വലത് ഭാഗമാണ് ശരീരത്തിന്റെ ഇടത് ഭാഗത്തെ നിയന്ത്രിക്കുന്നത്. അതുപോലെ ഇടത് ഭാഗമാണ് ശരീരത്തിന്റെ വലത് ഭാഗത്തെയും നിയന്ത്രിക്കുന്നത്. കായികതാരങ്ങൾ, നർത്തകർ, ശസ്ത്രക്രിയാവിദഗ്ധർ എന്നിവരിലാണ് ഇത് കൂടുലതലായി ഉണ്ടാവുക.

ഐക്യു ടെസ്റ്റ്:

* കൃത്യവും ഉചിതവുമായ ചലനം നിങ്ങൾക്ക് സാധ്യമാകുന്നുണ്ടോ?
* നൃത്തം പോലെ കൈകളെയും കാലുകളെയും ആശ്രയിച്ചുള്ള ജോലി പോലെയുള്ള ചലനം നിങ്ങളുടെ ഒരു സവിശേഷതയാണോ?
* സ്‌കൂളിൽ കരകൗശലവസ്തുക്കൾ, ചലനം ആവശ്യമുള്ള ഗെയിമുകൾ തുടങ്ങിയവയെല്ലാമായിരുന്നോ നിങ്ങളുടെ ഇഷ്ട വിനോദങ്ങൾ?

ഇന്റലിജൻസ് ഡെവലപ്‌മെന്റ്:

മികച്ച ചലനങ്ങൾ സാധ്യമാകുന്ന പരിശീലനങ്ങളിലൂടെ ഈ ബുദ്ധി വികസിപ്പിച്ചെടുക്കാനാകും. ഉദാഹരണത്തിന്, കമ്പ്യൂട്ടറിൽ എഴുതാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് അതിൽ വൈദഗ്ധ്യം നേടുന്നത് വരെ വിരലുകൾ ചലിപ്പിച്ചുകൊണ്ടേയിരിക്കേണ്ടി വരും.

9- സ്പാഷ്യൽ ഇന്റലിജൻസ്:
ഏത് സ്ഥലവും തിരിച്ചറിഞ്ഞ് മനപ്പാഠമാക്കാനുള്ള കഴിവ്. ഒരുവട്ടം മാത്രമാണ് ഒരു സ്ഥലത്തേക്ക് പോയതെങ്കിലും പിന്നീട് അതുവഴി തിരിച്ചുവരാൻ അയാൾക്ക് അനായാസം സാധ്യമാകും. അയാൾക്ക് റൂട്ട്മാപ്പുകളും ദിശകളും ഇടങ്ങളും കൃത്യമായി മനസ്സിൽ കോറിയിടാനാകും. ഓരോ റൂട്ടും സ്ഥലവും മനസ്സിലാക്കിയെടുക്കുന്നതിൽ അവർക്ക് പ്രത്യേക വൈദഗ്ധ്യമായിരിക്കും.

ഐക്യു ടെസ്റ്റ്:

* വ്യത്യസ്ത വഴികൾ അറിയാനും അത് കൃത്യമായി മനസ്സിലാക്കിയെടുക്കാനും നിങ്ങൾക്ക് സാധ്യമാകുന്നുണ്ടോ?
* മൈൻഡ് മാപ്പുകൾ വരയ്ക്കാൻ നിങ്ങൾക്ക് കഴിയുമോ?
* സ്‌കൂളിൽ കുട്ടികളെ വഴികാണിച്ചിരുന്ന വ്യക്തി നിങ്ങളാണോ?

ഇന്റലിജൻസ് ഡെവലപ്‌മെന്റ്:

സ്ഥലം മനസ്സിലാക്കുന്നതിനും മാപ്പുകളും ജ്യോഗ്രഫിയും മനസ്സിലാക്കുന്നതിനും പുതിയ സ്ഥലങ്ങളിലേക്ക് യാത്രപോയി പരിശീലിക്കുക. എല്ലാം മനസ്സിലായില്ലെങ്കിലും ഏറെക്കുറെ മനസ്സിലാക്കാൻ ശ്രമിക്കുക. അത് വികസിപ്പിച്ചെടുക്കാൻ മറ്റുള്ളവരിലേക്ക് കൂടുതലായി ആശ്രയിക്കേണ്ടി വരില്ലെന്ന് വിശ്വസിക്കുക. ഈ വൈദഗ്ധ്യം നിങ്ങളെ പല മേഖലകളിലും ഉന്നതരാക്കി മാറ്റും.

അവലംബം- islamonlne.net

Related Articles