Current Date

Search
Close this search box.
Search
Close this search box.

യുദ്ധം : നബി(സ)യുടെ സമീപനം

ആധുനിക ഇസ്ലാമിക ലോകത്തെ സബന്ധിച്ചേടത്തോളം ഏറെ പ്രാധാന്യമുള്ള വിഷയമാണ് നബിയുടെ യുദ്ധസമീപനം. ഇസ്ലാമിനെ വിമര്‍ശിക്കുന്നവരും എതിര്‍ക്കുന്നവരും പൊതുരംഗത്ത്, ഒരുപാട് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന വിഷയമാണത്. പ്രവാചകന്‍, മതം, ജിഹാദ് എന്നീ അടിസ്ഥാനപരമായ മൂന്ന് സാങ്കേതിക പദങ്ങളോടുള്ള തെറ്റിദ്ധാരണയാണ് ഇത്തരം വാദങ്ങള്‍ക്കെല്ലാം ആധാരം. ഇസ്ലാമിന്റെ അര്‍ഥതലങ്ങള്‍ കൊണ്ട് ഈ പൊതുധാരണകളെ തിരുത്തുവാന്‍ കഴിയും.അതോടൊപ്പം പ്രവാചകന്റെ യുദ്ധസമീപനത്തിലെ തത്വവും പ്രയോഗവും പശ്ചാത്തലവും വിശദീകരിച്ചു കൊണ്ട് ഇസ്ലാമിന്റെ മാനവികത യുക്തിപരമായി തെളിയിക്കുവാനും സാധിക്കും.

1.പ്രവാചകന്‍ – പ്രവാചകന്മാരെല്ലാം ആധ്യാത്മിക വ്യക്തിത്വങ്ങളാണ് . അവര്‍ ആത്മീയതയെ കുറിച്ചു സംസാരിക്കുന്നു. പൊതു ഇടങ്ങളില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് വിശുദ്ധന്മാരായി ജീവികേണ്ടവരാണവര്‍. ഇവയൊക്കെയാണ് പ്രവാചകരെ സംബന്ധിച്ച പൊതുധാരണകള്‍. എന്നാല്‍ അവര്‍ ജനങ്ങള്‍ക്ക് ദൈവത്തിന്റെ സന്ദേശങ്ങള്‍ നല്‍കാന്‍ ജനങ്ങളിക്കിടയില്‍ നിന്ന് തന്നെ പ്രതിനിധികളായി തിരെഞ്ഞെടുക്കപ്പെട്ടവരാണ്. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് അവര്‍ക്ക് ദൈവസന്ദേശങ്ങള്‍ എത്തിക്കുകയും അതിന്റെ പ്രയോഗത്തിലൂടെ ജനങ്ങള്‍ക്ക് തന്നെ മാതൃകയാകുന്ന വ്യക്തിത്വങ്ങളാണ് പ്രവാചകന്മാര്‍. പ്രവാചകന്മാരില്‍ ഭൗതികതയും ആത്മീയതയും ഒന്നിക്കുന്നു. ജനങ്ങളുടെ നീതിയും അവകാശവും സംരക്ഷിക്കുവാന്‍ പരിശ്രമിച്ചു കൊണ്ട് ആത്മീയതയും വിപ്ലവവും ഉള്ളവരായി പൊതുസമൂഹത്തില്‍ അവര്‍ ജീവിക്കുന്നു.

2.മതം – മതം എന്നാല്‍ കേവലം കുറെ വിശ്വാസങ്ങളും ആചാരങ്ങളുമാണെന്നാണ് പൊതുധാരണ. ഇതാണ് നൂറ്റാണ്ടുകളായിട്ടുള്ള മതത്തിനെക്കുറിച്ചുള്ള മതേതര കാഴ്ചപ്പാട്. അതിനു പൊതുഇടങ്ങളിലോ രാഷ്ട്രീയ വിഷയങ്ങളിലോ സ്ഥാനമില്ല. എന്നാല്‍ ഇസ്ലാം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനുമൊക്കെ വേണ്ടിയുള്ള സമഗ്രമായപദ്ധതിയാണ്. സാമൂഹികപരിവര്‍ത്തനമാണ് അതിന്റെ ലക്ഷ്യം. സാമൂഹ്യനീതിക്കും മനുഷ്യകാശസംരക്ഷണങ്ങള്‍ക്കും ക്ഷേമരാഷ്ട്രത്തിനും വേണ്ടിയുള്ള പ്രത്യയശാസ്ത്രമാണത്.

3.ജിഹാദ് – ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഈ പദമാണിത്. ജിഹാദിനെയാണ് ഇസ്‌ലാമിന്റെ യുദ്ധ സമീപനത്തിന് ആധാരമായി പൊതുസമൂഹം കരുതുന്നത്. അത് മതത്തിനുവേണ്ടിയുള്ള യുദ്ധമാണെന്നും ബലമായി മതപരിവര്‍ത്തനം നടത്തുന്നതിന്റെ പേരാണ് ജിഹാദെന്നുമൊക്കെ വിമര്‍ശകര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഒരു സാമൂഹിക പരിവര്‍ത്തനത്തിനുള്ള സമഗ്രമായ, പരമാവതി പരിശ്രമമാണ് ‘ജിഹാദ്’ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് സാമൂഹത്തിന്റെ ഉന്നമനത്തിന് അവകാശ സംരക്ഷണത്തിന് നീതിക്ക് ക്ഷേമത്തിന് വേണ്ടിയുള്ള സമ്പൂര്‍ണ്ണ പരിശ്രമമാണ്. അതിന്റെ സംരക്ഷണത്തിന് വേണ്ടി അനിവാര്യ ഘട്ടത്തില്‍ മാത്രം ആയുധം കയ്യിലെടുക്കാം എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ആയുധം എടുക്കുക എന്നത് ‘ഇസ്ലാം’ എന്ന പദത്തിന്റെ അര്‍ത്ഥമായ ‘സമാധാനത്തിന്’ വിഭിന്നമായി നില്‍ക്കുന്നതുകൊണ്ടുതന്നെ യുദ്ധത്തിന് ശക്തമായ നിര്‍ദ്ദേശങ്ങള്‍ തന്നെ ഇസ്‌ലാം നല്‍കുന്നു.

യുദ്ധം അനിവാര്യമാകുന്നത് രണ്ടു തരം ഘട്ടങ്ങളിലാണ്. ഒന്ന് അവകാശ സംരക്ഷണത്തിനും. രണ്ട് സാമൂഹിക പരിവര്‍ത്തനത്തിനും. സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള പരിശ്രമാണ് ‘പോരാട്ടം’ എന്ന് പറയുന്നത്. നിലവിലുള്ള ഒരു സുസ്ഥിരമായ വ്യവസ്ഥിതിയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള നീക്കത്തിനേയും പോരാട്ടം എന്ന് പറയുന്നു. ഒരാളുടെ ചിന്താസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കുവാന്‍ അവന്‍ പോരാടുക തന്നെ വേണം. സ്വാതന്ത്ര്യസമരം അതുകൊണ്ടുതന്നെയാണ് പോരാട്ടമായത്.

രണ്ടാമത്തേത് സാമൂഹികമാറ്റത്തിനു വേണ്ടിയുള്ള പരിശ്രമത്തെയാണ് വിപ്ലവം എന്നു പറയുന്നത്. നിലവിലുള്ള അരാജകത്വം നിറഞ്ഞ കിരാതമായ, ജനങ്ങളെ ദുരിതത്തില്‍ ആക്കുന്ന ഒരു അരാജകത്വ വ്യവസ്ഥിതിയെ മാറ്റുവാന്‍ സാമൂഹികപരിവര്‍ത്തനം നടത്തുവാനുള്ള പരമാവധി പരിശ്രമങ്ങളാണ് ‘വിപ്ലവം’ എന്ന് പറയുന്നത്. ഇവ രണ്ടും അനിവാര്യമായ യുദ്ധ ഘടകങ്ങളാണെന്ന് ചരിത്രം നിഷേധിക്കുന്നില്ല. ഫ്രഞ്ച് വിപ്ലവം റഷ്യന്‍ വിപ്ലവം, മുല്ലപ്പൂവിപ്ലവം എല്ലാം ചരിത്രത്തില്‍ ഇതിനുദാഹരണങ്ങളാണ്.

പ്രതികരോധം മാറ്റി നിര്‍ത്തി കൊണ്ട് ഒരു ജീവിയും പ്രകൃതിയില്‍ നിലനില്‍ക്കില്ല. ആവശ്യമായ ഘട്ടങ്ങളില്‍ സ്വയം സംരക്ഷണത്തിനു വേണ്ടി പ്രതിരോധമെന്നത് പ്രകൃതി അംഗീകരിക്കുന്ന കാര്യമാണ്. ലോകത്തുള്ള സകലമാന ജീവികളുടേയും ജൈവപരമായ ഒരു ഘടകമാണത്. പശു പാല് തരുന്ന ജീവി ആണെങ്കിലും അതിന് എന്തുകൊണ്ടാണ് കൊമ്പു നല്‍കിയതെന്ന് നമ്മള്‍ ചിന്തിച്ചാല്‍, പ്രതിരോധത്തിന് ആവശ്യമായ സമയങ്ങളില്‍ ഉപയോഗിക്കാനാണെന്ന് മനസ്സിലാകും. അല്ലെങ്കില്‍ അലങ്കാരമായി എന്തിന് കൊമ്പ് നല്‍കണം?

ഇസ്ലാമും ഇത് അംഗീകരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു ‘മനുഷ്യരെ പരസ്പരം ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം കൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഭൂമിയില്‍ വലിയ നാശം ഉണ്ടാകുമായിരുന്നു’ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളതും അവകാശം ഉള്ളതുമായവയെ സംരക്ഷിക്കുവാനായിട്ടാണ് പോരാട്ടത്തെ ഇസ്‌ലാം അംഗീകരിക്കുന്നത്. ജൈവപരവും മനുഷ്യന്റെ മൗലിക അവകാശവും കൂടിയാണത്. മറ്റൊരു വ്യവസ്ഥകൊണ്ട് അതിനെ മറികടക്കലും സാധ്യമല്ല. ഒരാള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ അതു തടഞ്ഞു കൊണ്ട് സ്വയം പ്രതിരോധിക്കുക എന്നത് മനുഷ്യന് സ്വശരീരത്തോടുള്ള ധര്‍മ്മം കൂടിയാണ്. ഇസ്‌ലാം ഇത് അംഗീകരിക്കുന്നു. ഇത്തരം ഘട്ടങ്ങളിലെ ആയുധ പ്രയോഗത്തെ നിരോധിച്ചുകൊണ്ട് ലോകത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. വിശുദ്ധ ഗ്രന്ഥങ്ങളായി അംഗീകരിക്കുന്ന ബൈബിളും ഗീതയിലും ഇത്തരം പരാമര്‍ശങ്ങള്‍ ഒരുപാട് കാണാന്‍ കഴിയും. ബൈബിള്‍ പറയുന്നു: ‘ഗോലിയാത്തിനെ തളക്കാന്‍ ഒരു ദാവീദ് ഉണ്ടാകും.’ ഗീതയുടെ ഉള്ളടക്കം തന്നെ ധര്‍മയുദ്ധമാണ്.

എന്നാല്‍ പരിശ്രമങ്ങളുടെയെല്ലാം അവസാന ഘട്ടത്തിലാണ്, അനിവാര്യതയിലാണ് ഒരുപാട് കര്‍ശനമായ നിയമങ്ങളോടെ യുദ്ധത്തെ ഇസ്ലാം അനുവദിക്കുന്നത്. കാരണം രക്തചോരിച്ചില്‍ ഇസ്ലാം ആഗ്രഹിക്കുന്നില്ല. അതോടൊപ്പം യുദ്ധം മുഖേനെ കലാപങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും അതിലൂടെ മാനവികമായ നേട്ടങ്ങള്‍ സ്ഥാപിക്കാനും കഴിയണം. ഒരു യുദ്ധം ഒഴിവാക്കാന്‍, മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍, കഴിയുന്ന ഏത് അവസരവും പാഴാക്കരുത് എന്നും ഇസ്ലാം നിഷ്‌കര്‍ശിക്കുന്നു.

പ്രാവാചകചരിത്രം പഠിച്ചാല്‍ നമ്മുക്കിത് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പ്രവാചകത്വത്തിന്റെ ആദ്യ 13 വര്‍ഷം ആത്മപ്രതിരോധം ചെയ്യാതെ എല്ലാം സഹിച്ചുകൊണ്ടായിരുന്നു പ്രവാചകന്‍ മക്കയില്‍ കഴിഞ്ഞത്. പ്രതിരോധിക്കുവാന്‍ കഴിവില്ലാത്തതുകൊണ്ടോ, തിരിച്ചടിക്കാന്‍ ശേഷി ഇല്ലാത്തതുകൊണ്ടോ അല്ല. അതിന്റെ ഭാഗികമായുള്ള ഫലങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട്, പ്രതിരോധത്തിന് അവസരം ഇസ്ലാം നിഷേധിച്ചിരുന്നു. ഒറ്റയായി പ്രതിരോധിച്ചാല്‍ തിരിച്ചുള്ള വലിയൊരു സമൂഹത്തിന്റെ അക്രമം മുസ്‌ലിങ്ങളിലെ ദുര്‍ബലരായവര്‍ക്കോ തിരിച്ചടിക്കാന്‍ കഴിയാത്തവര്‍ക്കോ ആയിരിക്കും ലഭിക്കുക. ഈ അക്രമം ഒറ്റപെട്ട് നില്‍ക്കുന്ന ഇസ്‌ലാമിക സമൂഹത്തിന് സംയുക്തമായി നേരിടാനോ പ്രതിരോധിക്കാനോ സാധിക്കില്ല. ഇതായിരുന്നു അതിനു പിന്നിലെ യുക്തി. ‘നിങ്ങള്‍ കൈകള്‍ മുഴുവന്‍ കെട്ടിവെക്കുക, തിരിച്ചടിക്കേണ്ടതില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിക്കുക. ത്യാഗം അനുഷ്ഠിക്കുക.’എന്നായിരുന്നു പ്രവാചകന്‍ നല്‍കിയ നിര്‍ദ്ദേശം. ഇസ്ലാമിക സമൂഹം അങ്ങേയറ്റം ക്ഷമിച്ചു.

മദീനയിലെ അനുയായികളുമായിട്ടുള്ള ‘അഖബ’ ഉടമ്പടിക്കിടയില്‍ മക്കയിലെ ഒരു ചാരന്‍, മദീനയുമായി നബി കരാര്‍ ചെയ്തത് വിളിച്ചുകൂവാന്‍ തുടങ്ങി. ‘അയാളെ കൊല്ലട്ടെ’ എന്ന് അനുചരന്മാര്‍ ചോദിച്ചപ്പോഴും പ്രവാചകന്‍ ‘വേണ്ട’ എന്ന രീതിയാണ് സ്വീകരിച്ചത്. അതിനുശേഷം നബി മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ നബിയെ കൊല്ലാന്‍ ശ്രമിച്ചിട്ടും പ്രതിരോധനയം സ്വീകരിച്ചില്ല.

നബി മദീനയിലെത്തി. അവിടെ സഹോദര്യം സ്ഥാപിച്ചു. പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന ഔസ് – ഗസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ കരാര്‍ കൊണ്ട് വന്നു. ജൂതന്മാരുമായും ക്രിസ്ത്യാനികളോടും കരാര്‍ ഉണ്ടാക്കി. അവര്‍ക്ക് വിശ്വാസ- ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചു. ലോകത്തിലെ തന്നെ ആദ്യത്തെ ഭരണഘടന അവിടെ രൂപപ്പെട്ടു. നബി ലോകത്തിലെ ആദ്യത്തെ മതേതര രാഷ്ട്രം മദീനയില്‍ സ്ഥാപിച്ചു.

അപ്പോഴാണ് മക്കയില്‍ നിന്ന് രാജ്യം വിട്ട് പാലായനം ചെയ്ത നബിയുടെ അനുയായികളുടെ അപഹരിച്ച സ്വത്തുക്കള്‍ കൊണ്ട് മക്കയുടെ നേതാവ് അബൂസുഫിയാന്റെ കച്ചവടസംഘം മദീനക്കരികിലൂടെ സിറിയയിലേക്ക് പുറപ്പെടുന്നത്. ഇത് മദീനക്കാരെ പ്രതികാരം ചെയ്യാന്‍ ഉതകും വിധം എരികേറ്റി അറീയിക്കുവാന്‍ കപടവിശ്വാസിയായ അബ്ദുല്ലാഹിബ്‌നുസുലൂലിനെ മക്കക്കാര്‍ ചട്ടം കെട്ടുകയും ചെയ്തു. അബൂസുഫിയാന്റെ കച്ചവട സംഘത്തെ ആക്രമിക്കാന്‍ നബി ഒരുങ്ങുന്നത്തിലൂടെ യുദ്ധം പ്രതീക്ഷിച്ചിരുന്ന മക്കക്കാര്‍ സൈനിക നീക്കം നടത്തുകയും ചെയ്യ്തു. പക്ഷെ! പ്രതിരോധിക്കാന്‍ അവസരം ഉണ്ടായിട്ടും നബി യുദ്ധം ചെയ്യാന്‍ അനുവാദം നല്‍കിയില്ല. അബൂസുഫിയാന്റെ കച്ചവടസംഘത്തെ വെറുതെ വിട്ടു. എന്നിട്ടും മക്കയിലെ സൈന്യം പിന്‍മാറിയില്ല. സ്വന്തം ബന്ധുക്കളും നാട്ടുകാരുമുള്ള മദീനക്കാരെ അക്രമിക്കേണ്ടതില്ല എന്ന് പലരും അഭിപ്രായപ്പെട്ടിട്ടും മക്കക്കാര്‍ ചെവി കൊണ്ടില്ല.

ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ക്ഷമ ഒരു ദൗര്‍ബല്യമായി മാറും. ഇത്തരം ഒരു ഘട്ടത്തില്‍ സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍, അക്രമിച്ചവരില്‍ നിന്നും അവകാശം സംരക്ഷിക്കാനാണ് ഇസ്ലാം യുദ്ധം അനുവദിക്കുന്നത്. ഇതൊരു രാഷ്ട്രത്തിന്റെ ധര്‍മമാണ്. അതിനാല്‍ തന്നെ ഇസ്ലാമിലെ യുദ്ധം പ്രതിരോധവും വിപ്ലവവുമാണ്. അതൊരു സാമൂഹിക വ്യവസ്ഥയുടെ സംരക്ഷണമാണ്.അങ്ങനെ ബദ്ര്‍ യുദ്ധം നടക്കുകയും ദൈവ സഹായത്താല്‍ വലിയൊരു സംഘത്തിനു മേല്‍ ഇസ്ലാമിന്റെ ചെറിയ സംഘം വിജയം വരിക്കുകയും ചെയ്യ്തു.

തൊട്ടടുത്ത വര്‍ഷം ക്രി. 624 ല്‍ വലിയൊരു സൈന്യവുമായി മക്കക്കാര്‍ വീണ്ടും വന്നു. അതിന് ഒത്താശ ചെയ്തത് മദീനയിലെ തങ്ങളുടെ മേല്‍കോയ്മ നഷ്ടമായിയെന്ന് തോന്നിയ ജൂതന്മാരായിരുന്നു. അവര്‍ നബിയുമായുളള കരാര്‍ ലംഘിച്ചു. രാജ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി നബിക്ക്, മദീനയുടെ പുറത്ത് വെച്ച് ഉഹ്ദില്‍ അവരോട് ഏറ്റുമുട്ടേണ്ടിവന്നു. അപ്പോഴും ഇങ്ങോട്ട് അക്രമിക്കാന്‍ വന്നപ്പോഴാണ് തിരിച്ച് പ്രതിരോധിക്കാന്‍ ഒരുങ്ങിയത്. നയതന്ത്രപരമായ പാളിച്ചയില്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ വിജയിച്ചെങ്കിലും പിന്നീട് പരാജയഭീതിയിലേക്ക് നീങ്ങുകയും ചെയ്തു.

നബി(സ) രണാങ്കണത്തില്‍ നേരിട്ട് യുദ്ധം നയിക്കുകയായിരുന്നു. പൊതുധാരണയിലെ ആത്യാത്മിക വ്യക്തിയെപോലെ മാറി നിലക്കുകയല്ല ചെയ്തത്, രാജാവിനെ പോലെ വീട്ടിലിരുന്നു കല്പിക്കുയുമായിരുന്നില്ല. നായകനെ പോലെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. പരാജയം രുചിച്ചിട്ടും, ഇസ്ലാമികപക്ഷത്തു നബിയുടെ പ്രിയപെട്ട ഒരുപാട് പേര്‍ നഷ്ടപെട്ടിട്ടും തങ്ങളെ വഞ്ചിച്ച സ്വന്തം രാജ്യത്തെ ജൂതന്‍മാര്‍ക്കെതിരെ സായുധ നടപടി സ്വീകരിചില്ല. ക്ഷമ അവലംബിച്ചു. കരാര്‍ പാലനം തുടരുകയാണ് ചെയ്തത്.

വീണ്ടും മക്കയിലുള്ളവര്‍ ജൂതന്മാരുടെ ഒത്താശയോടെ മദീനയെ ആക്രമിക്കാന്‍ വലിയൊരു സൈന്യത്തെകൂട്ടി വന്നു. അതായിരുന്നു കിടങ്ങ് യുദ്ധം അഥവാ അഹ്‌സാബ് യുദ്ധം. മദീനക്കു ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് നബിയും കൂട്ടരും അവരെ പ്രതിരോധിച്ചു. ജൂതന്മാരുടെ സഹായത്തോടെ കുറച്ചു പേര്‍ കിടങ്ങ് കടന്നു വന്നത് നബിയേയും കൂട്ടരെയും ഒരുപാട് പ്രയാസപെടുത്തി. ഒടുവില്‍ കാലാവസ്ഥ പ്രതികൂലമായതും പരസ്പരമുള്ള വിശ്വാസകുറവും കാരണം ശത്രുപക്ഷം പിന്മാറുകയായിരുന്നു. യുദ്ധം നടക്കാതെ അത് അവസാനിക്കുകയായിരുന്നു. എന്നിട്ടും ജൂതന്മാരുടെ ചതികളില്‍ നബി നടപടി സ്വീകരിചില്ല.

അതിനു ശേഷമായിരുന്നു. ഹുദൈബിയ സന്ധി അഥവാ മക്കക്കാര്‍ മദീനയുമായി ‘യുദ്ധമില്ല’ കരാര്‍ ഉണ്ടാക്കിയത്. ആ സന്ധി ഒടുവില്‍ മക്കക്കാര്‍ തന്നെ ലംഘിച്ചപ്പോഴാണ് നബി മക്കയെ കീഴടക്കാനായി പോകുന്നത്. തന്നെ പുറത്താക്കിയ സ്വദേശത്തിന്റെ അരാജകത്വത്തില്‍ നിന്നുമുള്ള വിമോചനവും അതോടൊപ്പം സ്ഥിരമായി തന്റെ രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുന്നവരുടെ വെല്ലുവിളി അവസാനിപ്പിക്കലുമായിരുന്നു ആ നീക്കം. പോരാട്ടവും വിപ്ലവവും ഒരുപോലെ സമ്മേളിച്ച സന്ദര്‍ഭം.

പക്ഷെ! നബിക്ക് അവിടെ ഒരു യുദ്ധത്തിന്റെ ആവശ്യം വന്നില്ല. ഒരു തുള്ളിചോരപോലും വീഴ്ത്താതെയാണ് സ്വന്തം രാജ്യത്തിന്റെ വിമോചനം സാധ്യമാക്കിയത്. ആരെയും തടവുകാരാക്കിയില്ല. തന്നെ അക്രമിച്ച ആ ജനതയോട് പ്രതികാരം ഒന്നും ചെയ്തില്ല. 17 ആളുകള്‍ മാത്രമാണ് അന്ന് പിടിക്കപ്പെട്ടത്. അതില്‍ നാല് പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ക്കെല്ലാം മാപ്പ് കൊടുത്ത് വിട്ടയച്ചു. സര്‍വസൈന്യാധിപന്‍ അബൂസുഫിയാനെ ഉള്‍പെടെ വെറുതെ വിട്ടു.

നബി ചെയ്യ്ത യുദ്ധങ്ങളില്‍ സ്വീകരിച്ച ഈ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളാതെയുള്ള യുദ്ധങ്ങള്‍, ചരിത്രത്തില്‍ ഇസ്ലാമിക സമൂഹത്തിന്റെതായി കാണുക സാധ്യമല്ല. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. ‘ആക്രമിക്കപ്പെട്ടവര്‍ക്ക് തിരിച്ചടിക്കാനും യുദ്ധംചെയ്യാനും അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു.’ ആക്രമിക്കപ്പെട്ടതുകൊണ്ടുമാത്രം. ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്യുക.നിങ്ങള്‍ ഒരിക്കലും അതിക്രമകാരികള്‍ ആവരുത്. അക്രമകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ ഇസ്‌ലാമിലെ യുദ്ധങ്ങളിലൂടെ വിമോചനമാണ് ലക്ഷ്യംവെക്കുന്നത് എന്ന് അടിവരയിട്ടുകൊണ്ട് ‘അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെ വിമോചനത്തിനു വേണ്ടി, എന്തുകൊണ്ട് നിങ്ങള്‍ പോരാടുന്നില്ല’ എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു.

മറ്റൊരുകാര്യം ഖുര്‍ആനിലെ യുദ്ധസംബന്ധമായ വാക്യങ്ങളിലെ ‘മുശ്-രിക്ക്’ എന്ന പ്രയോഗം മക്കാനിവാസികളെ ഉദ്ദേശിച്ചാണ്. അല്ലാതെ ബഹുദൈവാരാധകര്‍ എന്നല്ല. ഒരു തരത്തിലും ഒരു വിശ്വാസത്തിനുനേരെയോ ഒരു മതത്തിനുനേരെയോ യുദ്ധം ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അവയെ സംരക്ഷിക്കാനാണ് ഇസ്ലാം കല്പിക്കുന്നത്. ജൂതന്മാരെ ഒടുവില്‍ മദീനയില്‍ ശിക്ഷിച്ചത്, മതത്തിനെതിരെ ആയിരുന്നില്ല. അവര്‍ രാജ്യത്തെ വഞ്ചിച്ചിട്ടും പ്രവാചകനും സമുദായത്തിനെതിരെ ആരോപണങ്ങള്‍ കൊണ്ടും വഞ്ചനകാണിച്ചും എല്ലാ തരത്തിലും അക്രമിച്ചിട്ടും, ഒടുവില്‍ നബിയെ ചര്‍ച്ചക്കെന്ന വ്യാജേനെ ഗൂഢാലോചനയിലൂടെ വധിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരെ സായുധപരമായി ശിക്ഷിച്ചത്.

ഇസ്ലാമിലെ യുദ്ധം ഒരു സമുദായത്തെ കീഴ്‌പെടുത്താനോ രാഷ്ട്രത്തെ നശിപ്പിക്കാനോ വേണ്ടിയല്ല.മതവ്യാപനത്തിനോ സമ്പത്തിനോ വേണ്ടി യുദ്ധം ഒരിക്കലും ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം നടത്തിയ യുദ്ധ നടപടികളിലൂടെ നീതിയും സമാധാനവും സാഹോദര്യവും അടിച്ചമര്‍ത്തപെട്ട ജനങ്ങളുടെ വിമോചനമാണ് നടന്നിട്ടുള്ളതെന്നു ചരിത്ര യാഥാര്‍ത്യത്തോടെ സമീപിക്കുന്ന ഏവര്‍ക്കും മനസ്സിലാകുന്ന സത്യമാണ്.

( തയ്യാറാക്കിയത്: മുഹമ്മദ്‌ വിദാദ് )

Related Articles