ലോകം ഇന്ന് വരെ യും കാണാത്ത അത്യധികം സങ്കീര്‍ണ്ണവും കലുഷിതവുമായ അവസ്ഥയിലൂടെയാണ് കടന്ന്പോവുന്നത്. ഇത്ര രൂക്ഷമായ ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഈ കാലത്തെ പഠന വിധേയമാക്കിയ രണ്ട് പ്രമുഖ പണ്ഡിതന്മാരായിരുന്നു വാറന്‍ ബെന്നീസും ബര്‍ട്ട് നാനൂസും. 1987 ല്‍ അവര്‍ രണ്ട് പേരും രൂപം നല്കിയ നേതൃത്വ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാലഘട്ടത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച ചുരുക്ക സംജ്ഞയാണ് (Acronym) VUCA ‘വുക’. അതിന്റെ വിവിക്ഷ ചുവടെ ചേര്‍ക്കുന്നു:
V= Volacity (കലുഷിതമായ അവസ്ഥ)
U= Uncertain (അനിശ്ചിതത്വം)
C= Complex (കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന)
A= Ambiguous (അവ്യക്തമായ)
അത്യധികം കലുശിതവും അനിശ്ചിതത്വവും കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നതും അവ്യക്തവുമായ കാലഘട്ടമാണ് ‘വുക’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്നത്. പ്രക്ഷൂബ്ദവും അപ്രതീക്ഷിതവുമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണമായ കാലഘട്ടമാണിത്. അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം അവസാനിച്ചതിന് ശേഷം 2002 മുതല്‍ VUCA വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. യു.എസ്. ആര്‍മി വാര് കോളേജ് VUCA ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയും ചെയ്തു.
ഭാവിയില്‍ VUCA പ്രതിഭാസം കൂടുതല്‍ സങ്കീര്‍ണ്ണവും പ്രശ്നകലുശിതമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ വിറപ്പിച്ച കോവിഡ് 19 രോഗം ‘വുക’ കാലഘട്ടത്തിലെ ഒരു സംഭവമായി കണക്കാക്കാം. കാരണം അത് അപ്രതീക്ഷിതവും പെടുന്നനെ സംഭവിച്ച ദുരന്തമായിരുന്നു. അത്പോലെ ബിസിനസ്സ് മേഖലയില്‍ സംഭവിച്ച അപ്രതീക്ഷിത മാറ്റമായിരുന്നു Uber Taxi യുടെ അരങ്ങേറ്റം. അപരിചത നഗരങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്ക് ഏറെ പ്രയാസകരമായിരുന്ന ടാക്സി ബുക്കിംഗ് അതോടെ കൈവിരലിലൊതുങ്ങി.
സാമൂഹ്യ സാമ്പത്തിക രംഗത്തും അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ലോകം അതിവേഗം മാറികൊണ്ടിരിക്കുന്നു. ജിയോ പൊളിറ്റിക്കല്‍ സംഭവങ്ങള്‍, സാമ്പത്തിക സൂചകങ്ങള്‍, ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങള്‍ എല്ലാം VUCA കാലത്തിന് നിമിത്തമായിത്തീരുന്നു. മാറ്റം സംഭവിച്ചുകൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് പാഴ് വേലയാണ്. ഈ കാലഘട്ടത്തിലെ ഭീഷണികളും അവസരങ്ങളും പ്രവചിക്കുക സാധ്യവുമല്ല. പക്ഷെ അതിനെ ശരിയായ സമീപനത്തിലൂടെ നേരിടാനും മറികടക്കാനും കഴിയേണ്ടതുണ്ട്.
നേരിടാനുള്ള വഴികള്‍
VUCA ലോകത്തെ / കാലത്തെ നേരിടാന്‍ ഒരു നേതൃത്വം അനിവാര്യമാണ്. സാമൂഹ്യ ജീവിയായ മനുഷ്യനെ സംബന്ധിച്ചേടുത്തോളം അവന് കൃത്യമായ ദിശകാണിച്ചുകൊടുക്കാന്നേതൃത്വം ആവശ്യമാണ്. സഹജീവികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവരെ ചേര്‍ത്ത് പിടിച്ച് ധൈര്യം പകരാനും നേതൃത്വത്തിന് സാധിക്കണം.
പ്രക്ഷുബ്ദമായ VUCA പ്രതിഭാസത്തെ അതിജീവിക്കാന്‍ അനുസ്യുതമായ പഠന സംസ്കാരം പ്രോല്സാഹിപ്പിക്കലാണ്. അഥവാ ഭൗതികവും ആത്മീയവും മാനസകിവും നൈപുണ്യ വികസനവും സര്‍ഗപ്രതിഭയും എല്ലാം ഉള്‍പ്പെടുന്ന സമഗ്ര വിദ്യാഭ്യാസമാണ് ഉദ്ദേശിക്കുന്നത്. അതിന്റെ അഭാവത്തില്‍ ആത്മഹത്യ മുതല്‍ കൊലപാതകം വരെയുള്ള നിരവധി ദുരന്തങ്ങള്‍ക്ക് നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നു. ആധുനിക മനുഷ്യന് കടുത്ത നിരാശയിലും വിഷാദ രോഗത്തിനും അടിമപ്പെട്ടിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള വിദ്യാഭ്യാസമാണ് നല്‍കേണ്ടത്.
VUCA കാലത്തെ നേരിടാനുള്ള മറ്റൊരു വഴി എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടാവലാണ്. അത്തരമൊരു തിരിച്ചറിവിലൂടെ മാത്രമെ പുതിയ സാഹചര്യങ്ങളെ നേരിടാന്‍ കഴിയുകയുള്ളൂ. പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണ്. വിവേക പൂര്‍ണ്ണമായ റിസ്കുകള്‍ ഏറ്റെടുക്കാതെ മുമ്പോട്ട് പോവുക സാധ്യമല്ലന്ന തിരിച്ചറിവും പ്രധാനമാണ്.
മാറ്റത്തോട് പൊരുത്തപ്പെട്ട് ജീവിക്കുക എന്നതാണ് ‘വുക’ കാലത്തെ നേരിടാനുള്ള മറ്റൊരു വഴി. മാറ്റത്തെ ചെറുത്ത് തോല്പിക്കാന് ശ്രമിക്കുന്നത്, കാറ്റിനോട് യുദ്ധം ചെയ്യുന്നത് പോലെ നിഷ്ഫലമാണ്. കോവിഡ് 19 രോഗം വ്യാപിച്ചപ്പോള്‍ ചിലര്‍ അന്ധാളിച്ചുവെങ്കില് മറ്റുചിലര്‍ ആ അവസരം ക്രയാത്മകമായി ഉപയോഗപ്പെടുത്തുകയുണ്ടായത് നമ്മുടെ കണ്മുമ്പിലുണ്ടല്ലോ?
ഇത്തരമൊരു സാഹചര്യത്തില്‍ പരമ്പരാഗത രീതികള്‍ കൈവെടിയാതെ ഒരു ചുവട്പോലും മുമ്പോട്ട് പോവാന്‍ കഴിയില്ല. ചടുലമായ ആസൂത്രണവും സ്ട്രാറ്റജിയും രൂപപ്പെടുത്താന്‍ കഴിവുള്ളവരും സമൂഹത്തിന് ആവശ്യമാണ്. തീരുമാനങ്ങളുടെ അനന്തരഫലം കൃത്യമായി മനസ്സിലാക്കാന്‍ കെല്പുള്ളവരായിരിക്കണം അവര്‍. കാഴചപ്പാടില്‍ ഏകോപനമുണ്ടാവുക എന്നതും പ്രധാനമാണ്. അനൈക്യത്തിലൂടെ കൂടുതല്‍ ദുര്‍ബലമാവുകയാണ് ചെയ്യുക. സഹകരണം ശക്തിപ്പെടുത്തേണ്ട കാലമാണിത്. പരസ്പര വൈരാഗ്യത്തിലൂടെ ഈ കലുശമായ കാലത്തെ നേരിടാന്‍ കഴിയില്ല. എല്ലാവരേയും ചേര്‍ത്ത്പിടിച്ചു മാത്രമെ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഇസ്ലാമിക സമീപനം
മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പരീക്ഷിക്കപ്പെടാനാണ്. സുഖവും ദുരിതവും മാറിമാറി തരണം ചെയ്തു വിജയിക്കുന്നവര്ക്കുള്ളതാണ് സ്വര്‍ഗ്ഗം. ഓരോ കാലഘട്ടത്തിലെ മനുഷ്യര്‍ക്കും, അതിനെ എന്ത് പേര് വിളിച്ചാലും ശരി, ചില ദുര്‍ഘട ഘട്ടങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. മുകളില്‍ വിവരിച്ച VUCA പ്രതിഭാസവും അതിന്റെ ഭാഗം തന്നെ. അല്ലാഹുവിനെ സൂക്ഷിച്ച് ഭക്തിയോടെ ജീവിക്കുക. അവനിലുള്ള അടിയുറച്ച വിശ്വാസവും തവക്കുലും (ഭരമേല്പിക്കല്) ഉണ്ടാവുക.
താങ്ങാന്‍ കഴിയാത്ത ഭാരങ്ങള്‍ തന്ന് പരീക്ഷിക്കാതിരിക്കാന്‍ പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചുകൊണ്ടിരിക്കുക. ക്ഷമയോടെ പ്രതിസന്ധികളെ നേരിടുക. ആഡംബരവും ഭൗതിക പ്രമത്തതയും വര്‍ജ്ജിക്കുക. ഇത്തരം വിശ്വാസങ്ങള്‍ ചെറുപ്പത്തിലെ പരിശീലിപ്പിച്ചാല്‍, ആത്മഹത്യാ നിരക്ക് നമുക്ക് കുറക്കാന്‍ കഴിയും. ഈ കാര്യങ്ങളൊക്കെ ഉള്‍കൊള്ളിച്ച വിദ്യാഭ്യാസ രീതിയിലൂടെ മാത്രമെ ഭാവി തലമുറയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW