Current Date

Search
Close this search box.
Search
Close this search box.

മദ്ഹബുകളെ മനസ്സിലാക്കേണ്ടത് എങ്ങിനെയാണ് ? ( 7 – 7 )

എന്നിരുന്നാലും, സാമൂഹിക പ്രക്ഷുബ്ധതകൾ നിറഞ്ഞ, കഴിഞ്ഞ നൂറ്റാണ്ടിൽ ആധികാരിക പാണ്ഡിത്യം ഉപേക്ഷിക്കണമെന്ന് വാദിച്ച നിരവധി പേരുണ്ടായിട്ടുണ്ട്. മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ശിഷ്യനായ മുഹമ്മദ് റഷീദ് റിദയുമായിരുന്നു ഇവരിൽ പ്രമുഖർ. പാശ്ചാത്യ സംസ്‌കാരത്തിന്റെ വിജയത്തിൽ ആഹ്ലാദിക്കുകയും, ഫ്രീമേസണറിയോടുള്ള പ്രതിബദ്ധത സൂക്ഷ്മമായ രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്ത ഇവർ തഖ്ലീദിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാനും നാല് മദ്ഹബുകളുടെ ആധികാരികതയെ തള്ളിപ്പറയാനും മുസ്ലിംകളെ പ്രേരിപ്പിച്ചു. ഇന്ന് ചില അറബ് തലസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് പരമ്പരാഗതമായ പാണ്ഡിത്യം ശോഷിച്ചു പോയ ഇടങ്ങളിൽ, അറബി യുവാക്കൾ തങ്ങളുടെ കൺമുമ്പിൽ വന്ന എല്ലാ ഹദീസ് ശേഖരണങ്ങളും അവരുടെ വീടകങ്ങളിൽ നിറയ്ക്കുന്നത് സാധാരണമാണ്. ഇമാം ശാഫി, ഇമാം അഹ്‌മദ് ഉൾപ്പെടെ മറ്റ് മഹത്തുക്കളായ ഇമാമുമാരെ അപേക്ഷിച്ച് പ്രവിശാലവും സങ്കീർണ്ണവുമായ ഈ മേഖലയിൽ തങ്ങൾ തെറ്റായ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് അവർ സ്വയം വിചാരിക്കുന്നത്. ഇപ്പോൾ വ്യാപകമല്ലെങ്കിലും ഈ നിരുത്തരവാദപരമായ സമീപനം മുസ് ലിം ഉമ്മത്തിന്റെ ഐക്യത്തെയും വിശ്വാസ്യതയെയും പാടേ തകർക്കുകയും, ആയിരം വർഷങ്ങൾക്ക് മുമ്പ് മഹാന്മാരായ ഇമാമുമാർ പരിഹരിച്ച വിഷയങ്ങളിൽ വീണ്ടും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളിലേക്കുള്ള വാതിൽ തുറന്നിടുകയും ചെയ്യും. തങ്ങളുടെ ഇരകൾ പിന്തുടരുന്നത് മഹത്തുക്കളായ ഇമാമുമാരെയായിട്ടു പോലും, വിശ്വാസികൾ ആരാധനാകർമങ്ങൾ നിർവഹിക്കുമ്പോൾ അതിൽ അപാകതകളുണ്ടെന്ന് അധിക്ഷേപിക്കുകയും മറ്റും ചെയ്യുന്ന ചില യുവ ആക്ടിവിസ്റ്റുകൾ പള്ളികളെ വരെ വിഷലിപ്തമാക്കാനിറങ്ങുന്നത് ഇപ്പോൾ സാധാരണമാണ്. മറ്റുള്ളവരേക്കാൾ തങ്ങൾ മുകളിലാണെന്ന് കരുതുന്ന അസുഖകരമായ ഈ അന്തരീക്ഷം ദീനിനോട് പ്രതിപത്തിയില്ലാത്ത നിരവധി മുസ്ലിംകളെ പള്ളിയിൽ പോകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. സുന്നത്തിന്റെ വ്യത്യസ്തമായ പണ്ഡിത വ്യാഖ്യാനങ്ങൾ നിലവിലുള്ളിടത്തോളം കാലം മുസ്ലിംകൾ അതിനോട് താദാത്മ്യം പ്രാപിക്കണമെന്ന ആദ്യകാല ഉലമാക്കളുടെ വീക്ഷണം ആരും ഇപ്പോൾ ഓർക്കുന്നില്ല. സുഫ്‌യാൻ സൗരി പറയുന്നതിങ്ങനെ: ‘പണ്ഡിതന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നതും നിഷിദ്ധമാണെന്ന് നിങ്ങൾ സ്വയം വിശ്വസിക്കുന്നതുമായ എന്തെങ്കിലുമൊരു കാര്യം ഒരു മനുഷ്യൻ ചെയ്യുന്നത് നിങ്ങൾ കണ്ടാൽ, അത് ചെയ്യുന്നതിൽ നിന്ന് നിങ്ങൾ അവനെ വിലക്കരുത്.’ മുസ് ലിം സമുദായത്തെ വിഷലിപ്തമാക്കുകയും ഉള്ളിൽ നിന്ന് തളർത്തുകയും ചെയ്യുന്ന അനൈക്യവും വിദ്വേഷവുമാണ് ഈ നയത്തിന്റെ ബദൽ എന്ന് പറയുന്നത്.

കുട്ടിക്കാലം മുതൽ സ്വയം ചിന്തിക്കാനും സ്ഥാപിത അധികാരത്തെ വെല്ലുവിളിക്കാനും ആളുകളെ പ്രേരിപ്പിക്കുന്ന പാശ്ചാത്യാധിഷ്ഠിതമായ ഒരു ആഗോള സംസ്‌കാരത്തിൽ സ്വന്തം പരിമിതികൾ തിരിച്ചറിയാൻ മതിയായ വിനയം സംഭരിക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. നാമെല്ലാവരും ചെറിയ തോതിലെങ്കിലും ഫറോവയെപ്പോലെയാണ്: മറ്റാരെങ്കിലും നമ്മളേക്കാൾ ബുദ്ധിയോ പാണ്ഡിത്യമുള്ളവരോ കൂടുതലുള്ളവരായിരിക്കാം എന്ന തോന്നലിനെ നമ്മുടെ അഹംഭാവം നിരന്തരം പ്രതിരോധിച്ചുകൊണ്ടിരിക്കും. അറബി അറിയാമെങ്കിൽ സാധാരണ മുസ്ലിംകൾക്കും ശരീഅത്തിന്റെ വിധികൾ സ്വായത്തമാക്കാൻ അർഹതയുണ്ടെന്ന വിശ്വാസം, ഈ അഹംഭാവം കാടുകയറുന്നതിന്റെ ഉദാഹരണമാണ്. സ്വന്തം തീർപ്പുകളിൽ അഭിമാനിക്കുന്ന, സ്രോതസ്സുകളുടെ സങ്കീർണ്ണതയും ആധികാരിക പാണ്ഡിത്യത്തിന്റെ ഗഹനതയും തിരിച്ചറിയാത്ത യുവാക്കളെ സംബന്ധിച്ചിടത്തോളം ഇത് വശീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കെണിയാണ്. ഇത് അവരെ ഇസ്ലാമിന്റെ അടിസ്ഥാനപാതയിൽ നിന്ന് അകറ്റി അറിവില്ലാതെ മുസ് ലിംകൾക്കിടയിൽ ആഴത്തിലുള്ള ഭിന്നതകൾ സൃഷ്ടിക്കുന്ന അജണ്ടകളിലേക്ക് ആകർഷിക്കുന്നു. ഹദീസ് വിദഗ്ധർ ഉൾപ്പെടെയുള്ള മതത്തിലെ പ്രമുഖ പണ്ഡിതന്മാരെല്ലാം നാലു മദ്ഹബുകളിലൊന്നിനെ തെരെഞ്ഞെടുക്കുകയും തങ്ങളുടെ വിദ്യാർത്ഥികളോട് ഏതെങ്കിലുമൊന്ന് തെരെഞ്ഞെടുക്കാനാവശ്യപ്പെട്ടതും വിസ്മരിക്കപ്പെട്ടുവെന്ന് തോന്നുന്നു. സാമാന്യബോധത്തിനും ഇസ്ലാമികപരമായ ഉത്തരവാദിത്തത്തിനും മുകളിൽ അഹന്ത വമ്പിച്ച വിജയം നേടിയിരിക്കുന്നു.

വിശുദ്ധ ഖുർആൻ മുസ്ലിംകളോട് അവരുടെ മനസ്സും ബൗദ്ധിക ശേഷിയും ഫലപ്രദമായി ഉപയോഗിക്കാൻ കൽപ്പിക്കുന്നുണ്ട്. കൂടാതെ യോഗ്യരായ പണ്ഡിതന്മാരെയാണ് പിന്തുടരേണ്ടത് എന്നതിനാൽ ഈ കഴിവുകളെ വളരെ ശ്രദ്ധാപൂർവ്വമായിട്ടാണ് വിന്യസിക്കേണ്ടതും. ഉസൂലുൽ ഫിഖ്ഹിനും ദീർഘകാല പരിശീലനം ആവശ്യമായ മറ്റേതെങ്കിലും പ്രത്യേക വിജ്ഞാനമേഖലയും തമ്മിൽ വർഗപരമായ വ്യത്യാസങ്ങളൊന്നുമില്ല എന്ന അടിസ്ഥാന കാര്യം ശ്രദ്ധേയമാണ്. മദ്ഹബ് വിരുദ്ധ പ്രവണതയോടുള്ള പാരമ്പര്യ പ്രതികരണങ്ങളിലൊന്നായ ശൈഖ് സഈദ് റമദാൻ ബൂത്വിയുടെ ഗ്രന്ഥമായ ‘നോൺ-മദ്ഹബിസം: ദി ഗ്രേറ്റെസ്റ്റ് ബിദ്അ ത്രെറ്റനിംഗ് ദി ഇസ് ലാമിക് ശരീഅ’ എന്ന ഗ്രന്ഥത്തിൽ വിധിന്യായശാസ്ത്രത്തെ വൈദ്യശാസ്ത്രവുമായി താരതമ്യം ചെയ്യുന്നതു കാണാം. ‘തന്റെ മകന് ഗുരുതരമായ അസുഖം ബാധിച്ചാൽ ഒരാൾ ശരിയായ രോഗനിർണ്ണയത്തിനും രോഗശമനത്തിനുമുള്ള മാർഗങ്ങൾ മെഡിക്കൽ പുസ്തകങ്ങളിൽ തെരെയുകയാണോ അതോ പരിശീലനം ലഭിച്ച ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ അടുത്ത് പോവുകയാണോ ചെയ്യുക?’ വ്യക്തമായും, വിവേകമതിയായ ഒരാൾ അവസാനത്തെ ഓപ്ഷൻ തെരെഞ്ഞെടുക്കുന്നു. സമാനമായി, അതിലും പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ മതകാര്യങ്ങളിൽ പ്രമാണങ്ങൾ സ്വയം പരിശോധിച്ച് നമ്മൾ സ്വന്തം മുഫ്തികളാകാൻ ശ്രമിക്കുന്നത് വിഡ്ഢിത്തവും നിരുത്തരവാദപരവുമാണ്. മറിച്ച്, ജീവിതകാലം മുഴുവൻ സുന്നത്തും നിയമ തത്വങ്ങളും പഠിക്കാനായി മാറ്റിവെച്ചവർ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് നാം മനസ്സിലാക്കണം.

ജ്യോതിശാസ്ത്രത്തിൽ നിന്ന് കടമെടുത്ത മറ്റൊരു രൂപകം ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്. നമുക്ക് ഖുർആൻ സൂക്തങ്ങളെയും ഹദീസുകളെയും നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യാം. നഗ്‌നനേത്രങ്ങൾ കൊണ്ട് നമുക്ക് അവയിൽ പലതിനെയും വ്യക്തമായി കാണാൻ കഴിയില്ല എന്നതിനാൽ നമുക്ക് ഒരു ദൂരദർശിനി ആവശ്യമാണ്. നമ്മൾ വിഡ്ഢികളോ അഭിമാനികളോ ആണെങ്കിൽ, നമുക്കത് സ്വയം നിർമ്മിക്കാൻ ശ്രമിക്കാം. പക്ഷേ നമ്മൾ വിവേകവും എളിമയുമുള്ളവരാണെങ്കിൽ, ഇമാം ശാഫിയോ ഇബ്നു ഹൻബലോ നമുക്കുവേണ്ടി നിർമ്മിച്ചതും, തലമുറകളായി വന്ന പ്രമുഖരായ ജ്യോതിശാസ്ത്രജ്ഞർ പരിഷ്‌കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തവ ഉപയോഗിക്കുന്നതിൽ നമുക്ക് ബുദ്ധിമുട്ടുണ്ടാകില്ല. എല്ലാത്തിനുമുപരി, മദ്ഹബ് എന്ന് പറഞ്ഞാൽ സാധ്യമായ പരമാവധി വ്യക്തതയോടെ ഇസ്ലാമിനെ നോക്കിക്കാണാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു മികച്ച ഉപകരണമല്ലാതെ മറ്റൊന്നുമല്ല എന്ന് നാം മനസ്സിലാക്കണം. നമ്മൾ നമ്മുടേതായ ഉപകരണങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിൽ, അത്തരത്തിലുള്ള ശ്രമങ്ങൾ നമ്മുടെ കാഴ്ചയെ ഉറപ്പായും വികലമാക്കും.

മൂന്നാമതായി ഒരു ഉദാഹരണം കൂടി പറയാം. ഒരു പുരാതന കെട്ടിടം, ഉദാഹരണത്തിന് ഇസ്താംബൂളിലെ ബ്ലൂ മസ്ജിദിന്റേത് അതിനകത്ത് ആരാധിക്കുന്ന ചിലർക്ക് അപൂർണമായ രൂപകൽപനയായി തോന്നിയെന്ന് വിചാരിക്കുക. കെട്ടിടം ഇനിയും മനോഹരവും മികച്ചതുമാക്കാനുള്ള ആഗ്രഹം അകമേ കൊണ്ടുനടക്കുന്ന ആ യുവാക്കൾ കെട്ടിടത്തിന് താഴെയുള്ള നിലവറകളിലേക്കും ബേസ്‌മെന്റുകളിലേക്കും പ്രവേശിക്കുകയും, ശേഷം വാസ്തുവിദ്യയുടെ തത്വങ്ങളെക്കുറിച്ചുള്ള സ്വന്തം ധാരണകളുടെ അടിസ്ഥാനത്തിൽ, ആ വലിയ കെട്ടിടത്തിന് താങ്ങായി നിൽക്കുന്ന അടിക്കല്ലുകളും തൂണുകളും ക്രമീകരിക്കാൻ ശ്രമിച്ചേക്കാം. നൂറ്റാണ്ടുകളായി ഈ കെട്ടിടത്തെ പരിപാലിച്ചവരുടെ പുസ്തകങ്ങളും അനുഭവങ്ങളും ഏതെങ്കിലും തരത്തിൽ അവരെ സ്വാധീനിക്കുകയോ, അല്ലെങ്കിൽ ഒന്നോ രണ്ടോ ഭംഗിവാക്കുകൾക്കല്ലാതെ പ്രൊഫഷണൽ ആർക്കിടെക്റ്റുകളെ സമീപിക്കാൻ അവർ കൂട്ടാക്കുകയോ ചെയ്യില്ല. അവരുടെ തീക്ഷ്ണതയും അഹങ്കാരവും അവർക്ക് അതിനുള്ള സമയത്തെ കവരുന്നു. ബേസ്‌മെന്റുകളിലൂടെ തപ്പിത്തടഞ്ഞ്, തങ്ങളുടെ ഉപകരണങ്ങളും ഡ്രില്ലുകളും പുറത്തെടുക്കുന്നു. ഉത്സാഹത്തോടെ തങ്ങളുടെ ജോലിയാരംഭിക്കുന്നു.

സമാനമായ രീതിയിൽ ഇസ് ലാമിനെ പരിഗണിക്കുന്നതും വലിയ അപകടങ്ങൾ വരുത്തിവെക്കും. ശത്രുക്കളുടെ ഏറ്റവും തീവ്രമായ പ്രഹരങ്ങളെ അതിജീവിച്ച് ഈ കെട്ടിടം നൂറ്റാണ്ടുകളായി നിലകൊള്ളുന്നു. ഉള്ളിൽ നിന്ന് മാത്രമേ അതിനെ ദുർബലപ്പെടുത്താൻ കഴിയൂ. ഇസ്ലാമിന്റെ ബൗദ്ധിക ശത്രുക്കൾക്ക് ഈ വസ്തുത നന്നായി അറിയാം. മഹാന്മാരായ ഇമാമുമാരുടെ നാല് മദ്ഹബുകളിൽ ശരീഅത്തിന്റെ അന്തിമ ക്രോഡീകരണം നടന്നതിനുശേഷം ആദ്യ കാല മുസ് ലിംകൾക്കിടയിൽ വലിയ ഭക്തിയും ദൃഢതയും സുന്നിസത്തിന്റെ കെട്ടുറപ്പുമെല്ലാം ഉണ്ടായിരുന്നിട്ടും ആദ്യകാല മുസ്ലിംകൾക്കിടയിൽ അനൈക്യവും ഫിത്നകളുമുണ്ടായത് അതിനോട് വിരോധമുള്ളവർക്ക് പുതിയ ആശയങ്ങൾ നൽകി. മദ്ഹബുകളെ ആക്രമിക്കുന്നവരെല്ലാം ഇസ് ലാമിന്റെ ശത്രുക്കളുടെ ബോധപൂർവമായ ഉപകരണങ്ങളാണെന്നല്ല ഇപ്പറഞ്ഞതിനർഥം. എന്നാൽ പാരമ്പര്യമായിട്ടുള്ള ബദൽ സ്രോതസ്സുകൾക്ക് വലിയ ക്ഷാമമനുഭവപ്പെടുമ്പോൾ ഇത്തരത്തിലുള്ളവർക്ക് നല്ല ദൃശ്യതയും സാമ്പത്തിക സഹായവും ലഭിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇജ്തിഹാദ് ഒരു സ്വാഭാവികതയായി മാറുകയും, തഖ്ലിദിനെ എളിമയുള്ള, അനിവാര്യവുമായ നന്മയെന്നതിലുപരി ഒരു പാപമായി തള്ളിക്കളയുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇസ് ലാമിന്റെ ആദ്യകാലത്ത് വലിയ വേദനയുണ്ടാക്കിയ അനേകം അഭിപ്രായ ഭിന്നതകൾ വീണ്ടും രംഗത്തേക്ക് വരും. യോജിപ്പോടെ പോകുന്ന നാല് മദ്ഹബുകൾക്ക് പകരം, സ്വയം ശരിയാണെന്ന് തെളിയിക്കാനുള്ള തീവ്ര സംഘർഷങ്ങളുടെ ഫലമായി ഒരു ബില്യൺ മദ്ഹബുകൾ ഇവിടെ സൃഷ്ടിക്കപ്പെടും. ഇസ്ലാമിന്റെ നാശത്തിന് ഇതിനേക്കാൾ മികച്ച ഒരു പദ്ധതിയും ആവിഷ്‌കരിക്കാനില്ല. ( അവസാനിച്ചു )

വിവ- മുഹമ്മദ് അഫ്സൽ പി ടി

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles