Current Date

Search
Close this search box.
Search
Close this search box.

മദ്ഹബുകളെ മനസ്സിലാക്കേണ്ടത് എങ്ങിനെയാണ് ? ( 6 – 7 )

മുജ്തഹിദുകളുടെ മറ്റു വിഭാഗങ്ങളെ ഉസൂലീ പണ്ഡിതന്മാർ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ തമ്മിലുള്ള വ്യത്യാസങ്ങൾ സൂക്ഷ്മവും നമ്മുടെ പ്രമേയത്തിന് പ്രസക്തവുമല്ല. ശേഷിക്കുന്ന വിഭാഗങ്ങളെ മുഴുവൻ പ്രായോഗികമായി രണ്ടായി ചുരുക്കാം: ഒന്ന്, പ്രാമാണിക ഗ്രന്ഥങ്ങളെയും യുക്തിയെയും കുറിച്ച് ബോധവാനായിരിക്കെ തന്റെ മദ്ഹബ് പിന്തുടരുന്ന മുത്തബിഅ്, മദ്ഹബിന്റെ പണ്ഡിതന്മാരിൽ പൂർണമായ വിശ്വാസമുള്ളവരും മദ്ഹബിന്റെ ആയിരക്കണക്കിന് വിധികളുടെ പിന്നിലെ വിശദമായ ന്യായവാദം അറിയാത്തവരുമായ മുഖല്ലിദ് എന്നിങ്ങനെയാണത്.

മദ്ഹബിന്റെ ഔപചാരിക തെളിവുകൾ മുഖല്ലിദ് കഴിയുന്നത്ര പഠിക്കാൻ ശ്രമിക്കേണ്ടതുണ്ട്. എന്നാൽ എല്ലാ മുസ് ലിമിനും ഒരു പണ്ഡിതനാകാൻ കഴിയില്ലെന്ന് വ്യക്തമാണ്. പാണ്ഡിത്യം നേടിയെടുക്കാൻ ധാരാളം സമയമെടുക്കുമെന്നതിന് പുറമെ സമുദായത്തിന്റെ ശരിയായ മുന്നോട്ടുപോക്കിന് മിക്ക ആളുകൾക്കും മറ്റ് ജോലികൾ ഉണ്ടായിരിക്കണം: അക്കൗണ്ടന്റുമാരായോ പട്ടാളക്കാരായോ കശാപ്പുകാരായോ എല്ലാം. ആ നിലയിൽ, അവർക്കെല്ലാം മതിയായ ബുദ്ധിയുണ്ടെന്ന് കരുതിയാൽപ്പോലും അവർ വലിയ ഉലമാക്കളായി മാറുമെന്ന് ന്യായമായും പ്രതീക്ഷിക്കാനാവില്ല. അറിവില്ലാത്ത വിശ്വാസികൾ യോഗ്യതയുള്ള പ്രാവീണ്യമുള്ള ആളുകളെ ആശ്രയിക്കണമെന്ന് വിശുദ്ധ ഖുർആൻ തന്നെ പറയുന്നു: ‘ഇതൊന്നും നിങ്ങൾക്കറിയില്ലെങ്കിൽ നേരത്തെ ഉദ്ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക’ (16:43). (ഖുർആൻ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തിൽ, ഉദ്‌ബോധനം ലഭിച്ചവർ എന്നതു കൊണ്ടുള്ള ഉദ്ദേശം ഉലമാക്കളാണ്). ആയത്തിൽ, അറിവില്ലാത്തവർക്ക് ആധികാരികമായി മാർഗനിർദേശം നൽകുന്ന ഒരു കൂട്ടം നിപുണരെ സൃഷ്ടിക്കാനും അവരെ പരിപാലിക്കാനും മുസ്ലിംകളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു: ‘അവരിൽ ഓരോ വിഭാഗത്തിൽ നിന്നും ഓരോ സംഘം മതത്തിൽ അറിവുനേടാൻ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരുടെ അടുത്തേക്ക് മടങ്ങിവന്നാൽ അവർക്ക് ഉൽബോധനം നൽകാനുള്ള അറിവു നേടാനാണത്. അതുവഴി അവർ സൂക്ഷ്മത പുലർത്തുന്നവരായേക്കാം’ (9:122). ദൈവിക ഗ്രന്ഥങ്ങളെ കൃത്യമായി മനസ്സിലാക്കാൻ ആവശ്യമായ പാണ്ഡിത്യത്തിന്റെ ഗഹനതയും അവയെ വളച്ചൊടിക്കുന്നതിനെതിരെയുള്ള തീവ്രമായ മുന്നറിയിപ്പുകളും കണക്കിലെടുക്കുമ്പോൾ, സാധാരണ മുസ്ലിംകൾ സ്വന്തം യുക്തിയെയും പരിമിതമായ അറിവിനെയും ആശ്രയിക്കാതെ പണ്ഡിതരുടെ അഭിപ്രായം പിന്തുടരാൻ ബാധ്യസ്ഥരാണെന്നത് വ്യക്തമാണ്. ഈ കടമയെപ്പറ്റി ആദ്യകാല മുസ്ലിംകൾക്ക് നല്ല അവബോധമുണ്ടായിരുന്നു: അബൂബക്കറിന്റെ വീക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി ഞാൻ പുതിയ കാഴ്ചപ്പാടുണ്ടാക്കിയാൽ ഞാൻ ദൈവത്തിന് മുമ്പിൽ ലജ്ജിക്കേണ്ടി വരുമെന്ന് പറഞ്ഞ ഖലീഫ ഉമർ (റ) അബൂബക്കറിന്റെ (റ) ചില വിധികൾ പിന്തുടരുമായിരുന്നു. ഇബ്നു മസ്ഊദ് (റ) പൂർണാർത്ഥത്തിൽ ഒരു മുജ്തഹിദ് ആയിരുന്നിട്ടും ചില വിഷയങ്ങളിൽ ഉമർ (റ)യെ പിന്തുടർന്നിരുന്നു. അൽ ശാബി പറയുന്നതിങ്ങനെ: ‘ഇബ്നു മസ്ഊദ്, ഉമർ ബിൻ ഖത്താബ്, അലി, സൈദ് ഇബ്നു സാബിത്, ഉബയ്യ് ഇബ്നു കഅ്ബ്, അബൂമൂസൽ അശ്അരി എന്നീ നബി (സ്വ) യുടെ ആറ് അനുചരന്മാർ ആളുകൾക്ക് ഫത് വ നൽകാറുണ്ടായിരുന്നു. ഇവരിൽ മൂന്ന് പേർ മറ്റ് മൂന്ന് പേരുടെ വിധിന്യായങ്ങൾക്ക് അനുകൂലമായി സ്വന്തം വിധികൾ ഉപേക്ഷിക്കും. ഉമറിന്റെ വിധിന്യായത്തിനായി ഇബ്‌നു മസ്ഊദ് സ്വന്തം വിധി ഉപേക്ഷിക്കും, അബൂമൂസ അലിയുടെ വിധിന്യായത്തിനായി സ്വന്തം വിധി ഉപേക്ഷിക്കും, ഉബയ്യ് ഇബ്‌നു കഅ്ബിന്റെ വിധിന്യായത്തിനായി സൈദ് തന്റെ സ്വന്തം വിധി ഉപേക്ഷിക്കും.’

സ്വയം ആശ്രയിക്കുന്നതിനുപകരം സുന്നത്തിലേക്കുള്ള വഴികാട്ടിയായി ഒരു പ്രമുഖനായ ഇമാമിനെ പിന്തുടരുന്നതാണ് ഉത്തമം എന്ന ഈ വിധി ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലെ ന്യൂനാൽ ന്യൂനപക്ഷമായ മുസ്ലിംകളെ പ്രത്യേകിച്ചും ബാധിക്കുന്നു. ഒരാൾക്ക് അറബി അറിയില്ലെങ്കിൽ, ഒരു പ്രത്യേക വിഷയസംബന്ധിയായ എല്ലാ ഹദീസുകളും വായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും അയാൾക്കതിന് കഴിയില്ല എന്ന ലളിതമായ കാരണത്താലാണിത്. ദൈർഘ്യം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ, അടിസ്ഥാന ഹദീസ് ശേഖരങ്ങളിൽ നിന്നും പത്തിൽ കൂടുതൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. ബുഖാരിയിലും മുസ്ലിമിലും ഇതുവരെ വിവർത്തനം ചെയ്ത മറ്റ് കൃതികളിലും കാണാൻ കഴിയാത്ത ധാരാളം പ്രധാനപ്പെട്ട ഹദീസുകൾ അടങ്ങിയിട്ടുള്ള ഇമാം അഹ്‌മദ് ഇബ്നു ഹൻബലിന്റെ മുസ്നദ്, ഇബ്നു അബീശൈബയുടെ മുസന്നഫ്, ഇബ്നു ഖുസൈമയുടെ സഹീഹ്, അൽഹാകിമിന്റെ മുസ്തദ്‌റക്, തുടങ്ങി നിരവധി വാള്യങ്ങളുള്ള ശേഖരങ്ങൾ ഉൾപ്പെടെ മുന്നൂറിലധികം കൃതികൾ ഇനിയും വിവർത്തനം ചെയ്യപ്പെടാതെ അവശേഷിക്കുന്നു. നിലവിലുള്ള വിവർത്തനങ്ങൾ പൂർണ്ണമായും കൃത്യമാണെന്ന് നാം കരുതിയാലും, ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് ശരീഅത്ത് നിയമങ്ങൾ രൂപപ്പെടുത്താൻ അറബിഭാഷയിൽ പ്രാവീണ്യമില്ലാത്തവർക്കാവില്ലെന്ന് വ്യക്തമാണ്. വിവർത്തനം ചെയ്യപ്പെട്ട ഹദീസുകളുടെ മാത്രം അടിസ്ഥാനത്തിൽ ശരീഅത്തിനെ വിവേചിച്ചറിയാൻ ശ്രമിക്കുന്നത് സുന്നത്തിനോടുള്ള അവഗണനയായി മാറുകയും പിന്നീട് ഗുരുതരമായ വികലതകളിലേക്ക് നയിക്കുകയും ചെയ്യും.

ഇതിന്റെ രണ്ട് ഉദാഹരണങ്ങൾ പറയാം. അവ്യക്തത കുറഞ്ഞ കേസുകളിൽ ഹദ്ദ് ശിക്ഷകൾ പ്രയോഗിക്കാൻ പാടില്ലെന്നും അത്തരം അവ്യക്തതകൾ നിലവിലുണ്ടെന്ന് തെളിയിക്കാൻ ഖാദി നിരന്തരം ശ്രമിക്കണമെന്നുമുള്ള തത്വം സുന്നി മദ്ഹബുകൾ മുന്നോട്ടുവെക്കുന്നുണ്ട്. പ്രധാനപ്പെട്ട ആറ് ഹദീസ് ശേഖരങ്ങൾ (സ്വിഹാഹുസ്സിത്ത) ഉപരിപ്ലവമായി പരിശോധിച്ചാൽ ഇതിന് സ്ഥിരീകരണമൊന്നും ലഭിക്കില്ല. എന്നാൽ ഇബ്നു അബീശൈബയുടെ മുസന്നഫിലും അൽ ഹാരിഥിയുടെ മുസ്നദിലും മുസദ്ദദ് ഇബ്നു മുസർഹദിന്റെ മുസ്നദിലും രേഖപ്പെടുത്തിയിരിക്കുന്ന വിശ്വാസയോഗ്യമായ ശൃംഖലയിലൂടെ വന്ന ഒരു ഹദീസിനെ അടിസ്ഥാനമാക്കിയാണ് മദ്ഹബുകൾ വിധി പറഞ്ഞത്. ആ ഹദീസ് ഇതാണ്: ‘അവ്യക്തതകളുണ്ടായാൽ ഹദ്ദിനെ ഒഴിവാക്കുക.’ ഇമാം സനാനി തന്റെ അൽഅൻസ്വാബ് എന്ന ഗ്രന്ഥത്തിൽ ഈ ഹദീസിന്റെ സാഹചര്യം വ്യക്തമാക്കുന്നുണ്ട്: ‘മദ്യപിച്ച നിലയിൽ കണ്ടെത്തിയ ഒരാളെ ഉമർ (റ)ന്റെ അടുത്തേക്ക് കൊണ്ടുവരികയുണ്ടായി. അയാളെ എൺപത് ചാട്ടയടി പ്രയോഗിക്കാൻ ഉമർ (റ) ഉത്തരവിട്ടു. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: ഉമർ, നീ എന്നോട് അനീതി ചെയ്തു! ഞാനൊരു അടിമയാണ്! (അടിമകൾക്ക് ശിക്ഷയുടെ പകുതിയേ ലഭിക്കൂ.) തന്റെ ചെയ്തിയിൽ ദുഃഖിതനായ ഉമർ (റ) പ്രവാചകന്റെ മേൽപറഞ്ഞ ഹദീസ് പാരായണം ചെയ്യുകയുണ്ടായി.’

ഇതിന്റെ മറ്റൊരുദാഹരണം, മഗ് രിബ് നമസ്‌കാരം അവസാനിച്ചതിന് ശേഷം കഴിയുന്നത്ര വേഗം സുന്നത്ത് നമസ്‌കാരം നിർവഹിക്കണമെന്ന മദ്ഹബുകൾ അംഗീകരിച്ച സമ്പ്രദായമാണ്. ഹദീസിൽ പറയുന്നതിങ്ങനെ: ‘മഗ് രിബിന് ശേഷമുള്ള രണ്ട് റക്അത്തുകൾ നിർവഹിക്കാൻ തിടുക്കം കൂട്ടുക. കാരണം അവ നിർബന്ധിതമായ നമസ്‌കാരത്തോടൊപ്പം സ്വർഗത്തിലേക്ക് ഉയർത്തപ്പെടുന്നതാണ്.’ ഇമാം റസീൻ തന്റെ ജാമിഇൽ ഉദ്ധരിച്ച ഹദീസാണിത്.

ഇസ്ലാമിക നിയമത്തെ വളച്ചൊടിക്കുമോയെന്ന പരമ്പരാഗതമായ ഭയം നിമിത്തം, മുൻകാല പണ്ഡിതന്മാരിൽ ബഹുഭൂരിപക്ഷവും – അവരിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിലധികം – ഏതെങ്കിലുമൊരു മദ്ഹബിനോട് ചേർന്നുനിൽക്കുന്നുണ്ട്. പ്രശ്നകലുഷിതമായ പതിനാലാം നൂറ്റാണ്ടിൽ ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം എന്നിവരെപ്പോലുള്ള ഒരുപിടി ഭിന്നാഭിപ്രായക്കാർ പ്രത്യക്ഷപ്പെട്ടുവെന്നത് ശരിയാണ്; എന്നാൽ ഈ വ്യക്തികൾ പോലും കൃത്യമായ വിദ്യാഭ്യാസമില്ലാത്ത മുസ്ലിംകൾ വിദഗ്ധ സഹായമില്ലാതെ ഇജ്തിഹാദ് ചെയ്യാൻ ശ്രമിക്കണമെന്ന് ഒരിക്കലും ശുപാർശ ചെയ്തിട്ടില്ല. എന്തുകൊണ്ടോ, ഈ പണ്ഡിതന്മാർ അടുത്തിടെ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും പ്രമുഖരാക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇസ് ലാമിക ലോകത്തെ മഹത്തായ ഗ്രന്ഥശാലകളിൽ സൂക്ഷിച്ചിരിക്കുന്ന അവരുടെ കൃതികളുടെ കൈയെഴുത്തുപ്രതികളുടെ എണ്ണം സൂചിപ്പിക്കുന്നത് പോലെ, ക്ലാസിക്കൽ ഇസ് ലാമിക പണ്ഡിതലോകത്ത് അവരുടെ സംഭാവനകൾ തുലോം വിരളമായിരുന്നു.( തുടരും )

വിവ- മുഹമ്മദ് അഫ്സൽ പി ടി

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles