Current Date

Search
Close this search box.
Search
Close this search box.

മദ്ഹബുകളെ മനസ്സിലാക്കേണ്ടത് എങ്ങിനെയാണ് ? ( 3 – 7 )

മികച്ച ഗ്രാഹ്യശക്തിയുള്ള പണ്ഡിതർ തമ്മിൽ നിരന്തരം സംവാദങ്ങൾ നടന്നതിനോടൊപ്പം തന്നെ പ്രാമാണിക വചനങ്ങൾ തമ്മിലുള്ള പ്രകടമായ വൈരുദ്ധ്യത്തിന്റെ കാരണങ്ങളെ ആദ്യകാല പണ്ഡിതരിൽ പലരും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാനപരമായ ധാർമികതയോടുള്ള വിശ്വസ്തത ഉറപ്പാക്കുന്ന വിധത്തിൽ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനായുള്ള സ്ഥിരമായ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇസ്ലാമിക കർമശാസ്ത്രത്തിന്റെ (ഉസൂലുൽ ഫിഖ്ഹ്) ഭൂരിഭാഗവും വികസിതമാകുന്നത്. ഫിഖ്ഹീ നിയമ സങ്കൽപങ്ങളിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ ഒന്നായ തആറുദുൽ അദില്ല (തെളിവുകളുടെ പരസ്പര വൈരുദ്ധ്യം) എന്ന പദം ഇസ് ലാമിക കർമ്മശാസ്ത്രത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിചിതമായിരിക്കും. ഇബ്നു ഖുതൈബയെപ്പോലുള്ള ആദ്യകാല പണ്ഡിതന്മാരിൽ പലർക്കും മുഴുവൻ ഗ്രന്ഥങ്ങളും ഈ വിഷയത്തിനായി നീക്കിവയ്‌ക്കേണ്ടിവന്നിരുന്നു.

ദൈവിക ഗ്രന്ഥങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ വ്യാഖ്യാനത്തിന്റെ പ്രശ്‌നങ്ങൾ മാത്രമാണെന്നും പ്രവാചകൻ (സ്വ) പറഞ്ഞതുപോലെ നിയമദാതാവായ അല്ലാഹുവിന്റെ സന്ദേശത്തിലെ പൊരുത്തക്കേടുകളല്ല അവ പ്രതിഫലിപ്പിക്കുന്നതെന്നും ഉസ്വൂലി പണ്ഡിതർ അംഗീകരിച്ചു. പ്രവാചകന്റെ വിയോഗത്തിന് മുമ്പ് തന്നെ ഇസ്ലാമിന്റെ സന്ദേശം പൂർണമായി കൈമാറിയിരുന്നു; പിന്നീടുള്ള പണ്ഡിതന്മാർ ചെയ്തത് ആ സന്ദേശത്തിന്റെ വ്യാഖ്യാനം മാത്രമായിരുന്നു, അതിലുള്ള ഭേദഗതികളായിരുന്നില്ല.

ഈ അവബോധമുള്ള ഒരു ഇസ്ലാമിക പണ്ഡിതൻ, പ്രശ്നകരമായ ഗ്രന്ഥങ്ങളുടെ സൂക്ഷമവായന ആരംഭിക്കുന്നത് അനേകം പ്രാഥമിക വൈജ്ഞാനികമായ വിശകലനങ്ങളുടെയും പരിഹാര രീതികളുടെയും പരീക്ഷണത്തോടെയാണ്. ആദ്യകാല ഉലമാക്കൾ വികസിപ്പിച്ച സമ്പ്രദായപ്രകാരം രണ്ട് ഖുർആനിക പ്രസ്താവനകളോ അല്ലെങ്കിൽ ഹദീസ് പരാമർശങ്ങളോ പരസ്പര വിരുദ്ധമായി തോന്നിയാൽ, അറബിഭാഷാ വ്യാഖ്യാനത്തിലെ പിശക് മൂലമാണ് വൈരുദ്ധ്യം ഉണ്ടാകുന്നത് എന്നുണ്ടെങ്കിൽ പണ്ഡിതൻ ആദ്യം അതിലെ വാക്യങ്ങളെ ഭാഷാപരമായി വിശകലനം ചെയ്യണം. ഈ രീതി ഉപയോഗിച്ച് വൈരുദ്ധ്യം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, ഭാഷാപരവും നിയമപരവും ചരിത്രപരവുമായ അനേകം വിദ്യകളുടെ അടിസ്ഥാനത്തിൽ അവയിലേതെങ്കിലും തഖ്സീസിന് വിധേയമാണോ എന്ന് നിർണ്ണയിക്കാൻ അദ്ദേഹം ശ്രമിക്കണം. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ബാധകമാകുന്ന ഈ തഖ്‌സീസ് കൊണ്ടുദ്ദേശിക്കുന്നത് ഇതര പരാമർശത്തിൽ വന്നിട്ടുള്ള കൂടുതൽ പൊതുവായ തത്വത്തിൽ നിന്നും ഇപ്പറഞ്ഞതിനെ ഒഴിവാക്കുക എന്നതാണ്. അനേകം അസ്നാദുകൾ (മുതവാതിർ അല്ലെങ്കിൽ മഷ്ഹൂർ) ഉള്ള ഹദീസും ഖുർആനിക സൂക്തവും ഒരു അസ്നാദ് മാത്രമുള്ള ഒരു ഹദീസിനെ (അഹദ്) അസാധുവാക്കും എന്ന തത്വം അനുസ്മരിച്ചുകൊണ്ട് ഫഖീഹ് ചെയ്യേണ്ടത് റിപ്പോർട്ടുകളുടെ പ്രാമാണികമായ അവസ്ഥയെ വിലയിരുത്തുകയാണ്. ഈ സംവിധാനങ്ങളെല്ലാം പ്രയോഗിച്ചതിന് ശേഷവും വൈരുദ്ധ്യം നിലനിൽക്കുന്നതായി കണ്ടെത്തുകയാണെങ്കിൽ, ഗ്രന്ഥങ്ങളിലൊന്ന് മറ്റൊന്നിനെ ഔപചാരികമായി റദ്ദാക്കാനുള്ള (നസ്ഖ്) സാധ്യത അദ്ദേഹം അന്വേഷിക്കണം.

നസ്ഖിന്റെ ഈ തത്വം, സുന്നി പണ്ഡിതർ തആറുദുൽ അദില്ലയുടെ കാര്യത്തിൽ ഇടപെടുമ്പോൾ പ്രവാചകന്റെ (സ്വ) ജീവിതകാലത്ത് അംഗീകരിക്കപ്പെട്ട പ്രാമാണിക കാഴ്ചപ്പാടുകളിലധിഷ്ഠിതമായാണ് തങ്ങളുടെ സമീപനം രൂപപ്പെടുത്തിയത് എന്നതിന്റെ ഒരു ഉദാഹരണമാണ്. പ്രവാചകൻ തന്റെ ജീവിതകാലത്ത് സ്വഹാബാക്കളെ പഠിപ്പിക്കുകയും പരിചരിക്കുകയും വിഗ്രഹാരാധനയുടെ വന്യതയിൽ നിന്ന് ഏകദൈവ വിശ്വാസത്തിന്റെ ശാന്തമായ പാതയിലേക്ക് അവരെ കൊണ്ടുവരുകയും ചെയ്തപ്പോൾ, ഇജ്മാഅ് മുഖേനയാണ് ആ അധ്യാപനങ്ങൾ അവരുടെ വികാസത്തിന് അനുസൃതമായി ദൈവികമായി രൂപപ്പെട്ടതെന്ന് അവർ മനസ്സിലാക്കിയിരുന്നു. ആദ്യമായി ഖുർആൻ വാക്യത്തിലൂടെ നിരുത്സാഹപ്പെടുത്തുകയും പിന്നീട് അപലപിക്കുകയും ഒടുവിൽ നിരോധിക്കുകയും ചെയ്ത പടിപടിയായിട്ടുള്ള വീഞ്ഞിന്റെ നിരോധനമാണ് ഇതിന്റെ ഏറ്റവും പ്രസക്തമായ ഒരുദാഹരണം. ഇസ് ലാമിന്റെ ആദ്യഘട്ടത്തിൽ മുസ് ലിം ഉമ്മത്തിന് പ്രാമാണികമായ രണ്ട് നേരത്തെ പ്രാർഥനകളാണ് നിർബന്ധിതമായി ഉണ്ടായിരുന്നത് മിഅ്‌റാജിനെ തുടർന്ന് അത് ദിവസത്തിൽ അഞ്ച് തവണയായി ഉയർത്തിയത് ഇതിന്റെ അടിസ്ഥാനപരമായ മറ്റൊരു ഉദാഹരണമാണ്. ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ മുത്അ (താൽക്കാലിക വിവാഹം) അനുവദനീയമായിരുന്നു. എന്നാൽ സാമൂഹിക സാഹചര്യങ്ങൾ വികസിക്കുകയും സ്ത്രീകളോടുള്ള ആദരവ് വളരുകയും ധാർമികമൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുകയും ചെയ്തതോടെ പിന്നീട് അത് നിരോധിക്കപ്പെട്ടു. ഇനിയും നിരവധി ഉദാഹരണങ്ങൾ ഇതിനുണ്ട്. ഹിജ്റക്ക് തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ ഉമ്മത്തിന്റെ സാഹചര്യങ്ങൾക്ക് സമൂലമായ മാറ്റങ്ങൾ സംഭവിച്ചപ്പോളാണ് ഇവയിൽ മിക്കതും സംഭവിച്ചതെന്നു കാണാം.( തുടരും )

വിവ- മുഹമ്മദ് അഫ്സൽ പി ടി

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles