Current Date

Search
Close this search box.
Search
Close this search box.

മദ്ഹബുകളെ മനസ്സിലാക്കേണ്ടത് എങ്ങിനെയാണ് ? ( 2 – 7 )

ശീഈ ആശയങ്ങളുടെ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തെ മനസിലാക്കാൻ ഇമാമീ വാദത്തിന്റെ ഉയർച്ചയെപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾ ഏറെ സഹായിക്കുമെന്ന് കരുതുന്നു. അഞ്ചാം നൂറ്റാണ്ടിലെ സുന്നീ പുനരുത്ഥാനത്തിനു ശേഷം സുന്നിസം കൂടുതൽ കെട്ടുറപ്പുള്ള ഒരു വ്യവസ്ഥയായി വികസിച്ചുവന്നപ്പോൾ ശീഇസത്തിന്റെ വളർച്ചയുടെ ഗതി താഴോട്ടായിരുന്നു. ഇമാം ഗസ്സാലിയുടെ ഫളാഇഹുൽ ബാത്വിനിയ്യ എന്ന ഗ്രന്ഥത്തിലൂടെ ബാത്വിനി വിഭാഗത്തിന്റെ രഹസ്യാചാരങ്ങളെയും മറ്റും അദ്ദേഹം വെളിച്ചത്ത് കൊണ്ടുവരികയും ശക്തമായി വിമർശിക്കുകയും ചെയ്തത് ശീഇകളിലെ തീവ്രവിഭാഗമായ ഇസ്്മാഈലികൾക്ക് വലിയ തിരിച്ചടിയായിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ചെങ്കിസ് ഖാന്റെ കീഴിലുള്ള മംഗോളിയൻ സൈന്യം ഇസ്ലാമിന്റെ മധ്യപ്രദേശങ്ങൾ ആക്രമിക്കുകയും നാശംവിതക്കുകയും ചെയ്തതിന് ശേഷം മാത്രമാണ് ഷിയാ ആശയങ്ങളുടെ വളർച്ച വീണ്ടും പുരോഗതി പ്രാപിച്ചത്.

മംഗോളിയൻ അധിനിവേശം സങ്കൽപിക്കാനാവാത്ത വിധം ഇസ് ലാമിക നാടുകളെ തകർത്തുകളയുകയുണ്ടായി. ഉദാഹരണത്തിന്, ഇറാഖ് ഹെറാത്ത് നഗരത്തിലെ ഒരു ലക്ഷം നിവാസികളിൽ നിന്നും നാൽപത് പേർ മാത്രമാണ് ആക്രമണത്തെ അതിജീവിച്ചതത്രെ. ഈ അരാജകാവസ്ഥയുടെ പശ്ചാത്തലത്തിൽ, പുതുതായി മതപരിവർത്തനം ചെയ്ത ടർക്കോമൻ നാടോടികൾ ഇസ് ലാമിക നാടുകളിലേക്ക് കടന്നുവരികയും മുസ് ലിം നഗരങ്ങളിലെ സുന്നീ ഉലമാക്കൾ മിക്കവരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇസ് ലാമിക നാടുകളിൽ പൊതുവായി രൂപപ്പെട്ട പ്രക്ഷുബ്ധതയുടെയും പ്രതീക്ഷയുടെയും അന്തരീക്ഷം ശീഈ തീവ്രവാദ രൂപങ്ങൾക്കാണ് ഒടുവിൽ ഗുണകരമായി മാറിയത്. ഒരുകാലത്ത് സുന്നിസത്തോട് കൂറ് പുലർത്തിയിരുന്ന രാജ്യമായ ഇറാനിൽ ശീഇസം വിജയക്കൊടി പാറിക്കുന്നത് ആ വേദനാജനകമായ കാലഘട്ടത്തിലാണ്.

ആദ്യകാല ഇസ്ലാമിലെ മറ്റൊരു വലിയ വിമത പ്രസ്ഥാനമായിരുന്നു ഖവാരിജുകൾ. മുആവിയ(റ)യുമായുള്ള തർക്കം അലി (റ) മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ സമ്മതിച്ചപ്പോൾ അലിയുടെ സൈന്യത്തിൽ നിന്ന് അവർ വിഘടിച്ചുപോവുകയായിരുന്നു. ‘വിധിനിർണയാവകാശം അല്ലാഹുവിന് മാത്രമാണ്’ എന്ന ഖുർആനിക വാക്യം വിളിച്ച്, അവർ അലിക്കും നിരവധി പ്രമുഖ സ്വഹാബികൾ ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ സൈന്യത്തിനുമെതിരെ ശക്തമായി പോരാടി. അവസാനം അലി (റ) നഹ്റുവാൻ യുദ്ധത്തിലാണ് ഖവാരിജുകളുടെ ഭീഷണിയെ ഇല്ലാതാക്കുന്നത്. ഖവാരിജുകളിൽ നിന്നും പതിനായിരത്തോളം പേർ ഈ യുദ്ധത്തിൽ മരിക്കുകയുണ്ടായി.

ആദ്യകാലത്തെ ഖവാരിജുകൾ നശിപ്പിക്കപ്പെട്ടെങ്കിലും, ഖവാരിജിസം എന്ന ആശയം വീണ്ടും നിലനിന്നു. അവർ സ്വയം രൂപപ്പെടുത്തിയ പ്രകാരം ശീഇസത്തിന്റെ നേർവിപരീത സിദ്ധാന്തമായി അത് മാറി. പാരമ്പര്യമായ, പ്രഭാവമുള്ള നേതൃസങ്കൽപ്പത്തെ ഇവർ നിരാകരിക്കുകയും വിശ്വാസിസമൂഹത്തിന്റെ നേതൃത്വം ഭക്തികൊണ്ട് മാത്രമാണ് തീരുമാനിക്കപ്പെടേണ്ടതെന്ന് ശഠിക്കുകയും ചെയ്തു. ആദ്യകാല ഖവാരിജുകൾ ആരാധനാപരമായ കാര്യങ്ങളിൽ അങ്ങേയറ്റത്തെ കാഠിന്യത്തിന് പേരുകേട്ടവരായിരുന്നു. വൻ പാപം ചെയ്യുന്ന ഏതൊരു മുസ്ലീമും അവിശ്വാസിയാണ് എന്ന ആശയം വരെ അവർ മുന്നോട്ടുവെച്ചു. ഈ തക്ഫീർ സിദ്ധാന്തപ്രകാരം, ഖുസെസ്ഥാനിലെ വിദൂര പർവതപ്രദേശങ്ങളിൽ അവർ തമ്പടിക്കുകയും ഉമയ്യ അധികാരം അംഗീകരിച്ച മുസ് ലിം പ്രദേശങ്ങളിൽ ആക്രമണമഴിച്ചുവിടുകയും ചെയ്തു. ഇത്തരത്തിൽ നിരപരാധികളായ അനേകം പേർക്ക് ജീവഹാനിയുണ്ടായതിന്റെ ഫലമായി ഉമവീ സൈന്യാധിപനായ ഹജ്ജാജ് ബിൻ യൂസുഫിനെപ്പോലുള്ളവരിൽ നിന്നും അവർക്ക് നിഷ്‌കരുണം പ്രതികാരനടപടികൾ നേരിടേണ്ടിവന്നു. പ്രത്യക്ഷമായ നിരാശ ബാധിച്ചിട്ടും, അവർ അക്രമങ്ങൾ തുടർന്നു. അലി(റ)വിനെ വധിച്ചത് നഹ്റുവാൻ യുദ്ധത്തിൽ നിന്നും അതിജീവിച്ച ഇബ്നു മുൽജിമായിരുന്നു. ഏറ്റവും പ്രമുഖമായ ഹദീസ് ശേഖരങ്ങളിലൊന്നിന്റെ രചയിതാവായ ഇമാം നസാഇയും 303/915-ൽ ഡമാസ്‌കസിൽ വെച്ച് ഖവാരിജുകളുടെ വാളിന്നിരയായി.

ഇസ് ലാമിന്റെ 4, 5 നൂറ്റാണ്ടുകൾ വരേക്കും ശീഇസം പോലെത്തന്നെ ഖവാരിജുകളും ഇറാഖിലും മധ്യേഷ്യൻ പ്രദേശങ്ങളിലും ഭീകരമായ അസ്ഥിരത സൃഷ്ടിച്ചു. ആ സമയത്ത്, ചരിത്രപരമായ ഒരു നിമിഷത്തിന് മുസ് ലിം ലോകം സാക്ഷിയായി. സുന്നിസം ഒരു വ്യവസ്ഥാപിതമായ സംവിധാനത്തിലേക്ക് ഏകീകൃതമാവുകയും ഭൂരിപക്ഷം ഉലമാക്കളും അതിന്റെ പിന്തുടർച്ചക്കാരാവുകയും ചെയ്തു എന്നതാണത്. അതിന്റെ ഫലമെന്നോണം ഇതര പ്രസ്ഥാനങ്ങളിലേക്കുള്ള കുത്തൊഴുക്ക് ഗണ്യമായി കുറയുകയുണ്ടായി.

ഇതായിരുന്നു അവിടെ സംഭവിച്ചത്: സമത്വവാദികളായ ഖവാരിജുകളുടെയും പാരമ്പര്യാധികാരവാദികളായ ശീഇസത്തിന്റെയും രണ്ട് തീവ്ര നിലപാടുകൾക്കിടയിലുള്ള മധ്യത്തിൽ നിലയുറപ്പിച്ച സുന്നി ഇസ്ലാമിൽ തങ്ങളുടെ ആധികാരികതാ സങ്കൽപ്പത്തെക്കുറിച്ചുള്ള സംവാദങ്ങൾ വളരെക്കാലമായി നടന്നിരുന്നു. സുന്നികളെ സംബന്ധിച്ചിടത്തോളം ആധികാരികത ഖുർആനിലും സുന്നത്തിലും നിക്ഷിപ്തമായിരുന്നു. എന്നാൽ സ്വഹാബികളുടെയും അനുയായികളുടെയും കുടിയേറ്റങ്ങളുടെ ഫലമായി ഇസ് ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രൂപങ്ങളിലും ആഖ്യാനങ്ങളിലുമായി ചിതറിക്കിടക്കുന്ന ഹദീസ് ശേഖരങ്ങളിൽ നിന്നും സുന്നത്തിനെ വ്യാഖ്യാനിക്കുന്നത് ഏറെ ശ്രമകരമായി. ലക്ഷക്കണക്കിന് ഹദീസ് റിപ്പോർട്ടുകളിൽ നിന്നും സ്വഹീഹായ ഹദീസുകൾ വേർതിരിച്ചെടുത്തപ്പോൾ പോലും പരസ്പരം വൈരുദ്ധ്യമുള്ളതോ, ഖുർആനിക സൂക്തങ്ങളോട് വിരുദ്ധമായതോ ആയ ഹദീസുകൾ വരെ ഉണ്ടായിരുന്നു. ഹദീസുകളുടെ ഒരു ചെറിയ ശേഖരം സ്ഥാപിക്കുകയും അവയിൽ നിന്ന് നേരിട്ട് നിയമങ്ങളും മറ്റും രൂപപ്പെടുത്തുകയും ചെയ്ത ഖവാരിജുകളുടേതു പോലുള്ള ലളിതമായ സമീപനം കൊണ്ടും കാര്യമില്ലെന്ന് വ്യക്തമായിരുന്നു. ഖുർആനും ഹദീസ് ശേഖരങ്ങളുടെയും യോജ്യമായ ഒരു പേജ് തുറന്ന് വിധി പുറപ്പെടുവിക്കാൻ ഖാദികൾക്ക് കഴിയാത്ത വിധം വൈരുദ്ധ്യങ്ങൾ അധികരിക്കുകയും വ്യാഖ്യാനങ്ങൾ വളരെ സങ്കീർണ്ണമായിത്തീരുകയും ചെയ്തിരുന്നു. ( തുടരും )

വിവ- മുഹമ്മദ് അഫ്സൽ പി ടി

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles