Current Date

Search
Close this search box.
Search
Close this search box.

സമയവും വിശ്വാസിയും

വിവിധവിഷയസ്പർശികളായ അനേകായിരം വൈജ്ഞാനിക ഗ്രന്ഥങ്ങൾ കൊണ്ട് സമ്പന്നമാണ് ഇസ്‌ലാമിക നാഗരികതയിലെ ഗ്രന്ഥാലയങ്ങൾ. തലമുറകളോളം തങ്ങളുടെ വൈജ്ഞാനികചിന്തകളും ആശയങ്ങളും പ്രകാശിപ്പിച്ചു നിർത്താൻ മുൻഗാമികൾ കണ്ട ഏറ്റവും മഹത്തായ മാതൃക ഗ്രന്ഥരചന തന്നെയായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ സ്വപ്‌നേപി പോലും അസാധ്യമെന്നു തോന്നിക്കുംവിധമുള്ള ഗ്രന്ഥങ്ങൾ അക്കാലത്ത് മിക്ക പണ്ഡിതരും രചിച്ചതായി കാണാം. ഒരു ഗ്രന്ഥാലയം നിറക്കാൻ മാത്രംപോന്ന ഗ്രന്ഥങ്ങൾ, അതും ഗഹനവും ചിന്താർഹവുമായവ അവരിൽ പലരും രചിച്ചു. ഇന്നും ആ ഗ്രന്ഥങ്ങളിലൂടെ ആ പണ്ഡിതർ ജീവിക്കുകയും പുതുതലമുറ വെളിച്ചംതേടുകയും ചെയ്യുന്നു. ചുരുങ്ങിയ കാലംമാത്രം ജീവിച്ചിട്ടും ഇത്രയും സമ്പന്നമായ വൈജ്ഞാനിക വിപ്ലവങ്ങൾ അവർക്ക് സാധ്യമായത് തങ്ങളുടെ നിയോഗദൗത്യമെന്താണെന്നുള്ള വ്യക്തമായ ബോധ്യമുള്ളതിനാലും അതനുസരിച്ച്, നൽകപ്പെട്ട ചുരുങ്ങിയ ആയുഷ്‌കാലം ഫലപ്രദമായി, സമയത്തിന്റെ വിലയറിഞ്ഞ് കൃത്യമായി ഉപയോഗിച്ചതിനാലുമായിരുന്നു. ഒരു പണ്ഡിതന്റെ ഗ്രന്ഥം അദ്ദേഹത്തിന്റെ അനശ്വരനായ പുത്രനു തുല്യമാണെന്ന ഇമാം ഇബ്‌നുൽ ജൗസിയുടെ വാക്കുകൾ എത്രസത്യം!

വെറുംവർത്തമാനങ്ങളിലും കളിതമാശകളിലും ലൗകികമായ വ്യവഹാരങ്ങളിലും സമയം പാഴാക്കാതെ തങ്ങളുടെ നിയോഗദൗത്യം പൂർത്തീകരിക്കാൻ അവർ സദാ കർമനിരതരായി. വെറുതെ നഷ്ടപ്പെട്ട സമയങ്ങളുടെ മേൽ അവർ പരിതപിച്ചു. താബിഉകളിൽ പ്രമുഖനായ ആമിറുബ്‌നു ഖൈസിനോട് ഒരാൾ വന്ന് വല്ല ഉപദേശവും നൽകൂ എന്ന് പറഞ്ഞപ്പോൾ, സൂര്യനെ പിടിച്ചുവെക്കൂ, എന്നാൽ ഞാൻ സംസാരിക്കാം എന്നായിരുന്നു അദ്ദേഹം പ്രതിവചിച്ചത്. എന്റെ ആയുസ്സിൽ നിന്ന് ഒരു ദിവസം കുറഞ്ഞുപോവുകയും എന്റെ സൽകർമങ്ങളിൽ ഒന്നും ഏറാതിരിക്കുകയും ചെയ്യുന്ന ഒരു ദിവസമോർത്ത് ഞാൻ ദുഃഖിച്ചതു പോലെ മറ്റൊരു കാര്യമോർത്തും ഞാൻ ദുഃഖിച്ചില്ല എന്ന് പരിതപിച്ചത് പ്രമുഖ സ്വഹാബിവര്യൻ അബ്ദുല്ലാഹിബ്‌നു മസ്ഊദാ(റ)യിരുന്നു.

സമയത്തെ സത്യം ചെയ്ത് വിശുദ്ധ ഖുർആനിൽ അല്ലാഹു ഒരുപാടു കാര്യങ്ങൾ പറഞ്ഞതായി കാണാം. അതിപ്രധാനമായ കാര്യങ്ങൾ പറയുമ്പോൾ അല്ലാഹു ഈ ശൈലിയാണ് ഉപയോഗിച്ചിട്ടുള്ളത്. കാലംതന്നെ സത്യം എന്നു തുടങ്ങുന്ന സൂറത്തുൽ അസ്വ്‌റിന്റെ വിശദീകരണത്തിൽ ഇമാം ഫഖ്‌റുദ്ദീൻ റാസി പറയുന്നു:’സമയത്തിൽ ഒരുപാട് അത്ഭുതങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരാൾ തനിക്ക് നൽകപ്പെട്ട ആയിരത്തോളം വർഷം വെറുതെ പാഴാക്കിക്കളയുകയും ജീവിതത്തിന്റെ ഏറ്റവുമവസാനത്തെ നിമിഷത്തിൽ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ അതിന്റെ ഫലമായി ശാശ്വതമായ സ്വർഗത്തിലാവുമയാൾ. അപ്പോഴയാളുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ സമയം ആ അവസാനത്തെ നിമിഷമാണ്.’ ഒരു നിമിഷം പോലും വിശ്വാസിയുടെ ജീവിതത്തിൽ വെറുതെയാവരുതെന്ന് ഇത് പറഞ്ഞുതരുന്നു. ‘ഒരാൾക്ക് അറുപതുവരെ വയസ്സു നൽകപ്പെട്ടാൽ അവൻ ഒഴിവുകഴിവുകൾ ഇല്ലാത്തവനായിത്തീർന്നു’വെന്ന ഹദീസും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. ഞാൻ സ്വൂഫികളുമായി ഒരുപാട് സഹവസിച്ചുവെന്നും രണ്ടു വാക്കുകളാണ് ഞാനവരിൽ നിന്ന് ആകെ പഠിച്ചതെന്നും പറഞ്ഞ് ഇമാം ശാഫിഈ(റ) പറയുന്നു; സമയം വാളുപോലെയാണ്, നീ അതിനെ കീഴടക്കിയില്ലെങ്കിൽ അതുനിന്നെ വെട്ടിമുറിക്കും എന്നതാണ് അതിലൊന്ന്.

പുണ്യമാക്കപ്പെട്ട, അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കുമെന്ന് തിരുനബി സാക്ഷ്യപ്പെടുത്തിയ സമയങ്ങളെ പൂർവികരായ പണ്ഡിതർ പ്രത്യേകം ഉപയോഗപ്പെടുത്തി. സുബ്ഹിന് മുമ്പുള്ള അത്താഴസമയവും രാത്രിയുടെ യാമങ്ങളിലെ ശാന്തമായ സമയവുമെല്ലാം അവരുടെ ചിന്തകൾക്കും ആശയങ്ങൾക്കും തെളിച്ചവും തിളക്കവും പകർന്നു. വളരെ അൽപംമാത്രം ഭക്ഷിക്കുകയും വിശ്രമിക്കുകയും ചെയ്ത് തങ്ങളുടെ പരമലക്ഷ്യം വൈജ്ഞാനിക സേവനമാണെന്ന് അവർ തിരിച്ചറിഞ്ഞുവെന്നതാണ് സത്യം. ചിലർ ശാന്തമായ പുഴയോരങ്ങളിലും തോട്ടങ്ങളിലുമിരുന്ന് ഗ്രന്ഥരചന നടത്തി. അവിശ്രമമായ അത്തരം ഉദ്യമങ്ങളാണ് ഇന്നും മുസ്‌ലിം ഗ്രന്ഥശാലകളെ അലങ്കരിക്കുന്ന എണ്ണമറ്റ ഗ്രന്ഥങ്ങൾക്ക് പിറവിനൽകിയത്. അതുതന്നെയാണ് അബ്ബാസി ഖിലാഫത്തിന്റെ കാലത്ത് ബഗ്ദാദിലെ ബൈത്തുൽ ഹിക്മയെയും അമവി കാലത്തെ അന്ദുലുസിലെ(മുസ്‌ലിം സ്‌പെയിൻ) ഗ്രന്ഥശാലകളെയും ഫാത്വിമികളുടെ കീഴിലെ മിസ്‌റിലെ ലൈബ്രറികളെയും ചരിത്രത്തിൽ അതുല്യമാക്കിയത്. അതുകൊണ്ടാണ് ‘ഉഖൂദുൽ ജൗഹർ ഫീ തറാജിമി മൻലഹും ഖംസൂന തസ്‌നീഫൻ ഫ മിഅതൻ ഫ അക്ഥർ'(അൻപതോ നൂറോ അതിലധികമോ ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതരുടെ ജീവചരിത്രം) എന്ന പേരിൽ പോലുമുള്ള, 1352 ൽ വഫാത്തായ ജമീലുൽ അളമി അദ്ദിമശ്ഖി എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങൾ പിറന്നത്.

ഏറെ പ്രചോദനങ്ങൾ നിറഞ്ഞ ആ വൈജ്ഞാനിക വിളക്കുമാടങ്ങളിൽ നിന്ന് ഒരുതിരിവെട്ടമെങ്കിലും സ്വീകരിക്കാനായാൽ നമ്മുടെയൊക്കെ ജീവിതം സാർഥകമാവും. അവരുടെ നൂറിലൊരംശമെങ്കിലും ആത്മാർഥതയും പരിശ്രമവും നമുക്ക് മുതൽക്കൂട്ടായുണ്ടെങ്കിൽ മെഴുകുതിരിവെട്ടം പോലുള്ള ഈ ജീവിതം സുവർണമയമാവും. ആ ഉദ്യമത്തിലേക്കുള്ള ഒരു വിനീതമായ ശ്രമമാണിത്. ചില ഹൃദയങ്ങളിലെങ്കിലും വിചിന്തനത്തിന്റെ കനലു തെളിയട്ടെയെന്നാണ് ആത്മാർഥമായ പ്രാർഥന. അല്ലാഹു അനുഗ്രഹിക്കട്ടെ.

***
സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിൽ വ്യക്തമായ മാതൃകയാണ് മുൻകാല പണ്ഡിതർ. ആ കണിശത ഒന്നുകൊണ്ടുമാത്രമാണ് അത്ര വിശാലമായ ലോകം അവർക്കു മുന്നിൽ അനായാസം തുറക്കപ്പെട്ടത്. പ്രമുഖ പണ്ഡിതനായിരുന്ന ഇബ്‌നു സുകൈന(റ)യുടെ ജീവിതരീതികളെയും സമയക്രമത്തെയും കുറിച്ച് ചരിത്രപണ്ഡിതരെല്ലാം വാചാലരായിട്ടുണ്ട്. ഹദീസ് വിഷയങ്ങളിൽ അഗാധപണ്ഡിതനായിരുന്ന അദ്ദേഹത്തെ തേടി വിവിധ പ്രദേശങ്ങളിൽ നിന്നുപോലും വിദ്യാർഥികളെത്തിയിരുന്നു. ഖുർആൻ പാരായണം, ദിക്‌റ്, തഹജ്ജുദ്, ജനങ്ങളെ കേൾക്കൽ എന്നതിൽ കവിഞ്ഞ് മറ്റൊന്നും അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. തന്റെ വീട്ടിൽ നിന്ന് ജുമുഅ, ജനാസ, പെരുന്നാൾ എന്നീ ആവശ്യങ്ങൾക്കു വേണ്ടി മാത്രമായിരുന്നു അദ്ദേഹം പുറത്തിറങ്ങിയിരുന്നത്.

മറ്റുള്ളവരുടെ വീടുകളിൽ സന്തോഷ വേളകളിലോ മറ്റോ അദ്ദേഹം പങ്കെടുത്തതുമില്ല. ഞാൻ കിഴക്കും പടിഞ്ഞാറും മുഴുവൻ കറങ്ങുകയും നിരവധി പണ്ഡിതരെ കാണുകയും ചെയ്തിട്ടുണ്ട്, പക്ഷെ ഇബ്‌നു സുകൈനയെപ്പോലെ ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്‌നു നജ്ജാർ പറയുന്നു. സമയത്തിന്റെ മൂല്യം കണക്കിലെടുത്ത് തന്റെ സദസ്സിലേക്ക് കടന്നുവരുന്ന ശിഷ്യന്മാരോട് അഭിവാദ്യം ചെയ്യുമ്പോൾ കൂടുതൽ അലങ്കരിച്ച് അഭിവാദ്യം ചെയ്യുന്നതിനു പകരം ‘സലാമുൻ അലൈകും’ എന്ന് മാത്രം പറഞ്ഞാൽ മതിയെന്നും ശേഷം വൈകാതെതന്നെ വൈജ്ഞാനിക ചർച്ചകളിൽ ഏർപ്പെടണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നത്രെ. ഇക്കാര്യം ബഗ്ദാദിലെ നിസാമിയ്യ മദ്‌റസയിലെ അധ്യാപകനായിരുന്ന യഹ്യ ബിനുൽ ഖാസിം പറയുന്നുണ്ട്(സൈ്വദുൽ ഖാത്വിർ- പേ. 67).

***
വിശ്വപണ്ഡിതനായ ഇമാം നവവി(റ)യുടെ ജീവിതത്തിൽ സമയത്തിന്റെ അത്ഭുതകരമായ ഉപയോഗത്തിന്റെ ഏടുകൾ കാണാം. ഹിജ്‌റ 649 കാലത്ത് ദമസ്‌കസിലെ മദ്‌റസത്തുറവാഹിയ്യയിൽ മദ്‌റസയിലെ ഭക്ഷണം കഴിച്ച് താമസിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശീലം. അക്കാലത്ത് രണ്ടുവർഷത്തോളം ശരീരം ഭൂമിയോടടുപ്പിച്ച് ശയനസുഖം അനുഭവിച്ചിട്ടില്ലെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം നാലര മാസം കൊണ്ട് ‘തൻബീഹ്’ എന്ന ഗ്രന്ഥവും ബാക്കി വർഷം കൊണ്ട് ‘മുഹദ്ദബ്’ എന്ന ഗ്രന്ഥത്തിന്റെ നാലിലൊരു ഭാഗവും മനഃപാഠമാക്കി.

വ്യത്യസ്ത വൈജ്ഞാനിക മേഖലകളിലായി ഓരോദിവസവും പന്ത്രണ്ടോളം ദർസുകൾ അദ്ദേഹം വിവിധ ഗുരുക്കന്മാരെ കേൾപിക്കാറുണ്ടായിരുന്നുവെന്ന് ശിഷ്യൻ അബുൽ ഹസൻ ബിൻ അത്താർ പറയുന്നു. ഇശാ നമസ്‌കാരത്തിന് ശേഷമുള്ള ഭക്ഷണവും അത്താഴസമയത്തെ പാനീയവും കഴിഞ്ഞാൽ മറ്റൊന്നും ഒരു ദിവസം രുചിച്ചു നോക്കിയിരുന്നില്ല. ശരീരം ഉറക്കിലേക്ക് വഴുതിവീഴുന്നത് ഭയന്ന് പഴങ്ങളോ മേത്തരം ഭക്ഷണങ്ങളോ രുചിച്ചതുമില്ല. ഭക്ഷണത്തിന്റെ വിഷയത്തിലെന്ന പോലെ വസ്ത്രങ്ങളിലും പരുക്കമായത് മാത്രമായിരുന്നു ശീലിച്ചത് അദ്ദേഹം. വിവാഹവും ചെയ്തില്ല. (തദ്കിറത്തുൽ ഹുഫ്ഫാള്- വാല്യം 4, പേ 1472).

***
ഇബ്‌നു അസാകിറിനെക്കുറിച്ച് ചരിത്രകാരൻ ഇബ്‌നു ഖല്ലികാൻ ‘വഫയാത്തുൽ അഅ്‌യാൻ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു:’അക്കാലത്തെ ശാമിലെ പ്രമുഖ മുഹദ്ദിസും ശാഫിഈ ഫഖീഹുമായിരുന്നു അദ്ദേഹം. എന്നാലും ഹദീസിന്റെ പേരിലായിരുന്നു അദ്ദേഹം വിശ്രുതമായത്. മറ്റുള്ളവർക്കൊന്നും സാധ്യമാവാത്ത പലതും അദ്ദേഹത്തിന് സാധ്യമായി. നാടുകൾ പലതും ചുറ്റിത്തിരിഞ്ഞ്, പല ഗുരുക്കന്മാരെയും കണ്ടുമുട്ടി. ഹാഫിള് അബൂ സഅ്ദ് ഇബ്‌നുസ്സംആനി യാത്രയിലെ സഹചാരിയായിരുന്നു. സംആനി കണ്ടുമുട്ടിയ ശൈഖുമാരുടെ എണ്ണമാണെങ്കിൽ ഏഴായിരത്തോളം വരും! ഹദീസിലെ ഹാഫിള് കൂടിയായ അദ്ദേഹം ബഗ്ദാദ്, ഖുറാസാൻ, നൈസാബൂർ, ഹറാത്ത്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യാത്രചെയ്തു.

ഹാഫിളുദ്ദഹബി ‘തദ്കിറത്തുൽ ഹുഫാളി’ൽ അദ്ദേഹത്തെക്കുറിച്ചു പറയുന്നു:’തന്റെ ആറാം വയസ്സിൽ ഹദീസ് കേട്ടുതുടങ്ങിയ അദ്ദേഹം ഇരുപതാം വയസ്സിൽ ഹദീസ് തേടിയുള്ള യാത്രകൾ ആരംഭിച്ചു. ബഗ്ദാദ്, മക്ക, കൂഫ, നൈസാബൂർ, ഇസ്ഫഹാൻ, മർവ്, ഹറാത്ത് എന്നിവിടങ്ങളിൽ യാത്ര. ആയിരത്തിമുന്നൂറ് ശൈഖുമാരും എൺപതിൽ ചില്ലാനം ശൈഖമാരും(വനിതാ ഹദീസ് പണ്ഡിതർ) അദ്ദേഹത്തിനുണ്ട്. ഒരുപാടുപേർ അദ്ദേഹത്തിൽ നിന്ന് ഹദീസുകൾ സ്വീകരിച്ചു. അൻപതോളം ഗ്രന്ഥങ്ങൾ രചിച്ചു.

അദ്ദേഹത്തിന്റെ മകൻ ബഹാഉദ്ദീനുൽ ഖാസിം പറയുന്നു:’ജമാഅത്ത് നമസ്‌കാരവും ഖുർആൻ പാരായണവും പിതാവ് പതിവാക്കിയിരുന്നു. എല്ലാ വെള്ളിയാഴ്ചയും ഖുർആൻ ഖത്മ് പൂർത്തിയാക്കി. വിശുദ്ധ റമദാനിൽ എല്ലാ ദിവസവും ഖത്മ് ചെയ്തു. ധാരാളമായി സുന്നത്ത് നമസ്‌കാരങ്ങളും ദിക്‌റുകളും നിർവഹിച്ചു. ശഅ്ബാൻ പകുതിയിലെ രാത്രിയും രണ്ടു പെരുന്നാൾ രാത്രിയും ആരാധനകളാൽ നിരതമാക്കി. തന്നിൽ നിന്ന് പാഴായിപ്പോയിരുന്ന ഓരോ നിമിഷത്തിന്റെ പേരിലും സ്വയം വിചാരണ ചെയ്തിരുന്നു പിതാവ്. നാൽപതോളം വർഷം ഹദീസുകൾ കേൾക്കുക, വിവരങ്ങൾ ശേഖരിക്കുക എന്നതല്ലാതെ മറ്റൊരു ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല.'(വാല്യം 4, പേ 1328).

***
സമയത്തിന്റെ ഫലപ്രദമായ ഉപയോഗം വിശ്വാസി ശീലമാക്കേണ്ടതിനെക്കുറിച്ച് തന്റെ ‘സൈ്വദുൽ ഖാത്വിർ’ എന്ന ഗ്രന്ഥത്തിൽ മഹാനായ ഇബ്‌നുൽ ജൗസി(റ) വാചാലമാവുന്നുണ്ട്. സമയത്തിന്റെ മൂല്യം ഓരോ മനുഷ്യനും അറിഞ്ഞിരിക്കണമെന്നും ആരാധനകളിലായല്ലാതെ ഒരു നിമിഷം പോലും പാഴാക്കരുതെന്നും ശരീരം അശക്തമാവുന്നനേരം നിയ്യത്ത് എപ്പോഴും നല്ലതിലായിരിക്കണമെന്നും അദ്ദേഹം പറയുന്നു. ഖിദ്മത്ത് എന്ന പേരിൽ പലരും നിരന്തരം സന്ദർശിക്കുകയും ദീർഘനേരം അടുത്തിരുന്ന് മറ്റുപലരെക്കുറിച്ചുമുള്ള അപവാദങ്ങളും അനാവശ്യസംസാരങ്ങളും നടത്തി സമയം പാഴാക്കുന്ന പ്രവണത ഇക്കാലത്ത് പതിവാണെന്നും ആഘോഷവേളകളിൽ ഈ പ്രവണത ഏറെയാണെന്നും അല്ലാഹുവിന്റെ വലിയ അനുഗ്രഹം ലഭിച്ചവർക്കു മാത്രമേ സമയത്തിന്റെ മൂല്യം മനസ്സിലാകൂ എന്നും അദ്ദേഹം വ്യാകുലപ്പെടുന്നു.

സന്ദർശകർ കൂടുതലായി വരുമ്പോഴുള്ള ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ അദ്ദേഹം തരണം ചെയ്തിരുന്ന രീതി അതിമനോഹരമാണ്. അദ്ദേഹം തന്നെ പറയുന്നു:’സമയത്തിന്റെ മൂല്യം ഞാൻ വ്യക്തമായി മനസ്സിലാക്കിയതിനാൽ തന്നെ ഇത്തരം ഘട്ടങ്ങളിൽ ഞാൻ ചെറുതല്ലാത്ത പ്രതിസന്ധി അനുഭവിച്ചിരുന്നു. എന്റെ വെറുപ്പ് ഞാൻ പ്രകടമാക്കുകയാണെങ്കിൽ സൗഹൃദബന്ധം വിച്ഛേദിക്കുകയെന്ന പ്രശ്‌നം അവിടെ വരും. അതിന് ഞാൻ പൂർണമായി വിധേയപ്പെട്ടു കൊടുക്കുകയാണെങ്കിൽ സമയം വല്ലാതെ നഷ്ടമാവുകയും ചെയ്യും. കൂടിക്കാഴ്ചകൾ പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കുകയും കഴിയാതെ വന്നാൽ സംസാരം വളരെ ചുരുക്കി പെട്ടെന്നു തന്നെ നിറുത്താൻ ശ്രമിക്കുകയും ചെയ്തു. പിന്നീടാണ് സംസാരം തടസ്സമല്ലാത്ത ചില ജോലികൾ ഇത്തരം വേളകൾക്കു വേണ്ടി ഞാനൊരുക്കി വെച്ചത്. കടലാസുകൾ മുറിക്കുക, പേന ചെത്തിമിനുക്കുക, പുസ്തങ്ങൾക്ക് ചട്ടവെക്കുക തുടങ്ങിയ ചിന്തയോ മനഃസാന്നിധ്യമോ ആവശ്യമില്ലാത്ത ജോലികൾ ഇത്തരം കൂടിക്കാഴ്ച്ചാ സമയങ്ങളിൽ ചെയ്യുകയും സമയം നഷ്ടമാവുന്നതിന് പരിഹാരമാവുകയും ചെയ്തു.'(സൈ്വദുൽ ഖാത്വിർ- ഇബ്‌നുൽ ജൗസി- പേ 58). ഇത്തരം സന്ദർഭങ്ങളിൽ തുറന്നുപ്രതികരിച്ച പണ്ഡിതമാതൃകകളും ചരിത്രത്തിൽ കാണാം. മഅ്‌റൂഫുൽ കർഖിയുടേതായി ഇങ്ങനെയൊരു സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

***
വൈജ്ഞാനിക കാര്യങ്ങളിൽ കൂടുതൽ സമയം ലഭിക്കാനായി ഏകാന്തത പതിവാക്കുക, സംസാരിക്കുമ്പോൾ സലാം പറയുന്നതിലും അത്യാവശ്യകാര്യങ്ങൾ മാത്രം ചോദിക്കുന്നതിലും മാത്രം ഒതുക്കുക, ഭക്ഷണം കുറക്കുക എന്നീ മാർഗങ്ങളാണ് മുൻഗാമികൾ പരിചയപ്പെടുത്തുന്നത്. കൂടുതൽ ഭക്ഷിക്കുന്നത് കൂടുതൽ ഉറക്കം വിളിച്ചുവരുത്തുമെന്നും രാത്രി മുഴുവൻ ഉറക്കിലായി നഷ്ടമാവുമെന്നും അവർ പറയുന്നു. പൂർവസൂരികളുടെ ജീവിതം മുഴുവൻ കാണിച്ചുതരുന്നതും അതുതന്നെയാണ്. ഒരു പണ്ഡിതൻ വളരെ വേഗതയിൽ വായിക്കുന്നവനും വേഗതയിൽ എഴുതുന്നവനും വേഗതയിൽ ഭക്ഷിക്കുന്നവനുമാവണമെന്നും പണ്ഡിതർ നിർദേശിക്കുന്നതുകാണാം.

***
പണ്ഡിതരായി തുടരുമ്പോഴും വായനാശീലം ഉണ്ടാവേണ്ടതിനെക്കുറിച്ച് ഇബ്‌നുൽ ജൗസി(റ) ഒരുപാട് പറയുന്നുണ്ട്. വാല്യങ്ങളോളം വരുന്ന വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതവര്യരുടെ ഗ്രന്ഥങ്ങൾ പലതും ശിഷ്യന്മാരുടെ അശ്രദ്ധ മൂലം കാലഹരണപ്പെട്ടു പോയിട്ടുണ്ടെന്നും മുത്വാലഅ വർധിപ്പിക്കലാണ് വിദ്യാർഥിയുടെ അടയാളമെന്നും ഓരോ കിതാബുകളിലും ഏതെങ്കിലും തരത്തിലുള്ള ഉപകാരം അടങ്ങിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ‘ഓരോ നിമിഷവും ഓരോ ഖജനാവുകളാണെന്നും ഒരുനിമിഷം പോലും വെറുതെയായിപ്പോവാതിരിക്കാൻ നീ സൂക്ഷിക്കണമെന്നും അല്ലെങ്കിൽ അന്ത്യനാളിൽ ശൂന്യമായ ഖജനാവ് കണ്ട് ഖേദിക്കേണ്ടിവരുമെന്നും ഖബ്‌റിന്റെ അറയിലേക്ക് നാളെ നിനക്ക് സന്തോഷമുണ്ടാവുന്ന കാര്യങ്ങൾ മാത്രം ഒരുക്കിവെക്കുകയെന്നും അദ്ദേഹം മകനെ ഉപദേശിക്കുന്ന കൂട്ടത്തിൽ പറയുന്നുണ്ട്.

അദ്ദേഹം സ്വന്തത്തെക്കുറിച്ചു തന്നെ പരിചയപ്പെടുത്തുന്നതു കാണുക:’ഒരു ഗ്രന്ഥവും പാരായണം ചെയ്താൽ എനിക്കു മതിവന്നിരുന്നില്ല. മുൻപ് കാണാത്ത വല്ല ഗ്രന്ഥവും കണ്ടാൽ എന്തോ നിധി കിട്ടിയ പ്രതീതിയായിരുന്നു എനിക്ക്. നിസാമിയ്യ മദ്‌റസയിൽ വഖ്ഫ് ചെയ്യപ്പെട്ടിരുന്ന ഗ്രന്ഥങ്ങളുടെ ഉള്ളടക്കം മാത്രം ഞാൻ പരിശോധിച്ചപ്പോൾ ആറായിരത്തോളം വാള്യങ്ങളുണ്ടായിരുന്നു. അബൂ ഹനീഫ, ഹുമൈദി, അബ്ദുൽ വഹാബുൽ അൻമാത്വി, ഇബ്‌നു നാസ്വിർ, അബൂ മുഹമ്മദുൽ ഖശ്ശാബ് എന്നിവരുടെ ഗ്രന്ഥങ്ങളും വാള്യങ്ങൾ വരുന്നതായിരുന്നു. അവയിൽ ഇരുപതിനായിരം വാല്യങ്ങൾ ഞാൻ പാരായണം ചെയ്തു തീർത്തുവെന്നു പറഞ്ഞാലും അതധികമാവില്ല. അപ്പോഴും ഞാൻ വൈജ്ഞാനികാന്വേഷണത്തിലായിരുന്നു. പണ്ഡിതന്മാരുടെ ജീവചരിത്രങ്ങൾ ഞാൻ ധാരാളമായി വായിച്ചു. അവരുടെ ആരാധനകളും അപൂർവമായ വിജ്ഞാനങ്ങളും രീതികളും മനസ്സിലാക്കി. അൽഹംദുലില്ലാ'(സൈ്വദുൽ ഖാത്വിർ- ഇബ്‌നുൽ ജൗസി-പേ. 62)

Related Articles