Current Date

Search
Close this search box.
Search
Close this search box.

അറിവിനുവേണ്ടി വിവാഹജീവിതം വെടിഞ്ഞവർ

വിവാഹത്തെക്കാൾ വിജ്ഞാനത്തെ സ്‌നേഹിച്ച  പണ്ഡിതരെക്കുറിച്ചുമാത്രം ഒരു പുസ്തകം?! കേൾക്കുമ്പോൾ ഒരുപക്ഷെ അത്ഭുതം തോന്നുന്ന ശീർഷകം. പക്ഷെ, പൂർവികരായ പണ്ഡിതരുടെ ജീവിതം വായിക്കുമ്പോൾ സർവസ്വാഭാവികമെന്നു തോന്നിക്കുന്നതാണീ വസ്തുത. സിറിയൻ പണ്ഡിതൻ അബ്ദുൽ ഫത്താഹ് അബൂ ഗുദ്ദയുടെ ഗ്രന്ഥമാണിത്. ‘അൽ ഉലമാഉൽ ഉസ്സാബ് അല്ലദീന ആസറുൽ ഇൽമ അലസ്സിവാജ്'(വിവാഹത്തിനു പകരം അറിവിനെ തെരഞ്ഞെടുത്ത പണ്ഡിതർ) എന്ന ഗ്രന്ഥം. വൈജ്ഞാനികവ്യവഹാരങ്ങളിൽ മുഴുകി, മനുഷ്യജീവിതത്തിലെ അനുവദനീയമായ സുഖങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ വിവാഹം പോലും വേണ്ടെന്നുവെച്ചവരുടെ നീണ്ടനിര ഇസ്‌ലാമിക ചരിത്രത്തിൽ കാണാം. സ്വഹാബികളിൽ നിന്നു തുടങ്ങുന്നുണ്ട് അത്തരമൊരു പാരമ്പര്യം.

ഇസ്‌ലാമിൽ ഏറെ മഹത്വം കൽപിക്കപ്പെടുന്നൊരു പുണ്യകർമമാണ് വിവാഹം. അല്ലാഹുവും റസൂലും പ്രോത്സാഹിപ്പിച്ചിട്ടുള്ളൊരു കാര്യം. സന്താനോൽപാദനമെന്ന മഹത്തായ പ്രക്രിയയും തലമുറകളുടെ കൈമാറ്റവും സാധ്യമാവുന്ന പുണ്യകർമം. മനുഷ്യന്റെ വൈകാരികമായ ചേഷ്ടകൾക്കു ശമനമെന്നപോലെ പരസ്പരം താങ്ങുംതണലുമായി ഒന്നായിച്ചേർന്നൊഴുകുന്ന പുഴപോലെ, മനുഷ്യന് പരസ്പരം താങ്ങാവുന്നവരാണ് ഭാര്യഭർത്താക്കന്മാർ. ജീവിതത്തിന്റെ അവസാനകാലത്തും രോഗാതുരമായ സമയങ്ങളിലും താങ്ങാവുന്ന ഭാര്യയെന്ന തണൽ വേണ്ടെന്നു വെക്കുന്ന അത്യപൂർവമായ ത്യാഗമാണ് പല പണ്ഡിതരും നിർവഹിച്ചിട്ടുള്ളത്. പക്ഷെ, വൈവാഹിക സുഖങ്ങളെക്കാൾ സുഖദായകമായിരുന്നു അവർക്ക് വൈജ്ഞാനികവ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ ലഭിച്ചിരുന്ന ആത്മസുഖം. അല്ലെങ്കിൽ, വിവാഹം വേണ്ടെന്നുവെക്കുമ്പോൾ നേരിടേണ്ടിവരുന്ന പ്രയാസങ്ങളെക്കാൾ ഭീകരമായിരുന്നു അൽപമെങ്കിലും അറിവുമായുള്ള വ്യവഹാരങ്ങളിൽ നിന്ന് മാറിനിൽക്കുമ്പോൾ അവരനുഭവിച്ചത്. പക്ഷെ, തങ്ങളുടെ മാർഗം പിൻപറ്റണമെന്ന് പറയുകയോ മറ്റോ ഒന്നും ചെയ്തില്ല അവർ.

ഇത്തരം പണ്ഡിതന്മാരുടെ അവസ്ഥയെ അവരുടെ പ്രത്യേക വീക്ഷണവും അഭിപ്രായവും മാത്രമായി കാണണം എന്നുമാണ് ഭൂരിപക്ഷ പണ്ഡിതമതവും. ശക്തമായ മനക്കരുത്തോ ദൃഢനിശ്ചയമോ ഇല്ലാതെ ഇത്തരമൊരു സാഹസത്തിന് മുതിരുന്നത് അപകടമാവുമെന്നും പണ്ഡിതന്മാർ പറഞ്ഞുവെച്ചു. വിവാഹത്തിന്റെയും തുടർന്നുണ്ടാവുന്നതുമായ എല്ലാവിധ പുണ്യങ്ങളെയും തൃണവദ്ഗണിച്ച് ബ്രഹ്‌മചര്യം അനുഷ്ഠിക്കാർ ഈ പണ്ഡിതരൊക്കെയും എന്തിന്, എങ്ങനെ തീരുമാനിച്ചുവെന്ന് ചോദിച്ചാൽ രണ്ടവസ്ഥകൾക്കിടയിലും താരതമ്യം ചെയ്ത് തങ്ങൾക്കനുയോജ്യം വിവാഹമുക്ത ജീവിതമാണന്ന സ്വന്തം നിഗമനവും തീരുമാനവുമാണെന്നു  പറയാം. തങ്ങളുടെ ഈ രീതി അവലംബിക്കാൻ അവർ മറ്റു ജനങ്ങളോട് ആഹ്വാനം ചെയ്യുകയോ പറയുകയോ ചെയ്തില്ല.

അതോടൊപ്പം, വിവാഹം ചെയ്യുന്നതോടെ പല തരത്തിലുള്ള ബാധ്യതകളും വന്നുചേരുമെന്നും ആയതിനാൽ ചെറുപ്രായത്തിൽ തന്നെ കൂടുതൽ വിദ്യകൾ ആർജിക്കാനുള്ള ശ്രമങ്ങൾ വേണമെന്നുമുള്ള തരത്തിലുള്ള പണ്ഡിതോദ്ധരണികൾ കാണാം. ഈ വിഷയം ഇമാം ഗസ്സാലി തന്റെ ഇഹ്യാ ഉലൂമുദ്ദീനിൽ വിശദമായി ചർച്ചചെയ്യുന്നുമുണ്ട്.   താബിഉതാബിഉകളിൽ പ്രമുഖനായ അബ്ദുല്ലാഹിബിൻ അബീനജീഹുൽ മക്കി. ഹദീസ് വിജ്ഞാനങ്ങളിൽ പ്രവീണനായ അദ്ദേഹം ഹദീസ് പഠനത്തിനായി വിവാഹ ജീവിതം ഒഴിവാക്കുകയാണ് ചെയ്തത്.

ഇത്തരത്തിൽ ജീവിച്ച മറ്റൊരു പണ്ഡിതനാണ് സാഹിത്യകാരനും നഹ്‌വി പണ്ഡിതനുമൊക്കെയായ അബൂഅബ്ദുറഹ്‌മാൻ യൂനുസ് ബിൻ ഹബീബ്. അറബി വ്യാകരണശാസ്ത്രത്തിലെ അഗ്രേസരരായ സീബവൈഹി, കസാഈ, ഫർറാഅ് എന്നിവർ അദ്ദേഹത്തിൽ നിന്ന് കേൾക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 88 വർഷത്തോളം ജീവിച്ച അദ്ദേഹം ജീവിതകാലം മുഴുവൻ വൈജ്ഞാനിക സംവേദനങ്ങൾ മാത്രം നടത്തിയവരായിരുന്നു. അദ്ദേഹത്തിന്റെ സദസ്സുകളിൽ പ്രമുഖർ പോലും പങ്കെടുക്കുകയും ചെയ്തു. കിതാബു മആനിൽ ഖുർആനിൽ കരീം, കിതാബുല്ലുഗാത്, കിതാബുൽ അംസാൽ, കിതാബുന്നവാദിരി സ്വഗീർ, കിതാബുന്നവാദിരിൽ കബീർ എന്നിവ അദ്ദേഹത്തിന്റെ രചനകളിൽ പെട്ടതാണ്. ഹുസൈനുബ്‌നു അലിയ്യുൽ ജുഅ്ഫി. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച അദ്ദേഹം പ്രമുഖ സ്വൂഫിവര്യനായിരുന്നു. പ്രമുഖ പണ്ഡിതനായ സുഫ്യാനുബ്‌നു ഉയൈന അദ്ദേഹത്തെക്കണ്ടാൽ ചാടിയെഴുന്നേറ്റ് കൈ ചുംബിക്കാറുണ്ടായിരുന്നുവെന്ന് ഇബ്‌നു ഖുതൈബ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹത്തെ ചിരിച്ചോ പുഞ്ചിരിച്ചോ ഐഹികമായ വിഷയങ്ങൾ സംസാരിക്കുന്നതായോ കണ്ടില്ലെന്ന് ഹജ്ജാജ് ബിൻ ഹംസ എന്നവർ പറയുന്നു. ഐഹികലോകത്തോടുള്ള ശക്തമായ വിരക്തി കാരണം വിവാഹം വേണ്ടെന്നുവെക്കുകയായിരുന്നു അദ്ദേഹം.

ബിശ്‌റുൽ ഹാഫി എന്ന അബൂനസ്വർ ബിശ്‌റുബ്‌നുൽ ഹാരിസുൽ മർവസി ഇത്തരം പണ്ഡിതരുടെ കൂട്ടത്തിലെ പ്രമുഖനാണ്. സ്വൂഫിവര്യനും മുഹദ്ദിസും ഫഖീഹും ഒക്കെയായിരുന്ന അദ്ദേഹം ഹമ്മാദ് ബിൻ സൈദ്, അബ്ദുല്ലാഹിബ്‌നുൽ മുബാറക്, മാലിക് ബിൻ അനസ്, ഫുളൈലുബ്‌നു ഇയാള് എന്നീ പണ്ഡിതരിൽ നിന്ന് ഹദീസ് കേൾക്കുകയും അഹ്‌മദ് ബിൻ ഹമ്പൽ, ഇബ്‌റാഹീമുൽ ഹർബി, സുഹൈറുബ്‌നു ഹർബ്, സരിയ്യുസ്സഖ്ത്വി എന്നീ പണ്ഡിതർ അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരുപാട് കാലം ഹദീസ് വിജ്ഞാനങ്ങളിലായി മുഴുകിയിരുന്ന അദ്ദേഹം ഒരിടവേളക്ക് ശേഷം സ്വൂഫീമാർഗത്തിൽ പ്രവേശിക്കുകയും ഏകാന്തവാസം പുൽകുകയും ചെയ്തു. അക്കാലത്തെ പണ്ഡിതന്മാരൊക്കെയും അദ്ദേഹത്തെക്കുറിച്ച് വാചാലരായിട്ടുണ്ട്. ഈ മഹത്വങ്ങൾക്കൊക്കെയും അദ്ദേഹം അർഹനായത് കുടുംബത്തിന്റെ കെട്ടുപാടുകളൊന്നുമില്ലാതെ ഏകനായി ജീവിച്ചതിനാലാണെന്ന് ഇമാം അഹ്‌മദ് പറഞ്ഞിട്ടുണ്ട്. ബഗ്ദാദിൽ അദ്ദേഹത്തെപ്പോലെ പരിശുദ്ധനും ബുദ്ധിമാനുമായ ഒരാളും കടന്നുവന്നിട്ടില്ലെന്ന് ഇബ്‌റാഹീമുൽ ഹർബി എന്നവർ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗദിവസം സുബ്ഹിന്റെ സമയത്തുതന്നെ ജനാസ വീട്ടിൽ നിന്ന് പുറപ്പെട്ടുവെങ്കിലും തിരക്കുകാരണം രാത്രിയോടെ മാത്രമാണ് ഖബ്‌റടക്കാൻ കഴിഞ്ഞതെന്ന് ഖത്വീബുൽ ബഗ്ദാദിയും ഹാഫിള് ഇബ്‌നു കസീറും ഉദ്ധരിക്കുന്നുണ്ട്. (താരീഖു ബഗ്ദാദ്- ഖത്വീബുൽ ബഗ്ദാദി- വാല്യം 7, പേ 67).

അറിവിന്റെ മാർഗത്തിലായി സർവം ത്യജിച്ച, വിവാഹംപോലും ത്യജിച്ച പണ്ഡിതരുടെ കൂട്ടത്തിൽ പെട്ടവരാണ് ഹന്നാദുബ്‌നുസ്സരിയ്യ്. ഹദീസ് പണ്ഡിതൻ കൂടിയായ അദ്ദേഹം നിരന്തരം ആരാധനകളിലായി കഴിഞ്ഞുകൂടിയ വ്യക്തിത്വമായിരുന്നു. അഹ്‌മദ് ബിൻ സലമ പറയുന്നു:’ധാരാളം കരയുന്ന ആളായിരുന്നു അദ്ദേഹം. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ കൂടെ പള്ളിയിലുണ്ടായിരുന്നു. വുദൂ ചെയ്ത് പള്ളിയിലേക്കു വന്ന അദ്ദേഹം മധ്യാഹ്നം വരെ നമസ്‌കരിച്ചു. ശേഷം വീട്ടിൽ ചെന്ന് വുദൂ ചെയ്തു തിരിച്ചുവന്ന് ളുഹ്‌റും തുടർന്ന് അസ്‌റ് വരെയും നിസ്‌കരിച്ചു. ഉറക്കെ ഖുർആൻ പാരായണം ചെയ്യുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു അദ്ദേഹം. ശേഷം അസ്‌റ് നിസ്‌കരിച്ച് മഗ്രിബ് വരെയും ഖുർആൻ പാരായണം ചെയ്തു.’ ഇത്രയും നേരം എങ്ങനെയാണ് ആരാധനകളിൽ കഴിഞ്ഞുകൂടാൻ അദ്ദേഹത്തിന് സാധിക്കുന്നതെന്ന് ചോദിച്ചപ്പോൾ കഴിഞ്ഞ എഴുപതു വർഷമായി പകലിൽ ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതിയെന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ രാത്രിയിലെ ആരാധന എങ്ങനെയായിരിക്കും!

***
ഇങ്ങനെയുള്ള പണ്ഡിതരുടെ കൂട്ടത്തിൽ അഗ്രേസരരാണ് ഇമാം അബൂ ജഅ്ഫർ മുഹമ്മദ് ബിൻ ജരീരുത്വബ്‌രി. തഫ്‌സീർ, ഹദീസ്, ഫിഖ്ഹ്, തർക്കശാസ്ത്രം, ഖുർആൻ പാരായണശാസ്ത്രം, ചരിത്രം, ഭാഷാ, വ്യാകരണശാസ്ത്രം, സാഹിത്യം, കവിത, കവിതാശാസ്ത്രം തുടങ്ങി സർവവിജ്ഞാനീയങ്ങളിലും ഒരുപോലെ പ്രാഗത്ഭ്യം പുലർത്തുകയും ഗ്രന്ഥരചനകൾ നടത്തുകയും ചെയ്ത അപൂർവങ്ങളിൽ അപൂർവമായ പണ്ഡിതനാണദ്ദേഹം. ഏഴാം വയസ്സിൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും ഒൻപതാം വയസ്സിൽ ഹദീസുകൾ എഴുതാനാരംഭിക്കുകയും പന്ത്രണ്ടാം വയസ്സിൽ വൈജ്ഞാനികയാത്രകൾ ആരംഭിക്കുകയും ചെയ്ത അപൂർവ ജീവിതം. തുടർന്ന് വൈജ്ഞാനിക യാത്രകൾക്കു ശേഷം ബഗ്ദാദിൽ തന്നെ താമസമാക്കുകയും യൗവനകാലത്തുതന്നെ സർവാംഗീകൃതനായ ഇമാമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ സുപ്രസിദ്ധമാണ് ‘ജാമിഉൽ ബയാൻ അൻ വുജൂഹി തഅ്‌വീലി ആയിൽ ഖുർആൻ’ എന്ന തഫ്‌സീർ ഗ്രന്ഥവും ‘താരീഖുർറുസുലി വൽ അമ്പിയാഇ വൽമുലൂകി വൽഉമമി’ എന്ന ചരിത്രഗ്രന്ഥവും. നാൽപതോളം വർഷം നാൽപതോളം പേജുകൾ എല്ലാ ദിവസവും അദ്ദേഹം എഴുതിയിരുന്നുവെന്ന് ഖത്വീബുൽ ബഗ്ദാദി നിവേദനം ചെയ്യുന്നുണ്ട്. 86 വർഷം ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ ദിവസങ്ങളും അദ്ദേഹം എഴുതിത്തീർത്ത പേജുകളും താരതമ്യപ്പെടുത്തിയാൽ ഒരു ദിവസത്തിന് പതിനാലു പേജുകണക്കിന് അദ്ദേഹം എഴുതിയിരുന്നുവെന്ന് ചരിത്രം! വിജ്ഞാനത്തിലായുള്ള യാത്രകൾക്കിടയിൽ പ്രയാസങ്ങൾ പലതും സഹിക്കേണ്ടിവന്നിരുന്നു. ഒരിക്കൽ വിശപ്പു സഹിക്കവയ്യാതെ തന്റെ ഖമീസിന്റെ രണ്ടുകൈകളും മുറിച്ചുവിറ്റ് ഭക്ഷണത്തിനുള്ള പണം കണ്ടെത്തേണ്ടി വന്നിരുന്നു അദ്ദേഹത്തിന്! സർവവിജ്ഞാനീയങ്ങളിലുമുള്ള ഗ്രന്ഥരചനക്കു പുറമെയും എല്ലാ രാത്രികളിലും നാലിലൊന്ന് ഭാഗം ഖുർആൻ പാരായണം ചെയ്തിരുന്നു അദ്ദേഹം.

ജീവിതത്തിലെ ഒരു നിമിഷംപോലും അദ്ദേഹം വെറുതെയാക്കിയെന്നു പറയാനാവില്ലെന്ന് കുനൂസുൽ അജ്ദാദ് എന്ന ഗ്രന്ഥത്തിൽ ഉസ്താദ് മുഹമ്മദ് കുർദ്അലി പറയുന്നുണ്ട്. ജീവിതത്തിലെ അവസാനനിമിഷങ്ങളിൽ പോലും ഒരു അറിവിന് വേണ്ടി അദ്ദേഹം ദാഹിച്ച സംഭവം അദ്ദേഹം നിവേദനം ചെയ്യുന്നുണ്ട്. വിവാഹം ചെയ്യാത്ത അദ്ദേഹം അനന്തരമായി ബാക്കിയാക്കിയത് തലമുറകൾക്കൊന്നും വായിച്ചുതീർക്കാനാവാത്തത്രയും വരുന്ന ഗ്രന്ഥങ്ങളായിരുന്നു. ഒരുപക്ഷെ, സന്താനങ്ങളെക്കാളൊക്കെ കാലാന്തരങ്ങളിലും ബാക്കിയാവുന്ന അതുല്യ ശേഷിപ്പുകൾ. എണ്ണിത്തിടപ്പെടുത്തൽ അസാധ്യമാംവിധം ജനങ്ങൾ അദ്ദേഹത്തിന്റെ ജനാസാ സമയത്ത് ഒരുമിച്ചു കൂടിയിരുന്നുവെന്നും മറവു ചെയ്തതിനു ശേഷവും മാസങ്ങളോളം രാവും പകലുമായി അദ്ദേഹത്തിന്റെ ഖബ്‌റിന്റെ പക്കൽ നിന്ന് മയ്യിത്ത് നിസ്‌കാരം നടന്നിരുന്നുവെന്നും അബൂബക്‌റുൽ ഖത്വീബ് പറയുന്നുണ്ട്.(വിവരങ്ങൾ- മുഅ്ജമുൽ ഉദബാ- യാഖൂതുൽ ഹമവി- വാല്യം 18, പേ. 40-96, താരീഖു ബഗ്ദാദ്- ഖത്വീബുൽ ബഗ്ദാദി- വാല്യം 2, പേ 162-169).

***
പ്രമുഖ നഹ്‌വി പണ്ഡിതനും മുഫസ്സിറുമായ ഇമാം അബൂബകർ ബ്‌നുൽ അൻബാരിയാണ് മറ്റൊരാൾ. രാജകീയമായ സുഖങ്ങളും സുന്ദരികളായ സ്ത്രീകളും പലതും നൽകപ്പെട്ടിട്ടും അവയൊക്കെയും സ്‌നേഹപൂർവം നിരസിക്കുകയായിരുന്നു അദ്ദേഹം. അനന്തരസ്വത്തായി അദ്ദേഹവും ബാക്കിവെച്ചത് അൻപതിനായിരത്തിലധികം പേജുകൾ വരുന്ന മുപ്പതോളം പുസ്തകങ്ങളായിരുന്നു! ഭാഷാപരമായി തെളിവുകളായി ഉദ്ധരിക്കുന്ന മൂന്നുലക്ഷത്തോളം കാവ്യങ്ങൾ അദ്ദേഹത്തിന് മനഃപാഠമായിരുന്നത്രെ! അക്കാലത്ത് ഖുർആൻ വ്യാഖ്യാനത്തിലും വ്യാകരണ ശാസ്ത്രത്തിലും അവസാനവാക്ക് അദ്ദേഹം തന്നെയായിരുന്നു. അപ്രകാരം 120 ഓളം തഫ്‌സീറുകൾ അദ്ദേഹത്തിന് സനദു സഹിതം മനഃപാഠമായിരുന്നുത്രെ! പരിത്യാഗത്തിന്റെ വിഷയത്തിൽ അദ്ദേഹം ചരിത്രത്തിലെ അപൂർവം സാന്നിധ്യമായിരുന്നു.

***
അറബി ഭാഷയിലെ ഇമാമായിരുന്ന അബൂ അലിയ്യുൽ ഫാരിസി. വൈജ്ഞാനിക യാത്രകളിലായി പലയിടത്തും ചുറ്റിത്തിരിഞ്ഞ അദ്ദേഹം സൈഫുദ്ദൗല, അളുദുദ്ദൗല തുടങ്ങി പല സുൽത്താന്മാരുടെയും ഭാഷാഗുരുവായിരുന്നു. അലപ്പോ, ശീറാസ്, ബഗ്ദാദ്, ബസ്വറ തുടങ്ങിയ സ്ഥലങ്ങളിൽ യാത്രക്കിടെ വ്യാകരണ സംബന്ധമായി പണ്ഡിതന്മാർ പോലും അദ്ദേഹത്തോട് പല ചോദ്യങ്ങളും ചോദിച്ചു. അവയ്‌ക്കൊക്കെ മറുപടി പറഞ്ഞ് അദ്ദേഹം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. നാടുകളുടെ പേരു ചേർത്ത് ബഗ്ദാദിയ്യാത്ത്, ബസ്വരിയ്യാത്ത്, ഹലബിയ്യാത്ത്, ശീറാസിയ്യാത്ത് എന്ന പേരിൽ അവ പ്രസിദ്ധഈകരിക്കുകയും ചെയ്തു.

ആറു വാല്യങ്ങളുള്ള ഖുർആൻ പാരായണ ശാസ്ത്രം പറയുന്ന ‘അൽ ഹുജ്ജ’, ഇരുപതു വാല്യങ്ങളുള്ള അറബിഭാഷാ ശാസ്ത്രം പറയുന്ന ‘തദ്കിറ’, വ്യാകരണശാസ്ത്രത്തിലെ ‘അൽ ഈളാഹ്’, ശറഹു അബ് യാത്തിൽ ഈളാഹ്, അൽ മസാഇലുൽ അസ്‌കരിയ്യ, അഹ്‌വാസിയ്യാത്ത്, ജവാഹിറുന്നഹ്‌വ്, ഹൈഥമിയ്യാത്ത് തുടങ്ങി ഇരപത്തിയഞ്ച് ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. തൊണ്ണൂറു വർഷം ജീവിച്ചിട്ടും വിവാഹം ചെയ്യാതിരുന്ന അദ്ദേഹത്തിന്റെയും അനന്തരസ്വത്ത് ഈ ഗ്രന്ഥങ്ങൾ തന്നെയായിരുന്നു. ഇമാം ഇബ്‌നു ജിന്നി അദ്ദേഹത്തിന്റെ ശിഷ്യരുടെ കൂട്ടത്തിൽ പ്രധാനിയാണ്. എഴുപതോളം വർഷം ഭാഷാമേഖലയിൽ തന്നെ അദ്ദേഹം ചടഞ്ഞിരുന്നുവെന്ന് ഗുരുവിനെ അദ്ദേഹം സ്മരിക്കുന്നുണ്ട്.

***
പ്രമുഖ ഹദീസ് പണ്ഡിതനായ അബൂ നസ്‌റുസ്സജ്‌സിയാണ് മറ്റൊരാൾ. ഒരുപാട് നാടുകളിൽ വൈജ്ഞാനിക യാത്ര നടത്തിയ അദ്ദേഹത്തിൽ നിന്ന് പല പണ്ഡിതരും ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാഫിള് അബൂ ഇസ്ഹാഖുൽ ഹബ്ബാൽ എന്നവർ പറയുന്നു: ‘ഒരുദിവസം ഞാൻ അദ്ദേഹത്തിന്റെ പക്കലായിരുന്ന സമയത്ത് ഒരു സ്ത്രീ കടന്നുവന്നു. ആയിരം ദീനാറുള്ള ഒരു കിഴി അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് വേണ്ടപോലെ ചെലവഴിച്ചോളൂ എന്നു പറഞ്ഞു. എന്തിനാണിതു ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ നിങ്ങളെന്നെ വിവാഹം ചെയ്യണം, ഇല്ലെങ്കിൽ ചുരുങ്ങിയത് നിങ്ങളെ സേവിക്കാനെങ്കിലും എനിക്കവസരം നൽകണം എന്നു പറഞ്ഞു. എത്രയും വേഗം കിഴിയെടുത്ത് അവിടം വിട്ടുപോകാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. സിജിസ്താനിൽ നിന്ന് ഞാൻ ഒരുങ്ങിപുറപ്പെട്ടത് അറിവുതേടിയാണ്, വിവാഹം ചെയ്യുന്നതോടെ എന്റെ ഉദ്ദ്യേശശുദ്ധിക്ക് കളങ്കം സംഭവിക്കുകയും അറിവിന്റെ പ്രതിഫലം ലഭിക്കാതെ വരികയും ചെയ്യും എന്നായിരുന്നു അദ്ദേഹം ശേഷം പ്രതികരിച്ചത്. ഈ സംഭവം ഹാഫിളുദ്ദഹബി ‘തദ്കിറതുൽ ഹുഫ്ഫാളിൽ’ രേഖപ്പെടുത്തുന്നുണ്ട്(വാല്യം 3, പേ 1118).
***
ജാറുല്ലാഹ്, ഫഖ്‌റു ഖുവാരിസ്മ് എന്നീ പേരുകളിൽ വിശ്രുതനായ ഇമാം അബുൽ ഖാസിം മഹ്‌മൂദ് ബിൻ ഉമറുസ്സമഖ്ശരി. അറബി ഭാഷാ ശാസ്ത്രത്തിലെ ശ്രദ്ധേയ ശബ്ദമായ അദ്ദേഹത്തിൽ നിന്ന് ഭാഷാവിഷയങ്ങളിൽ ഇജാസത്ത് വാങ്ങാൻ അക്കാലത്തെ പണ്ഡിതരൊക്കെ അദ്ദേഹത്തെ സമീപിച്ചിരുന്നു. അദ്ദേഹം എഴുതിയ കവിതകളും മറ്റു സാഹിത്യരചനകളും അടങ്ങിയ ‘അത്വ്‌വാഖുദ്ദഹബ്’, ‘നവാബിഗുൽ കലിം’, ‘അൽ മഖാമാത്ത്’, ‘അസാസുൽ ബലാഗ’ എന്നീ ഗ്രന്ഥങ്ങൾ വിശ്വപ്രസിദ്ധമാണ്. വിവാഹം ചെയ്യാതിരിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ട്. ഇത്തരത്തിൽ തന്റെ ‘ചിന്തയുടെയും തൂലികയുടെയും സന്താനങ്ങൾ’ എന്നദ്ദേഹം സ്വന്തം വിശേഷിപ്പിച്ച അൻപതോളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിനുണ്ട്. ഖുർആൻ വ്യാഖ്യാനഗ്രന്ഥമായ കശ്ശാഫ്, ഹദീസിലെ ഫാഇഖ്, നസ്വാഇഹുൽ കിബാർ, സ്വമീമുൽ അറബിയ്യ, മുഅ്ജമുൽ ഹുദൂദ്, അൽ അമാലി, ദീവാനു ഖുത്വബ്, ദീവാനു ശിഅ്ർ എന്നിങ്ങനെ തുടങ്ങി സാഹിത്യം, ഫിഖ്ഹ്, ഹദീസ്, ചരിത്രം എന്നിങ്ങനെ ബഹുവിഷയങ്ങളിലായി പരന്നുകിടക്കുന്ന ഗ്രന്ഥങ്ങൾ. എങ്കിലും മുഅ്തസിലി ആശയക്കാരനായതിനാൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനെ പണ്ഡിതർ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

***
നഹ്‌വി പണ്ഡിതനും ഹദീസ് പണ്ഡിതനും സാഹിത്യകാരനുമൊക്കെയായ, ഇബ്‌നുൽ ഖശ്ശാബെന്ന പേരിൽ വിശ്രുതനായ അബൂ മുഹമ്മദ്. അതോടൊപ്പം തഫ്‌സീർ, ഫറാഇദ്, ഭാഷാ, കവിത, തർക്കശാസ്ത്രം, ഫിലോസഫി, ഗണിതം, എഞ്ചിനീയറിംഗ് എന്നീ വിവിധങ്ങളായ വിഷയങ്ങിലൊക്കെയും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. അതോടൊപ്പം വിശുദ്ധ ഖുർആൻ ഹാഫിളും വിവിധങ്ങളായ ഖുർആൻ പാരായണ രീതികളിലെ പ്രവീണനുമായിരുന്നു അദ്ദേഹം. വിവിധ പണ്ഡിതന്മാരിൽ നിന്നായി വിവിധ വിഷയങ്ങൾ സ്വായത്തമാക്കിയ അദ്ദേഹം പ്രായമായ ശേഷവും അറിവുതേടിയുള്ള യാത്രയിലായിരുന്നു. ശിഷ്യന്മാരും ഒരുപാടുണ്ട്. ആർത്തിപൂർവം പുസ്തകങ്ങൾ പലതും തേടിപ്പിടിച്ചു വായിച്ചു.
പരുഷമായ ജീവിതരീതി ശീലിച്ച അദ്ദേഹം പക്ഷെ, ഗ്രന്ഥങ്ങൾക്കു വേണ്ടി പണം ചെലവഴിക്കാൻ മടിച്ചിരുന്നില്ല. ഒരുദിവസം അങ്ങാടിയിൽ തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളൊക്കെ വാങ്ങിക്കൂട്ടി. ആകെക്കൂടെ അഞ്ഞൂറ് ദീനാർ വില വരുന്ന പുസ്തകങ്ങൾ! അദ്ദേഹത്തിന്റെ പക്കലാണെങ്കിൽ ഒരു ദീനാർ പോലുമില്ല. കടക്കാർ മൂന്നുദിവസത്തെ അവധി കൊടുക്കുകയും ചെയ്തു. ഇതിനിടയിൽ തന്റെ വീട് അഞ്ഞൂറ് ദീനാറിന് ലേലം വിളിക്കുകയും ഗ്രന്ഥങ്ങളുടെ തുക കൊടുത്തുവീട്ടുകയുമായിരുന്നു അദ്ദേഹം!

***
മുഖവുരകൾ ആവശ്യമില്ലാത്ത വിധം വിശ്രുതനായ ഇമാം നവവി(റ)യും ഇക്കൂട്ടത്തിലുണ്ട്. ഹാഫിളുദ്ദഹബി തദ്കിറത്തുൽ ഹുഫ്ഫാളിൽ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം. ഹിജ്‌റ 631 ഡമസ്‌കസിൽ ജനിച്ച അദ്ദേഹം പൊതുമദ്‌റസയിലെ ഭക്ഷണം കഴിച്ചായിരുന്നു ജീവിതം തള്ളിനീക്കിയത്. അത്തൻബീഹ്, അൽ മുഹദ്ദബ് എന്നീ ഗ്രന്ഥങ്ങൾ ഇക്കാലത്ത് ചുരുങ്ങിയ നാളുകൾ കൊണ്ട് മനഃപാഠമാക്കി. വിവിധ പണ്ഡിതന്മാരിൽ നിന്നായി വിവിധ വൈജ്ഞാനിക വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ പഠിച്ചെടുത്ത അദ്ദേഹം പിന്നീട് അധ്യാപനവും ഗ്രന്ഥരചനയും ആരാധനകളുമായി കഴിഞ്ഞുകൂടി. പരുഷമായ വസ്ത്രങ്ങളും ഭക്ഷണവും അദ്ദേഹത്തിന്റെ ത്യാഗങ്ങൾക്ക് മാറ്റുകൂട്ടി. വിശ്രുതരായ പല പണ്ഡിതവര്യരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി മാറി. ശറഹു സ്വഹീഹി മുസ് ലിം, രിയാളുസ്വാലിഹീൻ, അൽഅദ്കാർ, അൽഅർബഈൻ, അൽ ഇർശാദ്, അത്തഖ് രീബ്, അൽ മുബ്ഹമാത്ത്, തഹ് രീരുൽ അൽഫാള്, ഉംദ, അൽ ഈളാഹ് എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ പ്രധാനമാണ്. രോഗം കാരണം തന്റെ 45ാം വയസ്സിൽ വിടപറഞ്ഞ അദ്ദേഹത്തിന്റെ ഗ്രന്ഥലോകം വിജ്ഞാനകുതുകികൾക്കെന്നും അത്ഭുതമാണ്. അദ്ദേഹത്തിന്റെ ജീവിതം പറയുന്ന മാത്രം ഒത്തിരി ഗ്രന്ഥങ്ങൾ കാണാവുന്നതാണ്. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ കഥകൾ മുൻഭാഗങ്ങളിൽ പറഞ്ഞതിനാൽ വിശദീകരണം ഒഴിവാക്കുന്നു. (തദ്കിറത്തുൽ ഹുഫ്ഫാള്- ഹാഫിളുദ്ദഹബി- വാല്യം 4, പേ 1470-1474)

അബൂ സഅ്ദുസ്സമ്മാൻ അർറാസി, അൽ അൻമാത്വി അബുൽ ബറകാത്ത് അബ്ദുൽ വഹ്ഹാബ്, ഇബ്‌നുൽ മന്നി എന്ന പേരിൽ പ്രസിദ്ധനായ അബുൽ ഫതഹ് നാസ്വിഹുദ്ദീൻ അൽ ഹമ്പലി, ജമാലുദ്ദീൻ അബുൽ ഹസൻ അലിയ്യുശ്ശൈബാനി, ജമാലുദ്ദീൻ അബുൽ ഹസൻ അലിയ്യുശ്ശൈബാനി എന്നിവരും കൂട്ടത്തിൽ ചരിത്രം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ളവരാണ്.  ( അവസാനിച്ചു)

Related Articles