Current Date

Search
Close this search box.
Search
Close this search box.

തൗഹീദ്: പ്രപഞ്ചത്തിന്റെ ശ്വാസച്ഛാസം.!

ആഴത്തിൽ ചിന്തിക്കുന്ന ഏതൊരാൾക്കും ഈ മഹാ പ്രപഞ്ചത്തിന് ഒരൊറ്റ സ്രോതസ്സിനെ ആശ്രയിക്കുന്ന താളമാണെന്ന് മനസ്സിലാകും. പ്രപഞ്ച നാഥൻ പ്രപഞ്ചത്തെ വിശ്വാസിയാവാൻ സൃഷ്ടിച്ചിട്ടില്ല, മുസ്ലിമായ പ്രപഞ്ചത്തെയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ( كُلٌ قَدۡ عَلِمَ صَلَاتَهُۥ وَتَسۡبِیحَهُ ).
വാനഭൂവനങ്ങളിലെ സകലതും പ്രപഞ്ച സൃഷ്ടാവിനോടുള്ള സങ്കീർത്തനത്തിലാണെന്ന കാര്യം ഖുർആൻ തന്നെ വളരെ സ്പഷ്ടമായി വ്യക്തമാക്കുന്നുണ്ട്;
تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُ كَانَ حَلِيمًا غَفُورًا

( ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.) ഈ വചനത്തിന്റെ ആത്മാവറിഞ്ഞു കൊണ്ടുള്ള വ്യാഖ്യാനം വളരെ വശ്യവും മനോഹരവുമായ രീതിയിൽ മഹാനായ ശഹീദ് സയ്യിദ് ഖുത്ബ് (റ) അദ്ധേഹത്തിന്റെ പ്രസിദ്ധമായ ഫീളിലാലിൽ ഖുർആനിൽ ആവിഷ്കരിക്കുന്നുണ്ട്. ഈയുള്ളവന്റെ മനസ്സിനേയും മസ്തിഷ്കത്തെയും സ്പർശിച്ച ഹൃദ്യമായ വ്യാഖ്യാനം:

” و هو تعبير تنبض به كل ذرة في هذا الكون الكبير‏ ،وتنتفض روحا حية تسبح الله‏. فإذا الكون كله حركة وحياة‏ ، وإذا الوجود كله تسبيحة واحدة شجية رخية‏ ، ترتفع في جلال إلي الخالق الواحد الكبير المتعال‏. وإنه لمشهد كوني فريد‏ . حين يتصور القلب. كل حصاة وكل حجر‏. كل حبة وكل ورقة‏ . كل زهرة وكل ثمرة‏ وكل نبتة وكل شجرة‏، كل حشرة وكل زاحفة‏ ،كل حيوان وكل إنسان‏ ، كل دابة علي الأرض وكل سابحة في الماء أو الهواء‏ ..‏ومعها سكان السماء‏…‏ كلها تسبح الله وتتوجه إليه في علاه‏.. وإن الوجدان ليرتعش وهو يستشعر الحياة تدب في كل ما حوله مما يراه ومما لا يراه ، وكلما همت يده أن تلمس شيئا ، وكلما همت رجله أن تطأ شيئا سمعه يسبح لله وينبض بالحياة. ”
( ഈ മഹാ പ്രപഞ്ചത്തിലെ ഓരോ അണുവിനും രോമാഞ്ചമുണ്ടാക്കുന്ന ആവിഷ്കാരം! അല്ലാഹുവിനു കീർത്തനമാലപിക്കുന്ന ആത്മചേതനകളെ കോർമയിൽ കൊള്ളിക്കുന്ന ആഖ്യാനം!! അങ്ങനെ പ്രപഞ്ചമഖിലം ചലിക്കുന്നത് പോലെ.. ജീവിക്കുന്നത് പോലെ.. സർവലോകവും ഒരേമനസ്സോടെ ഏറ്റു പാടുന്ന ഒരു കീർത്തനമുണ്ട്, അതാണ് ‘അല്ലാഹു അക്ബർ ‘. ഏകനായ സൃഷ്ടികർത്താവിലേക്ക് സകലതും അങ്ങനെ ബഹുമാനപൂർവ്വം ഉയർന്നുപോകുന്നു.. ഹൃദയം വിചാര നിർഭരമാവുമ്പോൾ പ്രപഞ്ചമതാ സവിശേഷമായൊരു ദൃശ്യം കണക്കെ രൂപാന്തരപ്പെടുന്നു! അതിലെ ഓരോ കല്ലും.. ഓരോ മണൽ തരിയും.. ഓരോ ധാന്യമണിയും.. ഓരോ ഇലയും.. ഓരോ പൂവും.. ഓരോ കായും.. ഓരോ ചെടിയും..ഓരോ മരവും.. ഓരോ പുഴുവും.. ഓരോ മൃഗവും.. ഓരോ മനുഷ്യനും.. ഭൂമിയിലും വെള്ളത്തിലും അന്തരീക്ഷത്തിലുമെല്ലാമുള്ള ഓരോ ജീവിയും.. ഓരോ ആകാശവാസിയും.. അല്ലാഹുവിലേക്കു തിരിഞ്ഞു നിന്ന് കീർത്തനമാലപിക്കുന്നു!! തനിക്കു ചുറ്റുമുള്ള ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളിൽ ജീവന്റെ തുടിപ്പുകളുണ്ട് എന്നറിയുന്നതോടെ മനുഷ്യന്റെ മനസ്സ് കോരിത്തരിക്കുന്നു.. വല്ലതും കൈകൊണ്ട് തൊടാൻ ഭാവിക്കുമ്പോഴോ, കാലുകൊണ്ട് ചവിട്ടാൻ മുതിരുമ്പോഴോ ജീവസ്പന്ദങ്ങളോടെ അവ ദൈവ കീർത്തനം പാടുന്നത് അവന് കേൾക്കാനാവുന്നു..)

പ്രപഞ്ചത്തിലെ ഓരോ അണുവും തന്റെ സൃഷ്ടാവിനോടുള്ള പ്രകീർത്തനത്തിലാണ്, സങ്കീർത്തനത്തിലാണ്. ‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല’ എന്നു സാക്ഷ്യം വഹിക്കലും അടിയുറച്ചു വിശ്വസിക്കലുമാണ് തൗഹീദ്. പ്രത്യക്ഷത്തിൽ നിഷേധരൂപത്തിലുള്ള ഈ വാക്യം ഏറ്റവും ധന്യവും മഹത്തായതുമായ അർഥങ്ങളെ ഏറ്റവും സംക്ഷിപ്തമായി പ്രതിനിധീകരിക്കുന്നു. പ്രപഞ്ചം യുക്തിഭദ്രവും സമർഥവുമായ ഒരിച്ഛാശക്തിയുടെ ഫലമാണെന്നും പ്രപഞ്ചികവ്യവസ്ഥ നന്മയിലും ഔദാര്യത്തിലും കാരുണ്യത്തിലും അധിഷ്ഠിതവും ചരാചരങ്ങളെ അവയുടെ ഉത്ഭവ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുന്നതുമാണെന്നും ഗ്രഹിക്കലാണ് തൗഹീദിന്റെ പ്രപഞ്ച വീക്ഷണം. പ്രപഞ്ചസത്തയുടെ പ്രഭവസ്ഥാനവും പ്രാപ്യസ്ഥാനവും ദൈവമാണെന്നാണ് ഇത് പഠിപ്പിക്കുന്നത്.

ٱلَّذِينَ إِذَآ أَصَٰبَتْهُم مُّصِيبَةٌ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ
(തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.2:156) ഒരസ്തിത്വവും ഉദ്ദേശ്യ രഹിതമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. ചരാചരങ്ങളുടെ കൂട്ടത്തിൽ ശ്രേഷഠ പദവിയുള്ള മനുഷ്യന് തന്റെ സദുദ്ദേശ്യത്തിനും സൽക്കർമത്തിനും ദൈവത്തിങ്കൽ നിന്ന് സദ്ഫലങ്ങൾ ലഭിക്കും.

ഏക ദൈവത്തെ തിരസ്കരിക്കുന്നവർ ചരിത്രത്തിൽ ന്യൂനപക്ഷമാണെങ്കിലും അധുനിക പാശ്ചാത്യരാഷ്ട്രങ്ങളിൽ വ്യാപകമാണ്. വ്യവസ്ഥാപിത മതങ്ങളുടെ പരാജയങ്ങളും യുദ്ധങ്ങളുമാണതിന്റെ മുഖ്യ കാരണം. നിരീശ്വരത്വത്തിന്റെ ഫലം അരാജകത്വവും സാംസ്കാരിക ജീവിതത്തിന്റെ നിഷേധവുമാണെന്ന് വിശ്വസാഹിത്യകാരൻ ടി.എസ്.എലിയട്ട് വാദിച്ചു: ‘ നിങ്ങൾക്ക് ദൈവമില്ലെങ്കിൽ ഹിറ്റ്ലറെയും സ്റ്റാലിനെയും നിങ്ങൾക്ക് വണങ്ങേണ്ടിവരും. വ്യക്തികൾ തോന്നിയത് പോലെ ജീവിക്കുന്ന സമൂഹം അരാജകത്വം (Anarchism) നിറഞ്ഞതായിരിക്കും. സമൂഹത്തിന്റെ സുഗമമായ നിലനിൽപിന് നിയമം ആവിശ്യമാണ്. അത് നിർമിക്കാനുള്ള പരമാധികാരം കയ്യടക്കി വെക്കുന്നവരായിരിക്കും യജമാനന്മാർ. മനുഷ്യൻ തന്നെപ്പോലെയുള്ള മനുഷ്യരുടെ അടിമയാവരുത് എന്നും സൃഷ്ടാവിന്റെ മാത്രം അടിമത്തം സ്വീകരിക്കണമെന്നും തൗഹീദ് പറയുന്നു; കള്ളദൈവങ്ങളെ തള്ളിപ്പറയാനും മുഴുവൻ മനുഷ്യരോടും തങ്ങളുടെ സ്വാതന്ത്ര്യവും വിമോചനവും പ്രഖ്യാപിക്കാനും പ്രേരണ നൽകുന്നു. സ്നേഹം, നീതി, കരുണ എന്നിവയില്ലാതെ ഭൗതിക താല്പര്യങ്ങൾക്ക് പിറകെ പോയി ഇതര ജനതയേയും മലിനീകരിക്കുന്നവനാണ് ബഹുദൈവവിശ്വാസി. ബഹുദൈവത്വ സമൂഹത്തിൽ നീതി ( അദ്ൽ), സൂക്ഷ്മത ( ഇഹ്സാൻ), കാരുണ്യം (റഹ്മത്ത്), ഹിക്മത്ത് ( നീതി, കാരുണ്യം, ജ്ഞാനം എന്നിവയാൽ പ്രചോദിതമായ ചെയ്തി ) എന്നിവയുണ്ടാവില്ല. അതുകൊണ്ടു തന്നെ ബഹുദൈവത്വം ഏറ്റവും വലിയ പാപമാണ്. സർവ പ്രപഞ്ചത്തിന്റെയും കർത്താവും നിയന്താവും നിമിത്തവുമായ അല്ലാഹു എന്ന വീക്ഷണത്തിൽ നിന്നാണ് മനുഷ്യന്റെ സത്തയും ലക്ഷ്യവും ഉരുത്തിരിയുന്നതെന്ന് തൗഹീദ് വ്യക്തമാക്കുന്നു. സൃഷ്ടാവിനെ സംബന്ധിച്ച വീക്ഷണം തെറ്റാകുമ്പോൾ മനുഷ്യന്റെ പ്രപഞ്ച വീക്ഷണവും ജീവിത ദർശനവും അബദ്ധജടിലമാകുന്നു. അന്ധവിശ്വാസങ്ങളിലാണ് ബഹുദൈവത്വം നിലനിൽക്കുന്നത്. ദുശ്ശക്തികളാൽ ചൂഷണം ചെയ്യപ്പെടാൻ അവൻ ഉദ്യുക്തനാണ്. ജോത്സ്യരും കൈ കണികയും നോട്ടക്കാരും കണക്ക്, ലക്ഷണം, മുഹൂർത്തം, ശകുനം, രാഹുകാലം എന്നിവ നോക്കുന്നവരും പുരോഹിതന്മാരും ബഹുദൈവത്വവാദിയെ ചൂഷ്ണം ചെയ്യുന്നു. ചുരുക്കത്തിൽ പ്രാപഞ്ചിക യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ശിർക്ക്. പ്രപഞ്ചത്തിന്റെ ഓരോ കണികയിലും യുക്തിമാനും സർവജ്ഞനുമായ ദൈവത്തിന്റെ സൂചനകൾ അടങ്ങിയിരിക്കുന്നു. ഓരോ ഇതളിലും സർവലോക പരിപാലകനെപ്പറ്റിയുള്ള ജ്ഞാനശേഖരമുണ്ട്. ഈ പ്രപഞ്ചത്തിന് രണ്ട് യജമാന്മാരേ അനുസരിക്കാനാവില്ല. നിയന്ത്രണത്തിന് പരമാധികാരമുള്ള ഒന്നിലധികം കേന്ദ്രങ്ങളുണ്ടാവുമ്പോൾ പ്രപഞ്ചത്തിന് വ്യവസ്ഥാപിതമായി ചലിക്കാൻ കഴിയാതെവരും. വിശുദ്ധ ഖുർആനിത് വ്യക്തമാക്കുന്നുണ്ട്:
لَوۡ كَانَ فِیهِمَاۤ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَاۚ فَسُبۡحَـٰنَ ٱللَّهِ رَبِّ ٱلۡعَرۡشِ عَمَّا یَصِفُونَ.
(ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!) [Surah Al-Anbiyâ’: 22].
وَلَوِ ٱتَّبَعَ ٱلۡحَقُّ أَهۡوَاۤءَهُمۡ لَفَسَدَتِ ٱلسَّمَـٰوَ ٰ⁠تُ وَٱلۡأَرۡضُ وَمَن فِیهِنَّۚ بَلۡ أَتَیۡنَـٰهُم بِذِكۡرِهِمۡ فَهُمۡ عَن ذِكۡرِهِم مُّعۡرِضُونَ.
(സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്‌. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു.) [Surah Al-Mu’minûn: 71].
(അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!)
[Surah Al-Mu’minûn: 91].

പ്രാപഞ്ചിക യാഥാർത്ഥ്യത്തിന്റെ അംഗീകാരമാണ് തൗഹീദ്. ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന എല്ലാ അക്രമങ്ങളുടെയും അനീതികളുടെയും അരാജകത്വത്തിന്റെയും നാരായവേരാണ് ശിർക്ക്. അതുകൊണ്ട് തന്നെ ശിർക്ക് മഹാ അതിക്രമവും പാപവുമാണ്. മാത്രവുമല്ല, തൗഹീദിലൂടെ പ്രകൃതിയെ പ്രാക്തന മതത്തിന്റെ ദൈവങ്ങളിൽ നിന്നും ദേവതകളിൽ നിന്നും അജ്ഞരുടെ അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തമാക്കുന്നു ഇസ്ലാം. പ്രകൃതിയെ ഉപയോഗിക്കുന്നത് ധാർമ്മികമാകാൻ തൗഹീദിന് നിർബന്ധമുണ്ട്. പിടിച്ചുപറി, ചൂഷണം, കുത്തകവൽക്കരണം, സഹജീവികളുടെ ആവിശ്യത്തെ പരിഗണിക്കാതിരിക്കൽ, പൂഴ്ത്തിവെപ്പ്, അഹന്ത എന്നിവ ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യന് വിലക്കപ്പെട്ടിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള സോദ്ദേശ്യ ശ്രമങ്ങൾ മനുഷ്യന്റെ ഭാഗത്തു നിന്നുള്ള ആരാധനയും സൃഷ്ടാവിനുള്ള സ്തുതിഗീതങ്ങളുമാണ്.

മനുഷ്യൻ ഒരു സോദ്ദേശ്യ സൃഷ്ടിയാണെന്നാണ് ഖുർആനിക നിലപാട്. മാത്രവുമല്ല, ബുദ്ധിയുടെയും ഭാഷണ സിദ്ധിയുടെയും നിദാനം ‘ ഖലീഫ ‘ എന്ന അവന്റെ ഉത്തരവാദിത്വ നിർവഹണമാണ്. മനുഷ്യ ചെയ്തികൾ ധാർമികമാകുന്നത് അവൻ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുമ്പോഴാണ്. തൗഹീദ്, മനുഷ്യരെയെല്ലാം തുല്യമായി തന്നെ കാണുന്നു. അറിവും ദൈവഭക്തിയുമാണ് അവനെ മഹത്വപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ തൗഹീദ് മനുഷ്യന്റെ ഉൽപത്തിപരമായ ഏകത്വത്തെയും പ്രഖ്യാപിക്കുന്നു. ഇസ്ലാമിലെ ‘ഉമ്മത്ത്’ എന്നത് സാർവലൗകിക സമൂഹത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മനുഷ്യനും അവൻ സമ്പാദിച്ചത് മാത്രമേയുള്ളു. ജനനത്തിന് മുമ്പുള്ള ഏതൊരു സംഭവത്തിലും, പൈതൃകപാപത്തിലും മനുഷ്യന്നുത്തരവാദിത്വമില്ല. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം ഒരു കരാർ അടിസ്ഥാനത്തിലാണ്. ഇതിനെ നന്മ ചെയ്താലും ഇല്ലെങ്കിലും ദൈവം അനുഗ്രഹിക്കുമെന്ന വാഗ്ദാനമാക്കി മാറ്റുകയാണ് ജുത-ക്രൈസ്തവതകൾ ചെയ്തതെന്ന് ഖുർആൻ കുറ്റാരോപണമുയർത്തുന്നു. ആവിശ്യക്കാരന്നം പാവപ്പെട്ടവന്നും തന്റെ സമ്പത്തിലെ ഒരു ഭാഗം നീക്കിവെക്കുന്നവരാണ് വിജയം വരിച്ചവർ (55:19). അനാഥയെ തള്ളിപ്പറയുകയും അഗതികൾക്ക് ആഹാരം നൽകുന്ന വ്യവസ്ഥ സൃഷ്ടിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നവൻ ഇസ്ലാമിനെ യഥാർത്ഥത്തിൽ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഐൻസ്റ്റീൻ പറഞ്ഞ പോലെ ‘ പ്രകൃതി നിയമങ്ങളുടെ താളബദ്ധത അന്ധാളിപ്പുളവാക്കും വിധം ഹർഷോന്മാദം പകരുകയും എല്ലാ മാനുഷിക ചിന്താപദ്ധതികളെയും പ്രവർത്തനങ്ങളെയും അതിന്റെ ഗാംഭീര്യത്തിൽ നിസ്സാരമാക്കുകയും ചെയ്യുന്നു.’ നമുക്കറിയാം, ശാസ്ത്ര പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ ചില മുർധാരണകൾ ഉണ്ടാവാതെ തരമില്ല. അവയാകട്ടെ യുക്തിബാഹ്യമായി നിലകൊള്ളുന്നവയാണ്താനും. പ്രൊഫ. ഡേവിഡ് ഹെറോബിൻ പറയുന്നു: ‘തെളിയിക്കാനാവാത്ത രണ്ട് സഅൽപങ്ങളിൽ ഓരോ ശാസ്ത്രകാരനും വിശ്വസിച്ചേ പറ്റൂ. ഒന്നാമത്തേത് പ്രപഞ്ചം ക്രമമായി വർത്തിക്കുന്നു എന്നതാണ്. രണ്ടാമത്തേത് മനുഷ്യന്റെ തലച്ചോറിന് ഈ ക്രമത്തെ തിരിച്ചറിയാനുള്ള കഴിവുണ്ട് എന്നതും.’ സി.എസ്. ലീവീസിന്റെ വാദവും ശ്രദ്ധേയമാണ്: ‘മനുഷ്യന്റെ യുക്തി പ്രസക്തമല്ലെങ്കിൽ ശാസ്ത്രം അസാധ്യമാണ്.’ ഭൗതികവാദം ശരിയാണെങ്കിൽ നമ്മുടെ ഭൗതിക പ്രവർത്തനങ്ങൾ യുക്തിപരമോ അവലംബിക്കാവുന്നതോ ആണെന്ന ധാരണ സന്ദേഹത്തിലാകുന്നു. ലീവിസ് പറയുന്നത്പോലെ, ‘അയുക്തി കാരണങ്ങളാലുണ്ടാകുന്ന ചിന്ത, ചിന്തയെ അപ്രസക്തമാക്കുന്നു’. സാധ്യത എന്ന് ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന പദം സ്വയം പ്രവർത്തന ഏജൻറായി തെറ്റിദ്ധരിക്കുന്നതിനാലാണ്. ‘നാച്ചുറലിസം’ സൈദ്ധാന്തികമായി നിലനിൽക്കുന്നത്. അയുക്തികവും യാദൃച്ഛികവുമായ കാരണങ്ങളുടെ മാത്രം ഫലമായുണ്ടായതാണ് മനുഷ്യമനസ്സ് എന്ന് പറയുന്ന ഒരു സിദ്ധാന്തത്തിന് വൈരുധത്തിലെത്താതെ നിവൃത്തിയില്ല. നമ്മുടെ മനസ്സുകളെ വിശ്വസിക്കണമെങ്കിൽ, അവ ശരിയായ ഉത്തരങ്ങൾ അറിയുന്നവനാൽ ആസൂത്രണം ചെയ്തതാണെന്ന് വിശ്വസിക്കാതെതരമില്ല. ജെ.ബി.എസ്. ഹാൽഡേൻ ചൂണ്ടിക്കാണിച്ചത് പോലെ, ‘എന്റെ മാനസിക പ്രക്രിയകളൊക്കെ തലച്ചോറിലെ പരമാണുക്കളുടെ ചലനങ്ങൾ കാരണമായി മാത്രം നടക്കുന്നവയാണെങ്കിൽ എന്റെ വിശ്വാസങ്ങൾ ശരിയാണെന്ന് വിശ്വാസിക്കാൻ എനിക്ക് യാതൊരു കാരണവുമില്ല’. ഇച്ഛാസ്വാതന്ത്ര്യമുള്ള മനുഷ്യൻ എന്ന വിശ്വാസവും യാന്ത്രികതയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ നിർണയവാദവും വൈരുധ്യാത്മകമാണ്. മാത്രവുമല്ല, മനുഷ്യന് വെളിയിലുള്ള പ്രകൃതിയുടെ സ്വതന്ത്ര വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന നിയമം മനുഷ്യ മസ്തിഷ്കത്തിന്റെ ഉൽപന്നമായ ഗണിതശാസ്ത്ര മാനങ്ങളിൽ സുന്ദരമായി ഇഴുകിച്ചേർന്നതിൽ അത്ഭുതം കൂറിക്കൊണ്ട് ഐൻസ്റ്റീൻ പറഞ്ഞു: ‘പ്രകൃതിയെ മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ ദുരൂഹത.’

മനുഷ്യൻ എന്ന ഉൽപന്നം ആകസ്മികമായ മ്യൂട്ടേഷന്റെ മാത്രം ഫലമാണെന്ന് വിശ്വസിക്കാനാവില്ല. ആധുനിക നിയോ – ഡാർവിനിയൻ സിദ്ധാന്തം അങ്ങനെ പറയുന്നില്ല. ചലന നിയമങ്ങളും ക്വാണ്ടം ബലതന്ത്രവും അനുസരിച്ചുള്ള അജ്ഞേയത്വം (indeterminacy) മനുഷ്യമനസ്സിന്റെ പരിമിതി മാത്രമാണ്; മൊത്തം പാറ്റേണുകളെ ആകസ്മികമാണെന്ന് തെളിയിക്കുന്നതല്ല. അന്ധമായ ആകസ്മികത കാരുണ്യത്തെയും സ്നേഹത്തെയും പ്രതിക്കൂട്ടിലാക്കുന്നു. ആരുമായും ‘ കടപ്പാടില്ലാത്ത മനുഷ്യൻ ‘ എന്ന അവസ്ഥ സൃഷ്ടിക്കുന്ന ദാർശനിക വ്യഥ അപരിഹാര്യമാണ്. മനുഷ്യന്റെ ഉൽപത്തി, വളർച്ച, പ്രപഞ്ചത്തിന്റെ ചലനം, ഗതി, പ്രകൃതിയുടെ വിവിധ പ്രക്രിയകൾ എന്നിവ ആകസ്മികതയുടെ ഫലമാണെന്നും അവയ്ക്കു പിന്നിൽ കാരണം അന്വേഷിക്കുന്നത് വ്യർത്ഥമാണെന്നും ഭൗതികവാദം ശഠിക്കുന്നു. ഴാൻ പോൾ സാർത്രെ (1905-1980) മനുഷ്യാവസ്ഥയെക്കുറിച്ച് ഈ വിലയിരുത്തൽ എത്തിപ്പെടുന്ന പാരമ്യം വ്യക്തമാക്കുന്നു: ‘ മനുഷ്യൻ സ്വതന്ത്രനാവാൻ വിധിക്കപ്പെട്ടിരിക്കുന്നു’. നന്മ നിന്മകളെക്കുറിച്ച മനോഭാവങ്ങളെ ഇത് അപകടത്തിലാക്കും. ഈ കാഴ്ച്ചപ്പാട് നിരാശയിലേക്കും നിരർത്ഥതയിലേക്കും മനുഷ്യനെ തള്ളിവിടും. ജാക്വസ് മൊണാർഡ് എഴുതി: ‘ മനുഷ്യന്റെ സംഗീതത്തോട് ബധിരമായ ലോകം, അവന്റെ പ്രതീക്ഷകളോടും വ്യഥകളോടും അശ്രദ്ധമായിരിക്കുന്നു’. ആധുനികോത്തര ഭൗതികവാദ ചിന്തകൻ റിച്ചാർഡ് ഡോക്കിൻസ് ഈ വശം മനോഹരമായി പ്രതിപാദിക്കുന്നു: ‘ എല്ലാറ്റിന്റെയും അടിയാധാരമായി യാതൊരു ആസൂത്രണവുമില്ല, ലക്ഷ്യവുമില്ല, നന്മയും തിന്മയുമില്ല. ആകെയുള്ളത് കരുണയില്ലാത്ത വിമുഖത മാത്രം’. എന്നാൽ കൂടുതൽ ആഴത്തിൽ വസ്തുതകളെ പരിശോദിച്ച ശാസ്ത്രകാരന്മാർ മറ്റൊരു നിഗമനത്തിലെത്തിയിട്ടുണ്ട്. നോബൽ സമ്മാന ജേതാവായ ക്രിസ്ത്യൻ ഡെഡു വെ എഴുതുന്നു: ‘ ഈ പ്രപഞ്ചത്തെ ഒരു കോസ്മിക് തമാശയായല്ല ഞാൻ കാണുന്നത്. മറിച്ച്, അർത്ഥമുള്ള ഒന്നായാണ്. ജീവനും മനസ്സും ഉൽപാദിതമാകാനും സത്യം വിലയിരുത്താൻ ശേഷിയുള്ള സൗന്ദര്യാസ്വാദകരായ, സ്നേഹിക്കുന്നവരായ, നന്മക്ക് മോഹമുള്ള മനുഷ്യരെ സൃഷ്ടിക്കുന്ന അർത്ഥമുള്ള പ്രപഞ്ചം’. ആൽബർട്ട് ഐൻസ്റ്റീൻ വ്യക്തമാക്കി: ‘അതീവ മനോജ്ഞമായി വിന്യസിക്കപ്പെട്ട നിയമബദ്ധിതമായ പ്രപഞ്ചമാണിത്; ആ നിയമങ്ങൾ നമുക്ക് ജ്ഞേയമല്ലെങ്കിലും’. ശാസ്ത്ര ചിന്തകൻ മാർട്ടിൻ ഗാർഡിനർ എഴുതുന്നു: ‘ ഒരു പൂച്ചക്ക് കാൽക്കുലസ് ദുർജ്ഞേയമായതു പോലെ, നമുക്കറിയാത്ത സത്യങ്ങളുണ്ട്’. ഈ വിനീതഭാവം ആധുനിക ശാസ്ത്രജ്ഞരിൽ ഇന്ന് വളർന്നുകൊണ്ടിരിക്കുന്നു. പുതിയ (Paradigm Shift) ഇങ്ങനെയാണ്: ‘മനുഷ്യ കേന്ദ്രീകൃത കോസ്മിക സിദ്ധാന്തം (Anthropic Cosmological Principle) ദൈവാസ്തിത്വത്തെപ്പറ്റിയുള്ള പ്രശ്നം എന്നന്നേക്കുമായി പരിഹരിച്ചിട്ടില്ലെങ്കിലും അത് അടിസ്ഥാനപരമായ വശങ്ങളിൽ ചില വ്യത്യാസങ്ങളുണ്ടാക്കിയിട്ടുണ്ട്. തെളിവ് നൽകേണ്ട ബാധ്യത മറുവശത്തേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു’. ബുദ്ധിസ്റ്റ് ചിന്തകനും കോസ്മോളിസ്റ്റുമായ ചന്ദ്രവിക്രമസിംഹെ, ഫ്രെഡ് ഹോയിലുമായി ചേർന്ന് എഴുതി: ‘പ്രപഞ്ചം നിരർത്ഥകമായി ഉണ്ടായതാണെന്നും അതിന് ലക്ഷ്യമില്ലെന്നുമുള്ള നിരീശ്വരവാദ വീക്ഷണം പ്രപഞ്ചത്തിന്റെ ഉജ്ജ്വലമായ താർക്കിക ഘടനയുമായി പൊരുത്തപ്പെടുന്നില്ല’. വ്യവസ്ഥാപിത പ്രപഞ്ചമെന്നതാണ് താഹീദീ സങ്കൽപം :
(തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.)
[Surah Al-Qamar: 49]. ശാസ്ത്ര വളർച്ച വളർച്ചക്കനുപേക്ഷണീയമായി മാറിയത് സ്വാഭാവികം മാത്രമായിരുന്നു. തൗഹീദ് ശാസ്ത്ര മുന്നേറ്റത്തിന്റെ ചാലകശക്തിയായി മാറിയതായി എം.എൻ. റോയ് ആവർത്തിച്ചെഴുതിയിട്ടുണ്ട്. മാത്രവുമല്ല, ജീവപ്രപഞ്ചത്തിന്റെ ഉള്ളറകളിലേക്ക് ദൃഷ്ടി പായിക്കുന്ന പക്വമതികളുടെ വീക്ഷണം ഖുർആൻ ഉദ്ധരിക്കുന്നതിങ്ങനെയാണ്:
سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى، ٱلَّذِی خَلَقَ فَسَوَّىٰ ، وَٱلَّذِی قَدَّرَ فَهَدَىٰ .
(സൃഷ്ടിക്കുകയും സന്തുലിതത്വം സ്ഥാപിക്കുകയും വിധി നിർണയിക്കുകയും പിന്നെ വഴികാട്ടുകയും ചെയ്തവനായ താങ്കളുടെ അത്യുന്നതനായ റബ്ബിന്റെ നാമം പ്രകീർത്തിക്കുക). 2770 പേജുകൾ വീതമുള്ള വെബ്സ്റ്റർ നിഘണ്ടുവിലേക്ക് മനുഷ്യന്റെ ജനിതകവിവരം സംഗ്രഹിച്ചാൽ 42 വാള്യങ്ങൾ വരുമെന്നാണ് കണക്ക്. ഇവ വായിച്ചെടുക്കാനുള്ള ‘ഹ്യൂമൻ ജിനോം പ്രോജക്ട്’ സൂക്ഷമവും സമഗ്രവുമായി വിവരം രേഖപ്പെടുത്തിയവനെ പ്രകീർത്തിക്കാൻ പ്രേരകമാണ്..

ഏക ദൈവം നടത്തിയ സൃഷ്ടി പ്രപഞ്ചം എന്ന തൗഹീദീ ആശയമാണ് ആധുനിക ശാസ്ത്രത്തിന്റെ ഉത്ഭവത്തിന്റെ മുഖ്യ പ്രചോദന സ്രോതസ്സ് എന്ന വസ്തുത ശാസ്ത്ര ചരിത്രകാരന്മാരും തത്ത്വചിന്തകരും ഇതര ഗവേഷകരും ഒരുപോലെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. പ്രശസ്ത ഡാർവിനിയൻ വ്യാഖ്യാതാവായ ലോറൻ എയ്സ്ലേ പറയുന്നു: ‘വിശ്വാസവുമായി തൊഴിൽപരമായി ബന്ധമില്ലാത്ത ശാസ്ത്രത്തിന്റെ ഉൽപ്പത്തി, പ്രപഞ്ചത്തെ യുക്തിപരമായി വ്യാഖ്യാനിക്കാമെന്ന വിശ്വാസത്തിലാണ്. ഇതിൽ തന്നെയാണ് ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള ഗതിയും സുസ്ഥാപിതമായിരിക്കുന്നത്’. ജൈവരസതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ മെൽവിൻ കാർവിൻ എഴുതി: ‘പ്രസ്തുത സങ്കൽപത്തിന്റെ ഉൽപത്തി നേടി ഞാനെത്തിയത് 2000-3000 വർഷങ്ങൾക്ക് മുമ്പ് പാശ്ചാത്യ ലോകത്ത് എത്തിച്ചേർന്ന ഏകദൈവം എന്ന ആശയമാണ്. അനവധി ദൈവങ്ങളുടെ കേരളീരംഗമില്ലത്ത്; വ്യവസ്ഥാപിതമായ ഏകനിയമത്തിന്റെ അധികാരമണ്ഡലമാണ്. ഈ ഏക ദൈവ ദർശനമാണ് ആധുനിക ശാസ്ത്രത്തിന്റെ ചരിത്രപരമായ അടിസ്ഥാനം’. മാത്രവുമല്ല, പ്രകൃതി ദിവ്യത്വത്തിൽ നിന്ന് മാറ്റി പ്രതിഷ്ഠിക്കപ്പെട്ടതിന്റെ മാത്രം ഫലമാണ് ശാസ്ത്രം. സൃഷ്ടിപ്രപഞ്ചം വ്യവസ്ഥാപിത നിയമങ്ങളാൽ പ്രവർത്തിക്കുന്നതാകയാൽ പഠനസാധ്യമാണ് എന്ന് സിദ്ധിച്ചത് ഇതിൽ നിന്നുമാണ്. പ്രൊഫ. ലാംഗ്ഡൻ ജിൽക്കി വ്യക്തമാക്കുന്നു: ‘ സൃഷ്ടിയെന്ന ആശയം ലോകം മിഥ്യയല്ല എന്ന് വരുത്തി; പരസ്പര ബന്ധിതവും നിർവചനസാധ്യവുമായി പ്രവർത്തിക്കുന്ന ഘടനയാണതിനുള്ളത്. അതുകൊണ്ട് തന്നെ ശാസ്ത്രീയവും താത്വികവുമായ പഠനം സാധ്യമായി’. പ്രപഞ്ചത്തിനാകട്ടെ ഒരു സൃഷ്ടാവ്, ആ സൃഷ്ടാവിന്റെ സൃഷ്ടികളായ മനുഷ്യരാകെ ഒരു സമൂഹം എന്ന ആശയമാണ് ഖുർആൻ മുന്നോട്ട് വെക്കുന്നത് (4:1, 49:13). സൃഷ്ടികളെല്ലാം സൃഷ്ടാവിന്റെ ആശ്രിതരാണ്. അതിനാൽ, അവന് ഏറെ പ്രിയപ്പെട്ടവർ തന്റെ ആശ്രിതർക്ക് ഏറ്റവുമധികം പ്രയോജനപ്പെടുന്നവരത്രെ. പ്രാപഞ്ചികത (Universalism) എന്ന ആശയത്തെ എത്ര മനോജ്ഞമായാണ് ഇസ്ലാം പ്രതിനിധാനം ചെയ്യുന്നത്.! തൗഹീദിന്റെ പ്രപഞ്ച വീക്ഷണം ജീവിതത്തിന് അർഥവും ലക്ഷ്യവും ചൈതന്യവും നൽകുന്നു. മനഷ്യപ്രകൃതി, മനുഷ്യ ചരിത്രം, ശാസ്ത്രം വെളിപ്പെടുത്തുന്ന പ്രകൃതിയെക്കുറിച്ചുള്ള അറിവ് എന്നിവ ദൈവാസ്തിത്വത്തിന്റെ നിദർശനങ്ങളാണ്. നമുക്കറിയാം, പ്രപഞ്ച സൃഷ്ടാവും പരിപാലകനുമായ ദൈവത്തിന് തുല്യാനായി ആരുമില്ല. പ്രപഞ്ചം പരസ്പരം പോരടിക്കുന്ന ഘടകങ്ങളുടെ സമാഹാരമല്ല; മറിച്ച് സർവജ്ഞാനിയും സകലതിനും കഴിവുറ്റവനും കരുണാവാധിയുമായവന്റെ അധികാരമണ്ഡലമാണ്.

ഖുർആനിക വീക്ഷണപ്രകാരം മനുഷ്യന്റെ ഏറ്റവും പ്രാഥമിക ലോകവീക്ഷണം ‘തൗഹീദി’ ലധിഷ്ഠിതമായിരുന്നു. എല്ലാ പ്രാമാണിക മതതത്ത്വങ്ങളും ഒന്നു തന്നെയാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശദാംശങ്ങളിൽ നേരിയ വ്യത്യാസങ്ങൾ കണ്ടേക്കാം. ദ്വന്ദ്വം, ത്രിത്വം, ബഹുത്വം എന്നിങ്ങനെ ദൈവസത്തയിൽ പങ്കു ചേർത്ത് മതങ്ങൾ ഉണ്ടാവുകയായിരുന്നു. രാമൻ, കൃഷ്ണൻ , ബുദ്ധൻ, യേശു എന്നിവർ അങ്ങനെയാണ് ദൈവാവതാരങ്ങളായത്. മനുഷ്യാരംഭം മുതലേ ജനങ്ങളുടെ സന്മാർഗദർശനത്തിനായി ആഗതരായ ദൈവദൂതന്മാർ ഏതൊരു അടിസ്ഥാന സിദ്ധാന്തത്തിലേക്ക് ജനതയെ ക്ഷണിച്ചു വോ അതിൽ നിന്ന് വ്യതസ്ഥമായ ഒന്നായിരുന്നില്ല മുഹമ്മദ് നബിയുടേയും ദൗത്യം. തൗഹീദീ ദർശനത്തെ സകല കൂട്ടിച്ചേർക്കലുകളിൽ നിന്നും മാറ്റത്തിരുത്തലുകളിൽ നിന്നും ശുചീകരിച്ച് പ്രാപഞ്ചികതയും മനുഷ്യ സാഹോദര്യവും ഊട്ടിയുറപ്പിച്ച് തദടിസ്ഥാനത്തിൽ ജീവിതത്തെ ക്രമപ്പെടുത്തുന്ന പ്രായോഗിക പദ്ധതി സമർപ്പിക്കുക, മർദിതർക്കും അശരണർക്കും ഭൗതികവും ആത്മീയവുമായ വിമോചനത്തിനുള്ള പാഥേയമൊരുക്കുക, മനുഷ്യ ജീവിതത്തെ ധാർമികതയുടെ അടിത്തറയിൽ പുന: സംവിധാനിച്ച്, ഇഹ-പര ജീവിതങ്ങളെ സമഞ്ജസമായി സമ്മേളിപ്പിക്കുക എന്നിവയൊക്കെ മുഹമ്മദീയ പ്രവാചകത്വത്തിന്റെ ദൗത്യങ്ങളിൽപ്പെടുന്നു. എല്ലാറ്റിനെയും പ്രേരകമായി വർത്തിക്കുന്നത് തൗഹീദ് അഥവാ കലർപ്പറ്റ ഏക ദൈവ ദർശനമാണ്. കർമത്തിലും ചലനത്തിലുമുള്ള ഒരാളുടെ അഗാതവും അനന്യവുമായ വിശ്വാസമാണിത്. വികാസം, പുരോഗതി എന്നിവയോടുള്ള പ്രതിബദ്ധത, മാനുഷിക ഗുണങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള വ്യഗ്രത എന്നിവ തൗഹീദ് മനുഷ്യന്റെ മുഖമുദ്രയാക്കുന്നു. മതങ്ങളിലെ മാലിന്യങ്ങളെ തെരഞ്ഞുപിടിച്ച് മാറ്റിയാൽ അവയൊക്കെ ഒരൊറ്റ ദർശനമായി തിരിച്ചറിയാനാകുമെന്നതാണ് മാനവിക ഐക്യത്തിനായുള്ള വിശുദ്ധ ഖുർആനിന്റെ വിപ്ലവകരമായ സന്ദേശം. അതുകൊണ്ട് لا اله الا الله എന്ന സന്ദേശത്തിലേക്കുള്ള ആഹ്വാനം യഥാർത്ഥത്തിൽ മതങ്ങളുടെ ഐക്യത്തിനും നീതിക്ക് വേണ്ടിയുള്ള നിദാന്തമായ പോരാട്ടത്തിനും മനുഷ്യവംശത്തിന്റെ ഏകത്വത്തിനും വേണ്ടിയുള്ള ആഹ്വാനം കൂടിയാണ്. ചുരുക്കത്തിൽ ഈ മഹാ പ്രപഞ്ചത്തിന്റെ നൈസർഗിക ഭാവത്തിനും പ്രാപഞ്ചിക താളബദ്ധതക്കുമാണ് തൗഹീദ് എന്ന് പറയുക.

 

റഫറൻസ്:
1. Holy Quran
2. Bukhari
3. Thafseer al- kabeer
4. T.S Eliot, idea of Christian Society, P.64
5. Albert Einstein, ideas of opinions, P.46
6. David F. Herrobin, science is God, 1969 P.13
7. C.S Lewis, Miracles, Geofry Bles: London, 1947, P.26
8. Jean-Paul Sartre, Existentioalism and Humanism, London, 1969, P.13
9. Jacques Monad, ‘Chance and Necessity’ N. York, 2016
10. D. Brian, Einstein-A life N. York. 1996, P.39
11. Richard Dawkins, ‘Science and God (1997) P. 890-893

Related Articles