Current Date

Search
Close this search box.
Search
Close this search box.

അറിവിന്റെ അക്ഷയഖനികളായ പണ്ഡിതജീവിതങ്ങള്‍

ഗ്രന്ഥരചയിതാക്കളായ മുസ്‌ലിം പണ്ഡിതശ്രേഷ്ഠരുടെ ജീവിതം അത്ഭുതങ്ങളുടെ കലവറയാണ്. ഹ്രസ്വമായ ജീവിതകാലയളവിനെ സാര്‍ഥകമാക്കാന്‍ അവരൊക്കെയും പലവിധ വൈജ്ഞാനിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടു. സജീവമായ ഗ്രന്ഥരചനകള്‍ നടത്തി. അവയിലെ ചില അതുല്യമായ ഏടുകള്‍ പരിശോധിക്കാം. ഇറാഖിലെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന ഇബ്‌നു ശാഹീന്‍(അബൂ ഹഫ്‌സ് ഉമറുല്‍ ബഗ്ദാദി എന്ന് പൂര്‍ണനാമം) അത്ഭുകരമായ രചനാപാടവത്തിന്റെ പേരില്‍ ചരിത്രത്തില്‍ ഇടംനേടിയവരാണ്. 330 ഓളം ഗ്രന്ഥങ്ങളാണത്രെ അദ്ദേഹം സ്വന്തമായി രചിച്ചത്! അതില്‍തന്നെ ‘തഫ്‌സീറുല്‍ കബീര്‍’ എന്ന ഗ്രന്ഥം 1000 ഭാഗങ്ങള്‍! ‘അല്‍ മുസ്‌നദ്’ എന്ന ഗ്രന്ഥം 1300 ഭാഗങ്ങള്‍! ‘അത്താരീഖ്’ എന്ന ഗ്രന്ഥം 150 ഭാഗങ്ങള്‍! ‘അസ്സുഹ്ദ്’ എന്ന ഗ്രന്ഥം 100 ഭാഗങ്ങള്‍! ഒരു ഭാഗമെന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള മുപ്പതോളം പേജുകള്‍ വരും. ഈ കാര്യം അദ്ദേഹത്തിന്റെ ശിഷ്യന്‍ അബുല്‍ ഹുസൈനുല്‍ മുഹ്തദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രന്ഥരചനയ്ക്കാവശ്യമായ മഷി വാങ്ങാന്‍ മാത്രം അദ്ദേഹം ചെലവഴിച്ചത് 700 ദിര്‍ഹമാണത്രെ! (തദ്കിറതുല്‍ ഹുഫ്ഫാള്- ഹാഫിളുദ്ദഹബി- വാല്യം 3, പേ 987)

***
പ്രമുഖ മുഫസ്സിറും മുഹദ്ദിസും ചരിത്രകാരനുമൊക്കെയായിരുന്നു ഇബ്‌നു ജരീറു ത്വബ്‌രി. അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളുടെ പേജുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ദിവസവും പതിനാലു പേജുകള്‍ എഴുതിയതിനു തുല്യമാണെന്ന് ചരിത്രം! ജീവിതത്തിലെ അവസാനത്തെ നാല്‍പതു വര്‍ഷക്കാലത്തോളം ഒരു ദിവസം നാല്‍പതു പേജുകളെന്ന കണക്കിന് അദ്ദേഹം എഴുതി! ആകെക്കൂടെ അദ്ദേഹം എഴുതിത്തീര്‍ത്ത പേജുകള്‍ 358000 ത്തോളം വരുമത്രെ! ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ വിശ്വപ്രസിദ്ധമായ തഫ്‌സീര്‍ മുപ്പത് വാല്യങ്ങളിലും താരീഖ് പതിനൊന്ന് വാല്യങ്ങളിലും പരന്നുകിടക്കുന്നു! ഇസ്‌ലാമിലെ ഏറ്റവും വലിയ ഗ്രന്ഥകാരനെന്ന് ചരിത്രം അദ്ദേഹത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഈ നേട്ടമൊക്കെ സാധ്യമായത് സമയത്തെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയതു കൊണ്ടാണെന്ന് അദ്ദേഹത്തിന്റെ ശിഷ്യര്‍ പറയുന്നു. പരുപരുക്കന്‍ വസ്ത്രം ധരിച്ച് പരിമിതമായ സൗകര്യങ്ങളില്‍ അദ്ദേഹം കിടന്നുറങ്ങി. ളുഹ്‌റ് നമസ്‌കാരം കഴിഞ്ഞാല്‍ അസ്‌റ് വരെ ഗ്രന്ഥരചനയില്‍ കഴിഞ്ഞുകൂടി. അസ്‌റ് മുതല്‍ മഗ്‌രിബ് വരെ ജനങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണവുമായി കഴിഞ്ഞു. മഗ്‌രിബ് മുതല്‍ ഇശാവരെ ജനങ്ങള്‍ക്കായി ദര്‍സ് നടത്തുകയും ചെയ്തു. ശേഷം മാത്രമായിരുന്നു വീട്ടിലേക്ക് തിരിച്ചത് എന്ന് ശിഷ്യന്‍ ഖാദി അബൂബക്ര്‍ ബിന്‍ കാമില്‍. യാഖൂതുല്‍ ഹമവി തന്റെ ‘മുഅ്ജമുല്‍ ഉദബാ’ഇലും ഖത്വീബുല്‍ ബഗ്ദാദി തന്റെ ‘താരീഖു ബഗ്ദാദി’ലും അദ്ദേഹത്തെക്കുറിച്ച് വാചാലമായിട്ടുണ്ട്.

***
ഗ്രന്ഥങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തിയ പണ്ഡിതരുടെ കൂട്ടത്തില്‍ പ്രമുഖനാണ് ഇബ്‌നുല്‍ ജൗസി. അബുല്‍ ഫറജ് ഇബ്‌നുല്‍ ജൗസി എന്ന് പൂര്‍ണനാമം. ഒരു വിജ്ഞാനശാഖയില്‍പോലും അദ്ദേഹത്തിന് ഗ്രന്ഥങ്ങളില്ലാതെയില്ല എന്നും ആകെ ഗ്രന്ഥങ്ങള്‍ 340-ലേറെ വരുമെന്നും ഹാഫിള് ഇബ്‌നു റജബ് ‘ദൈലു ത്വബഖാത്തില്‍ ഹനാബില’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഗ്രന്ഥങ്ങളില്‍ ചിലത് ഇരുപതോളം വാല്യങ്ങള്‍ വരും. ഒരുദിവസം അദ്ദേഹം ചുരുങ്ങിയത് നാലു ചെറിയ നോട്ടുപുസ്തകങ്ങള്‍ വരെ എഴുതിയിരുന്നുവെന്ന് മുവഫഖ് അബ്ദുല്ലത്തീഫ് എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്റെയീ രണ്ടുകൈകള്‍ കൊണ്ട് ഞാന്‍ രണ്ടായിരം വാല്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞതായി പേരക്കുട്ടി അബുല്‍ മുളഫര്‍ പറയുന്നു.(തദ്കിറതുല്‍ ഹുഫ്ഫാള്- ഹാഫിളുദ്ദഹബി- വാല്യം 4, പേ 1344)

അതൊന്നുമല്ല അത്ഭുതം, മഹാത്ഭുതം അദ്ദേഹം എഴുതിത്തീര്‍ത്ത പേനകളുടെ കാര്യമാണ്. അദ്ദേഹം ഹദീസുകളെഴുതാന്‍ ഉപയോഗിച്ച പേനകള്‍ കൂര്‍പ്പിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഒരുമിച്ചുകൂട്ടാന്‍ അദ്ദേഹം ഒരിക്കല്‍ കല്‍പിക്കുകയുണ്ടായി. ഒരുമിച്ചു കൂട്ടിയപ്പോള്‍ ഒരുപാടുണ്ടായിരുന്നു അത്. താന്‍ മരണപ്പെട്ടാല്‍ തന്റെ മയ്യിത്ത് കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കാന്‍ ഈ അവശിഷ്ടങ്ങളുപയോഗിക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. തന്റെ ജീവിതകാലത്തെ വൈജ്ഞാനിക ശേഷിപ്പുകള്‍ മരണശേഷവും തന്നോടൊപ്പം സഹവസിക്കുകയെന്നതില്‍ കവിഞ്ഞ് ആ ജീവിതം സാര്‍ഥകമാവാന്‍ മറ്റെന്തുവേണം?! വസ്വിയ്യത്ത് പ്രകാരം അതുപയോഗിക്കുകയും ചെയ്തു. എന്നിട്ടും പേനയുടെ അവശിഷ്ടങ്ങള്‍ ഒരുപാട് അവശേഷിച്ചിരുന്നു! ഈ സംഭവം ‘അല്‍ കുനാ വല്‍ അല്‍ഖാബ്’ എന്ന ഗ്രന്ഥത്തില്‍ ഖുമ്മി എന്നവര്‍ ഉദ്ധരിക്കുന്നുണ്ട്.(വാല്യം 1, പേ 242).

അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളെ പരിചയപ്പെടുത്താന്‍ മാത്രം പില്‍ക്കാലത്ത് പണ്ഡിതര്‍ ഗ്രന്ഥങ്ങളെഴുതി! അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെക്കുറിച്ചു മാത്രം ‘മുഅല്ലഫാത്തു ഇബ്‌നില്‍ ജൗസി’ എന്ന പേരില്‍ ഉസ്താദ് അബ്ദുല്‍ ഹമീദുല്‍ അല്‍വജി അല്‍ ഇറാഖി എഴുതിയ ഗ്രന്ഥം ഇക്കൂട്ടത്തില്‍ പ്രസിദ്ധമാണ്. അതില്‍ അദ്ദേഹത്തിനു ലഭിച്ചതുമാത്രമായി 519 ഗ്രന്ഥങ്ങളുടെ വിവരണങ്ങള്‍ അദ്ദേഹം ചേര്‍ക്കുന്നു. അതല്ല, ഇബ്‌നുല്‍ ജൗസിയുടെ ഗ്രന്ഥങ്ങള്‍ ആയിരത്തിലേറെ വരുമെന്ന് ഇബ്‌നു തൈമിയ്യ തന്റെ ‘അജ്‌വിബത്തുല്‍ മിസ്‌റിയ്യ’യില്‍ പറയുന്നു.

***
തലമുറകളോളം അറിവിന്റെ തണലൊരുക്കാന്‍ വൈജ്ഞാനികാന്വേഷണത്തിലുള്ള യാത്രയിലായും ഗ്രന്ഥരചനകളിലായും ജീവിതം തളച്ചിട്ട വ്യക്തിത്വമായിരുന്നു ഹാഫിള് ഇബ്‌നു അസാകിര്‍. ദമസ്‌കസില്‍ ഹിജ്‌റ 499 ന് ജനിച്ച് 571ന് വഫാത്തായ അദ്ദേഹം മുസ്‌ലിം ലോകത്തിന് അതുല്യമായ പല ഗ്രന്ഥങ്ങളും സമ്മാനിച്ചു. നാല്‍പത് വ്യത്യസ്ത നാടുകളില്‍ നിന്നായി നാല്‍പത് ശൈഖന്മാരില്‍ നിന്നായുള്ള നാല്‍പത് ഹദീസുകള്‍ ചേര്‍ത്ത് ‘അല്‍അര്‍ബഈനുല്‍ ബുല്‍ദാനിയ്യ’ എന്ന ഗ്രന്ഥം കൂട്ടത്തില്‍ പ്രധാനമാണ്.

കൂട്ടത്തില്‍ മഹാത്ഭുതം എണ്‍പതു വാല്യങ്ങളിലായി അദ്ദേഹം രചിച്ച ‘താരീഖു മദീനത്തി ദിമശ്ഖ്’ എന്ന ഗ്രന്ഥമാണ്. ചരിത്രപരമായ സ്ഥലങ്ങള്‍ ഏറെയുള്ള ദമസ്‌കസിന്റെ ചരിത്രം മനോഹരമായി പറയുന്ന ഗ്രന്ഥം. അദ്ദേഹത്തിലെ ചരിത്രകാരനെയും ജ്ഞാനകുതുകിയെയും കാട്ടിത്തരുന്ന ഗ്രന്ഥമാണത്. ബഗ്ദാദിന്റെ ചരിത്രം പറയാന്‍ ഖത്വീബുല്‍ ബഗ്ദാദി രചിച്ച ‘താരീഖു ബഗ്ദാദ്’ എന്ന ഗ്രന്ഥത്തിന്റെ ശൈലിയിലാണത് വിരചിതമായത്. പക്ഷെ, വലിപ്പത്തിലും വിശാലതയിലും അതിലേറെ മികച്ചുനില്‍ക്കുമെന്ന് ചരിത്രം.

ഈ ഗ്രന്ഥത്തെക്കുറിച്ച് പണ്ഡിതരെല്ലാം ഒരുപാട് വാചാലരായിട്ടുണ്ട്. ദമസ്‌കസ് നഗരത്തിന്റെ സമ്പൂര്‍ണചരിത്രം അടയാളപ്പെടുത്തുന്ന ഒരു സര്‍വവിജ്ഞാനകോശം തന്നെയാണത്! ബുദ്ധിയുദിച്ച നാളുമുതല്‍ ഇത്തരമൊരു ഗ്രന്ഥത്തിനു വേണ്ടി അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു കാണണമെന്നും അല്ലാത്തപക്ഷം ഒരു മനുഷ്യായുസ്സ് അതിന് അപര്യാപ്തമാണെന്നും പ്രമുഖ പണ്ഡിതന്‍ അല്ലാമാ സകിയ്യുദ്ദീന്‍ അല്‍ മുന്‍ദിരിയുടെ സാക്ഷ്യം. ഗ്രന്ഥങ്ങള്‍ക്കുപുറമെ ഗഹനമായ 408 വൈജ്ഞാനിക സദസ്സുകളും അദ്ദേഹം നടത്തി. ഇവയില്‍ ഓരോ സദസ്സും ഓരോ ഗ്രന്ഥത്തിനു തുല്യമാണത്രെ(ഇബ്‌നു ഖല്ലികാന്‍-വഫയാത്തുല്‍ അഅ്‌യാന്‍- വാല്യം 1, പേ 335.

ഗ്രന്ഥരചന മാത്രം ജീവിതവൃത്തിയാക്കിയവരായിരുന്നു പൂര്‍വകാല പണ്ഡിതരില്‍ പലരും. രാപകല്‍ ഭേദമന്യേ അവര്‍ അറിവിന്റെ പ്രസരണത്തിലായി കഴിഞ്ഞുകൂടി. അല്ലാഹു കനിഞ്ഞുനല്‍കിയ അറിവും ഹിക്മത്തും വരുംതലമുറകള്‍ക്കു വേണ്ടി കടലാസുകളില്‍ അവര്‍ പകര്‍ത്തിവച്ചു. ഹമ്പലി മദ്ഹബിലെ പ്രമുഖ കര്‍മശാസ്ത്രപണ്ഡിതനായിരുന്നു ഇമാം അബുല്‍ വഫാ ഇബ്‌നു അഖീല്‍. ആദം സന്തതികളിലെ അതിബുദ്ധിമാന്മാരില്‍ പെട്ടവരാണ് ഇബ്‌നു അഖീലെന്ന് ഹാഫിള് ഇബ്‌നു റജബ് ‘ദൈലു ത്വബഖാത്തില്‍ ഹനാബില’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അദ്ദേഹം തന്നെ പറയാറുണ്ടായിരുന്നത്രെ: ‘എന്റെ ആയുസ്സിലെ ഒരു മണിക്കൂറു പോലും നഷ്ടപ്പെടുത്താന്‍ എനിക്ക് അനുവാദമില്ല. ഇനിയെന്റെ നാവുകളും കണ്ണുകളും കൊണ്ട് പറയാനും വായിക്കാനും സാധിക്കാതെവന്നാലും എന്റെ ചിന്തയെ ഞാന്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടേയിരിക്കും. വിശ്രമിക്കുമ്പോഴും ഞാന്‍ എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരുന്നു. എഴുന്നേല്‍ക്കുമ്പഴേക്കും എഴുതിക്കുറിക്കാന്‍ പാകത്തില്‍ മനസ്സില്‍ വല്ലതും രൂപപ്പെട്ടിരിക്കും. ഇരുപതുകളില്‍ വിജ്ഞാനത്തോട് എനിക്കു തോന്നിയ അലച്ചയെക്കാള്‍ എത്രയോ അധികമാണ് എണ്‍പതുകളില്‍ എനിക്കുള്ള ആഗ്രഹം’.
ഭക്ഷണം കഴിക്കുന്ന സമയംപോലും ചുരുക്കിയുപയോഗിച്ച് വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ വേണ്ടി ചപ്പാത്തിക്കുപകരം ബ്രെഡ് വെള്ളത്തിലിട്ട് കഴിക്കാറായിരുന്നു അദ്ദേഹമെന്ന് ചരിത്രം. ചപ്പാത്തി ചവച്ചരക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വ്യത്യസ്ത വൈജ്ഞാനിക ശാഖകളിലായി ഇരുപതിലധികം ഗ്രന്ഥരചനകള്‍ അദ്ദേഹം നടത്തി. കൂട്ടത്തില്‍ ഏറ്റവും വലുതായ ‘അല്‍ ഫുനൂന്‍’ എന്ന ഗ്രന്ഥംമാത്രം എണ്ണൂറോളം വാള്യങ്ങള്‍ വരുമെന്ന് ചിലര്‍ പറഞ്ഞതായി ഹാഫിളുദ്ദഹബി രേഖപ്പെടുത്തുന്നു! ദുനിയാവില്‍ ഇതിലും വലിയൊരു ഗ്രന്ഥം വിരചിതമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.(ഇതിന്റെ വളരെ ചെറിയൊരു ഭാഗം കണ്ടെടുക്കപ്പെടുകയും ബൈറൂത്തിലെ ദാറുല്‍ മശ്‌രിഖ് രണ്ടു വാല്യങ്ങളായി 1970,71 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.)

***
വിവിധങ്ങളായ വിജ്ഞാനീയങ്ങളില്‍ ഒരുപോലെ പ്രാഗത്ഭ്യം പുലര്‍ത്തുകയും ഗ്രന്ഥരചന നടത്തുകയും പണ്ഡിതപ്രമുഖനാണ് അലാവുദ്ദീന്‍ ഇബ്‌നുന്നഫീസ്. അക്കാലത്തെ വൈദ്യശാസ്ത്രത്തിലെ അവസാനവാക്കും വൈദ്യശാസ്ത്രത്തിലെ പ്രമുഖ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്നു. അതോടൊപ്പം തര്‍ക്കശാസ്ത്രം, ഉസ്വൂലുല്‍ ഫിഖ്ഹ്, ഫിഖ്ഹ്, അറബിഭാഷാ, ഹദീസ്, സാഹിത്യശാസ്ത്രം എന്നീ വ്യത്യസ്ത ജ്ഞാനശാഖകളില്‍ ഗ്രന്ഥങ്ങളും വിശദീകരണ ഗ്രന്ഥങ്ങളും അദ്ദേഹമെഴുതി. വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ‘അശ്ശാമില്‍’ എന്ന ഗ്രന്ഥം വിശ്വപ്രസിദ്ധമാണ്.
‘അദ്ദേഹം ഗ്രന്ഥരചനക്ക് ഒരുങ്ങിയാല്‍ ആദ്യമേ ചെത്തി തയ്യാറാക്കപ്പെട്ട പേനയെടുത്ത് ചുമരിനോട് മുഖം തിരിച്ച് തന്റെ ഓര്‍മയില്‍ നിന്നെടുത്ത് എഴുതാറായിരുന്നു പതിവ്. പിന്നെ പൊട്ടിയൊഴുകുന്ന വെള്ളച്ചാല്‍ പോലെ വാക്കുകള്‍ പ്രവഹിക്കും. പേനയുടെ മഷി തീര്‍ന്നാല്‍ അത് വൃത്തിയാക്കി നേരം കളയാതിരിക്കാന്‍ അടുത്തപേനയെടുത്ത് എഴുത്ത് തുടരും’. അദ്ദേഹത്തിന്റെ എഴുത്തുകളെ അത്ഭുതപൂര്‍വം വീക്ഷിച്ച ഇമാം ബുര്‍ഹാനുദ്ദീന്‍ ഇബ്‌റാഹിം റശീദി എന്നവര്‍ പറയുന്നു.

മറ്റൊരവസരം, അദ്ദേഹം കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കുളിസ്ഥലത്തുനിന്ന് പുറത്തിറങ്ങുകയും ഒരു കടലാസും പേനയും മഷിക്കുപ്പിയും ആവശ്യപ്പെടുകയും ചെയ്തു. അവ കിട്ടിയമാത്രയില്‍ പെട്ടെന്നുതന്നെ ഹൃദയമിടിപ്പിനെക്കുറിച്ച് അതേനില്‍പ്പില്‍ ഒരു ലേഖനമെഴുതുകയും തിരിച്ചുപോയി കുളി പൂര്‍ത്തിയാക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് അറിവു സ്വീകരിച്ചവരായിരുന്നു അക്കാലത്തെ ഈജിപ്തിലെ പ്രമുഖ ഭിഷഗ്വരന്മാരൊക്കെയും. വലിയ നേതാക്കള്‍ പോലും അദ്ദേഹത്തിന്റെ സദസ്സുകളില്‍ ഹാജരായി(റൗളാത്തുല്‍ ജന്നാത്ത്- ഖുവാന്‍സാരി, വാല്യം 5, പേ 290-293).

***
മുന്‍കാലപണ്ഡിതന്മാര്‍ വിശുദ്ധ ഖുര്‍ആന്റെ വ്യത്യസ്ത തലങ്ങളെ പുരസ്‌കരിച്ച് മാത്രം എഴുതിത്തീര്‍ത്ത ഗ്രന്ഥങ്ങള്‍ പ്രവിശാലമായൊരു ലോകമാണ്. ഇന്നത്തെ സാചര്യത്തില്‍ ഒരു പുരുഷായുസ്സ് കൊണ്ട് വായിച്ചുതീര്‍ക്കാനാവത്തത്രയും പേജുകള്‍ അവര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് എഴുതിത്തീര്‍ത്തു. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. ഇമാം അബുല്‍ ഹസനുല്‍ അശ്അരിയുടെ ‘മുഖ്തസന്‍’ എന്ന പേരിലുള്ള തഫ്‌സീര്‍ എഴുപത് വാല്യങ്ങളും ഖാളി അബ്ദുല്‍ ജബ്ബാറുല്‍ ഹമദാനിയുടെ ‘മുഹീത്വ്’ എന്ന് തഫ്‌സീര്‍ നൂറു വാല്യങ്ങളുമുണ്ടെന്ന് മഖ്രീസിയുടെ ‘അല്‍ ഖിത്വത്വ്’ എന്ന് ഗ്രന്ഥത്തില്‍ കാണാം. അബൂ യൂസുഫ് അബ്ദുസ്സലാമില്‍ ഖസ്‌നവിയുടെ ‘ഹദാഇഖു ദാത്ത ബഹ്ജ’ എന്ന പേരിലുള്ള തഫ്‌സീര്‍ ചുരുങ്ങിയത് മുന്നൂറു വാല്യങ്ങളുണ്ടായിരുന്നു! ബഗ്ദാദിലെ ഇമാം അബൂഹനീഫ മസ്ജിദില്‍ സൂക്ഷിക്കപ്പെട്ടിരുന്ന ഈ ഗ്രന്ഥശേഖരം മംഗോളികളുടെ അധിനിവേശകാലത്ത് ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ഹാഫിള് ഇബ്‌നു ശാഹീനിന്റെ ആയിരം ഭാഗങ്ങള്‍ വരുന്ന തഫ്‌സീറും ഖാളി അബൂബകര്‍ ബിന്‍ അറബിയുടെ ‘അന്‍വാറുല്‍ ഫജ്‌റെ’ന്ന എണ്‍പതിനായിരം പേജുകള്‍ വരുന്ന തഫ്‌സീറും ഇബ്‌നുന്നഖീബുല്‍ മഖ്ദിസിയുടെ നൂറോളം വാല്യങ്ങള്‍ വരുന്ന തഫ്‌സീറും ഇക്കൂട്ടത്തില്‍ പ്രസ്താവ്യമാണ്. ഇന്ന് ലഭ്യമായവയുടെ കൂട്ടത്തില്‍ ഏറ്റവും വലിയ തഫ്‌സീര്‍ അല്ലാമ ഖുത്വുബുദ്ദീന്‍ ശീറാസിയുടെ ‘അത്തഫ്‌സീറുല്‍ അല്ലാമി’ യെന്ന പേരില്‍ പ്രസിദ്ധമായ ‘ഫത്ഹുല്‍ മന്നാന്‍’ എന്ന ഗ്രന്ഥമാണെന്നും നാല്‍പതോളം വാല്യങ്ങള്‍ വരുന്ന ഈ ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങള്‍ മിസ്‌റിലെയും ഇസ്തംബൂളിലെയും ഗ്രന്ഥാലയങ്ങളിലായി ലഭ്യമാണെന്നും അബ്ദുല്‍ ഫത്താഹ് അബൂഗുദ്ദ പറയുന്നു. ഇതിനുപുറമെയും ആയിരക്കണക്കിന് തഫ്‌സീറുകള്‍ വ്യത്യസ്ത ധാരകളിലുള്ള പണ്ഡിതരുടേതായി ലഭ്യമാണ്.

***
അത്ഭുതകരമായ എണ്ണത്തിലും വണ്ണത്തിലും ഗ്രന്ഥരചനകള്‍ നിര്‍വഹിച്ച പണ്ഡിതരുടെ ചരിത്രങ്ങള്‍ ഇങ്ങനെ നീളുന്നു. ചില ഉദാഹരണങ്ങള്‍ കൂടി പറയാം. പ്രമുഖ പണ്ഡിതനായ അബ്ദുല്‍ ഗനിയ്യുല്‍ മഖ്ദിസി സമയത്തിന്റെ വിഷയത്തില്‍ കൃത്യമായ ചിട്ടയുള്ളവരും നാന്നൂറിലേറെ ഗ്രന്ഥരചനകള്‍ നടത്തുകയും ചെയ്ത ആളായിരുന്നുവെന്ന് ‘തദ്കിറത്തുല്‍ ഹുഫ്ഫാളി’ല്‍ കാണാം. ഗ്രന്ഥരചനാലോകത്തെ മറ്റൊരത്ഭുതമാണ് ഇമാം നവവി(റ). വെറും നാല്‍പത്തിയഞ്ചു വര്‍ഷം മാത്രം ജീവിച്ച അദ്ദേഹത്തിന്റെ ജീവിതം മഹാത്ഭുതങ്ങളിലൊന്നായിരുന്നു. ഇന്നും ലോകവ്യപാകമായി പാരായണം ചെയ്യപ്പെടുന്ന അനവധി മഹത്തായ ആ ഗ്രന്ഥങ്ങളിലൂടെ ആ മഹാത്മാവ് ജീവിക്കുന്നു. അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങളെ ആ ജീവിതത്തിലെ ദിവസങ്ങളുമായി തുലനം ചെയ്തുനോക്കിയാല്‍ ഒരുദിവസത്തില്‍ നാലു ചെറുപുസ്തകങ്ങളോളം വരുമെന്നു ചരിത്രം!

ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ വിശ്വപ്രസിദ്ധമാണ് ഇമാം ആലൂസി(ശിഹാബുദ്ദീന്‍ മഹ്‌മൂദ് ബിന്‍ അബ്ദില്ലാ)യുടെ തഫ്‌സീറുല്‍ ആലൂസി. ബദ്ഗാദിലെ പ്രമുഖ മുഫ്തിയായ അദ്ദേഹത്തിന്റെ പകല്‍ മുഴുവന്‍ ദര്‍സിലും ഫത്‌വ നല്‍കുന്നതിലുമായിരുന്നു ചെലവഴിച്ചിരുന്നത്. ഒരുദിവസം ഇരുപത്തിനാലോളം ദര്‍സുകള്‍ നടത്തി. അതും ദീര്‍ഘമായ കിതാബുകളില്‍. ശേഷം രാത്രിസമയമായിരുന്നു ഗ്രന്ഥരചനക്കായി ഉപയോഗിച്ചത്. രാത്രി എഴുതിയ കടലാസുകള്‍ പകലില്‍ പകര്‍ത്തിയെഴുത്തുകാരന് കൊടുക്കും. അവരത് പകര്‍ത്തിയെഴുതാന്‍ പത്തുമണിക്കൂറോളം സമയമെടുത്തിരുന്നു!(അല്‍ ആലൂസിയ്യു മുഫസ്സിറന്‍- ഡോ. മുഹ്‌സിന്‍ അബ്ദുല്‍ ഹമീദ്- പേ 43,79,159).
ഇന്ത്യന്‍ പണ്ഡിതനായ അബ്ദുല്‍ ഹയ്യുല്ലഖ്‌നവി ഹിജ്‌റ 1304ല്‍ തന്റെ 39ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞിരുന്നു. ഈ ചുരുങ്ങിയ കാലയളവില്‍ മാത്രം അദ്ദേഹം രചിച്ചത് 110 ഓളം ഗ്രന്ഥങ്ങള്‍! അതിലും ചിലത് വാല്യങ്ങള്‍ വരുന്നതും ഒരുപാട് വൈജ്ഞാനിക ചര്‍ച്ചകള്‍ക്ക് വിധേയമായതും.

മറ്റൊരിന്ത്യന്‍ പണ്ഡിതനാണ് ശൈഖുല്‍ ഹിന്ദ് അശ്‌റഫ് അലി ഥാനവി. 81 വര്‍ഷം ജീവിച്ച അദ്ദേഹത്തിന്റെ രചനകള്‍ ആയിരത്തിലധികമായിരുന്നു! ഖാളി അബൂബകറുല്‍ ബാഖില്ലാനി എല്ലാ രാത്രികളിലും ഇരുപത് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചശേഷം തന്റെ ഓര്‍മയില്‍ നിന്നെടുത്ത് 35 പേജുകള്‍ എഴുതാതെ ഉറങ്ങാന്‍ കിടന്നിരുന്നില്ലെന്ന് ‘അദ്ദീബാജുല്‍ മുദ്ഹബ്’ എന്ന ഗ്രന്ഥത്തില്‍ കാണാം.

ഇബ്‌നു അബിദ്ദുന്‍യാ എന്നവര്‍ ആയിരത്തോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇമാം അബൂമുഹമ്മദ് അലിയ്യുബ്‌നു ഹസ്മ് എന്നവര്‍ എണ്‍പതിനായിരത്തോളം പേജുകള്‍ വരുന്ന നാന്നൂറോളം ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. ഇമാം ബൈഹഖി ആയിരത്തോളം ഭാഗങ്ങളുള്ള ഗ്രന്ഥങ്ങളും. ഹാകിമുന്നൈസാബൂരി എന്ന പേരില്‍ വിശ്രുതനായ അബൂ അബ്ദുല്ലാ അല്‍ഹാകിം 1500 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അല്‍ മുസ്തദ്‌റകു അലസ്സഹീഹൈന്‍, തഖ്രീജുസ്സഹീഹൈന്‍, അല്‍ ഇലല്‍, അല്‍ അമാലി, ഫവാഇദുശ്ശുയൂഖ്, താരീഖു നൈസാബൂര്‍ എന്നിവ കൂട്ടത്തില്‍ ചിലതാണ്. ഇക്കാര്യം ഇമാം സ്വുയൂത്വി രേഖപ്പെടുത്തുന്നുണ്ട്.

തഖിയുദ്ദീന്‍ ബിന്‍ തൈമിയ്യ, അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്‌നു ഖയ്യിമുല്‍ ജൗസിയ്യ, മുഹമ്മദ് ബിന്‍ സഹ്നൂനുല്‍ മാലികി, അബൂബകറുബ്‌നുല്‍ അറബി, അബൂ ജഅ്ഫറുത്ത്വഹാവി, മഅ്മറുബ്‌നുല്‍ മുഥന്ന, ഇബ്‌നു സുറൈജ്, ഖാളി ഫാളില്‍, ഇബ്‌നു ഹബീബില്‍ അന്ദുലുസി എന്നീ പണ്ഡിതരെല്ലാം എണ്ണമറ്റ, വാല്യങ്ങളോളം വരുന്ന ഗ്രന്ഥങ്ങള്‍ രചിച്ചവരാണ്. ഇക്കൂട്ടത്തില്‍ നാല്‍പതു വാല്യങ്ങളുള്ള ചരിത്രത്തിലെ സിബ്തുബ്‌നുല്‍ ജൗസിയുടെ ‘മിര്‍ആതുസ്സമാനും’ പതിനാലു വാല്യങ്ങളുള്ള ഖത്വീബുല്‍ ബഗ്ദാദിയുടെ ‘താരീഖു ബഗ്ദാദും’ ഇരുപത് വാല്യങ്ങളുള്ള ‘അല്‍ അഗാനി’യും പന്ത്രണ്ടു വാല്യങ്ങളുള്ള ഇബ്‌നുല്‍ അഥീറിന്റെ ‘കാമിലും’ ഇന്നും പ്രചാരത്തിലുള്ള പ്രസിദ്ധമായ ഗ്രന്ഥങ്ങളില്‍ ചിലതാണ്.

Related Articles