Current Date

Search
Close this search box.
Search
Close this search box.

ഒടുങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പണ്ഡിതകഥകള്‍

പൂര്‍വസൂരികളുടെ അറിവിനോടുള്ള അലച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. എത്രവലിയ സ്ഥാനങ്ങള്‍ കയ്യടക്കുമ്പോഴും അറിവിന്റെ വിഷയത്തില്‍ അവര്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ താഴുകയും യാചകനെപ്പോലെ കേഴുകയും ചെയ്തു. ചരിത്രത്തിലെ അതുല്യമായ ചില മാതൃകകള്‍ ചുവടെ ചേര്‍ക്കാം. യുഗപ്രഭാവനായ പണ്ഡിതനായിരുന്നു ഇബ്‌നു ജരീറു ത്വബ്രി. അദ്ദേഹത്തെക്കുറിച്ച് ഉസ്താദ് മുഹമ്മദ് കുര്‍ദ്അലി ‘കുനൂസുല്‍ അജ്ദാദ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:’തന്റെ ജീവിതത്തിലെ ഒരു നിമിഷമെങ്കിലും അദ്ദേഹം നഷ്ടപ്പെടുത്തിയതായി കാണാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഒരു മണിക്കൂര്‍ മുമ്പാണ് സംഭവം. ജഅ്ഫര്‍ ബിന്‍ മുഹമ്മദ് എന്നവര്‍ നിവേദനം ചെയ്ത ഒരു ദുആയെക്കുറിച്ച് അദ്ദേഹത്തിന്റെ ചുറ്റുവട്ടത്തു നിന്നാരോ സംസാരിക്കുന്നുണ്ടായിരുന്നു. ഉടനടി അദ്ദേഹം പേനയും കടലാസും ആവശ്യപ്പെട്ടത്രെ! ഈ അവസ്ഥയിലോ എന്ന് ചുറ്റും കൂടിയവര്‍ പരിഭ്രാന്തിയോടെ ചോദിച്ചപ്പോള്‍ ‘മരണം വരെ ലഭിക്കുന്ന ഒരറിവും അവഗണിക്കാതിരിക്കല്‍ മനുഷ്യന്റെ ബാധ്യതയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(കുനൂസുല്‍ അജ്ദാദ്, പേ 123).

***
ഇമാം അബൂ ഹനീഫയുടെ ശിഷ്യരില്‍ പ്രമുഖനായ അബൂ യൂസുഫ് ഒരുനിമിഷം പോലും അദ്ദേഹത്തെ വിട്ടുനില്‍ക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ മകന്‍ മരണപ്പെട്ടപ്പോള്‍ നടന്ന സംഭവം അദ്ദേഹം തന്നെ അനുസ്മരിക്കുന്നതു കാണുക: എന്റെ മക്കളിലൊരാള്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ മഹാനവരുടെ സമീപത്തായിരുന്നു. ആയതിനാല്‍ മരണാനന്തര കര്‍മങ്ങള്‍ നടത്താന്‍ ഞാന്‍ പോയതുമില്ല. ബന്ധുജനങ്ങള്‍ക്കും അയല്‍വാസികള്‍ക്കും കാര്യങ്ങള്‍ വിട്ടുകൊടുക്കുകയായിരുന്നു ഞാന്‍. അബൂ ഹനീഫ ഇമാമിന്റെ ദര്‍സില്‍ നിന്ന് വല്ലതും നഷ്ടപ്പെടുമോ എന്ന ഭയം മാത്രമായിരുന്നു എനിക്ക്. അങ്ങനെ വല്ലതും നഷ്ടമായാല്‍ അതിന്റെ ഖേദം കാലാകാലം എന്നെ വേട്ടയാടുകയും ചെയ്യുമായിരുന്നു.(മനാഖിബു അബീ ഹനീഫ, ഇമാം മുവഫഖുല്‍ മക്കി, വാല്യം-1, പേ 472)

***
പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു ഉബൈദുബ്‌നു യഈശ്. ഹദീസ് ലോകത്തെ നിത്യവസന്തങ്ങളായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം എന്നിവരുടെ ശൈഖുകൂടിയായിരുന്നു. മുപ്പതു വര്‍ഷത്തോളം അദ്ദേഹം രാത്രി ഭക്ഷണം കഴിച്ചത് സ്വന്തം കൈകൊണ്ടായിരുന്നില്ല. മറിച്ച്, സഹോദരി അദ്ദേഹത്തിന് വായിലിട്ടു കൊടുക്കുകയായിരുന്നു. ആ സമയത്തും ഹദീസ് എഴുതിക്കൊണ്ടിരിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്! ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയവും വിജ്ഞാനത്തിലായി കഴിച്ചുകൂട്ടാനുള്ള ആഗ്രഹത്തിന് അദ്ദേഹം കണ്ട പോംവഴിയായിരുന്നുവത്. ഹാഫിള് അദ്ദഹബി സിയറു അഅ്‌ലാമിന്നുബലാഇല്‍ ഇക്കാര്യം പറയുന്നുണ്ട്.

***
ഹദീസ് വിജ്ഞാനലോകത്തെ അതുല്യനാമമാണ് ഇമാം യഹ്‌യ ബിന്‍ മഈനിന്റേത്. ഹദീസിന്റെ മാര്‍ഗത്തില്‍ സര്‍വതും സമര്‍പ്പിച്ച ജീവിതം. പിതാവ് അദ്ദേഹത്തിന് അനന്തരമായി വെച്ച ഒരു ലക്ഷം ദിര്‍ഹം മുഴുവന്‍ ഹദീസ് വിജ്ഞാനത്തിലായി ചെലവഴിച്ചു. പ്രമുഖരായ ഹദീസ് പണ്ഡിതന്മാരില്‍ നിന്നൊക്കെ ഹദീസ് നിവേദനം ചെയ്തു. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമുമടക്കമുള്ളവര്‍ അദ്ദേഹത്തില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തു. ഒരുലക്ഷത്തോളം ഹദീസുകള്‍ സ്വന്തം കൈപ്പട കൊണ്ട് എഴുതി. ഒരു ഹദീസ് തന്നെ അന്‍പതോളം തവണ എഴുതിവെച്ചു. യഹ്‌യ ബിന്‍ മഈന്‍ അറിയാത്ത ഹദീസുകള്‍ ഹദീസ് തന്നെയല്ല എന്ന്‌പോലും ഇമാം അഹ്‌മദ് ബിന്‍ ഹമ്പല്‍(റ) പ്രസ്താവിച്ചു!
സമയത്തിന് അദ്ദേഹം നല്‍കിയ മൂല്യം ഒന്നുകൊണ്ടു മാത്രമാണ് ഈ കാര്യങ്ങളെത്രയും അദ്ദേഹം സാധിച്ചെടുത്തത്. ഒരവസരം, തന്റെ ഗുരുവര്യര്‍ മുഹമ്മദ് ബിന്‍ ഫദ്‌ലിന് ഒരു ഹദീസ് ലഭിച്ചുവെന്ന വിവരം അദ്ദേഹം അറിഞ്ഞത്രെ. ആ നിമിഷം മുതല്‍ ആ ഹദീസ് കേട്ടറിയാന്‍ ഗുരുവിനെ നിര്‍ബന്ധിക്കുകയായിരുന്നു അദ്ദേഹം. ഈ നിമിഷം ആ ഹദീസ് പറഞ്ഞുതന്നില്ലെങ്കില്‍ ഇനിയൊരു വട്ടം നമ്മള്‍ പരസ്പരം കാണുമോയെന്ന് ഞാന്‍ ഭയക്കുന്നുവെന്നുപോലും അദ്ദേഹം പറഞ്ഞു.

***
ഉന്നതമായ സ്ഥാനങ്ങള്‍ കയ്യടക്കുമ്പോഴും വിജ്ഞാനത്തോട് അടങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിച്ചവരായിരുന്നു മുന്‍ഗാമികള്‍. ജാഹിള്, ഫത്ഹ് ബിന്‍ ഖാകാന്‍, ഇസ്മായീല്‍ ബിന്‍ ഇസ്ഹാഖ് എന്നിവരെപ്പോലെ വിജ്ഞാനത്തോട് ആര്‍ത്തിയുള്ള മറ്റാരെയും ഞാന്‍ കണ്ടില്ലെന്ന് അബുല്‍ അബ്ബാസ് മുബര്‍റദ് നിവേദനം ചെയ്യുന്നു. ഇതില്‍ പ്രമുഖ സാഹിത്യകാരനായ ജാഹിള് ഒരു ഗ്രന്ഥം കയ്യില്‍ കിട്ടിയാല്‍ ആദ്യാവസാനം വായിച്ചുതീര്‍ക്കുമായിരുന്നു. പുസ്തകം പകര്‍ത്തിയെഴുതുന്നവരുടെ കടകള്‍ വാടകക്കെടുത്ത് രാത്രികളില്‍ അതില്‍ രാപ്പാര്‍ക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു!
സാഹിത്യകാരനും അബ്ബാസി ഖലീഫ മുതവക്കിലിന്റെ മന്ത്രിയും വലിയ ഗ്രന്ഥശാലയുടെ ഉടമയുമായിരുന്നു ഫത്ഹ് ബിന്‍ ഖാകാന്‍. സ്വന്തം കാലുറയിലോ കയ്യിലോ എപ്പോഴും ഗ്രന്ഥം സൂക്ഷിച്ചിരുന്നു അദ്ദേഹം! ഖലീഫയുടെ മുന്നില്‍ നിന്ന് നിസ്‌കരിക്കാനോ മറ്റോ വേണ്ടി എഴുന്നേറ്റാല്‍ ഉടനടി ഗ്രന്ഥം പുറത്തെടുത്ത് ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ നടന്നുകൊണ്ട് വായിക്കും. തിരിച്ചു സദസ്സിലെത്തുന്നതു വരെയും വായിക്കും. ഖലീഫ വല്ല ആവശ്യത്തിനും വേണ്ടി എഴുന്നേറ്റു പോയാല്‍ തിരിച്ചുവരുന്നതു വരെയുള്ള സമയത്തും വായിക്കും.
മാലികി മദ്ഹബിലെ പണ്ഡിതനായ ഇസ്മായില്‍ ബിന്‍ ഇസ്ഹാഖിന്റെ അടുക്കല്‍ ഞാന്‍ ചെല്ലുമ്പോഴൊന്നും കയ്യില്‍ പുസ്തകവുമായിട്ടല്ലാതെ അദ്ദേഹത്തെ കണ്ടില്ലെന്നും അബുല്‍ അബ്ബാസ് മുബര്‍റദ് സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം ഖത്വീബുല്‍ ബഗ്ദാദി തന്റെ ‘തഖ്‌യീദുല്‍ ഇല്‍മ്’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

***
അനിയന്ത്രിതമായ വായനകാരണമായി മരണപ്പെട്ട പണ്ഡിതനെ അറിയുമോ?! പ്രമുഖ അറബിഭാഷാ വ്യാകരണ പണ്ഡിതനായിരുന്നു ഥഅ്‌ലബ അഹ്‌മദ് ബിന്‍ ശൈബാനി. എപ്പോഴും ഒരു ഗ്രന്ഥം കയ്യില്‍ കൊണ്ടുനടന്നിരുന്നു അദ്ദേഹം. വല്ലവരും വീട്ടിലേക്ക് സല്‍ക്കാരത്തിന് ക്ഷണിച്ചാല്‍ ഇരിപ്പിടത്തോടൊപ്പം പുസ്തകം വെക്കാനുള്ള സ്ഥലം കൂടി ഉണ്ടായിരിക്കണമെന്ന് നിബന്ധന വെക്കുക പോലും ചെയ്തു അദ്ദേഹം.
അദ്ദേഹത്തിന്റെ മരണവും കിതാബ് കയ്യിലേന്തിക്കൊണ്ടായിരുന്നു. ഒരിക്കല്‍ പള്ളിയില്‍ നിന്ന് അസ്‌റ് നമസ്‌കാരം കഴിഞ്ഞ് നടക്കുകയായിരുന്നു. കയ്യിലുള്ള പുസ്തകം വായിച്ച് കൊണ്ടായിരുന്നു നടത്തം. പെട്ടെന്ന് ഒരു കുതിരയുടെ ഇടിയേറ്റ് വലിയ ഒരു കുഴിയില്‍ ചെന്നുപതിച്ചു. ഇതേത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. ചുറ്റുംനടക്കുന്ന സംഭവവികാസങ്ങള്‍ അറിയാതിരിക്കാന്‍ മാത്രം വായനയുടെ ലോകത്ത് അലിഞ്ഞുചേര്‍ന്നിരുന്നു അവര്‍!(വഫയാത്തുല്‍ അഅ്‌യാന്‍- ഇബ്‌നു ഖല്ലികാന്‍- 1 വാല്യം, പേ 104). പ്രമുഖ ബഗ്ദാദി ചരിത്രകാരനും ഹദീസ് പണ്ഡിതനുമായ ഖത്വീബുല്‍ ബഗ്ദാദിയും നടക്കുമ്പോഴും കയ്യില്‍ ഒരു പുസ്തകവുമായാണ് നടന്നിരുന്നതെന്ന് ഹാഫിളദ്ദഹബി തദ്കിറത്തുല്‍ ഹുഫ്ഫാളില്‍ രേഖപ്പെടുത്തുന്നു.

***
ഇമാം ഗസ്സാലി(റ)യുടെ ശൈഖും ശാഫിഈ മദ്ഹബിലെ കര്‍മശാസ്ത്രത്തിലെ പ്രധാന ശബ്ദവുമായിരുന്നല്ലോ ഇമാമുല്‍ ഹറമൈന്‍. അടങ്ങാത്ത ജ്ഞാനതൃഷ്ണയുടെ മഹിതമായ ഉദാഹരണമാണദ്ദേഹം. അദ്ദേഹം തന്നെ പറയുന്നു:’സാധാരണയില്‍ ഞാന്‍ ഭക്ഷണം കഴിക്കാറോ ഉറങ്ങാറോ ഇല്ല. രാത്രിയിലായാലും പകലായാലും അസഹനീയമായ ഉറക്കമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ ഉറങ്ങാറുള്ളൂ. ഭക്ഷണവും അങ്ങനെതന്നെ’.
വിജ്ഞാനവുമായി ബന്ധപ്പെടുന്നതിലായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിയത്. കര്‍മശാസ്ത്രത്തിലെ ആധികാരിക ശബ്ദമായി മാറിയ ശേഷവും അദ്ദേഹത്തിലെ ജ്ഞാനതൃഷ്ണ അടങ്ങിയിരുന്നില്ല. തന്റെ അന്‍പതാം വയസ്സില്‍പോലും നഹ്‌വ് പഠനത്തിനായി പ്രമുഖ ഭാഷാപണ്ഡിതനായിരുന്ന ശൈഖ് അബുല്‍ ഹസന്‍ അലിയ്യുല്‍ ഖൈറുവാനിയുടെ ശിഷ്യത്വം അദ്ദേഹം സ്വീകരിച്ചു. ആ പ്രായത്തിലും എല്ലാ ദിവസവും അദ്ദേഹത്തിന്റെ വീട്ടില്‍ചെന്ന് ‘ഇക്‌സീറുദ്ദഹബ് ഫീ സ്വനാഅത്തില്‍ അദബ്’ എന്ന ഗ്രന്ഥം അദ്ദേഹം പഠിച്ചെടുത്തു. ഇമാം ഹറമൈനിയെപ്പോലെ വിജ്ഞാനത്തോട് അലച്ചയുള്ള ഒരു മനുഷ്യനെ ഞാന്‍ കണ്ടില്ലെന്ന് അദ്ദേഹത്തിന്റെ ശൈഖ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അല്‍ബിറൂനിയെന്ന് കേള്‍ക്കാത്തവരുണ്ടാവില്ലല്ലോ. സഞ്ചാരിയായ അല്‍ബിറൂനിക്കപ്പുറം ലോകപ്രസിദ്ധ ഗോളശാസ്ത്രപണ്ഡിതനും ചരിത്രകാരനും സാഹിത്യകാരനും മറ്റെല്ലാമായിരുന്നു മുഹമ്മദ് ബിന്‍ അഹ്‌മദ് അല്‍ ഖവാരിസ്മി എന്ന അബൂറൈഹാന്‍ അല്‍ബിറൂനി. മരണസമയത്തു പോലും വിജ്ഞാനത്തിനു വേണ്ടി ദാഹിച്ച അപൂര്‍വ പ്രതിഭ! അറബി, സുരിയാനി, സംസ്‌കൃതം ഫാരിസി, ഹിന്ദി എന്നിങ്ങനെ അഞ്ചുഭാഷകളില്‍ അതിപ്രവീണനായിരുന്നു. ഗോളശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതം, സാഹിത്യം, ഭാഷ, ചരിത്രം എന്നീ മേഖലകളിലായി 120ഓളം ഗ്രന്ഥങ്ങളുളും രചിച്ചു.
അദ്ദേഹത്തെക്കുറിച്ച് ‘മുഅ്ജമുല്‍ ഉദബാഇ’ല്‍ യാഖൂതുല്‍ ഹമവി പറയുന്നു:’പൊതുകാര്യങ്ങളിലൊക്കെ സജീവമായിരുന്നതുപോലെ വിജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ ഉഴിഞ്ഞുവെച്ച, ഗ്രന്ഥരചനകളില്‍ മുഴുകിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നൗറൂസിന്റെയും മിഹ്‌റജാന്റെയും രണ്ടു ആഘോഷനാളുകളൊഴിച്ചു നിര്‍ത്തിയാല്‍ വര്‍ഷത്തിലെ മറ്റെല്ലാ ദിവസങ്ങളിലും അദ്ദേഹത്തിന്റെ കൈകള്‍ എഴുത്തിലും കണ്ണുകള്‍ നിരീക്ഷണത്തിലും ഹൃദയം നിതാന്തചിന്തയിലും നിരതമായിരുന്നു. വര്‍ഷത്തില്‍ ഈ രണ്ടു ദിവസങ്ങളില്‍ മാത്രമായിരുന്നു ജീവിതോപാധിയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നത്.’
അദ്ദേഹത്തിന്റെ അവസാനനിമിഷങ്ങളില്‍ നടന്ന ഒരത്ഭുതസംഭവം യാഖൂതുല്‍ ഹമവി തന്നെ ഉദ്ധരിക്കുന്നുണ്ട്. ‘പ്രമുഖ കര്‍മശാസ്ത്രപണ്ഡിതന്‍ അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഈസാ അല്‍ വല്‍വാലിജി പറയുന്നു: ‘അല്‍ ബിറൂനിയുടെ അവസാനകാലത്ത് അദ്ദേഹത്തെ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തിനന്ന് 78 വയസ്സായിരുന്നു. അത്യധികം പ്രയാസത്തില്‍ കിടക്കുന്ന സമയം. സംസാരത്തിനിടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട ഒരു സംശയം അദ്ദേഹം എന്നോടു ചോദിക്കുകയുണ്ടായി. സ്‌നേഹപൂര്‍വം, ഈ സമയത്തോ എന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ മസ്അല അറിയുന്നവനായി ഞാന്‍ ഈ ലോകത്തുനിന്ന് വിടപറയുന്നതല്ലേ അറിയാത്തവനായി പോവുന്നതിനേക്കാള്‍ നല്ലത് എന്നായിരുന്നു മറുപടി. ഉടനെത്തന്നെ ഞാന്‍ അദ്ദേഹത്തിന് വിഷയം പറഞ്ഞുകൊടുക്കുകയും അദ്ദേഹമത് മനഃപാഠമാക്കുകയും ചെയ്തു. ഞാന്‍ അവിടെ നിന്ന് അദ്ദേഹത്തോട് യാത്രപറഞ്ഞ് പുറത്തിറങ്ങേണ്ട താമസം, വലിയൊരു അട്ടഹാസം കേട്ടു. അദ്ദേഹം നാഥനിലേക്ക് മടങ്ങിയിരുന്നു!'(മുഅ്ജമുല്‍ ഉദബാ- യാഖൂതുല്‍ ഹമവി- വാല്യം 17, പേ 181,182)’.

***
വളരെ ചുരുങ്ങിയ നിമിഷങ്ങള്‍ പോലും എത്ര സൂക്ഷ്മമായാണ് മുന്‍ഗാമികള്‍ വിനിയോഗിച്ചതെന്നത് ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. പ്രമുഖ സ്വൂഫിവര്യനായ ദാവൂദുത്ത്വാഇയുടെ ജീവിതം നോക്കാം. റൊട്ടി മുഴുവനായി തിന്നുന്നതിനു പകരം അതിന്റെ ചിന്നിച്ചിതറിയ ചീളുകളും ചെറിയ കഷ്ണങ്ങളും കയ്യില്‍ പിടിച്ച് തിന്നാറായിരുന്നു പതിവ്. മുഴുവന്‍ റൊട്ടി ചവച്ചരച്ച് തിന്നുന്നതിന്റെയും ചെറുചീളുകള്‍ തിന്നുന്നതിനുമിടയില്‍ അന്‍പത് ഖുര്‍ആനിക സൂക്തങ്ങള്‍ പാരായണം ചെയ്യാനുള്ള സമയം ലാഭിക്കാമെന്ന് അദ്ദേഹം പറയുമായിരുന്നത്രെ(സൈ്വദുല്‍ ഖാത്വിര്‍- ഇബ്‌നുല്‍ ജൗസി- പേ.59).

ഉസ്മാനുല്‍ ബാഖില്ലാനി എന്ന പണ്ഡിതന്‍ നിരന്തരം ദിക്‌റുകളില്‍ ഏര്‍പ്പെട്ടിരുന്ന ആളായിരുന്നു. അദ്ദേഹം പറയുന്നു: ‘നോമ്പു തുറക്കുന്ന നേരത്ത് എന്റെ റൂഹ് ശരീരത്തില്‍ നിന്നു വേര്‍പെടുന്ന പോലെ എനിക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. ദിക്‌റ് ചൊല്ലാതെ ഭക്ഷണം കഴിക്കാന്‍ സമയം ചെലവഴിച്ചതു കാരണമായിരുന്നു അത്!’.

***
32 വാല്യങ്ങളുള്ള ഖുര്‍ആന്‍ വ്യാഖ്യാനമടക്കം ഇരുനൂറോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ). അദ്ദേഹം ഭക്ഷണം കഴിക്കുന്ന സമയം എപ്പോഴും പരിതപിക്കാറുണ്ടായിരുന്നത്രെ! ആ സമയവും വിജ്ഞാനത്തിലായി ചെലവഴിക്കാന്‍ ആവാത്തതോര്‍ത്തായിരുന്നു അത്. ഇക്കാര്യം ഇബ്‌നു അബീ ഉസൈ്വബിഅ ‘ഉയൂനുല്‍ അന്‍ബാഅ് ഫീ ത്വബഖാതില്‍ അത്വിബ്ബാഅ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്(വാല്യം 2, പേ 34).

***
ഇമാം നവവി(റ)യുടെ ഗുരുവര്യരുടെ ഗുരുവായിരുന്നു ഇമാം അബ്ദുല്‍ അളീമുല്‍ മുന്‍ദിരി. അപൂര്‍വങ്ങളായ ഒരുപാട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള പണ്ഡിതന്‍. ഇമാം നവവിയുടെ ശൈഖ് അബൂ ഇസ്ഹാഖ് ഇബ്‌റാഹീം ബിന്‍ ഈസല്‍ മുറാദി തന്റെ ഗുരുവിനെക്കുറിച്ചു പറയുന്നു:’പന്ത്രണ്ടു വര്‍ഷത്തോളം എന്റെ വീട് അദ്ദേഹത്തിന്റെ വീടിന്റെ മുകളിലായിരുന്നു. ഇക്കാലമത്രയും രാത്രിയില്‍ ഞാന്‍ എപ്പോഴുണര്‍ന്നാലും വീട്ടില്‍ വിളക്കത്തിരുന്ന് ഇല്‍മുമായി ബന്ധപ്പെടുന്ന അദ്ദേഹത്തെ കാണാമായിരുന്നു! ഭക്ഷണസമയത്തും അദ്ദേഹം വിജ്ഞാനത്തെ ഒഴിച്ചുനിര്‍ത്തിയിരുന്നില്ല. അനുശോചനത്തിനു വേണ്ടിയോ അനുമോദനത്തിനോ ഒന്നും അദ്ദേഹം മദ്‌റസയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.'(പേ. 69)

അദ്ദേഹത്തിന്റെ അത്ഭുതകരമായ മറ്റൊരു സംഭവം കൂടി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ദാറുല്‍ ഹദീസുല്‍ കമാലിയ്യയില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന കാലം ജുമുഅ നിസ്‌കാരത്തിനു വേണ്ടി മാത്രമായിരുന്നു അദ്ദേഹം പുറത്തിറങ്ങിയിരുന്നത്. ഒരുദിവസം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകന്‍ റശീദുദ്ദീന്‍ അബൂബകര്‍ മുഹമ്മദ് ആകസ്മികമായി മരണപ്പെട്ടു. മദ്‌റസക്കകത്തു വെച്ച് അദ്ദേഹംതന്നെ മയ്യിത്ത് നമസ്‌കാരത്തിനു നേതൃത്വം നല്‍കി. ശേഷം നിറകണ്ണുകളോടെ വാതില്‍ വരെ മകനെ യാത്രയാക്കി. അപ്പോഴും അദ്ദേഹം തന്റെ മദ്‌റസ വിട്ട് പുറത്തുപോയിരുന്നില്ല! ഈ സംഭവം ഇമാം താജുദ്ദീന്‍ സുബുകി ‘ത്വബഖാത്വു ശാഫിഇയ്യത്തില്‍ കുബ്‌റ’യില്‍ രേഖപ്പെടുത്തുന്നുണ്ട്.(വാല്യം 8, പേ 260).

***
അറബി വ്യാകരണത്തിലെ അതുല്യ ഗ്രന്ഥമായ അല്‍ഫിയ്യയടക്കമുള്ള ഗ്രന്ഥങ്ങളുടെ കര്‍ത്താവ് ഇമാം ഇബ്‌നു മാലിക്(ഹി. 672 വഫാത്ത്) മരണസമയത്തു പോലും വിജ്ഞാനത്തിനായി ദാഹിച്ച വ്യക്തിയായിരുന്നു. മഖര്‍റി തന്റെ ‘നഫ്ഹുത്ത്വീബ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:’പരന്ന വായനാശീലമുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. നിസ്‌കാരത്തിലോ ഖുര്‍ആന്‍ പാരായണത്തിലോ ഗ്രന്ഥരചനയിലോ ഗ്രന്ഥവായനയിലോ ആയല്ലാതെ അദ്ദേഹം കാണപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗം നടന്ന ദിവസം മരണത്തിനു തൊട്ടുമുമ്പായി മകനില്‍ നിന്ന് എട്ടോളം കാവ്യശകലങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു അദ്ദേഹം!'(വാല്യം 2, പേ. 222-229).

***
മറ്റൊരു പ്രമുഖ പണ്ഡിതനാണ് അല്ലാമാ ഖാളി ശൗകാനി. പകലും രാത്രിയുമായി ഒരു ദിവസം പതിനൊന്നോളം ദര്‍സുകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതില്‍ തന്നെ ചിലപ്പോള്‍ അദ്ദേഹം വിദ്യാര്‍ഥിയുടെയും അധ്യാപകന്റെയും റോളില്‍ നിന്നു. തീര്‍ത്തും വ്യത്യസ്തമായ വിഷയങ്ങളിലുമായിരുന്നു ഓരോ ദര്‍സും. ഇക്കാലത്ത് തന്നെ ഇരുപതോളം വര്‍ഷം സ്വന്‍ആഇലെ ജനങ്ങള്‍ക്ക് ഫത്‌വ നല്‍കുകയും വിയോഗം വരെ അവിടത്തെ ഖാളിയായി തുടരുകയും ചെയ്തു. ഇതിനൊക്കെയിടയില്‍ 114 ഗ്രന്ഥങ്ങള്‍ കൂടെ രചിച്ചിട്ടുണ്ട് അദ്ദേഹം!

***
അലാഉദ്ദീന്‍ ഇബ്‌നുന്നഫീസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യനും കയ്‌റോയിലെ ഭിഷഗ്വരനുമായിരുന്ന സദീദു ദിംയാത്വി പറയുന്നു:’അദ്ദേഹവും ഖാളി ജമാലുദ്ദീന്‍ ബിന്‍ വാസ്വിലും ഒരുരാത്രിയില്‍ ഇശാ നമസ്‌കാരാനന്തരം ഒരുമിച്ചിരുന്ന് പലതും ചര്‍ച്ച ചെയ്യുകയായിരുന്നു. ഒരു വിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് മാറിമാറി അവര്‍ പലതും ചര്‍ച്ച ചെയ്തു. ശൈഖ് അലാവുദ്ദീന്‍ ഓരോ വിഷയങ്ങളും വളരെ ആവേശപൂര്‍വം ചര്‍ച്ചചെയ്തു. ഖാളി ജമാലുദ്ദീന്‍ ഇടക്കിടെ വികാരഭരിതനാവുകയും മറ്റും ചെയ്തു. സുബ്ഹ് വരെ അതുതന്നെയായിരുന്നു അവസ്ഥ. അവസാനം പിരിഞ്ഞുപോവുമ്പോള്‍ ഖാളി ജമാലുദ്ദീന്‍ പറഞ്ഞു; നമ്മുടെ പക്കല്‍ ചില മസ്അലകളം അറിവുകളുമൊക്കെയാണുള്ളത്, നിങ്ങളുടെ പക്കലാണെങ്കില്‍ വിജ്ഞാനത്തിന്റെ ഖജനാവുകളാണ്.’
***
ലോകനാഗരികതകളുടെ കൂട്ടത്തില്‍ വിജ്ഞാനത്തിനും അതിന്റെ ആദാനപ്രദാന പ്രക്രിയകള്‍ക്കും ചെറുതല്ലാത്ത പ്രാധാന്യം നല്‍കിയിട്ടുള്ള മതമാണിസ്‌ലാം. മുസ്‌ലിംകളുടെ ഗതകാലം ഇത്ര സമ്പന്നവും സമ്പുഷ്ടവുമായതിനു പിന്നില്‍ മതപരമായിത്തന്നെയുള്ള ഈയൊരു പ്രേരണയുടെ സാന്നിധ്യം കാണാം. ഗ്രന്ഥരചനകള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗ്രന്ഥശാലകള്‍ നിര്‍മിക്കുന്നതിലും പൊതുജനങ്ങളുടെ വായനാപരത ഉറപ്പാക്കുന്നതിലും മുസ്‌ലിം ഭരണാധികാരികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. വിദേശരാജ്യങ്ങളില്‍ നിന്ന് ഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്തും കൊട്ടാരങ്ങളില്‍ ഗ്രന്ഥരചനക്കും വിവര്‍ത്തനങ്ങള്‍ക്കുമുള്ള പ്രത്യേക ഇടങ്ങളൊരുക്കിയും ഈ മേഖലയെ അവര്‍ പുഷ്‌കലമാക്കി നിര്‍ത്തി. ഇതിന്റെ ഫലമായാണ് ലോകവ്യാപകമായി സമ്പന്നമായ മുസ്‌ലിം ഗ്രന്ഥശാലകള്‍ പിറവികൊണ്ടത്. ബഗ്ദാദും കൊര്‍ദോവയും ഗ്രാനഡയും സമ്പന്നമായ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കേന്ദ്രമാവുന്നത്. ഫാത്വിമികളും അബ്ബാസികളും അമവികളും ഉസ്മാനികളും ഈ രംഗത്ത് മത്സരിച്ചു മുന്നേറ്റം നടത്തിയത്. സമ്പമായ ഈ പ്രതാപം മുസ്‌ലിം ലോകത്തിന് പിന്നീട് നഷ്ടമായെന്നത് മറ്റൊരു സത്യം.

ബഗ്ദാദില്‍ അബ്ബാസി ഖിലാഫത്തിനു കീഴില്‍ ഈ വിശാലമായ വൈജ്ഞാനിക സ്രോതസ്സുകളെ പ്രതിനിധീകരിച്ചത് ‘ബൈത്തുല്‍ ഹിക്മ’യെന്ന ജ്ഞാനസൗധമായിരുന്നു. വിവിധവിഷയങ്ങളിലായുള്ള അനേകായിരം ഗ്രന്ഥങ്ങളുടെ രചനകള്‍ക്കും വിവര്‍ത്തനങ്ങള്‍ക്കും വേദിയായ ഇവിടം ഇസ്ലാമിന്റെ സുവര്‍ണകാലത്തെ പണ്ഡിതരുടെ സംഗമവേദിയായിരുന്നു. മംഗോളികളുടെ ബഗ്ദാദ് അധിനിവേശകാലത്ത് ബൈത്തുല്‍ ഹിക്മയിലെ ലക്ഷങ്ങള്‍ വരുന്ന ഗ്രന്ഥശേഖരങ്ങള്‍ ടൈഗ്രീസ് നദിയിലൊഴുക്കിയപ്പോഴാണ് മുസ്ലിംകള്‍ക്ക് കാലങ്ങളായുള്ള അവരുടെ വൈജ്ഞാനിക ശേഖരങ്ങളില്‍ പലതും അന്യമായതും ട്രൈഗ്രീസ് നദി ഗ്രന്ഥങ്ങളുടെ മഷിയാല്‍ കറുത്തനിറമണിഞ്ഞുവെന്ന് ചരിത്രകാരന്മാര്‍ റിപ്പോര്‍ട്ട് ചെയ്തതും.
***
ഈജിപ്തിലും സിറിയയിലും പടിഞ്ഞാറിന്റെ ചില ഭാഗങ്ങളിലുമായി പരന്നുകിടന്നിരുന്ന ഫാത്വിമി ഭരണകൂടത്തിനു കീഴിലെ ‘ദാറുല്‍ ഇല്‍മ്’ എന്ന പേരിലുള്ള ജ്ഞാനസൗധമാണ് ഇതില്‍ രണ്ടാമത്തേത്. ഇസ്ലാമിക ചരിത്രത്തില്‍ സമാനതകളില്ലാത്തവിധമെണ്ണം ഗ്രന്ഥങ്ങള്‍ ഫാത്വിമികളുടെ കീഴില്‍ ശേഖരിച്ച് സൂക്ഷിക്കപ്പെട്ടിരുന്നു. അന്ദുലുസിലും(സ്പെയിന്‍) മറ്റു ചില പടിഞ്ഞാറന്‍ മുസ്ലിം പ്രദേശങ്ങളിലുമായി അമവി ഭരണകൂടത്തിനു കീഴില്‍ സ്ഥാപിക്കപ്പെട്ട ‘ഖസാനത്തുല്‍ ഉലൂമി വല്‍ കുതുബ്’ എന്ന സംവിധാനമാണ് കൂട്ടത്തില്‍ മൂന്നാമത്. കൊര്‍ദോവയും ഗ്രാനഡയുമടങ്ങുന്ന മുസ്ലിം സ്പെയിനിന്റെ സുവര്‍ണകാലം ചരിത്രത്തിലെ അത്രമേല്‍ ഹൃദയഹാരിയായ അധ്യായമാണ്. ഗ്രന്ഥശേഖരത്തില്‍ അതീവ താത്പര്യം പുലര്‍ത്തിയിരുന്നു അമവി ഖലീഫ മുസ്തന്‍സ്വിര്‍. സ്പെയിനിലെ അമവി ഗ്രന്ഥശാലയുടെ സൂക്ഷിപ്പുകാരനായ തലീദുല്‍ ഖസ്വിയ്യിന്റെ അഭിപ്രായപ്രകാരം ഗ്രന്ഥങ്ങളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിവെച്ച ഇന്‍ഡക്സുകളുടെ എണ്ണം തന്നെ 44 എണ്ണമുണ്ടായിരുന്നു. ഇവയിലോരോന്നും ഇരുപതോളം പേജുകള്‍ വരുന്നതും. പണ്ഡിതന്മാര്‍ക്കും ജ്ഞാനകുതുകികള്‍ക്കുമായി പ്രത്യേക അങ്ങാടി ഖലീഫ തുടങ്ങി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അമൂല്യ ഗ്രന്ഥങ്ങള്‍ അവിടേക്കൊഴുകി. അപൂര്‍വ ഗ്രന്ഥങ്ങള്‍ കൊണ്ടുവരാനായി കച്ചവടക്കാരെ പ്രത്യേകം കൂലികൊടുത്ത് പറഞ്ഞയച്ചു. പകര്‍ത്തിയെഴുത്ത്, ബൈന്‍ഡിംഗ് എന്നിവയില്‍ പ്രഗത്ഭരായ ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്നു.
***
അതേസമയം ഈജിപ്തിലെ ഫാത്വിമികളുടെ കീഴിലുണ്ടായിരുന്ന ഗ്രന്ഥാലയങ്ങളിലെ ഗ്രന്ഥങ്ങളുടെ കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. അതേക്കുറിച്ച് ചരിത്രകാരന്‍ ഇബ്്നു അബീ ശാമ(ഹി. 665 വഫാത്ത്) തന്റെ ‘അര്‍റൗളതൈന്‍ ഫീ അഖ്ബാരിദ്ദൗലതൈന്‍ അന്നൂരിയ്യ വസ്സ്വലാഹിയ്യ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ലോകാത്ഭുതങ്ങളിലൊന്നാണത്! കൈറോയിലെ ഫാത്വിമി കൊട്ടാരത്തിലുണ്ടായിരുന്നത്ര ഗ്രന്ഥങ്ങള്‍ മുഴുവന്‍ ഇസ്ലാമിക നാടുകളിലുമുണ്ടായിരുന്നില്ല. ഇമാം ത്വബ്രിയുടെ ചരിത്രഗ്രന്ഥത്തിന്റെ 1220 പകര്‍പ്പുകള്‍ അവിടെയുണ്ടായിരുന്നു! 28 ലക്ഷം ഗ്രന്ഥങ്ങളടങ്ങിയതായിരുന്നു ആ അതിവിശാല ഗ്രന്ഥാലയമെന്നു പറയപ്പെടുന്നു! ഇതിനു പുറമെ ഒരുപാട് കയ്യെഴുത്തു പ്രതികളുടെ അപൂര്‍വ ശേഖരങ്ങളും.’
***
സാമാനി ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ബുഖാരി നൂഹ് ബിന്‍ മന്‍സൂര്‍(ഹി. 387 വഫാത്ത്) നിര്‍മിച്ച ഗ്രന്ഥശാലയെക്കുറിച്ച് പ്രമുഖ തത്വചിന്തകനും വൈദ്യശാസ്ത്രജ്ഞനുമായ ഇബ്നു സീന(ഹി. 428 വഫാത്ത്) പറയുന്നു:’ഒരിക്കല്‍ സുല്‍ത്താന്‍ രോഗിയായപ്പോള്‍ സദസ്സില്‍ ആരോ എന്നെ സുല്‍ത്താന് പരിചയപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം കൊട്ടാരത്തിലെത്തി ചികിത്സിച്ചു കഴിഞ്ഞപ്പോള്‍ അവരുടെ ഗ്രന്ഥപ്പുരയില്‍ കയറാന്‍ ഞാന്‍ സമ്മതം ആരാഞ്ഞു. കയറിനോക്കുമ്പോള്‍ ഒരുപാട് മുറികളുള്ള വലിയൊരു കെട്ടിടമായിരുന്നു അത്. ഓരോ മുറികളിലും അടുക്കിവെക്കപ്പെട്ട ഒരുപാട് പെട്ടികളുണ്ട്. ഓരോ മുറിയിലും വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളാണ്. അറബി ഗ്രന്ഥങ്ങള്‍, കവിതകള്‍ എന്നിവയ്ക്കായി ഒരു മുറി, ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ക്കായി മറ്റൊരു മുറി, അങ്ങനെയങ്ങനെ. ഗ്രന്ഥങ്ങളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ഇന്‍ഡക്സ് ഞാന്‍ വായിച്ചു നോക്കിയപ്പോള്‍ അതിനു മുമ്പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ലാത്ത പല അപൂര്‍വ ഗ്രന്ഥങ്ങളും അതിലുണ്ടായിരുന്നു!’ ഈ സംഭവം ഇബ്നു അബീ അസ്വീബഅ(ഹി. 668 വഫാത്ത്) ‘ഉയൂനുല്‍ അന്‍ബാഅ്’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
***
സാമാനി രാജാവ് നൂഹിന്റെ സ്വകാര്യസ്വത്തിന്റെ ഭാഗമായിരുന്ന ഗ്രന്ഥങ്ങള്‍ മാത്രം നാന്നൂറ് ഒട്ടകള്‍ക്ക് ചുമക്കാന്‍ മാത്രമുണ്ടായിരുന്നെന്ന് യാഖൂതുല്‍ ഹമവി ‘മുഅ്ജമുല്‍ ഉദബാഇ’ല്‍ രേഖപ്പെടുത്തുന്നുണ്ട്. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(ഹി. 589 വഫാത്ത്) യുടെ കൊട്ടാരത്തിലെ സെക്രട്ടറി ഫാളില്‍ അല്‍ ബൈസാനി(ഹി. 596 വഫാത്ത്)യുടെ വീട്ടില്‍ സ്വന്തം ശേഖരത്തില്‍ മാത്രമുണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ ഏകദേശം ഒരു ലക്ഷത്തോളമായിരുന്നെന്ന് ഇബ്നു കസീര്‍(ഹി. 774 വഫാത്ത്) അല്‍ ബിദായത്തു വന്നിഹായയില്‍ ഉദ്ധരിക്കുന്നു.
***
മിക്ക സ്വഹാബികള്‍ക്കും നബി തങ്ങളുടെ ഹദീസുകളും മറ്റും രേഖപ്പെടുത്തി വെക്കാനുള്ള പ്രത്യേകം ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. ഹര്‍റ യുദ്ധം നടന്നപ്പോള്‍(ഹി. 63) ഇത്തരത്തില്‍ സൂക്ഷിച്ചുവെക്കപ്പെട്ട ഗ്രന്ഥങ്ങള്‍ കത്തിപ്പോയതില്‍ ഉര്‍വത്തുബ്നു സുബൈര്‍(റ) അതീവദുഃഖം പ്രകടിപ്പിച്ചതും ‘എന്റെ കുടുംബത്തെക്കാളും സമ്പത്തിനെക്കാളും എനിക്ക് മൂല്യമുള്ളത് ആ ഗ്രന്ഥത്തിനായിരുന്നു’വെന്ന് അദ്ദേഹം പറഞ്ഞതുമായ സംഭവം ഇബ്നു സഅദ്(ഹി. 230 വഫാത്ത്) ‘ത്വബഖാത്തുല്‍ കുബ്റ’യില്‍ ഉദ്ധരിക്കുന്നുണ്ട്. പിന്നീട് കാലക്രമേണ കൂടുതല്‍ ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും സമ്പത്തുമുഴുവന്‍ ഗ്രന്ഥങ്ങള്‍ക്കു വേണ്ടി ചെലവഴിച്ച് സ്വകാര്യമായി വലിയ ഗ്രന്ഥാലയങ്ങള്‍ ഉണ്ടാക്കാനും ഭരണാധികാരികളെപ്പോലെ പണ്ഡിതന്മാരും മുന്നോട്ടുവന്നു. അയ്യായിരം ഗ്രന്ഥങ്ങള്‍ ഒരുമിച്ചു കൂട്ടിയ പണ്ഡിതന്മാരെ ‘രാജ ഗ്രന്ഥശേഖരങ്ങളുടെ ഉടമ’യെന്ന് സാധാരണക്കാര്‍ വിശേഷിപ്പിച്ചുപോന്നു.
***
കൂട്ടത്തില്‍ അതിപ്രധാനമാണ് ഖുറാസാനിലെ മര്‍വ് പ്രദേശത്തുണ്ടായിരുന്നത്. മര്‍വിലെ സ്നേഹസമ്പന്നരായ ജനങ്ങളും അതിനൊക്കെ പുറമെ അവിടെയുണ്ടായിരുന്ന അപൂര്‍വങ്ങളായ ഗ്രന്ഥങ്ങളുമാണ് ഈ നാടിനെ എന്റെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയതെന്നും താര്‍ത്താരികളുടെ അക്രമം നടന്നില്ലായിരുന്നെങ്കില്‍ മരണം വരെ ഈ ഗ്രന്ഥങ്ങള്‍ക്കിടയിലായിത്തന്നെ ഞാന്‍ കഴിഞ്ഞുകൂടിയേനെ എന്നും യാഖൂതുല്‍ ഹമവി ‘മുഅ്ജമുല്‍ ബുല്‍ദാനി’ ല്‍ പറയുന്നുണ്ട്. ഞാന്‍ മറ്റെവിടെയും കാണാത്തയത്രയും ഗ്രന്ഥങ്ങള്‍ അവിടെയുണ്ടെന്നും പത്തായിരത്തിലധികം ഗ്രന്ഥങ്ങളുള്ള പത്തോളം വഖ്ഫ് ചെയ്യപ്പെട്ട വിശാലമായ ഗ്രന്ഥശാലകള്‍ അവിടെയുണ്ടെന്നും പരിസരം മറന്ന് ആ ഗ്രന്ഥശാലകളില്‍ ഞാനൊരുപാട് കാലം കഴിച്ചുകൂട്ടിയെന്നും മുഅ്ജമുല്‍ ബുല്‍ദാനെന്ന തന്റെ ലോകപ്രസിദ്ധ ഗ്രന്ഥത്തിന്റെ മിക്ക സ്രോതസ്സും ഈ ഗ്രന്ഥശാലകളില്‍ നിന്നു തന്നെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
***
പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ദാരിദ്ര്യവും കഷ്ടതകളുമനുഭവിക്കുന്നവര്‍ ഏറെ പ്രയാസപ്പെട്ടായിരുന്നു ഗ്രന്ഥശേഖരണം നടത്തിയത്. എങ്കിലും ഭക്ഷണവും വസ്ത്രവുമടങ്ങുന്ന ജീവിതസൗകര്യങ്ങളെക്കാള്‍ പ്രാമുഖ്യം അവര്‍ കിത്താബുകള്‍ക്ക് നല്‍കി. സമ്പന്നരായ പണ്ഡിതന്മാരും അതിനനുസരിച്ച പ്രാധാന്യം ഗ്രന്ഥങ്ങള്‍ക്കു നല്‍കി. പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന യഹ്യ ബിന്‍ മഈന്‍(ഹി. 233 വഫാത്ത്) അതിസമ്പന്നനായിരുന്നു. പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ച ഒരുലക്ഷത്തി അന്‍പതിനായിരം ദിര്‍ഹം(ഏകദേശം 1.3 മില്ല്യണ്‍ ഡോളര്‍) മുഴുവനും അദ്ദേഹം ഹദീസ് മേഖലയിലായി ചെലവഴിക്കുകയായിരുന്നു! അവസാനം സ്വന്തമായി ധരിക്കാന്‍ ഒരു ചെരിപ്പു പോലും അവശേഷിച്ചിരുന്നില്ല അദ്ദേഹത്തിന്! ഈ സംഭവം ഇമാം നനവി(ഹി. 667 വഫാത്ത്) ‘തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തി’ല്‍ ഉദ്ധരിക്കുന്നുണ്ട്.

Related Articles