Current Date

Search
Close this search box.
Search
Close this search box.

ഗുരുവും ശിഷ്യനും

മെന്ററിങിനെ കുറിച്ച് ലോകം ചർച്ച ചെയ്യുന്നതിന് എത്രയോ മുമ്പ് ആ ആശയം തന്റെ അധ്യാപന ജീവിതത്തിൽ പകർത്തിക്കാണിച്ച ഒരു മഹാഗുരുവേയും അതി സമർത്ഥനായ അദ്ദേഹത്തിന്റെ ശിഷ്യനേയുമാണ് നാമിവിടെ അനുസ്മരിക്കുന്നത്.

ഇസ്ലാമിക കർമ്മശാസ്ത്ര വിധാതാക്കളായ നാലു മദ്ഹബിന്റെ ഇമാമുകളിൽ പ്രമുഖനായിരുന്നു അബൂ ഹനീഫാ ഇമാം എന്ന നുഅ്മാനുബ്‌നു സാബിത് (AH 80-150 / CE 699 – 765). അൽ ഇമാമുൽ അഅ്ളം എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിലെ ആദ്യത്തെ മദ്ഹബായ ഹനഫി മദ്ഹബിന്റെ സ്ഥാപകനാണിദ്ദേഹം. തന്റെ ശിഷ്യന്മാരുടെ ബുദ്ധി കൂര്‍മ്മത തിരിച്ചറിഞ്ഞ് അവരുടെ മേഖലകളിലേക്ക് യോഗ്യരാക്കുന്ന താങ്ങാളായിരുന്നു ഇമാം . തന്റെ ഏറ്റവും അടുത്ത ശിഷ്യരായിരുന്നു ഇമാം അബൂ യൂസുഫും ഇമാം മുഹമ്മദുശ്ശൈബാനിയും . വലിയ സാമ്പത്തിക പ്രയാസങ്ങളില്ലാത്ത കുടുംബ സാഹചര്യമായിരുന്നു രണ്ടാമത്തെയാളെങ്കിൽ, ഒന്നാമത്തെയാൾ വളരെ ദരിദ്രകുടുംബത്തിലെ യംഗമായിരുന്നു. ഉപ്പാന്റെ ചെറിയ പെട്ടിപ്പീടികയിലായിരുന്നു ക്ലാസ് സമയത്തെല്ലാത്തപ്പോഴെല്ലാമദ്ദേഹം . കഷ്ടപ്പാടുകൾക്കിടയിൽ കൂനിന്മേൽ കുരുവെന്ന് പറയും പോലെ ഉപ്പാക്ക് വയ്യാതായി. കുഞ്ഞു യഅ്ഖൂബ് (അബൂ യൂസുഫിന്റെ ഔദ്യോഗിക നാമം) ക്ലാസിൽ വരൽ കുറഞ്ഞു. ചില ദിവസങ്ങളിൽ തീരെ വരാതായി. ഒരിക്കൽ ഹാജർ വിളിക്കുമ്പോൾ ഉസ്താദ് വിളിച്ചു ചോദിച്ചു: ഇന്നും നമ്മുടെ യഅ്ഖൂബ് വന്നിട്ടില്ലല്ലോ?

അപ്പോഴാണദ്ദേഹം കഥയറിയുന്നത്. അന്നു ക്ലാസ് കഴിഞ്ഞയുടനെ ചന്തയിലേക്ക് വെച്ചു പിടിച്ചു ആ മാഷ്. യഅ്ഖൂബിനെ കയ്യോടെ പിടിച്ചു. ലീവിന്റെ കാരണം ചോദിച്ചു. കണ്ണീരൊലിപ്പിച്ച് കൊണ്ട് ആ കൊച്ചു വിദ്യാർഥി വീടിന്റെ അവസ്ഥകളെല്ലാം വിശദീകരിച്ചു. സ്നേഹ നിധിയായ ആ ഗുരു കയ്യിലുണ്ടായ ധനമെല്ലാം ഒരു തുണിയിൽ കെട്ടി ആ കുഞ്ഞിനെ ഏല്പിച്ചു , എന്നിട്ട് പറഞ്ഞു:
ഇനിയെപ്പോഴാണ് ആവശ്യമെന്ന് അറിയിച്ചാൽ മതി ,ഞാൻ കാശെത്തിക്കാം ;പക്ഷേ നീ ക്ലാസിൽ വരാതിരിക്കരുത്.  ഈയൊരു ശ്രദ്ധ / കെയറാണ് ലോകത്തെ സുപ്രസിദ്ധ സാമ്പത്തിക വിശാരദൻ കൂടിയായ ഒരു ഇമാമിനെ രൂപപ്പെടുത്തിയത്. “ഞാൻ എന്റെ മാതാപിതാക്കൾക്കും മുമ്പെ എന്റെ ഉസ്താദ് അബൂ ഹനീഫക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട് ” എന്ന് അരുമ ശിഷ്യൻ പറഞ്ഞത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

AH 113/CE 731-ൽ ഇറാഖിലാണ് ഇമാം അബൂ യൂസുഫിന്റെ ജനനം. ഹനഫീ കർമശാസ്ത്ര സരണിയുടെയും അഹ് ലു റഅയെന്ന ചിന്താ പ്രസ്ഥാനത്തിന്റേയും വികാസത്തിനും പ്രചാരണത്തിനുംവേണ്ടി അബൂ യൂസഫ് (റഹ്) വഹിച്ച പങ്ക് ഗണനീയമാണ്. പല അബ്ബാസിയാ ഖലീഫമാരുടെയും കീഴിൽ ഖാദി (ന്യായാധിപൻ) ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹത്തെ ഹാറൂൻ റഷീദ്, ബാഗ്ദാദിൽ മുഖ്യ ന്യായാധിപനായി നിയമിച്ചു. ഖലീഫയുടെ വിശ്വസ്ത സുഹൃത്തും നിയമോപദേഷ്ടാവും കൂടിയായിരുന്നു ഇമാം അബൂ യൂസുഫ്. മതസംബന്ധമായി ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത് കിതാബുൽ ഖറാജ് എന്ന ഭൂനികുതിനിയമഗ്രന്ഥമാണ്. ഭാരത ചരിത്രത്തിലെ ചാണക്യന്റെ അർഥശാസ്ത്രഗ്രന്ഥത്തിന് ശേഷം പൌരസ്ത്യലോകത്ത് രചയിതമായ ആദ്യത്തെ ധനശാസ്ത്രഗ്രന്ഥമാണിത്.

കൃഷിക്കാരുടെമേലുള്ള അമിതമായ നികുതിഭാരം കാർഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും തരിശുഭൂമിയുടെ ഉടമാവകാശം അത് കൃഷിയോഗ്യം ആക്കിയവനാണെന്നും പ്രവാചക വചനങ്ങളിലൂടെ ഇമാം അബൂ യൂസുഫ് ഈ കൃതിയിൽ സിദ്ധാന്തിച്ചിട്ടുണ്ട്. കൃഷിഭൂമി കർഷകന്റേത് ആവണമെന്ന ചർച്ച പ്രവാചക കാലത്തിന് ശേഷം ആദ്യമായ് ചർച്ചയായ കാലം കൂടിയായിരുന്നു അക്കാലമെന്നർഥം. ഒരു അധ്യാപകന്റെ പിതൃതുല്യമായ തലോടലായിരുന്നു ബാല്യത്തിൽ കൂമ്പടയേണ്ടിയിരുന്ന ഒരു പ്രതിഭയെ പൊടിതട്ടി ഏറ്റവും വലിയ ജഡ്ജിയും ഇസ്മാമിക് ഫിനാൻസിന്റെ എക്കാലത്തേയും പ്രധാനവലംബമായ ഖറാജിനും നിമിത്തമായത് എന്ന് ചുരുക്കം. AH 182/ CE 798-ൽ ബാഗ്ദാദിലാണ് ഇമാം അബൂ യൂസുഫ് നിര്യാതനായത്.

അവലംബം :
വഫയാതുൽ അഅ്യാൻ – ഇബ്നു ഖലിക്കാൻ
സിയറു അഅ്ലാമിന്നുബലാ-ദഹബി
അൽ അഅ്ലാം – സർകലീ
വിക്കിപ്പീഡിയ

Related Articles