Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദത്തിന്റെ വേരും വളവും – 1

ചരിത്രത്തെ രൂപപ്പെടുത്തുന്ന സുപ്രധാന ഘടകങ്ങളിൽ ഒന്ന് മുഖ്യ ധാരാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെ പോകുന്നതും എന്നാൽ അതിന്റെ പിന്നാമ്പുറത്ത് ഓരോ കാലത്തെയും രാജ്യത്തെയും ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതുമായ ഉപജാപ പ്രവർത്തനങ്ങളാണ്. സാമ്രാജ്യത്വ അധീശത്വ ശക്തികൾ മത പൗരോഹിത്യ ശക്തികളുടെ പിന്തുണയോടെ നടത്തുന്ന അപസർപ്പകവും അപസദവുമായ കാര്യങ്ങളെ മറച്ചു പിടിക്കുവാൻ പടച്ചുവിടുന്ന കഥകളാണ് പലപ്പോഴും മുഖ്യധാരാ ചരിത്രത്തിന്റെ മത രാഷ്ട്രീയ മുഖങ്ങളിൽ ഒന്ന്.

സ്‌റ്റേറ്റും ജൂത പൗരോഹിത്യവും കൂട്ട് ചേർന്ന് നടപ്പാക്കുവാൻ ശ്രമിച്ച ഭീകര പ്രവൃത്തിക്ക് ഉദാഹാരണം കൂടിയാണ് കുരിശ് സംഭവം. അതോടൊപ്പം തന്നെ സാമ്രാജ്യത്വം എങ്ങനെയാണ് ചരിത്രത്തെ അപനിർമിക്കുന്നത് എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തവുമാണത് . യേശുവിനെ വധിക്കുവാൻ ജൂത പൗരോഹിത്യത്തിന്റെ പിന്തുണയോടെ റോമൻ സാമ്രാജ്യത്വം നടത്തിയ ഉപജാപ പ്രവർത്തനങ്ങൾ ദൈവികമായ ഇടപെടൽ കാരണം വിജയം കാണാതെ പോവുകയുണ്ടായി . അപ്പോൾ ഇളഭ്യരായ റോമൻ സാമ്രാജ്യത്വവും ജൂത പൗരോഹിത്യവും അവരുടെ പരാജയത്തെ മറച്ചു പിടിക്കുവാനായി കൂടി കൂട്ടു ചേർന്നു കെട്ടിച്ചമച്ച കഥയായി കൂടിയാണ് യേശുവിന്റെ കുരിശു മരണ വാദത്തെയും വിശ്വാസത്തെയും അസന്നിഗ്ദമായി നിഷേധിക്കുന്നതിലൂടെ ഖുർആൻ സൂചിപ്പിക്കുന്നത്. ചരിത്രത്തെ അപനിർമിക്കുന്ന ആ അവകാശവാദത്തെ സ്വയം തന്നെ ഒരു മഹാ പാപമായിട്ടാണ് ഖുർആൻ വിശേഷിപ്പിച്ചത് . ഖുർആൻ അവതരിക്കുന്നതിന്ന് മുമ്പ് റോമൻ സാമ്രാജ്യത്വം കെട്ടിച്ചമച്ച ആ കഥയായിരുന്നു മുഖ്യധാരാ ചരിത്രമായി കുരിശ് സംഭവത്തിൽ പറഞ്ഞു തന്നിരുന്നത്.

 

സംഭവം നടന്ന മധ്യ പൌരസ്ത്യ ദേശത്തെ ബഹു ഭൂരിപക്ഷവും കുരിശ് സംഭവത്തിലെ ഖുർആനിക വേർഷൻ ആണ് വിശ്വസിക്കുന്നത് എങ്കിലും, ഇന്നും ഈ വിഷയത്തിലെ മുഖ്യ ധാരാ ചരിത്രമെന്നത്, അതിന്ന് പിൽകാലത്തുണ്ടായ വിശ്വാസപരമായ മാറ്റങ്ങളെ ഒഴിച്ചു നിർത്തിയാൽ, റോമൻ സാമ്രാജ്യത്വവും ജൂത പൗരോഹിത്യവും പടച്ചു വിട്ട കഥതന്നെയാണ്. അന്നും ഇന്നും സാമ്രാജ്യത്വം അവരുടെ താല്പര്യം സംരക്ഷിക്കുവാനും ശക്തി പ്രകടിപ്പിക്കുവാനും , പരാജയം മറച്ചു വെക്കുവാനും, അഭിമാനം കാത്ത് സൂക്ഷിക്കാനും പടച്ചു വിടുന്ന വ്യാജ കഥകളെ അണ്ണാക്ക് തൊടാതെ വിഴുങ്ങുകയെന്നതാണു് പൊതു രീതി. ന്യൂന വിഭാഗമായ എതിർ വീക്ഷണക്കാർ ആ വിഷയങ്ങളിൽ ഉന്നയിക്കുന്ന ന്യായപൂർണവും യുക്തവുമായ ചോദ്യങ്ങൾ പോലും മുഖ്യ ധാര ശ്രദ്ധിക്കുകയോ രേഖപ്പെടുത്തുകയോ ഇല്ല . ആ എതിർ വീക്ഷണങ്ങളെ അവജ്ഞയോടെ നോക്കികാണുന്ന സാമ്രാജ്യത്വത്തിന്റെ കുഴലൂത്ത്കാരായ മുഖ്യധാരക്ക് അവ രേഖപ്പെടുത്തേണ്ട ആവശ്യകത പോലും അനുഭവപ്പെടില്ല . റോമൻ സാമ്രാജ്യത്വവും ജൂത പൗരോഹിത്യവും ചേർന്ന് പടച്ചുണ്ടാക്കിയ കുരിശ് സംഭവത്തിൽ യേശുവാണോ കുരിശിലേറ്റപെട്ടത് എന്ന വിഷയത്തിൽ താഴെ പറയുന്ന വളരെ പ്രസക്തമായ ചോദ്യങ്ങൾ പോലും മുഖ്യധാരക്ക് വിഷയമാകാതെ പോയതും പോകുന്നതും അത് കൊണ്ടാണ് .

ആദാമും ഹവ്വയും ചെയ്തതെന്ന് പറയുന്ന, (ഇസ്ലാമിക വീക്ഷണത്തിൽ സ്വർഗത്തിലെ നിത്യവാസത്തിന്ന് അർഹരായിട്ടില്ല എന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിനു വേണ്ടി കൂടി താത്കാലിക വാസത്തിലൂടെ നടത്തപ്പെട്ട പരീക്ഷണത്തിലെ പരാജയവും കരുണാവാരിധിയായ ദൈവം അപ്പോഴേ പൊറുത്തു കൊടുത്ത വീഴ്ചയും), ‘ആദി പാപ’ത്തിൽനിന്നുള്ള മോചനത്തിന് പതിനായിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ആദമും ഹവ്വയും ഉൾപടെ അദ്ദേഹത്തിന് മുമ്പ് വന്ന മുഴുവൻ ജനതതികളും പ്രവാചകരും ഒന്നും അറിയാതെ യേശു കുരിശിലേറ്റപ്പെടെണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ? ആദമിന്റെയും ഹവ്വയുടെയും ലംഘനം കരുണാവാരിധിയായ ദൈവം പൊറുത്തുകൊടുക്കാത്ത പാപമായിരുന്നോ? പാപമാണെന്നു കരുതിയാൽ പോലും അതിന്റെ ദുഷ് പരിണിതി അനുഭവിക്കുന്നവരൊക്കെ ആ പാപത്തിൽ പങ്കാളികളോ ഉത്തരവാദികളോ ആകുമോ ? അങ്ങനെ യേശു , യേശുവിന്ന് മുമ്പ് ജീവിച്ച മനുഷ്യരൊന്നും അറിയാതെ അവരുൾപ്പടെയുള്ള മുഴുവൻ മനുഷ്യരുടെയും ആരോപിത പാപമോചനത്തിന്നും മോക്ഷത്തിനും വേണ്ടി കുരിശിലേറ്റപ്പെട്ടുവോ? ദൈവം മോക്ഷത്തിന് വേണ്ടി ഓരോ കാലക്കാർക്കും വ്യത്യസ്ത വഴികൾ കാണിച്ചു വിവേചനത്തോടെ പെരുമാറുമോ ? മനുഷ്യരുടെ പാപ മുക്തിക്ക് കുരിശിലേറുവാൻ നിയോഗിതാനായവൻ എന്ന് ക്രിസ്തീയ സമൂഹത്താൽ വിശ്വസിക്കപ്പെടുന്നവൻ, അത്തരം ഒരു അവസ്ഥ തന്നിൽ നിന്നും നീക്കി തരണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുമോ ? അതേ കുരിശിന്മേൽ വെച്ച് അങ്ങനെ കുരിശിലേറ്റപ്പെട്ടവൻ “ദൈവമേ, ദൈവമേ നീ എന്നെ കൈവെടിഞതെന്തേ” എന്ന് വിലപിച്ചു ചോദിക്കുമായിരുന്നോ? യേശു കുരിശ് സംഭവത്തിന്ന് മുമ്പ് തന്നെ ഉയർത്തപ്പെട്ടുവോ? കുരിശിൽ കിടന്നത് ഉറച്ച യഹൂദ മത വിശ്വാസിയും ചാരനുമായിരുന്ന യൂദാസ് ആയിരുന്നോ? കുരിശ് സംഭവാനന്തരം എന്ത് കൊണ്ട് യൂദാസിനെയും കാൺമാനില്ലാതായി? യൂദാസ് യേശുവിനെ ഒറ്റുകൊടുക്കുവാൻ ശ്രമിച്ചതിന്നും കുരിശ് സംഭവത്തിന്നുമിടയിൽ കേവലം മണിക്കൂറുകളുടെ വിത്യാസമല്ലേ ഉണ്ടായിരുന്നുള്ളൂ? അപ്പോഴേക്കും ചാരനായ ഈ ജൂതൻ ‘പശ്ചാത്താപ വിവശനായി’ ‘കുറ്റബോധ’ത്താൽ കുരിശ് സംഭവത്തിന് മുമ്പേ, അതൊന്നും കണ്ടിട്ടില്ലാതിരിക്കെ ആത്മഹത്യ ചെയ്തുവെന്നോ?!എങ്കൽപ്പിന്നെ, അത്രയും സുവിദിതമകേണ്ടിയിരുന്ന ആ ‘ആത്മഹത്യ’ എന്തേ മത്തായി ഒഴിച്ചുള്ള മറ്റൊരു സുവിശേഷത്തിലും പരാമർശ വിധേയമായില്ല? കുരിശ് സംഭവ ശേഷം ഇസ്ലാമിക് വേർഷൻ വ്യക്തമാക്കുന്നത് പോലെ രണ്ട് പേരെ കാണുവാനില്ലായിരുന്നുവെന്നതല്ലേ ഇത് വ്യക്തമാക്കുന്നത് ? കുരിശ് സംഭവത്തിന്ന് തൊട്ടു മുമ്പേ ഉയർത്തപ്പെട്ട യേശുവിനെയും കുരിശിലേറ്റപ്പെട്ട യൂദാസിനേയും കുരിശ് സംഭാവനന്തരം കാണുവാനില്ലാതാവുക സംഭവത്തിന്റെ ഇസ്ലാമിക വേർഷൻ അനുസരിച്ചു സ്വാഭാവികമായിരിക്കില്ലേ ? കുരിശ് സംഭവം യേശുവിന്റെ തലയിലേറ്റിയവർ അതോടൊപ്പം തന്നെ ചരിത്രത്തിലില്ലാതായ യൂദാസിന്റേത് , അദ്ദേഹത്തെയും കാണാതായപ്പോൾ , ആത്മഹത്യായാക്കി മാറ്റിയതാണോ? വളരെ ന്യായമായ ചോദ്യങ്ങളാണിത്.

മുഖ്യധാരാ ചരിത്രമെന്നത് പലപ്പോഴും ന്യായ യുക്തമായ ചോദ്യങ്ങൾ പോലും ഉയർത്താതെ മുഖ്യ ധാര തന്നെ സ്വീകരിക്കുന്ന സാമ്രാജ്യത്വ സൃഷ്ടിയാണ് എന്ന് സൂചിപ്പിക്കുവാനാണ് ഇത് പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങൾ വികസിച്ച ഈ ആധുനിക കാലത്ത് പോലും ആഗോള രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങൾക്ക് അമേരിക്കൻ സാമ്രാജ്യത്വം നൽകുന്നതിൽ നിന്നും വ്യത്യസ്തമായ യഥാതഥമായ ചിത്രമൊ വിശദീകരണമോ നൽകിക്കൊണ്ട് പൊതു ബോധത്തെ മാറ്റിയെടുക്കുവാൻ കഴിയുമോ? അവരുടെ പരാജയപ്പെടുന്ന ഓപ്പറേഷനുകൾക്ക് അവർ നൽകുന്നതിൽ നിന്നും വ്യത്യസ്തമായ ഏതെങ്കിലും ഭാഷ്യം പൊതു സ്വീകാര്യത നേടുമോ? ഇല്ലെന്നതാണ് വാസ്തവം. അമേരിക്ക ബിൻ ലാദിനെ വധിച്ചു ആരും കാണാതെ കടലിൽ താഴ്ത്തി ! അയ്മൻ സവാഹിരിയെ അദ്ദേഹം ഒളിച്ചിരിക്കുന്ന വീടിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഡ്രോൺ വിക്ഷേപിച്ചു കൊന്നു !! ഈ വാർത്തകളിലൊക്കെ മുഖ്യ ധാരയിലുള്ള ആരെങ്കിലും എന്തെങ്കിലും ചോദ്യങ്ങൾ ഉയർത്തിയോ ? അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കുന്നതിന്റെയും ‘ശക്തി’ യെയും ‘അതിസൂക്ഷ്‌മവും’ ‘കൃത്യ’വുമായ ഓപ്പറേഷനൽ കേപ്പബിലിറ്റിയെയും ‘കാര്യക്ഷമത’യെയും സംബന്ധിച്ച് ലോകത്തെ ഇടക്കിടെ ബോധ്യപ്പെടുത്തിക്കകൊണ്ടിരിക്കുന്നതിന്റെയും ഭാഗമായി മുമ്പെങ്ങോ മരിച്ചെന്ന് ഉറപ്പു വരുത്തിയ ശത്രുവിനെ വീണ്ടും ‘കൊന്ന’താണോ എന്ന് ഏതെങ്കിലും മാധ്യമങ്ങൾ പശ്ചാത്തലവും റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തയിലെ മിസ്സിംഗ് ലിങ്കുകളുമൊക്കെ കണക്കിലെടുത്ത്, വിശകലനാത്മകമായി സമീപിച്ചു എന്തെങ്കിലും ചോദ്യങ്ങൾ ഉയർത്തിയോ ? ഇത് തന്നെയാണ് ദേശീയ സംഭവ വികാസങ്ങളിൽ തദ്ദേശീയ ഭരണ കൂടങ്ങൾ നൽകുന്ന ഭാഷ്യവും പൊതു ബോധവും തമ്മിലുള്ള ബന്ധവും.

ചുരുക്കത്തിൽ സാമ്രാജ്യത്വവും തദ്ദേശീയ ഭരണ കൂടങ്ങളും ചമക്കുന്നതും നേരത്തെ ബ്രിട്ടീഷ് ഫ്രഞ്ച് സാമ്രാജ്യത്വങ്ങൾ പിന്നാംമ്പുറങ്ങളിൽ നടത്തിയതുമായ ഉപജാപങ്ങൾ മറച്ചു പിടിച്ചു ചമക്കുന്ന കഥകളാണ് നമ്മൾ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി ചരിത്രമായി പഠിക്കുന്നത് എന്ന് സാരം. നുണയെയും തമസ്കരണത്തെയും വ്യാജ പ്രചാരണങ്ങളെയും രാഷ്ട്രീയ ആയുധവും നയതന്ത്ര പാടവവുമായി കാണുകയും അതിൽ ധാർമികമായ ഒരു അതിർവരമ്പും ദീക്ഷിക്കാതിരിക്കുകയും, അത്തരം വിഷയങ്ങളിൽ ദൈവത്തിന്ന് മുമ്പിൽ ഉത്തരം പറയേണ്ടിവരുമെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ചരിത്രരചനയും അവരുടെ സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ചുള്ള നുണകളുടെ കൂമ്പാരമായില്ലെങ്കിലേ അത്ഭുതപ്പെടുവാനുള്ളൂ. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യധാരാ ചരിത്രത്തിന്റെ പിന്നാംമ്പുറങ്ങളിൽ നടന്നതും നടക്കുന്നതുമായ അപ്പസർപ്പക കഥകളുടെയും ഉപജാപങ്ങളുടെയും വേരും വളവും അന്വേഷിക്കുകയാണ് ഈ ലേഖന പരമ്പര കൊണ്ടു ഉദ്ദേശിക്കുന്നത്. (തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles