Current Date

Search
Close this search box.
Search
Close this search box.

ഭീകരാക്രമണങ്ങളുടെ ഭിന്ന സിനാരിയോകൾ ( 1- 3 )

പ്രാദേശിക തലത്തിലെ “മാഷാ അല്ലാഹ്” സ്റ്റിക്കർ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും നടപ്പാക്കപ്പെടുന്നുവെന്നു വ്യക്തമാക്കുന്ന, ആദ്യത്തിൽ ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും പേരിൽ ആരോപിക്കപ്പെട്ടു, പിന്നീട് ശത്രുക്കളാൽ ചെയ്യപ്പെട്ടതെന്ന് തെളിഞ്ഞതും കുതിരയുടെ വായിൽനിന്നു തന്നെ വ്യക്തമായതുമായ നിരവധി അനുഭവങ്ങൾ നമ്മുടെ കൺമുമ്പിൽ ഉണ്ട്. വിഭിന്ന സിനാറിയോകളിലുള്ള ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. ഇവയൊക്കെ ആസൂത്രിതമായി നടപ്പാക്കപ്പെടുമ്പോൾ തല്പര കക്ഷികൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും, ഇസ്‌ലാമിനും മുസ്ലിംകൾക്കുമെതിരെ സൃഷ്ടിക്കപ്പെടുന്ന പൊതു ബോധത്തെ സംബന്ധിച്ചും വായനക്കാർക്ക് ഊഹിക്കുവാൻ സാധിക്കും. അത് തന്നെയാണ് സംഭവ ലോകത്ത് ഇന്ന് രാജ്യവും അന്താരാഷ്ട സമൂഹവും അനുഭവിക്കുന്നതും.

1. ഭിന്ന ഭരണകൂടങ്ങൾക്ക് രഹസ്യമായി ഒറ്റുകാരായും ചാരന്മാരായും പ്രവർത്തിച്ച മുസ്ലിം നാമധാരികളിൽ ചിലർ അവരുടെ സേവനങ്ങളിൽ പ്രയോജനരഹിതർ ആയി മാറുമ്പോൾ, ഭാവിയിൽ അവരുടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മനഃപൂർവ്വമോ അല്ലാതെയോ ചോർന്നുപോകാൻ സാധ്യതയുള്ളതിനാൽ, അവരുടെ നിസ്സഹായ അവസ്ഥയിൽ ഭരണ കൂടത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി ചില ‘പ്രത്യേക’ പ്രവർത്തികളിൽ ഏർപ്പെടുവാനും വഞ്ചിക്കപ്പെടുവാനോ അതല്ലെങ്കിൽ ചാവേർ ബോംബർമാരാകുവാനോ നിർബന്ധിതരായി തീരുന്നുണ്ടോ? അതല്ലെങ്കിൽ, ആവശ്യം കഴിയുമ്പോൾ ആരും അറിയാത്ത അവരിൽ ചിലരെ അതീവ രഹസ്യമായി തന്ത്ര പൂർവം ഭീകരരായി ചിത്രീകരിക്കുന്നതിന്നുള്ള പണി ദേശീയമോ അന്തർദേശീയമോ ആയ നിക്ഷിപ്‌ത താല്പര്യങ്ങളുടെ സംരക്ഷണത്തിന്ന് വേണ്ടി ബന്ധപ്പെട്ട സർക്കാരും അതിന്റെ ഏജൻസികളും ചെയ്യുന്നുണ്ടാവുമോ ? സർക്കാരും അതിന്റെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും കൃത്രിമമായി സൃഷ്ടിച്ച സമൂഹ മനസാക്ഷിയെ തൃപ്തിപ്പെടുത്താൻ ഒരു കുറ്റവും തെളിയിക്കപ്പെടാതെ ഇന്ത്യൻ സർക്കാരും കോടതിയും വധ ശിക്ഷ വിധിച്ചു
വധിച്ച അഫ്‌സൽ ഗുരു ഇതിന് ഉദാഹരണമായിരിക്കാം.

അഫ്‌സൽഗുരു തുടക്കത്തിൽ സർക്കാറിനു ഒരു വിവരദാതാവായി പ്രവർത്തിച്ചിരുന്നു. വാജ്‌പേയി പ്രധാന മന്ത്രിയും അദ്വാനി ആഭ്യന്തര മന്ത്രിയും ആയിരുന്നപ്പോൾ 2001 ൽ നടന്ന പാർലിമെന്റ് ആക്രമണത്തിൽ പങ്ക് കൊണ്ട അഞ്ച് ‘ഭീകരരെ’ അനുഗമിക്കാൻ അഫ്സൽ ഗുരുവിനെ നിയോഗിച്ചത് ജമ്മു കാശ്മീരിലെ സീനിയർ പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദർ സിങ് ആയിരുന്നു. അരുന്ധതി റോയി തന്റെ “Hanging of Afzal Guru and Strange Case of the Attack on Indian Parliament” എന്ന പുസ്തകത്തിൽ ഇതിന്റെ പിന്നിലെ അന്തർ നാടകങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് . 2019 ലെ ദേശീയ തെരെഞ്ഞെടുപ്പിന്ന് തൊട്ടു മുമ്പ് നടന്നതും മോദിയുടെ കീഴിൽ സംഘ് പരിവാർ സർക്കാർ വീണ്ടും തെരെഞ്ഞെടുക്കപ്പെടാനുള്ള വൈകാരിക അന്തരീക്ഷം സൃഷ്ടിച്ചതുമായ പുൽവാമ ആക്രമണത്തിലും ധീരതക്ക് അവാർഡ് നേടിയ ഇതേ സീനിയർ പോലീസ് ഉദ്യോഗസ്ഥനുള്ള പങ്ക് അദ്ദേഹത്തെ മറ്റു ‘ഭീകരരുടെ’ കൂടെ ജമ്മുവിലെ മിർ ബസാറിൽ നിന്നും രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ ഗൂഢ പദ്ധതികളെ കുറിച്ച് ഒന്നും അറിയാതിരുന്ന ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് അറസ്റ്റു ചെയ്തപ്പോൾ പുറത്ത് വന്നിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ദേവീന്ദർ സിങ് കുറ്റ വിമുക്തനാക്കപ്പെടുകയാണ് ഉണ്ടായത്. ഇതിൽ നിന്നും അദ്ദേഹം രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് അവരുടെ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അവരുടെ നിർദേശാനുസാരം ഇത്തരം പണികൾ എടുക്കുകയായിരുന്നുവെന്നും മനസ്സിലാക്കാം.

2021 ഒക്ടോബർ അഞ്ചിന് ന്യൂ യോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഇതര രാജ്യങ്ങളിൽ നിന്നും CIA ക്ക് വേണ്ടി ഒറ്റുകാരായി പ്രവർത്തിക്കുന്നവരിൽ വളരെയേറെ ആളുകൾ മിസ്സിംഗ് ആകുന്നതായും കൊല്ലപ്പെടുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു. ഇവരൊക്കെ എങ്ങെനെയൊക്കെയാണ് മിസ്സിംഗ് ആകുന്നതെന്നും കൊല്ലപ്പെടുന്നത് എന്നതും വേറെ തന്നെ സ്വതന്ത്രമായി പഠിക്കേണ്ട വിഷയമാണ്.

2. രഹസ്യാന്വേഷണ ഏജൻസികളും സ്റ്റേറ്റിന്റെ മറ്റ് സ്ഥാപനങ്ങളും യുദ്ധമേഖലകളിൽ നിന്നും സംഘർഷ മേഖലകളിൽ നിന്നും തട്ടിക്കൊണ്ടുപോകുന്ന ആളുകളെകൊണ്ട്, അവരുടെ നിസ്സഹായാവസ്ഥയിൽ, അവരെ ധാരാളം ‘മാനസിക ചികിത്സകൾ’ക്ക് വിധേയരാക്കുകയും മസ്തിഷ്ക പ്രക്ഷാളനം നടത്തുകയും ചെയ്ത ശേഷം ദേശീയമോ അന്തർ ദേശീയമോ ആയ നിക്ഷിപ്‌ത താല്പര്യങ്ങളോ, ഭരിക്കുന്ന പാർട്ടിയുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളോ സംരക്ഷിക്കുന്നതിന് വേണ്ടി calculated റിസ്ക് ഓടു കൂടിയ ഭീകര പ്രവർത്തനങ്ങൾ നടത്തിക്കുന്നുണ്ടാവുമോ ?

അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഇസ്രയേലും ഈ തന്ത്രം ധാരാളമായി ഉപയോഗിക്കുന്നതായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട് . മുംബൈയിൽ നടന്ന ‘ഭീകരാ’ക്രമണത്തിനിടെ അറസ്റ്റിലായ അജ്മൽ കസബിനു വേണ്ടി ചോദിക്കുവാനും പറയുവാനും ആരും ഇല്ലായിരുന്നു. ആദ്യം സംഘർഷ മേഖലയിൽ നിന്നും മുഴുവൻ ബന്ധുക്കളെയും കൊന്നു അങ്ങനെയുള്ള വ്യക്തികളെ സൃഷ്ടിക്കുന്നു. പിന്നെ ആരൊരുമില്ലാത്ത അത്തരം വ്യക്തികളെ ഇതുപോലുള്ള താല്പര്യങ്ങൾക്ക് ഉചിതമായ രൂപത്തിൽ ഉപയോഗപ്പടുത്തുന്നു. ഹേമന്ദ് കർക്കരയെ വധിക്കുന്നതിനു വേണ്ടി സംഘ് പരിവാർ മുസ്ലിം ഐഡന്റിറ്റി നൽകിക്കൊണ്ട് ബലിദാനി ആക്കിയ ഇത്തരത്തിലുള്ള ഒരു ഫാസിസ്റ്റ് പ്രവർത്തകനല്ലെങ്കിൽ, ഈ രണ്ടാം സെനാറിയോക്കുള്ള ഒരു ഇന്ത്യൻ ഉദാഹരണമായി ഇതിനെ കണക്കാക്കാം. ആദ്യം അറബി പേരുകളുള്ള ‘ഇ-മെയിൽ’ സംഘടനകളുടെ മേൽ അധികാരികളും മാധ്യമങ്ങളും ചേർന്ന് ചുമത്തിയ ഹീനവും ഭീകരവുമായ കുറ്റകൃത്യങ്ങളിൽ സംഘ് പരിവാറിന്റെ പങ്കും ബന്ധവും സംഘ് പരിവാർ കുറ്റവാളികളുടെ ഐഡന്റിറ്റിയും തെളിവ് സഹിതം സത്യസന്ധമായി വെളിവാക്കിയ “എടിഎസ്” തലവൻ ഹേമന്ത് കർക്കരയെ വധിച്ച “ഭീകര ആക്രമണം’ നടത്തുന്നതിനിടെ പിടിക്കപ്പെട്ട ‘അജ്മൽ കസബി’നെ മറ്റെന്ത് തരത്തിലാണ്‌ ബന്ധിപ്പിക്കുവാൻ കഴിയുക?

ബിജെപിയും സംഘപരിവാറും 2014ലെ ദേശീയ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുക്കുന്ന സമയത്ത് 2011 ജൂലൈ 11 നാണ് മുംബൈ സ്‌ഫോടനം നടന്നത്. മുംബൈ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ബിജെപിയുടെ ഒരു മുൻ കേന്ദ്രമന്ത്രി ഡിഎൻഎയിൽ ഒരു തരത്തിലുള്ള തെളിവും ഇല്ലാതെ മുസ്ലിംകളെ പ്രതി ചേർത്ത് വിഷം തുപ്പുന്ന ലേഖനം പ്രസിദ്ധീകരിക്കുന്നു. പ്രവീൺ സ്വാമിയും അദ്ദേഹത്തെ പോലുള്ളവരും ചേർന്ന് സ്‌ഫോടനത്തിന് പിന്നിലെ പ്രധാന കുറ്റവാളികൾ മുസ്‌ലിംകളാണെന്ന് സൂചിപ്പിക്കുകയും ദ്യോതിപ്പിക്കുകയും ചെയ്തുകൊണ്ടു അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങളിൽ സമാനമായ റിപ്പോർട്ടുകൾ നിരന്തരം അടിച്ചു വിടുന്നു . മുംബൈ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഒരു “ഷെരീഫും” ഡൽഹിക്കാരനും തമ്മിൽ നടന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള ടെലിഫോണിക് സംഭാഷണം ഡൽഹി പോലീസ് ഇന്റർസെപ്റ്റ് ചെയ്ത അവകാശവാദം പുറത്തു വരുന്നു! (സ്ഫോടനം നടന്നയുടനെ 15-20 മിനിറ്റ് നേരത്തേക്ക് തനിക്ക് ആരുമായും ടെലിഫോണിൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് ഡൽഹി പോലീസ് ഭീകരാക്രമണം കഴിഞ്ഞ ഉടനെ ഭീകരർക്കിടയിലെ ഫോൺ സംഭാഷണം intercept ചെയ്തത് !! മുഴുവൻ എപ്പിസോഡിലെയും ഏറ്റവും വിരോധാഭാസമായ ഘടകം, ഇത്രയും ആസൂത്രിതമായി ഭീകരാക്രമണം നടത്തിയ ആ “മുസ്‌ലിം തീവ്രവാദികൾ” സ്‌ഫോടനം നടന്നയുടനെ ടെലിഫോണിൽ വിളിച്ച് മറുവശത്ത് തന്റെ കൂട്ടാളിയെ അറിയിക്കാൻ മാത്രം വിഡ്ഢികളും വിവേകശൂന്യരുമായിരുന്നുവെന്നതാണ്!! ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിലെ വൈഭവവും ഓപ്പറേഷനലിലെ കൃത്യതയുമൊന്നും തൊട്ടുടനെ നടക്കുന്ന അറുപൊട്ടൻ ടെലിഫോൺ സംഭാഷണത്തിലും ഇരുണ്ട ഇമെയിൽ സന്ദേശത്തിലും കാണുകയില്ല !).

ആ “ഷെരീഫിനെ”ഡൽഹി സ്പോടനത്തിലും വളരെ ദുരൂഹമായ രൂപത്തിൽ ഇൻസ്‌പെക്ടർ ചാന്ദ് ശർമ്മ വധിക്കപ്പെട്ട ബട്ല വ്യാജ ഏറ്റു മുട്ടൽ കേസിലും തെറ്റായ രൂപത്തിൽ പ്രതിചേർക്കപ്പെട്ട മുഹമ്മദ് ആരിഫ് ജുനൈദുമായി ഒരു തെളിവുമില്ലാതെ സമീകരിച്ചു കൊണ്ട് ഡൽഹി പോലീസ് നൽകിയ അതിവേഗതയിലുള്ള തട്ടു തകർപ്പൻ വിധി തീർപ്പാണ് പിന്നെ വരുന്നത്! കൂടാതെ അപ്പോൾ ബിജെപി ഭരണത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് എടിഎസും കർണാടക എടിഎസും ഭീകരരെന്നു സംശയിച്ചു നിരവധി മുസ്ലീംകളെ പിടികൂടുന്നതിൽ നൽകിയ “വേഗത്തിലുള്ളതും ഫലപ്രദവുമായ സഹായം” ! ഇതൊക്കെ ഈ നാടകത്തിന് പിന്നിലെ രചയിതാക്കളും സംവിധായകരും അഭിനേതാക്കളും ആരാണെന്ന് നന്നായി സൂചിപ്പിച്ചിരുന്നു.

എന്നാൽ ബിജെ പി യുടെയും ആർഎസ്എസിന്റെയും ഇതര സംഘ് പരിവാർ സംഘടനകളുടെയും ഭീകര മുഖം തുറന്നുകാട്ടുന്നതിൽ പതിവുപോലെ കോൺഗ്രസ് അപ്പോഴും പരാജയപ്പെട്ടു. മുംബൈ ആക്രമണത്തിലെ പിന്നാമ്പുറ കഥകൾ ആ കാലത്തു മഹാരഷ്ട്ര ഐ ജി ആയിരുന്ന എസ് എം മുശ്‌രിഫ്‌ എഴുതിയ Who Killed Karkare? The Real Face of Terrorism in India എന്ന ഗ്രന്ഥം കൃത്യമായും വ്യക്തമായും പറഞ്ഞു തരുന്നുണ്ട് .

3. രഹസ്യാന്വേഷണ വിഭാഗങ്ങൾ അറബിക് പേരുകളുള്ള ഇത്തരം വ്യാജവും വഞ്ചനാപരവുമായ തീവ്രവാദ ഗ്രൂപ്പുകൾ രൂപീകരിക്കുന്നുണ്ടോ? ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാൻ ഇസ്‌ലാമിന്റെ ശത്രുക്കൾ മുസ്‌ലിംകളുടെ പേരിൽ ഇത്തരം ഭീകരാക്രമണങ്ങൾ നടത്തുന്നുണ്ടോ ? മുൻ സ്പാനിഷ് പോലീസ് ഉദ്യോഗസ്ഥൻ ജോസ് മാനുവൽ വില്ലാരെജിയോ 2017-ൽ ബാഴ്‌സലോണയിലും കാംബ്രിൾസിലും നടന്ന ഭീകരാക്രമണങ്ങൾ സംഘടിപ്പിച്ചത് സ്പാനിഷ് ഇന്റലിജൻസ് ആയിരുന്നുവെന്ന് പറഞ്ഞു . മൊസാദ്, സിഐഎ, MI5 , RAW , തുടങ്ങിയ വിവിധ സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിൽ സഹകരണവും അവരുടെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ചു തദനുസൃതമായ ഇടപെടലുകളും ഉണ്ടാകുന്നുണ്ടാവില്ലേ ? ഇന്ത്യയിലെ റോ ക്കും മൊസ്സാദിന്നും ഇടയിലെ പരസ്പര സഹകരണം ഇതിന്റെ സാധ്യതക്കുള്ള ഒരു തെളിവാണ് . ഇത് പോലെ, ഇസ്‌ലാം വിരുദ്ധ തീവ്രവാദി സംഘടനകള്‍ സംഘടിപ്പിച്ചു മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കുന്ന ഭീകര പ്രവർത്തനങ്ങളും ധാരാളമുണ്ട് .

കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ പുരോഗമന സഖ്യത്തിന്റെ (യു പി എ) കാലത്ത് നടന്ന എല്ലാ ബോംബാക്രമണങ്ങളും നടത്തിയത് ആർഎസ്എസും ഇതര സംഘപരിവാർ സംഘടനകളുമാണ് എന്ന വസ്തുത സമ്മതിച്ചു കൊണ്ട് മഹാരാഷ്ട്ര ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ബി ജി കോള്‍സെ പാട്ടീൽ പരസ്യമായി പ്രസ്താവന ഇറക്കിയിരുന്നു. (ഹേമന്ത് കർക്കർ അതിന്റെ പിന്നിലെ സത്യം വെളിപ്പെടുത്തുന്നതുവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഇത്തരം ബോംബാക്രമണങ്ങൾ നടത്തിയ സംഘടനയുടെ പേര് ആയി ആദ്യം നൽകിയത് ഇന്ത്യൻ മുജാഹിദീൻ എന്നായിരുന്നു) . ഇതേ കാര്യം UPA മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന സുശീൽ കുമാർ ഷിൻഡെയും 2013 ജനുവരിയിൽ നടന്ന എ ഐ സി സി ചിന്തൻ ശിബിരത്തിൽ പറഞ്ഞിരുന്നു. മാലെഗോൺ, ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീർ സംജോത സ്ഫോടനങ്ങളിൽ സ്വാമി അസിമാനന്ദ അദ്ദേഹം ഉൾപ്പടെയുള്ള സംഘ് പരിവാർ ഭീകരരുടെ പങ്കിനെ സംബന്ധിച്ച് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.

25 വർഷ കാലം ആർ എസ് എസ് ആക്ടിവിസ്റ്റും ആ സംഘടനയുടെ മുൻ സീനിയർ ഫങ്ക്ഷണറിയുമായിരുന്ന യശ്വന്ത് ഷിൻഡെ ഇന്ത്യയുടെ ഭിന്ന ഭാഗങ്ങളിൽ നടന്ന സ്പോടനങ്ങളിൽ അദ്ദേഹം കൂടി അംഗമായ വി എച്ച് പി, ബജ്‌രംഗ്ദൾ തുടങ്ങി സംഘ് പരിവാർ സംഘടനകൾക്കുണ്ടായിരുന്ന പങ്ക് ഒരു സത്യവാങ് മൂലത്തിലൂടെ സിബിഐ കോടതിക്ക് മുമ്പിൽ സമർപ്പിക്കുകയുണ്ടായി (The Wire 02.09.2022). ഇങ്ങനെ ഓരോ ദേശത്തും ഇസ്‌ലാമിനെയും മുസ്ലിംകളെയും പ്രതിക്കൂട്ടിൽ നിർത്താൻ വേണ്ടി നടത്തപ്പെടുന്ന ആസൂത്രിത ഭീകര പ്രവർത്തനങ്ങൾക്ക് സമാന്തരാമായി മ്യാൻമറിലെ ബുദ്ധിസ്റ്റു ഭീകരർ, ഇസ്രയേലിലും യൂറോപ്പിലും അമേരിക്കയിലുമുള്ള സയണിസ്റ്റുകൾ, പശ്ചിമ യൂറോപ്പിലെയും അമേരിക്കയിലെയും വൈറ്റ് സൂപർമാസിസ്റ്റുകൾ, യൂറോപ്പിലെയും അമേരിക്കയിലെയും ക്രിസ്ത്യൻ തീവ്ര വാദികൾ, ക്രിസ്ത്യൻ നിയോകോൺസ്, സംഘ് പരിവാർ ഭീകര സംഘടനകൾ എന്നിവർക്കിടയിൽ അവർ എല്ലാവരും അവരവരുടെ ദേശങ്ങളിൽ പൊതു ശത്രുവായി കാണുന്ന ഇസ്‌ലാമിനും മുസ്ലിംകൾക്കുമെതിരായ വല്ല സഹകരണാത്മക ബന്ധവും നിലനിൽക്കുന്നുണ്ടോഎന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. സംഘ് പരിവാർ സംഘടനകൾക്കും സയണിസത്തിന്നും ക്രിസന്ഘികൾക്കും അമേരിക്കയിലെ തീവ്ര വലത് പക്ഷ കൃസ്ത്യൻ സംഘടനകൾക്കുമിടയിലെ പരസപര ബന്ധവും സഹകരണവും സുവിദിതമാണ്. (തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles