Current Date

Search
Close this search box.
Search
Close this search box.

ആശയത്തിലോ ഉള്ളടക്കത്തിലോ ഇസ്‌ലാമിന്ന് ഭീകരതയുമായി ഒരു ബന്ധവുമില്ല

ഇന്ത്യയിൽ ദേശീയ തെരഞ്ഞെടുപ്പിന്റെ സമയത്തോടനുബന്ധിച്ചു ഭീകര പ്രവൃത്തികൾ ഉണ്ടാവുന്നതും തൊട്ടുടനെ തന്നെ ദേശീയ അന്വേഷണ ഏജൻസി അതിന്റെ പിന്നിൽ ‘പ്രവർത്തിച്ച’ അറബി പേരോടു കൂടിയ ഒരു പുതിയ ജിഹാദി സംഘടനയുടെ നാമം പുറത്തു വിടുന്നതും ഏറെക്കുറെ പതിവായിരിക്കുകയാണ്. പക്ഷെ, പേരും സംഘാടകരും ആരായാലും, ഈ വിഷയത്തിൽ പോലീസും , ഇതര ഭരണ കൂട ഏജന്സികളും പ്രിന്റ് ഇലക്ട്രോണിക് മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ചേർന്ന് നടത്തുന്ന നിരന്തരവും പ്രചണ്ഡവുമായ പ്രചാര വേലകളുടെ ലക്ഷ്യം , അവരുടെ നിക്ഷിപ്‌ത രാഷ്ട്രീയ താൽപര്യങ്ങൾക്കു പുറമെ, ഏതു വിധേനയും ഇസ്ലാമിന്റെ പ്രചാരം തടയുക, ഇസ്‌ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച് ഇതര ജനവിഭാഗങ്ങളിൽ ഭയവും വെറുപ്പും സൃഷ്ടിക്കുക, ലോക സമൂഹത്തിന്ന് മുമ്പിൽ ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും തെറ്റായ പ്രതിനിധാനം ഉറപ്പ് വരുത്തുക എന്നത് മാത്രമായിരുന്നു .

എന്നാൽ, പേരിലോ ആശയത്തിലോ ഉള്ളടക്കത്തിലോ ഇസ്‌ലാമിന്ന് ഭീകരതയുമായി ഒരു ബന്ധവുമില്ല . ഇസ്ലാമിക ആദർശവും ചരിത്രവും സംസ്കാരവും അടിസ്ഥാനപരമായി സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും സമാധാനത്തിന്റേതുമാണ് . 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് സാക്ഷാത്കരിച്ച വിപ്ലവം അദ്വീതിയമായിരുന്നു . ചരിത്രത്തിന്റെ ഒരു വിധത്തിലുമുള്ള വ്യാഖ്യാന വിശദീകരണ ശീലുകൾക്കു അത് വഴങ്ങുന്നില്ല . അത് ചരിത്രം രൂപപ്പെടുത്തിയ വിപ്ലവം ആയിരുന്നില്ല. മറിച്ചു, ആ കാല ചരിത്രത്തെയും ശേഷമുള്ള ചരിത്രത്തെയും രൂപപ്പെടുത്തിയ വിപ്ലവമായിരുന്നു . ആയിരത്തി നാനൂറ് വർഷങ്ങൾക്കിപ്പുറത്ത് ഇന്നും അത് മനുഷ്യ ജീവിതത്തെയും ചരിത്രത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു . വിശ്വാസം , ചിന്ത, സംസ്കാരം , രാഷ്ട്രീയം , നിയമം, മതം, വ്യക്തി, കുടുംബം സമൂഹം, സാമൂഹിക ബന്ധങ്ങൾ, സാമ്പത്തീക ഘടന, ഭൗമ രാഷ്ട്രീയം എന്ന് വേണ്ട മനുഷ്യ ജീവിതത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ സകല തന്ത്രികളെയും മാറ്റി പണിത വിപുലവും വ്യാപകവും സമഗ്രവുമായ വിപ്ലവമായിരുന്നു അത് . collateral damage തീരെ ഇല്ലാതിരുന്ന വിപ്ലവം . ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് സാധിച്ച, എന്നാൽ ഏറ്റവും ധ്രുത ഗതിയിൽ വ്യാപിച്ച വിപ്ലവം . ഭിന്നിപ്പിച്ചുകൊണ്ട് സാക്ഷാത്കരിച്ച അധികാരാരോഹണമല്ല . ജനതതികളെ വിശ്വാസത്തിന്റെയും മാനവികതയുടെയും ഭൂമികയിൽ ഒന്നിപ്പിച്ചു കൊണ്ട് സാക്ഷാത്കരിച്ച പരിവർത്തനം. ഇസ്‌ലാമിന്ന് മുമ്പും ശേഷവും സ്ഥാപിക്കപ്പെട്ട സാമ്രാജ്യങ്ങൾ മുഴുക്കെയും ലക്ഷക്കണക്കിന്ന് മനുഷ്യരുടെ തലയോട്ടികൾക്കും കബന്ധങ്ങൾക്കും മുകളിലാണ് പണിയപ്പെട്ടത് എങ്കിൽ, ഇസ്‌ലാമിക ഭരണ ക്രമം സ്ഥാസ്‌പിതമായതു തന്നെ വർഗ വർണ വിത്യാസമെന്യേയുള്ള മനുഷ്യ സാഹോദര്യത്തിലും ജീവിക്കാനുള്ള അവകാശത്തിലുമാണ് . ഇലിയഡും ഒഡീസിയും ഷാഹ്നാമയും മഹാഭാരതവും ഐതീഹ്യങ്ങളോ യഥാർത്ഥ ചരിത്ര സംഭവങ്ങളോ , അല്ലെങ്കിൽ ചരിത്രവും ഭാവനയും ചേർത്ത് രൂപപ്പെടുത്തിയതോ ആയ രചനകൾ ആയിരിക്കാം . അവ യഥാർത്ഥ ചരിത്ര സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി വിരചിതമായതാണെങ്കിൽ അവയിൽ പരാമർശിച്ചിരിക്കുന്ന യുദ്ധകഥകൾ ഭയാനകമാണ്. അവ സാങ്കൽപ്പികമാണെങ്കിൽ, അവ അതിലേറെ കൂടുതൽ ഭീകരവും ഭീഭത്സവുമാണ് . എന്തെന്നാൽ, അവർ സ്വപ്നം കണ്ടതും ആസ്വദിച്ചതും ഭീകരയുദ്ധങ്ങളായിരുന്നു എന്നാണ് അതിന്റെ അർഥം . അതിലുപരിയായി, സാഹിത്യരചനയിൽ, ഫിക്ഷൻ യാഥാർത്ഥ്യത്തേക്കാൾ അപരിചിതമായിരിക്കില്ല, എന്നാൽ യാഥാർത്ഥ്യം ഫിക്ഷനേക്കാൾ വിചിത്രവും ഭയാനകവുമായിരിക്കും .

ഇസ്ലാമിക സംസ്കാരത്തിൽ ഇത്തരത്തിലുള്ള യുദ്ധകഥകളൊന്നും വിരചിതമായതായി കാണുന്നില്ല. യുദ്ധവും, ശത്രുതയും, പകയും പ്രതികാരവും ശത്രുവിന്റെ രക്തവും തലയോട്ടിയും വിവരിക്കുന്ന നിരവധി കവിതകൾ പ്രവാചകത്വത്തിന് മുമ്പ് അറബി സാഹിത്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ഇസ്‌ലാമിന്റെയോ ഇസ്‌ലാമിക സംസ്‌കാരത്തിന്റെയോ ചരിത്രത്തിലില്ല. ഈ വസ്തുത ഇസ്‌ലാമിക സംസ്കൃതിയുടെ വ്യതിരിക്തത വ്യക്തമാക്കുന്നു . മറ്റൊരു കോണിൽ നിന്ന് കൂടി ഇതേ വ്യതിരിക്തതയെ നോക്കി കാണാം . ഇസ്‌ലാമിക ഖിലാഫത്തും സംസ്കാരവും അതിന്റെ ഉച്ചസ്ഥായിയിലായിരിക്കെ , അത് ഗ്രീക്ക് പേർഷ്യൻ ഇന്ത്യൻ വിജ്ഞാനീയങ്ങളിൽ നിന്ന് പലതും ഉൾക്കൊണ്ടിരുന്നു . നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷയിലേക്ക് ഗ്രീക്ക് ഭാഷയിൽ നിന്നും വിവർത്തനം ചെയ്തിരുന്നു . ഇമാം ഗസ്സാലിക്കും ഇബ്നു റുഷ്ദിന്നും ഇടയിൽ പ്ലാറ്റോണിസത്തെയും അരിസ്റ്റോട്ടിലിന്റെ ചിന്തകളെയും അടിസ്ഥാനമാക്കി നടന്ന ഖണ്ഡന മണ്ഡനങ്ങൾ വിശ്രുതമാണ്‌. ഭാരതീയമായ പഞ്ചതന്ത്ര കഥകൾ അറബിയിൽ കലീല വ ദിംനയായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ആയിരത്തൊന്ന് രാവുകൾ വിരചിതമായത് ആ ഘട്ടത്തിലാണ്. പക്ഷെ , അപ്പോഴും ഗ്രീക്ക് പേർഷ്യൻ ഇന്ത്യൻ ഭാഷകളിലെ യുദ്ധകഥകളിൽ അവർ ഒരു താല്പര്യവും കാണിച്ചതായി കാണുവാൻ സാധിക്കുന്നില്ല. ഇത് ഒരു ഉദാത്ത സംസ്കാരത്തിന്റെ സുന്ദര മുഖത്തെ പ്രതിഫലിപ്പിക്കുന്ന ചരിത്രം ബാക്കിയാക്കിയ ദർപ്പണമാണ്.

ആർദ്രതയുടെയും കാരുണ്യത്തിന്റെയും മഹാസാഗര തീരത്ത് നിന്ന് സാഹോദര്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കുന്ന ഇസ്‌ലാം അതിന്റെ പേരിലും ആശയത്തിലും ഉള്ളടക്കത്തിലും സമാധാനത്തിന്റെ മതമായി മാറിയത് യാദൃശ്ചികമല്ല. ഇസ്‌ലാമിലെ അഭിവാദന വാക്ക് സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയാണ് . വിശിഷ്ടാനുഷ്ഠാനമായ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരവും അതിനെ തുടർന്നുള്ള ഇതര ഐച്ഛികമായ നമസ്കാരങ്ങളും സമാപിക്കുന്നത് ലോകത്തിന്ന് മുഴുവൻ സമാധാനം ആശംസിച്ചു കൊണ്ടാണ് .വിശിഷ്ടാനുഷ്ഠാനമായ അഞ്ച് നേരത്തെ നമസ്കാര ശേഷം ഇസ്ലാം അനുയായികളെ പഠിപ്പിക്കുന്ന ആദ്യത്തെ പ്രാർത്ഥന തന്നെ : “ദൈവമേ, നീയാണ് സമാധാനം, നിന്നിൽ നിന്നാണ് സമാധാനം, നിന്നിലേക്ക് മടങ്ങുന്നതിലൂടെയാണ് സമാധാനം , ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സമാധാനത്തോട് കൂടി ജീവിപ്പിക്കണമേ , നീ നിന്റെ കാരുണ്യം കൊണ്ട് ഞങ്ങളെ സമാധാനത്തിന്റെ ഗേഹത്തിൽ പ്രവേശിപ്പിക്കണമേ ” എന്നാണ് . ഇതിന്റെയൊക്കെ രത്നച്ചുരുക്കമെന്നു പറയുന്നത് സമാധാനം എന്ന് പറയുന്നത് യഥാർത്ഥ മുസ്ലിംകളുടെ ജീവ വായു ആണെന്നും അവർ ഉച്ഛസിക്കുന്നത്പോലും പോലും സമാധാനത്തെയാണെന്നും അവരോളം ആന്തരീകവും ബാഹ്യവുമായ സമാധാനം അനുഭവിക്കുന്നവർ മറ്റേതെങ്കിലും വിശ്വാസ സമൂഹത്തിൽ പോലും ഉണ്ടാകില്ലെന്നും, മുസ്ലിംകൾ ജീവിക്കുന്നതും മരിക്കുന്നതും ഈ സമാധാനം അനുഭവിച്ചുകൊണ്ടാണെന്നും കൂടിയാണ് . ക്ഷമയുടെയും സഹനത്തിന്റെയും സഹിഷ്ണുതയുടെയും ആത്മസംയമനത്തിന്റെയും അവസാന നിമിഷങ്ങളിൽ , നാല്‌ ഭാഗത്തുനിന്നും ആക്രമിക്കുവാൻ കോപ്പു കൂട്ടുന്ന ശത്രുക്കൾക്കെതിരെ ആത്മ രക്ഷക്കും നവജാത രാഷ്ട്രത്തിന്റെ സുരക്ഷക്കും വേണ്ടി കണിശമായ ഉപാധികളോടെ പ്രതിരോധാത്മകമായി ആയുധമെടുക്കാൻ ജീവിതത്തെ അതിന്റെ സാകല്യത്തിൽ നോക്കിക്കാണുന്ന ഇസ്‌ലാമിന്ന് അതിന്റെ അനുയായികളെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടിവന്ന സാഹചര്യം ആർക്കും മനസ്സിലാക്കുവാൻ സാധിക്കുന്നതേയുള്ളൂ . അങ്ങനെ ആത്മ പ്രതിരോധത്തിന്ന് വേണ്ടി യുദ്ധം ചെയ്യേണ്ടി വരുമ്പോൾ പോലും ഏതൊരു മുസ്ലിമും അനുഭവിക്കുന്ന ആന്തരീക സമാധാനം വിവരണാതീതമാണ് . (തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles