Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെയും ഭീകരതയെയും കൂട്ടിച്ചേർത്തുള്ള സമാവാക്യ നി‌ർമ്മിതി

ഇസ്ലാമിക ഭീകരത എന്ന ഭാഷാ പ്രയോഗത്തിന്ന് വ്യാപക പ്രചാരണം ലഭിച്ചിട്ട് 25 വർഷം പോലും തികഞ്ഞിട്ടില്ല. ഈ മില്ലേനിയം തുടങ്ങുന്നതിന്റെ 10 വർഷങ്ങൾക്ക് മുമ്പ് മാത്രം ഈ പദം ഉപയോഗിച്ചു തുടങ്ങിയതിന്ന് കൃത്യമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. സോവിയറ്റ് അധിനിവേശകാലത്തെ അഫ്‌ഗാൻ പോരാളികളെപോലും അഫ്‌ഗാൻ മുജാഹിദീങ്ങൾ എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിളിച്ചിരുന്നത്. സോവിയറ്റ് സാമ്രജ്യത്വത്തിന്റെ തകർച്ചക്ക് ശേഷം മാത്രമാണ് ഇതേ മുജാഹിദീങ്ങളെ പാശ്ചാത്യ മാധ്യമങ്ങൾ ഭീകരർ എന്ന് വിളിച്ചു തുടങ്ങിയത്. ഇതിന്ന് ഒരു കാരണം ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനും കമ്മ്യൂണിസത്തിന്റെ തിരോഭാവത്തിന്നും ശേഷം നിയോ ലിബറലിസ്റ്റു മുതലാളിത്തത്തിന് അനുകൂലമായി പ്രത്യയ ശാസ്ത്ര തലത്തിലെ ചരിത്രം അവസാനിക്കുന്നതിനു മുമ്പ് അവർ ഭീഷണിയായി കണ്ടത് ഇസ്‌ലാമിനെയായിരുന്നു. പല തരത്തിലുള്ള കുതന്ത്രങ്ങൾ നിരന്തരമായി പരീക്ഷിക്കുന്നുണ്ടെങ്കിലും, ഇസ്ലാമിനെ എങ്ങനെ നേരിടുമെന്നത് മധ്യ കാല നൂറ്റാണ്ടുകളിലെന്നപോലെ ഇപ്പോഴും പാശ്ചാത്യർക്ക് കൃത്യമായ ഉത്തരമില്ലാത്ത പ്രശ്നമാണ്. വിശുദ്ധ ഖുർആനാകട്ടെ ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിനോട് ശത്രുത പുലർത്തുന്നവർ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെ കുറിച്ച് വ്യത്യസ്ത മാനങ്ങളുള്ള ഭിന്ന പദാവലികളിലൂടെ ഉണർത്തുന്നുണ്ട് . അതിൽ തന്നെ മുസ്ലിം വേഷത്തിൽ ജീവിക്കുന്ന കപടൻമാരുടെ പങ്കിനെയും ഖുർആൻ പറയുന്നുണ്ട്. ചില ഉദാഹരണങ്ങൾ കാണുക :

“തങ്ങളുടെ ചെയ്തികൾ ജനങ്ങളിൽ നിന്നും ഒളിച്ചുവെക്കുവാൻ അവർക്ക് കഴിയുന്നു . എന്നാൽ അല്ലാഹുവിൽ നിന്നും ഒളിച്ചു വെക്കാൻ അവർക്ക് കഴിയില്ല . അവനോ അവർ പറയാൻ പോലും കൊള്ളാത്തഗൂഢാലോചനകൾ നിശാവേളകളിൽ ഇരുട്ടിന്റെ മറയിൽ നടത്തുമ്പോഴും അവരുടെ കൂടെയുണ്ട് ” (4:108)

“അവരുടെ രഹസ്യ കൂടിയാലോചനകളിൽ ഏറിയകൂറും നന്മയേതുമില്ലാത്തതാകുന്നു ” (4:114)

“ഗൂഢാലോചനയിൽ ഏർപ്പെടുന്നത് നിരോധിക്കപ്പെട്ട ജനത്തെ നീ കണ്ടില്ലേ ? പിന്നെയും അവർ ആ നിരോധിക്കപ്പെട്ടത് തന്നെ ചെയ്തുകൊണ്ടിരിക്കുന്നു . അവർ കുറ്റകരവും അതിക്രമോൽസുകവും ദൈവദൂതന്നെതിരുമായ കാര്യങ്ങളിൽ ഗൂഢാലോചനയിൽ ഏർപ്പെടുന്നു ” (58:8)

“നീ ക്ഷമയോടെ പ്രവർത്തിച്ചുകൊള്ളേണം . നിന്റെ ഈ സഹന ശീലം അല്ലാഹുവിന്റെ ഉതവിയാൽ മാത്രം ലഭിച്ചതാകുന്നു . അവരുടെ നീക്കങ്ങളെചൊല്ലി വിഷമിക്കാതിരിക്കുക. അവരുടെ കുതന്ത്രങ്ങളോർത്തു മനക്ലേശവും ഉണ്ടാവരുത് ” (16:127; 27:70)

“ഈ നിഷേധികൾ പല കുതന്ത്രങ്ങളും പയറ്റുന്നുണ്ട് ” (86:15)

നിങ്ങൾ ക്ഷമയോടെയും ആവശ്യമായ ജാഗ്രതയോടെയും പ്രവർത്തിക്കുകയാണെങ്കിൽ അവരുടെ കുതന്ത്രങ്ങളൊന്നും നിങ്ങൾക്ക് ഏശില്ല ” (3:120).

രാഷ്ട്രീയമായും സാങ്കേതികമായും ഏറെ ദുർബലപ്പെടുകയും ഖിലാഫത്ത് വ്യവസ്ഥ നിർത്തലാക്കപ്പെട്ടതിൽ പിന്നെ ചിദ്രതയും ഭിന്നിപ്പും ഏറെ വർധിച്ചു അധപതനത്തിന്റെ ഗതിവേഗം കൂടുകയും ചെയ്‌തെങ്കിലും, സാമ്രാജ്യത്വ ശക്തികളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പാശ്ചാത്യരായ സത്യാന്വേഷികൾ പോലും സ്വയം തന്നെ പ്രകാശിക്കുന്ന ഇസ്‌ലാം വ്യാപകമായി സ്വീകരിക്കുന്ന സാഹചര്യം ഉണ്ടായി. പുറമെ, ഇസ്‌ലാമിക രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിന്ന് വേണ്ടി സമാധാനപൂർവം പ്രവർത്തിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങൾ മുസ്ലിം രാജ്യങ്ങളിലുടനീളം ശക്തിപ്പെടുന്നതായും നിരീക്ഷിക്കപ്പെട്ടു. ഇതിനെല്ലാം പുറമെ ഇസ്‌ലാമിനോട് നിതാന്ത ശത്രുത പുലർത്തുന്ന പാശ്ചാത്യ ശക്തികൾ താഴെ പറയുന്ന മറ്റു ചില കാര്യങ്ങൾ കൂടി കണക്കിലെടുത്തു.

1. 5000 വർഷത്തെ രേഖപ്പെടുത്തപ്പെട്ട മനുഷ്യന്റെ നാഗരിക ചരിത്രത്തിൽ ആയിരത്തി ഒരുനൂറിലേറെ വർഷ കാലം ലോകത്തെ നിയന്ത്രിക്കുകയും 1300 വർഷകാലം നീണ്ടുനിൽക്കുകയും ചെയ്ത മത സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതിയാണ് ഇസ്‌ലാം. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതിയും ഇസ്‌ലാമിന്റേത് തന്നെയാണ് .

2. വളരെ തന്ത്ര പ്രധാനവും ചരിത്ര പ്രധാനവും ഊർജ പ്രധാനവുമായ പ്രദേശങ്ങൾ മുസ്ലിംകളുടെ കൈവശമാണ് ഉള്ളത് .

3. ആഗോള സാന്നിധ്യമുള്ള ലോകത്തെ ഏറ്റവും വലിയ വിശ്വാസി സമൂഹം മുസ്ലിംകളാണ്.

4. ഭൂമിശാസ്ത്രപരമായ അതിർ വരമ്പുകൾക്കും ഭാഷാപരവും വംശീയവുമായ വേർതിരിവുകൾക്കുമെല്ലാം അപ്പുറത്ത് മുസ്ലിം ജനസാമാന്യത്തെ ഏകീകരിക്കുന്ന സാഹോദര്യത്തിലധിഷ്ഠിതമായ ശക്‌തവും അജയ്യവും പ്രായോഗികവും വികസനാത്മകവുമായ ഒരു പ്രത്യയ ശാസ്ത്രം അവർക്കുണ്ട്.

5. പൊതുവായ മതവും ചരിത്രവും ഭാഷയും വംശീയതയും സംസ്കാരവും പങ്ക് വെക്കുന്ന ജനതയുള്ള വിശാലമായൊരു ഭൂപ്രദേശം മുസ്ലിംകളുടെ കൈവശം ഉണ്ട് .

6. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ജീവനുൾപ്പടെ എന്തും ത്യജിക്കാൻ തയ്യാറുള്ള ധീര ജനതയാണ് മുസ്ലിംകൾ .

കോളനിയാനന്തര ലോകത്ത് ഇങ്ങനെയൊരു ജനവിഭാഗം ഏകീകരിക്കപ്പെടുന്ന സാഹചര്യം തങ്ങളുടെ താൽപര്യങ്ങൾക്കു തടസ്സമായിരിക്കുമെന്നും , അത് ഇസ്‌ലാമിക ശക്തിയുടെ തിരിച്ചുവരവിന് കാരണമാകുമെന്നും ഭയപ്പെട്ട ഭിന്നിപ്പിച്ചു ഭരിക്കലിന്റെ അപ്പോസ്തലരായ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾ, മുസ്ലിംകൾ ഒരിക്കലും ഒന്നാകുന്നതും വളരുന്നതും അനുവദിച്ചുകൂടെന്ന് തീരുമാനിച്ചതിന്റെ ഫലം കൂടിയായിട്ടാണ് മുസ്ലിം പ്രദേശങ്ങളെ കൊച്ചു കൊച്ചു രാജ്യങ്ങളായി വിഭജിച്ചത് . ഭൂമിശാസ്ത്രവും ഭൂ പ്രകൃതിയും അത്തരം വിഭജനങ്ങളെ സാധൂകരിച്ചിരുന്നില്ല. രാഷ്ട്ര രൂപീകരണത്തിന്റെ അടിസ്ഥാനമായി കണക്കാക്കിയിരുന്ന ഭാഷ, വംശം, മതം, സംസ്കാരം, പൊതുവായ ചരിത്രം, പൈതൃകം എന്നിവയെല്ലാം ഒന്നായ ഒരു ജനവിഭാഗത്തെയാണ് ഒരു അടിസ്ഥാനവുമില്ലാതെ വിഭജിച്ചു, അവിടങ്ങളിലൊക്കെ പടിഞ്ഞാറിനെ ആശ്രയിച്ചു നിലകൊള്ളുന്ന ഏകാധിപതികളെയും സ്വേച്ഛാധിപതികളെയും പ്രതിഷ്ഠിച്ചത്. പിന്നെ ആ രാജ്യങ്ങളിലൊക്കെയും , ജന സമൂഹത്തെ അടിച്ചമർത്തുന്നതിന്ന് ഏതറ്റംവരെയും പോകുവാൻ മടിക്കാത്ത അതി ക്രൂരരും നിഷ്ടൂരരുമായ പാശ്ചാത്യവൽകൃത പട്ടാളത്തെ പരിശീലനം നൽകി രൂപപ്പെടുത്തി, രാഷ്ട്രീയമായ മാറ്റം ഒരിക്കലും സംഭവിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുൻ കരുതൽ നടപടിയും സ്വീകരിച്ചു. ഇത് ഈ രാജ്യങ്ങളിൽ ആഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിപ്പിക്കുകയും, അവരുടെ വിഭവങ്ങൾ നഷ്ടപ്പെടുവാൻ കാരണമായിത്തീരുകയും, സ്വേച്ഛാധിപത്യ വ്യവസ്ഥിതിയോടു വിയോജിക്കുന്ന ബുദ്ധിജീവികള്‍ തൂക്കിലേറ്റപ്പെടുകയും തുറുങ്കിലടക്കപ്പെടുകയും ചെയ്യുകയും , സർവ തലങ്ങളിലുമുള്ള പുരോഗതിയെ മുരടിപ്പിക്കുകയും പാശ്ചാത്യ രാജ്യങ്ങൾക്ക് യഥേഷ്ടം ചൂഷണം ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു .

ജനായത്തത്തിന്ന് വേണ്ടി ഒന്ന് ശ്വാസം വിടുവാൻ പോലും സാധിക്കാത്തതും, ചിന്താ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ രാഷ്ട്രീയ സാമൂഹ്യാവസ്ഥ ഈ രാജ്യങ്ങളിൽ രൂപപ്പെട്ടത് അങ്ങനെയാണ് . ജനകീയ വിപ്ലവത്തെ തുടർന്ന് ഈജിപ്തിൽ രൂപം കൊണ്ട ജനായത്ത ഭരണകൂടത്തെ അവിടുത്തെ തന്നെ പട്ടാളത്തെ ഉപയോഗപ്പെടുത്തി പാശ്ചാത്യ രാജ്യങ്ങളുടെ പൂർണ പിന്തുണയോടെ പതിനായിരങ്ങളെ കൊന്നും തടവിലിട്ടും ഒരു വർഷത്തിനുള്ളിൽ അട്ടിമറിച്ചത് തെളിയിച്ചതും ഇതേ വസ്തുത തന്നെയാണ് .! ഇതിനെല്ലാം പുറമെ , സാമ്പത്തീകവും സൈനികവും രാഷ്ട്രീയവും നയതന്ത്രപരവുമായ പൂർണ പിന്തുണ നൽകിക്കൊണ്ട് ആ രാജ്യങ്ങൾക്കിടയിൽ അവർക്ക് നിത്യ ഭീഷണി സൃഷ്ടിക്കുന്ന രൂപത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെയും സ്ഥാപിച്ചു . ഇസ്‌ലാമിനെയും മുസ്ലിംകളെയും ഇകഴ്ത്തിക്കാണിക്കുവാനും അവർക്കിടയിൽ കൂടുതൽ കൂടുതൽ ആഭ്യന്തര സംഘർഷം സൃഷ്ടിക്കുവാനും അവർ ഇതേ ദൂഷിതവലയാവസ്ഥയെ ഉപയോഗപ്പെടുത്തി.

എന്നിട്ടും അമേരിക്കയിലും യൂറോപ്പിലുമുൾപ്പടെ ലോകത്തിന്റെ ഭിന്ന ഭാഗങ്ങളിൽ ജീവിക്കുന്ന സത്യാന്വേഷികളായ ജനവിഭാഗങ്ങളിൽ ഇസ്ലാം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യം നിലനിന്നപ്പോൾ , ചരിത്രത്തിന്റെ പൂർണ വെളിച്ചത്തിലുള്ള മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെ പല രൂപേണ നിരന്തരം തേജോ വധം ചെയ്ത് ജനങ്ങളിൽ അദ്ദേഹത്തിന്റെ അന്ത്യ പ്രവാചകത്വ വാദത്തിൽ സന്ദേഹവും സംശയവും ഉണ്ടാക്കുവാനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് പുറമെ, ഇസ്‌ലാമിനോടും മുസ്ലിം ജനവിഭാഗത്തോടും കടുത്ത വെറുപ്പും വിദ്വേഷവും ഉണ്ടാക്കുകയും അവരെ കുറിച്ച് ഭയ-ഭീതി ജനിപ്പിക്കുകയും ചെയ്യുന്ന ഉപജാപ പ്രവർത്തനങ്ങളും ഭീകര വൃത്തികളും വ്യാപകമായി നടപ്പാക്കുകയും അപസർപ്പക കഥകൾ പ്രചരിപ്പിക്കുകയും ചെയ്തു . അങ്ങനെയാണ് ഇസ്‌ലാമിനെയും ഭീകരതയെയും കൂട്ടിച്ചേർത്തുള്ള സമാവാക്യ സൃഷ്ടിക്ക് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തിയതും അത് നടപ്പിൽ വരുത്തുന്നതിന്ന് അറബി ഭാഷയിലെ വ്യത്യസ്ത പദാവലികളിലുള്ള ഭീകര സംഘടനകൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായതും. ഒരു പുതിയ ഭീകര സംഘടന പുതിയ അറബി പേരോടു കൂടി പ്രത്യക്ഷപ്പെടുമ്പോൾ, പഴയതിന്ന് കർട്ടൻ വീഴുകയായി. (തുടരും)

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles