Current Date

Search
Close this search box.
Search
Close this search box.

വംശീയ ഉന്മൂലനം, കൂട്ടക്കുരുതികൾ..

12, 13 നൂറ്റാണ്ടുകളിൽ യൂറോപ്പ് നടത്തിയ രക്ത രൂക്ഷിതമായ കുരിശ് യുദ്ധങ്ങൾ സ്വയം തന്നെ സ്റ്റേറ്റും പാപ്പസിയും ഒത്തുചേർന്ന് നടത്തിയ ഭീകര പ്രവർത്തനങ്ങൾ കൂടിയായിരുന്നു. പിന്നെ മധ്യ കാല നൂറ്റാണ്ടുകളിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ നടന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ സ്‌റ്റേറ്റും സ്റ്റേറ്റിന് ബാഹ്യമായ ശക്തികളും ഏറെ ഭീകരമായ പ്രവർത്തികൾ നടത്തിയിരുന്നു. സ്പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും മുസ്ലിം ജന വിഭാഗങ്ങളെ ഉന്മൂലനം ചെയ്തത് പാപ്പസിയും സ്‌റ്റേറ്റും ചേർന്ന് നടത്തിയ അതിഭീകരങ്ങളായ പ്രവൃത്തികളിലൂടെയായിരുന്നു. സ്പാനിഷ് ഇൻക്വിസിറ്റോറിയൽ കോടതികൾ സ്വയം തന്നെ ഭീകരതക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒരു സ്റ്റേറ്റ് ഇന്സ്ടിട്യൂഷൻ ആയിരുന്നു. ഇതിനെല്ലാം പുറമെ, പാശ്ചാത്യൻ കൊളോണിയൽ ശക്തികൾ 15 ആം നൂറ്റാണ്ടിൽ തുടങ്ങി നാല് ശദാബ്ദ കാലത്തോളം ഏഷ്യൻ ആഫ്രിക്കൻ അമേരിക്കൻ ഓസ്‌ട്രേലിയൻ ഭൂഖണ്ഡങ്ങളിൽ അധിനിവേശം നടത്തിയത് ദശ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നും വംശ ഹത്യ നടത്തിയുമായിരുന്നു. ഈ കാലഘട്ടത്തിൽ, യൂറോപ്യൻ കൊളോണിയൽ ശക്തികൾ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് പോലുള്ള ഇസ്‌ലാമിന്റെ സാന്നിധ്യം തീരെ ഇല്ലാതിരുന്ന രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും അടിസ്ഥാന ജനതയെ ഏറെക്കുറെ പൂർണമായും ഇല്ലായ്‌മ ചെയ്തു യൂറോപ്യനൈസ് ചെയ്യുകയായിരുന്നു.! മഓരി കളുടെ പഴയ Aotearoa ദേശത്തിന്ന് ‘പുത്തനാവേശത്തിന്റെ നാട്’ (New Zeal – Land ) എന്ന് യൂറോപ്യൻ അധിനിവേശ ശക്തികൾ പുനർ നാമകരണം ചെയ്തതിന്റെ പശ്ചാത്തലം വംശീയ ഉന്മൂലനമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉണ്ടായ റഷ്യൻ നിഹിലിസ്റ്റുകൾ സ്റ്റേറ്റിന്ന് ബാഹ്യമായ ഭീകര പ്രവർത്തകരെയാണ് പ്രതിനിധാനം ചെയ്യുന്നത് എങ്കിൽ, ജർമനിയിലെ ഹിറ്റ്ലരും , ഇറ്റാലിയിലെ മുസ്സൊളിനിയും , സ്പെയിനിലെ ഫ്രാങ്കൊയും സോവിയറ്റ് യൂനിയനിലെ സ്റ്റാലിനും ചൈനയിലെ മാഓ യും കംബോഡിയയിലെ പോൾപോട്ടും അമെരിക്കയിലെ ജൊര്‍ജ് ദബ്ല്യു ബുഷും ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിഒന്നാം നൂറ്റാണ്ടിലെയും ഭീകര ഭരണാധികാരികളെ പ്രതിനിധീകരിക്കുന്നു. അധികാരം അരക്കിട്ടു ഉറപ്പിക്കുന്നതിനും അതിൽ കടിച്ചു തൂങ്ങി നിൽക്കുന്നതിനും ദശലക്ഷങ്ങളെയായിരുന്നു ഈ ഭരണാധികാരികൾ കൊന്നു തള്ളിയത്.

zealotry എന്ന പദം തന്നെ ആദ്യമായി ഉപയോഗിക്കപ്പെട്ടത് ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിലിനെതിരിലുള്ള സ്റ്റേറ്റിന് ബാഹ്യമായ ജൂത ഭീകരവാദത്തെ കുറിക്കുവാനാണ്. പലസ്തീനിൽ ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് അതി ഭീകരമായ പ്രവൃത്തികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിയ അർദ്ധ സൈനിക ഭീകര സംഘടനകൾ ആയിരുന്നു ഹഗാനയും ലൊഹാമേയ് ഹെറൂതും ഇർഗുൺ സ് വൈ leumi യും. ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നത് തന്നെ ഭീകര പ്രവർത്തനത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചു കൊണ്ടായിരുന്നു. കച്, കഹാനെ, sicarii തുടങ്ങിയ ജൂത സംഘടനകളെ സിയോണിസ്റ്റു ഭരണം കൂടം പോലും ഭീകരവാദ സംഘടനകൾ ആയി പ്രഖ്യാപിച്ചു നിരോധിച്ചവയാണ് . 1994 ൽ ഹെബ്രോണിലെ പള്ളിയിൽ കയറി നമസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു 29 മുസ്ലിംകളെ വെടിവെച്ചു കൊല്ലുകയും 100 ലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ബറൂച് ഗോൾഡ്‌സ്റ്റെയ്ൻ kach ഭീകര സംഘടനയുടെ പ്രവർത്തകനായിരുന്നു. ഒരു മതമെന്ന നിലയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ കൊല്ലുകയും, മതപരമായ വിശ്വാസ വൈജാത്യത്തിന്റെ പേരിൽ വംശീയ ഉന്മൂലനം നടത്തുകയും, സമ സൃഷ്ടികളോട് ക്രൂരതകാണിക്കുകയും ചെയ്തത് സ്നേഹം പ്രഘോഷിക്കുന്ന കൃസ്ത്യാനിറ്റിയായിരിക്കും. നേരത്തെ പറഞ്ഞ അമേരിക്ക, ആസ്‌ട്രേലിയ ന്യൂസിലാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ അരങ്ങേറിയ വംശീയ ഉന്മൂലനങ്ങളിൽ യൂറോപ്പിലുണ്ടായിരുന്ന ക്ര്യസ്ത്യൻ പൗരോഹിത്യത്തിന്റെ പങ്ക് സുവിദിതമാണ്. കൊളോണിയൽ ശക്തികൾ അവർ അധിനിവേശം നടത്തിയ രാജ്യങ്ങളിലേക്ക് സൈന്യത്തോടൊപ്പം കൃസ്ത്യൻ മിഷനറിമാരെയും അയച്ചിരുന്നു . കുരിശ് യുദ്ധത്തിൽ ആ പേര് കുറിക്കുന്നത് പോലെ തന്നെ കൃസ്ത്യൻ മതത്തിനും പൗരോഹിത്യത്തിനും ഉണ്ടായിരുന്ന പങ്ക് സുവിദിതമാണ്.

1605 ലെ ഗൺ പൌഡർ പ്ലോട്ട് അടിസ്ഥാനപരമായി പ്രൊട്ടസ്റ്റന്റ് രാജാവായിരുന്ന ജെയിംസ് 1 നെ വധിക്കാനും വെസ്റ്റ് മിനിസ്റ്റർ പാലസ് തകർക്കാനും ഇംഗ്ലണ്ടിലെ കത്തോലിക് വിഭാഗം നടത്തിയ ഭീകരാക്രമണമായിരുന്നു. ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടെയും നേതൃത്വത്തിൽ നടന്ന കൂട്ടക്കുരുതിക്കും അതാത് രാജ്യങ്ങളിലുണ്ടായിരുന്ന കൃസ്ത്യൻ മത വിഭാഗങ്ങൾക്ക് പങ്ക് ഉണ്ടായിരുന്നു. ഉഗാണ്ട, ദക്ഷിണ സുഡാൻ , കോംഗോ , മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന Lord’s Resistance Army (LRA ) ഒരു കൃസ്ത്യൻ ഭീകര സംഘടനയാണ്. അമേരിക്കയിൽ അറ്റ്ലാന്റയിലും ഒക്‌ലോഹമായിലും ഭീകരാക്രമണം നടത്തുകയും നിരവധി അബോർഷൻ അനുകൂല ഭിഷഗ്വരരെ വധിക്കുകയും ചെയ്ത ആർമി ഓഫ് God ഉം church ഓഫ് God ഉം എല്ലാം അമേരിക്ക തന്നെ ഭീകര സംഘാടനകളായി പ്രഖ്യാപിച്ചവയാണ് . അഹിംസ പ്രഘോഷിക്കുന്ന ബുദ്ധ മാതാനുയായികളുടെ ഭീകരതക്കുള്ള ഏറ്റവും അടുത്ത കാലത്തെ ഉദാഹരണമാണ് ശ്രീലങ്കയിലെ സിംഹള ഭീകരർ തമിഴ് വംശജരെയും മ്യാൻമറിലെ ബുദ്ധിസ്റ്റുകൾ മുസ്ലിംകളെയും വംശീയമായി ഉന്മൂലനം ചെയ്യാൻ ഭരണകൂട പിന്തുണയോടെ നടത്തിയ കൂട്ടക്കുരുതികൾ .

തായ്‌ലൻഡിൽ എഴുപതുകളിൽ കമ്മ്യൂണിസ്റ്റുകാരെ കൊന്നുകൊണ്ടായിരുന്നു ബുദ്ധിസ്റ്റുകൾ ഭീകരത നടപ്പാക്കിയത് എങ്കിൽ ഇരുപത്തൊന്നാം നൂററാണ്ടിന്റെ ആദ്യ ദശകത്തിൽ അത് തായ്ലൻഡിന്റെ തെക്കു ഭാഗത്തെ മലായ് മുസ്ലിം ജനവിഭാഗത്തിന്നെതിരെയുള്ള അക്രമണത്തിലൂടെയായിരുന്നു. നോർവേയിൽ 2011 ജൂലൈ 22 ന്ന് നടന്ന രണ്ട് ഭീകരാക്രമണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചത് സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വലതു പക്ഷ ക്രിസ്ത്യൻ വൈറ്റ് സൂപ്പർമാസിസ്റ്റു ഭീകര സംഘടനകളായിരുന്നു . ഇന്ത്യയിലെ ഭരണ കൂട പിന്തുണയോടെയുള്ള ഹിന്ദുത്വ ഭീകരത ഇന്ത്യാ രാജ്യത്തെ തന്നെ അസ്ഥിരപ്പെടുത്തുന്ന അവസ്ഥയോളം വളർന്നിരിക്കുന്നു.

ആധുനിക ലോകത്ത് ഭിന്ന മത രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നും ജന്മം കൊണ്ട ഭീകരവാദം അതിന്റെ ദ്രംഷ്ടങ്ങൾ ഏതെണ്ടെല്ലാ ഭൂഖണ്ഡങ്ങളിലും പടർത്തിയിരിക്കുന്നുവെന്നതാണ് വസ്തുത. ലോകത്തെ എല്ലാ പ്രബല രാജ്യങ്ങളിലെയും നികുതിപ്പണം ഉപയോഗിച്ചു സംവിധാനിക്കപ്പെട്ടതും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഒട്ടു മിക്ക ചാര സംഘടനകളുടെയും ലക്ഷ്യങ്ങളിലും പ്രവർത്തനങ്ങളിലും മുഖ്യമായത് തന്നെ അവരവർ ബദ്ധ ശത്രുവായി കരുതുന്ന രാജ്യങ്ങളിൽ ഗൂഢമായ ഭീകര പ്രവർത്തനങ്ങൾ നടത്തി അതിനെ അസ്ഥിരപെടുത്തുക എന്നതാണ്‌ . അതിന്ന് അവർ ശത്രു രാജ്യങ്ങളിൽ ആവശ്യമായ സംവിധാനങ്ങളും സംഘടനകളും രൂപപ്പെടുത്തുന്നു. ബ്രിട്ടന്റെ ഭാഗമായ അയർലണ്ടിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന IRA, സ്വതന്ത്ര ബസ്കാക്ക് വേണ്ടി നിലകൊളകുന്ന സ്പെയിനിലെ ഇ ടി എ , സ്പെയിനിലെ തന്നെ കാറ്റലോൺ പ്രദേശത്തിന്റെ വിമോചനത്തിന് നിലകൊള്ളുന്ന കാറ്റലോൺ ലിബറേഷൻ ഫ്രന്റ് , സ്കാൻഡിനേവിയൻ രാജ്യങ്ങളിലെയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലെയും വലതു പക്ഷ കൃസ്ത്യൻ തീവ്രവാദ ഭീകരവാദ ഗ്രൂപ്പുകൾ, നേപ്പാളിലെയും വടക്കു കിഴക്കൻ ഇന്ത്യയിലേയും മാവോയിസ്റ്റ് ഗ്രൂപ്പുകൾ, ഇന്ത്യയിലെ വിവിധ പേരുകളിലുള്ള സംഘ് പരിവാർ സംഘടനകൾ, ശ്രീലങ്കയിലെ LTTE, ജപ്പാനിലെ റെഡ് ആർമി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രമാണ് .

ആധുനിക ഭീകരവാദത്തിന്റെ വേരുകൾ കിടക്കുന്നതു തന്നെ കൊളോണിയൽ യുദ്ധം തുറന്നു കാണിച്ച ബ്രിട്ടന്റെ സൈനിക അപര്യാപ്തതയെ ഫീനിയൻസ് മുതലെടുക്കാൻ കാണിച്ച ധൈര്യത്തിലാണ്‌ . 1708 ലെ വോൾഫ് tone റെബെല്ലിയൻ ബ്രിട്ടീഷ് സാമ്രാജ്യത്വം അഭിമുഖീകരിച്ച പ്രതിസന്ധികളും പ്രയാസങ്ങളും ഐറിഷ് അവസരങ്ങളാക്കി മാറ്റുവാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു . ആധുനിക ഭീകര വാദ പ്രവർത്തനങ്ങൾക്കുള്ള വിദേശ സഹായം ആരംഭിക്കുന്നത് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഫീനിയൻ ഭീകരവാദത്തിന് അമേരിക്കൻ ഭരണകൂടം നൽകിയ തുറന്ന പിന്തുണയോടെയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ രോഷം ആളിക്കത്തിക്കുവാൻ , അമേരിക്കയിൽ ഫണ്ട് റൈസിംഗിന് അനുമതി നൽകുക മാത്രമല്ല യു എസ് ഭരണകൂടം ചെയ്തിരുന്നത് . മറിച്ചു , ബ്രിട്ടീഷ് ഷിപ്പിങിന്ന് പ്രയാസങ്ങൾ സ്രുഷ്ടിക്കുക എന്ന ഏക ലക്ഷ്യം വെച്ചുകൊണ്ട് അമേരിക്കൻ കടൽ തീരങ്ങളിൽ സബ്മറൈൻ വികസിപ്പിക്കുവാനുള്ള സൗകര്യങ്ങൾ വരെ ബ്രിട്ടൺ ഫീനിയൻ ഭീകരവാദികൾ എന്ന് വിളിക്കുന്നവർക്ക് അമേരിക്ക ചെയ്തു കൊടുക്കുകയുണ്ടായി. ആ കാലത്തെ സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടനും ഇതിൽനിന്നു ഒഴിവായിരുന്നില്ല.

ലോകത്തിലെ ഭിന്ന ഭാഗങ്ങളിൽ കോളനിവത്കരിച്ച രാജ്യങ്ങളിലെ ജനങ്ങളോട് കാണിച്ച നിഷ്ടൂര ചെയ്തികൾക്ക് പുറമെ, ശത്രു രാജ്യങ്ങളിൽ അവർ എത്രത്തോളം ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം നടത്തുകയും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു വെന്ന വസ്തുത നെപ്പോളിയൻ മൂന്നാമനെ വധിക്കുവാൻ ശ്രമിച്ചപ്പോൾ ഒറിസിൻ ഉപയോഗിച്ച ബോംബ് ബർമിംഗ്ഹാമിലായിരുന്നു നിർമിച്ചിട്ടുണ്ടായിരുന്നത് എന്ന യാഥാർഥ്യത്തിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും . റഷ്യയിൽ ജനിച്ചു പിന്നീട് അമേരിക്കക്കാരി ആയിത്തീർന്ന ചരിത്രകാരി അന്ന ഗീഫ്മാൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ തുടങ്ങി റഷ്യൻ വിപ്ലവ കാലം വരെ റഷ്യയിൽ നടമാടിയ വിപ്ലവ ഭീകരതയെ കുറിച്ചു തന്റെ Thou Shalt Kill, Revolutionary Terrorism In Russia എന്ന പുസ്തകത്തിൽ പറയുന്നു : .“പഴങ്ങൾ പോലും ഭയാനകമാണെന്ന് കരുതി ആളുകൾ ജാഗ്രത പാലിക്കാൻ തുടങ്ങി, ഗ്രാനൈറ്റ് പോലെ കടുപ്പമുള്ള എന്റെ ഒരു സുഹൃത്ത് മാതളനാരങ്ങയെ ഭയപ്പെടുന്നു. കുരയ്ക്കാനും കുലുക്കുവാനും തയ്യാറായിരുന്ന പോലീസുകാർ ഇപ്പോൾ ഓറഞ്ച് കണ്ടാൽ വിറയ്ക്കുന്നു”.

ഇസ്ലാമിന് മുമ്പുള്ള പേർഷ്യൻ, ഗ്രീക്ക്, റോമൻ യുദ്ധങ്ങൾ, ഇസ്ലാമിന് ശേഷമുള്ള കുരിശുയുദ്ധങ്ങൾ, പതിനേഴ് , പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിലെ പാശ്ചാത്യ അധിനിവേശം, തുടങ്ങിയവയോരോന്നും ദശലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് നഷ്ടപ്പെടുത്തിയത്.

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിലും യൂറോപ്യൻ അധിനിവേശ യുദ്ധങ്ങളിലും അധിനിവേശ ശക്തികൾ തമ്മിലുള്ള യുദ്ധങ്ങളിലും കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ ദാരുണമായ കഥ പറയേണ്ടതില്ല. ഇന്ത്യയിലെ സാഹചര്യം പോലും വ്യത്യസ്തമായിരുന്നില്ല. “കുരുക്ഷേത്ര” യുദ്ധത്തെ പുരാതനമെന്നോ ഐതിഹാസികമെന്നോ വിശേഷിപ്പിക്കാമെങ്കിലും, ആയിരക്കണക്കിന് മനുഷ്യ കബന്ധങ്ങൾ ചോരയിൽ കുളിച്ച് കിടക്കുന്ന രംഗം അശോകന്റെ ഹൃദയം മരവിക്കുവാനും കരൾ ഉരുകുവാനും കാരണമായ കലിംഗയുദ്ധം നടന്നത് മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പ് ചരിത്രത്തിന്റെ പൂർണ വെളിച്ചത്തിലായിരുന്നു. എന്നാൽ മുഹമ്മദ് നബി(സ)യുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും ഭാഗത്തുനിന്നും ഇത്രയും ജീവഹാനിയും സ്വത്തുക്കളും നഷ്‌ടപ്പെടാൻ കാരണമായ ഒരൊറ്റ യുദ്ധവും ഉണ്ടായിട്ടില്ല. പരിവർത്തനവും മാറ്റവും വികാസവും സമഗ്രവും വേഗമേറിയതും അഭൂതപൂർവവുമായിരുന്നു. (തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles