Current Date

Search
Close this search box.
Search
Close this search box.

‘ഭീകരവാദ’ ത്തിന്റെ അർത്ഥകല്പന

ഭീകരവാദം’ എന്നതിനെ സംബന്ധിച്ച വിവക്ഷ ഓരോ രാജ്യത്തിന്നും ജന സമൂഹത്തിന്നും അനുസരിച്ചു വിത്യസ്തമാണ്. അതിന്നു ആഗോളതലത്തിൽ പൊതു സ്വീകാര്യമായ ഒരു ഏകീകൃതമായ നിർവചനം ഇനിയും നൽകപ്പെട്ടിട്ടില്ല. ഒരു സമൂഹത്തിന്റെ വിമോചന പോരാളികളെ അധിനിവേശ ശക്തികൾ ഭീകരവാദികളായാണ് ചിത്രീകരിക്കുക. ഏകാധിപതികളും സ്വേഛാധിപതികളും ഭരിക്കുന്ന നാടുകളിലെ ജനാധിപത്യ പോരാളികളെ അതാത് നാടുകളിലെ സ്വേഛാധിപത്യ ഭരണകൂടങ്ങൾ ഭീകരവാദികളായാണ് വിശേഷിപ്പിക്കുക. മധ്യ പൌരസ്ത്യ ദേശത്ത്‌ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ ശക്തികൾ അമേരിക്കക്കും പാശ്ചാത്യ രാജ്യങ്ങൾക്കും പോലും ഭീകരവാദികളാണ്.

സെപ്റ്റംബർ പതിനൊന്നു സംഭവത്തിനു ശേഷം പശ്ചാത്യൻ അമേരിക്കൻ ഭാഷയിൽ കൃത്യമായ മത രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയ ഒരു വ്യതിരിക്തമായ അർത്ഥകല്പന ‘ഭീകരവാദ’ ത്തിന് നല്കപ്പെടുന്നതായി കാണാം. ശത്രുക്കൾ ഇസ്‌ലാമിനെയും മുസ്ലിംകളെയും അപകീർത്തിപ്പെടുത്തുവാൻ വേണ്ടി കോയിൻ ചെയ്യുന്ന പദാവലികൾ അതേപടി പ്രയോഗിക്കരുതെന്നത് ഖുർആനിക ശാസനയാണ്. ഈ അർത്ഥത്തിൽ മുസ്ലിംകളിൽ ഭീകരവാദം ഇല്ലെന്നും കടുത്ത പീഡനങ്ങൾക്കും മർദനങ്ങൾക്കും വിധേയമാകേണ്ടിവരുന്ന അവരിലെ വളരെ ചെറിയ ന്യൂനപക്ഷം രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിനനുസരിച്ചു കവിഞ്ഞാൽ വെറും പ്രതികരണവാദികൾ (Reactionists) ആയിട്ടാണ് മാറുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. ഒരു ചെറിയ ന്യൂനപക്ഷത്തിൽ നിന്നാണ് ഉണ്ടാവുന്നത് എങ്കിലും, ഈ പ്രതികരണ വാദം ധാർമികമായി ശരിയാണോ തെറ്റാണോ, തെറ്റാണെങ്കിൽ എന്ത് കൊണ്ടാണ് അത് തെറ്റാകുന്നത്, ഏത് സാഹചര്യത്തിലാണ് അത് സാധുവാകുക തുടങ്ങിയകാര്യങ്ങൾ മറ്റൊരു പഠനത്തിന്റെ വിഷയമാണ് .

ജനങ്ങൾക്ക് അവരവരുടെ വീക്ഷണകോണിലൂടെ നോക്കുമ്പോഴുള്ള അഭിപ്രായാന്തരങ്ങളെ മാറ്റിവെച്ചാൽ, വിശാലമായ അർത്ഥത്തിൽ “രാഷ്ട്രീയമായ ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ടു ഭരണകൂട സംവിധാനങ്ങളോ ഭരണകൂട ബാഹ്യ ശക്തികളോ സംഘടിതമായോ അല്ലാതെയോ അക്രമത്തെയും ഇന്റിമിഡേഷനെയും (intimidation) ഉപയോഗിക്കുന്നതാണ് “ഭീകരവാദ”മെന്ന് നിർവചിക്കാം. ഭീകരവാദം സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളും അരാജകാവസ്ഥയും, അത് കാരണമുണ്ടാകുന്ന സാമൂഹ്യമായ ശൈഥില്യവും , അത് GDP യിലും നിക്ഷേപ അവസരങ്ങളിലും കയറ്റുമതിയിലും ഉണ്ടാക്കുന്ന ഗണനീയമായ കുറവിന്നും പുറമെ ഭീകര പ്രവർത്തനങ്ങൾ ജീവ-ധനാതി മേഖല കളിൽ ഉണ്ടാക്കുന്ന നഷ്ടം മറ്റെല്ലാ കുറ്റകൃത്യങ്ങളും ഒന്നിച്ചു ചേർന്നാലുണ്ടാകുന്നതിനേക്കാൾ കൂടുതലായിരിക്കും. ഒരു ഭരണകൂടത്തിന്നും ഊഹങ്ങളെയും നിഗമനങ്ങളെയും മാത്രം ആശ്രയിച്ചു കൊണ്ട് ഭരണകൂട ബാഹ്യമായ ഭീകരതയെ പരാജയപ്പെടുത്തുവാൻ സാധിക്കില്ല. ഭരണാധികാരികളും ഭരണകൂടങ്ങളുടെ നയ സമീപനങ്ങൾക്ക് രൂപം നൽകുന്നവരും ലോകത്തുടനീളം വളർന്നു കൊണ്ടിരിക്കുന്ന ഈ ഭീഷണിയെ ഉന്മൂലനം ചെയ്യാൻ ആവശ്യമായ ഉപാധികൾ വികസിപ്പിച്ചെടുക്കുന്ന വഴികൾ ആവിഷ്കരിക്കുന്നതിലും രാജ്യതന്ത്രജ്ഞത കാണിക്കേണ്ടതുണ്ട്. മറ്റെല്ലാ സാമൂഹ്യ കുറ്റകൃത്യങ്ങളും ആർത്തി, ദാരിദ്യം, വിദ്യാഭ്യാസ രാഹിത്യം, തൊഴിലില്ലായ്മ പോലുള്ള സാഹചര്യങ്ങളിൽ നിന്നാണ് ഉറവകൊള്ളുന്നത് എങ്കിൽ ഭീകര വാദത്തിന്റെ വിഷലിപ്ത വിത്ത് അതിന്റെ ക്രൂര ദ്രമ്ഷ്ടങ്ങളായി സംഘടിത രൂപത്തിൽ പുറത്ത് വരുന്നത് മത-രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നാണ്.

കഴിഞ്ഞ കാലത്തിൻറെ തടവറയിൽ കിടക്കുവാൻ വിധിക്കപ്പെട്ട ഒരു ജനതക്ക് അധിനിവേശം, അടിച്ചമർത്തൽ , അതിക്രമം, രാഷ്ട്രീയ അവകാശങ്ങളുടെയും പൗര സ്വാതന്ത്ര്യത്തിന്റെയും നിഷേധം, തുടങ്ങിയ വേദനയേറിയ വർത്തമാനകാല അനുഭവങ്ങളുടെ തുടർച്ച കൂടി നേരിടേണ്ടി വരികയും, ആ അനുഭവങ്ങളെ പങ്കുവെക്കുവാനുള്ള സ്വാതന്ത്ര്യത്തിന് പോലും കൂച്ചു വിലങ്ങ് ഇടുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യം അവരെ വീർപ്പ് മുട്ടിക്കുകയും ചെയ്യുമ്പോൾ ഭരണകൂട ബാഹ്യ ഭീകരവാദത്തിന്റെ ജന്മത്തിന്നും വളർച്ചക്കും സഹായകമാവുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. ഈ വസ്തുത തന്നെ ആത്മാർത്ഥതയും ജാഗ്രതയുമുള്ള ഭരണ കൂടങ്ങൾക്ക് ഭീകരതയെ തടയുന്നതിന്നും അതിന്റെ വളർച്ചയും വ്യാപനവും നിർത്തലാക്കുന്നതിന്നും ആവശ്യമായ ഉൾക്കാഴ്ച്ചയും നിർണായകമായ ഉപാധികളും നൽകും. ഒരു കാര്യം ഭരണ കൂടങ്ങൾ മനസ്സിലാക്കിയേ തീരൂ. നിരപരാധികളെ കൊല്ലുകയും ജയിലിൽ അടക്കുകയും അവർക്ക് അംഗ വൈകല്യം വരുത്തുകയും ചെയ്യുന്ന ഭരണകൂട ഭീകരത, ഭരണകൂട ബാഹ്യ ഭീകരതയെ കുറക്കുവാനല്ല, വർഗമാന സ്വഭാവത്തിൽ പെരുക്കുവാൻ മാത്രമേ സഹായകമാവൂ.

9/11 നെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ഭീകരതക്കെതിരെയുള്ള ആഗോള യുദ്ധം, നേരിട്ടും അല്ലാതെയുമായി, ലോകത്തിന്റെ സർവ ഭാഗങ്ങളിലും പല രൂപത്തിലായി അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും നേതൃത്വത്തിൻ കീഴിൽ ഇപ്പോഴും നടന്നുക്കൊണ്ടിരിക്കുകയാണ്. ഈ യുദ്ധത്തിന്റെ എതിർഭാഗത്ത് എല്ലായിടങ്ങളിലും കാണുവാൻ സാധിക്കുന്നത് മുസ്ലിംകളും ഇസ്‌ലാമുമാണ്. ഈ യുദ്ധത്തിന്റെ ഭാഗമായി പട്ടാ പകലിൽ കൊലയും കൊള്ളയും നടത്തുന്ന പാശ്ചാത്യ ഭീകരശക്തികൾ മുസ്ലിം ലോകം കണ്ണടച്ചു ഇരുട്ടാക്കിയത്കൊണ്ട് ഇല്ലാതാകില്ല. ‘ഭീകരത’ എന്നത് അവർ ഇസ്‌ലാമിനെയും മുസ്ലിംകളെയും മാത്രം ലേബൽ ചെയ്യുന്നതിന്ന് വേണ്ടി നീക്കിവെച്ച സംജ്ഞയാണ്. പ്രചണ്ഡമായ മീഡിയ പ്രോപഗണ്ടയും നിക്ഷിപ്ത താല്പര്യക്കാരായ അധികാരശക്തികൾ ഉടമപ്പെടുത്തുന്ന മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ആഗോള ക്യാമ്പയിനും, ഇസ്‌ലാമിന്റെ സാന്നിധ്യമാണ് പ്രശ്നത്തിന്റെ മൂല കാരണമെന്നും, ലോകത്തിന്റെ എല്ലാ ഭാഗത്തും മുസ്ലിംകളാണ് ലോകത്തിലെ വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളുമായി ഏറ്റു മുട്ടിക്കൊണ്ടിരിക്കുന്നത് എന്നും സാധാരണക്കാരായ ആളുകൾ വരെ തെറ്റിദ്ധരിക്കുവാൻ ഇടയാക്കുന്നു.

ഏതൊരു നിരീക്ഷകനും സംഗതി വളരെ കൃത്യവും വ്യക്തവുമാണ്. ഇതര മത- മതേതര ദർശനങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇസ്ലാമും മുസ്ലിംകളും ആഗോള സാന്നിധ്യമുള്ള ദർശനവും ജനവിഭാഗവുമാണ്. ലോകത്തിൽ പ്രാക്ടീസ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ മതവും ദർശനവും ഇസ്‌ലാമാണ്. ഏറ്റവും കൂടുതൽ വളർന്ന് കൊണ്ടിരിക്കുന്നതും അത് തന്നെ. അസത്യം നിരവധിയും സത്യം ഏകവുമാണ്. സത്യം ഏതെങ്കിലും വ്യക്തിയുടെയോ ഗോത്രത്തിന്റെയോ രാജ്യത്തിന്റെയോ നാമത്തിലാവുകയോ അവയിൽ മാത്രം പരിമിതപ്പെടുന്നതാവുകയോ ചെയ്യുക സംഭവ്യമല്ല. ഇസ്ലാമിക ദൃഷ്ട്യാ മനുഷ്യന്റെ ഭൂമിയിലെ ജീവിതാവശ്യങ്ങൾക്കു ആവശ്യമായ സകല ഭൗതിക സംവിധാനങ്ങളും ഒരുക്കിയ പ്രപഞ്ച സൃഷ്ടാവും സംവിധായകനുമായ ഏക പരാശക്തി കാണിച്ചു തന്ന ജീവിത വഴിയാണ്. അതാകട്ടെ മനുഷ്യ പ്രകൃതിയുടെ താളവുമാണ്. അതാണ് എല്ലാ വേദങ്ങളിലും പറയപ്പെട്ട ജീവിത വ്യവസ്ഥയാകുന്ന ഇസ്ലാം (മനുഷ്യന്റെ സ്വാതന്ത്ര്യം നൽകപ്പെട്ട മേഖല അവൻ കൂടി ഉൾകൊള്ളുന്ന പ്രകൃതി വ്യവസ്ഥയെ സംവിധാനിച്ച ഏകദൈവഹിതത്തിന്ന് വിധേയപ്പെടുത്തി പ്രകൃതിയുടെ പൊതു ധാരയോട് താദാത്മ്യപെടുക എന്നർത്ഥം). ഇത് തന്നെയായിരുന്നു എല്ലാ പ്രാവചകരും അവർ അഭിമുഖീകരിച്ച ജനതതികളെ പഠിപ്പിച്ചതും അവരോട് ആവശ്യപ്പെട്ടതും.

ഈ ഏക സത്യത്തിനെതിരെ അസത്യത്തിന്റെ സകല ദുശ്ശക്തികളും ചേർന്ന് നടത്തുന്ന യുദ്ധത്തിന്റെ കാഹളമൂത്തു നേരത്തെ തന്നെ നടന്നതാണ് . അതിന്റെ കുളമ്പടി ശബ്ദമാണ് ലോകം ഇപ്പോൾ കേട്ട് കൊണ്ടിരിക്കുന്നത് . ദേശീയവും അന്തർദേശീയവുമായ മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ”ഇസ്ലാമിക ഭീകരത’ യെ കുറിച്ചു ആരും സ്വാഭാവികമായും ചിന്തിക്കുകയും ചോദിക്കുകയും ആശങ്കിക്കുകയും ചെയ്തുപോകും . ഏറെക്കുറെ ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഉത്ഭവിച്ച രാഷ്ട്രീയ-സാമൂഹ്യ പ്രതിഭാസമാണ്‌ മുസ്ലിം പ്രതികരണ വാദ സംഘടനകൾ. നേരത്തെ യൂറോപ്യൻ അധിനിവേശങ്ങൾക്കെതിരെ സമരം ചെയ്ത പാരമ്പര്യം അവർക്ക് ഉണ്ടായിരുന്നു . ആയതിനാൽ കൂടിയാണ് മുസ്ലിം സാന്നിധ്യം തീരെ ഇല്ലാതിരുന്ന അമേരിക്കൻ ഓസ്‌ട്രേലിയൻ ഭൂഖണ്ഡങ്ങളിൽ വംശീയ ‘ശുദ്ധീകരണം’ നടത്തിയത് പോലെ സജീവ മുസ്ലിം സാന്നിധ്യം ഉണ്ടായിരുന്ന ഏഷ്യൻ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ യൂറോപ്യൻ അധിനിവേശ ശക്തികൾക്ക് വംശീയ ‘ശുദ്ധീകരണം’സാധിക്കാതെ പോയതും . മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവർക്കിടയിൽ ഉള്ളതായി ആരോപിക്കപ്പെടുന്ന ‘ഭീകരവാദ ‘ പ്രതിഭാസം , കോളോണിയലിസ്റ്റു ശക്തികൾക്കും അവരുടെ താല്പര്യ സംരക്ഷണത്തിന് വേണ്ടി അവർ തന്നെ അവരോധിച്ചു നിലനിർത്തിപ്പോരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കുമിടയിലെ അവിഹിത ബന്ധത്തിൽ നിന്നും ജനിച്ച ജാര സന്തതിയാണ് .

1400 വർഷങ്ങളിലേറെയായി നിലനിൽക്കുന്ന, 200 കോടിയിലേറെ ജനങ്ങൾ വിശ്വസിച്ചാചരിക്കുന്ന ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചിടത്തോളം ഭീകരത അവർക്ക് അന്യമാണ്. സ്വേച്ഛാധിപത്യ ഭരണവും തജ്ജന്യമായ ജീർണതകളും നഷ്ടങ്ങളും നിലനിർത്തുന്നതിന്ന് പുറമെ, ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും താറടിച്ചു കാണിക്കുവാനും തേജോ വധം ചെയ്യുവാനും, സൈനിക ശക്തി ഉപയോഗിച്ച് അവയെ അടിച്ചമർത്തുവാനുമുള്ള ന്യായം ചമക്കലാണ്‌, ഇത്തരം ഭീകര പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകുന്നതിന് പിന്നിലെ ലക്ഷ്യങ്ങൾ. ഇതിനെ കുറിച്ചു കൂടുതൽ വിശദമായി പ്രതിപാദിക്കുന്നതിന്നും അതിന്റെ പിന്നിലെ സത്യം അനാവരണം ചെയ്യുന്നതിനും മുമ്പ്, ആരാണ് യഥാർത്ഥത്തിൽ ഭീകരവാദത്തിന്റെ ഉപജ്ഞാതാക്കളെന്നും, ചരിത്രപരമായി ഭീകരവാദം ആരുടെ സംഭാവനയാണെന്നും, അതിന്റെ വേരുകൾ എവിടെയാണെന്നും ആഴത്തിലും പരപ്പിലും സംഗ്രഹിക്കേണ്ടതുണ്ട്. (തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles