Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സും മതവും തമ്മില്‍

കാര്യപ്രാപ്തിയെത്തിയെ ഒരു പെണ്‍കുട്ടിയുടെ ചോദ്യം വല്ലാതെ ആശ്ചര്യപ്പെടുത്തി: ഖുദ്‌സിന് മതവുമായി എന്തു ബന്ധമാണുള്ളത്? ആദ്യം അവളെ ശകാരിച്ചാലോ എന്നു കരുതി. അവളേക്കാള്‍ അതിന് അര്‍ഹര്‍ അവളുടെ മാതാപിതാക്കളെല്ല എന്ന് പിന്നെ തോന്നി. കാരണം, അവള്‍ക്ക് ഇതെല്ലാം ചെറുപ്പത്തില്‍തന്നെ പറഞ്ഞുകൊടുക്കേണ്ടിയിരുന്നത് അവരായിരുന്നല്ലോ! പക്ഷെ, പിന്നീടത് വേണ്ടെന്നു വച്ചു.

സത്യത്തില്‍, ആ കുട്ടിയെ മാത്രമല്ല, അവളെപ്പോലെ മറ്റനേകം പേരെ ഈ ചോദ്യം അലട്ടുണ്ടുന്നുണ്ടായിരിക്കാം. നഷ്ടപ്പെട്ട ഖുദ്‌സിനെക്കുറിച്ച് ഇമാം പള്ളിയില്‍ ഖുതുബ നടത്തി. അതില്‍ നഷ്ട പ്രതാപത്തെ ഓര്‍ത്ത് അദ്ദേഹം വിലപിച്ചു. അവിടെ നടക്കുന്ന അക്രമങ്ങലെ അപലപിച്ചു. അക്രമിക്കപ്പെടുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. എന്നിട്ട് ഖുതുബയുടെ അവസാനം ഇങ്ങനെ പറഞ്ഞു: ‘ഖുദ്‌സിന്റെ പതനത്തില്‍ നാം ഓരോരുത്തരും നമ്മെത്തന്നെയാണ് ആദ്യം ആക്ഷേപിക്കേണ്ടത്.’ ഖുതുബ കഴിഞ്ഞ് ഒരാള്‍ മറ്റൊരാളോട് പരിഹാസപൂര്‍വം ചോദിക്കുന്നതു കണ്ടു: ‘നാണമില്ലേ നിനക്ക്?’

അതില്‍നിന്ന് വ്യക്തമാകുന്നത്, ഈ അജ്ഞത കുട്ടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ആ പെണ്‍കുട്ടിക്ക് ഖുദ്‌സിനെക്കുറിച്ച് അറിയാത്തതു കൊണ്ടാണെന്നു കരുതാം. എന്നാല്‍, ഖുദ്‌സിന്റെ മഹത്വത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും മണിക്കൂറോളം കേട്ടിരുന്ന് ഇത്തരം പരിഹാസ ഭാഷ ഉപയോഗിക്കുന്ന ഈ ചെറുപ്പക്കാരനെക്കുറിച്ച് എന്തു പറയാനാണ്!

തെറ്റായ തുടക്കം

ഖുദ്‌സിന്റെ ശ്രേഷ്ഠതകള്‍ ഒരുപാട് പറഞ്ഞാല്‍ തന്നെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നാണ് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്. അങ്ങനെയവര്‍ ഫലസ്ഥീന്‍ അല്ലാഹു അനുഗ്രഹം ചെയ്ത ഭൂമിയാണെന്ന് പറഞ്ഞു കൊടുക്കുന്നു. അമ്പിയാക്കളുടെ നാടും പ്രവാചകത്വത്തിന്റെ കളിത്തൊട്ടിലുമാണെന്ന് അതിന്റെ പാവനമായ വിശേഷണങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുന്നു. ഭൂമിയില്‍ നിര്‍മിക്കപ്പെട്ട രണ്ടാമത്തെ ആരാധനാലയം, മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ല, യാത്ര ലക്ഷ്യംവച്ച് പോകാവുന്ന മൂന്നാമത്തെ മസ്ജിദ്, മറ്റുള്ള പള്ളികളിലെ അഞ്ഞൂറ് നമസ്‌കാരത്തിന് സമാനമാണ് അവിടെവച്ചുള്ള ഒരു നമസ്‌കാരം, തിരുനബി(സ്വ) രാപ്രയാണം നടത്തിയ മസ്ജിദ്, ആകാശ ലോകത്തേക്ക് യാത്ര പുറപ്പെട്ട ഇടം, അമ്പിയാക്കള്‍ക്കൊത്ത് ഇമാമായി നമസ്‌കരിച്ച സ്ഥലം എന്നീ വിശേഷണങ്ങളെല്ലാം ഉള്ള മസ്ജിദുല്‍ അഖസ അവിടെയാണെന്ന് ഓര്‍മിപ്പിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) വരെ പ്രാവചകന്മാര്‍ കൈമാറിപ്പോന്ന പുണ്യ നഗരമാണ് ഖുദ്‌സെന്ന് വിശദീകരിച്ചു കൊടുക്കുന്നു.
ശപിക്കപ്പെട്ട ദജ്ജാല്‍ പ്രവേശിക്കാത്ത നാല് ഇടങ്ങളിൽ ഒന്നാണ് മസ്ജിദുല്‍ അഖ്‌സാ. നാല്‍പ്പത് ദിവസത്തോളം അവന്‍ ഭൂമിയില്‍ നിലയുറപ്പിക്കും. പക്ഷെ, നാല് ഇടങ്ങളിൽ മാത്രം അവന് പ്രവേശിക്കാനാകില്ല: കഅ്ബ, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സാ, ത്വൂരി സീനാ പര്‍വതം. ഇപ്പറഞ്ഞ ഇടങ്ങളെല്ലാം മലക്കുകള്‍ ശത്രുക്കളില്‍നിന്ന് സംരക്ഷിക്കുന്നതാണ്.

എവിടെയാണ് പിഴവ് സംഭവിച്ചത് ?

ഖുദ്‌സിനെക്കുറിച്ച് പറഞ്ഞ് പരഹസിച്ച ആ യുവാവിന്റെ ചിന്തയിലാണ് പിഴവ് കുടികൊള്ളുന്നത്. അവനെപ്പോലെയുള്ള ആളുകളാണ് കുട്ടികളെപ്പോലും ഖുദ്‌സും മതവും തമ്മിലുള്ള ബന്ധത്തെ നിഷേധിക്കുന്ന തലത്തിലേക്ക് എത്തിക്കുന്നത്. ഒടുവില്‍ ബാക്കിയുള്ളവരും അത് അങ്ങനെത്തന്നെ എന്ന് തെറ്റിദ്ധരിക്കുന്നു. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നമസ്‌കാരം, നോമ്പ്, സകാത്, ഹജ്ജ് എന്നിവ ചെയ്താല്‍തന്നെ അവന്റെ ഉത്തരവാദിത്തങ്ങളില്‍നിന്നെല്ലാം അവന്‍ മുക്തനായി. എന്നാല്‍, ഒരു മനുഷ്യന്‍ കൂടുതലായി സുന്നത് നമസ്‌കാരങ്ങളും നോമ്പുകളും പതിവാക്കുന്നുവെങ്കില്‍ അതവനെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കും. നബിയും അങ്ങനെത്തന്നെയാണ് നമ്മെ ഉണര്‍ത്തിയിട്ടുള്ളത്: ‘ഞാന്‍ ഇഷ്ടപ്പെടുംവരെ എന്റെ അടിമ സുന്നത്തുകള്‍കൊണ്ട് എന്നോട് അടുത്തുകൊണ്ടേയിരിക്കും.’ നമസ്‌കാരംപോലെയുള്ള നിര്‍ബന്ധകാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നാണ് ചിലരുടെ വിചാരം.

ഇതില്‍കൂടുതല്‍ മതത്തോട് എന്ത് ബാധ്യതയാണ് തങ്ങള്‍ക്കുള്ളതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. ഇതെല്ലാം ചെയ്തു കഴിഞ്ഞാല്‍ ഇവര്‍ തങ്ങളുടെ വീടുകളില്‍ പോയി മക്കളെ പരിചരിക്കുകയും നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുന്നു. വിവാഹത്തിനും ജോലിക്കും അവരെ പ്രാപ്തരാക്കുന്നു. അതെല്ലാം ചെയ്താല്‍ ജീവിതത്തിന്റെ ഉത്തരവാദിത്തമെല്ലാം തീര്‍ന്നുവെന്നാണ് അവര്‍ തെറ്റിദ്ധരിക്കുന്നത്.

ഇനിയാണ് നാം ആലോചിച്ചു തുടങ്ങേണ്ടത്

ഈ പിഴവുകളുടെയെല്ലാം അടിസ്ഥാനം ഇക്കൂട്ടര്‍ക്ക് നേരത്തെ പറഞ്ഞതു പോലെയുള്ള നിര്‍ബന്ധ കര്‍മങ്ങള്‍ മാത്രമേ അറിയൂ എന്നതാണ്. അതിനെല്ലാം അപ്പുറമുള്ള ഒന്നാണ് ഇസ്‌ലാം എന്ന ബോധ്യം അവര്‍ക്ക് ഇല്ലാതെ പോയി. കാരണം, പരസ്പരം സഹവര്‍തിത്വവും സഹകരണവും കാരുണ്യവും അനിവാര്യമായ ഒന്നാണെന്ന് നിസ്‌കര്‍ഷിക്കുന്ന മതമാണ് ഇസ്‌ലാം.

പരസ്പര സഹകരണം: മുസ്‌ലിം സമൂഹത്തിന് ഇടയിലെ പരസ്പര ഐക്യദാര്‍ഢ്യം ആദ്യം കുടുംബങ്ങള്‍ തമ്മിലാണ് തുടങ്ങുന്നത്. ശരീഅത്തില്‍ ചെലവു കൊടുക്കുന്ന കാര്യത്തിന്റെയും ക്രമം അതാണ്. സമ്പന്നനായ ബന്ധു ദരിദ്രനായ ബന്ധുവിന്റെ ചെലവുകള്‍ നോക്കണം. അല്ലാഹു പറയുന്നത് നോക്കൂ: ‘എന്നാല്‍, രക്ത ബന്ധമുള്ളവരാണ് ദൈവിക നിയമത്തില്‍ പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടവര്‍. സമസ്ത കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവന്‍ തന്നെയാണ് അല്ലാഹു.'(അന്‍ഫാല്‍: 75)

പിന്നീട് ഈ സഹകരണ മനോഭാവത്തിന് കീഴിലേക്ക് അയല്‍പക്കക്കാരും നാട്ടുകാരും വന്നു ചേരുന്നു. ഹദീസില്‍ വന്നത് നോക്കുക: ‘തന്റെ അയല്‍വാസി വിശന്നിരിക്കുന്നവനായിരിക്കെ വയര്‍നിറച്ച് രാവുറങ്ങുന്നവന്‍ വിശ്വാസിയല്ല.’, ‘തങ്ങളുടെ കൂട്ടത്തില്‍ വിശക്കുന്നവനുണ്ടായിരിക്കെ രാവുറങ്ങുന്നവന്റെ ഉത്തരവാദിത്തം അല്ലാഹു ഉപേക്ഷിക്കുന്നതാണ്.’

പിന്നീട് ആ സഹവര്‍തിത്വ മനോഭാവം സകാതിന്റെ വഴിയില്‍ രാജ്യത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. കാരണം, ധനാഢ്യരില്‍നിന്ന് സമ്പത്ത് പിരിച്ചെടുത്ത് അത് നാട്ടിലെ ദരിദ്രര്‍ക്ക് നല്‍കാന്‍ തിരുനബി(സ്വ) കല്‍പ്പിച്ചിരുന്നു. സകാത് അതിന് പര്യാപ്തമല്ലെങ്കില്‍ സമ്പന്നരുടെ സമ്പാദ്യത്തില്‍നിന്ന് അവര്‍ക്ക് പിന്നെയും നല്‍കേണ്ടി വരും.

ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയുണ്ടെങ്കില്‍ അവന്റെ കാര്യം ഏറ്റെടുത്ത് നടത്തേണ്ടത് അവന്റെ സാന്നിധ്യമുള്ള വ്യക്തികളാണ്. അല്ലാഹു പറഞ്ഞത് നോക്കൂ: ‘നന്മയുടെയും ഭക്തിയുടെതുമായ വിഷയങ്ങളില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കണം; കുറ്റത്തിലും അതിക്രമത്തിലും പരസ്പര സഹകരണം പാടില്ല. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക; കഠിന ശിക്ഷ നല്‍കുന്നവനാണവന്‍.’ (മാഇദ: 2), ‘ഒരാളെ കൊലയില്‍നിന്ന് വിമുക്തനാക്കിയാല്‍ മനുഷ്യരെ മുഴുവന്‍ അതില്‍നിന്നു രക്ഷിച്ചതു പോലെയാണ്.’ (മാഇദ: 32) ഒരാള്‍ വിശപ്പിലോ തണുപ്പിലോ നായകള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കിയോ ഒരാളെ ഉപേക്ഷിക്കുന്നുവെങ്കിലോ ഇസ്‌ലാമില്‍ അതിലും വലിയ തെറ്റ് മറ്റൊന്നുമില്ല. അവന്‍ അവനെത്തന്നെ കൊല്ലുകയാണ് ചെയ്തിരിക്കുന്നത്. ‘മാനവരോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കില്ല’ എന്ന പ്രവാചക വചനം നമുക്ക് മുന്നിലുണ്ട്.

പരസ്പര സഹായം ദീനില്‍ നിര്‍ബന്ധമാണ്

പരസ്പര സഹായവും സഹകരണവും ദീനിന്റെ പൂര്‍ത്തീകരണമോ മര്യാദയോ അല്ല. മറിച്ച്, ദീനില്‍ അനിവാര്യമായ, ഓരോരുത്തരും നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട കാര്യമാണത്. ദരിദ്രരെ അന്നമൂട്ടുന്നതും അതിന് പ്രേരിപ്പിക്കുന്നതും വിശ്വാസത്തിന്റെ അടയാളമാണെന്നും അത് നിഷേധിക്കല്‍ സത്യനിഷേധത്തിലേക്കു നയിക്കുമെന്നും ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു: ‘പുനരുത്ഥാനത്തെ നിഷേധിക്കുന്നവനെ അങ്ങ് കണ്ടിട്ടുണ്ടോ? അനാഥക്കുട്ടിയെ ആട്ടിയകറ്റുന്നവനും പാവപ്പെട്ടവന്റെ അന്നദാനക്കാര്യത്തില്‍ അന്യരോട് പ്രേരണ ചെലുത്താത്തവനുമാണവന്‍.’ (മാഊന്‍: 1-3).

തങ്ങള്‍ നരകപ്രവേശത്തിന് വിധേയരാകാനുള്ള കാരണം കുറ്റവാളികള്‍ പറയുന്നത് നോക്കൂ: ‘ഞങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുന്നവരുടെ ഗണത്തിലാവുകയോ അഗതികള്‍ക്ക് ഭക്ഷണം കൊടുക്കുകോ ചെയ്തില്ല.’ (മുദ്ദസിര്‍: 43, 44). ഏട് ഇടതു കൈയില്‍ നല്‍കപ്പെട്ട് നരകപ്രവേശത്തിന് അര്‍ഹനായ വ്യക്തിയെക്കുറിച്ച് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു: ‘അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കുകയും സാധുക്കള്‍ക്ക് ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നു.’ (ഹാഖ്ഖ: 33, 34).

സഹവര്‍ത്തിത്വത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അതുല്യ മാതൃക പ്രവാചകന്‍(സ്വ) തന്നെയാണ്. അവിടുന്ന് പറയുന്നത് നോക്കൂ: ‘വിശ്വാസികള്‍ പരസ്പരം കെട്ടിടം പോലെയാണ്. അതിന്റെ ഒരുഭാഗം മറ്റൊരു ഭാഗത്തെ ശക്തിപ്പെടുത്തുന്നു.’ മുസ്‌ലിം സമൂഹം ചിതറിക്കിടക്കുന്ന ഇഷ്ടികക്കല്ലുകളല്ല. ഓരോരുത്തരും മറ്റുള്ളവരുമായി വേര്‍പിരിഞ്ഞ് ജീവിക്കേണ്ടവരുമല്ല. മറിച്ച്, ‘പരസ്പര സ്‌നേഹത്തിലും സഹകരണത്തിലും കാരുണ്യത്തിലും മുസ്‌ലിംകള്‍ ഒരു ശരീരം പോലെയാണ്. ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന് മുറിവേറ്റാല്‍ ശരീരാവയവങ്ങള്‍ മുഴുവന്‍ പനി വന്നും രാത്രി ഉറക്കമിളച്ചും അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.’

പ്രതിരോധ ഐക്യദാര്‍ഢ്യം

ഭൗതികമായ ഐക്യദാര്‍ഢ്യം മാത്രമല്ല ഈ രംഗത്ത് ഇസ്‌ലാം ആവശ്യപ്പെടുന്നത്. മറിച്ച്, ഡോ. മുസ്ഥഫ സിബാഈ നിരീക്ഷിച്ചതുപോലെ മറ്റുചില രീതിയിലുള്ള ഐക്യദാര്‍ഢ്യംകൂടി നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. സാഹിത്യപരമായ, ശാസ്ത്രീയമായ, രാഷ്ട്രീയമായ, പ്രതിരോധാത്മകമായ, ധാര്‍മികമായ, സാമ്പത്തികമായ, മതകീയമായ, സാംസ്‌കാരികമായ, സാമൂഹികമായ, ശിക്ഷാപരമായ പത്ത് തരത്തിലുള്ള ഐക്യദാര്‍ഢ്യമാണ് പ്രധാനമായും നമ്മുടെ അടുത്തുനിന്ന് ഉണ്ടാകേണ്ടത്.

പ്രതിരോദ ഐക്യദാര്‍ഢ്യത്തിന്റെ രൂപങ്ങളിലൊന്ന്: തങ്ങളുടെ ഭൂമി, അഭിമാനം, സമ്പത്ത്, രക്തം, മതം എന്നീ കാര്യങ്ങളില്‍ അക്രമിക്കപ്പെടുന്നവരെ സഹായിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസം കൈകൊള്ളുകയും അതിന്റെ സംരക്ഷണാര്‍ഥം ദേശത്യാഗം ചെയ്കയും ദേഹ-ധനങ്ങള്‍കൊണ്ട് ദൈവമാര്‍ഗത്തില്‍ ധര്‍മസമരമനുഷ്ഠിക്കുകയും ചെയ്തവരും, അവര്‍ക്ക് അഭയമേകുകയും സഹായം നല്‍കുകയും ചെയ്തവരും പരസ്പരം ഉറ്റമിത്രങ്ങളത്രേ.’ (അന്‍ഫാല്‍: 72), ‘ഇനി മതകാര്യത്തിലവര്‍ സഹായമര്‍ഥിക്കുന്നുവെങ്കില്‍ -നിങ്ങളുടെ സഖ്യകക്ഷികള്‍ക്ക് പ്രതികൂലമായല്ലാതെയുള്ള- സഹായ സമര്‍പ്പണം നിങ്ങളുടെ ബാധ്യതയാകുന്നു.’ (അന്‍ഫാല്‍: 72).

ബന്ദികളുടെ മോചനം

നാല് മദ്ഹബുകളുടെ നേതൃത്വത്തില്‍ സുന്നി കര്‍മശാസ്ത്രം രേഖപ്പെടുത്തപ്പെട്ട എന്‍സൈക്ലോപീഡിയ ഓഫ് ജൂറിസ്പ്രുഡന്‍സില്‍ ഇത് പ്രസ്താവിച്ചിട്ടുണ്ട്:

ഒരു മുസ്‌ലിം ബന്ധിയാക്കി പിടിക്കപ്പെട്ടാല്‍ മുസ്‌ലിംകള്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം. അവര്‍ അവനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടണം. ഒന്നുകില്‍ ഓടിപ്പോരാനുള്ള വഴികള്‍ ശരിപ്പെടുത്തിക്കൊടുക്കണം. അല്ലെങ്കില്‍ അവനെ മോചിപ്പിക്കാനുള്ള നയതന്ത്ര പദ്ധതികള്‍ തയ്യാറാക്കണം. അതിന് ശത്രുക്കള്‍ സമ്മതിക്കുംവരെ കാത്തിരിക്കണം. എപ്പോഴും ബന്ധികളെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടിയിരുന്നവരാണ് മുഹമ്മദ് നബി (സ).

സഅദ് ബ്ന്‍ അബീ വഖാസിനെയും ഉത്ബത് ബ്ന്‍ ഗസ്‌വാനെയും റസൂല്‍(സ്വ) ശത്രുക്കളുടെ ബന്ധനത്തില്‍നിന്നു രക്ഷപ്പെടുത്തി. അവര്‍ക്കു വേണ്ടി ചര്‍ച്ചകള്‍ നടത്തി. സമ്മതിക്കില്ലെന്നു കണ്ടപ്പോള്‍ അവര്‍ രണ്ടുപേരെയും വിട്ടുതരുംവരെ അവരില്‍പ്പെട്ട രണ്ടുപേരെ പിടിച്ചുവച്ചു. ഹുദൈബിയ സന്ധിക്കുശേഷം ഉസ്മാന്‍ (റ) വിനെയും പത്തു മുഹാജിറുകളെയും രക്ഷപ്പെടുത്താന്‍ സമാനമായ മാര്‍ഗം തിരുനബി(സ്വ) സ്വീകരിച്ചിട്ടുണ്ട്.

യുദ്ധത്തിലൂടെ മോചനം സാധ്യമല്ലെങ്കില്‍ മോചനദ്രവ്യം കൊടുത്തിട്ടെങ്കിലും അത് സാധിപ്പിച്ചെടുക്കണം. അത് സമ്പത്തുകൊണ്ടുമാകാം. നബി(സ്വ) പറയുന്നത് കാണുക: ‘വിശക്കുന്നവരെ നിങ്ങള്‍ ഭക്ഷിപ്പിക്കുക, രോഗികളെ സന്ദര്‍ശിക്കുക, ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുക.’ സമ്പത്ത് ചിലവഴിക്കുന്നതിനെക്കാള്‍ പ്രധാനമാണ് തടവുകാരന്‍ പീഡിപ്പിക്കപ്പെടുമോ എന്ന ഭയം. ‘തടവുകാരന്റെ കയ്യില്‍ ധനമില്ലെങ്കില്‍ അവനെ മോചിപ്പിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണ്. അതിന് മുസ്‌ലിംകളുടെ മുഴുവന്‍ സമ്പാദ്യം ആവശ്യമായി വന്നാലും ശരി’ എന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.

ഖുദ്‌സ് ഇസ്‌ലാമിന്റെ ഭാഗമാണ്

മുസ്‌ലിംകളുടെ മറ്റേത് ഭൂമിയും പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കല്‍ അനിവാര്യമാണെങ്കില്‍ പിന്നെ പരിഭാവനമാക്കപ്പെട്ട ഒരു ഭൂമിയുടെ കാര്യത്തില്‍ പ്രത്യേകം പറയാനുണ്ടോ?!

ഖുദ്‌സ് ഇസ്‌ലാമിന്റെ ഭാഗമാണ്. മുസ്‌ലിം ഉമ്മത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇസ്‌ലാമിന്റെ ഭാഗമാണ്. പരിശുദ്ധ ദീനിന്റെ ഭാഗമാണ്. തിരുനബിയുടെ രാപ്രയാണവും ദീനിന്റെ ഭാഗമാണ്.

പരമപ്രധാനം ഇസ്‌ലാമാണ്. പിന്നെ അല്ലാഹുവിനെ ആരാധിക്കാനായി ഭൂമിയില്‍ സംവിധാനിച്ച ബൈതുല്‍ മുഖദ്ദസും. മുസ്‌ലിംകള്‍ യാത്ര പോകേണ്ട മൂന്നാമത്തെ ഭവനം ദീനുമായി ബന്ധപ്പെട്ടതാണ്. അതിന്റെ സംരക്ഷണം മതത്തിന്റെ പുറംതോടല്ല. മറിച്ച്, നിര്‍ബന്ധിത ബാധ്യതയാണ്. മഹാനായ ഇബ്‌നു തൈമിയ പറയുന്നു: ‘അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരാവുക. മുസ്‌ലിം ഉമ്മത്തിനും പൊതുസമൂഹത്തിനും ഗുണകാംക്ഷിയാവുക. നമസ്‌കാരവും നോമ്പും ദൈവീക മാര്‍ഗത്തിലുള്ള ജീഹാദും പോലെത്തന്നെ.’

 

( അവലംബം- islamonline.net)

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles