Current Date

Search
Close this search box.
Search
Close this search box.

യുക്തിയിലധിഷ്ടിതമായ പ്രത്യയശാസ്ത്രം

വിശ്വാസ കാര്യങ്ങളിൽ പ്രാമാണികമായ സ്ഥിരതയും യുക്തി ഭദ്രതയും ഉറപ്പ്വരുത്തുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ഈ സവിശേഷത കാരണം ഇസ്ലാമിലേക്ക് കടന്നുവരുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രത്യയശാസ്ത്ര പരമായ കെട്ടുകുടുക്കുകളിൽനിന്ന് മാനവിക സമൂഹത്തെ മോചിപ്പിച്ച ഒരു മത ദർശനം കൂടിയാണ് ഇസ്ലാം. യുക്തിസഹമല്ലാത്ത മുരടൻ തത്വങ്ങളിലല്ല അത് നിലകൊള്ളുന്നത് എന്നതാണതിന് കാരണം.

അല്ലാഹുവിനെക്കുറിച്ച വ്യക്തമായ കാഴ്ച്ചപ്പാടുളള ഒരു പ്രത്യയ ശാസ്ത്രമാണ് ഇസ്ലാം. ദൈവാസ്ഥിത്വത്തിൻെറ കാര്യത്തിൽ ഇസ്ലാം യാതൊരു തരത്തിലുമുള്ള ചിന്താകുഴപ്പവും വിശ്വാസികളിൽ ഉണ്ടാക്കുന്നില്ല. ഇസ്ലാമിക വിശ്വാസ പ്രകാരം ദൈവം ഏകനാണ്. സന്താനങ്ങളോ പിതാവോ ഇല്ലാത്ത ഒരു അസ്തിത്വം. അവന് തുല്യനോ സമാന്തരമായൊ മറ്റൊരു ശക്തിയുമില്ല. ഇസ്ലാമിക വിശ്വാസ പ്രകാരം യേശു ദൈവ പുത്രനല്ല മറിച്ച് ദൈവ ദൂതനാണ്. മൂസ നബിയെയും മുഹമ്മദ് നബിയെയും മറ്റ് പ്രവാചകൻമാരെയും പോലെ ഒരു ദൈവ ദൂതൻ.

അല്ലാഹുവിന് സന്താനങ്ങളുണ്ടാവുക എന്നത തീർത്തും അചിന്ത്യമായ കാര്യമാണ്. ദൈവത്തിന് പുത്രനുണ്ടെന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസ സംഹിത യുക്തിക്ക് നിരക്കുന്നതല്ല. ഇത്തരം വിശ്വാസം പിന്തുടരാൻ ഒരു വിശ്വാസിയെ നിർബന്ധിപ്പിക്കുന്നത് അനുകരണമോ സാമൂഹിക സമർദ്ദമോ ആയിരിക്കാം. പക്ഷെ ഇത് തുടരുക അവന് പ്രയാസമായിരിക്കും. ഇത്തരം അബദ്ധ ജഡിലമായ വിശ്വാസങ്ങൾ കൊണ്ട് അയാളുടെ ദൈവത്തെക്കുറിച്ച കാഴ്ച്ചപ്പാടിനെ തൃപ്തിപ്പെടുത്താൻ കഴിയുകയില്ല. ദൈവത്തിന് പുത്രനുണ്ടെങ്കിൽ അത് ദൈവം തന്നെയല്ലാതാവും. ദൈവത്തിന് പുത്രൻമാരുണ്ടാവുകയെന്നത് അസംഭവ്യമാണ് എന്നാണ് ഇസ്ലാമിൻെറ യുക്തിപൂർണ്ണമായ വിശ്വാസം.

ഏത് മാർഗമാണ് തിരഞ്ഞെടുക്കേണ്ടതെന്ന് നാമാണ് തീരുമാനിക്കേണ്ടത്. നമ്മിലോരോരുത്തരും രക്ഷിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ഒരാൾ തെരഞ്ഞെടുത്ത മാർഗത്തിൻെറ അടിസ്ഥാനത്തിലായിരിക്കും. അതുപ്രകാരം ഒരാളുടെ യുക്തിക്കനുസരിച്ചുള്ള അവൻെറ തെരഞ്ഞെടുപ്പും കർമ്മവുമനുസരിച്ച് ഒരു വിശ്വാസിയെ തൻെറ വിശ്വാസം രക്ഷിക്കുമെന്ന് ഇസ്ലാം ഉറപ്പ് നൽകുന്നു. ഇസ്ലാമിൻെറ മൗലിക വിശ്വാസങ്ങൾ മുസ്ലിംകൾക്ക് സുരക്ഷിതത്വം അനുഭവവേദ്യമാക്കുന്നു. കാരണം ഇസ്ലാമിൻെറ മുഴുവൻ പ്രത്യയ ശാസ്ത്ര വിശകലനങ്ങളും യുക്തി ഭദ്രവും പരസ്പര പൂരകങ്ങളുമാണ്.

ഏക ദൈവത്വ സങ്കൽപം

ത്രിമൂർത്തി സങ്കൽപമോ ത്രിയേകത്വ സങ്കൽപമോ ഇസ്ലാമിന് അന്യമാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന സങ്കൽപം ബുദ്ധിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല. അതേസമയം, ദൈവം എന്നാൽ ദൈവം മാത്രമാണെന്നും അതിന് ഒരേസമയം പിതാവും, പുത്രനും പരിശുദ്ധാത്മാവുമാകാൻ കഴിയില്ളെന്നും ഇസ്ലാം വ്യക്തമാക്കുന്നു. അല്ലാഹുവിന് സന്താനങ്ങളുടെ ആവശ്യമില്ല, കാരണം അല്ലാഹുവാണ് എല്ലാറ്റിൻെറയും അധിപനും സൃഷ്ടാവും.

താൻ ദൈവമാണെന്ന് യേശു ഒരിക്കലും വാദിച്ചിട്ടില്ല. യേശു പറഞ്ഞു ‘ഞാൻ സ്വന്തമായി ഒന്നുംതന്നെ ചെയ്യുന്നില്ല’. ഇതിനർഥം അദ്ദേഹത്തിന് ലഭിച്ച അൽഭുത സിദ്ധികളെല്ലാം അല്ലാഹു നൽകിയതാണെന്നാണ്. അദ്ദേഹത്തിന് മുമ്പും ശേഷവുമുണ്ടായിരുന്ന പ്രവാചകൻമാരെപോലെതന്നെ. യേശു പറയുന്നു: ഞാൻ എൻെറ പിതാവിലേക്ക് ഉയർത്തപ്പെട്ടിട്ടില്ല. പക്ഷെ എൻെറ സഹോദരങ്ങളിലേക്ക് പോയി അവരോട് പറയുക. ഞാൻ എൻെറയും നിങ്ങളുടെയും പിതാവിലേക്കാണ് പോകുന്നത്. നിങ്ങളുടെയും എൻെറയും ദൈവത്തിലേക്ക്’. യേശു പിതാവെന്ന് ആലങ്കാരികമായാണ് പ്രയോഗിക്കുന്നതെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

യേശു തന്നെ ദൈവമാണെങ്കിൽ അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുകയോ അദ്ദേഹം കൊല്ലപ്പെടുകയോ ചെയ്യുക എന്നത് സംഭവിക്കുന്നതെങ്ങനെയാണ്? ഇസ്ലാമിക വിശ്വാസ പ്രകാരം യേശു ഒരു മനുഷ്യനാണ്. യേശു ഒരു നല്ല മനുഷ്യനും അല്ലാഹു തെരഞ്ഞെടുത്ത ഒരു പ്രവാചകനുമാണ്. തൻെറ ജനതയിലേക്ക് നിയോഗിക്കപ്പെട്ട ഒരു മാർഗദർശിയും റോൾമോഡലുമായിരുന്നു അദ്ദേഹം.

ഇസ്ലാമിക വിശ്വാസ പ്രകാരം ദൈവത്തിനും മനുഷ്യനുമിടയിൽ മധ്യസ്ഥതയില്ല. അത്പോലെ മനുഷ്യനും ദൈവത്തിനുമിടയിൽ ഇടനിലക്കാരനുമില്ല. അല്ലാഹുവിൽനിന്ന് പാപമോചനം ലഭിക്കാൻ പാതിരിമാരുടെ അടുത്ത് കുംബസാരിക്കാനൊ മാപ്പപേക്ഷിക്കാനോ പോകേണ്ടതില്ല. ഓരോ മുസ്ലിമിനും അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെടാനാകും. എത്ര അവശനും ദരിദ്രനും അടിച്ചമർത്തപ്പെട്ടവനുമായാലും ശരി. ഇസ്ലാമിക വിശ്വാസ പ്രകാരം ദൈവം എല്ലാവരുടെതുമാണ്. ഓരോ മുസ്ലിമും ദൈവത്തിൽനിന്ന് എത്ര അടുപ്പവും അകലവും പാലിക്കണമെന്ന് തീരുമാനിക്കേണ്ടത് അവൻതന്നെയാണ്. അത് അവൻെറ ഇഷ്ടവും സ്വതന്ത്രമായ തീരുമാനവും പ്രവൃത്തിയും അനുസരിച്ചായിരിക്കും. അഥവാ ഇസ്ലാം മതത്തിൽ അല്ലാഹുവിനും മനുഷ്യനുമിടക്ക് ഇടനിലക്കാരില്ല എന്നതാണ് വസ്തുത.

പൗരോഹിത്യം തൊട്ട് തീണ്ടാത്ത ജീവിത വ്യവസ്ഥയാണ് ഇസ്ലാം. ചില മതങ്ങളിലുള്ളതുപോലെ ഇസ്ലാമിൽ പൗരോഹിത്യമോ പുരോഹിതൻമാരോ ഇല്ല. ഓരോ മുസ്ലിമും സ്വന്തം വിശ്വാസത്തിൻെറ ഉത്തരവാദികൂടിയാണ്. അവൻ ഇസ്ലാമിനെ പൊതുവായി പ്രതിനിധീകരിക്കുന്നു. ഇസ്ലാമിൽ മത പണ്ഡിതൻമാരുണ്ട്. എന്നാൽ പൗരോഹിത്യപരമോ മറ്റോ ആയ വേർതിരിവുകൾ കാണുക സാധ്യമല്ല. അത്പോലെ തന്നെ ഇസ്ലാമിൽ ബ്രഹ്മചര്യവുമില്ല. കാരണം ബ്രഹ്മചര്യം മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാണ്. സാഹചര്യം അനുകൂലമാകുന്നതോടെ വിവാഹം കഴിക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. കാരണം ഒരു സാധാരണ മനുഷ്യന് ഒരേ സമയം മതവിശ്വാസിയും അവിവാഹിതനുമായിരിക്കുക പ്രയാസമുള്ള കാര്യമാണ്. മനുഷ്യ പ്രകൃതിക്ക് വിരുദ്ധമായ നിലപാട് ഒരു പ്രത്യയ ശാസ്ത്രമെന്ന നിലക്ക് ഇസ്ലാം സ്വീകരിക്കുകയില്ല. ഇസ്ലാം മനുഷ്യ പ്രകൃതിയെ അംഗീകരിക്കുക മാത്രമല്ല അതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടുമില്ല.

ശരീരത്തിൻെറയും ആത്മാവിൻെറയും ആവശ്യങ്ങളോട് അതിമനോഹരമായ ഐക്യദാർഢ്യമാണ് ഇസ്ലാം വെച്ചുപുലർത്തുന്നത്. ദേഹ വിശുദ്ധിക്ക് ബ്രഹ്മചര്യം ആവശ്യമാണെന്ന നിലപാടിനെ ഇസ്ലാം മനുഷ്യ പ്രകൃതിക്ക് വിരുദ്ധമായിട്ടാണ് കാണുന്നത്. അതോടൊപ്പം എല്ലാതരം വർഗ വേർതിരിവുകളെയും അത് അവസാനിപ്പിക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി (സ) അരുൾചെയ്യുന്നു: ‘നിൻെറ നാഥന് നിൻെറമേൽ അവകാശമുണ്ട്, നിൻെറ ശരീരത്തിനും നിൻെറമേൽ അവകാശമുണ്ട്, നിൻെറ ആത്മാവിനും നിൻെറമേൽ അവകാശമുണ്ട്. എല്ലാറ്റിനും അവരുടെ അവകാശങ്ങൾ വകവെച്ചു നൽകുക’.

യുക്തിപൂർണ്ണമായ മതദർശനം

ഇസ്ലാം യുക്തിപൂർണ്ണമായ ഒരു മത ദർശനമാണ്, എന്നാൽ അത് ഒരിക്കലും പാശ്ചാത്യ കാഴ്ചപ്പാടിലുള്ള ഒരു മതമല്ല. പാശ്ചാത്യ പരികൽപ്പനയിലുള്ള ‘മത’മെന്ന പ്രയോഗം ദൈവവും വിശ്വാസിയും തമ്മിലുള്ള ഒരിടപാട് മാത്രമാണ്. എന്നാൽ ഇസ്ലാം മനുഷ്യൻെറ എല്ലാ മേഖലകളെയും രാഷ്ട്രത്തെയും ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ വ്യവസ്ഥയാണ്. ഇസ്ലാം നിങ്ങളും അല്ലാഹുവുമായുള്ള ബന്ധവും നിങ്ങൾ തമ്മിലുള്ള ബന്ധവും നിങ്ങളുടെ മാതാവും പിതാവുമായുള്ള ബന്ധവും കുട്ടികളും ബന്ധുക്കളുമായുള്ള ബന്ധവും അയൽക്കാരും അതിഥികളും ഇതര സഹോദരങ്ങളുമായുമൊക്കെയുള്ള ബന്ധങ്ങളും ദൃഡപ്പെടുത്തുന്നു. ഇത്തരം ബന്ധങ്ങളിലെല്ലാം അടങ്ങിയിരിക്കുന്ന നിങ്ങളുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമെല്ലാം ഇസ്ലാം വളരെ കൃത്യമായി നിർണ്ണയിച്ചിട്ടുമുണ്ട്.

ആരാധന കാര്യങ്ങൾ, മനുഷ്യാവകാശം, വിവാഹ-വിവാഹ മോചന നിയമങ്ങൾ, അനന്തരാവകാശ നിയമങ്ങൾ, പെരുമാറ്റ മര്യാദകൾ, അനുവദനീയവും അല്ലാത്തതുമായ ഭക്ഷണ പദാർഥങ്ങൾ, അണിയാൻ പാടുള്ളതും ഇല്ലാത്തതും, എങ്ങനെ ദൈവത്തെ ആരാധിക്കാം, യുദ്ധവും സമാധാനവും, സാമ്പത്തിക നിയമങ്ങൾ, പൊതു നിയമങ്ങൾ എന്നുതുടങ്ങി എല്ലാ മേഖലകളും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഇസ്ലാം യുക്തിപൂർണ്ണമായ ഒരു സമ്പൂർണ ജീവിത വ്യവസ്ഥയാണ്. അത് പള്ളിമൂലകളിൽ തളച്ചിടപ്പെടുന്നതല്ല. മറിച്ച് നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രവുമായ ഉള്ളടക്കത്തോട ്കൂടിയ സമ്പൂർണ വ്യവസ്ഥയാണത്.

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്, മൂസക്കുട്ടി വെട്ടിക്കാട്ടിരി

Related Articles