Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിന്റെ തത്വശാസ്ത്രം -എട്ട്

സംവാദങ്ങളിൽ സത്യസന്ധത, ആത്മാർത്ഥത, വിശാലത, ഗുണകാംക്ഷ തുടങ്ങിയ മൂല്യങ്ങൾക്ക് ഖുർആൻ പ്രാധാന്യം നൽകുന്നു. കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുകയും അതിൽ ഉത്തമമായതിനെ അനുധാവനം ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച പരാമർശം കഴിഞ്ഞ ഒരു പോസ്റ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. ഒപ്പം രണ്ട് പ്രധാന നിബന്ധനകൾ ഖുർആൻ പ്രത്യേകം മുന്നോട്ട് വെക്കുന്നതായി കാണാം.

ഒന്ന്) ഖൗലുൻ ലയ്യിൻ (സൗമ്യമായ സംസാരം gentle speech).
രണ്ട്) ജിദാലുൻ അഹ്‌സൻ (ക്രിയാത്മകമായ സംവാദം (creative discussion)

ഇതിൽ ഒന്നാമത്തെ നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്ന സന്ദര്‍ഭം പ്രത്യേകം പ്രസ്താവ്യമാണ്. കടുത്ത സ്വേഛാധികാരിയും ക്രൗര്യമുള്ള വംശീയവാദിയുമായ ഫറോവയുമായി സംവാദത്തിന് പുറപ്പെടാൻ മൂസാ നബിയോട് കൽപിക്കുകയാണ് അല്ലാഹു. ആ സമയത്താണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സൗമ്യമായി സംസാരിക്കണം. അതയാളെ പേടിച്ചിട്ടല്ല, മറിച്ച് സംവാദത്തിലുള്ള മര്യാദയും അതിന്റെ ഫലപ്രാപ്തിയിലുള്ള വിശ്വാസവും അനിവാര്യമാണ് ഒരു പ്രബോധകന്.

രണ്ടാമത് പറഞ്ഞതിൽ ജിദാൽ എന്ന പദം ഭാഷാർത്ഥം കൊണ്ട് സംവാദത്തെക്കാൾ ചേരുക തർക്കത്തിനാണ്. പ്രത്യക്ഷത്തിൽ കുതർക്കം എന്നൊക്കെ പറയാവുന്ന തരത്തിൽ നിഷേധാത്മകസ്വരമാണ് ആ പദത്തിനുള്ളതെങ്കിലും ദുഷ്ഫലമുളവാക്കുന്ന ഒന്ന് എന്ന തരത്തിലല്ലാതെ ഖുർആൻ തന്നെ ആ പദം ഉപയോഗിച്ചിട്ടുണ്ട്. അമ്പത്തെട്ടാമത്തെ ഖുർആൻ സൂറയിൽ തന്റെ ഭര്‍ത്താവിനെതിരായ പരാതിയുമായി പ്രവാചകനുമായി സംവാദത്തിലേര്‍പ്പെട്ട ഖൗല ബിന്‍ത് ഥഅലബ എന്ന സ്ത്രീയെ മുജാദില എന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം അവരുടെ വാദഗതികള്‍ക്കൊപ്പമായിരുന്നു ഖുർആൻ. പ്രയോജനപ്രദമായിത്തീര്‍ന്ന ഒന്ന് എന്ന രീതിയിലാണ് അവിടെ ജിദാൽ എന്ന പദം വരുന്നത്.

സ്വാഭാവികമായും നിഷ്പ്രയോജകമായ താര്‍ക്കിക വ്യവഹാരങ്ങളെ ഉപേക്ഷിച്ച് ക്രിയാത്മകമായ സംവാദങ്ങളിലേര്‍പ്പെടുക എന്നതാണ് ജാദിൽഹും ബില്ലതീ ഹിയ അഹ്‌സൻ (ഏറ്റവും ഉത്തമമായ രീതിയിൽ നീ അവരുമായി സംവദിക്കുക) എന്നതു കൊണ്ട് ഖുര്‍ആൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം. സംവാദത്തെക്കുറിച്ച മറ്റൊരു നിര്‍ദ്ദേശവും കൂടിയുണ്ട് ഖുര്‍ആനിൽ. ‘വരൂ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയിൽ പൊതുവായുള്ള തത്വത്തിലേക്ക് പോകാം’ എന്ന് തുടങ്ങണം എന്നതാണത്. യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ നിന്ന് തുടങ്ങാം എന്നു തന്നെ. ഉദ്ഗ്രഥനാത്മകമാവണം സംവാദമെന്നര്‍ത്ഥം.

Also read: അല്‍പം വ്യക്തിത്വ വികസന ചിന്തകള്‍

പ്രതിലോമകരമായ ചില പ്രവണതകൾ
പൊതുവെ മുന്നേ സൂചിപ്പിച്ച തരത്തിലുള്ള ജല്‍പം, വിതണ്ഡ, ചല, ജതി തുടങ്ങിയ പ്രവണതകളാണ് ഇന്ന് സംവാദമുഖങ്ങളിൽ കാണപ്പെടാറുള്ളത്. അറിവിന്റെയും നിലപാടുകളുടെയും വിനിമയത്തിനപ്പുറം സംവാദങ്ങളെല്ലാം തന്നെ കുതര്‍ക്കങ്ങളായി പരിണമിച്ചിരിക്കുന്നത് അതുകൊണ്ടാണ്. സത്യാന്വേഷണത്തെക്കാൾ ഇത്തരം തര്‍ക്കങ്ങളിൽ മുന്നിട്ടു നില്‍ക്കുക വൈയക്തികമായ ഈഗോ സ്ഥാപിക്കാനുള്ള ശ്രമങ്ങളാകുന്നു.

തന്റെ ഇന്റര്‍ലോക്യുട്ടറെ മുന്‍വിധിയോടെ മാത്രം വീക്ഷിക്കുക, അയാളിൽ തീര്‍പ്പുകൾ കല്‍പിക്കുക, ആ തീര്‍പ്പുകൾ സൃഷ്ടിക്കുന്ന അവജ്ഞ സംവാദത്തിലുടനീളം പ്രകടിപ്പിക്കുക തുടങ്ങിയവ ഇതിന്റെ ഫലങ്ങളാണ്. അതിനപ്പുറം, മതസംവാദങ്ങൾ എന്ന ഇനത്തില്‍പ്പെടുന്നവ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങളുമുണ്ട്. മതം യഥാര്‍ത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്ന വിശാലതയെയും മനുഷ്യസ്‌നേഹത്തെയും അദൃശ്യമാക്കുന്ന ചില പ്രവണതകളെ മതപാരമ്പര്യങ്ങൾ ഉള്‍ക്കൊള്ളുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ

ഒന്ന്) പുരോഹിതാധിപത്യം (ecclesiastical supremacy)
രണ്ട്) കടുത്ത ആത്മീയതയും ലോകനിഷേധപരമായ വൈരാഗ്യവും (asceticism)
മൂന്ന്) അക്ഷരവ്യഗ്രതയും മതതീവ്രതയും (radicalism)

Also read: റസൂൽ (സ) യെ കരയിച്ച ആയത്ത്

ഇതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണം മറ്റ് മതസമൂഹങ്ങളിൽ നിലനില്‍ക്കുന്ന അത്രത്തോളം വ്യവസ്ഥാപിതമായും ഹൈറാര്‍ക്കിക്കലായും മുസ്‌ലിം സമൂഹത്തിൽ നിലനില്‍ക്കുന്നില്ലെങ്കിലും പുരോഹിതാധിപത്യത്തിന്റെയും കടുത്ത ആത്മീയതയുടെയും സ്വാധീനങ്ങൾ പ്രകടമായിത്തന്നെ മുസ്‌ലിം പാരമ്പര്യവും ഉള്‍ക്കൊള്ളുന്നുണ്ട്.

മൂന്നാമത്തെ പ്രവണതയാകട്ടെ, എല്ലാ സ്ഥാപിത മതസമൂഹങ്ങളിലും ഏറിയും കുറഞ്ഞും നിലനില്‍ക്കുകയോ കാലാനുസൃതമായി അങ്ങനെയൊരു മനോഭാവം സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നു. അതേസമയം ഇപ്പറഞ്ഞ മൂന്ന് പ്രവണതകളോടും കടുത്ത നിഷേധാത്മക സമീപനമാണ് ഖുര്‍ആനും നബിവചനങ്ങളും പ്രകടിപ്പിക്കുന്നത്. റുഹ്ബാനിയഃ എന്നും റഹ്ബാനിയഃ എന്നും രണ്ട് പദങ്ങളുണ്ട്. റഹിബ എന്ന മൂലക്രിയയില്‍ നിന്നാണ് രണ്ടും വരുന്നത്. റഹിബ എന്നാല്‍ ഭയന്നു എന്നര്‍ത്ഥം. എന്നുവെച്ചാല്‍ ഈ രണ്ട് പദങ്ങളും ഭയത്തെ കുറിക്കുന്നതാണ്.

ഇതിൽ ആദ്യത്തെ പദവുമായി ബന്ധപ്പെട്ട റുഹ്ബാൻ എന്ന വാക്ക്, പുരോഹിതാധിപത്യവുമായി ബന്ധപ്പെടുത്തി ഖുര്‍ആൻ ഉപയോഗിച്ചിട്ടുണ്ട് സൂറഃ അത്തൗബയിൽ (34). റഹ്ബാനിയഃ എന്ന രണ്ടാം പദമാകട്ടെ, വിരക്തജീവിതം എന്ന അര്‍ത്ഥത്തിൽ സൂറഃ അല്‍ ഹദീദിലും വന്നിരിക്കുന്നു (27).

ഈ രണ്ട് പ്രവണതകളെയും തീര്‍ത്തും തള്ളിക്കളയുന്ന തരത്തിലാണ് അവിടെ പരാമര്‍ശങ്ങൾ, റഹിബ എന്ന പദനിഷ്പത്തിയെപ്പറ്റി സൂചിപ്പിച്ചുവല്ലോ. യഥാര്‍ത്ഥത്തിൽ ഭയമാണ് ഈ രണ്ട് സമ്പ്രദായങ്ങളുടെയും അടിസ്ഥാനം. ആളുകളെ ഭയത്തിലാഴ്ത്തിക്കൊണ്ട് മാത്രം നിലനില്‍പ് സാധ്യമാകുന്ന ഒന്നാണ് പുരോഹിതാധിപത്യമെങ്കിൽ, ഐഹികലോകത്തോടുള്ള അമിതമായ ഭയവും തന്റെ ആത്മീയവിശുദ്ധിയെ അത് തകരാറിലാക്കും എന്ന ആശങ്കയുമാണ് വൈരാഗ്യസന്യാസത്തിന്റെ പ്രതലം. അതായത്, പേടിപ്പിക്കുന്ന ഒന്നാണ് പുരോഹിതാധിപത്യം. വൈരാഗ്യസന്യാസമെന്നാൽ ഇഹലോകത്തെ പേടിക്കാൻ ശീലിപ്പിക്കുന്നതും.

Also read: വിശ്വാസിയുടെ പ്രാർത്ഥന എങ്ങനെയായിരിക്കണം?

അക്ഷരവ്യഗ്രതയുടെയും തീവ്രതയുടെയും കാര്യത്തിലാകട്ടെ, നിങ്ങൾ നിങ്ങളുടെ ദീനിൽ അതിരുകവിയരുത് എന്ന് അല്ലാഹു അരുളുന്നതായും ഖുര്‍ആനിൽ വായിക്കാം. ഈ പ്രവണതകളെല്ലാം തന്നെ മതത്തിന്റെ പുരോഗമനപരവും വിപ്ലവാത്മകവുമായ സാമൂഹ്യ ഉള്ളടക്കത്തെ ചോര്‍ത്തിക്കളയുകയാണ് ചെയ്യുന്നത്. ഫലത്തിൽ മതമെന്നാൽ പരമ്പരാഗതമായ കുറെ ആചാരങ്ങളുടെ കെട്ടുകൾ മാത്രമായിത്തീരുന്നു. പിന്നെയതിന് മറ്റുള്ളവരോട് യാതൊന്നും പറയാനില്ലാതാവും.

അങ്ങനെയാവുന്നതോടെ മതത്തിന്റെ സംവാദസാധ്യത തന്നെ അസ്തമിക്കും. മറ്റ് സമൂഹങ്ങളോട് കടുത്ത മുന്‍വിധി കൂടി ഉണ്ടായിത്തീരുന്നതോടെ ഈയവസ്ഥ അല്‍പം കൂടി അപകടകരമായ തലം ആര്‍ജിക്കുന്നു. റാഡിക്കലിസ്റ്റുകളായ ഒരു സായുധസമൂഹവും അതിനെ നിയന്ത്രിക്കുന്ന പുരോഹിതാധിപത്യവും ഒന്നിച്ചു ചേരുന്നതോടെ ഇത് അതിമാരകമായ രൂപവും കൈവരിക്കും. അത്തരമൊരവസ്ഥയിൽ സംവാദം എന്നത് തീര്‍ത്തും അപ്രായോഗികമായ ഒരാശയമായും മാറുന്നു. എന്തായാലും ചരിത്രത്തെ മുന്നോട്ട് നയിക്കുകയും ശരിയായ സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കുകയും ചെയ്തുപോന്ന ഒരു സംവിധാനവും സംസ്‌കാരവുമാണ് സംവാദങ്ങൾ. ആശയപ്രബോധനത്തിൽ ഇവ വഹിച്ച പങ്കും അളവറ്റതാണ്.

Related Articles