Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിന്റെ തത്വശാസ്ത്രം -അഞ്ച്

ഇസ്‌ലാമിക പ്രതലത്തിലേക്ക് വരുമ്പോൾ എന്തിലുമെന്ന പോലെ ഇതിലും നിയ്യത്ത് പ്രധാനമായി വരുന്നു. സത്യം കണ്ടെത്തുകയോ സ്ഥാപിക്കുകയോ ചെയ്യുക എന്നതിനപ്പുറം വൈയക്തികമായ ഈഗോയുടെ സംസ്ഥാപനം എന്നതിലേക്ക് ഉദ്ദേശ്യം വഴിമാറിപ്പോയാൽ ഏതൊരു കര്‍മവും പോലെ സംവാദവും നിഷ്ഫലമായിപ്പോകും എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.

ഇമാം അൽ ഗസാലി ചില പദങ്ങളിലൂടെ ആശാസ്യവും അനാശാസ്യവുമായ സംവാദങ്ങളെ വിവരിച്ചത് കാണാം.

മുനാളറ- ആരോഗ്യകരവും പ്രയോജനപ്രദവുമായ സംവാദങ്ങളെ ഗസാലി മുനാളറ എന്നാണ് വിളിക്കുന്നത്. നള്ര്‍ എന്നാൽ വീക്ഷണം. വീക്ഷണങ്ങളുടെ വിനിമയമാണ് മുനാളറ (argumentation, corresponding). വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും എന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രസ്താവന വിഖ്യാതമാണല്ലോ. വീക്ഷണങ്ങളിലും നിലപാടുകളിലും അന്തരങ്ങളുണ്ടാവും, കടുത്ത വൈരുധ്യങ്ങളുമുണ്ടാവും. ഈ വൈവിധ്യങ്ങളെ പരസ്പരം കൈമാറുക എന്നതാണ് മുനാളറയുടെ ലക്ഷ്യം.

മറുപക്ഷത്ത് നില്‍ക്കുന്നയാളോട് സംസാരിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടായേക്കാം എന്ന തോന്നലിലാണല്ലോ നാം സംവാദത്തിലേര്‍പ്പെടുക. താൻ പറയുന്നത് അയാൾ കേള്‍ക്കണം എന്ന് നാമോരോരുത്തരും ആഗ്രഹിക്കുന്നു. സ്വാഭാവികമായും അയാൾ പറയുന്നത് കേള്‍ക്കാന്‍ നമുക്കും ബാധ്യതയുണ്ട്. നാം പറയുന്നത് അയാള്‍ക്ക് പ്രയോജനപ്പെട്ടേക്കാം എന്ന് നാം ചിന്തിക്കുന്നത് പോലെ തിരിച്ചിങ്ങോട്ടും ചിന്തിക്കാന്‍ അയാള്‍ക്കവകാശമുണ്ട്. മാത്രവുമല്ല, പറയുന്നത് മാത്രമല്ല കേള്‍ക്കുന്നതും നമുക്ക് തന്നെ പ്രയോജനപ്രദമാവും എന്ന് ചിന്തിക്കാനുള്ള വിവേകവും അനിവാര്യമാണ്.

Also read: ബാർബറോസ: കടൽക്കൊള്ളക്കാരൻ അഡ്മിറലായ കഥ

ബോധമുള്ളവരുടെ അഥവാ മുഅ്മിനുകളുടെ ലക്ഷണമായി ഖുര്‍ആൻ അല്ലദീന യസ്തമിഊനൽ ഖൗല വ യത്തബിഊന അഹ്‌സന എന്ന് പ്രസ്താവിക്കുന്നുണ്ടല്ലോ. കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും അതില്‍ ഉത്തമമായതിനെ അനുധാവനം ചെയ്യുകയും ചെയ്യുന്നവർ എന്നര്‍ത്ഥം. പറയപ്പെട്ടതെന്താണെന്ന് പരിശോധിക്കുന്നതിന് പകരം പറയുന്നതാരാണെന്ന് നോക്കുന്ന സമകാലിക പണ്ഡിതന്മാരെ ഗസാലി നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

മുനാളറ എന്ന സംവാദരീതിയുടെ സവിശേഷതകളെ ഇപ്രകാരം സംക്ഷേപിക്കാം. വീക്ഷണങ്ങൾ പരസ്പരം വിനിമയം ചെയ്യുക, ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുക. അടിച്ചേല്‍പിക്കാനുള്ള യാതൊരു ശ്രമവും നടത്താതിരിക്കുക. ആരുടെയും ബോധ്യങ്ങള്‍ക്ക് മേൽ മറ്റാര്‍ക്കും ഒരധികാരവും ഇല്ല. പിരിഞ്ഞു പോകുമ്പോഴും മനസ്സുകള്‍ പരസ്പരം തുറന്നു തന്നെയിരിക്കക.

ആശയങ്ങള്‍ തമ്മിലുള്ള ഏറ്റവും സാര്‍ത്ഥകമായ പോരാട്ടം സംവാദം തന്നെയാണ്. പോരാട്ടമല്ലത്, വിനിമയമാണ്. വാക്കും വാളും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. ഏറ്റവും ശരിയായി ഉപയോഗിക്കാവുന്ന ആയുധമാണ് വാക്ക്. അല്‍പം തെറ്റിയാല്‍ അത് വാളിനെക്കാള്‍ മാരകവും ആയിത്തീരും.

Also read: മൗലികതയും മൗലവികതയും

മുജാദല- മനോവിശാലതയുടെ അഭാവത്തിൽ വീക്ഷണവിനിമയം അഥവാ മുനാളറ, മുജാദല ആയിപ്പോകാന്‍ സാധ്യതയുണ്ടെന്ന് ഗസാലി പറയുന്നു. നിരന്തരം എതിര്‍ത്തുകൊണ്ടേയിരിക്കുക (expostulation) എന്നതാണത്. കഴിഞ്ഞ പോസ്റ്റില്‍ നാം പറഞ്ഞ, കുതര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളൊക്കെ വരുന്നത് മുജാദലയിലാണ്.

മുകാബറ- ഈ വ്യതിയാനത്തിന്റെ പ്രധാന കാരണം നിഷേധാത്മകമായ ഈഗോ സെന്‍സ് ആണ്. പരസ്പരം അറിയാനും അറിയിക്കാനുമല്ലാതെ തന്റെ ഈഗോയെ സ്ഥാപിക്കാനാണ് സംവാദമെങ്കില്‍ അതിനെ ഇമാം ഗസാലി വിളിക്കുന്നത് മുകാബറ എന്നാണ്. കിബ്ര്‍ എന്നുവെച്ചാല്‍ അഹന്ത എന്നര്‍ത്ഥം.

കാണാൻ കഴിയാത്ത ശത്രുക്കളോട് ജിഹാദ് പ്രഖ്യാപിക്കാന്‍ ഉപദേശിക്കുന്നുണ്ട് ഇമാം ഗസാലി. അഹംഭാവം, മദം, ദുരഭിമാനം, സ്വാര്‍ത്ഥത, ലോഭം, കാമം, അസഹിഷ്ണുത, ദ്വേഷം, വ്യാജം, ചതി, കിംവദന്തി, പഴി എന്നിവയാണവ. നാം പറയുന്നത് എത്രതന്നെ സത്യമാണെങ്കിലും മുജാദലയും മുകാബറയും മനസ്സിനെ ഇടുക്കുകയും മറ്റുള്ളവരില്‍ നിന്ന് അതിനെ കൊട്ടിയടക്കുകയും ചെയ്യും. എന്നാല്‍ മുനാളറയാകട്ടെ, പറയാനുള്ളത് കൃത്യമായും ദൃഢതയോടെയും പറയുക എന്നതോടൊപ്പം തന്നെ മനസ്സിനെ എല്ലായ്‌പോഴും തുറന്നിടുക എന്നതുമത്രേ.

Related Articles