Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിന്റെ തത്വശാസ്ത്രം -നാല്

ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയാനോ സ്ഥാപിക്കാനോ വേണ്ടി, പരസ്പരഭിന്നമായ ആശയങ്ങൾ വെച്ചുപുലര്‍ത്തുന്ന രണ്ടോ അതിലധികമോ പേർ നടത്തുന്ന വിഹിതമായ ചര്‍ച്ച എന്ന് സംവാദത്തെ നിര്‍വചിക്കാം. ഭിന്നങ്ങളും വിവിധങ്ങളുമായ ദര്‍ശനപദ്ധതികൾ ഉടലെടുത്ത പ്രദേശമായ ഇന്ത്യയിൽ സംവാദങ്ങള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കുകയും അതിന്റെ വിവിധഘടകങ്ങളെ മുഖ്യവിഷയങ്ങളായി പരിഗണിക്കുകയും ചെയ്ത ഒരു ദര്‍ശനപദ്ധതിയാണ് ഗൗതമൻ അവതരിപ്പിച്ച ന്യായദര്‍ശനം. ഗൗതമൻ വിശകലനം ചെയ്യുന്ന വിഷയങ്ങളിൽ ഒരു സംവാദത്തിൽ അനിവാര്യമായ കാര്യങ്ങൾ വരുന്നുണ്ട്. ഒപ്പം വിഹിതമായ ചര്‍ച്ചകളെ അന്യായമായ കുതര്‍ക്കങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന, ഒരിക്കലും അനുവദിക്കാൻ പറ്റാത്ത ഘടകങ്ങളും അതിൽ കടന്നുവരുന്നു.

ഗൗതമസൂത്രങ്ങളിൽ എണ്ണിപ്പറയുന്ന ഘടകങ്ങളെ സംവാദവുമായി ബന്ധപ്പെടുത്തി മൂന്ന് ഇനങ്ങളാക്കി തിരിക്കാം. സംവാദം രൂപപ്പെടണമെങ്കിൽ ഉണ്ടാവേണ്ട കാര്യങ്ങളാണ് ഇതിൽ ഒന്നാമത്തെ ഇനം. പ്രമേയം ആണ് ഇതിൽ പ്രധാനം. അറിയേണ്ട കാര്യത്തെ, വസ്തുവിനെ, വസ്തുതയെ, സിദ്ധാന്തത്തെ ഒക്കെയാണ് (object of valid knowledge) പ്രമേയം എന്ന് പറയുക. അനിവാര്യമായ രണ്ടാമത്തെ ഘടകം പ്രമാണം ആണ്. അറിവിന്റെ സ്വീകാര്യമായ അടിത്തറയാണത് (valid means of knowledge).

പ്രമാണത്തിന് ഒരു നിർവചനമുണ്ട്. പ്രമേതാവിന് (ജ്ഞാനാർത്ഥി, അന്വേഷകൻ, സംവാദകൻ) പ്രമേയത്തെപ്പറ്റി (വിഷയം), പ്രമ (ജ്ഞാനം) നൽകുന്ന മാർഗമാണ് പ്രമാണം. സംവാദത്തിന്റെ ശരിയായ രീതികളെ അടയാളപ്പെടുത്തുന്നതാണ് ഗൌതമസൂത്രങ്ങളിലെ രണ്ടാമത്തെ ഇനം.

Also read: കാരുണ്യം, അല്ലാഹുവിൻെറ വിശേഷണളിലൊന്നാണ്

വാദങ്ങൾ കൊണ്ടുണ്ടാവേണ്ട പ്രയോജനമാണ് ഇതിൽ പ്രധാനം. അടുത്തത് സംശയം. നിരാകരണബോധത്തിൽ നിന്നാണ് സംശയം ഉണ്ടാകുന്നത്. നിരാകരണത്തിന്റെ പ്രാധാന്യം മുൻ പോസ്റ്റുകളിൽ വിവരിച്ചിട്ടുണ്ടല്ലോ. സംശയം അഥവാ നിരാകരണം ഇല്ലാതെ വാദമില്ല. സംശയത്തിൽ നിന്ന് വാദമുണ്ടാകുന്നു. അതെത്തുടര്‍ന്ന് വാദത്തിൽ അനിവാര്യമായ മറ്റ് ഘടകങ്ങളും. വാദപ്രതിവാദവാക്യങ്ങൾ, ഊഹാധിഷ്ഠിതമായ യുക്തികൾ (hypothetical reasoning), വാദത്തെ സ്ഥാപിക്കുന്ന ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും, സിദ്ധാന്തം, നിഗമനം തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും.

മൂന്നാമത്തെ ഇനത്തിൽ വരുന്നത് ന്യായവും വിഹിതവുമായ സംവാദങ്ങളിൽ അഭികാമ്യമല്ലാത്തതും വാദങ്ങളെ കുതര്‍ക്കങ്ങളാക്കി മാറ്റുന്നതുമായ ഘടകങ്ങളാണ്. ജല്‍പം, വിതണ്ഡ, ചല, ജതി തുടങ്ങിയവയാണ് അവ. സത്യത്തോടോ സത്യാന്വേഷണത്തോടോ യാതൊരാഭിമുഖ്യവുമില്ലാതെ എതിരാളിയെ തോല്‍പിക്കുക എന്ന ഉദ്ദേശ്യത്തിൽ മാത്രം നടത്തുന്ന വാചാടോപങ്ങളാണ് ജല്‍പം (wrangling).

സ്വന്തമായ വാദം സ്ഥാപിക്കാൻ വേണ്ടിയെങ്കിലും മറുപക്ഷത്തെ നിരന്തരം അയുക്തികമായി ഖണ്ഡിക്കുന്ന നിലപാടിനെ വിതണ്ഡ (caviling) എന്നും പറയാം. വക്രോക്തികൾ ഉന്നയിച്ച് യഥാര്‍ത്ഥവിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാനോ വിഷയത്തെ വഴിതിരിച്ചുവിടാനോ ഉള്ള ശ്രമങ്ങളെ ചല (quibbling) എന്ന് വിളിക്കുന്നു.

Also read: പരസ്പര താരതമ്യം: ആത്മനാശത്തെ കരുതിയിരിക്കുക

തെറ്റും കൃത്രിമവുമായ താരതമ്യങ്ങളാണ് ജതി (sophisticated refutations). ഇത്തരം ശ്രമങ്ങൾ സംവാദത്തിന്റെ നിറം കെടുത്തുകയും നിലപാടുകളെ പരിഹാസ്യമാക്കുകയും ചെയ്യുന്നു. സത്യസന്ധതയും ആര്‍ജവവുമാകണം സംവാദങ്ങളുടെ മുഖമുദ്ര. അതാകട്ടെ, ഉന്നയിക്കുന്ന വിഷയത്തിൽ നമുക്കുള്ള നിലപാടിനോടുള്ള തികഞ്ഞ ബോധ്യത്തെയും കൂടിയാണ് അടയാളപ്പെടുത്തുക. താൻ പറയുന്നതിൽ തനിക്ക് തന്നെ ബോധ്യമില്ലായ്മയാണ് ഇത്തരം കൃത്രിമത്വങ്ങളിലേക്ക് നയിക്കുക.

മറുപക്ഷത്തിരിക്കുന്നയാളെ ഒരു എതിരാളിയായി കാണാതിരിക്കുക എന്നതാണ് സംവാദം പ്രയോജനപ്രദമായിത്തീരാൻ ആവശ്യമായ പ്രധാന ഘടകം. ശത്രു, കലാപകാരി, പ്രതിയോഗി, എതിരാളി (enemy, rival, adversary, opponent) തുടങ്ങിയ നിലകളിലല്ല മറുപക്ഷത്തെ കാണേണ്ടത്. സംവാദത്തിൽ രണ്ട് കക്ഷികളും പരസ്പരം ഇന്റര്‍ലോക്യുട്ടര്‍മാർ (പ്രതിവാദകന്മാർ interlocutors) മാത്രമാണ്.

Related Articles