Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിന്റെ തത്വശാസ്ത്രം -മൂന്ന്

കാര്‍ട്ടീസിയൻ സംവാദങ്ങളും യുക്തിയെയാണ് ആശ്രയിക്കുന്നത്. വിശകലനത്തിന്റെ നാല് നിയമങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് ഹൊനെ ദെകാർത്ത് (Rene Descartes).

ഒന്ന്) ഒരു കാര്യത്തെ വ്യക്തമായും വിവേചിച്ചും അറിയുന്നത് വരെ അതിനെ സത്യമെന്ന് കരുതാൻ നമുക്കാവില്ല.
രണ്ട്) ഈ അറിവ് ഉള്‍ക്കൊള്ളുന്നതിന് വസ്തുതകളെയും വാദങ്ങളെയും ചെറുഘടകങ്ങളാക്കിത്തിരിക്കേണ്ടതുണ്ട്. എല്ലാ ചെറുവിചാരങ്ങളെയും അളന്നും തൂക്കിയും പഠിക്കുകയും വേണം.
മൂന്ന്) ലാളിത്യത്തിൽ നിന്ന് സങ്കീര്‍ണതയിലേക്കാണ് തത്വചിന്ത സഞ്ചരിക്കേണ്ടത്. എങ്കിലേ പുതിയ ഉള്‍ക്കാഴ്ച സ്വരൂപിക്കാനാവൂ.
നാല്) വാദത്തിന്റെ സകല ബന്ധങ്ങളെയും കൃത്യമായി പരിശോധിച്ചുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അങ്ങനെ തത്വചിന്താപരമായ തീര്‍പ്പ് കൈയെത്തുന്ന ദൂരത്തിലാവും.

തെളിവും പ്രസ്താവനയും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി വ്യത്യസ്തവും വിരുദ്ധവുമായ വിശകലനങ്ങളുണ്ട്. ജ്ഞാനത്തിന്റെ സ്വത്വഃപ്രാമാണ്യത്തിലാണ് ഇന്ത്യൻ ദാർശനികനായ ജൈമിനി ഊന്നിയിരുന്നത്. അതായത്, ജ്ഞാനം സ്വയം തന്നെ ഒരു പ്രമാണമാണ്.

Also read: കാരുണ്യം, അല്ലാഹുവിൻെറ വിശേഷണളിലൊന്നാണ്

വിപരീതമായ തെളിവുകളാൽ തെറ്റെന്ന് തെളിയുന്നത് വരെ എല്ലാ അറിവും സത്യമാണെന്ന് ജൈമിനി സിദ്ധാന്തിച്ചപ്പോൾ, ഗോതമൻ, കണാദൻ തുടങ്ങിയ മറ്റു ചില ഇന്ത്യൻ ദാർശനികർ അനുകൂലതെളിവുകളാൽ ശരിയെന്ന് സ്ഥാപിക്കപ്പെട്ടെങ്കിലല്ലാതെ ഒരറിവും സത്യമല്ലെന്നും വാദിച്ചു.

വ്യക്തമായും വിവേചിച്ചും തെളിയിക്കപ്പെടുന്നത് വരെ ഒരറിവും സത്യമല്ലെന്ന് തന്നെയാണ് ദെകാർത്തിന്റെയും മതം. എന്നാൽ തെളിവുകൾക്ക് അദ്ദേഹം ആശ്രയിച്ചത് യുക്തിയെയും വിവേചനബോധത്തെയുമാണ്.

ആകയാൽ കാർട്ടീസിയൻ തത്വശാസ്ത്രം യുക്തിവാദമായി അറിയപ്പെടുന്നു. പ്രതിവാദം, നിരാകരണം എന്നിവയ്ക്ക് സോക്രട്ടീസിനെപ്പോലെ ദെകാര്‍ത്തും പ്രാധാന്യം നല്‍കി.

എല്ലാത്തിനെയും സംശയിക്കുക എന്നത് മാത്രമാണ് നിശ്ചിതത്വമുള്ള ഏകപ്രക്രിയ. സംശയിക്കുമ്പോഴാണ് നാം ചിന്തിക്കാന്‍ നിര്‍ബ്ബന്ധിതരാവുക. ചിന്തിക്കുന്നുണ്ടെങ്കില്‍ നാം ഉണ്ടെന്ന് തീര്‍ച്ചയാണ്. കോഗിറ്റോ എർഗോ സും (Cogito Ergo Sum/ I think, therefore I am).

അനുഭവത്തെക്കാൾ പ്രധാനം ചിന്തയാണ്, യുക്തിയാണ്.

തന്റെ യുക്തിചിന്തയുടെയും സംവാദന്യായങ്ങളുടെയും അടിസ്ഥാനത്തിലാണ് ദൈവാസ്തിക്യത്തെയും ദെകാര്‍ത് സമീപിക്കുന്നത്. ദൈവം എന്ന ആശയത്തിന്റെ ഉല്‍പത്തിയെക്കുറിച്ച വാദം (Argument from the origin of the idea of God) എന്നും സത്താശാസ്ത്രപരമായ വാദം (Ontological argument) എന്നും ഇതറിയപ്പെടുന്നു.

ഇത് സംബന്ധമായി ദെകാര്‍ത് മുന്നോട്ടുവെക്കുന്ന ആര്‍ഗുമെന്റിന്റെ പ്രധാന അടിസ്ഥാനങ്ങൾ കാര്യ-കാരണങ്ങളുമായി ബന്ധപ്പെട്ടതാണ്.

Also read: പരസ്പര താരതമ്യം: ആത്മനാശത്തെ കരുതിയിരിക്കുക

അതായത്, ആശയമായാലും വസ്തുവായാലും (ഐഡിയയായാലും മാറ്ററായാലും) ഏതിനും ഒരു ഉല്‍പത്തി, കാരണം ഉണ്ടായിരിക്കും. ഈ കാരണമാകട്ടെ, അതിൽ നിന്നുല്‍ഭൂതമാകുന്ന ആശയത്തെക്കാൾ, വസ്തുവിനെക്കാൾ വലുതും ബൃഹത്തുമായിരിക്കും.

ഇതിന്റെ അടിസ്ഥാനത്തിൽ, ദൈവം എന്ന ആശയത്തിന്റെ ഉല്‍പത്തിയെക്കുറിച്ച കാര്‍ട്ടീസിയൻ വാദങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.

1) ഒട്ടേറെ കാര്യങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ നമുക്കുണ്ട്.
2) ഈ ആശയങ്ങളെല്ലാം ഒന്നുകിൽ നമുക്കകത്ത് നിന്നോ അല്ലെങ്കിൽ പുറത്തുള്ള എന്തിൽ നിന്നെങ്കിലുമോ ഉല്‍ഭവിച്ചതാണ്.
3) ഈ ആശയങ്ങളിൽ ഒന്നാണ് അനന്തനും (infinite) സര്‍വാതിശായിയായ അസ്തിത്വവുമായ (all perfect being) ദൈവത്തെക്കുറിച്ച ആശയം.
4) ഈ ആശയം ഒരിക്കലും നമ്മുടെ ഉള്ളിൽ നിന്ന് ഉല്‍ഭവിച്ചതാവാൻ സാധ്യതയില്ല. എന്തെന്നാൽ നാം പരിമിതരും അപൂര്‍ണരുമാണ് (limited and imperfect). ഒരിക്കലും കാര്യം അതിന്റെ കാരണത്തെക്കാൾ ബൃഹത്താകില്ല (no effect can be greater than it’s cause).

5) ആയതിനാൽ ഈ ആശയത്തിന്റെ ഉല്‍പത്തി നമുക്ക് പുറത്തുള്ള എന്തെങ്കിലുമായിരിക്കാം. അതാകട്ടെ, ദൈവം എന്ന ആശയത്തെക്കാൾ ബൃഹത്തായ ഗുണങ്ങളുള്‍ക്കൊള്ളുന്നതായിരിക്കണം.
6) എന്നാൽ ദൈവം എന്ന ആശയത്തിൽ സങ്കല്‍പിക്കപ്പെടുന്നതിനെക്കാള്‍ ബൃഹത്തായ ഗുണങ്ങൾ എവിടെയും കണ്ടെത്തുക സാധ്യമല്ല.
7) ആകയാൽ ദൈവം എന്ന ആശയത്തിന്റെ കാരണവും ദൈവം തന്നെയാണ്.
8) Therefore God exists.

എന്തായാലും വാദത്തിന്റെ എല്ലാ ബന്ധങ്ങളെയും സങ്കീർണതകളെയും കൃത്യമായും സൂക്ഷ്മമായും പരിശോധിച്ചു കൊണ്ട് തത്വചിന്താപരമായ തീർപ്പിലേക്കെത്തുക എന്നതാണ് കാർട്ടീസിയൻ സംവാദങ്ങളുടെ സ്വഭാവം.

Related Articles