Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിൻ്റെ തത്വശാസ്ത്രം -രണ്ട്

തത്വചിന്തയുടെ ചരിത്രത്തിൽ ഡിബേറ്റുകൾ സുപ്രധാനമായ ഒരു ശീര്‍ഷകം തന്നെയാണ്. സോക്രട്ടീസ് സംവാദകലയെ ജ്ഞാനാന്വേഷണത്തിന്റെ മുഖ്യോപാധിയായി കണ്ടു. സവിശേഷമായ സംവാദരീതിയും അദ്ദേഹം ആവിഷ്‌കരിച്ചു. സോക്രാട്ടിക് ഡിബേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആധുനികചിന്തയിൽ ദെകാര്‍ത് അവതരിപ്പിച്ച സംവാദരീതിയും വിഖ്യാതമാണ്. കാര്‍ട്ടീസിയന്‍ ഡിബേറ്റ് എന്ന് വിളിക്കപ്പെടുന്നു ഇത്.

തന്റെ അനുഭവങ്ങളോടൊപ്പം, തന്നെ നയിക്കുന്ന യുക്തിയും അതിനും മുകളിൽ തന്നിൽ നിറഞ്ഞു നില്‍ക്കുന്ന ആന്തരിക ശബ്ദവും ചേര്‍ന്നതാണ് തന്റെ ജ്ഞാനപ്രമാണങ്ങൾ എന്ന് പ്രഖ്യാപിച്ച സോക്രട്ടീസ് വെളിപാടുകളുടെ പ്രാധാന്യത്തിലാണ് ഊന്നുന്നത്. വെളിപാടുകളുടെ പ്രസക്തിയെ തന്റെ യുക്തിവാദത്തിലൂടെ ദെകാര്‍ത്തും സ്ഥാപിക്കുന്നുണ്ട്.

നിലനില്‍ക്കുന്ന ധാരണകളെയും സാമൂഹ്യസമ്പ്രദായങ്ങളെയും സോക്രട്ടീസ് നിശിതമായി ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിൽ ചോദ്യം ചെയ്യലിന് വലിയ പ്രാധാന്യമാണുള്ളത്. അതിനാല്‍ത്തന്നെ സോക്രാട്ടിക് ഡിബേറ്റിനെ അഥവാ ഡിബേറ്റിലെ സോക്രാട്ടിക് മെഥേഡിനെ മെഥേഡ് ഒഫ് എലങ്കസ് (method of Elenchus or Elenctic method) എന്ന് വിളിക്കുന്നു. തര്‍ക്കശാസ്ത്രപരമായ പ്രതിവാദം (logical refutation) എന്നാണ് elenchus എന്ന പദത്തിന്റെ അര്‍ത്ഥം.

സോക്രട്ടീസിന്റെ ഈ നിരാകരണത്തിന് അന്നത്തെ ആസ്ഥാന തത്വചിന്തകന്മാരായ സോഫിസ്റ്റുകളും ഇരയായി. പണ്ഡിതോചിതവും പ്രമാണബദ്ധവുമായ മുന്‍വിധികൾ വെച്ചുപുലര്‍ത്തുന്നവരായിരുന്നു സോഫിസ്റ്റുകൾ. സങ്കീര്‍ണമായ ജീവിതം സങ്കീര്‍ണമായ ചോദ്യങ്ങളും ഉല്‍പാദിപ്പിക്കുന്നുണ്ട്.

Also read: ലോകം നിശ്ചലമായിരിക്കെ നമുക്ക് റമദാനിനെ സ്വാഗതം ചെയ്യാം

ഉറച്ചതെങ്കിലും തെറ്റാവാൻ നല്ല സാധ്യതയുള്ള മുന്‍വിധികളും ധാരണകളുമുള്ളവരാണ് പണ്ഡിതന്മാർ. ഈ നിലപാടിലൂടെ അവർ അവരവരെത്തന്നെയും ലോകത്തെയും വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരാകട്ടെ. ചോദ്യങ്ങളോട് വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു. ഇതിലൂടെ അവർ വൈജ്ഞാനികവും സാമൂഹികവുമായ പുരോഗതിയോട് പുറം തിരിയുന്നു. ഈ രണ്ട് മനോഭാവങ്ങളെയും സോക്രട്ടീസ് ഒട്ടും ദയയില്ലാതെ പരിഹസിച്ചു.

അറിവിനെസ്സംബന്ധിച്ച് “പണ്ഡിതോചിതം” മാത്രമായ മുൻവിധികൾ വച്ചു പുലർത്തുകയും പാണ്ഡിത്യത്തിന്റേതായ മാനദണ്ഡങ്ങൾ സ്വീകരിച്ച് ജ്ഞാനികളെന്ന ഭാവത്തിൽ പ്രസംഗിച്ചു നടക്കുകയും ചെയ്തവരാണ് സോഫിസ്റ്റുകൾ എന്ന് പറഞ്ഞല്ലോ. ഈ മുൻവിധികളെയും മാനദണ്ഡങ്ങളെയും സോഫോസ് (Sophos) എന്നു വിളിക്കാം.

തങ്ങളാണ് ജ്ഞാനികൾ എന്ന ഈ ഭാവത്തെ പ്രതിരോധിച്ച്, താൻ ഒന്നുമറിയാത്തവനാണെന്ന് പ്രഖ്യാപിക്കുകയും എന്നാൽ ചോദ്യങ്ങളിലൂടെയും അന്വേഷണത്തിലൂടെയും ജ്ഞാനമാർജിക്കാനുള്ള കഴിവ് യുവാക്കളിൽ വളർത്തുകയും ചെയ്ത സോക്രട്ടീസിനെ ചരിത്രം ആദ്യത്തെ ഫിലോസഫർ എന്ന് രേഖപ്പെടുത്തുന്നു.

അതായത്, അറിവിനെ ജനാധിപത്യവൽക്കരിക്കുകയാണ് സോക്രട്ടീസ് ചെയ്തത്. ഒപ്പം രാഷ്ട്രീയ ജനായത്തത്തിനു വേണ്ടിയും സ്ത്രീയുടെ തുല്യപങ്കാളിത്തത്തിനു വേണ്ടിയും കൂടി നില കൊണ്ടു. എന്തായാലും അറിവിന്റെ കുത്തകവൽക്കരണത്തിനെതിരെയാണ് ഫിലോസഫി ഉണ്ടായത് എന്നർത്ഥം.

Also read: കൊറോണ കാലത്ത് മക്കളെ ഡയറി എഴുതാൻ ശീലിപ്പിക്കാം

സോഫോസ് എന്ന പദത്തിനെതിരെ ഫിലോസോഫോസ് (Philosophos) എന്ന വാക്ക് ആദ്യമായുപയോഗിച്ചത്, പക്ഷേ പൈതഗോറസ് ആണ്. ജ്ഞാനത്തെപ്പറ്റി പ്രസംഗിക്കുകയല്ല, ജ്ഞാനിയായി ജീവിക്കുകയാണ് വേണ്ടതെന്ന് ഇതിലൂടെ അദ്ദേഹം പഠിപ്പിച്ചു. Lover of Wisdom എന്നാണ് Philosopher എന്നതിന് അർത്ഥം.

എന്തായാലും, ഈ നിലപാടിൽ നിന്ന് തന്നെയാണ് എലങ്ടിക് മേഥേഡ് എന്ന സോക്രാട്ടിക് മെഥേഡും ഉരുത്തിരിയുന്നത്. പ്രതിവാദം അഥവാ നിരാകരണം എന്ന് സോക്രാട്ടിക് ഡിബേറ്റിനെ വിളിക്കുന്നത് അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ സംവാദരീതിയെ വിശകലനം ചെയ്തുകൊണ്ട് ഗ്രിഗറി വ്‌ലാസ്റ്റോസ് അതിന് അഞ്ച് ഘട്ടങ്ങളുള്ളതായി ചൂണ്ടിക്കാണിക്കുന്നു.

Also read: കൊറോണ ബാധിച്ചവരുടെ മയ്യിത്ത് ദഹിപ്പിക്കുന്നതിന്റെ വിധി

ഒന്ന്) സോക്രട്ടീസിന്റെ പ്രതിവാദകന്‍ (interlocutor) ഒരു വാദം ഉന്നയിക്കുകയും സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

രണ്ട്) ആ വാദം തെറ്റാണെന്നാണ് സോക്രട്ടീസിന്റെ പക്ഷം. അത് തെളിയിക്കാൻ അദ്ദേഹം തീരുമാനിക്കുന്നു.

മൂന്ന്) ഇതിനായി അദ്ദേഹം പ്രതിവാദകന്റെ സിദ്ധാന്തത്തെ, അയാളും കൂടി അംഗീകരിക്കാൻ നിര്‍ബ്ബന്ധിതനായ, എന്നാൽ പ്രത്യക്ഷത്തിൽ വിഷയത്തിന് പുറത്തുള്ള പരിസരങ്ങളിലേക്ക് കൂടി കൊണ്ടുചെന്ന് ബന്ധിക്കുന്നു.

നാല്) ഈ പരിസരങ്ങളുമായി വൈരുധ്യം നിലനില്‍ക്കുന്ന ഒരു വാദമാണ് പ്രതിവാദകന്റേത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഇതാകട്ടെ, അയാൾക്കും സമ്മതിക്കേണ്ടി വരുന്ന തരത്തിൽ ഭദ്രവുമായിരിക്കും.

അഞ്ച്) ഈ വൈരുധ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ഇന്റർലോക്യൂട്ടറുടെ സിദ്ധാന്തം തെറ്റാണ് എന്നും അതിന്റെ നിരാകരണമാണ് ശരി എന്നും സോക്രട്ടീസ് അവകാശപ്പെടുന്നു.

നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് വ്യക്തികളുടെ യുക്തിബോധത്തിലാണ് ഉള്ളതെന്ന് സോക്രട്ടീസ് സിദ്ധാന്തിച്ചു. അദ്ദേഹത്തെസ്സംബന്ധിച്ചിടത്തോളം സംവാദങ്ങളുടെ ന്യായവും ഇതു തന്നെയായിരുന്നു.

Related Articles