Current Date

Search
Close this search box.
Search
Close this search box.

റാമോസ്; തത്വശാസ്ത്രത്തിലെ അരിസ്റ്റോട്ടിലിയൻ വിരോധി

യൂറോപ്യൻ സർവ്വകലാശാലകൾ അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്രം ഔദ്യോഗിക തത്വശാസ്ത്രമായി പരിഗണിച്ചു വന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തെ നിശിതമായി വിമർശിച്ച വ്യക്തികളിൽ പ്രധാനിയാണ് തത്വശാസ്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു റാമോസ് എന്ന ഫ്രഞ്ച്കാരൻ. ചിന്തകൻ. പത്രോസ് റാമോസ് എന്നത് അദ്ദേഹത്തിന്റെ ലാറ്റിൻ പേരാണ്. മധ്യകാല സർവ്വകലാശാലയിൽ സർവ്വ സ്വീകാര്യമായ അരിസ്റ്റോട്ടിലിന്റെ പ്രാഥമികതയെ വെല്ലുവിളിക്കുന്ന ഫ്രഞ്ച് റിബൽ ആർട്സ് ഫാക്കൽറ്റിയുടെ പാഠ്യപദ്ധതി പരിഷ്കരിച്ചു കൊണ്ട് വിദ്യാഭ്യാസം കൂടുതൽ ഉപയോഗപ്രദം ആക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു ഇദ്ദേഹം. അരിസ്റ്റോട്ടിലിനെതിരെയുള്ള വിമർശനങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിന്റ മുഖ്യവിഷയം.

നവോത്ഥാനകാലഘട്ടത്തിലെ അരിസ്റ്റോട്ടിലിയൻ വിരുദ്ധനായിരുന്നു എങ്കിലും നൂറ്റാണ്ടുകളായി അരിസ്റ്റോട്ടിലിന്റെ യഥാർത്ഥ കൃതികളെ തെറ്റായി വ്യാഖ്യാനിച്ച പുരാതന മധ്യകാല വ്യാഖ്യാതാക്കളെ അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.

“യഥാർത്ഥ അരിസ്റ്റോട്ടിൽ” എന്നും “തെറ്റായ അരിസ്റ്റോട്ടിൽ” എന്നും താൻ വിശേഷിപ്പിച്ചത് തമ്മിലുള്ള അന്തരം തന്റെ ഇടപെടലുകളിൽ വ്യക്തമാവണമെന്ന് അദ്ദേഹത്തിന് വലിയ നിർബന്ധമുണ്ടായിരുന്നു.

സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കുന്നതിലൂടെ മനുഷ്യൻ അത്യന്തികമായി സത്യത്തിലേക്ക് നയിക്കപ്പെടും എന്ന് അദ്ദേഹം നിരന്തരം ഊന്നിപ്പറഞ്ഞു. ശരിയായ ധാരണയിലെത്താൻ യുക്തിയുടെ പ്രയോഗത്തെക്കാൾ മറ്റൊരാളുടെ അധികാരത്തെ ആശ്രയിക്കുന്നതാണ് കൂടുതൽ അപകടകരമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

അർത്ഥശൂന്യമായ വസ്തുതകളും യുക്തിരഹിതമായ നിയമങ്ങളും മനപ്പാഠമാക്കാൻ യുവ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന രീതിശാസ്ത്രത്തെ തന്നെ റാമോസ് എതിർത്തു, പകരമായി അവരുടെ വൈജ്ഞാനിക ലോകത്തെ കൂടുതൽ വിശാലമാക്കുന്നതിന് യുക്തിയെ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ഫാക്കൽറ്റി ഓഫ് ആർട്സ് പാഠ്യപദ്ധതി പരിഷ്കരിക്കാൻ ആരംഭിക്കുകയും ചെയ്തു.

1561 അദ്ദേഹം കത്തോലിക്കാ മതം ഉപേക്ഷിക്കുകയും പിന്നീട് പ്രൊട്ടസ്റ്റന്റ് മതത്തിലേക്ക് പരിവർത്തനം ചെയ്യുകയുമാണുണ്ടായത്. തത്വചിന്തയുടെ സ്വാതന്ത്ര്യം ആവശ്യപ്പെടുകയാണ് അദ്ദേഹം ഈ ഒരു പരിവർത്തനത്തിലൂടെ ചെയ്ത പ്രധാന ധർമ്മം. 1572 ആഗസ്റ്റ് 26 ന് രണ്ട് ആയുധധാരികൾ പ്രിസിൽ കോളേജിൽ വെച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

റാമോസിന്റെ ജീവിതം

അത്രമേൽ കാവ്യാത്മകമായ ജീവിതമായിരുന്നില്ല റാമോസിന്റേത്. ചെറുപ്പം മുതൽക്കേ പഠനത്തിൽ അതീവതൽപരനായിരുന്നു. വളർന്നപ്പോൾ ഒരു പാരീസിലെ സർവകലാശാലയിൽ ചേരാൻ അദ്ദേഹം ആഗ്രഹിച്ചു, ദാരിദ്ര്യം തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പിന്മാറാൻ തയ്യാറായിരുന്നില്ല. രണ്ടു തവണയും പരാജയപ്പെട്ടു, മൂന്നാം തവണ ഒരു ധനികനായ വിദ്യാർത്ഥിയുടെ സഹായത്തോടെ 1528ൽ പഠനത്തിന് വഴിയൊരുങ്ങുകയും എട്ട് വർഷത്തോളം കർമനിരതനായി വിദ്യനേടുകയും ചെയ്തു. അദ്ദേഹം പ്ലേറ്റോയുടെ തത്ത്വചിന്തയും സോക്രട്ടീസിന്റെ ചടുലമായ സംഭാഷണങ്ങളെയും പഠിക്കുകയും “അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയുടെ വിരസതയും വെറുപ്പുളവാക്കുന്ന യുക്തിയും” മായ്ച്ചുകളയുകയാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.

ഈ യുവ ചിന്തകന്റെ ദൃഷ്ടിയിൽ, മാസിഡോണിയനെ തന്റെ സിംഹാസനത്തിൽ നിന്ന് നീക്കം ചെയ്തത് സ്വേച്ഛാധിപതികളുടെ കൊലപാതകത്തിന്റെ ഏറ്റവും മാന്യമായ രൂപമായാണ് അനുഭവപ്പട്ടത്. റാമോസ് പറയുന്നു, “ഞാൻ പാരീസിൽ വന്നപ്പോൾ, സോഫിസ്റ്റുകളുടെ നിരീക്ഷണങ്ങളിൽ ഇടപെടുകയുണ്ടായി,വ്യർത്ഥമായ ചോദ്യങ്ങളിലൂടെയും വാദങ്ങളിലൂടെയും അവർ എന്നെ സ്വതന്ത്രമായ ധാർമ്മികത പഠിപ്പിച്ചു. ഞാൻ ബിരുദം നേടിയപ്പോൾ, ഈ വാദങ്ങളെല്ലാം വിലപ്പെട്ട സമയത്തെ നഷ്ടപ്പെടുത്തി എന്നല്ലാതെ തനിക്ക് ഉപകരിച്ചില്ലെന്ന ബോധ്യത്തിൽ ഞാൻ പ്ലേറ്റോയുടെ പഠിക്കുകയും അത് വഴി അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയെ കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹം പറയുന്നു,”അരിസ്റ്റോട്ടിലിന്റെ യുക്തിശാസ്ത്രത്തെ പഠിക്കാൻ ഞാൻ ചെലവഴിച്ച മൂന്നു വർഷക്കാലവും ശാസ്ത്രത്തിലോ ജീവിതത്തിലോ ഒരു പ്രയോജനമോ കാണാനെനിക്ക് കഴിഞ്ഞിട്ടില്ല.”

“അരിസ്റ്റോട്ടിൽ പറഞ്ഞതെല്ലാം കള്ളമാണ്” എന്ന ഈ ഖണ്ഡിതമായ അവകാശവാദമാണ് അദ്ദേഹം തന്റെ പ്രബന്ധ വിഷയമാക്കിയത്, കോളേജിൽ നിന്നും പുറത്തുനിന്നും തന്നെ വെല്ലുവിളിച്ചവരുടെ മുന്നിൽ ഒരു ദിവസം മുഴുക്കെയും വീരവാദത്തോടെ അദ്ദേഹത്തിന് പ്രതിരോധിക്കേണ്ടി വന്നു. അരിസ്റ്റോട്ടിലിന്റെ അനന്തരന്മാർ റാമോസുമായി ദിവസം മുഴുവൻ തർക്കിച്ചു, നൂറ്റാണ്ടുകളായി മനുഷ്യമനസ്സിൽ ആധിപത്യം പുലർത്തിയിരുന്ന ഒരു വലിയ ഘടനയെ തകർക്കാൻ ഈ ആർജ്ജവമുള്ള യുവാവിന് കഴിഞ്ഞു, അനന്തരം തന്റെ പഠനം ഒരു യൂണിവേഴ്സിറ്റി ബിരുദമായി മാറുകയും ചെയ്തു, കൂടാതെ നിരന്തരമായ പ്രഭാഷണങ്ങളിലേർപ്പെടുകയുമുണ്ടായി.

തുടർന്ന് ഇതെല്ലാം രണ്ടു പുസ്തകങ്ങളാക്കി ക്രോഢീകരിക്കുകയും ചെയ്തു; അവരിലൊന്ന് അരിസ്റ്റോട്ടിലിനെ വ്യക്തമായി പ്രതിപാദിക്കുകയും, മറ്റൊന്ന് അദ്ദേഹത്തിന്റെ ആശയങ്ങളെ പാടെ ഇല്ലാതാക്കുകയും ചെയ്യുന്നു, കൂടാതെ യുക്തിയുടെ പുതിയ നിർവചനത്തെ “യുക്തിയാണ് സംസാരത്തിന്റെ കല” എന്ന് മൂന്ന് വാക്കുകളിൽ പരിചയപ്പെടുത്തുക കൂടി ചെയ്തു.

പാരീസ് സർവകലാശാലയിലെ പാഠ്യപദ്ധതികളിലെല്ലാം കത്തോലിക്കാ സഭയുടെ ആധിപത്യത്തെ അദ്ദേഹം വിലക്കി. ക്രമേണ അരിസ്റ്റോട്ടിലിന്റെ പിൻഗാമികൾക്ക് റാമോസിന്റെ തത്ത്വചിന്തകളും പ്രചാരണവും തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി തുടങ്ങി രണ്ട് പുസ്തകങ്ങളുടെയും പ്രസിദ്ധീകരണത്തിന് ശേഷം, യൂണിവേഴ്സിറ്റി ഡയറക്ടർ റാമോസിനെ മതവിരുദ്ധതയുടെ പേരിൽ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു, കുറ്റാരോപിതനായ റാമോസിനെ പാരീസിൽ വിചാരണ നടത്തി തുടർന്ന് കുറ്റം ചുമത്തി. പ്രസംഗം, പ്രസിദ്ധീകരണം, ആക്രമണം എന്നിവയെല്ലാം തുടരുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞുകൊണ്ട് ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. റാമോസ് നിശബ്ദത തിരഞ്ഞെടുത്തു, പ്രൊഫസർമാരുടെയും വിദ്യാർത്ഥികളുടെയും പരിഹാസം സഹിച്ചു.

തുടർന്ന് അദ്ദേഹം മറ്റ് സർവകലാശാലകളിലേക്ക് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിലായി.പക്ഷെ, ഫ്രാൻസിൽ ഹെൻറി രണ്ടാമൻ ഭരണാധികാരം ഏറ്റെടുക്കുകയും അനധികൃതമായി ശിക്ഷിക്കപ്പെവരെ മോചിതരാക്കുകയും ചെയ്തു. പിന്നാലെ റാമോസ് വീണ്ടും ഫ്രാൻസിലേക്ക് മടങ്ങുകയും തന്റെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു.

ബുദ്ധിയുടെ സ്വാതന്ത്ര്യം

വിദ്യാഭ്യാസപരിഷ്കരണത്തിന് വേണ്ടി ഭരണപരവും അധ്യാപനപരവുമായ കാര്യങ്ങൾ പഠിപ്പിക്കാൻ റാമോസ് തിരിച്ചുവന്നു, അദ്ദേഹം ഭാഷയിൽ യുക്തി പ്രയോഗിച്ചു, പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ സർവകലാശാലയെ പ്രോത്സാഹിപ്പിച്ചു, വിദ്യാർത്ഥികളിൽ ചുമത്തിയ ഫീസ് കുറയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ക്രമേണ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ വിജയത്തിന്റെ വഴി വെട്ടിത്തുടങ്ങി. റാമോസിന്റെ അരിസ്റ്റോട്ടിലിയൻ വിരുദ്ധത 1540 കളിലും 1550 കളിലും പൂർണ്ണമായി പ്രകടിപ്പിക്കപ്പെട്ടു, കൂടാതെ റാമോസ് തന്റെ “ഡയലക്‌റ്റിക്” പ്രസിദ്ധീകരിച്ചു, അതിലൂടെ അദ്ദേഹം ചിന്തയിലും ആവിഷ്‌കാരത്തിലും യുക്തിയുടെ സ്വാതന്ത്ര്യത്തെ പ്രതിരോധിച്ചു.

പുസ്‌തകത്തിന്റെ നൂറുകണക്കിന് പതിപ്പുകൾ ലാറ്റിൻ പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു, പിന്നീട് വിവിധ ഭാഷകളിൽ അവ അച്ചടിച്ചു വന്നു, പ്രൊട്ടസ്റ്റന്റ് യൂറോപ്പിലെ സ്‌കൂളുകളിലും സർവകലാശാലകളിലും അദ്ധേഹത്തിന്റെ കൃതികൾ സ്വീകാര്യമാവുന്ന അവസ്ഥാവിഷേശമുണ്ടായി. തന്റെ പഠനങ്ങളുടെ പ്രചാരണമെന്നോണം ഒരു നൂറ്റാണ്ടിൽ യുക്തിസ്വാതന്ത്ര്യം എല്ലാ ശാസ്ത്രങ്ങളുമായും അവർ മുമ്പ് എത്തിയിട്ടില്ലാത്ത ഉയർന്ന ചക്രവാളത്തിലേക്ക് ഉയരുമെന്ന് റാമോസ് ജനങ്ങളെ ഉൽബോധിപ്പിച്ചു.

തത്വചിന്ത അദ്ദേഹത്തെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തോട് അനുഭാവം പ്രകടിപ്പിക്കാൻ പ്രേരിപ്പിച്ചു.നമ്മുടെ അയൽപക്കത്തുള്ള ഹ്യൂഗനോട്ടുകൾ ഗവൺമെന്റിനോട് സഹിഷ്ണുത പുലർത്തിയപ്പോൾ , റാമോസ് പുതിയ പരിഷ്കരണ സമീപനം (1561) സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയും പ്രൊട്ടസ്റ്റന്റ് മതത്തിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. അത് അംഗീകരിക്കാൻ തന്റെ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തു.

ചുരുക്കത്തിൽ, റാമോസ് ഫ്രഞ്ച് മാനവിക ചിന്തകനും യുക്തിവാദിയും വിദ്യാഭ്യാസ പരിഷ്കർത്താവും ആയിരുന്നു. അദ്ദേഹം മിടുക്കനും കാര്യക്ഷമതയുള്ള എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പ്രശസ്തമായിരുന്നു. തന്റെ കരിയറിൽ വിശ്വസ്തരായ നിരവധി അനുയായികളെ അദ്ദേഹം ആകർഷിച്ചു, തന്റെ കൃതികൾ16,17 നൂറ്റാണ്ടുകളിൽ പല യൂറോപ്യൻ സർവ്വകലാശാലകളുടെയും പാഠ്യപദ്ധതിയെ അദ്ധേഹം സ്വാധീനിക്കുക പോലുമുണ്ടായി. അദ്ദേഹം അരിസ്റ്റോട്ടിലിനെ ആക്രമിക്കുകയും മതത്തിൽ നിന്ന് സ്വതന്ത്രമായ ധാർമ്മികത സ്ഥാപിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്ത, “സ്വതന്ത്ര ചിന്തകർ” അദ്ധേഹത്തോട് പ്രതികരിക്കാൻ തുടങ്ങി, പിന്നീട് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ജർമ്മനി, സ്കോട്ട്ലാൻഡ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ വ്യാപിച്ചു, ഈ രാജ്യങ്ങളിൽ അദ്ദേഹം അനുയായികളും എതിരാളികളും വളർന്നു.

പതിനാറാം നൂറ്റാണ്ട് ഗൗളിലെ ഏറ്റവും സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാഹിത്യ കാലഘട്ടങ്ങളിലൊന്നായിരുന്നു, ഈ നൂറ്റാണ്ട് മധ്യകാലഘട്ടത്തിന്റെ അവസാനത്തിനും ഫ്രാൻസിലെ നവോത്ഥാനത്തിന്റെ ആവിർഭാവത്തിനും സാക്ഷ്യം വഹിച്ചു, ഈ കാലഘട്ടത്തിൽ മതപരിഷ്കരണ പ്രസ്ഥാനം നവോത്ഥാനത്തെ എതിർത്തു. ആധുനിക ശാസ്ത്രം അതിന്റെ ആദ്യ ചുവടുകൾ വെച്ചു തുടങ്ങിയ കാലഘട്ടം കൂടിയായിരുന്നു ഇത്, ലോകത്തിന്റെ ചരിത്രം ഒന്നടങ്കം മുമ്പൊരിക്കലും സംഭവിക്കാത്ത വിധം വലിയ മാറ്റങ്ങൾക്ക് വിധേയമായി. എന്നാൽ തത്വശാസ്ത്രത്തിന്റെ ഗതി താരതമ്യേന മന്ദഗതിയിലായിരുന്നു. റാമോസിനെ പോലുള്ള അനിതസാധാരണ വ്യക്തിത്വങ്ങളുടെ വിമർശനാത്മക പഠനങ്ങളിലൂടെയും മറ്റുമാണ് ഈ ശാസ്ത്രശാഖ കൂടുതൽ വളർന്നു പന്തലിച്ചത്.

വിവ: ഫഹ്മിദ സഹ്റാവിയ്യ തറയിട്ടാൽ

Related Articles