Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ ഇസ്‌ലാം, ആദ്യ കാലത്തെ ഇസ്‌ലാമാണ്!

നമ്മള്‍ ആളുകളെ ക്ഷണിക്കുന്ന ഇസ്‌ലാം വളരെ വ്യക്തമാണ്. പകല്‍ സൂര്യനെ പോലെ വ്യക്തമാണ്. ഇസ്‌ലാമിലെ വിശുദ്ധ വേദമായ ഖുര്‍ആനിന്റെയും, സുന്നത്തിന്റെയും ഉറവിടങ്ങള്‍ കൃത്യമാണ്. അതിന്റെ അടിസ്ഥാനങ്ങള്‍ വ്യക്തവുമാണ്. ആ പ്രമാണങ്ങളില്‍ ഖണ്ഡിതമായതും (القطعية) ചിന്താപരമായതുമുണ്ട് (الظنية). ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ തത്വങ്ങളാണ് ഖണ്ഡിതമായത് പ്രതിനിധീകരിക്കുന്നത്. ഇത് വിശ്വാസങ്ങളിലും, ആരാധനകളിലും, സ്വഭാവങ്ങളിലും, ധാര്‍മികതയിലും, പ്രായോഗിക നിയമങ്ങളിലും ഈ സമുദായത്തിന്റെ സ്വഭാവപരവും വൈകാരികവും ചിന്താപരവുമായ ഐക്യം രൂപപ്പെടുത്തുന്നു. ഇതേ തുടര്‍ന്ന് വരുന്നതാണ് ചിന്താപരമായ കാര്യങ്ങള്‍. അത് അന്ധതയില്‍ നില്‍ക്കുന്ന ഒന്നല്ല. അതിന് നിയമങ്ങള്‍ ക്രമപ്പെടുത്തുയും, അടിസ്ഥാനങ്ങള്‍ നിശ്ചയിക്കുകയും, വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മനുഷ്യനാഗകരികതക്ക് അറിയാത്ത ശാസ്ത്രം മുസ്‌ലിംകള്‍ കണ്ടെത്തിയിരിക്കുന്നു. ഈ ശാസ്ത്രത്തിന്റെ പ്രാധാന്യമെന്നത് പ്രമാണങ്ങളുള്ളതും പ്രമാണങ്ങളില്ലാത്തതുമായ കാര്യങ്ങളില്‍ തെളിവെടുക്കുന്നതിന് അടിസ്ഥാനങ്ങള്‍ കൃത്യപ്പെടുത്തുകയെന്നതാണ്. ആ ശാസ്ത്രമാണ് ഉസ്വൂലുല്‍ ഫിഖ്ഹ് (കര്‍മശാസ്ത്ര അടിസ്ഥാനങ്ങള്‍).

അഥവാ, കാര്യങ്ങളെ അശ്രദ്ധമായി വിടുകയല്ല ചെയ്യുന്നത്. അത് കൃത്യവും വ്യക്തവുമാണ്. നമ്മള്‍ ക്ഷണിക്കുന്ന ഇസ്‌ലാം വളരെ സ്പഷ്ടമാണ്. അടിസ്ഥാനങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കപ്പെട്ടതാണ്. ന്യൂനതകള്‍ക്കും, പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനും മുമ്പുള്ള ആദ്യകാല ഇസ്‌ലാമിലേക്കാണ് നാം ക്ഷണിക്കുന്നത്. ഈ സമുദായത്തിന്റെ ഉത്തമ നൂറ്റാണ്ടും, സ്വഹാബികളും, അവരെ പിന്തുടര്‍ന്നുള്ള താബിഉകളും മനസ്സിലാക്കിയ പരിശുദ്ധമായ ഇസ്‌ലാമാണ് നാം ആഗ്രഹിക്കുന്നത്. ഇസ്‌ലാമിന്റെ ആത്മാവിനെയും, ലക്ഷ്യങ്ങളെയും ഏറ്റവും നന്നായി മനസ്സിലാക്കിയവരാണവര്‍. അവര്‍ മനസ്സിലാക്കിയതിലൂടെ നമ്മള്‍ വഴിനടക്കുകയാണ്.

കാലത്തിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ച ഇജ്തിഹാദും (ഗവേഷണം) പഠനവും പുതുമയോടെ നിലനിര്‍ത്തുന്ന ഇസ്‌ലാമിലേക്കാണ് നാം ക്ഷണിക്കുന്നത്. നിശ്ചലവും അടഞ്ഞതും മദ്ഹബീ പക്ഷാപാതപരവുമായ ഒന്നിലേക്കല്ല നമ്മള്‍ ക്ഷണിക്കുന്നത്. എല്ലാ മദ്ഹബുകളെയും നാം സ്വീകരിക്കുന്നു. ഇതിനര്‍ഥം നാല് മദ്ഹബുകളില്‍ മാത്രം പരിമിതപ്പെടുന്നുവെന്നല്ല. മറിച്ച്, സ്വഹാബികളുടെയും ത്വാബിഉകളുടെയും നൂറകണക്കിന് കര്‍മശാസ്ത്ര പണ്ഡിതരുടെയും വീക്ഷണങ്ങളെ നാം സ്വീകരിക്കുന്നു. അവര്‍ നമുക്ക് വിട്ടേച്ചുപോയത് സമൃദ്ധമായ സമ്പത്താണ്. നമ്മുടെ ജീവതത്തെയും ജീവിതത്തിലെ മാറ്റങ്ങളെയും അഭിമുഖീകരിക്കുന്നതിന് അത് നമുക്ക് പ്രയോജനപ്പെടുന്നു.

ഇസ്‌ലാമിക ശരീഅത്ത് ഏതെങ്കിലും സംഭവങ്ങളുമായി പരിമിതപ്പെടുന്നില്ല. അത് വ്യത്യസ്ത നാഗരിക സമൂഹങ്ങളില്‍ ഭരണം നടത്തിയിട്ടുണ്ട്. അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ഉയര്‍ന്നുവന്ന് പഴയ സംസ്‌കാരങ്ങളായ ബൈസന്തീന്‍ റോമന്‍ സംസ്‌കാരവും, പേര്‍ഷ്യന്‍ സംസ്‌കാരവും, ഇന്ത്യന്‍ സംസ്‌കാരവും, ചൈനയുടെ സംസ്‌കാരവും, ഈജിപ്തിലെ ഫറോവന്‍ സംസ്‌കാരവും ഭരിച്ചു. ഈ സംസ്‌കാരങ്ങളിലെല്ലാം ഭരണം നടത്തിയ ഇസ്‌ലാമിക ശരീഅത്ത് പുതിയ വിഷയങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നിട്ടില്ല. ഓരോ പ്രശ്‌നത്തിനും ഓരോ പ്രതിസന്ധിക്കും പരിഹാരമുണ്ട്. ഈ ശരീഅത്ത് എല്ലാത്തിന്റെയും അടിസ്ഥാനമായി നിലനില്‍ക്കുകയാണ്. അല്ലാഹുവിന് സ്തുതി! തീര്‍ച്ചയായും, വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും പിന്തുടര്‍ന്നും, പൂര്‍വികരുടെ പൈതൃകവും അടിസ്ഥാന തത്വങ്ങളും സ്വീകരിച്ചും ആധുനിക പ്രശ്‌നങ്ങളെ ശരിയായ ഇജ്തിഹാദിന്റെ വെളിച്ചത്തില്‍ നമുക്ക് പരിഹരിക്കാന്‍ കഴിയുന്നു.

വിവ: അര്‍ശദ് കാരക്കാട്

Related Articles