Current Date

Search
Close this search box.
Search
Close this search box.

മനുഷ്യന്‍, കുടുംബം, സ്വഭാവം; നാഗരികത ആവശ്യപ്പെടുന്ന മൂന്ന് മാറ്റങ്ങള്‍

നാഗരികതയിലേക്കുള്ള പാതയില്‍ ഒത്തിരി വിഷയങ്ങളെക്കുറിച്ചുള്ള പുനര്‍വിചിന്തനം നമുക്ക് ആവശ്യമാണ്. ചിന്താപരമായും കര്‍മപരമായുമുള്ള ഈയൊരു ഉദ്യമത്തില്‍ ഏറ്റവും പ്രധാനമാണ് മനുഷ്യന്‍, കുടുംബം, സ്വഭാവം എന്നീ ഘടകങ്ങളെ സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍. ആദ്യമായി, മനുഷ്യനാണ് നാഗരികതയുടെ നെടുംതൂണ്‍, അവനിലൂടെയാണ് നാഗരികത ഉടലെടുക്കുന്നതും നിലനില്‍ക്കുന്നതും. രണ്ടാമതായി, വലിയൊരു കുടുംബമെന്നു വിശേഷിപ്പിക്കാവുന്ന ‘സമൂഹ’ത്തിന്റെ ഏറ്റവും ശക്തമായ ആണിക്കല്ലാണ് ഓരോ കുടുംബങ്ങളും. മൂന്നാമതായി, സ്വഭാവമാണ് മനുഷ്യനെ വ്യതിരിക്തനാക്കുന്നതും വകതിരിവുള്ളവനും മനുഷ്യത്വമുള്ളവനുമാക്കുന്നത്.

മനുഷ്യന്‍, ഒരുപിടി മണ്ണില്‍ നിന്ന് ആത്മാവിന്റെ തുടിപ്പിലേക്ക്
ആദരണീയനായ സൃഷ്ടിയാണ് മനുഷ്യന്‍. അല്ലാഹു മണ്ണില്‍നിന്ന് പടക്കുകയും റൂഹ് ഊതിക്കൊടുക്കുകയും മാലാഖമാരെക്കൊണ്ട് സുജൂദ് ചെയ്യിക്കുകയും അനുഗ്രഹങ്ങള്‍ അനന്തമായി ചൊരിയുകയും ചെയ്തവന്‍. ‘നിശ്ചയം നാം ആദമിന്റെ മക്കളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്തഭോജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെയുംകാള്‍ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു'(ഇസ്‌റാഅ് 70) എന്ന് അല്ലാഹുതന്നെ പറഞ്ഞതാണ്.

ഈ മനുഷ്യവര്‍ഗം വെറുതെ പടക്കപ്പെട്ടതോ വെറുതെ അഴിച്ചുവിടപ്പെടുന്നവരോ അല്ല, മറിച്ച് അല്ലാഹുവിനെ ആരാധിക്കുക, ഭൂമി ജനവാസമുള്ളതും സമ്പന്നവുമാക്കുക എന്നിങ്ങനെ കൃത്യവും വ്യക്തവുമായ ഉദ്യമത്തിനു വേണ്ടി പടക്കപ്പെട്ടവരാണ്. ഈ ഐഹികലോകത്തിനുശേഷം കര്‍മങ്ങള്‍ വിചാരണ ചെയ്യപ്പെടുകയും പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്ന പരലോകത്തേക്ക് പോകേണ്ടവരുമാണ്. നിങ്ങള്‍ വെറുതെ പടക്കപ്പെട്ടവരാണെന്നും നമ്മിലേക്ക് തന്നെ മടങ്ങിവരില്ല എന്നും നിങ്ങള്‍ ചിന്തിക്കുന്നുവോ(മുഅ്മിനൂന്‍- 115) എന്ന അല്ലാഹുവിന്റെ ചോദ്യം പ്രസക്തമാണ്.

ഭൂമിയിലെ അവന്റെ പ്രതിനിധിയാണ് മനുഷ്യന്‍. സ്വശരീരത്തിന്റെയും ചുറ്റുമുള്ള വസ്തുക്കളുടെയും സംരക്ഷണം ഏല്‍പിക്കപ്പെട്ടവന്‍. അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ കാര്യങ്ങളിലൊന്നും സ്വയേഷ്ടപ്രകാരം, അവന്റെ കല്‍പനകളില്ലാതെ കൈകടത്തല്‍ നടത്താനും മനുഷ്യന് അവകാശമില്ല. അല്ലാഹുവാണെങ്കില്‍, ഇരുലോകത്തും അവന്റെ നന്മയ്ക്കു പാത്രമാവുന്നതും ജീവിതം ആയാസകരവും ഫലപ്രദവുമാക്കുന്ന കാര്യങ്ങള്‍ മാത്രമേ കല്‍പിക്കുകയുമുള്ളൂ. ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദ്യേശിക്കുന്നത്, നിങ്ങളെ പ്രയാസത്തിലാക്കാനല്ല'(അല്‍ ബഖറ- 185).
‘നന്ദിപ്രകടിപ്പിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും ചെയ്തിട്ട് പിന്നെ നിങ്ങളെ ശിക്ഷിക്കുന്നതില്‍ അല്ലാഹുവിനെന്തു കിട്ടാനാണ്? അല്ലാഹു നിങ്ങളുടെ കൃതജ്ഞത സ്വീകരിക്കുന്നവനും സൂക്ഷ്മജ്ഞനുമാകുന്നു.'(അന്നിസാഅ്- 147)

നാഗരികതയുടെ രൂപീകരണത്തിലും നിലനില്‍പ്പിലും മനുഷ്യന്‍ എന്ന ഘടകത്തിന്റെ റോളും പ്രാധാന്യവും മനസ്സിലാക്കല്‍ ഏറ്റവും പ്രധാനമാണ്. ഇത്തരത്തിലുള്ള മനുഷ്യവൃന്ദത്തെ വാര്‍ത്തെടുത്താല്‍ പിന്നീടുള്ള കാര്യങ്ങള്‍ ഏറെ എളുപ്പമാണ്. നാഗരികതയിലേക്കും പുരോഗതിയിലേക്കുമുള്ള നമ്മുടെ വഴി സുരക്ഷിതമാവുകയും ചെയ്യും. മനുഷ്യനാണ് വളര്‍ച്ചയുടെ മാര്‍ഗത്തിലേക്കുള്ള പ്രവേശനകവാടം. അത് സ്ഥായിയാക്കാനുള്ള ഉത്തരവാദിത്വവും അവര്‍ക്കുതന്നെ.

‘ഒരുപിടി മണ്ണില്‍’ നിന്ന് ‘ആത്മാവിന്റെ തുടിപ്പി’ലേക്ക് നീങ്ങുന്ന ആ പ്രക്രിയയില്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
* ‘മനുഷ്യനിര്‍മിതി’ പരിപൂര്‍ണാര്‍ഥത്തില്‍ സാധ്യമാക്കാന്‍ വേണ്ടി നാം പ്രവര്‍ത്തിക്കുക. അഥവാ, മനുഷ്യന്റെ വെറും ഭൗതികാവശ്യങ്ങള്‍ക്കപ്പുറം ചിന്താപരവും ആത്മികവും നൈസര്‍ഗികവുമായ അവന്റെ ആവശ്യങ്ങള്‍ പരിഗണിക്കുകും കഴിവുകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുക.

* മനുഷ്യന്റെ ആത്മികവും സ്വഭാവപരവുമായ വശം പരിഗണിക്കുക. ദൈവികമായ കരുതല്‍ കൊണ്ടാണിത് സാധ്യമാവുക. മനുഷ്യന്‍ പടക്കപ്പെട്ടിട്ടുള്ള, അവന്റെ അസ്തിത്വമായ വെറുമൊരു പിടി മണ്ണ് എന്നതില്‍ ചുരുങ്ങി നില്‍ക്കാതെ ആത്മാവിന്റെ അനന്തമായ ലോകത്തേക്ക് അവന് എത്താനാവുക അപ്പോള്‍ മാത്രമാണ്.

* മനുഷ്യനെന്ന നിലക്ക് മനുഷ്യനെ ബഹുമാനിക്കുക. നിറത്തിലോ ഭാഷയിലോ മതത്തിലോ ഉള്ള വൈജാത്യങ്ങള്‍ കാരണം അവന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിക്കാതിരിക്കുക. മനുഷ്യന്‍, അവനാരായാലും അവന്റെ ദേഹവും ആത്മാഭിമാനവും സുരക്ഷിതമായിരിക്കണം.

കുടുംബം, കൂട്ടായ വാസത്തില്‍ നിന്ന് സമാധാനത്തിലേക്ക്
സമൂഹം രൂപപ്പെടുന്നതിലെ പ്രധാന ഘടകമായ, ഒരു പുരുഷനിലൂടെയും സ്ത്രീയിലൂടെയും രൂപംകൊള്ളുന്ന സമൂഹത്തിലെ ഏറ്റവും ചെറിയ സംഘമാണ് കുടുംബം. കുടുംബം എത്ര ശക്തവും സജീവവും പരസ്പരസഹകാരികളും ആകുന്നുവോ, അത്രയും സമൂഹവും സജീവമാകും. സമൂഹത്തില്‍ പ്രതിഫലിക്കുക അതിലെ ചെറുസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളാണ്. സമൂഹം വലിയൊരു കുടുംബമാണെന്നതുപോലെ ചെറിയൊരു സമൂഹമാണ് ഓരോ കുടുംബവും. ഇത്തരത്തിലുള്ളൊരു ബന്ധം ഇവ രണ്ടിനുമിടയിലുണ്ട്. നാഗരികരതയിലേക്കുള്ള വഴിയില്‍, കുടുംബത്തിന് ചെറുതല്ലാത്ത സ്ഥാനമാണുള്ളത്. ആയതിനാല്‍, നാഗരികമായി നമുക്ക് ചെയ്യാനുള്ളത് കുടുംബബന്ധങ്ങള്‍ രൂഢമൂലമാക്കുകയെന്നതാണ്. ഭൗതികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സാമ്പത്തികവും മറ്റുമായ സഹായം ചെയ്യുകയും മറ്റുതരം വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വിവാഹത്തിന് മുമ്പ് പരസ്പരം മനസ്സിലാക്കാനും ശേഷം പ്രശ്‌നങ്ങളില്ലാതെ ആ ബന്ധം ദൃഢമായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. അപ്പോള്‍ മാത്രമാണ് എപ്പോഴും ഒരുമിച്ച് ഒരേയിടത്ത് താമസിക്കുന്ന കുറച്ചു വ്യക്തികള്‍ എന്നതിലപ്പുറം പരസ്പരം സ്‌നേഹവും കരുതലും കരുണയും സഹകരണവും പരിഗണനയുമൊക്കെ കൈമാറുന്നൊരു ശാന്തത നിറഞ്ഞ ഇടമായി കുടുംബം മാറൂ. വീടിന്റെ അറബിഭാഷ്യമായ ‘മസ്‌കന്‍’ എന്ന പദത്തിന്റെ താത്പര്യം തന്നെ ശാന്തത ലഭിക്കുന്ന ഇടം എന്നതാണ്. ഈയൊരു ശാന്തതയും സമാധാനവും ആശ്വാസവും തന്നെയാണ് വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നും. ‘ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നതും പരസ്പരസ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്ര!'(റൂം- 21)

ജീവിതം വെല്ലുവിളികളാലും പ്രതിസന്ധികളാലും നിറഞ്ഞതാണ്. ഇത്തരം ഘട്ടങ്ങളെ നേരിടാന്‍ ഭാര്യഭര്‍ത്താക്കന്മാരും മക്കളും പരസ്പരം താങ്ങും തണലുമാവണം, മറിച്ച്, ഭാരമാവരുത്. അപ്രകാരം തന്നെ പ്രധാനമാണ്, കുടുംബത്തിന്റെ അസ്തിത്വത്തെയും അടിസ്ഥാനത്തെയും ചോദ്യംചെയ്യുന്ന, പ്രകൃതിവിരുദ്ധമായ രീതികള്‍ പ്രയോഗിക്കുന്ന സംവിധാനങ്ങളോ(സ്വവര്‍ഗവിവാഹങ്ങള്‍ പോലെ) കുടുംബത്തിന്റെ മൂല്യത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ധാരണകളോ ഇല്ലാതിരിക്കലും സ്വീകരിക്കുന്നതില്‍ കവിഞ്ഞ് കൊടുക്കുന്നതിലേക്ക് മാറുന്ന ഉദ്പാതനാത്മകമായ കുടുംബമായി മാറലും അനിവാര്യമാണ്.

അവസാനമായി, വിവാഹമോചനങ്ങള്‍ ഇല്ലായ്മ ചെയ്യുകയും കുടുംബത്തിന്റെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക സംരംഭങ്ങളെ നാം ചേര്‍ത്തുപിടിക്കലും അനിവാര്യമായ ശേഷികളെസംബന്ധിച്ച് കൂടുതല്‍ ബോധവാന്മാരാവലും ആവശ്യകതയാണ്.

സ്വഭാവം, മൂല്യങ്ങളില്‍ നിന്ന് ജീവിതരീതിയിലേക്ക്
അല്‍ ജുര്‍ജാനി ‘നിര്‍വചനങ്ങളുടെ പുസ്തകത്തി’ല്‍ സ്വഭാവത്തിന് നല്‍കിയിട്ടുള്ള നിര്‍വചനം, ചിന്തിക്കുക പോലും ചെയ്യേണ്ടാത്തവിധം എളുപ്പത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുന്ന മനസ്സിന്റെ അവസ്ഥയെന്നാണ്. അതില്‍ നിന്നുണ്ടാവുന്നത് നല്ലതെങ്കില്‍ സല്‍സ്വഭാവമെന്നും ചീത്തയെങ്കില്‍ ദുഃസ്വഭാവമെന്നും പറയും. മനുഷ്യസമൂഹത്തിന് അനിവാര്യമാണ് നല്ല സ്വഭാവങ്ങള്‍. അതില്ലെങ്കില്‍ മനുഷ്യത്വമെന്ന അവന്റെ അസ്തിത്വത്തിനുതന്നെ നിലനില്‍പില്ല. സമൂഹത്തെ സ്വഭാവത്തിന്റെ അളവുകോലില്‍ നോക്കാതെ വെറും നിയമപരമായ പരിധികള്‍ക്കുവേണ്ടി മാത്രം വിട്ടുകൊടുക്കരുത്. കാരണം, നിയമങ്ങള്‍ കൊണ്ട് അളക്കപ്പെടാനാവാത്തതും സ്ഥാപിക്കപ്പെടാനുമാവാത്ത മൂല്യങ്ങളാണ് മനുഷ്യത്വവും ദയയും ബഹുമാനവും പരസ്പരസ്‌നേഹവും. ഇവ നിലനില്‍ക്കുക സദ്‌സ്വഭാവത്തിലൂടെ തന്നെയാണ്, നിയമത്തിലൂടെയല്ല. നിയമം ചിലപ്പോള്‍ അവകാശസംരക്ഷണങ്ങളുടെ ഏറ്റവും കുറഞ്ഞ തോതിനെയാണ് പ്രതിനിധീകരിക്കുന്നത്. അതേസമയം, സ്വഭാവം മനുഷ്യനെ നിയമാനുസൃതനായി ജീവിക്കാനും തദനുസൃതമായി അടിത്തട്ടില്‍ നിന്ന് മഹോന്നതമായ ലോകത്തേക്ക് പറന്നുയരാനും സഹായിക്കുന്നു.

അതോടൊപ്പം, സ്വഭാവമെന്നുള്ളത് ഇസ് ലാമിന്റെ അടിസ്ഥാനം കൂടിയാണ്, ദൈവിക സന്ദേശങ്ങളുടെ ആണിക്കല്ലാണത്, ഇസ് ലാം വന്നത് അതിന്റെ സമ്പൂര്‍ണാര്‍ഥത്തിലുള്ള പൂര്‍ത്തീകരണത്തിനുമാണ്. നല്ല സ്വഭാവം ശീലിക്കുകയെന്നാല്‍ ആ സ്വഭാവങ്ങളുടെ മഹിതസന്ദേശങ്ങളുമായി വന്ന വിശുദ്ധ ദീനിനെ പുണരുക എന്നുകൂടിയാണ്. സദ്‌സ്വഭാവങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഞാന്‍ നിയുക്തനായത് എന്ന ഹദീസും നിങ്ങള്‍ ഏറ്റവും നല്ല സ്വഭാവക്കാരാണ് എനിക്കേറ്റം പ്രിയപ്പെട്ടവര്‍ എന്ന ഹദീസും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.

‘നാഗരികത’ക്ക് മൂല്യം കല്‍പിക്കപ്പെടുന്നത് അതിന്റെ ബാഹുല്യം കൊണ്ടോ ഭൗതികമായ പെരുപ്പം കൊണ്ടോയല്ല, മറിച്ച് മാനസികവും സ്വഭാവപരവുമായ അതിന്റെ സൗന്ദര്യം കൊണ്ടും മാനുഷിക സേവനത്തിന്റെ തിളക്കം കൊണ്ടുമാണ്. നമ്മുടെ സദ്‌സ്വഭാവംകൊണ്ട്, സ്വഭാവങ്ങളെക്കുറിച്ചുള്ള താത്വികമായ സംസാരങ്ങളിലും സമ്പന്നമായ പാരമ്പര്യത്തില്‍ അഹങ്കാരം കൊള്ളുന്നതിലും കവിഞ്ഞ് പ്രവൃത്തിപഥത്തില്‍ ഈ മൂല്യങ്ങള്‍ ഫലപ്രദമായി പ്രതിഫലിപ്പിക്കുന്നിടത്തേക്ക് നാം എത്തിച്ചേരേണ്ടതുണ്ട്. നമ്മുടെ വാക്കുകളും പ്രവൃത്തികളും പരസ്പരവിരുദ്ധമാവുന്നതിനെ വിശുദ്ധ ഖുര്‍ആന്‍ ശക്തമായി എതിര്‍ക്കുന്നതു കാണാം. ‘വിശ്വാസികളെ, നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ നിങ്ങളെന്തിനാണ് പറയുന്നത്. അപ്രകാരം ചെയ്യുന്നത് അല്ലാഹുവിങ്കല്‍ ഭീകരമായ പാപമാണത്രെ'(സ്വഫ്- 2,3). കുട്ടിയുടെ ചെറുപ്പകാലത്തില്‍ നിന്നു തുടങ്ങി സദ്‌സ്വഭാവങ്ങള്‍ അവനില്‍ സന്നിവേശിപ്പിക്കാനും കുടുംബം കുട്ടിക്ക് മനോഹമരായ മാതൃകയായി മാറാനും ഇക്കാര്യം നമ്മോട് ഉദ്‌ഘോഷിക്കുന്നു. ദൗര്‍ഭാഗ്യകരമെന്നോണം, ആധുനിക ജീവിതത്തിന്റെ ഓട്ടപ്പാച്ചില്‍ മനുഷ്യന്റെ സ്വഭാവനിര്‍മിതിയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുവെന്നത് സത്യമാണ്. ശക്തമായ മനസ്സും ദൃഢനിശ്ചയവും കൊണ്ടുമാത്രമേ നമുക്ക് നല്ലവരാവാന്‍ കഴിയൂ, അങ്ങനെ ആയിത്തീരേണ്ടതുമുണ്ട്.

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles