Current Date

Search
Close this search box.
Search
Close this search box.

മാലിക് ബിന്‍ നബി; നാഗരികതയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ഫിലോസഫര്‍

ഉന്നതമായ ചിന്തകള്‍ എന്നും അമൂല്യനിധികളെപ്പോലെയാണ്, കാലചക്രം കറങ്ങുന്തോറും അതിന്റെ മൂല്യം വര്‍ധിക്കുകയാണ് ചെയ്യുക. വര്‍ഷങ്ങള്‍ കടന്നുപോവുന്നതോ മറക്കാന്‍ ശ്രമിക്കുന്നതോ തമസ്‌കരിക്കുന്നതോ അതിനെ തെല്ലും സ്വാധാനിക്കുകയില്ല. കടലിന്റെ ആഴങ്ങളെപ്പോലെയാണത്, ആഴിയിലേക്ക് മനുഷ്യന്‍ ഊളിയിടുമ്പോഴെല്ലാം അത്ഭുതങ്ങള്‍ അവന്റെ മുന്നിലേക്ക് തുറക്കപ്പെടുന്നു. അള്‍ജീരിയന്‍ ചിന്തകനായ മാലിക് ബിന്‍ നബിയ്യ് ഇസ്‌ലാമിക ലോകത്തെ നവോഥാനനായകരുടെ പട്ടികയില്‍ കടന്നുവരുന്നയാളാണ്. നാഗരികവളര്‍ച്ചയെക്കുറിച്ച് ഗാഢമായ ചിന്തകള്‍ പങ്കുവെക്കുകയും നാഗരികത അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണമായ പരിഹാരനടപടികള്‍ നിര്‍ദേശിക്കുകയും ചെയ്ത ആളാണ്. അദ്ദേഹത്തിന്റെ ഇരുപതോളം വരുന്ന ഗ്രന്ഥങ്ങളും ‘നാഗരികതയുടെ പ്രതിസന്ധികള്‍’ എന്ന വിഷയത്തിനു കീഴില്‍ വരുന്നതാണ്.

അധികപേരൊന്നും കടന്നുചെന്നിട്ടില്ലാത്ത ചിന്താമേഖലകളെക്കുറിച്ചു പറഞ്ഞുവെന്നതു തന്നെയാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. ഇബ്‌നു ഖല്‍ദൂന്‍ മുന്‍പ് സംസാരിച്ചിട്ടുള്ള നാഗരിക ചിന്തതന്നെയാണത്. ഇവരിരുവര്‍ക്കുമിടയിലെ ചിന്തകളില്‍ സമാനതകള്‍ കാണാം. ഇരുവരുടെയും ചിന്തകള്‍ സര്‍വലോകരുടെയും, വിശേഷിച്ച് മുസ്‌ലിംകളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്നതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിന്തകള്‍ അതിര്‍ത്തികള്‍ ഭേദിക്കുന്നതും കാലാതിവര്‍ത്തിയായതും.

ഉത്ഭവവും രൂപീകരണവും
അള്‍ജീരിയയിലെ തബ്‌സ എന്ന ഗ്രമാമത്തില്‍ 1905 ജനുവരി(ഹി. 1322 ദുല്‍ഖഅ്ദ) മാസം മതബോധമുള്ളവരായ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അതുകൊണ്ടുതന്നെ മാതാപിതാക്കളില്‍ നിന്നകന്ന് മറ്റൊരു ഗ്രാമത്തില്‍ അമ്മാവന്റെ കൂടെയായിരുന്നു ചെറുപ്പകാല ജീവിതം. നന്മ ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ പ്രതിഫലങ്ങളെക്കുറിച്ചും വല്ലിമ്മ പറഞ്ഞുകൊടുത്ത കഥകള്‍ ആ മനസ്സിനെ കാര്യമായിത്തന്നെ സ്വാധീനിച്ചിരുന്നു. അധിനിവേശ ശക്തികളുടെ ക്രൂരചെയ്തികളും ചെറുപ്പത്തില്‍ തന്നെ കണ്ടു. ഫ്രഞ്ച് അധിനിവേശ ശക്തികളില്‍ നിന്ന് ഭയന്ന് ട്രിപ്പോളിയിലേക്ക് അഭയം തേടുന്ന ഒരുപാട് കുടുംബങ്ങളെ കണ്ടപ്പോള്‍തന്നെ ആ മനസ്സില്‍ അധിനിവേശ വിരുദ്ധപോരാളി രൂപപ്പെട്ടിരുന്നു. അധിനിവേശം ജനങ്ങളില്‍ വരുത്തിയ സ്വഭാവദൂഷ്യങ്ങളും അദ്ദേഹത്തെ ചിന്തിപ്പിച്ചു. കുടുംബം പോറ്റാന്‍ തയ്യല്‍ ജോലി ചെയ്തിരുന്ന, എപ്പോഴും കാലിയായൊരു കിഴി കയ്യില്‍ കൊണ്ടുനടന്നിരുന്ന, എന്നാല്‍ തന്റെ മകനെ പഠിപ്പിക്കണമെന്ന് അതിയായി താത്പര്യപ്പെട്ട മാതാവായിരുന്നു അദ്ദേഹത്തിന്റേത്. അവസാനം ഗുരുവര്യര്‍ക്ക് പണത്തിനുപകരം രാത്രി അന്തിയുറങ്ങുന്ന സ്വന്തം കട്ടിലായിരുന്നു അവര്‍ സമ്മാനിച്ചത്.
ചെറുപ്പകാലത്ത് പള്ളിയിലെ ദര്‍സുകള്‍ കേട്ടും ഒരു ഫ്രഞ്ച് സ്‌കൂളില്‍ പഠിച്ചുമായിരുന്നു കഴിഞ്ഞത്. ഒരു സുഹൃത്തില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് ഫ്രഞ്ചധ്യാപകനില്‍ നിന്ന് ഖുര്‍ആനും പഠിച്ചെടുത്തു.

വായന
ഇക്കാലത്ത് വായിച്ച രണ്ടുഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ ചെറുതല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പ്രമുഖ കവി അഹ്‌മദ് മുഹറമിന്റെ ‘ആശയദാരിദ്ര്യം ഈസ്റ്റിലെ വെസ്റ്റേണ്‍ രാഷ്ട്രീയത്തിനാണോ’ എന്നഗ്രന്ഥവും മുഹമ്മദ് അബ്ദുവിന്റെ രിസാലതുത്തൗഹീദുമാണത്. അക്കാലത്തെ മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥാന്തരങ്ങള്‍ മനസ്സിലാക്കാന്‍ ഇവയദ്ദേഹത്തെ സഹായിച്ചു. കവാക്കിബിയുടെ ‘ഉമ്മുല്‍ ഖുറാ’ എന്ന ഗ്രന്ഥവും ഫ്രഞ്ച് ഗ്രന്ഥങ്ങളും ഇംഗ്ലീഷ് ഗ്രന്ഥങ്ങളും ഇക്കാലത്ത് വായിച്ചുതുടങ്ങി. ഇസ് ലാം- പാശ്ചാത്യ സംസ്‌കാരങ്ങള്‍ക്കിടയിലുള്ള ഈ സമ്മേളനമാണ് അദ്ദേഹത്തിന്റെ ചിന്തകളെ രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ അതിന്റെ വ്യക്തമായ പ്രകടനവും കാണാവുന്നതാണ്. ഇസ്‌ലാമിക നാഗരികതയോടു ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ പുരോഗമനം സാധ്യമാക്കുകയെന്ന വിശാലമായ ചിന്തയാണ് അതില്‍ പ്രധാനം.

അധിനിവേശ സംസ്‌കാരത്തോടുള്ള സഹവാസം
ഇരുപതാം വയസ്സില്‍ പാരീസില്‍ പഠിക്കുകയും പിന്നീട് അള്‍ജീരിയയിലേക്കു തിരിച്ചുവന്നശേഷം വീണ്ടും ഫ്രഞ്ചില്‍ തുടര്‍പഠനം നടത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇക്കാലത്തെ ജീവിതമാണ് അദ്ദേഹത്തിലെ ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം വഹിച്ചത്. വിശാലവും വിവിധങ്ങളുമായ അദ്ദേഹത്തിന്റെ പരിചയങ്ങളും അവകാശങ്ങളെക്കുറിച്ചും ചിന്തകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പഠനങ്ങളും അവയെ സ്വാധീനിച്ചു.

പാരീസില്‍ വെച്ച് ക്രിസ്ത്യാനികളുമായി വിശ്വാസസംബന്ധമായി ഒത്തിരി സംവാദങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. അദ്ദേഹം മുഖേന തന്നെ ഇസ് ലാംമതം സ്വീകരിച്ച ഒരു ഫ്രഞ്ച് യുവതിയുമായി വിവാഹം ചെയ്യുകയും അതുവഴി പാരീസിലെ തന്റെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുകയും ചെയ്തു. ശകീബ് അന്‍സലാന്‍, മഹാത്മാഗാന്ധി എന്നിവരുമായും അക്കാലത്ത് കൂടിക്കാഴ്ച നടത്തി. മൊറോക്കോ, അള്‍ജീരിയ സംബന്ധമായ വിഷയങ്ങളിലുള്ള ഇടപെടലുകളുടെ ഫലമായി മൊറോക്കോ ഐക്യത്തിന്റെ വാക്താവെന്ന പേരിലും അറിയപ്പെട്ടു. 1935ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി പുറത്തിറങ്ങുകയും അള്‍ജീരിയയിലേക്ക് മടങ്ങുകയും ചെയ്തു. മടങ്ങി നാട്ടിലെത്തിയപ്പോള്‍ കണ്ടത് ഗോതമ്പു കൃഷി ചെയ്തിരുന്നിടത്തു നിന്ന് ഫ്രഞ്ചുകാര്‍ക്ക് മദ്യം നല്‍കാന്‍ വേണ്ടി മുന്തിരിക്കൃഷി ചെയ്യുന്ന തന്റെ നാട്ടുകാരെയായിരുന്നു! ഈ പരിതാപകരമായ കാഴ്ച കണ്ടാണ് അദ്ദേഹം വീണ്ടും ഫ്രാന്‍സിലേക്ക് മടങ്ങിയത്. ഫ്രാന്‍സില്‍ തിരിച്ചെത്തിയ ശേഷം തന്റെ ചിന്താപരമായ ലോകത്ത് അദ്ദേഹം ഒഴിഞ്ഞിരുന്നു. ഒരുപത്രത്തില്‍ ജോലിക്കാരനായി കയറുകയും ഒരുപാട് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. ഇക്കാലത്തണ് നവോഥാനത്തിന്റെ നിബന്ധനകള്‍, ഇസ്‌ലാമിക ലോകത്തിന്റെ മുഖം, ഏഷ്യന്‍- ആഫ്രിക്കന്‍ ചിന്ത അടക്കമുള്ള ഗ്രന്ഥങ്ങള്‍ വിചിതമായത്.

കയ്‌റോയും പരിവര്‍ത്തനത്തെക്കുറിച്ചുള്ള അന്വേഷണവും
കയ്‌റോയില്‍ പോവുകയെന്ന് കാലങ്ങളായി ഇബ്‌നു നബിയുടെ ആഗ്രഹമായിരുന്നു. പ്രസാധനത്തിന്റെയും അറബിവല്‍ക്കരണത്തിന്റെയും നയങ്ങളെ ഈജിപ്ത് പുണര്‍ന്നിരുന്ന കാലമായിരുന്നുവത്. ഇസ് ലാമിക ലോകത്തെ തന്നെ പരിവര്‍ത്തനത്തിന്റെ വലിയൊരു വശം പ്രസിദ്ധീകരണങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹമങ്ങനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഏഴുവര്‍ഷത്തോളം ഈജിപ്തില്‍ താമസിക്കുകയും അറബി ഭാഷയില്‍ നൈപുണ്യം നേടുകയും ചെയ്തു. പിന്നീട് വിവിധങ്ങളായ യൂനിവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും ലെക്ചറുകള്‍ നടത്തുകയും വലിയ ചിന്തകനായി വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തു. അവിടെ നിന്നാണ് അറബി ഭാഷയിലുള്ള ആദ്യഗ്രന്ഥം ‘അധിനിവേശ നാടുകളിലെ സൈദ്ധാന്തിക സംഘട്ടനം’ പുറത്തിറങ്ങുന്നത്. തുടര്‍ന്ന്, തഅമ്മുലാത്തുന്‍ ഫില്‍ മുജ്തമഇല്‍ അറബി, മീലാദു മുജ്തമഅ്, ഹദീസുല്‍ ബിനാഇല്‍ ജദീദ് എന്നീ ഗ്രന്ഥങ്ങളും പുറത്തിറങ്ങുന്നത്. കയ്‌റോയിലെ ഇസ് ലാമിക് കോണ്‍ഫറന്‍സ് ഉപദേശകനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ അക്കാലത്തെ ഗ്രന്ഥങ്ങളൊക്കെയും പരിവര്‍ത്തനവും ഇസ് ലാമിക രാഷ്ട്രങ്ങളിലെ സാമൂഹിക നിര്‍മിതിയും പ്രമേയമായുള്ളതാണ്. മുശ്കിലത്തുല്‍ അഫ്കാരി ഫില്‍ ആലമില്‍ ഇസ് ലാമി, അല്‍മുസ് ലിമു ഫീ ആലമില്‍ ഇഖ്തിസാദ്, യൗമിയ്യാത്തു ശാഹിദുഖര്‍നിന്‍ എന്നിവ അതില്‍ പ്രധാനമാണ്.

അദ്ദേഹത്തിന്റെ പദ്ധതികളില്‍ പ്രധാനമായിരുന്നു സംസ്‌കാരസമ്പന്നരായ യുവാക്കളെ ലക്ഷ്യമിട്ട് തന്റെ വീട്ടില്‍ വെച്ച് നടത്തിയിരുന്ന ആഴ്ചക്ലാസ്. ഇത്തരം സംഗമങ്ങള്‍ വന്‍വിജയമായിത്തീര്‍ന്നതോടെ അള്‍ജീരിയ ഔദ്യോഗികമായി ആ പരിപാടിയെ ഏറ്റെടുക്കുകയായിരുന്നു. 1967ല്‍ തന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നൊക്കെ വിരമിച്ച അദ്ദേഹം ചിന്താപദ്ധതികളിലായി ഒഴിഞ്ഞിരിക്കുകയും 1972ല്‍ സിറിയയില്‍ വെച്ച് ‘ഇരുപതാം നൂറ്റാണ്ടിലെ അവസാന കാലത്തെ മുസ് ലിമിന്റെ ദൗത്യവും സന്ദേശവും’ എന്ന വിഷയത്തില്‍ സുപ്രധാനമായൊരു ലെക്ചറിംഗ് നടത്തുകയും ചെയ്തു. മരണത്തിനു മുമ്പായി മുസ് ലിം ലോകത്തിനു അദ്ദേഹം നല്‍കിയ വസ്വിയ്യത്തായി പലരുമതിനെ കണ്ടു. ശേഷം 1973ല്‍ തന്റെ 68ആം വയസ്സില്‍ അള്‍ജീരിയയില്‍ വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ചിന്തകളുടെ ലോകത്ത്
ചിന്തകനും നാഗരികനിര്‍മാണത്തില്‍ ആഴത്തിലുള്ള വീക്ഷണങ്ങളുള്ളവരുമായിരുന്നു മാലിക് ബിന്‍ നബിയ്യ്. നാഗരികത, ഉയിര്‍ത്തെഴുന്നേല്‍പ്പ്, സംസ്‌കാരം, കോളനിവല്‍ക്കരണം എന്നിവയുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും തന്റെ എല്ലാ ഗ്രന്ഥങ്ങളിലും അവ ഉന്നയിക്കുകയും ചെയ്തു. ഏതൊരു സമൂഹത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാവുക ആ സമൂഹത്തിന്റെ പിറവിയുടെ പശ്ചാത്തലങ്ങള്‍ അതിന്റെ അടിസ്ഥാനമാവുമ്പോഴാണ്. ആയതിനാല്‍ ‘സ്വയം പരിവര്‍ത്തനം സാധ്യമാക്കുന്നതുവരെ അല്ലാഹു ഒരു സമൂഹത്തെയും പരിവര്‍ത്തിപ്പിക്കുകയില്ല'(സൂറത്തു റഅ്ദ്- 11) എന്ന ഖുര്‍ആനിക സൂക്തമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളുടെ കേന്ദ്രബിന്ദു.

നാഗരികചിന്ത
അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ചിന്തകളില്‍ പ്രധാനമാണിത്. കാലം, മനുഷ്യന്‍, മണ്ണ് എന്നീ മൂന്നു വസ്തുക്കള്‍ ചേര്‍ന്നു രൂപപ്പെടുന്ന ഒരു മാത്തമാറ്റിക്കല്‍ സമവാക്യത്തിനു തുല്യമാണ് നാഗരികതയെന്നാണ് അദ്ദേഹം പറയുന്നത്. ഈ മൂന്നു ഘടകങ്ങളുടെ സമ്മേളനം സാധ്യമാവുന്നത് കെമിക്കല്‍ മീഡിയേറ്ററിന്റെ ദൗത്യം നിര്‍വഹിക്കുന്ന ഒരു ഐഡിയോളജി മുഖേന മാത്രമാണ്. നാഗരികതയെന്നത് ഒരു മനുഷ്യസൃഷ്ടിയാണെന്നും ആയതിനാല്‍ മുസ് ലിംകള്‍ ജീവിക്കുന്ന പിന്നാക്കാവസ്ഥയും അവരുടെ തന്നെ സൃഷ്ടിയാണ് അദ്ദേഹം പറയുന്നു. കര്‍മനിരമായ സമൂഹമെന്നും നിഷ്‌ക്രിയമായ സമൂഹമെന്നും അദ്ദേഹം രണ്ടായി തരംതിരിച്ചു. ‘മനുഷ്യന്‍ ചലനാത്മകമായാല്‍ സമൂഹവും ചരിത്രവും ചലിക്കും. അവന്‍ നിശ്ചലമായാല്‍ അവരണ്ടും നിശ്ചലമാവും’ എന്നത് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രധാനമാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ കര്‍മനിരമായ സമൂഹത്തിന്റെ നിബന്ധനയെന്നത്, ചരിത്രത്തിന്റെ നിര്‍മാതാവും ചലിപ്പിക്കുന്നവനും താനാണെന്ന ചിന്തയോടെ മനുഷ്യന്‍ സ്വന്തത്തെ നോക്കലാണ്. കാരണം, ചരിത്രമെന്നത് ഒരുപാട് അധ്വാനങ്ങളുടെ ഫലമാണ്, വെറും ചിന്തകളോ വീക്ഷണങ്ങളോ അല്ല. പ്രവര്‍ത്തിക്കാന്‍ വേണ്ടി ചിന്തിക്കുന്നതിനു പകരം പറയാനും സംസാരിക്കാനും വേണ്ടിയാണ് ചിന്തിക്കുന്നതാണ് മനുഷ്യന്റെ പ്രതിസന്ധിയെന്നും അതാണ് മനുഷ്യന്റെ സമയവും സമ്പത്തും അറിവുമൊക്കെ നഷ്ടമാക്കുന്നതിലേക്ക് ചെന്നെത്തിച്ചതെന്നും അദ്ദേഹം പറയുന്നു.

മരിച്ച ചിന്തകളും മരിപ്പിക്കുന്ന ചിന്തകളും
മരിച്ച ചിന്തകള്‍, മരിപ്പിക്കുന്ന ചിന്തകള്‍ എന്നിങ്ങനെ ദ്വന്ദം പരിചയപ്പെടുത്തുന്നുണ്ട് അദ്ദേഹം. മരിച്ച ചിന്തകള്‍ മനുഷ്യമനസ്സുകളില്‍ ചലനമൊന്നും സൃഷ്ടിക്കാതെ ബാക്കിയാവുകയും ആ ചിന്തയുടെ വാഹകനെ ചലിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണ്. പരമ്പരാഗതമായ ആഴത്തിലുള്ള അറിവുകളാണ് അത്തരത്തിലുള്ളവ. മുസ് ലിം സമുദായത്തിന്റെ അപചയത്തിന്റെ കാരണങ്ങളിലൊന്നുമാണത്. മരിപ്പിക്കുന്ന ചിന്തകളെന്നത് മനസ്സുകളിലെ ക്രിയാത്മകതയെ കൊന്നുകളയുന്നതും ചിന്തകളെയും മനസ്സിനെയും കെടുത്തിക്കളയാന്‍ പോന്നതുമാണ്. ഇത്തരം ചിന്തകള്‍വഴി അലസചിന്തകള്‍ രൂപപ്പെടുകയും സങ്കീര്‍ണമായ പ്രതിസന്ധികള്‍ മനസ്സിലാക്കുന്നതിനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്യും.

കോളനിവല്‍ക്കരണത്തെ സ്വീകരിക്കല്‍
മാലിക് ബിന്‍ നബിയ്യുടേതായ മറ്റൊരു സുപ്രധാന ചിന്തയാണ് കോളനിവല്‍ക്കരണത്തെ പുണരുന്ന നിലപാട്. പാശ്ചാത്യരുടെ നിയന്ത്രണത്തില്‍ മുസ് ലിം ലോകം വലിയ അപകടത്തിലാണെന്നും മുന്‍കാല നൂറ്റാണ്ടുകളില്‍ മുസ് ലിം ലോകത്തിന്റെ പ്രതാപം ഉയര്‍ത്തിനിറുത്തിയിരുന്ന ഘടകങ്ങള്‍ അവര്‍ക്ക് നഷ്ടമായെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കോളനിവല്‍ക്കരണത്തോടുള്ള വിധേയത്വമെന്നത് അധിനിവേശശക്തികളുടെ കടന്നുകയറ്റത്തെ സുഗമമാക്കുന്ന, നാഗരികതയെ ക്ഷയിപ്പിച്ചു നിര്‍ത്തുന്ന ചില സാമൂഹിക സ്വഭാവങ്ങളാണ്. പട്ടാള അധിനിവേശത്തിന് വിധേയമാക്കപ്പെട്ടിട്ടും കോളനിവല്‍ക്കരണത്തെ സ്വകരിക്കാത്ത ചില സമൂഹങ്ങളെ കാണാം. നേരെമറിച്ച്, കോളനിവല്‍ക്കരണത്തിന് ഇരയാകാതെ തന്നെ അതിനെ സ്വീകരിക്കുന്നവരെയും കാണാം. സാമൂഹിക ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാവാന്‍ രാഷ്ട്രീയവല്‍ക്കരണം അനിവാര്യമാണെന്ന നിലപാടിനെയും സാമൂഹിക നവോഥാനത്തിലെ അധികാരത്തിന്റെ പങ്കിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഈ രണ്ടു തെറ്റുധാരണകളാണ് സാമൂഹിക ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നീക്കങ്ങളെ വൈകിപ്പിച്ചതില്‍ പ്രധാന കാരണങ്ങളെന്നും അദ്ദേഹം പറയുന്നു.

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles