നമ്മുടെ ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് എണ്ണമറ്റ വിഭവങ്ങള്‍ ആവശ്യമാണ്. അതിന് വേണ്ടി നാം നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭൗതിക പ്രവര്‍ത്തനങ്ങളിലൂടെ മാത്രമൊ ആത്മീയ രീതികളിലൂടെ മാത്രമൊ ജീവിത വിഭവങ്ങള്‍ ലഭിച്ചുകൊള്ളണമെന്നില്ല. രണ്ടിനേയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു രീതിയിലൂടെ നമ്മുടെ ജീവിത വിഭവങ്ങള്‍ കണ്ടത്തൊനും അതില്‍ വര്‍ധനവ് വരുത്തുവാനും സാധിക്കുന്നതാണ്.
ജീവിത വിഭവം വര്‍ധിക്കാന്‍ ആവശ്യമായ നമുക്ക് നിശ്ചയമുള്ള കാര്യമാണ്. നൈപുണ്യ വികസനമാണ് അതില്‍ പ്രധാനം. എന്നാല്‍ അത്രതന്നെയൊ അതിനെക്കാള്‍ കൂടുതലൊ പ്രാധാന്യമുള്ള ആത്മീയ നിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും തിരുചര്യയിലും നമുക്ക് ധാരാളമായി കണാം. തഖ് വാപരമായ ജീവിതം നയിക്കുകയാണ് ഈ ലോകത്തും പരലോകത്തും ഐശ്വര്യം വര്‍ധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ഖുര്‍ആന്‍ നമ്മെ അടിക്കടി ഓര്‍മ്മപ്പെടുത്തുന്നു.
ഒരാള്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍, അവന് വിഷമങ്ങളില്‍ നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗ്ഗമുണ്ടാക്കി കൊടുക്കും.ഊഹിക്കുക പോലും ചെയ്യാത്ത മാര്‍ഗ്ഗത്തിലൂടെ അവന് വിഭവമരുളുകയും ചെയ്യും. (65:2,3). അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ അനുഷ്ടിക്കുകയും വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയുമാണ് തഖ് വപരമായ ജീവിതം നയിക്കുക എന്നതിന്‍റെ വിവിക്ഷ.
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കലാണ് ജീവിത വിഭവങ്ങള്‍ വര്‍ധനവ് ഉണ്ടാവാനുള്ള മറ്റൊരു മാര്‍ഗ്ഗം. നബി (സ) പറഞ്ഞു:നീ ചിലവഴിക്കുക. നിനക്ക് വേണ്ടിയും ചിലവഴിക്കപ്പെടും. സുഗനധത്തിന്‍റെ ബൊക്ക നാം ഒരാള്‍ക്ക് നല്‍കുമ്പോള്‍, അതിന്‍റ സൗരഭ്യം നമുക്കും ലഭിക്കുമല്ലോ? അത് പോലെയാണ് ധാനധര്‍മ്മങ്ങളുടേയും അവസ്ഥ. ദാനം ചെയ്ത് ദരിദ്രരായ ആരെയും നാം കാണുകയില്ല. എന്നാല്‍ ദൂര്‍ത്തടിച്ച് കുത്ത്പാള എടുത്ത നിരവധി പേരെ നമുക്ക് പരിചയമുണ്ടാവാം.
ധര്‍മ്മിഷ്ടനായ ഒരു വ്യാപാരിയുടെ കഥ ഇങ്ങനെ: കച്ചവട ലാഭത്തിന്‍റെ നാലിലൊരംശം അദ്ദേഹം ദാനധര്‍മ്മങ്ങള്‍ക്കായി നീക്കിവെക്കുമായിരുന്നു. ഇത് കാരണമായി അല്ലാഹു അദ്ദേഹത്തിന് അളവറ്റ നന്മകള്‍ ചൊരിഞ്ഞ് കൊടുത്തു. സമ്പത്ത് വര്‍ധനവിന്‍റെ രഹസ്യം അന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞു: നാലില്‍ ഒന്ന് ദൈവ മാര്‍ഗ്ഗത്തില്‍ നീക്കിവെക്കുന്നതാണ് അതിന്‍റെ പൊരുള്‍. താന്‍ സമ്പാദിച്ച ധനം തനിക്ക് തന്നെ ചിലവഴിച്ച് ആസ്വദിക്കുന്നതിനേക്കാള്‍ ആനന്ദം ലഭിക്കുക അത് മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിക്കുമ്പോഴാണ് എന്നും ആ വ്യാപാരി കൂട്ടിച്ചേര്‍ത്തു.
ജീവിത വിഭവങ്ങളില്‍ വര്‍ധനവ് ലഭിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം പ്രര്‍ത്ഥനയാണ്. കൃത്യമായ ആവശ്യം നിരത്തി വെച്ച് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. നമ്മുടെ ഏത് ആവശ്യങ്ങളും നമ്മെ സൃഷ്ടിച്ച അല്ലാഹുവിന്‍റെ മുമ്പിലല്ലാതെ മറ്റ് ആരുടെ മുമ്പിലാണ് നാം സമര്‍പ്പിക്കുക? ഇതിന് വേണ്ടി പ്രവാചകന്‍ (സ) ധാരാളം പ്രാര്‍ത്ഥനകള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് കൊണ്ട് സര്‍വാത്മനാ അല്ലാഹുവിനോട് ചോദിക്കുകയാണ് നമ്മുടെ ബാധ്യത.
വിഭവങ്ങള്‍ വര്‍ധിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് ഇസ്തിഗ്ഫാര്‍. പാപമോചനാഭ്യര്‍ത്ഥന നടത്തുകയാണ് അത്കൊണ്ടുള്ള ഉദ്ദേശ്യം. കിടക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും നിര്‍വിഘ്നം ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ് ‘അസ്തഗഫിറുള്ളാഹല്‍ അളീം’ എന്ന് പറയല്‍. ഇസ്തിഗ്ഫാറിന്‍റെ മാധുര്യം സദാ നാവിന്‍ തുമ്പത്ത് ഉണ്ടായാല്‍ മനുഷ്യന്‍ ഭയപ്പെടുന്ന ദാരിദ്ര്യം ഇല്ലാതാവുകയും പകരം ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നു. സൂറത്ത്ഹൂദിന്‍റെ ആരംഭത്തിലുള്ള ഏതാനും സൂക്തങ്ങള്‍ കാണുക:
നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവീന്‍. അവങ്കലേക്ക് പാശ്ചാതപിച്ച് മടങ്ങുവീന്‍. എങ്കില്‍ ഒരു നിശ്ചിത കാലയളവ് വരേ അവന്‍ നിങ്ങള്‍ക്ക് മെച്ചമായ ജീവിത വിഭവങ്ങള്‍ നല്‍കുന്നതാകുന്നു. ശ്രേഷ്ടതയുള്ളവര്‍ക്ക് അവരുടെ ശ്രേഷ്ടതയനുസരിച്ച് പ്രതിഫലം നല്‍കുന്നതാകുന്നു. എന്നാല്‍ പിന്തിരിയുകയാണെങ്കിലൊ, ഞാന്‍ ഭീകരമായ ഒരു മഹാ ദിനത്തിലെ ശിക്ഷയെ ഭയപ്പെടുന്നു. 11:3-4
മറ്റൊരു അധ്യായത്തില്‍ ഇങ്ങനെ കാണാം: നൂഹ് പറഞ്ഞു: ‘റബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം, അവന്‍ വളരെ മാപ്പരുളുവനാകുന്നു. നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്ത·രും.’ 71:10-12
വിഭവങ്ങള്‍ വര്‍ധിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിക്കല്‍. ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിച്ചാല്‍ അവന് അല്ലാഹു മതി എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. നബി (സ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ട വിധം ഭരമേല്‍പിച്ചാല്‍,വിശന്ന വയറുമായി പുറപ്പെടുകയും നിറഞ്ഞ വയറുമായി തരിച്ച് വരുകയും ചെയ്യുന്ന പറവകളെപോലെ നിങ്ങളേയും അല്ലാഹു അന്നം ഊട്ടുന്നതാണ്. അവനില്‍ ഭരമേല്‍പിക്കുന്നതിലൂടെ അടിമയുടെ നിസ്സഹയാവസ്ഥയും ദയനീയതയും അല്ലാഹുവിന് ബോധ്യമാവുന്നു. അതിലൂടെ അവന്‍റെ കാരുണ്യകടാക്ഷങ്ങള്‍ക്ക് പാത്രീഭൂതമായിതീരും. ഒരു ഹജ്ജ് വേളയില്‍ ഖലീഫ ഉമര്‍ (റ) യാചിക്കുന്ന കുറേ പേരെ കാണനിടയായി. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ ആരാണ്? അവരുടെ പ്രതികരണം: ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചവര്‍. ഉമര്‍ ഗര്‍ജ്ജിച്ചു: കളവാണ് നിങ്ങള്‍ പറഞ്ഞത്. അല്ലാഹുവില്‍ ഭരമേല്‍പിച്ചവര്‍ എന്ന് പറഞ്ഞാല്‍ ഭൂമിയില്‍ വിത്തിടുകയും പിന്നെ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്തവരാണ്.
ഒരാളുടെ റിസ്ഖ് വര്‍ധിപ്പിക്കുന്നതിലെ രഹസ്യങ്ങളില്‍പ്പെട്ടതാണ് കുടുംബ ബന്ധം ചാര്‍ത്തല്‍ എന്ന് നബി (സ) അരുളുകയുണ്ടായി. നബി (സ) പറഞ്ഞതായി അബൂഹുറൈറയില്‍ നിന്ന് ഉദ്ധരിക്കുന്നു: ഉപജീവന മാര്‍ഗ്ഗം വിശാലമായി കിട്ടാനും ദീര്‍ഘായുസ്സ് ലഭിക്കുവാനും ആരെങ്കിലും അഭിലഷിക്കുന്നുവെങ്കില്‍ അവന്‍ ബന്ധുക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കട്ടെ. വിശുദ്ധ ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ തുടര്‍ച്ചയായി നിര്‍വ്വഹിക്കുന്നത് ദാരിദ്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ആത്മീയ മാര്‍ഗ്ഗങ്ങളാണ്. തീ ഇരുമ്പിലെ കീടങ്ങള്‍ നീക്കം ചെയ്യുന്നത് പോലെ ഹജ്ജ്, ഉംറ ദാരിദ്ര്യവും പാപങ്ങളും ഇല്ലാതാക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
സര്‍വ്വോപരി സൃഷ്ടാവിനോടും സൃഷ്ടികളോടും നന്ദി കാണിക്കുക എന്നത് ഉന്നതമായ മാനവിക മുല്യങ്ങളില്‍ ഒന്നാണ്. നമുക്ക് ലഭിച്ച നന്മക്ക് പ്രതിഫലം നല്‍കലാണ് നന്ദി ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് വാക്ക് കൊണ്ടാവാം.പ്രവര്‍ത്തികൊണ്ടാവാം. മനസാലുള്ള പ്രര്‍ത്ഥനകൊണ്ടാവാം. അങ്ങനെ ചെയ്താല്‍ അല്ലാഹു നമുക്ക് ഐശ്വര്യം വര്‍ധിപ്പിച്ച് തരും. സൂറ ഇബ്രാഹീം 7
വന്‍പാപങ്ങള്‍ വര്‍ജ്ജിക്കുകയാണ് ജീവിത വിഭവം വര്‍ധിക്കാനുള്ള മറ്റൊരു വഴി. അല്ലാഹു നിശ്ചയിച്ച അതിര്‍ത്തി ലംഘിക്കുന്നത് അവന്‍റെ കോപത്തിന് കാരണമാവും. ഈ കാര്യങ്ങളത്രയും നടപ്പിലാക്കി കൊണ്ട് അധ്വാനിച്ചാല്‍ ഐശ്വര്യം സമ്പത്തും ധാരളമായി കൈവരിക്കുമെന്നാണ് ഇസ്ലാമികാധ്യാപനങ്ങള്‍ പഠിപ്പിക്കുന്നത്. പക്ഷെ പലപ്പോഴും മനുഷ്യന്‍ ആ സമൃദ്ധിക്ക് ശേഷം അല്ലാഹുവിനെ വിസ്മരിക്കുകയാണ് ചെയ്യാറുള്ളത്. ഇത് ദൈവത്തോട് ചെയ്യുന്ന ഏറ്റവും വലിയ കൃതഘ്നതയാണ്. ഇതിനുള്ള തിരിച്ചടി ഇഹലോകത്തും പരലോകത്തും പ്രവചനാതീതമായിരിക്കും. അതേയവസരം നമുക്ക് ലഭിച്ച അനേകം അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ചാല്‍, നമ്മുടെ ജീവിത വിഭവങ്ങള്‍ വര്‍ധിച്ച് കൊണ്ടിരിക്കും. അവന്‍ നല്‍കിയ അനുഗ്രങ്ങള്‍ അവന്‍റെ ഉദ്ദ്യേശങ്ങള്‍ക്ക് വിപരീതമായി ഉപയോഗിക്കുന്നത് കടുത്ത പാതകമാണ്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp