Current Date

Search
Close this search box.
Search
Close this search box.

അറിവ് : ചില മൗലിക ചിന്തകള്‍

‘ഇസ്ലാം’ എന്നതിന്റെ വിപരീത ആശയമാണ് ‘ജാഹിലിയ്യത്ത്’ സൂചിപ്പിക്കുന്നത്. ജഹ് ലിന്റെ അഥവാ അജ്ഞതയുടെ പ്രത്യയശാസ്ത്രവല്‍ക്കരണമാണ് ജാഹിലിയ്യത്ത്. അതിന് ചില അടിത്തറകളും ജീവിതത്തെക്കുറിച്ച അടിസ്ഥാന കാഴ്ചപ്പാടുകളുമുണ്ടാവും, ആ അടിത്തറകളില്‍ രൂപപ്പെടുന്ന സംസ്‌കാരവും നാഗരികതയും. ഇസ്ലാം അറിവിനെയും, ഭൗതിക സംസ്‌കാരം ജാഹിലിയ്യത്തിനെയുമാണ് പ്രതിനിധീകരിക്കുത്.

‘അറിവുള്ളവന്റെ ജീവിതം അറിവില്ലാത്തവന്റെ ജീവിതത്തെ പോലെയാവുകയില്ല’, ‘അറിവ് നല്‍കപ്പെട്ടവന്റെ സ്ഥാനം മഹോന്നതമാണ്’, ‘അവന്‍ ജീവിതവിജയത്തിലേക്കുള്ള സഞ്ചാരത്തിലാണ്’…. വിജ്ഞാനത്തിന്റെ ശ്രേഷ്ഠതയെ കുറിച്ച് ഇങ്ങനെ ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും പ്രവാചകചര്യയിലുമുണ്ട്. മനുഷ്യന്റെ തുടക്കവും വിശുദ്ധ ഖുര്‍ആനിന്റെ അവതരണ ആരംഭവും അറിവിന്റെ അപ്രമാദിത്യം ഉദ്‌ഘോഷിക്കുന്നതായി കാണാം.

മനുഷ്യനെ സൃഷ്ടിക്കാനുള്ള അല്ലാഹുവിന്റെ തീരുമാനം മലക്കുകളെ അറിയിക്കുന്നതും പിന്നീട് നടന്ന സംഭവങ്ങളും ഖുര്‍ആന്‍ തുടക്കത്തിലെ പരാമര്‍ശിക്കുന്നു. ഈ വിവരണത്തില്‍ മലക്കുകള്‍ മനുഷ്യന്‍ ഭൂമിയില്‍ നാശം വിതയ്ക്കുകയും രക്തം ചിന്തുകയും ചെയ്യുമല്ലോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇതിനുള്ള മറുപടിയില്‍ രണ്ടു വശങ്ങളാണുള്ളത്. ഈ സൃഷ്ടിപ്പിന്റെ ദൈവികയുക്തി നിങ്ങള്‍ക്കറിയില്ല, സൃഷ്ടാവിനു മാത്രമേ അതറിയൂ എന്നതാണ് ഒന്നാമത്തേത്. മറ്റൊന്ന് മനുഷ്യന് അറിവ് പ്രദാനം ചെയ്തിട്ടുണ്ട് എന്നതാണ്. മലക്കുകള്‍ പ്രകടിപ്പിച്ച ആശങ്കകള്‍ അസ്ഥാനത്താണ്, മനുഷ്യന് അവനെ ഏല്‍പ്പിച്ച ദൗത്യം ഫസാദില്ലാതെ, നിര്‍മ്മാണാത്മകമായി നിര്‍വഹിക്കാന്‍ ആവശ്യമായ അറിവ് നല്‍കപ്പെട്ടിരിക്കുന്നു. ഇത് ആവശ്യാനുസാരം പ്രയോജനപ്പെടുത്താന്‍ അവന് സാധിക്കും. ഇതാണ് മറുപടിയുടെ ഉള്ളടക്കം.

വിശുദ്ധ ഖുര്‍ആനില്‍ ഫസാദ് എന്ന പ്രയോഗം മനുഷ്യ ജീവിത ത്തോളം വിശാലമായ ആശയ വൈപുല്യമുള്ളതാണ്. സമഗ്രാധിപത്യം, സാമ്പത്തിക ക്രമക്കേടുകള്‍, ചൂഷണം, ഭൗതിക പ്രമത്തദ, സദാചാര തകര്‍ച്ച, വംശീയതയും വര്‍ഗീയതയും, മനുഷ്യ വംശത്തിന്റെ നാശം, കൊല, അവകാശലംഘനം, കൃഷി നശിപ്പിക്കല്‍…. തുടങ്ങിയവയെല്ലാം ഫസാദിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഇത്തരം ഫസാദുകള്‍ ഇല്ലാത്ത ജീവിതം ക്രമപ്പെടുത്താന്‍ മനുഷ്യന് ദൈവം നല്‍കിയിട്ടുള്ള അമൂല്യമായ ആയുധമാണ് അറിവ് എന്ന് ഖുര്‍ആന്റെ ഈ വിവരണം വ്യക്തമാക്കുന്നു. ഫസാദില്ലാത്ത വ്യക്തി – കുടുംബ – സാമൂഹിക – രാഷ്ട്രീയാവസ്ഥകള്‍ സൃഷ്ടിച്ചെടുത്ത് മരണത്തിനപ്പുറമുള്ള അനശ്വരമായ ജീവിത സൗഭാഗ്യത്തിലേക്ക് പ്രയാണം ചെയ്യുകയാണ് മനുഷ്യന്റെ ധര്‍മ്മം. ‘വിജ്ഞാന സമ്പാദനത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടവന്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയിലാണ് ‘ എന്ന പ്രവാചക വചനം ഈ ആശയമാണ് ധ്വനിപ്പിക്കുന്നത്.

ലക്ഷ്യം മാറുന്നതോടുകൂടി അറിവ് വിപരീത പ്രതികരണമാണ് സൃഷ്ടിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഫസാദിന്റെ നിര്‍മ്മാര്‍ജ്ജനമല്ല, ശാക്തീകരണമാണ് മനുഷ്യന്‍ നേടിയെടുക്കുന്ന അറിവിലൂടെ സംഭവിക്കുക. വൈജ്ഞാനിക വിസ്‌ഫോടനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ കാണാമെങ്കിലും അതിലൂടെ രൂപപ്പെടുന്ന നാഗരികതയും സംസ്‌കാരവും നാശോന്മുഖമായിരിക്കും. ഖാറൂന്‍ തന്റെ അറിവിലൂടെയും ശേഷിയിലൂടെയും നേടിയെടുക്കുന്ന വിഭവങ്ങള്‍ ഫസാദിന് വേണ്ടിയാണ് പ്രയോജനപ്പെടുത്തിയതെന്ന് ഖുര്‍ആനില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. ‘ ഖാറൂന്‍ മൂസായുടെ ജനത്തില്‍പ്പെട്ടവനായിരുന്നു. പിന്നീടവന്‍ സ്വജനത്തിനെതിരില്‍ ധിക്കാരിയായി. നാം അവന് ധാരാളം സമ്പത്ത് (كنوز = നിക്ഷേപങ്ങള്‍) നല്‍കിയിട്ടുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍, അവയുടെ താക്കോലുകള്‍ വഹിക്കാന്‍ ശക്തന്‍മാരുടെ ഒരു സംഘം തന്നെ ക്ലേശിച്ചിരുന്നു. അയാളുടെ സമുദായക്കാര്‍ അയാളോട് പറഞ്ഞു: ‘മതിമറക്കല്ലേ, മതിമറക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍, ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ നാശം (ഫസാദ്) പരത്താന്‍ ശ്രമിക്കരുത്. നാശം പരത്തുന്നവരെ അല്ലാഹു സ്നേഹിക്കുന്നില്ല.’ അപ്പോള്‍ അവന്‍ പറഞ്ഞു: ‘ഇതൊക്കെയും എനിക്ക് ലഭിച്ചത് എന്റെ വിദ്യ(ഇല്‍മ്)യാലാകുന്നു’ ‘ (അല്‍ ഖസ്വസ്: 76-78).

യൂറോപ്യൻ അധിനിവേശ കാലഘട്ടത്തിൽ തങ്ങളുടെ കൊളോണിയൽ താൽപര്യങ്ങള സംരക്ഷിക്കാനും പൂർത്തീകരിക്കാനും സഹായകമായ വിദ്യാഭ്യാസ ഉള്ളടക്കവും സംവിധാനവുമാണ് തങ്ങളുടെ കോളനി രാജ്യങ്ങളിൽ അവർ നടപ്പിലാക്കിയതെന്ന കാര്യം സുവിധിതമാണല്ലോ. സാമുദായിക വിടവുകൾക്ക് ആഴം വർദ്ധിപ്പിന്ന ഉള്ളടക്കമാണ് തലമുറകൾക്ക് പകർന്നു നൽകാൻ ഫാസിസം കരുതി വെച്ചിരിക്കുന്നത്. മാനവിക മൂല്യങ്ങൾ ശീർഷാസനത്തിലായിത്തീരുന്ന അറിവാണ് അവരുൽപാതിപ്പിക്കുന്നത്. അതിലൂടെ രൂപപ്പെടുന്ന സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയിൽ പുറന്തള്ളപ്പെടുകയോ പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന സമൂഹങ്ങൾക്ക് അതിജീവിക്കാൻ ഈ ഘടനക്കപ്പുറമുള്ള അറിവുകളെ നിലനിർത്തുകയും കണ്ടെത്തുകയും ചെയ്യുന്ന ബോധപൂർവ്വമായ പ്രക്രിയകളിലൂടെ മാത്രമേ സാധ്യമാവൂ. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിജ്ഞാനത്തെയും വിദ്യാഭ്യാസ പ്രക്രിയെയും നാശോന്മുഖമായി എങ്ങനെയാണ് മനുഷ്യൻ ഉപയോഗിച്ചത് എന്നതിന്റെ ഉദാഹരണങ്ങളാണിവ.

ജീവിതത്തിന്റെ ലക്ഷ്യവും ധര്‍മ്മവും തിരിച്ചറിയാതിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മുഴുവന്‍ ജാഹിലിയ കാഴ്ചപ്പാടുകളും ഈ തിരിച്ചറിവ് നഷ്ടപ്പെട്ടവയാണ്. അനുമാനങ്ങളും ഊഹങ്ങളുമാണ് (ظن الجاهلية) അവയുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. മാനവ വിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ചിന്തകളും ആശയങ്ങളും വൈജ്ഞാനിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്നത് അടിസ്ഥാനപരമായ ഈ ദൗര്‍ബല്യം കൊണ്ടാണ്. ജീവിതത്തില്‍ അനുമാനങ്ങളും ഊഹങ്ങളും ആവശ്യമായി വരും. എന്നാല്‍ അവ അടിത്തറകളായിത്തീരാന്‍ യോഗ്യമല്ല. അബദ്ധ സാധ്യതയില്ലാത്ത അറിവായിരിക്കണം ജീവിതത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ടത്.

ഇസ്ലാമിക കാഴ്ചപ്പാടില്‍ അറിവിന്റെ ഉറവിടം പ്രപഞ്ച സൃഷ്ടാവാണ് (അല്‍ അലഖ്: 5). ഈ ഉറവിടത്തെ (സൃഷ്ടാവിനെ)അതിന്റെ എല്ലാ ഗുണസവിശേഷതകളോടും പൂര്‍ണ്ണതയോടും കൂടി ശരിയായ രീതിയില്‍ ഗ്രഹിക്കേണ്ടത് അറിവ് അതിന്റെ ദൗത്യം നിര്‍വഹിക്കാന്‍ അനിവാര്യവുമാണ്. അതിനാല്‍ ഉറവിടത്തെ തിരിച്ചറിയാനുള്ള ആഹ്വാനവും ഖുര്‍ആനില്‍ കാണാം. ‘ നന്നായി അറിഞ്ഞുകൊള്ളുക (فاعلموا), അല്ലാഹു സര്‍വത്തെയും അതിജയിക്കുവനും യുക്തിമാനുമത്രെ’ (അല്‍ ബഖറ 209), ‘നന്നായി അറിയുക (واعلموا) നിശ്ചയം അല്ലാഹു സര്‍വസംഗതികളും അറിയുന്നവനാണ്’. (അല്‍ ബഖറ 231), ‘നന്നായി അറിഞ്ഞുകൊള്ളുക (فاعلم): അല്ലാഹു അല്ലാതെ ആരും ഇബാദത്തിനര്‍ഹനല്ല.’ (മുഹമ്മദ് :19). വിശുദ്ധ ഖുര്‍ആന്റെ കേന്ദ്രസന്ദേശമാണ് ഈ ആഹ്വാനം. ഈ അറിവാണ് മനുഷ്യന് പ്രബഞ്ചത്തിലുള്ള സ്ഥാനവും ധര്‍മ്മവും നിര്‍ണ്ണയിക്കുന്നതിന്റെ അടിസ്ഥാനം. മനുഷ്യനാരാണെന്ന് നിര്‍വചിക്കുന്നതില്‍ ഊഹങ്ങളെ അടിസ്ഥാനമാക്കിയാല്‍ അതെങ്ങനെയാണ് കൃത്യയുള്ള നിര്‍ണ്ണയമാവുക!. താനാരാണെന്ന് കൃത്യപ്പെടുത്താത്ത അടിത്തറകളില്‍ സ്ഥാപിതമാവുന്ന അറിവിന് എങ്ങനെയാണ് ശരിയായ മനുഷ്യനെ സൃഷ്ടിക്കാന്‍ കഴിയുക!. ‘വിജ്ഞാനം യഥാര്‍ത്ഥ മനുഷ്യനെ സൃഷ്ടിക്കുകയാണ്’ എന്ന ആധുനിക വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ അവകാശവാദം തത്ത്വത്തിലും പ്രയോഗത്തിലും വ്യാജമാകുന്നത് അതുകൊണ്ടാണ്.

മനുഷ്യന് അറിവ് ലഭിക്കാനുള്ള വിവിധ മാര്‍ഗങ്ങളാണ് പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും. ഈ മാധ്യമങ്ങളെ നന്നായി പ്രയോജനപ്പെടുത്താനും വിശുദ്ധ ഗ്രന്ഥം ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിലൂടെ വളരെ പരിമിതമായ അറിവുകളെ അവന് ലഭ്യമാവുന്നുള്ളൂ. ‘ജ്ഞാനത്തില്‍നിന്ന് തുച്ഛമായ ഒരംശം മാത്രമേ നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ളൂ’ (അല്‍ ഇസ്‌റാഅ 85). മാത്രമല്ല ഇവക്ക് അബദ്ധ സാധ്യതകള്‍ ഏറെയുണ്ട്. അബദ്ധ സാധ്യതകളില്ലാത്ത വിജ്ഞാന മാര്‍ഗ്ഗമാണ് ദിവ്യബോധനം. പ്രവാചകത്വവും ഹിദായത്തും നല്‍കിയതിനെ കുറിച്ച് ഇല്‍മ് നല്‍കി എന്നാണ് ഖുര്‍ആന്റെ പ്രയോഗം. ‘അല്ലാഹു നിനക്ക് വേദവും തത്ത്വജ്ഞാനവും അവതരിപ്പിച്ചുതിരിക്കുന്നു. നിനക്കറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു’ (അിസാഅ് :113), ‘പൂര്‍ണ യൗവനം പ്രാപിച്ചപ്പോള്‍ നാം അദ്ദേഹത്തിന് തീരുമാനശക്തിയും ജ്ഞാനവും പ്രദാനംചെയ്തു’ (യൂസുഫ്:22), ‘മൂസാ പൂര്‍ണ യൗവനം പ്രാപിച്ചു വളര്‍ച്ചമുറ്റിയപ്പോള്‍ നാം അദ്ദേഹത്തിന് ധര്‍മശാസനവും ജ്ഞാനവും പ്രദാനംചെയ്തു’ (അല്‍ ഖസ്വസ്: 14).

മനുഷ്യന്‍ അവന്റെ ഇതര ശേഷികളിലൂടെ നേടിയെടുക്കുന്ന അറിവുകള്‍ ദിവ്യബോധനത്തിലൂടെ ലഭ്യമായ അടിത്തറകളിലൂടെ ക്രമീകരിക്കപ്പെടണം. ‘ദൈവനാമത്തിലുള്ള വായന’ (അല്‍അലഖ്:1)കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതിതാണ്. ഈ അടിത്തറയില്‍ നിന്നുകൊണ്ട് വിവിധ വൈജ്ഞാനിക മേഖലകളിലേക്ക് മനുഷ്യന്‍ കടന്ന്ചെല്ലണം. അവിടെ രൂപപ്പെടുന്ന സാമ്പത്തിക ശാസ്ത്രവും രാഷ്ട്രതന്ത്രവും സാമൂഹികശാസ്ത്രവും ചരിത്രപഠനവും മാത്രമല്ല, മുഴുവന്‍ വിജ്ഞാനീയങ്ങളും ഫസാദില്ലാത്ത ലോകത്തെ സാധ്യമാക്കും.

ഇസ്ലാം മനുഷ്യകുലത്തിന് സംഭാവന ചെയ്ത വൈജ്ഞാനിക സംസ്‌കാരമാണിത്. ലോക നേതൃത്വത്തില്‍ നിന്ന് മുസ്ലിം സമൂഹം പുറംതള്ളപ്പെട്ടപ്പോള്‍ മാനവികതക്ക് നഷ്ടമായതും അതുതന്നെ. ഈ വൈജ്ഞാനിക സംസ്‌കാരം തിരിച്ചുപിടിക്കുക ശ്രമകരമെങ്കിലും, അനിവാര്യമായും നിര്‍വഹിക്കപ്പെടേണ്ട ദൗത്യമാണ്. ഇത് പക്ഷെ, ഉപരിപ്ലവമായ പ്രവര്‍ത്തനത്തിലൂടെ സാധ്യമാവുകയില്ല. മറിച്ച്, സമഗ്രമായ പരിവര്‍ത്തനമാണ് ആവശ്യം. ലോകത്ത് നിലവിലുള്ള ആധിപത്യ അധീശത്ത വ്യവസ്ഥയെ വെല്ലുവിളിക്കുകയും സമൂലം മാറ്റിപ്പണിയുകയും ചെയ്യുന്നതിലൂടെ മാത്രം സാക്ഷാല്‍കൃതമാകുന്ന സ്വപ്നം.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles