Current Date

Search
Close this search box.
Search
Close this search box.

അറിവ് നിത്യാനന്ദത്തിലേക്കുള്ള വഴി

അറിവ് മഹാ ശക്തിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്. സംസ്കാരമാണ്. നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നു. മനുഷ്യ ജീവിതത്തിൻറെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വാണിജ്യ വ്യവസായ യുഗങ്ങളിലൂടെ കടന്ന് വിവര സാങ്കേതിക യുഗവും പിന്നിട്ട് വൈജ്ഞാനിക യുഗത്തിൽ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശസ്ത ചിന്തകൻ ഫ്രാൻസിസ് ബേക്കൻറെ അറിവ് ശക്തിയാണ് എന്ന വാക്കുകൾ പ്രസക്തമാകുന്നത്. ആ ശക്തിയാർജ്ജിക്കാതെ മുന്നോട്ട് പോയാൽ തളർന്ന് പോവും.

നിരന്തരമായി മാറികൊണ്ടിരിക്കുന്ന ലോകത്ത് അറിവ് ആർജിക്കുക എന്നത് അനിവാര്യമാണ്. സ്കൂളിലായിരിക്കുമ്പോൾ നാം കുറേ അറിവ് നേടി എന്നത് ശരി. അവിടെ പഠിച്ച ഏറ്റവും വലിയ അറിവ് വയസ്സ്,സാഹചര്യം ഇതൊന്നും പരിഗണിക്കാതെ വിജ്ഞാനം ആർജിക്കുക എന്നായിരുന്നു. കാരണം നാം വിദ്യാലയത്തിലായിരിക്കെ നേടിയ യോഗ്യതകളെക്കാളേറെ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മനസ്സിൻറെ ശക്തിയാണ് പ്രധാനം. ആ ജഞാനതൃഷ്ണ ഇല്ലങ്കിൽ ഒരു ബിരുദത്തിനും പ്രസക്തിയില്ല. ഇന്നലത്തെ ബിരുദധാരി ഇന്ന് നിരക്ഷരനായി മാറാതിരിക്കാനും മാറികൊണ്ടിരിക്കുന്ന ലോകവുമായി സംവദിക്കുവാനും ഈ ജ്ഞാനതൃഷ്ണ അനിവാര്യമാണ്.

പ്രയോജനങ്ങൾ
അറിവ് കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനമെന്താണ്? നേടിയ അറിവ് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുക എന്നത് തന്നെയാണ് അറിവ് കൊണ്ടുള്ള ഒന്നാമത്തെ പ്രയോജനം. അപ്പോഴാണ് ആ അറിവ് ഫലവത്തായിത്തീരുന്നത്. അറിവ് ഉപയോഗിക്കുകയും പങ്ക് വെക്കുകയും ചെയ്യുന്നില്ലങ്കിൽ അത്കൊണ്ട് ഒരു പ്രയോജനവുമില്ല. കുറേ അറിവ് നേടി എന്നതല്ല കാര്യം. നേടിയ അറിവ് തനിക്കും സമൂഹത്തിനും പ്രയോജനപ്പെടുന്നുണ്ടൊ എന്നതാണ് പ്രധാനം. കൈയ്യിൽ വെളിച്ചമുണ്ടായിട്ടും ഇരുട്ടിൽ അത് ഉപയോഗിക്കാതെ ഉഴറുന്ന ഒരാളെ പോലെയാണ് അറിവുണ്ടായിട്ടും പ്രയോജനപ്പെടുത്താത്ത ആൾ.

സാമൂഹ്യതലത്തിൽ അറിവിൻറെ പ്രാധാന്യം വിവരണാതീതം. അറിവുള്ള വ്യക്തികൾ ചേർന്ന് സമൂഹത്തെ ശക്തിപ്പെടുത്തും. അത് കുറ്റകൃത്യങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്തുകയും യാചന ഇല്ലാതാക്കുകയും ചെയ്യുന്നു. അറിവിലൂടെ അന്നം മാത്രമല്ല ശാരീരികമായും വൈകാരികമായും സാമൂഹ്യമായും ഒരുപാട് നേട്ടങ്ങൾ ആർജ്ജിക്കാൻ കഴിയും. ദാരിദ്ര്യം,തൊഴിലില്ലായ്മ,കുറ്റ കൃത്യങ്ങൾ എല്ലാം വിദ്യാഭ്യാസത്തിലൂടെ കുറക്കാൻ കഴിയും. അറിവ് ബുദ്ധിയെ പ്രകാശിപ്പിക്കുന്ന വെളിച്ചമാണ്. സ്വയം തിരിച്ചറിയാനുള്ള വിളക്കാണത്.

നമുക്ക് രണ്ട് തരം കണ്ണകളുണ്ട്. ബാഹ്യവും ആന്തരികവുമായ കണ്ണുകൾ. അകക്കണ്ണിനെ തുറക്കാനുള്ള ആയുധമാണ് അറിവ്. ആ അറിവ് നടപ്പാക്കാൻ കഴിയാതിരിക്കുന്ന അവസ്ഥ എല്ലാ സമൂഹങ്ങളിലും കാണുന്ന ന്യൂനതയാണ്. അക്കാര്യം ജുതരെ ചൂണ്ടികാണിച്ച് ഒരു ഉദാഹരണത്തിലൂടെ ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു: തൗറാത്തിൻറെ വാഹകരാക്കുകയും എന്നിട്ടത് വഹിക്കാതിരിക്കുകയും ചെയ്തവരുടെ ഉപമയിതാ: ഗ്രന്ഥക്കെട്ടുകൾ പേറുന്ന കഴുതയെപ്പോലെയാണവർ. അല്ലാഹുവിൻറെ സൂക്തങ്ങളെ നിഷേധിച്ചു തള്ളിയവരുടെ ഉപമ വളരെ നീചം തന്നെ. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേർവഴിയിലാക്കുകയില്ല. ഖുർആൻ 62:5

തൗറാത്ത് കൈവശം വെക്കുകയും പ്രവൃത്തിക്കുകയും ചെയ്യാത്തവരായിരുന്നു യഹൂദികൾ. പഠിക്കാനും പണി എടുക്കാനും വേണ്ടിയായിരുന്നു ദൈവം അവർക്ക് അത് നൽകിയത്. യഹൂദർ അറിവ് നേടി. പക്ഷെ പണി എടുക്കാത്തതിനാൽ അവരെ കഴുതയോട് ഉപമിച്ചു.

വൃക്ഷവും ഫലവും
അറിവും, വൃക്ഷവും വൃക്ഷത്തിൽ നിന്ന് ലഭിക്കുന്ന ഫലങ്ങളും തമ്മിൽ ബന്ധമുണ്ട്. ഫലം കായ്ക്കുന്ന വൃക്ഷം വിനയത്താൽ കുനിഞ്ഞുപോവുമെങ്കിൽ, അറിവുള്ളവരുടെ കാര്യവും വിത്യസ്തമല്ല. ജഞാനികളുൽപാദിപ്പിക്കുന്ന ഫലം അവരുടെ പ്രവർത്തനവും അത് മുഖേനയുണ്ടാവുന്ന മാറ്റങ്ങളുമാണ്. അറിവ് കൊണ്ടുള്ള ഉദ്ദ്യേശം തന്നെ പ്രവർത്തനമാണ്. എത്രമാത്രം പ്രവർത്തിക്കുന്നു അതിനനുസരിച്ചാണ് അതിൻറെ ഫലം ലഭ്യമാവുക. അറിവിൻ്റെ ആധിക്യമല്ല പ്രവർത്തന പരിണിതിയാണ് മർമ്മം.

ഒരു നബി വചനം ഇങ്ങനെ: “ഞാൻ അധ്യാപകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.” തനിക്ക് ലഭിച്ച ദിവ്യ വെളിപാടുകൾ പകർന്ന് കൊടുക്കാനുള്ള ത്വരയാണ് പ്രവാചകൻ ഈ വചനത്തിലൂടെ വ്യക്തമാക്കന്നത്. അവിടുന്ന് ഇങ്ങനെ തുടർന്നു: നീ ജഞാനം നൽകുന്നവനാകുക. അല്ലങ്കിൽ ജ്ഞാനം കരസ്ഥമാക്കുന്നവനാകുക. അതുമല്ലങ്കിൽ ശ്രദ്ധിച്ച് കേൾക്കുന്നവനാകവുക. നലാമതൊരാളായാൽ നശിച്ചത് തന്നെ.

നാഷണൽ അഡൽറ്റ് ലിയേർണിംഗ് സർവ്വെയുടെ ഒരു പഠനമനുസരിച്ച് പുതിയ കാര്യം പഠിക്കുന്നത് 92 ശതമാനം പേരും ആനന്ദമായിട്ടാണ് കരുതുന്നത്. അതിനാൽ അറിവ് നമ്മുടെ നിത്യാനന്ദന്തത്തിൻറെ പ്രഭവ കേന്ദ്രമാണ്. ചെറുപ്പത്തിലേ ആ ശീലം വളർത്തിയാലെ, മുതിർന്നാലും വിജ്ഞാനത്തോടുള്ള ത്വര ഉണ്ടാവുകയുള്ളൂ. അറിവ് ആനന്ദവും അജ്ഞത അന്ധകാരവുമാണ്.

സാമ്പത്തിക അസമത്വം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രശന്മാണല്ളൊ? ഈ പ്രശ്നത്തിൻറെ അടിവേര് പോലും ചെന്നത്തെി നിൽക്കുന്നത് വൈജ്ഞാനിക വികാസത്തിലാണ്. അഥവാ വൈജ്ഞാനികമായി മുന്നേറിയവരാണ് സാമ്പത്തികമായ മേൽകോയ്മ കൈവരിച്ചിരിക്കുന്നത്. പഴയ കാലത്ത് പ്രകൃതി വിഭവങ്ങളുള്ള രാജ്യങ്ങളായിരുന്നു സാമ്പത്തികമായി അഭിവൃദ്ധിപ്രാപിച്ചിരുന്നതെങ്കിൽ, ഇന്ന് ബൗദ്ധികവും ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങൾ നേടിയവരാണ് മുന്നിൽ നടക്കുന്നത്.

അറിവ് നേടാനുള്ള ഉപകരണങ്ങൾ
ശരീരത്തിൽ തറച്ച മുള്ളെടുക്കാൻ മുട്ടസൂചി വേണം എന്ന് പറയുന്നത് പോലെ, അറിവ് നേടാനുള്ള ഉപകരണങ്ങൾ മനുഷ്യനിൽ തന്നെ സൃഷ്ടാവ് നിശ്ചയിച്ചിരിക്കുന്നു എന്നത് എന്തൊരൽഭുതമാണ്. കേൾക്കാൻ കാതും കാണാൻ കണ്ണും ചിന്തിക്കാൻ ഹൃദയവും സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. “അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളിൽനിന്നു പുറത്തേക്കു കൊണ്ടുവന്നു; നിങ്ങൾക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയിൽ. അവൻ നിങ്ങൾക്ക് കാതുകൾ തന്നു; കണ്ണുകൾ തന്നു; ചിന്താശക്തിയുള്ള മനസ്സുകളും തന്നു നിങ്ങൾ നന്ദിയുള്ളവരാകാൻ” 17:78

ഈ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിച്ചില്ളെങ്കിൽ അത് ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഖുർആൻ വ്യക്തമാക്കി: നിനക്ക് അറിഞ്ഞുകൂടാത്ത സംഗതികളുടെ പിന്നാലെ കൂടാതിരിക്കുക. നിശ്ചയം, കണ്ണും കാതും മനസ്സുമെല്ലാംതന്നെ ചോദ്യം ചെയ്യപ്പടുന്നതാകുന്നു. 17:36 എഴുത്തുപകരണമായ പേനയെ കുറിച്ചും എഴുത്ത് ഫലകങ്ങളെ കുറിച്ചും നൂറ്റാണ്ട്കൾക്ക് മുമ്പേ സൂചന നൽകിയ വേദഗ്രന്ഥമത്രെ ഖുർആൻ. പേന എന്ന ഒരു അധ്യായം ഖുർആനിലുണ്ട്. പേനയുടെ മഹത്വം ഉദ്ഘോഷിക്കുന്ന അധ്യായം. അല്ലാഹുവിന് നന്ദി ചെയ്യുവാനും ചിന്തിക്കുവാനും പ്രവർത്തിക്കുമാനുമാണ് ഇതെല്ലാം തന്നിരിക്കുന്നത്.

Related Articles