Current Date

Search
Close this search box.
Search
Close this search box.

ബൗദ്ധിക വൈകല്യങ്ങള്‍

ബൗദ്ധിക വൈകല്യങ്ങളെക്കുറിച്ചാണ് ഈ എപ്പിസോഡ്. മുസ്‌ലിം സമൂഹത്തെ നിരാശപ്പെടുത്തുകയെന്ന ലക്ഷ്യമല്ല ഈ പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗനിര്‍ണ്ണയം നടത്തി മരുന്ന് നിര്‍ദ്ദേശിക്കുന്നതിന് മുന്നോടിയായി പറയുന്നൊരു കാര്യമുണ്ട്, പ്രശ്‌നങ്ങളെക്കുറിച്ചുള്ള അറിവാണ് പരിഹാര മാര്‍ഗങ്ങളുടെ അടിസ്ഥാനം. ഇന്ന് നമുക്ക് അനിവാര്യമായി വന്നിരിക്കുന്ന കാര്യവും അത് തന്നെയാണ്. നമ്മുടെ പ്രശ്‌നങ്ങള്‍ എന്തെല്ലാം ആണെന്ന് കൃത്യമായി അന്വേഷിച്ച് മനസ്സിലാക്കുകയും അതിന്റെ വ്യാപ്തിയെക്കുറിച്ചും ആഴത്തെക്കുറിച്ചും വ്യക്തമായ ചിത്രം ഉണ്ടാക്കിയെടുക്കുകയും ചെയ്താല്‍ മാത്രമേ അതിന് ഉചിതമായ പരിഹാരങ്ങള്‍ നമുക്ക് നിര്‍ദ്ദേശിക്കാനാകൂ.

സമകാലിക സമൂഹങ്ങളുടെ ജീവിതത്തിന്റെ പരമപ്രധാനമായ ഭാഗമാണ് ബൗദ്ധികത. കാരണം, ചിന്തകളാണ് സമുന്നതമായ ഭാവി സൃഷ്ടിക്കുന്നത്. ചിന്തകളാണ് ഓരോ സമൂഹത്തെയും ജീവിച്ചു നിര്‍ത്തുന്നത്. സമൂഹത്തിന്റെ ശ്വാസകോശമാണ് ചിന്തകളെന്നത് തന്നെ കാരണം. ആ ശ്വസകോശത്തിന്റെ ശ്വാസാച്ഛോസങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഓരോ സമൂഹത്തിന്റെയും നവോത്ഥാനവും തകര്‍ച്ചയും. ഓരോ ഗവണ്‍മെന്റും നടപ്പിലാക്കുന്ന തന്ത്രപ്രധാനമായ പദ്ധതികളെല്ലാം ഇത്തരം ചിന്തകളുടെ ഫലമാണെന്നറിഞ്ഞാല്‍ മാത്രം മതി അതിന്റെ പ്രാധാന്യത്തെക്കുറിച്ചറിയാന്‍. പൗരന്മാരുടെ ചിന്തകള്‍ തീവ്രവും ക്രിയാത്മകവും സംഘടിതവുമാണെങ്കില്‍ അവരുടെ പദ്ധതികളും അപ്രകാരം തന്നെ ആയിത്തത്തീരും.

ബൗദ്ധിക വൈകല്യങ്ങള്‍ സംഭവിക്കാനുള്ള കാരണങ്ങള്‍:
1- പാരമ്പര്യവും ആചാരങ്ങളും: നമ്മുടെ ചിന്തകളെല്ലാം പാരമ്പര്യമായി ലഭിച്ചവയാണ്. ശരിയായ ചിന്തകളാകട്ടെ അല്ലാതിരിക്കട്ടെ, നാം ഇച്ഛിക്കാതെ തന്നെ നമ്മിലേക്ക് കൈവന്ന അനന്തരസ്വത്താണ് അത്. അവയൊന്നും കൃത്യമായി വിലയിരുത്താനോ സാധുതകള്‍ കാണാനോ ശ്രമിക്കാതെ നിത്യവും നാം അവയോട് കലഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. നമ്മുടെ മൂല്യങ്ങളെയും ആചാരങ്ങളെയും തള്ളിക്കളയാനല്ല ശ്രമിക്കേണ്ടത്. മറിച്ച്, അതില്‍ നിന്ന് നല്ലതും ഉചിതവുമായതിനെ ശക്തിപ്പെടത്താനും പഴകിയതും മൂല്യച്ഛുതി വന്നതുമായവയെ ഉപേക്ഷിക്കാനുമാണ് ശ്രമിക്കേണ്ടത്. പല രാജ്യങ്ങിലും മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ യുവ ചിന്തകര്‍ക്ക് സംസാരിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ സാധ്യമാകാറില്ല. കുടുംബം, ഗോത്രം, ഭരണാധികാരികള്‍ എന്നിവര്‍ എടുക്കുന്ന തീരുമാനങ്ങളോട് വിയോചിക്കുന്നവരുടെ അഭിപ്രായങ്ങള്‍ക്ക് പല രാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍, പ്രവാചകന്റെ രീതി അതായിരുന്നില്ല. സ്വഹാബികളുമൊത്ത് ചര്‍ച്ച ചെയ്യാതെ പ്രവാചകന്‍ ഒരു തീരുമാനവും കൈകൊണ്ടിരുന്നില്ല. ഏതെങ്കിലും വിഷയത്തില്‍ വഹ്‌യൊന്നും വന്നില്ല എങ്കില്‍ സ്വഹാബികളില്‍ നിന്ന് ആരുടെ അഭിപ്രായമാണോ ഉചിതവും യുക്തിസഹവുമായി തോന്നുന്നത് അതായിരുന്നു പലപ്പോഴും പ്രവാചകന്‍ തിരഞ്ഞെടുത്തിരുന്നത്.

Also read: സമയത്തിന്റെ പ്രാധാന്യം

ശറഈ വിഷയങ്ങളിലടക്കം പല കാര്യങ്ങളിലും പാരമ്പര്യവും ആചാരവും പിന്തുടരുന്നവരാണ് നാം. വിവാഹത്തിലും വിവാഹമോചനത്തിലും ഇസ്‌ലാമിന് വിരുദ്ധമായ പല ആചാരങ്ങളും നമ്മള്‍ കൊണ്ടുനടക്കുന്നുണ്ട്. മാനസിക സന്തോഷമെന്ന പേരില്‍ തിന്മകളെ അനുവദനീയമാക്കുന്ന പല ആചാരങ്ങളും അവധിദിനങ്ങളുമായും ആഘോഷനാളുകളുമായും നമുക്കുണ്ട്. സ്ത്രീകള്‍ക്ക് പലപ്പോഴും പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമടക്കം ജീവിതത്തിന്റെ സകല ചുറ്റുപാടുകളില്‍ നിന്ന് അകലം പാലിക്കാന്‍ ഇവ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നു. മുസ്‌ലിം സമൂഹത്തിലെ ഓരോ കുടുംബങ്ങളുടെയും വിഭാഗങ്ങളുടെയും ആചാരങ്ങള്‍ വിശകലനത്തിന് വിധേയമാക്കിയാല്‍ അവയില്‍ മിക്കതും യഥാര്‍ത്ഥ മത കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണെന്നും മറുവാക്കിന് അവസരം ലഭിക്കാത്ത വിധം പ്രപിതാക്കളിൽ നിന്ന് അനന്തരമായി കിട്ടിയതാണെന്നും വ്യക്തമാകും. അവയില്‍ പലതും പൊതു ഇടത്തില്‍ പറയാന്‍ നമുക്ക് ലജ്ജതോന്നും.

ഇത്തരം പാരമ്പര്യ, ആചാര പിന്തുടര്‍ച്ചാ മനോഭാവം ബൗദ്ധിക നവോത്ഥാനങ്ങള്‍ക്കും ചലനാത്മക ചിന്തകള്‍ക്കും കടിഞ്ഞാണിടും. അല്ലാഹു നിര്‍ദ്ദേശിച്ചിട്ടില്ലാത്ത പാരമ്പര്യ, ആചാരങ്ങളില്‍ നിന്നുമുള്ള വിടുതലാണ് ചലനാത്മക ചിന്തകള്‍ക്ക് വേണ്ടത്. ഇസ്‌ലാമിന്റെ നിയമങ്ങള്‍ക്കും യുക്തിസഹവും ധാര്‍മ്മികവുമായ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായിരിക്കണം അവ. അല്ലാത്തവയൊന്നും ശരിയായ ചിന്തയല്ല.

2- അന്ധമായ അനുകരണവും തീഷ്ണമായ അഭിനിവേശവും: പുതിയ ചിന്തകള്‍ക്കൊപ്പം സത്യമാര്‍ഗത്തില്‍ നിന്ന് ചിലര്‍ വ്യതിചലിച്ചു പോവുന്നുണ്ട്. യാതൊരു രീതിയിലുള്ള ആലോചനയും അന്വേഷണവുമില്ലാതെ പലരും പാശ്ചാത്യ പാരമ്പര്യത്തിനും ഫാഷനും പിന്നാലെ പോകുന്നു. അന്ധമായ അനുകരണവും തീഷ്ണമായ അഭിനിവേശവും സ്വതന്ത്രമായ ചിന്തക്ക് വിഘ്‌നം സൃഷ്ടിക്കുക മത്രമല്ല, മറ്റു പല ചിന്തകളിലേക്കും വഴികളിലേക്കുമായിരിക്കും അത് കൊണ്ടെത്തിക്കുക. ക്രിയാത്മക ചിന്തകളെയും യുക്തിപൂര്‍വ്വമായ വീക്ഷണങ്ങളെയും അത് നശിപ്പിച്ച് കളയും.
ഇത് നമ്മുടെ ബുദ്ധിയെയും ചിന്തയെയും ദുര്‍ബലപ്പെടുത്തും. നമ്മുടേതല്ലാത്ത ചിന്തയോടുള്ള അഭിനിവേശം നമ്മുടെ ചിന്താശേഷിയെ മരവിപ്പിച്ച് കളയും. കാരണം, സ്വന്തമായി നല്ല ബുദ്ധിയും ചിന്താശേഷിയും ഉണ്ടായിരിക്കെ തന്നെ മറ്റൊരുത്തനില്‍ നിന്ന് വരുന്ന ഒട്ടും നവീനവും ക്രിയാത്മകവുമല്ലാത്ത പുതിയ അപ്‌ഡേഷന് വേണ്ടി അനാവശ്യമായി നാം കാത്തിരുന്ന് തുടങ്ങും. അറബ് രാജ്യങ്ങളെ സംബന്ധിച്ചെടുത്തോളം കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകള്‍ പ്രതിവര്‍ഷം എഴുപതില്‍ താഴെയാണ്. ഇസ്രയേലിനെ സംബന്ധിച്ചെടുത്തോളം ഇത് പ്രതിവര്‍ഷം 1031 ആണെന്ന് എത്രപേര്‍ക്കറിയാം?
ആത്മവിശ്വാസം പ്രകടമാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കാന്‍ ശ്രമിച്ച ഒരുപാട് സമൂഹങ്ങളുണ്ട്. ലോക സമൂഹങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമരായ സമൂഹം നമ്മുടേതാണെന്നായിരുന്നു ഹിറ്റ്‌ലര്‍ തന്റെ ജനതയോട് പ്രസംഗിച്ചത്. ഞങ്ങളാണ് അല്ലാഹുവിന്റെ മക്കളും ഇഷ്ടദാസന്മാരുമെന്നാണ് യഹൂദികള്‍ വാദിച്ചത്. ഇന്ന് ലോകക്രമത്തെ അടക്കി ഭരിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു. പിന്നെയും എന്തുകൊണ്ടാണ് തോല്‍വി, ബലഹീനത, ബൗദ്ധിക വൈകല്യങ്ങള്‍ എന്നീ ചിന്തകള്‍ മുസ്‌ലിം സമൂഹങ്ങളെ വിടാതെ പിന്തുടരുന്നത്?

Also read: അഹന്തയെ തൂത്തുവാരി പുറത്തിടുക

3- മതകീയ ചിന്തകള്‍: നമ്മളില്‍ പലരും പലപ്പോഴും നമ്മുടെ യഥാര്‍ത്ഥ ദീനിനെ മറന്നു പോകുന്നുണ്ട്. പഴയ കാല ശ്രോദ്ധാക്കളെയും മറികടക്കുന്ന രീതിയിലുള്ള പുതുമയും ദര്‍ശനവും നമ്മുടെ മത സംവേദന രീതികള്‍ക്ക് ഇന്ന് ആവശ്യമാണ്. ഇത്തരത്തില്‍ നമ്മുടെ ദീനീ സംവേദനങ്ങള്‍ സമൂഹത്തിലെ ഓരോരുത്തരെയും ലക്ഷ്യം വെച്ചുള്ളതായിരിക്കണം. അതില്‍ ദുര്‍ഗുണവാന്മാരും സല്‍ഗുണവാന്മാരും ഉള്‍കൊള്ളണം. സംസ്‌കാര സമ്പരും അല്ലാത്തവരുമായവര്‍ക്ക് അതില്‍ ഇടമുണ്ടാകണം. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും അതിന്റെ ഭാഗമാകണം. രാഷ്ട്രം, പാര്‍ട്ടി, സംഘടന, മതവിഭാഗങ്ങളടക്കം എല്ലാവരെയും ഉള്‍കൊള്ളാനും ഒന്നിച്ചു ചേര്‍ക്കാനും പ്രാപ്യമാകുന്ന ജ്ഞാന പ്രസരണ രീതിയാണ് നമുക്ക് വേണ്ടത്.

വിശുദ്ധ ഇസ്‌ലാമിനെക്കുറിച്ച് നാം അഭിമാനബോധമുള്ളവരാകണം. ജീവിതയാത്രയില്‍ മതം ഭാരമാണെന്ന ചിന്ത ഒരിക്കലും നമുക്ക് വന്നുപോകരുത്. ഭൂമിയിലുള്ള മറ്റെല്ലാ മതങ്ങളെക്കാളും സമുല്‍കൃഷ്ടമായ മതം നമ്മുടെതാണെന്ന ബോധ്യവും നമുക്കുണ്ടാകണം. ഹൃദയം കൊണ്ട് ഇസ്‌ലാമിനെ പുല്‍കുന്നുവെന്നത് ഇതര സമൂഹങ്ങള്‍ക്കിടയിലേക്കും സംസ്‌കാരങ്ങള്‍ക്കിടയിലേക്കും നമ്മുടെ ബൗദ്ധിക ചര്‍ച്ചകള്‍ വ്യാപിപ്പിക്കുന്നതിന് ഒരിക്കലും തടസ്സമായി തീരരുത്.

സമകാലിക മതചിന്തയുടെ കടിഞ്ഞാണ്‍ മുസ്‌ലിം സമൂഹത്തിന്റെ പിടുത്തത്തില്‍ നിന്നും അഴിച്ചു കൊടുക്കേണ്ടതുണ്ട്. നമ്മുടെ ദീനിന്റെ സൗന്ദര്യവും മഹത്തായ അദ്ധ്യാപനങ്ങളും ഇതര സമൂഹങ്ങളിലേക്കും ചെന്നെത്തട്ടെ. അതിനാല്‍ തന്നെ സ്ഥലകാല വ്യവസ്ഥകള്‍ക്കും കാലത്തിന്റെ ആവശ്യകതകള്‍ക്കും അനുസരിച്ച് ബുദ്ധിയും യുക്തിയും വെച്ച് നമ്മുടെ സംവേദന രീതികളെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്.

4- ഭയവും അടിമത്വബോധവും: സ്വാതന്ത്ര്യ ബോധമില്ലായ്മയാണ് മഹത്തായ ചിന്തയുടെ ശത്രു. സ്വതന്ത്രമായ അന്തരീക്ഷമാണ് ക്രിയാത്മക ചിന്തകളെ വളര്‍ത്തുന്നത്. നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ഭയപ്പെടുന്ന കാലത്തോളം നമ്മുടെ ചിന്തകള്‍ സ്വതന്ത്രമാകില്ല. ഒരു ദശാബ്ദക്കാലമായി രാഷ്ട്രീയ വ്യവസ്ഥകളോടുള്ള ഭയവും ആന്തരികവും ബാഹ്യവുമായ പിഴവുകളെച്ചൊല്ലിയുള്ള ഭീതിയും നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. സ്വതന്ത്രമായ ചുറ്റുപാടില്‍ മാത്രമേ മഹത്തായ ചിന്തകളെ നമുക്ക് നിര്‍മ്മിച്ചെടുക്കാനാകൂ. അടിമത്വബോധവും അപകര്‍ഷതാബോധവും പേറുന്ന ഒരു സമൂഹത്തില്‍ ഒരിക്കലും പ്രോജ്ജ്വലവും ക്രിയാത്മകവുമായ ചിന്തകള്‍ വളരില്ല. പൊതു ഇടങ്ങളില്‍ ഇറങ്ങി അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിച്ച് തടങ്കലിലാകുന്നിലും നല്ലത് അവര്‍ക്ക് അവരുടെ ചിന്തകളെ പിടിച്ചു വെക്കലാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചും അടിമത്വബോധത്തെക്കുറിച്ചും മറ്റൊരിക്കല്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

Also read: നസാറകളും മസീഹുകളും തമ്മിലെന്താണ് വ്യത്യാസം?

5- അജ്ഞതയും ഏകാന്ത ബോധവും: നമ്മുടെ സമുധായം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണിത്. സാംസ്‌കാരിക മേഖലയില്‍ നമ്മുടെ സമുധായം മറ്റു സമുധായങ്ങളെക്കാള്‍ എത്രയോ പിന്നിലാണ്. നമ്മുടെ അറബ് സമൂഹത്തിന്റെ ജനസംഖ്യയില്‍ പകുതി ആളുകള്‍ ഇപ്പോഴും വേണ്ടവിധം വായിക്കുകയോ എഴുതുകയോ ചെയ്യാത്ത നിരക്ഷരരാണ്. പിന്നെങ്ങനെയാണ് നാം സൂക്ഷ്മമായി ചര്‍ച്ച ചെയ്യുന്ന ചിന്തയും ബൗദ്ധികതയും അവര്‍ക്ക് കൈവരിക്കാനാകുക? അറബ് ലോകത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ പകുതിയും നിരക്ഷരരാണെന്ന അറബ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് ആന്റ് ഡവലപ്പ്‌മെന്റിന്റെ റിപ്പോര്‍ട്ടും നിരക്ഷരരായ എഴുപത് ദശലക്ഷം അറബികളില്‍ മൂന്നിലൊന്നും സ്ത്രീകളും കുട്ടികളുമാണെന്ന യൂനിസെഫിന്റെ നിരീക്ഷണവും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്.

സാംസ്‌കാരികമായി നാം ഒറ്റപ്പെടുന്ന കാലത്തോളം ചിന്താപരമായും നാം ഒറ്റപ്പെട്ടുകൊണ്ടിരിക്കും. കാരണം അതു രണ്ടും വേര്‍പ്പെടുത്താനാകാത്ത വിധം പരസ്പരബന്ധിതമാണ്. അജ്ഞതയോടും ഏകാന്ത മനോഭാവത്തോടും കലഹിക്കുന്നത് വരെ ബൗദ്ധികമായി നമുക്കൊരിക്കലും അഭിവൃദ്ധി നേടാനാകില്ല. അന്താരാഷ്ട്ര വിദ്യഭ്യാസ പാഠ്യപദ്ധതികളോട് ചേര്‍ത്തിനോക്കുമ്പോള്‍ അറബ് രാജ്യങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന വിദ്യഭ്യാസ പാഠ്യപദ്ധതിയുടെ എഴുപത് ശതമാനവും ഇരുപത് വര്‍ഷത്തോളം പഴക്കമുള്ളവയാണ്. അതിനാല്‍ തന്നെ വിദ്യഭ്യാസത്തെക്കുറിച്ചും അതിന്റെ പുരോഗമനത്തെക്കുറിച്ചും ഒരു ചര്‍ച്ച അനിവാര്യമാണ്. പ്രശ്‌നങ്ങള്‍, പ്രത്യാശകള്‍, വേദനകള്‍, സ്വപ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചക്ക് പകരം ഇതുവരെ പരഹാരമാര്‍ഗങ്ങളെക്കുറിച്ചാണ് നാം സംസാരിച്ചു കൊണ്ടിരുന്നത്. ഈ പ്രതിസന്ധികളെല്ലാം നമ്മുടെ സമുധായത്തിന്റെ ചിന്താ വികസന വഴികളില്‍ തടസ്സമായി നിന്നവയായിരുന്നു. നിരാശയും പിന്നാക്കാവസ്ഥയുമായിരുന്നു അതിന്റെ ഫലം. അതിനാല്‍ തന്നെ വര്‍ത്തമാനകാലത്ത് നിന്ന് ഭൂതകാല അഭിമാന നേട്ടങ്ങളിലേക്ക് നാം ഒളിച്ചോടാന്‍ തുടങ്ങി. അതാണ് നമ്മെ നിഷ്‌ക്രിയരും അപ്രായോഗികബുദ്ധിയുള്ളവരുമാക്കി മാറ്റിത്തീര്‍ത്തത്.
ബൗദ്ധികമായ ഈ പ്രതിസന്ധി അല്‍പാല്‍പമായി നീങ്ങിത്തുടങ്ങിയിട്ടുണ്ട്. അല്ലാഹുവിന് സ്തുതി. നമ്മുടെ സമുദായത്തിലെ ഭൂരിപക്ഷം ചിന്തകരും ഈ പ്രതിസന്ധികളെ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ബൗദ്ധിക വൈകല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലെ ആദ്യപടിയാണിത്. നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. പരിഹാരമായി വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ നാം ചെയ്തിട്ടൊള്ളൂ. സമുധായത്തിന്റെ ബൗദ്ധിക വളര്‍ച്ചക്കും ചിന്താഗതിക്കും വേഗം കൂട്ടേണ്ടതുണ്ട്. അല്ലാഹു തുണക്കട്ടെ.

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles