Current Date

Search
Close this search box.
Search
Close this search box.

ഗസ്സാലിയൻ ചിന്തകൾ കാലത്തോട് സംവദിക്കുമ്പോൾ

ഏഴു ഭൂഖണ്ഡങ്ങളിൽ വിജ്ഞാനത്തിന്റെ പ്രകാശം പരത്തിയ മഹാ പണ്ഡിതനായിരുന്നു ഇമാം അബൂ ഹാമിദിൽ ഗസാലി. ഉത്തരാധുനിക കാലത്തും അതിനാവിശ്യമായ വിജ്ഞാനകോശം തന്നെയാണ് അദ്ദേഹം. താർക്കിക ദർശനങ്ങളുമായി ദീർഘകാലം മൽപ്പിടുത്തം നടത്തിയ അസാധാരണ പണ്ഡിതനും ദാർശനികനുമായിരുന്നു അദ്ധേഹം. അസ്തിത്വത്തിന്റെ നിഗൂഢ രഹസ്യങ്ങൾ തേടിയുള്ള ദാർശനിക സപര്യകൾക്കു വേണ്ടി ജീവിതത്തിന്റെ ദീർഘകാലം അദ്ദേഹം ഉഴിഞ്ഞുവെച്ചു. നിരന്തരമായ അന്വേഷണമാണ് ആധ്യാത്മികമായ ഉൾപ്പൊരുളുകളിലേക്ക് അദ്ധേഹത്തെ നയിച്ചതെന്ന് കാണാം. അഞ്ഞൂറോളം കൃതികളുടെ കർത്താവായ ലോകോത്തര പണ്ഡിതനായ ഇമാം, ആത്മജ്ഞാനമാണ് സാക്ഷാൽ വിജ്ഞാനം എന്നാണ് തന്റെ ജീവിതം കൊണ്ട് ഉപസംഹരിച്ചത്. ഗസാലി ചിന്തകളുടെ സമകാലിക പ്രസക്തിയും ഇതു തന്നെയാണ്. ബൃഹദും നിഗൂഢവും സങ്കീർണ്ണവുമായ ആഖ്യാനസംവാദങ്ങളിൽ നിന്ന് ലളിതവും തെളിച്ചമുള്ളതുമായ ആശയാവലികളിലേക്കുള്ള തിരിച്ചു നടത്തമാണ് ഉത്തരാധുനിക കാലത്തിന്റെ ദാർശനിക സവിശേഷത. അധികാരികളും പ്രഭുക്കളും പ്രാമാണി വർഗവുമാണ് ചരിത്രത്തിന്റെ നിർമാതാക്കളാകാൻ യോഗ്യരെന്ന് വിശ്വാസിക്കപ്പെട്ട ഒരു യുഗത്തിന്റെ അന്ത്യ കാലമാണിത്. ഭരണാധികാരികൾക്കു പകരം ഭരണീയരും പ്രമാണികൾക്കു പകരം ദരിദ്രരും മേൽജാതി വർഗങ്ങൾക്കു പകരം കീഴാളരും തങ്ങളുടെ ചരിത്ര ഭാഗധേയം തിരിച്ചറിയുകയും അതു പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു കാലം. ജ്ഞാനമണ്ഡലങ്ങളെ കുത്തകയാക്കുകയും സ്വകാര്യസ്വത്താക്കുകയും ചെയ്ത മധ്യകാല പൗരോഹിത്യ രാജഭരണ അച്ചുതണ്ടിനെതിരെ പട നയിച്ച ഇമാം ഗസാലിയുടെ വഴി കൂടുതൽ മിഴിവോടെ വായിക്കപ്പെടേണ്ട കാലം ഇതു തന്നെയാണ്.!

ആദർശ വാക്യങ്ങളിലും കനത്ത മുദ്രവാക്യങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹമാണ് പുതിയ കാലത്ത് ജീവിക്കുന്നത്. മത വേദങ്ങളുടെയും മഹാ മനീഷികളുടെയും പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിച്ച് സ്ഥാപിതമായ പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും പരിഹാസ്യ കഥാപാത്രങ്ങളായി അധപ്പതിക്കുന്നു. വായുവിൽ പ്രകമ്പനം കൊള്ളുന്ന ആദർശ മുദ്രാവാക്യങ്ങൾക്കു വേണ്ടിയല്ല, അതിന്റെ ജീവിത മാതൃകകൾക്കു വേണ്ടിയാണ് കാലം പരതുന്നത്. സമാനമായ ഒരു സന്ദർഭം തന്നെയായിരുന്നു, ഇമാം ഗസാലിയും അഭിമുഖീകരിച്ചത്. ജീവിത ബാഹ്യമായ തർക്ക യുക്തികളുടെ കലാപമായി മതം തരംതാണ ആ കാലത്ത് മതവിജ്ഞാനത്തിന് ജീവൽ ഭാഷ നൽകുകയായിരുന്നു അദ്ദേഹം ഏറ്റെടുത്ത മുഖ്യ ദൗത്യം. ഗസാലിയുടെ ക്ലാസിക് രചനയായ ‘ഇഹ്‌യാ ഉലൂമിദ്ദീൻ ‘, മത വിജ്ഞാനീയങ്ങളെ ഉജ്ജീവന ഊർജമായി പരിവർത്തിക്കുന്ന അത്ഭുതകരമായ പരീക്ഷണമാണ് ചരിത്രത്തിൽ നിർവഹിച്ചത്. ഇഹ്‌യാ യുടെ രചനയിലേക്കു നിർബന്ധിച്ച സാഹചര്യം ഇമാം വിശദീകരിക്കുന്നുണ്ട്: ” കാലം ദുഷിച്ചു. പണ്ഡിതന്മാരുടെ നിലവാരം മോശമായി. നാമ മാത്ര പണ്ഡിതന്മാർ മാത്രം അവശേഷിച്ചു. അവരുടെ മേൽ പിശാച് ആധിപത്യം വാണു. അവർ സ്വാർഥ തല്പരരായി. നന്മയെ നിന്മയായും തിന്മയെ നന്മയായും കണ്ടു. യഥാർത്ഥ മത ജ്ഞാനം അപ്രത്യക്ഷമായി. സന്മാർഗ ദീപം നിഷ്പ്രഭമായി. വിജ്ഞാനം മൂന്നു കാര്യങ്ങളിൽ മാത്രം ഒതുങ്ങി; സർക്കാർ താല്പര്യം സംരക്ഷിക്കാനുള്ള ഫത് വയിൽ, പ്രതിയോഗിയുടെ മേൽ വിജയം നേടാനുള്ള വാദപ്രതിവാദത്തിൽ, സാധാരണക്കാരെ സ്വാധീനിക്കാനുള്ള പ്രാസനിബദ്ധമായ പ്രസംഗത്തിൽ”… ഇമാം ഗസാലിയെ ഉൽക്കണ്ടപ്പെടുത്തിയ സാഹചരും ഇന്നും മൂർത്തമായി തന്നെ നിലനിൽക്കുന്നുവെന്ന് സമകാലിക ലോകം സാക്ഷ്യപ്പെടുത്തുന്നു. സുഖലോലുപതയിൽ ആറാടുകയും ഭൂമിയിൽ പീഡിപ്പിക്കപ്പെടുന്ന മനുഷ്യന്റെ നോവുകൾ വിസ്മരിക്കുകയും ചെയ്യുന്ന ഏകാധിപതികളുടെ കൊട്ടാരങ്ങളിലിരുന്ന് ഫത് വ എഴുതുന്ന ഔദ്യോദിക മുഫ്തികളുടെ കാലം അവസാനിച്ചിട്ടില്ല. മാത്രവുമല്ല, അറിവും ജ്ഞാനവും അധികാരത്തിന്റെ മറ്റൊരു രൂപമാണ്. വേദജ്ഞാനികൾ, അത് മറ്റുള്ളവർക്ക് നിഷേധിക്കുകയും ജ്ഞാനത്തെ ഉപയോഗിച്ച് സമൂഹത്തിൽ സ്വന്തം അധികാരമണ്ഡലം സ്ഥാപിക്കുകയും ചെയ്യും. ചെറുപ്രായത്തിൽ തന്നെ വിശ്രുത നായ ഒരു പണ്ഡിതനും ചിന്തകനുമായി മാറിയ ഇമാം ഗസാലിക്ക് ജ്ഞാനം അധികാരത്തിന്റെ ആയുധമായി മാറുന്നത് സ്വയം അനുഭവിച്ചറിയാൻ സ്വാധിച്ചിരുന്നു. ഗുരു എന്ന നിലയിൽ രൂപപ്പെട്ടു വന്ന ശിഷ്യ വൃന്ദത്തിന്റെ സ്തുതി കീർത്തനങ്ങളും ഭവ്യഭാവങ്ങളും അദ്ദേഹത്തെ ഭയപ്പെടുത്തി. സ്തുതിപാഠകനെ തിരിച്ചറിയുന്നവനാണ് ജ്ഞാനി എന്ന് അദ്ദേഹത്തിന് വെളിപ്പെട്ടു. തന്റെ ആത്മകഥയും കൂടിയായ ‘ അൽ മുൻഖിദു മിനള്ളലാൽ ‘ എന്ന ഗ്രന്ഥത്തിൽ ഇമാം, ജീവിതത്തിലുണ്ടായ ഈ വഴിത്തിരിവ് വികാര തീവ്രതയോടെ വിശദീകരിക്കുന്നുണ്ട്.

മനുഷ്യന്റെ സകലമാന അസ്വസ്ഥതകൾക്കും അസമാധാനത്തിനും കാരണം ഭൗതിക യുക്തികളിലുള്ള അന്ധമായ വിശ്വാസമാണെന്ന് ഗസാലയൻ കൃതികൾ വിശദീകരിക്കുന്നു. മാത്രവുമല്ല, ഭൗതിക യുക്തികളെയും കാര്യകാരണങ്ങളെയും തിരസ്കരിക്കാതെ തന്നെ അതിലുള്ള അമിതമായ ആലംബം അപകടകരമാണെന്ന തത്വമാണ് ഗസാലി മുന്നോട്ടുവെക്കുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വിശദീകരണത്തിന് കേവല ഭൗതിക നിയമങ്ങളെ ആശ്രയിക്കുന്നതിലെ മൗഢ്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൗതിക ബലതന്ത്രങ്ങൾക്കെല്ലാമുപരിയായ അന്തിമ പരാശക്തിയിലുള്ള അടിയുറച്ച വിശ്വാസം ജീവിതത്തെ കുറിച്ച് പതിന്മടങ്ങ് പ്രതീക്ഷ വർധിപ്പിക്കുകയും ആത്മവിശ്വാസമുണർത്തുകയും ചെയ്യും. മറിച്ചാകുമ്പോൾ, നിരാശയുടെ മേഘങ്ങൾ ജീവിതത്തിൽ നിരന്തരം കരിനിഴൽ വീഴ്ത്തിക്കൊണ്ടിരിക്കും. അധികാരവും ആർത്തിയും വ്യാമോഹങ്ങളും മനുഷ്യ ജീവിതം നരകത്തിലേക്ക് ആനയിക്കും. അതിനാൽ പാരത്രിക ജീവിതത്തിലെ വിജയം മുൻ നിർത്തി ഭൗതിക ആർത്തികളെ നിയന്ത്രിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ആധ്യാത്മിക മാർഗത്തിലൂടെ ആത്മീയ ആനന്ദം കണ്ടെത്താൻ സഹായിക്കുന്ന അദ്ദേഹത്തിന്റെ ‘ കീമിയാ ഉസ്സആദ’ ഇന്നും വളരെ പ്രസക്തമാണ്. സൗഭാഗ്യത്തിന്റെ രസതന്ത്രം ആത്മീയ ജീവിതത്തിലാണെന്ന് ഇമാം ഗസാലി സ്വന്തം സാധനയിലൂടെ ബോധ്യപ്പെടുത്തുന്നു. രാജാവായ അബുൽ ഹസൻ മസ്ഊദിന് എഴുതിയ ഒരു കത്തിൽ അദ്ദേഹം ഇപ്രകാരം പറയുന്നതായ കാണാം: ” ഭൗതിക മോഹങ്ങൾ വർജിക്കുകയും ഗുണകരമായ അറിവിനു വേണ്ടി അപ്രധാന സംഗതികൾ ത്യജിക്കുകയും പദവി അവഗണിക്കുകയും ചെയ്യുന്നതുവരെ പ്രബുദ്ധത കൈവരിക്കുകയില്ല. ബുദ്ധികൊണ്ട് മാത്രം അളക്കാൻ കഴിയുന്നതല്ല മനുഷ്യന്റെ മൂല്യം. ആത്മീയമായ പവിത്രതയിലാണ് ആ മൂല്യം കുടികൊള്ളുന്നത്”. രാഷ്ട്രീയാധികാരം മനുഷ്യ വ്യവഹാരങ്ങളിലെ സുപ്രധാന ഭാഗമാണെന്ന് ഇമാം ഗസാലി നന്നായി മനസ്സിലാക്കിയിരുന്നു. അദ്ദേഹം ജീവിച്ച കാലത്തെ ഭരണാധികാരികളോടെല്ലാം സൗഹൃദം നിലനിർത്താനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ, ആ സൗഹൃദം ഒരു വിധേയത്വമാകരുതെന്ന നിർബന്ധം അദ്ധേഹം കാത്തുസൂക്ഷിച്ചു. ഭരണാധികാരികളെ നേർവഴിക്കു നടത്താനുള്ള ആജ്ഞാശക്തി മതപണ്ഡിതന്മാർക്ക് കൈമോശം വന്നുകൂടെന്ന് അദ്ദേഹം ശഠിച്ചു. അതിനാൽ, അധികാരികളുടെ വിനീത വിധേയന്മാരാക്കുന്നതിൽ നിന്ന് പണ്ഡിതരെ അദ്ദേഹം കർശനമായി വിലക്കി. രാജകൊട്ടാരങ്ങൾ സന്ദർശിക്കുകയോ ഭരണകൂടത്തിൽ നിന്ന് ശമ്പളമായി ഒന്നും സ്വീകരിക്കുകയോ ഇല്ലെന്നും അത് ജന സേവനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നും ഇമാം പ്രതിജ്ഞ എടുത്തിരുന്നു. ആ പ്രതിജ്ഞ വിവിധ സന്ദർഭങ്ങളിൽ, അദ്ദേഹം ഓർത്തുകൊണ്ടിരിക്കുന്നു. ‘അയ്യുഹൽ വലദ്’ എന്ന ഗസാലിയുടെ പ്രഖ്യാത ഗ്രന്ഥത്തിൽ പണ്ഡിത സമൂഹത്തിന് നൽകുന്ന ഉപദേശം ഇതാണ്: ” ഭരണാധികാരികളിൽ നിന്നും രാജാക്കന്മാരിൽ നിന്നും അകന്നു ജീവിക്കണം അവരുടെ കൂടെ കഴിയരുത്, അവരെ കാണരുത് കാരണം അവരെ കാണുന്നതും കൂടെ ഇരിക്കുന്നതും അവർക്കൊപ്പം കഴിയുന്നതും വലിയ അപകടം വരുത്തും. ഈ കാര്യങ്ങൾ ചെയ്യാൻ നീ നിർബന്ധമായാൽ അവരെ പ്രശംസിക്കുകയോ പുകഴ്ത്തുകയോ അരുത്. തെമ്മാടിയും അക്രമിയും വാഴ്ത്തപ്പെടുന്നത് അല്ലാഹുവിന് കോപമുണ്ടാക്കും. ഭരണാധികാരികളുടെയും രാജാക്കന്മാരുടെയും സാമ്പത്തിക സാഹായങ്ങളും പാരിതോഷികങ്ങളും സ്വീകരിക്കരുത്. അവ അനുവദനീയ ധനത്തിൽ നിന്നാണെന്ന് നിനക്കറിയാമെങ്കിൽ പോലും”. ബുദ്ധിജീവികളും പണ്ഡിതന്മാരും മതാധ്യക്ഷന്മാരും, സാമ്രാജ്യത്വത്തിനും ഭരണകൂടങ്ങൾക്കും കൂലി വേല ചെയ്യുകയും അധികാര വ്യാപനത്തിന് അനുകൂല സൂത്രവാക്യങ്ങൾ പാകം ചെയ്ത് കൊടുക്കുകയും ചെയ്യുന്ന സമീപകാല ലോക സാഹചര്യത്തിൽ ഇമാം ഗസാലിയുടെ നിലപാട് പ്രസക്തമായിത്തീരുന്നു.

അധികാര വർഗത്തിനു നേരെ ചോദ്യമുന്നയിക്കുകയും ജനരോക്ഷ മുയർത്തി ജനവിരുദ്ധ സമീപനങ്ങളെ തിരുത്തുകയും ചെയ്യുന്ന പൗര സമൂഹമോ, സിവിൽ രാഷ്ട്രീയമോ അചിന്ത്യമായിരുന്ന ഒരു കാലഘട്ടത്തിലാണ് ഇമാം ഗസാല ജീവിച്ചുരുന്നത്. എന്നാൽ, ഒരു ജനകീയ പ്രതിപക്ഷത്തെ സംബന്ധിച്ച ആശയങ്ങൾ അദ്ദേഹത്തിന്റെ കൃതികളിലും ചിന്തകളിലും വായിച്ചിടക്കാൻ സാധിക്കും. ജനവിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധനായ മുജീറുദ്ദീനെ താക്കീത് ചെയ്ത ഇമാം എഴുതിയ കത്തുകൾ, അനീതിയോടുള്ള കർക്കശ നിലപാടിന്റെ പ്രതിഫലനമാണ. ഒരിക്കൽ ഇമാം എഴുതി: “മുൻ മന്ത്രിമാരൊന്നും ചീത്ത പ്രവർത്തികൾക്ക് താങ്കളുടെയത്ര കുപ്രസിദ്ധരായിരുന്നില്ല എന്ന കാര്യം ഞാൻ താങ്കളെ ഓർമിപ്പിക്കേണ്ടി വന്നിരിക്കുന്നു. പ്രജകളെ കുറിച്ചു ചിന്തിക്കുക. ദാരിദ്രവും കഷ്ടപ്പാടും നിമിത്തം അവരുടെ ജീവിതം തകർന്നിരിക്കുകയാണ്. ശോഷിച്ച് കൈകാലുകൾ വിറയ്ക്കുന്ന അവസ്ഥയിലാണവർ. നീണ്ട ഉൽക്കണഠ അവരെ വെറും അസ്ഥികൂടങ്ങളാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. അതേസമയം താങ്കൾ നിസ്സംഗ ആർഭാടത്തിൽ രമിക്കുന്നു. ഖുറാസാനും ഇറാഖും നശിക്കുകയാണെങ്കിൽ അത് അവയുടെ ഭരണച്ചുമതല ഏൽപ്പിക്കപ്പെട്ട മന്ത്രിമാർ നിമിത്തമായിരിക്കും”.

നമുക്കറിയാം, ഇന്ന് ഭൗതിക വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് ആധുനിക ജീവിതം എന്ന പ്രതീതി ലോക നഗരങ്ങൾ പ്രേക്ഷണം ചെയ്യുന്നുണ്ട്. മാളുകളും വൻകിട വൻകിട വിപണന കേന്ദ്രങ്ങളും പണത്തിന്റെ പളപളപ്പ് പ്രകടമാക്കുന്ന ആർഭാടങ്ങളും നിറഞ്ഞതാണ് ഓരോ നഗരക്കാഴ്ചയും. രാഷ്ട്രങ്ങളുടെ അഭിമാന ചിഹ്നങളായി ഇത്തരം നഗരങ്ങളാണ് ഉയർത്തപ്പെടുന്നതും. എന്നാൽ ലോക ജനസംഖ്യയുടെ മുക്കാൽ പങ്കും കടുത്ത പട്ടിണിയിലും വിഭവ ശോഷണത്തിലും നടുവൊടിഞ്ഞിരിക്കുകയാണെന്ന പരമ സത്യം മറച്ചുവെക്കപ്പെട്ടിരിക്കുന്നു. ആഗോളവത്കരണാനന്തരം നിലവിൽ വന്ന നവലിബറൽ സമൂഹത്തിൽ ധനികർ വീണ്ടും തടിച്ചു കൊഴുക്കുകയും ദരിദ്രർ കൂടുതൽ ദരിദ്രവത്കരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ലോകത്തിന്റെ മൊത്തം വിഭവസമ്പത്തിന്റെ മഹാ പങ്ക് ഏതാനും ചില കോടീശ്വരന്മാരുടെ കൈകളിലാണെന്നതും അധിഷേധ്യമാണ്. ലോകം ഇന്നനുഭവിക്കുന്ന ദക്ഷ്യക്കമ്മി, ജലക്കമ്മി, ഇന്ധനക്ഷാമം, പോഷക കുറവ്, വർദ്ധിച്ചു വരുന്ന രോഗങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെല്ലാം അധികാരത്തിന്റെയും ധനത്തിന്റെയും കുത്തകവത്കരണവുമായി ബന്ധപ്പെട്ടതാണ്. ഭൗതിക വിഭവങ്ങളുടെ അമിത ചൂഷണത്തെയും ദുർവ്യയത്തെയും പേർത്തും പേർത്തും വിമർശിക്കുന്ന നിരവധി താക്കീതുകൾ ഗസാലി പഠനങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായി കാണാം. ജീവിത ലാളിത്യവും മോഹങ്ങളുടെ നിയന്ത്രണവും ത്യജിക്കാനും സഹിക്കാനുമുള്ള മനോഭാവവും വളർത്തിയെടുത്തുകൊണ്ടല്ലാതെ ലോകത്തിന്റെ വിഭവക്കമ്മിയെയും അസന്തുലിതത്വത്തെയും ആത്യന്തികമായി നിർമൂലനം ചെയ്യാനാവുകയില്ല എന്നതാണ് ഗസാലി ചിന്തകൾ മുന്നോട്ടു വെക്കുന്നത്. ‘ഇഹ് യ’ യിൽ ധാരാളം അധ്യായങ്ങൾ ജീവത്യാഗത്തിലൂടെ കൈവരുന്ന ആത്മ ധന്യതയുടെ മാധുര്യം അനുഭവിപ്പിക്കുന്നുണ്ട്..

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വായനക്കാരെ ആകർഷിക്കുന്നത് പ്രത്യയ ശാസ്ത്ര കൃതികളോ ദർശനങ്ങളോ ശാസ്ത്ര കൃതികളോ അല്ല. മറിച്ച് ധനാത്മക ചിന്ത (Positive thought) ഉണർത്തുന്നതും ആത്മാനുഭൂതി പകരുന്നതുമായ രചനകളാണ്. ആത്മീയാനന്ദ രസം പകരുന്ന ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ നോവലുകളും രചനകളും ഒരേ സമയം നിരവധി ലോക ഭാഷകളിൽ പുറത്തിറങ്ങുന്നത്, പുതിയ കാലത്തിന്റെ വായനാ പ്രവണതയെയും ലോക മനസ്സിന്റെ അനുഭൂതി മണ്ഡലത്തെയുമാണ് അടയാളപ്പെടുത്തുന്നത്. തീർച്ചയായും ഇമാം ഗസാലിയുടെ കൃതികൾ ഇത്തരമൊരു സന്ദർഭത്തിൽ പുനരവതരിപ്പിക്കേണ്ടതുണ്ട്. ഇഹ്‌യാ ഉലൂമിദ്ദീനും കീമിയാഉസ്സആദയുമൊക്കെ വിയനക്കാരിൽ സൃഷ്ടിക്കുന്ന ആത്മാനുഭൂതി അവാച്യമാണ്. മനുഷ്യ വികാരങ്ങളും ചോദനകളും ആത്മീയ സംത്രോസങ്ങളും ശാശ്വത ഭാവമുളളതാണ്. മനുഷ്യന്റെ ആധ്യാത്മിക അനുഭൂതികളെ ഉണർത്തുന്ന അതി ശക്തമായ ചിന്തകൾ എന്ന നിലയിൽ, മനുഷ്യരാശിയെ വിമോചനത്തിലേക്ക് വഴികാട്ടുന്ന ധാന്യസപര്യ എന്ന നിലയിൽ ഇമാം ഗസാലിയുടെ കൃതികൾ പുതിയ കാലത്തും സൂര്യ തേജസായി നിലനിൽക്കുന്നു.

Related Articles