Current Date

Search
Close this search box.
Search
Close this search box.

പരീക്ഷക്കാലം പഠനം എളുപ്പമാക്കാം

ഓരോ കുടുംബവും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നൊരു പ്രശ്‌നമുണ്ട്. വിദ്യഭ്യാസ മേഖലയിലെ ഓരോ തലങ്ങളിലും പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ഓരോ ആൺകുട്ടികളും പെൺകുട്ടികളും. സമീപ സമയത്ത് തന്നെ തുടങ്ങാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് ആലോചിച്ച് രക്ഷിതാക്കളും വളരെയധികം ഉത്കണ്ഠാകുലരാണ്. ഈ സമയത്ത് വിദ്യാർഥികളുടെ മാനസികാവസ്ഥയെ നിർണയിക്കുന്ന ചില പ്രധാന ചോദ്യങ്ങളുണ്ട്; എങ്ങനെയാണ് പഠനം ആരംഭിക്കേണ്ടത്? ഓരോ അധ്യായങ്ങളും എങ്ങനെയാണ് മനസ്സിലാക്കിയെടുക്കേണ്ടത്? എവിടെ നിന്നാണ് പഠനം ആരംഭിക്കേണ്ടത്? സമയം ക്രമീകരണം എങ്ങനെ ചിട്ടപ്പെടുത്തും? പഠച്ചതൊന്നും മറക്കാതിരിക്കാൻ എന്തു ചെയ്യണം? ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാം കൃത്യമായി പഠിച്ചെടുക്കാനാകുമോ? തുടങ്ങി പരിഹരിക്കപ്പെടേണ്ട നിരവധി ചോദ്യങ്ങൾ.

പ്രഥമമായി നാം മനസ്സിലാക്കേണ്ട കാര്യം, പഠന വേളകളിൽ മടുപ്പോ ക്ഷീണമോ അനുഭവപ്പെടുന്നുവെങ്കിൽ അത് ഉദ്ദേശ്യ ലക്ഷ്യത്തിൽ നിന്നുള്ള മനസ്സിന്റെ ഒളിച്ചോട്ടം കാരണമാണ്. പഠനവും പരിശീലനവും ഭാരവും നിർബന്ധ കടമയായി അനുഭവപ്പെടുകയും ചെയ്യുമെന്നതാണ് അതിന്റെ അനന്തരഫലം. അയ്‌നുശ്ശംസ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് എഡുക്കേഷൻ തലവവൻ ഡോ. മുഹമ്മദുൽ മുഫ്തി മേൽപറഞ്ഞ ചോദ്യങ്ങളെയെല്ലാം അഭിമുഖീകരിച്ചുകൊണ്ട് പറയുന്നുണ്ട്: അത്തരം അനുഭവങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള എറ്റവും നല്ല മാർഗം പഠനത്തെ ഒരു ശ്രവണ വായനയായി കാണുകയെന്നതാണ്. കാരണം, ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നൽകാനാകുന്നതും ക്ഷണാത്മക അറിവ് പകരാനാകുന്നതും ശ്രവണ വായനയിലൂടെയാണ്. മനശ്ശാസ്ത്ര വിദഗ്ധർ നിരീക്ഷിക്കുന്നത് പ്രകാരം, അസ്വസ്തതയും ഭയവുമാണ് പഠിച്ചതെല്ലാം മറന്നുപോകുന്ന തരത്തിലേക്ക് വിദ്യാർഥികളെ എത്തിക്കുന്നത്. അവ രണ്ടും വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം ഉണ്ടാക്കുകയും ഒരേ കാര്യത്തിലുള്ള ശ്രദ്ധയെ കവർന്നെടുക്കുകയും ചെയ്യുന്നു. ചില പാഠങ്ങൾ മനപ്പാഠമാക്കുന്ന സമയത്ത് തന്നെ ചിലപ്പോൾ ഇത് സംഭവിക്കാറുണ്ട്. ഇതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായി പലപ്പോഴും കാണാറുള്ളത് ഗാഢമായ ഉറക്കമാണ്. മാത്രവുമല്ല, അതുപേക്ഷിച്ച് മുമ്പ് പഠിച്ച പാഠഭാഗങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക. ഉറക്കൊഴിക്കുന്നതും ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നത് നിർബന്ധമായും ഒഴിവാക്കുക. കാരണം, അവയെല്ലാം ശരീരത്തെ ദോഷകരമായി ബാധിക്കാൻ പോന്നവയാണ്. മാനസിക, ചിന്താപരമായ സന്തുലിതാവസ്ഥയെത്തന്നെ അത് തകിടം മറിച്ചേക്കാം. അതേസമയം, കൃത്യമായ ഉറക്ക് പഠനത്തിന് ഉന്മേഷവും അവേശവും നൽകും. പരീക്ഷക്ക് പഠിക്കാൻ ഒരുങ്ങും മുമ്പ് മനസ്സിൽ നിന്നും സകല വ്യഥകളെയും അസ്വസ്തതകളെയും എടുത്തുകളയേണ്ടതുണ്ട്.

സ്റ്റഡി ടൈംടേബിൾ

അയ്‌നുശ്ശംസ് യൂണിവേഴ്‌സിറ്റിയിലെ എഡ്യുക്കേഷനൽ ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. മഹ്മൂദ് കാമിൽ പറയുന്നു: സ്‌കൂൾ ദിവസങ്ങളിൽ ഒരു ഇടവേളക്ക് ശേഷം മാത്രം ടൈംടേബിളിലെ ആദ്യ പിരീഡ് ആരംഭിക്കുക. ഏത് സുപ്രധാന വിഷയമാണെങ്കിലും ദൈർഘ്യമേറിയ സമയം അതിനായി ചെലവഴിക്കരുത്. അത് ചിലപ്പോൾ മടുപ്പ് വരുത്തും. പകരമായി ഓരോ രണ്ട് മണിക്കൂറുകൾക്ക് ഇടയിലും പത്തു മിനിറ്റ് വിശ്രമിക്കുക. ഒരു വിഷയത്തിന് നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞ ഉടനെത്തന്നെ അടുത്തത് ആരംഭിക്കാതിരിക്കാനും ശ്രദ്ധിക്കണം. കാരണം, അത് പഠനത്തെ ദോഷകരമായി തന്നെയായിരിക്കും ബാധിക്കുക. ഓരോ വിഷയത്തിനും ആവശ്യമായ സമയം കുറക്കാൻ അതുവഴി ചിലപ്പോൾ നീ ശ്രമിച്ചെന്നു വരാം. അതാ വിഷയത്തെ ബാധിക്കുമെന്ന് മാത്രമല്ല മൊത്തം ടൈംടേബിളിനെത്തന്നെ അത് അവതാളത്തിലാക്കും.

സാഹചര്യങ്ങൾ നിങ്ങളെ പഠന ഷെഡ്യൂളിൽ നിന്നും തിരിച്ചുകളയുകയാണെങ്കിൽ, അതിഥി സന്ദർശനം പോലെ, വിഷമിക്കേണ്ടതില്ല. നിലവിലുള്ള ഷെഡ്യൂൾ ഒന്നുകൂടെ മാറ്റി തയ്യാറാക്കുക. അങ്ങനെ മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് സമയത്തെ ക്രമീകരിച്ച് പുതിയ ഷെഡ്യൂൾ ആസൂത്രണം ചെയ്യുക. അവസാനം, ഒരേ വിഷയത്തിൽ നിങ്ങൾ പഠിച്ചു തയ്യാറാക്കിയ മെറ്റീരിയലുകൾ ഉപയോഗിച്ച് തന്നെ നിങ്ങളുടെ ദൈനംദിന പഠന ഷെഡ്യൂളും തയ്യാറാക്കലാണ് ഉചിതം. പഠിക്കുന്ന, പഠക്കേണ്ട കാര്യങ്ങളെ കത്യമായി ഫോളോ അപ് ചെയ്യാൻ അത് സഹായകമാകും. പഠനത്തിൽ വരുന്ന ബുദ്ധിമുട്ടുകളെയും അതുവഴി തിരിച്ചറിയാം. അങ്ങനെയാകുമ്പോൾ അടുത്ത ദിവസം തന്നെ അധ്യാപകനെ കണ്ട് പ്രയാസം നീക്കുകയും ചെയ്യാം.

ഇനി തുടങ്ങാം

പഠനം ആരംഭിക്കാൻ ഒരുങ്ങും മുമ്പ് അതിനായി നല്ലൊരു സ്ഥലം തെരെഞ്ഞെടുത്ത് തയ്യാറാക്കൽ നിർബന്ധമാണ്. ടിവി, റേഡിയോ പോലെയുള്ള ഉപകരണങ്ങളിൽ നിന്നെല്ലാം അകലെയായിരിക്കണം. പഠനത്തിനടയിലെ ഇടവേളയിൽ മാത്രമേ അതെല്ലാം ഉപയോഗിക്കാവൂ. അപ്രകാരം, ശ്രദ്ധ തിരിക്കുന്ന, മനപ്രയാസം സൃഷ്ടിക്കുന്ന മറ്റെല്ലാ കാര്യങ്ങളിൽ നിന്നും അകലം പാലിക്കണം. അതിനുശേഷം, പഠനവേളക്ക് കൃത്യമായൊരു ലക്ഷ്യമുണ്ടായിരിക്കണം. നിർണിത കാര്യം പഠിച്ചുവെന്ന് ഉറപ്പാക്കി അതിൽ നിന്നും വിരമിക്കാൻ സാധ്യമാകുന്ന തരത്തിലായിരിക്കണമത്. ഷെഡ്യൂൾ അനുസരിച്ച് തയ്യാർ ചെയ്യപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ശ്രമിക്കുക. മനപ്പാഠമാക്കാൻ ശ്രമിക്കുന്ന് വിഷയത്തെക്കുറിച്ച് പൊതുവായ ധാരണയും കാഴ്ചപ്പാടും ഉണ്ടാക്കിവെക്കുക. വേഗത്തിലുള്ളൊരു വായനയിലൂടെ അത് സാധ്യമാക്കിയെടുക്കാം. അതനുസരിച്ചായിരിക്കണം മനപ്പാഠമാക്കാനുള്ള പ്ലാനിങ് തയ്യാറാക്കേണ്ടത്. കൃതമായ ധാരണയും വ്യക്തമായ പ്ലാനിങും വിഷയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടാക്കിത്തരും. പഠന വിഷയത്തിന് നമ്മുടെ ചിന്തയുമായി ചേർന്നു നിൽക്കുന്ന കൃത്യമായ ഘടനയോ ശൈലിയോ ഇല്ലായെങ്കിൽ വിശദമായൊരു വായനക്ക് ശേഷം പുതിയൊരു ഘടനയും പ്ലാനിങും തയ്യാറാക്കി അതിനനുസരിച്ച് മുന്നോട്ടു പോവുക.

ഡോ. കാമിൽ തുടരുന്നു: പഠന വിഷയത്തിൽ പ്രയാസകരമായ വല്ല ഭാഗവും ഉണ്ടെങ്കിൽ ഭയക്കുകയോ അത് കൈകാര്യം ചെയ്യാൻ ആത്മവിശ്വാസമില്ലാത്തത് കൊണ്ട് അവഗണിച്ചു കളയുകയോ ചെയ്യരുത്. മറിച്ച്, ആ ഭാഗം പല ആവർത്തി വായിക്കുക. അന്നേരം തദ്ദ്വിഷയകമായി പരീക്ഷയിൽ വരുന്ന ചോദ്യത്തെക്കുറിച്ചോ വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള പ്രയാസത്തെക്കുറിച്ചോ ഒരിക്കലും ആലോചിച്ചു പോകരുത്. ആവർത്തിച്ചുള്ള പഠനം ഏത് പ്രയാസമേറിയ വിഷയത്തെയും ലഘൂകരിച്ചു തരും. അത് കൂടുതൽ പഠിക്കാനുള്ള മനക്കരുത്തും സമ്മാനിക്കും. ചില പാഠ ഭാഗങ്ങളിൽ ശരിയായ പിച്ച് നേടാൻ കഴിയുന്നില്ലെങ്കിൽ നിരാശരാകേണ്ടതില്ല. തത്കാലം അത് മറ്റൊരു സമയത്തേക്ക് മാറ്റിവെക്കുക. കാരണം, മറ്റു പാഠഭാഗങ്ങൾ പഠിക്കുന്നതിനെക്കൂടി അത് നിരുത്സാഹപ്പെടുത്തുകയോ പ്രയാസകരമാക്കുകയോ ചെയ്‌തേക്കാം.

പഠനം കഴിഞ്ഞതിന് ശേഷം ആ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ തയ്യാറാക്കി അതിന് ഉത്തരം നൽകാൻ ശ്രമിക്കുക. കൂട്ടുകാർക്കും അത് പകർന്നുകൊടുക്കുക. നീ എത്രമാത്രം പഠിച്ചിട്ടുണ്ടെന്ന് അറിയുന്നതിന് വേണ്ടി നിന്നെ പരിശോധന നടത്താൻ മറ്റൊരാളെ ചുമതലപ്പെടുത്തുക. നിനക്ക് വന്ന ന്യൂനതകൾ ദുരീകരിക്കാൻ ആവശ്യമായ മറ്റു ഗ്രന്ഥങ്ങളും അവലംബിക്കുക. പഠനം കഴിഞ്ഞതിന് ശേഷം താൻ പഠിച്ച കാര്യങ്ങളെല്ലാം പരീക്ഷയിലും അതുകഴിഞ്ഞ് ജീവിതത്തിലും എങ്ങുനെ ഉപകാരപ്രദമാക്കി മാറ്റുമെന്നതിനെക്കുറിച്ച് അൽപനേരം ചിന്തിക്കുക.

അമിതമായി ഉറങ്ങുകയോ ക്ഷീണം അനുഭവപ്പെട്ടിട്ടും അധികമായി ഉറക്കമൊഴിക്കുകയോ ചെയ്യരുത്. വിദ്യാർഥികൾ ഉറക്കൊഴിച്ച് പഠിക്കുന്നത് കാരണം പലപ്പോഴും ക്ഷീണം അവരെ അവശരാക്കുകയും പഠിച്ചതൊന്നും ഓർമിക്കാൻ കഴിയാത്തവിധം അവർ പ്രയാസത്തിലാവുകയും ചെയ്യാറുണ്ട്. പഠിച്ച പാഠങ്ങളെല്ലാം അതിന്റെ വിശദീകരണത്തോട് കൂടിത്തന്നെ പരീക്ഷയുടെ തലേദിവസം രാത്രി ആവർത്തനം ചെയ്യരുതെന്ന് ഗവേഷണങ്ങൾ പറയുന്നു. പലപ്പോഴുമത് അറിയാവുന്ന ഉത്തരങ്ങൾ പോലും എഴുതാൻ സാധ്യമാകാത്ത വിധം കുട്ടികളെ പ്രയാസത്തിലാക്കാറുണ്ട്. പരീക്ഷാ സമയമെല്ലാം കഴിഞ്ഞതിന് ശേഷമായിരിക്കും അവനത് ഓർമയിൽ തെളിഞ്ഞു വരിക.

എക്‌സാം മെറ്റീരിയൽസ്

ഒരു വിഷയം കഴിഞ്ഞതിന് ശേഷം മാത്രമേ അടുത്ത വിഷയം തുടങ്ങാവൂ എന്നുണ്ടോയെന്ന് പല വിദ്യാർഥികളും ചോദിക്കാറുണ്ട്. ഒരു ദിവസം തന്നെ രണ്ടും മൂന്നും വിഷയങ്ങൾ സമയം വെച്ച് പഠിക്കാമോ എന്നും അന്വേഷിക്കുന്നവരുണ്ട്.

നാഷണൽ സെന്റർ ഫോർ സോഷ്യൽ റിസർച്ച് പ്രൊഫസറായ ഡോ. നാഹിദ് റമ്‌സി ഇതിന് മറുപടി പറയുന്നത് ഇങ്ങനെയാണ്: ഒന്നിലധികം വിഷയങ്ങൾ ആവർത്തനം നടത്തുന്നതാണ് ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ലത്. ഒരു വിഷയം പൂർണമായും കഴിഞ്ഞാൽ അടുത്ത വിഷയത്തിലേക്ക് പ്രവേശിക്കുക. ഒരു വിഷയം തന്നെ ദീർഘസമയം പഠിക്കുകയെന്നത് വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം മടുപ്പ് സൃഷ്ടിക്കുന്ന കാര്യമാണ്. അത് പിന്നീട് സുദീർഘമായൊരു സമയം വിശ്രമവേളയാക്കുന്നതിലേക്ക് അവനെ നയിക്കും. പഠന മെറ്റീരിയൽ തന്നെ ഒരേസമയം സൈദ്ധാന്തികവും പ്രായോഗികവുമായ രീതിയിലാണ് തയ്യാറാക്കേണ്ടത്. ഒരേ രീതിയിൽ തന്നെ ചിന്തിക്കുകയും കാര്യങ്ങളെ സമീപിക്കുകയും ചെയ്യുകയെന്നത് ബുദ്ധിയെ ക്ഷീണിപ്പിക്കും. ഉദാഹരണത്തിന്, ഗണിതം പഠിക്കുമ്പോൾ തന്നെ അതിലുള്ള അറബ് സാഹിത്യത്തെയും പരിചയപ്പെടുക, കെമിസ്ട്രി പഠിക്കുമ്പോൾ തന്നെ ഇംഗ്ലീഷും മനസ്സിലാക്കുക.

എന്തുകൊണ്ടാണ് പഠിച്ചതെല്ലാം മറന്നുപോകുന്നത്?

നിരന്തരമായി ഉയർന്നുകൊണ്ടിരിക്കുന്ന ഈ ചോദ്യത്തിനുള്ള മറുപടിയായി അൽ-അസ്ഹർ യൂണിവേഴിസ്റ്റിയിലെ സൈക്യാട്രിസ്റ്റ് ഡോ. മഹ്മൂദ് ഹമൂദ പറയുന്നതിങ്ങനെയാണ്: മെമ്മറി പ്രൊസസിന്റെ തകരാറാണ് മറവിക്ക് കാരണം. ഇംപ്രഷന്റെ ആഴവും മനപ്പാഠത്തിന്റെ ദൈർഘ്യവും അനുസരിച്ച് മെമ്മറിയെ പലതായി വിഭജിക്കാം. അറിവ് പൂർണമാകാത്ത അറിവിന്റെ മനപ്പാഠമാണ് സെൻസറി മെമ്മറി എന്നറിയപ്പെടുന്നത്. ഇന്ദ്രിയങ്ങളെല്ലാം പൂർണമായി ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ തൽക്ഷണം ഓർമയിലേക്ക് കയറുന്ന രീതിയാണിത്. ഉദാഹരണത്തിന്, നിങ്ങൾ ഒരാളെ കണ്ടുമുട്ടിയെന്ന് വിചാരിക്കുക. കണ്ട ഉടനെ നിങ്ങൾ അയാളുടെ പേര് ചോദിച്ചു. അയാൾ പേര് പറഞ്ഞപ്പോൾ പക്ഷെ, എല്ലാം ഓർമയിൽ കയറിയെന്ന പോലെ നിങ്ങൾ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കില്ല. പിന്നീട് നിങ്ങൾ പരസ്പരം പിരിഞ്ഞുകഴിഞ്ഞാൽ അയാളുടെ പേര് വീണ്ടും ഓർത്തെടുക്കാൻ കഴിയണമെന്നില്ല. ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ എല്ലാം ഉപേക്ഷിച്ച് കളയുന്നത് പോലെയാണത്.
മറ്റൊന്ന് ഷോർട്ട് ടൈം മെമ്മറിയാണ്. വിദ്യാർഥി ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് അതിനെ തനിക്ക് മനപ്പാഠമാക്കാൻ കഴിയുന്ന രീതിയിലേക്ക് ഒരു ആശയമാക്കി മാറ്റും. അത് ദിവസങ്ങളോളമോ ചിലപ്പോൾ ആഴ്ചകളോളം മാത്രമേ ഓർമയിലുണ്ടാകൂ.

അങ്ങനെയാകുമ്പോഴാണ് പരീക്ഷക്ക് തൊട്ടു മുന്നേ ധൃതി പിടച്ചുള്ളൊരു ഓട്ടപ്രദിക്ഷണം ആവശ്യമായി വരുന്നത്. അതിൽ ബുദ്ധിക്ക് യാതൊരു ചുമതലയുമില്ല. ഹ്രസ്വകാല ഓർമ മാത്രമാണ് അവിടെ പ്രവർത്തിക്കുന്നത്. പരീക്ഷ അവസാനിച്ച ഉടനെത്തന്നെ വിദ്യാർഥി ആ പഠിച്ചതെല്ലാം മറക്കുകയും ചെയ്യും. ലോംഗ് ടൈം മെമ്മറിയാണ് മറ്റൊന്ന്. കിട്ടിയ ഒരു അറിവിനെ കൃത്യമായി മനസ്സിലാക്കുകയും യോചിച്ച രീതിയിലതിനെ ക്രമീകരിക്കുകയും ശേഷം മറന്നുപോകാത്ത രൂപത്തിൽ ഓർമയിൽ സൂക്ഷിക്കുന്നതിനെയാണ് ലോംഗ് ടൈം മെമ്മറിയെന്ന് പറയുന്നത്.

ഉദാഹരണത്തിന്, നീ ഒരാളെ കണ്ടുമുട്ടുകയും അയാൾ അയാളുടെ പേരയാൾ പറയുകയും ചെയ്താൽ നീ ആ പേരിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുകയും മനസ്സിൽ പതിഞ്ഞു നിൽക്കാൻ നിന്റെ അമ്മാവന്റെ പേര് തന്നെയെന്ന് ഓർത്തുവെക്കുകയും ചെയ്യും. ഈ രീതി ആ വിവരത്തെ ഉറപ്പിച്ചു നിർത്തും. ഈ മൂന്നാമത് പറഞ്ഞ രീതിയോടാണ് താൽപര്യമെങ്കിൽ പഠിക്കുന്ന വിഷയത്തെക്കുറിച്ച് ബൗദ്ധികമായ എല്ലാ കഴിവും ഉപയോഗിച്ച് മനസ്സിലാക്കണം. എന്നാൽ മാത്രമേ അതുൾകൊള്ളാനും പഠിക്കാനും അനായാസം സാധ്യമാകൂ. അതോടൊപ്പം തന്നെ മുമ്പ് പഠിച്ച വല്ല കാര്യത്തോടും അതിനെ ചേർത്തുവെക്കാനും ശ്രമിക്കുക. ആ ചേർത്തുവെക്കൽ കഥ രൂപത്തിലാകാം അതല്ലെങ്കിൽ ചിത്ര രൂപത്തിലാകാം. രണ്ടായാലും പഠനത്തെ ലളിതമാക്കിത്തരും. ഒരു വിഷയത്തെ ദൃശ്യവൽകരിച്ചോ ആനിമേഷേനിലൂടെയോ പറഞ്ഞാൽ ഏറെക്കാലമത് നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നില്ലേ അതുപോലെത്തന്നെയാണ് ഇതും. നാമിഷ്ടപ്പെടുന്നതെന്തും നമുക്ക് അനായാസം പഠിച്ചെടുക്കാൻ സാധിക്കുമെന്നതാണ് വസ്തുത. അതിന്റെ ഓരോ ഭാഗങ്ങളും വളരെ കൃത്യമായിത്തന്നെ നമ്മുടെ മനസ്സിൽ കണ്ണാടിച്ചില്ലിലേതു പോലെ പതിഞ്ഞിട്ടുണ്ടാകും. എത്രയെത്ര പാഠങ്ങളാണ് വെറുപ്പ് കാരണം നാം മുടക്കിയിട്ടുള്ളത്. എത്രയെത്ര പാഠങ്ങളാണ് താൽപര്യം കാരണം ആവർത്തിച്ചാവർത്തിച്ച് വായിച്ചിട്ടുള്ളത്.

പരീക്ഷക്കാലത്തെ ഭക്ഷണം രീതി

പരീക്ഷക്കാലത്ത് പല വിദ്യാർഥികളും മടിയും ഉറക്കച്ചടവും മറവിയും കൃത്യതയില്ലായ്മയുമെല്ലാം പരാതിയായി പറയാറുണ്ട്. കയ്‌റോയിലെ നാഷണൽ റിസർച്ച് സെന്ററിലെ പോഷകാരഹാര വിഭാഗ മേധാവിയും പ്രൊഫസറുമായ ഡോ. ഫൗസി അൽ-ഷൗബകി ഇതിനുള്ള പരിഹാരമായി നിർദേശിക്കുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: പലവിധ മാനസികമായ പിരിമുറുക്കങ്ങളും അസ്വസ്ഥതകളും പലപ്പോഴും പല വിദ്യാർഥികളെയും പ്രശ്‌നങ്ങിൽ അകപ്പെടുത്താറുണ്ട്. അത്തരം അസ്വസ്ഥതകളിൽ നിന്നും അകലം പാലിക്കലാണ് അതിനുള്ള ഏറ്റവും വലിയ പരിഹാരമെന്നത്. വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അവൻ പരീക്ഷക്ക് തയ്യാറെടുത്തിട്ടുണ്ടെങ്കിൽ പിന്നെ അസ്വസ്ഥനാകേണ്ട യാതൊരു കാര്യവുമില്ല. ഇനി അഥവാ തയ്യാറെടുത്തിട്ടാല്ലെയിങ്കിൽ ഉടനെത്തന്നെ അതിന് ഒരുങ്ങണം. വളരെ സാവധാനം മാത്രമേ മനപ്പാഠമാക്കൽ ആരംഭിക്കാവൂ.

സുദീർഘമായ നേരമെടുത്ത് മനപ്പാഠമാക്കുന്നത് ശീലമാക്കുന്നവരാണെങ്കിൽ, തലച്ചോറിലെ മെമ്മറിക്ക് സാധ്യമായ നിശ്ചിതമായൊരു അളവുണ്ടെന്ന് അവർ മനസ്സിലാക്കേണ്ടതുണ്ട്. നിശ്ചിതമായ ആ സമയം കഴിഞ്ഞാൽ പിന്നെ മനപ്പാഠമാക്കാനും വിഷയങ്ങൾ ഗ്രഹിക്കാനുമുള്ള ശേഷി കുറയും. അതുകൊണ്ട് തന്നെ ഓരോ മണിക്കൂറിലും പത്ത് മിനിറ്റെങ്കിലും അതിൽ നിന്നെല്ലാം ഫ്രീയാവുകയും കാറ്റും നല്ല അന്തരീക്ഷവുമെല്ലാമെത്തുന്ന തുറസ്സായ ഇടങ്ങളിൽ ചെന്നിരിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക. മടുപ്പ് മാറി ഉന്മേഷം തിരികെ ലഭിക്കാൻ അത് സഹായകമാകും. എന്നാൽ, ആ ഒരു ഇടവേളയിൽ മറ്റുള്ളവരോട് സംസാരിക്കുകയോ അല്ലെങ്കിൽ ടിവി കാണുകയോ ചെയ്യരുത്. പഠനമല്ലാതെ മറ്റു ചിന്തകളുമായി തലച്ചോറിനെ വ്യാപൃതമാക്കാതിരിക്കുക. അത് ക്രമീകരണത്തെ ഇല്ലാതാക്കമെന്ന് മാത്രമല്ല, ഹ്രസ്വമായൊരു കാലംകൊണ്ട് തന്നെ പഠിച്ചതെല്ലാം മറന്നുപോകുന്ന അവസ്ഥ ഉണ്ടാക്കിയേക്കാം. ശാരീരികമായി ക്ഷീണിതനായിരിക്കുമ്പോഴോ വിശപ്പനുഭവിക്കുമ്പോഴോ പഠിക്കാൻ ശ്രമിക്കരുത്. അതുപോലെ നന്നായിട്ട് ഭക്ഷണം കഴിച്ചതിന് ശേഷവും പഠിക്കരുത്. കാരണം, ദഹനപ്രക്രിയ നടക്കുന്ന സമയത്ത് ശരീരാവയവങ്ങളെല്ലാം വളരെ ക്ഷീണിച്ചിരിക്കും. അന്നേരം തലച്ചോറിലേക്ക് പ്രവർത്തനത്തിന് ആവശ്യമായ രക്തം പെട്ടെന്ന തന്നെ എത്തിക്കോണമെന്നില്ല. അതുകൊണ്ടാണ് ഭക്ഷണം നന്നായി കഴിച്ചുകഴിഞ്ഞാൽ പെട്ടെന്ന മടിയും ക്ഷീണവുമെല്ലാം അനുഭവപ്പെടുന്നത്. ജോലി ചെയ്യാൻ തലച്ചോർ തയ്യാറല്ലാത്തത് തന്നെയാണ് കാരണം. അതുകൊണ്ട് ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞാകണം പഠനം ആരംഭിക്കേണ്ടത്. അതുപോലെത്തന്നെ പരീക്ഷാ നാളുകളിൽ അമിതമായി ഭക്ഷണം കഴിക്കുന്നതും നന്നായി സൂക്ഷിക്കണം. ദഹനത്തിന് സമയമെടുക്കുന്ന എണ്ണമയമുള്ള ഭക്ഷണവും കുറക്കണം.

മെമ്മറി ആക്ടിവേഷൻ

ഓർമ സജീവമാക്കാൻ സഹായകമാകുന്ന ഒരുപാട് ഭക്ഷണപദാർഥങ്ങളുണ്ട്. ധാന്യ ഭക്ഷണങ്ങൾ, തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ വിറ്റാമിൻ ബി അടങ്ങുന്ന ഈസ്റ്റ് പൊടി ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് രാവിലെയും വൈകുന്നേരവും കുടിക്കൽ, ഫോസ്ഫറസിനാൽ സമ്പന്നമായ ചെമ്മീനടങ്ങുന്ന നദി, കടൽ മത്സ്യങ്ങൾ, ഞരമ്പുകൾ ആരോഗ്യമായിരിക്കാൻ സഹായിക്കുന്ന കാത്സ്യമടങ്ങുന്ന പാലും അതിൽ നിന്ന് നിർമിക്കപ്പെടുന്നവയും തുടങ്ങിയവ അതിൽ പെട്ടതാണ്. പഠനത്തിനിടയിൽ ഫ്രഷ് പഴങ്ങളും കാരറ്റ് പോലെയുള്ള പച്ചക്കറികളും കഴിക്കാം. തലച്ചോറിനാവശ്യമായ വിറ്റാമിനുകളെല്ലാം അതിൽ നിന്നും ലഭ്യമാകും. കറുത്ത തേനും വെളുത്ത തേനും സേവിക്കുക. തലച്ചോറിന്റെ പ്രവർത്തനത്തിന് അവ രണ്ടും ആവശ്യമാണ്. അതേസമയം ബസ്ബൂസ, കുനാഫ പോലെയുള്ള എണ്ണ സാന്നിധ്യം അധികമുള്ള സ്‌നാക്‌സുകളിൽ നിന്നും വിട്ടു നിൽക്കുക. പാനീയങ്ങളെ സംബന്ധിച്ചിടത്തോളം, പകലുടനീളം ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കാം. എന്നാൽ പഠനം ആരംഭിക്കുന്ന ഘട്ടത്തിൽ പെരുംജീരകം ഉപയോഗിക്കുരുത്, അത് ശരീരത്തെ റിലാക്‌സാക്കും. അതുകൊണ്ട് തന്നെ ഉറങ്ങും മുമ്പോ അല്ലെങ്കിൽ ചായയോട് ചേർത്തോ മാത്രമേ അത് കഴിക്കാവൂ.

ഡോ. ഫൗസിയോട് ചോദിച്ച മറ്റൊരു ചോദ്യമിങ്ങനെയാണ്: ഓർമശക്തിയും ഉന്മേഷവും വർധിപ്പിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? അതിനദ്ദേഹം നൽകുന്ന മറുപടി: ഈ മരുന്നുകളിലെ പദാർത്ഥങ്ങളിൽ ഭൂരഭാഗവും വലിയൊരു അളവിൽ ശരീരം പുറന്തള്ളുന്നുണ്ട്. ഈ മരുന്ന് കഴിച്ചുകഴിഞ്ഞാൽ ശരീരം വലിയ അളവിൽ പ്രവർത്തിക്കാൻ തുടങ്ങും. പക്ഷെ, ബുദ്ധിക്കും തലച്ചോറിനും നിശ്ചിത അളവിൽ മാത്രമേ പ്രവർത്തിക്കാനാകൂ. അതിലധികം കൊടുത്തുകഴിഞ്ഞാൽ പിന്നെ ഓർത്തുവെക്കുന്നതെന്തും ഹ്രസ്വ നേരത്തേക്ക് മാത്രമേ ഓർമയിൽ നിൽക്കൂ. ചിലപ്പോഴത് മോശമായും ശരീരത്തെ ബാധിച്ചെന്നു വരാം. ക്ഷീണിതനായിരിക്കെത്തന്നെ മനുഷ്യനയെത് പ്രവർത്തിക്കാൻ നിർബന്ധിക്കും. മനുഷ്യൻ അപ്പോൾ പ്രവർത്തിക്കുമെങ്കിലും പിന്നീട് കടുത്ത ക്ഷീണമായിരിക്കും അവനെ പിടികൂടുക. ഇത്തരം മരുന്നുകളെല്ലാം പലർക്കും വലിയ അസുഖങ്ങൾ വരുത്തിവെക്കാറുണ്ടെന്നും ഇതോടൊപ്പം മനസ്സിലാക്കേണ്ടതാണ്.

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles