Current Date

Search
Close this search box.
Search
Close this search box.

‘ഒറ്റ ശിശു’ നയം ചൈനയെ കൊണ്ടെത്തിച്ചത്….

കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയിൽ ചൈന ഭരിച്ച എല്ലാ ഭരണകൂടങ്ങളെയും വർധിച്ച് വരുന്ന ജനസംഖ്യ ഭയപ്പെടുത്തിയിരുന്നു എന്നാണ് മനസ്സിലാവുന്നത്. സ്വാഭാവികമായും, കഴിഞ്ഞ നൂറ്റാണ്ടിന്റെ നാൽപ്പതുകളുടെ ഒടുവിൽ കമ്യൂണിസ്റ്റ് പാർട്ടി ചൈനയുടെ ഭരണം പിടിച്ചെടുത്തപ്പോൾ ജനസംഖ്യാ പ്രശ്നം കർശനമായി നേരിടാൻ തന്നെ തീരുമാനിച്ചു. ഭരണത്തിന്റെ എല്ലാ മേഖലകളിലും പാർട്ടി പിടിമുറുക്കിയപ്പോൾ എഴുപതുകളുടെ അവസാനത്തിൽ ജനസംഖ്യ വർധിക്കുന്നത് തടയാൻ ഒരു നിർദ്ദയ നിയമം കൊണ്ടുവന്നു. ‘ഒറ്റ ശിശു’ നയം എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് ഒരു കുടുംബത്തിൽ ഒരു കുട്ടിയേ ജനിക്കാവൂ. ഒന്നിലധികം പാടില്ല. 1980 മുതൽ 2015 വരെ ആ നയം കർശനമായി നടപ്പാക്കുകയും ചെയ്തു.

ഈ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവാഹം കഴിക്കാനും ഗർഭം ധരിക്കാനുമുള്ള പ്രായപരിധി ഉയർത്തി. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തി. നിർബന്ധ വന്ധ്യംകരണ മാർഗങ്ങൾ വരെ സ്വീകരിച്ചു. കഴിഞ്ഞ അര നൂറ്റാണ്ട് കാലത്ത് ചൈനക്കുണ്ടായ അഭൂതപൂർവമായ സാമ്പത്തിക വളർച്ചക്ക് കാരണം ഈ ജനസംഖ്യാ നിയന്ത്രണമാണെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അവകാശപ്പെട്ടിരുന്നത്. ഇത് വഴി 400 ദശലക്ഷം ജനനങ്ങൾ തടയാൻ കഴിഞ്ഞു എന്നും പാർട്ടി വെളിപ്പെടുത്തിയിരുന്നു. പക്ഷെ 2015-ൽ ചൈനീസ് ഭരണകൂടം ഒറ്റ ശിശു നയം പാടെ എടുത്ത് കളഞ്ഞു. ഒരു കുടുംബത്തിന് രണ്ട് കുട്ടികൾ വരെ ആകാമെന്ന് അനുവാദം നൽകി. 2021 മെയ് മാസത്തിൽ വീണ്ടും ഇളവ്. ഒരു കുടുംബത്തിന് മൂന്ന് കുട്ടികൾ വരെ ആവാം.

2022 ന്റെ ഒടുവിൽ ചൈനീസ് ജനസംഖ്യയെ കുറിച്ച് വന്ന റിപ്പോർട്ട് വലിയ സാമൂഹികാഘാതത്തിന് തന്നെ കാരണമായിരിക്കുന്നു. കോവിഡ് പകർച്ചവ്യാധി മൂലമുള്ള അടച്ചിടൽ കാരണം 2022 ലെ സാമ്പത്തിക വളർച്ചാ നിരക്ക് കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി എന്ന റിപ്പോർട്ട് വന്നിരുന്നല്ലോ. 2021-നെ അപേക്ഷിച്ച് 2022 ലെ ചൈനീസ് ജനസംഖ്യ എട്ടര ലക്ഷം കണ്ട് കുറയുകയും ചെയ്തു. ഇതൊരിക്കലും നല്ല ലക്ഷണമായി എടുക്കാൻ കഴിയില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. സാമ്പത്തിക വളർച്ചാ നിരക്ക് മാത്രമല്ല ജനസംഖ്യയും ഗണ്യമായി കുറയുന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നേരിടുന്ന പ്രധാന വെല്ലുവിളി തന്നെയാണ്.

ചൈനയുടെ ജനസംഖ്യാ ഘടന പൊതുവെ തൃപ്തികരമല്ല. ഒരു കുട്ടി മാത്രമേ പാടുള്ളൂ എന്ന നയം വലിയ സാമൂഹിക പ്രശ്നങ്ങൾക്കാണ് വഴി വെച്ചത്. കുടുംബങ്ങൾ പൊതുവെ ആൺകുട്ടി വേണം എന്നാവും ആഗ്രഹിക്കുക. അത് കാരണം ഗർഭസ്ഥ ശിശു പെൺകുഞ്ഞാണെന്ന് അറിഞ്ഞാൽ ഗർഭമലസിപ്പിക്കൽ പ്രവണത വർധിച്ചു. ഇത് കാരണം ചൈനയിലെ ആൺ- പെൺ അനുപാതത്തിൽ വൻ ഏറ്റക്കുറച്ചിലുണ്ടായി. ചൈനയിലെ പെൺകുട്ടികളുടെ എണ്ണമെടുത്താൽ ഈ കുറവ് വ്യക്തമാകും.

ഒടുവിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് കാര്യം മനസ്സിലായി, ഒന്നിലധികം കുട്ടികൾക്ക് അനുവാദം കൊടുത്തപ്പോഴോ, പല കുടുംബങ്ങൾക്കും അതിൽ താൽപ്പര്യമില്ലെന്ന് വ്യക്തമായി. പലർക്കും പ്രജനനം സാധ്യമാവാതെ വരികയും ചെയ്തിരുന്നു. അതിനാൽ മുതിർന്നവരുമായി തട്ടിച്ചു നോക്കിയാൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. ചൈനയിൽ മാത്രമല്ല ജപ്പാനിലും ദക്ഷിണ കൊറിയയിലും വികസിത യൂറോപ്യൻ രാജ്യങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്. പക്ഷെ ചൈനയുടെ കാര്യത്തിൽ ഒരു വ്യത്യാസമുണ്ട്. വളരെ പെട്ടെന്നാണ് അവിടെ ജനസംഖ്യ കുറഞ്ഞത്. കൃത്യമായി പറഞ്ഞാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം. ഈ കുറവ് മറ്റു രാജ്യങ്ങളിൽ ഉണ്ടായത് അര നൂറ്റാണ്ട് കാലം കൊണ്ടാണ്.

മറ്റൊരു പ്രവണതയും ഇതിനകം ശക്തിപ്പെട്ടു. വലിയ സാമ്പത്തിക പുരോഗതി ഉണ്ടായപ്പോൾ നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ലഭിച്ച പെൺകുട്ടികളിൽ പലരും വിവാഹമേ വേണ്ടെന്ന് വെച്ചു. പിന്നെ കുട്ടികൾ ഉണ്ടാകുന്ന പ്രശ്നവുമില്ലല്ലോ.

ഇപ്പോഴത്തെ ചൈനീസ് ജനസംഖ്യയുടെ പ്രത്യേകത പുരുഷൻമാരുടെ ആധിക്യമാണ്. അതിൽ തന്നെ വളരെക്കൂടുതലുള്ളത് പ്രായമായവർ, റിട്ടയർ ചെയ്തവർ, റിട്ടയർ ചെയ്യാനിരിക്കുന്നവർ. ഈ പതിറ്റാണ്ട് അവസാനിക്കുമ്പോഴേക്ക് നിലവിലുള്ള ചൈനീസ് തൊഴിൽ ശക്തിയിൽ 25 ശതമാനവും റിട്ടയർ ചെയ്യും. അത് വലിയ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. സാമ്പത്തിക വളർച്ചയെ ഹാനികരമായി ബാധിക്കും. പ്രായമായവരുടെ പരിചരണമാണ് മറ്റൊരു ബാധ്യത.

ഔദ്യോഗിക അറിയിപ്പ് പ്രകാരം തന്നെ ചൈനയുടെ കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്ക് മൂന്ന് ശതമാനമാണ്. ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു അവികസിത രാജ്യത്തിന്റെ വളർച്ചാ നിരക്കാണിത്. ‘സീറോ കോവിഡ്’ പോളിസിയുടെ ഭാഗമായി രാജ്യത്തെ അടച്ചുപൂട്ടിയിട്ട പ്രസിഡന്റ് ഷി ജിൻ പിംഗിനും ഈ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏൽക്കാതിരിക്കാനാവില്ല. ഒടുവിൽ അടച്ചിടൽ നയം തിരുത്തി സമ്പദ് ഘടന തുറന്നിടാൻ അവർ നിർബന്ധിതരായി.

രണ്ട് മാസം മുമ്പ് കമ്യൂണിസ്റ്റ് പാർട്ടി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ ചൈനീസ് പ്രസിഡന്റ്, ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ജനന നിരക്ക് കൂട്ടണമെന്ന് ആഹ്വാനം നടത്തുകയും ചെയ്തു. പക്ഷെ അധിക ചീനക്കാരും കേട്ട മട്ടില്ല. പത്ത് ശതമാനത്തിലധികം വളർച്ചാ നിരക്ക്, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, അവരിൽ തന്നെ പ്രായക്കുറവുള്ളവർ ധാരാളം … ഇതൊന്നും ഭാവി ചൈനയിൽ ഉണ്ടാവാനിടയില്ല. അതൊക്കെ ചരിത്രമായിക്കഴിഞ്ഞു.

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles