Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകളുടെ പേപ്പർ നിർമ്മാണ രഹസ്യ കൈമാറ്റം

പേപ്പർ നിർമ്മാണം നിലവിൽ വരുന്നതിന് മുമ്പ് മനുഷ്യർ മരക്കഷ്ണം, പാത്രം, കല്ല്, മൃഗങ്ങളുടെ എല്ല്, ഇലകൾ, തോൽ എന്നിവയിലായിരുന്നു എഴുതിയിരുന്നത്. പിന്നീട് തെക്കൻ മെസപ്പട്ടോമിയയിലെ സുമേറിയക്കാർ കളിമൺ ടാബ്ലറ്റുകൾ ഉണ്ടാക്കി അതിൽ എഴുതാൻ തുടങ്ങി. മറുവശത്ത്, പുരാതന ഇൗജിപ്തുകരാർ പാപിറസ് ചെടിയുടെ പുറംതോൽ എഴുത്തിനായി വികസിപ്പിച്ചെടുത്തു. പുരാതന ഗ്രീസിലേക്കും ഇറ്റലിയിലേക്കും അവ വ്യാപകമായി കയറ്റി അയക്കുകയും ചെയ്തിരുന്നു.

അതേസമയം, പേപ്പർ നിർമ്മാണത്തിന്റെ കൃത്യമായ രൂപം രഹസ്യമായി സൂക്ഷിച്ചുവെച്ചവരായിരുന്നു ചൈനക്കാർ. പക്ഷെ, ഇസ്ലാം ആഗമനത്തിന് ശേഷം മുസ്ലിംകൾ ഇൗ ചൈനീസ് സാങ്കേതിക വിദ്യയെ സുപ്രധാനയമായൊരു വ്യവസായമാക്കി മാറ്റിയെടുത്തു. യൂറോപ്പിൽ ഒരു അച്ചടി വിപ്ലവം ഉണ്ടാകത്തക്ക രീതിയിലേക്ക് ഇൗ വ്യവസായത്തെ ജനകീയ വൽകരിച്ചതിൽ മുസ്ലിംകളുടെ പങ്ക് ചെറുതല്ല.

നിലവിലെ കിർഗിസ്ഥാൻ റിപ്പബ്ലിക്കിലെ തലാസ് നദിക്ക് സമീപത്ത് വെച്ച് ക്രി. 751ൽ അബ്ബാസി സൈനിക തലവൻ അബൂ മുസ്ലിമുൽ ഖറാസാനി ചൈനീസ് പടയുമായി ഏറ്റുമുട്ടി. ബാറ്റിൽ ഒാഫ് തലാസ് എന്ന പേരിലാണ് ചരിത്രത്തിലത് രേഖപ്പെടുത്തപ്പെട്ടത്. തലാസ് യുദ്ധം വിജയിച്ചതോടെ മധ്യേഷ്യൻ പ്രവിശ്യകളിലേക്ക് ഇസ്ലാം വ്യാപിച്ചു. അങ്ങനെയാണ് ബുഖാരി, തിർമുദി എന്നിവരെപ്പോലെ നിരവധി പണ്ഡിതന്മാരെ ഇസ്ലാമിന് ലഭിച്ചത്. ഇസ്ലാമിക പ്രചാരം നടത്തുക മാത്രമല്ല മുസ്ലിംകൾ ചെയ്തത്. തിരിച്ചു പോകുമ്പോൾ ചൈനയിലെ പേപ്പർ നിർമ്മാണത്തിൽ വിദഗ്ധരായവരെയും അവർ തങ്ങളുടെ കൂടെക്കൂട്ടി. അങ്ങനെ പേപ്പർ വ്യവസായത്തിന്റെ രഹസ്യങ്ങൾ അവർക്ക് മുസ്ലിംകൾക്ക് മുമ്പിൽ വെളിപ്പെടുത്തേണ്ടി വന്നു. സസ്യ നാരുകൾ ഉപയോഗിച്ചും റീഡ് ചെടിയുടെ തടികൾ ഉപയോഗിച്ചുമാണ് അവർ പ്രധാനമായും പേപ്പർ നിർമ്മിച്ചിരുന്നത്. അതിനോടൊപ്പം തന്നെ വഴക്കമുള്ള പേപ്പർ ആയിത്തീരാൻ മുളയും തുണിക്കഷ്ണങ്ങളും ഉപയോഗിച്ചു.

കിഴക്കിന്റെ രഹസ്യം

ക്രി. 105ലാണ് ചൈനയിൽ പേപ്പർ നിർമ്മാണ കല കണ്ടെത്തപ്പെടുന്നത്. വിലകുറഞ്ഞതും എന്നാൽ ഗുണമേന്മയുള്ളതുമായ സസ്യങ്ങളുടെ നാരുകളായിരുന്നു ആദ്യ കാലങ്ങളിൽ അതിനായി അവർ ഉപയോഗപ്പെടുത്തിയത്. ഇസ്ലാമിക രാജ്യങ്ങളിലും പാശ്ചാത്യൻ നാടുകളിലും ജനകീയമാകുന്നതിന് മുമ്പ് ആറ് നൂറ്റാണ്ടുകളിലേറെ കാലം അതിന്റെ വ്യവസായവും ഉപയോഗവും കണ്ടെത്തപ്പെട്ട ഇടങ്ങളിൽ മാത്രമാണ് ഉണ്ടായിരുന്നത്. പേപ്പർ നിർമ്മാണം ഭരണകൂടത്തിന്റെ ഒരു രഹസ്യ വ്യവസായമായിട്ടാണ് ചൈനക്കാർ കൊണ്ടുനടന്നിരുന്നത് എന്നുവേണം അനുമാനിക്കാൻ. രാജകൊട്ടാരത്തിലെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു അത് കണ്ടെത്തിയത്. ക്ലാസിക് ഒാക്സ്ഫോർഡ് നിഘണ്ടുവിലെ പേപ്പറായി പരിണമിക്കുന്ന് വരെയുള്ള സുദീർഘമായ കാലത്തെക്കുറിച്ച്(ഏകദേശം 650 വർഷം) യാലെ യൂണിവേഴ്സിറ്റിയിലെ അക്കാദമീഷ്യനും എഴുത്തുകാരനുമായ അബ്ദുൽ വാഹിദ് അൽ-ഹിനാവി വിശദീകരിക്കുന്നുണ്ട്.

ഇൗജിപ്ഷ്യൻ പാപിറസ് ഉൽപാദനവും വിൽപനയും കർശനമായ സർക്കാർ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരുന്നുവെങ്കിലും ഇൗജിപ്ഷ്യൻ സർക്കാർ അതിനെക്കുറിച്ച് ഭയമുള്ളവരോ ജാഗ്രതയുള്ളവരോ ആയിരുന്നില്ല. പാപിറസ് ചെടികളുടെ ഉത്ഭവ സ്ഥലം ഇൗജിപ്ത് തന്നെയായിരുന്നു. പാപിറസ് ഉപയോഗിച്ചുള്ള പേപ്പർ നിർമാണ രഹസ്യം മറ്റു ദേശക്കാർക്കും അറിയാമായിരുന്നെങ്കിലും അതിന് ആവശ്യമായ അസംസ്കൃത വസ്തുക്കളോ സാമഗ്രികളോ അവരുടെ അടുത്ത് ഉണ്ടായിരുന്നില്ല. മിഡിൽ ഇൗസ്റ്റ് ലൈബ്രറി അസോസിയേഷൻ പുറത്തിറക്കുന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഹിനാവിയുടെ പഠനമനുസരിച്ച്, ക്രി. ഒമ്പതാം നൂറ്റാണ്ടിൽ ഇൗജിപ്തിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കണ്ട അബ്ബാസി ഖലീഫ മുസ്തഅ്സിം തന്റെ പുതിയ തലസ്ഥാന നഗരിയായ സാമർറിൽ പാപിറസ് ഉപയോഗിച്ചുള്ള പേപ്പർ വ്യവസായത്തെ പരിചയപ്പെടുത്താൻ ശ്രമിച്ചിരുന്നു. പക്ഷെ, അതിന് വേണ്ടത്ര സ്വാധീനമോ വിജയമോ നേടാൻ കഴിഞ്ഞില്ല.

എന്നാൽ, ചൈനീസ് കണ്ടുപിടുത്തത്തെ സംബന്ധിച്ചെടുത്തോളം, അത് വളരെ വ്യത്യസ്തമായിരുന്നു. അവരുടെ കണ്ടുപിടുത്ത പ്രകാരമുള്ള പേപ്പർ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കളും സാമഗ്രികളും എല്ലായിടത്തും സുലഭമായിരുന്നു. അതിന്റെ ഉൽപാദന രീതി പഠിക്കാനും പരിശീലിക്കാനും വളരെ എളുപ്പവുമായിരുന്നു. തലാസ് യുദ്ധത്തിൽ ബന്ധികലാക്കി പിടിക്കപ്പെട്ട ചൈനീസ് പേപ്പർ നിർമ്മാണ വിദഗ്ധരാണ് സമർക്കന്ദിലെ ആദ്യ പേപ്പർ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. അതിനുശേഷം ചുരുങ്ങിയ കാലയളവിൽ തന്നെ അത് ഖുറാസാനിലേക്കും വ്യാപിച്ചു. അങ്ങനെ അറബികൽ പേപ്പർ നിർമ്മാണ കലയിൽ നിപുണരായി മാറി. ഏഴാം നൂറ്റാണ്ടിലോ അതിനുമുമ്പോ പുരാതന കിഴക്കുമായുള്ള പരമ്പരാഗത വ്യാപാര മാർഗങ്ങളിലൂടെയോ നാവികരായ വ്യാപാരികളിലൂടെയോ പേപ്പർ മുസ്ലിം നാടുകളിലേക്ക് എത്തിയിട്ടുണ്ടായിരിക്കാമെങ്കിലും അതിന് ജനകീയ സ്വരം ലഭിച്ചത് സമർക്കന്ദിലെയും ഖുറാസാനിലെയും പേപ്പർ നിർമ്മാണത്തോടെയാണ്.

പേപ്പർ നിർമ്മാണ ഫാക്ടറികൾ ഇസ്ലാമിക ലോകത്തുടനീളം വളർന്നുവന്നു. ബഗ്ദാദിലെ ജനങ്ങളും അതിൽ വലിയ നൈപുണ്യം നേടി. വെള്ളത്തിൽ പ്രവർത്തിക്കുന്ന മില്ലുകൾ ആദ്യകാല പേപ്പർ ഉൽപാദനത്തിന്റെ ഒരു സുപ്രധാന ഘടകമായിരുന്നു. എട്ടാം നൂറ്റാണ്ടോടെ ലെവന്തിലെ ഡമസ്കസിലും ഹിജാസ് പ്രവിശ്യകളിലും നിർമ്മാണം സജീവമായി. അതേ സമയം തന്നെ മൊറോക്കോയിലും ലിനൻ, ചണം എന്നിവയ ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണവും ആരംഭിച്ചു.

ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ അബ്ബാസി ഖലീഫ അബൂ ജഅ്ഫറുൽ മൻസൂർ സമർക്കന്ദിലെ ഉൽപാദനം വിപുലീകരിക്കാനും ബഗ്ദാദിലെ വൈജ്ഞാനിക കേന്ദ്രങ്ങളിലും ദിവാനുകളിലും അത് ഉപയോഗിക്കാനും ഉത്തരവിട്ടു. പാപിറസ് ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണം അവസാനിപ്പിക്കയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഖലീഫ മൻസൂറിന്റെ കാലഘട്ടത്തിൽ പേപ്പർ വ്യവസായം നന്നായി അഭിവൃദ്ധി പ്രാപിച്ചു. നിർമ്മാണം ബഗ്ദാദിൽ കൂടുതൽ ഫലപ്രദമാകുമെന്ന് കണ്ട ഖലീഫ ഹാറൂൻ റഷീദ് അവിടെയും ധാരാളം ഫാക്ടറികൾ നിർമ്മിച്ചു.

ഇസ്ലാമിക ലോകത്തിന്റെ സംഭാവന

ബോസ്റ്റൺ കേളേജിലെ ഇസ്ലാമിക് ആൻഡ് ആർട്ട് വിഭാഗം പ്രൊഫസറായ ജൊനാഥൻ എം. ബ്ലൂം തന്റെ “ുമുലൃ യലളീൃല ുൃശി:േ വേല വശീെേൃ്യ മിറ ശാുമര േീള ുമുലൃ ശി വേല ശഹെമാശര ംീൃഹറ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ചൈനയിലെ പേപ്പർ നിർമ്മാണ കണ്ടുപിടുത്തം ഒരു യാദൃശ്ചികതയാകാം. എന്നാൽ, താമസിയാതെ തന്നെ സർക്കാർ സ്ഥാപനങ്ങളിലും വൈജ്ഞാനിക വേദികളിലും അത് അംഗീകരിക്കപ്പെട്ടു. 618-906 കാലഘട്ടങ്ങളിൽ ചൈന ഭരിച്ചിരുന്ന ടാങ് രാജവംശം ആയിരക്കണക്കിന് പുസ്തകങ്ങൾ രചിക്കാൻ പേപ്പർ ഉപയോഗിച്ചിരുന്നു. മുസ്ലിംകളും മധ്യേഷ്യയിലെ ചൈനക്കാരും തമ്മിലുണ്ടായ ആദ്യകാല പോരാട്ടങ്ങളുടെ പ്രധാന കാരണം ചൈനീസ് പേപ്പറുകളെക്കുറിച്ച് അറബികൾക്കും മറ്റിതര ഭരണകൂടങ്ങൾക്കും ലഭിച്ച അറിവാണ്. പാശ്ചാത്യൻ നാടുകളിലേക്കും ചൈനീസ് പേപ്പറുകളും അതിനെക്കുറിച്ചുള്ള അറിവും എത്തിയിരുന്നുവെങ്കിലും അവർക്കിടയിൽ അത് വ്യാപകമായില്ലെന്ന് വേണം മനസ്സിലാക്കാൻ.

സർക്കാർ രജിസ്ട്രേഷനുകളുടെ റെക്കോർഡിംഗിന് വേണ്ടിയായിരുന്നു ചൈനയിലും ഇസ്ലാമിക ലോകത്തും പേപ്പർ ഉപയോഗിച്ചിരുന്നത്. പെട്ടെന്ന് തകർക്കാനോ നശിപ്പിക്കാനോ കഴിയാത്ത രീതിയിൽ സൂക്ഷിക്കാമെന്നതായിരുന്നു കാരണം. മഷി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും എഴുതിയവ മായ്ക്കാനും തിരുത്തലുകൾ നടത്താനുമുള്ള പ്രയാസവും അതിന്റെ സ്വാധീനം വർദ്ധിപ്പിച്ചു. മാത്രമല്ല, ഒൗദ്യോഗിക രേഖകൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമായി അത് സ്വീകരിക്കപ്പെടുകയും ചെയ്തു.

മനപ്പാഠശക്തിക്കും വാമൊഴി പാരമ്പര്യത്തിനും പേരുകേട്ടവരായിരുന്നു അറബികൾ. ഖുർആൻ ക്രോഢീകരണവും മതഗ്രന്ഥങ്ങളുടെ രചനകളും ആദ്യ കാലങ്ങളിൽ തന്നെ നടന്നിരുന്നു. എന്നാൽ, ആദ്യകാല ഇസ്ലാമിക കലയുടെ ജനകീയതക്കും വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ രചനക്കും വാസ്തുവിദ്യാ പദ്ധതികൾക്കും പേപ്പറിന്റെ കണ്ടുപിടുത്തം കൂടുതൽ ആക്കം കൂട്ടി. പേപ്പർ സുലഭമായതോടെ, ഗ്രന്ഥകാർക്കൊപ്പം തന്നെ പകർത്തിയെഴുത്തുകാരും ഇസ്ലാമിക നാഗരികതയിൽ വളർന്നുവന്നു. അറബിക് കാലിഗ്രഫി എഴുതുന്നതിനും വരക്കുന്നതിനും പേപ്പറിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്താൻ കലാകാരന്മാർക്ക് സാധിച്ചു. അവരതിൽ കൂടുതൽ അലങ്കാര രീതികളും രൂപങ്ങളും വികസിപ്പിച്ചെടുത്തു. ഇസ്ലാമിക് കയ്യെഴുത്ത് പ്രതികളുടെ നിർമ്മാണവും അവ ഒരുമിച്ച് ചേർത്ത് ബൈൻഡിംഗ് ചെയ്യുന്ന പ്രവർത്തനവും വ്യാപകമായി.

ജൊനാഥൻ ബ്ലൂം പറയുന്നു: പതിമൂന്നാം നൂറ്റാണ്ടുവരെ പേപ്പറിനെക്കുറിച്ച് അജ്ഞരായിരുന്ന യൂറോപ്പിന് അതിനെക്കുറിച്ചുള്ള വിജ്ഞാനം കൈമാറ്റം ചെയ്തത് മുസ്ലിംകളാണെന്ന സത്യം അവഗണിക്കപ്പെട്ടിട്ടുണ്ട്. ചൈനയിലെ പേപ്പർ വ്യവസായം സ്പെയിനിലെ സിസിലി, അനാറ്റോലിയ എന്നിവിടങ്ങളിലേക്കും വടക്കേ ആഫ്രിക്കൻ അറബ് രാജ്യങ്ങളിലേക്കും പശ്ചിമേഷ്യൻ ഇസ്ലാമിക രാജ്യങ്ങളിലേക്കും വ്യാപിച്ചതിന് ശേഷം അറബ്, മുസ്ലിം രാജ്യങ്ങളിലെ വ്യവസായങ്ങൾ ദുർബലമാകുകയും പതിനാറാം നൂറ്റാണ്ടോടെ ഏതാണ്ട് അവസാനിക്കുകയും ചെയ്തു.

ഗണിതശാസ്ത്രം, സംഗീതം, കല, വാസ്തുവിദ്യ തുടങ്ങി പാചകശാസ്ത്രത്തിൽ പോലും പേപ്പറിന്റെ സ്വാധീനം വലുതായിരുന്നുവെന്ന് ബ്ലൂം നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, അച്ചടി സ്വീകരിക്കുന്നതിൽ മുസ്ലിംകൾ എന്തുകൊണ്ടാണ് അമാന്തം കാണിച്ചതെന്നും മുസ്ലിം രാജ്യങ്ങളിൽ നിന്നും കടലാസ് സ്വീകരിക്കാൻ യൂറോപ്പ് തിടുക്കം കാണിച്ചത് എന്തിനായിരുന്നുവെന്നും അദ്ദേഹം തന്റെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles