Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ: സത്യവും മിഥ്യയും-1

ആമുഖം
1923ല്‍ വി.ഡി സവര്‍ക്കറുടെ ‘ഹിന്ദുത്വ’ എന്ന പുസ്തകത്തിലൂടെയാണ് ഹിന്ദുത്വ എന്ന പദം തന്നെ ഉടലെടുക്കുന്നത്. സവര്‍ക്കറുടെ ഈ പുസ്തകം തന്നെയാണ് പിന്നീട് ഹിന്ദു സംഘടനകള്‍ അവരുടെ പരിശുദ്ധ ഗ്രന്ഥമാക്കി മാറ്റിയത്. കെ.ബി ഹെഡ്ഗേവാറിന് ശേഷം ആര്‍.എസ്.എസിന്റെ തലപ്പെത്തെത്തിയ എം.എസ് ഗോള്‍വാള്‍ക്കര്‍ ഹിന്ദു ദേശീയതയുടെ പൂര്‍ത്തീകരണത്തിന് അനിവാര്യമായ ശാസ്ത്രീയ ഗ്രന്ഥമായും ‘ഹിന്ദുത്വ’ എന്ന ഗ്രന്ഥത്തെ കണ്ടു.(1) ആര്‍.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിനെക്കുറിച്ച് ആര്‍.എസ്.എസ് തന്നെ പുറത്തിറക്കിയ ജീവചരിത്ര പുസ്തകത്തില്‍ പറയുന്നതിങ്ങനെയാണ്: ‘സുവ്യക്തവും യുക്തിസഹവുമായ ഹിന്ദുത്വ സങ്കല്‍പ്പത്തെക്കുറിച്ചുള്ള സവര്‍ക്കറുടെ പ്രചോദനാത്മകവും അതിശയകരവുമായ വ്യഖ്യാനം ഹെഡ്ഗേവാറുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്’.(2)
ഇത്തരം പ്രസ്താവനകള്‍ ഉണ്ടായിരിക്കെത്തന്നെ ഹിന്ദു ദേശീയതക്ക് പ്രചോദനം നല്‍കുന്ന ഹിന്ദുത്വ എന്ന പുസ്തകം ഇപ്പോഴും പല ഹിന്ദു പണ്ഡിതന്മാരെയും നേതാക്കന്മാരെയും ആകര്‍ഷിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍, ആ പുസ്തകത്തിന്റെ ശീര്‍ഷകം പോലും ഒരു പിന്‍ബുദ്ധിയാണ്. 1923ല്‍ അടിച്ചിറക്കപ്പെട്ട പുസ്തകത്തിന്റെ ഒറിജിനല്‍ എഡിഷന്‍ ‘ഹിന്ദൂയിസം’ എന്ന ശീര്‍ഷകത്തിലായിരുന്നു. പിന്നീട് പതിയെ പതിയെ അതിനെ ‘ഹിന്ദുത്വ’ എന്ന ശീര്‍ഷകമാക്കി മാറ്റിയെടുക്കുകയായിരുന്നു. ഈ പദം പിന്നീട് സവര്‍ക്കര്‍ അനുയായികള്‍ക്ക് തന്നെ വ്യക്തമായി മനസ്സിലാക്കാനാകാതെ വന്നപ്പോള്‍ അവരത് ഉപേക്ഷിക്കുകയും ‘ഹൂ ഈസ് ഹിന്ദു’ എന്ന ശീര്‍ഷകത്തില്‍ പുസ്തകത്തിന്റെ നാലാം പതിപ്പ് അടിച്ചിറക്കുകയും ചെയ്തു. മഹാരാഷ്ട്ര പ്രവിശ്യയിലെ ഹിന്ദുസഭ 1963ല്‍ സവര്‍ക്കറുടെ ഗ്രന്ഥ ശേഖരണത്തിന്റെ ഭാഗമായി ‘ദി എസ്സന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ’ എന്ന പേരില്‍ പിന്നീട് അത് പ്രസിദ്ധീകരിച്ചു. ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ പുസ്തകമെല്ലാം അടിച്ചിറക്കിയത് ‘എ മഹ്‌രത്ത’ എന്ന തൂലിക നാമത്തിലാണെന്നത് രചയിതാവിന്റെ പ്രാദേശിക ഐഡന്റിറ്റിയെ മനസ്സിലാക്കിത്തരുന്നുണ്ട്.

‘ഹിന്ദുത്വ എന്ന സാങ്കേതിക പദം വ്യഖ്യാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും നിരാകരിക്കുന്നുണ്ടെന്ന് സവര്‍ക്കര്‍ തുടക്കത്തിലെ സമ്മതിച്ചിട്ടുണ്ട്.(3) അതിനാല്‍ തന്നെ ഹിന്ദുത്വ സിദ്ധാന്തത്തിനിടയിലും ഹിന്ദു മതത്തിനിടയിലും കൃത്യമായ വ്യത്യാസം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാല്‍, അടുത്ത ചില പേജുകള്‍ വായിച്ചു തീരുമ്പോള്‍ തന്നെ ഹിന്ദുത്വയെന്നത് വെറും പൊളിറ്റിക്കല്‍ ഹിന്ദൂയിസമാണെന്ന് മനസ്സിലാക്കാനാകും. ഹിന്ദു എന്നതിന് അദ്ദേഹം നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്:
‘ഇന്‍ഡസ് മുതല്‍ കടല്‍ വരെ നീണ്ടു നില്‍ക്കുന്ന സിന്ധ് പ്രവിശ്യയില്‍ തങ്ങളുടെ പൂര്‍വ്വികരുടെ ഭൂമിയായി കണ്ട് അവിടങ്ങളില്‍ സ്ഥിരതാമസമാക്കിയവരാണ് ഹിന്ദുക്കള്‍. സപ്ത സിന്ധ് വേദങ്ങളില്‍ ആദ്യ ഉറവിടമായി പറയപ്പെട്ടിട്ടുള്ള പിത്രിഭുവിന്റെ പിന്‍ഗാമികളാണ് അവര്‍. പിന്നീടത് സമന്വയിപ്പിച്ചും ലോപിച്ചുമാണ് ഹിന്ദു ജനങ്ങള്‍ എന്ന് വിളിക്കപ്പെട്ടത്. പാരമ്പര്യം അവകാശപ്പെടുന്ന അവര്‍ സ്വന്തമായൊരു സംസ്‌കാരത്തെയും വാദിക്കുന്നവരാണ്. അവരുടെ പൊതുവായ സംസ്‌കൃത ഭാഷ, ചരിത്രം, സാഹിത്യം, കല, വാസ്തുവിദ്യ, നിയമനടപടികള്‍, ആചാരാനുഷ്ഠാനങ്ങള്‍, ബലിദാനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയിലൂടെ അവര്‍ അവരുടെ പാരമ്പര്യത്തെ വാദിക്കുന്നു. പൊതുവായൊരു രാഷ്ട്രം, ജാതി, സംസ്‌കാരം എന്നിവയാണ് ഹിന്ദുത്വയുടെ സുപ്രധാന ഘടകങ്ങള്‍’.(4)
സവര്‍ക്കറുടെ ഹിന്ദുത്വ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ ഇതര ഗ്രന്ഥങ്ങളുമായി ചേര്‍ത്തു നോക്കുമ്പോള്‍ വളരെ വൈരുധ്യാത്മകവും പൊരുത്തക്കേടുള്ളതും വിരസവുമാണ്. യഥാര്‍ത്ഥത്തില്‍, ഹിന്ദു ദേശീയതയുടെ പ്രബോധന പ്രാരംഭ പുസ്തകമായ ഹിന്ദുത്വ അവരുടെ യഥാര്‍ത്ഥ ആശയത്തിന്റെ കാല്‍ ഭാഗം പോലും വിശദീകരിക്കുന്നില്ല. ഈ പുസ്തകത്തിന്റെ മിക്ക ഭാഗവും ഹിന്ദു/ഹിന്ദുസ്ഥാന്‍ എന്നിയുടെ നാമധേയകോശത്തെക്കുറിച്ചും, ഐതിഹ്യ കഥകള്‍, ബുദ്ധിസത്തിലെ പിശാചുക്കള്‍, സിക്കുകളും ജൈനകളും ബുദ്ധിസ്റ്റുകളും എങ്ങനെ ഹിന്ദുക്കളായി, ഹിന്ദൂയിസത്തിലെ വേദാനുഭാവികളായ വിഭാഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കുമിടയിലെ സംഘട്ടനങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്.

Also read: നിയമപാലകരും തരംതാഴുമ്പോള്‍

1937 ഡിസംബറില്‍ അഹമ്മദാബാദില്‍ വെച്ച് നടന്ന ഹിന്ദു മഹാസഭയുടെ പത്തൊമ്പതാം സെഷനില്‍ സവര്‍ക്കര്‍ ഹിന്ദു ദേശമാണ് നമ്മുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹിന്ദുത്വ എന്ന പുസ്തകം അതിലേക്കുള്ള ഒരു ചുരുള്‍ ചിന്ത മാത്രമായി ശേഷിച്ചു. ആ സെഷനില്‍ ആ പുസ്തകത്തെ എറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതിന്റെ സ്വാധീനം എത്രയായിരുന്നുവെന്ന് പിന്നീട് അത് അടിച്ചിറക്കാന്‍ വേണ്ടിവന്ന കാലതാമസം നോക്കിയാല്‍ മനസ്സിലാകും. 1923ല്‍ ആദ്യ പതിപ്പിറങ്ങിയ പുസ്തകം പിന്നീട് 1942 വരെ കാത്തിരിക്കേണ്ടി വന്നു രണ്ടാം പതിപ്പിറങ്ങാന്‍. 2003ലെ പതിപ്പ് അടക്കം എട്ട് ദശകത്തിനിടക്ക് വെറും ഏഴ് പതിപ്പുകള്‍ മാത്രമാണ് ‘ഹിന്ദുത്വ’ക്കുണ്ടായത്.
എന്തുതന്നെയായാലും, ആര്‍.എസ്.എസിന്റെ സ്വാധീന ശക്തിയോടെ ബി.ജെ.പി 1990കളില്‍ തന്നെ സവര്‍ക്കറെ മൂര്‍ത്തീവല്‍ക്കരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 2002 മെയ് നാലിന് പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളം പുനര്‍നാമകരണം ചെയ്യുമ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ അദ്വാനി പറഞ്ഞിരുന്നു: ‘രാജ്യത്തിന്റെ പൈതൃകത്തില്‍ വേരാഴ്ന്ന് കിടക്കുന്ന മഹത്തായ ഒരു ആശയമാണ് സവര്‍ക്കര്‍ മുന്നോട്ട് വെച്ച ഹിന്ദുത്വ’. ഹിന്ദുത്വയുടെ പ്രവാചകന്മാരെക്കുറിച്ചുള്ള വാഴ്ത്തുകള്‍ അവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. 2003 ഫെബ്രുവരി 26ന് പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാവരണം ചെയ്തു. അതോടുകൂടി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിയുടെയും മറ്റു പ്രമുഖ സ്വതന്ത്ര സമരസേനാനികളുടെയും ഒപ്പം സവര്‍ക്കറും ഉന്നതപദവി അലങ്കരിക്കുന്നവനായി. എന്തുതന്നെയായാലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരു. ദ്വിരാഷ്ട്ര വാദത്തോട് ഇത്രയും അഭേദ്യമായ സ്‌നേഹം വെച്ചു പുലര്‍ത്തുകയും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ നിന്ന് ബോധപൂര്‍വ്വം അകല്‍ച്ച പാലിക്കുകയും ചെയ്തിട്ടും ഇന്ത്യന്‍ ദേശീയവാദിയും ദേശസ്‌നേഹിയുമായി സവര്‍ക്കര്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നുവെങ്കില്‍ ദ്വിരാഷ്ട്ര വാദത്തിന്റെ മേല്‍ പിന്നെന്തിന് മുഹമ്മദലി ജിന്നയെ പഴിചാരണം?
നരേന്ദ്ര മോഡി നയിക്കുന്ന സമകാലിക ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളെല്ലാം ഒരു സവര്‍ക്കറേറ്റ് മോഡല്‍ ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് പരസ്യമായി തന്നെ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഹിന്ദുത്വയുടെ പതാക വാഹകരുടെ വാദങ്ങളെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണിവിടെ.

മിത്യ 1: ഹിന്ദുത്വയും ഹിന്ദു ദേശീയതയും സനാദനമാണ്.
എം.എസ് ഗോള്‍വാള്‍ക്കര്‍ ഹിന്ദു ദേശീയവാദികളോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്: ‘സാധാരണ വിഭവങ്ങള്‍ അതുപോലെ ഭക്ഷിക്കുന്നതിന് പകരം മാംസം ചുട്ടുതിന്നുന്നത് വെസ്റ്റില്‍ നിന്ന് ഈസ്റ്റ് പഠിക്കുന്നതിനും മുമ്പേ ഒരു കടലില്‍ നിന്ന് മറ്റൊരു കടല് വരെ നീണ്ടു കിടക്കുന്ന സാമ്രാജ്യത്തിലെ ഒറ്റ ദേശീയരാണ് നാം’.(5)
സത്യം: വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്ത് പോലോത്ത ഹിന്ദു പുരാണങ്ങളൊന്നും തന്നെ ഇത്തരം പ്രയോഗം നടത്തുന്നേയില്ല. അതിനെല്ലാം പുറമെ, ഹിന്ദു മതവിശ്വാസികളായ പ്രമുഖ ഇന്ത്യന്‍ ചിന്തകന്മാര്‍ പോലും ഹിന്ദു ദേശീയതയുടെ പൗരാണികത്വത്തെ നിരാകരിക്കുകയാണ് ചെയ്തത്.

വിവേകാനന്ദ പറയുന്നു:
‘സിന്ധു നദീതടങ്ങളില്‍ ജീവിക്കുന്ന പുരാതന പേര്‍ഷ്യക്കാര്‍ക്ക് പറയുന്ന പേരാണ് ഹിന്ദു. സംസ്‌കൃത്തിലെ ‘സ’ എന്ന അക്ഷരം പുരാതന പേര്‍ഷ്യന്‍ ഭാഷയില്‍ ‘ഹ’ എന്നാണ് ഉച്ചരിച്ചിരുന്നത്. അങ്ങനെയാണ് സിന്ധു ഹിന്ദുവായി മാറിയത്. സിന്ധു നദീതടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേകമായൊരു മതവും ഇല്ലായിരുന്നു’.(6)
ഭാരതീയ ചരിത്രകാരന്മരെന്ന് ഹിന്ദുത്വ ഫ്രാറ്റേണിറ്റി പോലും സമ്മതിച്ച രബീന്ദ്രനാഥ ടാഗോര്‍, ബിബിന്‍ ചന്ദ്ര, ആര്‍.സി മജുംദാര്‍ തുടങ്ങിയവരെല്ലാം പറയുന്നത് നാഷന്‍ എന്നതിന് ഒരിക്കലും നമ്മുടെ/ഞങ്ങളുടെ എന്ന അര്‍ത്ഥം നല്‍കാനാകില്ല. ഒന്നര നൂറ്റാണ്ട് മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ ഒരിക്കലും ഇത്തരം ഒരു ഭാഷാര്‍ത്ഥം അതിന് വെച്ചുകൊടുത്തിട്ടില്ല. ബ്രിട്ടീഷ് അധികാരത്തിന്റെ അന്തിമഘട്ടത്തിന് സാക്ഷിയാവുകയും സ്വതന്ത്ര ഇന്ത്യയുടെ നയനിര്‍മ്മാണത്തില്‍ സുപ്രധാന പങ്കാളിയാവുകയും ചെയ്ത ഡോ. ബി.ആര്‍ അംബേദ്കര്‍ ഇന്ത്യന്‍ ദേശം എന്ന പൗരാണികത്വത്തിന് എതിരായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ‘ഹിന്ദു പ്രവിശ്യകളിലുള്ളവരെ ഒന്നിച്ച് നിര്‍ത്താന്‍ അനുയോജ്യമായ പൊതു പാരമ്പര്യമോ താല്‍പര്യ ഘടകമോ ഇവിടെയില്ല’.(7)
ബങ്കിം ചന്ദ്ര ചാറ്റര്‍ജി ‘അനന്ത്മത്'(1881-82) എന്ന ഗ്രന്ഥത്തില്‍ മാതൃ ഇന്ത്യ എന്ന ആശയം കൊണ്ടുവരുന്നുണ്ട്. 1857ലെ വിപ്ലവം പരാജയപ്പെട്ടതിന് ശേഷം ബംഗാളിലെ ഉന്നത കുലജാതിയില്‍ പെട്ട ബുദ്ധിജീവികളാണ് ഹിന്ദു രാഷ്ട്രം എന്ന ആശയത്തിന് ശക്തി പകര്‍ന്നത്.(8)

മിത്യ 2: ഹിന്ദുത്വ ഹിന്ദു മതവിശ്വാസികളെ ഏകോപിപ്പിക്കുന്നു.
സത്യം:
1- ജാതീയതക്ക് സമാനമായ ഹിന്ദുത്വ അസമത്വത്തെ ഹിന്ദു സമൂഹത്തിന്റെ ഒരു പൊതു സ്വഭാവമാക്കി മാറ്റും.

Also read: ഖദീജ(റ), ഫാത്വിമ(റ), ആയിശ(റ) ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത?-1

ഹിന്ദൂയസത്തിന്റെ അഭിവാജ്യ ഘടകമായിരുന്നു ജാതീയത. യഥാര്‍ത്ഥത്തില്‍, ഗോള്‍വാള്‍ക്കര്‍ തന്നെ ഹിന്ദു രാഷ്ട്രത്തെ ജാതീയതയുടെ പര്യായമായി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഹിന്ദുക്കള്‍ ഇവരാണ്:
‘തലഭാഗം ബ്രാഹ്മണര്‍, കൈ ക്ഷത്രിയര്‍, ഊരഭാഗം വൈഷ്യര്‍, കാല്‍ഭാഗം ശൂദ്രര്‍ എന്ന രീതിയിലാണ് സര്‍വ്വശക്തനായ വിരാട് പുരുഷ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. അതിനര്‍ത്ഥം ജനങ്ങള്‍ ഇങ്ങനെ നാല് വിഭാഗങ്ങളിലായി വിഭജിക്കപ്പെട്ട് കിടക്കുകയാണ്. ദൈവശിരസ്സിന്റെ ഈ അഭൗതികമായ കാഴ്ചപ്പാടാണ് ദേശം എന്ന ആശയത്തിന്റെ മൂലശില. അതാണ് നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അതുല്യ സിദ്ധാന്തത്തിന് ഉണര്‍വ്വ് നല്‍കുന്നതും’.(9)

ഹിന്ദുത്വയെ പിടിവിടാ വള്ളിയായി കൊണ്ട് നടക്കുന്ന ഗോള്‍വാള്‍ക്കര്‍ മര്‍ക്കടമുഷ്ടിക്കാരാനായ ജാതീയവാദിയാണ്. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം വര്‍ണ്ണ സംവിധാനമാണ് ഹിന്ദു ദേശത്തിന്റെയും സമൂഹത്തിന്റെയും അന്തസത്ത. 1960ല്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫാക്കല്‍റ്റിയെയും വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്ത് നടത്തിയ ധര്‍മ്മ പ്രഭാഷണത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത് സങ്കരജാതി സിദ്ധാന്തത്തെക്കുറിച്ചായിരുന്നു. കേരള ഹിന്ദുക്കളെ സംബന്ധിച്ചെടുത്തോളം അദ്ദേഹം വര്‍ണ്ണ സംവിധാനത്തിന്റെ സ്പഷ്ടമായ നിര്‍മാര്‍ജ്ജകനാണ്. എന്നാല്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നു: ‘ഇന്ന് അജ്ഞതയിലൂടെയാണ് നാം വര്‍ണ്ണ സംവിധാനത്തെ കൊണ്ടുപോകുന്നത്. ഈയൊരു സംവിധാനത്തിലൂടെയാണ് സമൂഹത്തിലെ ഉടമസ്ഥതയെ കൃത്യമായി നിയന്ത്രിക്കാനാകൂ. സമൂഹത്തില്‍ ബുദ്ധിജീവികളുണ്ടാകും, ചിലര്‍ ഉത്പാദനത്തില്‍ സമര്‍ത്ഥരായിരിക്കും, ചിലര്‍ ധന സമ്പാദനത്തില്‍ നിപുണന്മാരായിരിക്കും, ചിലര്‍ ജോലി ചെയ്യാന്‍ പ്രാപ്തരായിരിക്കും. നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ നാല് രീതിയിലുള്ളവരെ പൂര്‍വ്വികര്‍ വേര്‍തിരിച്ചിട്ടുണ്ട്. വര്‍ണ്ണ സംവിധാനം ഇത്തരം രീതികളെ ശരിയായ രീതിയില്‍ നിയന്ത്രിച്ച് കൊണ്ടുപോകാന്‍ മാത്രമുള്ളതാണ്. അതിലൂടെ മാത്രമേ ഉചിതമായ രീതിയിലുള്ള പൈതൃക വികസനത്തിലൂടെ സമൂഹത്തെ അതിന്റെ ഔന്നിത്യത്തിലേക്ക് കൊണ്ടെത്തിക്കാനാകൂ’.(10)

2- ഹിന്ദുത്വ പരസ്പര തൊട്ടുകൂടായ്മ മാത്രമാണ്.

അംബേദ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട ഇന്ത്യയുടെ ഭരണഘടനയെ ഇവിടെ ഹിന്ദുത്വ ഭരണം ആഗ്രഹിക്കുന്ന ആര്‍.എസ്.എസും അതിന്റെ സഹോദര സംഘടനകളും വെറുക്കുന്നുണ്ട്. 1949 നവംബര്‍ 26നാണ് ഭരണഘടന സമിതി അത് കുറ്റമറ്റതാക്കുന്നത്. തൊട്ടുടനെ നാല് ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 30ന് ആര്‍.എസ്.എസിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലില്‍ അതിനെതിരെ ഒരു വിമര്‍ശനം വന്നു:
‘പുരാതന ഭാരതത്തിലെ അതുല്യമായ ഭരണഘടനാപരമായ വികസനത്തെക്കുറിച്ച് നമ്മുടെ ഈ ഭരണഘടന ഒന്നും സൂചിപ്പിക്കുന്നില്ല. പേര്‍ഷ്യയിലെ സൊളോണിലോ സ്പാര്‍ട്ടയിലെ ലികര്‍ഗസിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മനുവിന്റെ നിയമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മനുസ്മൃതിയില്‍ വ്യക്തമായും പരാമര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നിയമങ്ങള്‍ ഇന്നും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, നമ്മുടെ ഭരണഘടന പണ്ഡിറ്റുകള്‍ക്ക് അതിനെക്കുറിച്ച്് എന്തെറിയാം’.
ഹിന്ദുത്വയുടെ സ്രഷ്ടാവായ സവര്‍ക്കര്‍ ജാതീയതയുടെ ശക്തമായ വക്താവും മനുസ്മൃതിയുടെ അനുയായിയുമായിരുന്നു. ജാതീയതയും തൊട്ടുകൂടായ്മയും മനുവിന്റെ ചിന്തയുടെ അനന്തരഫലങ്ങളാണ്. അതിനെക്കുറിച്ച് സവര്‍ക്കര്‍ പറയുന്നുണ്ട്:
‘ഹിന്ദു രാഷ്ട്രത്തെ സംബന്ധിച്ചെടുത്തോളം വേദങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടേണ്ട ഗ്രന്ഥമാണ് മനുസ്മൃതി. പുരാതന കാലം തൊട്ടേ അത് നമ്മുടെ ആചാരങ്ങളുടെയും ചിന്തയുടെയും സംസ്‌കാരത്തിന്റെയും അടിത്തറയാണ്. കോടിക്കണക്കിന് ഹിന്ദുക്കള്‍ ഇന്നും ജീവിക്കുന്നതും ആചാര പ്രവര്‍ത്തികള്‍ നടത്തുന്നതുമെല്ലാം മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ട് മനുസ്മൃതിയാണ് ഇന്ന് ഹന്ദുക്കളുടെ നിയമ പുസ്തകം’.(11)

സ്ത്രീകള്‍, അയിത്തം, താഴ്ന്ന ജാതി എന്നിവയെക്കുറിച്ചുള്ള മനുവിന്റെ കാഴ്ചപ്പാടുകള്‍ വായിച്ചാല്‍ തന്നെ മനു നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഏത് തരം നാഗരികതയാണ് ആര്‍.എസ്.എസും ഹിന്ദുത്വയും ഇവിടെ നിര്‍മ്മിക്കാന്‍ പോകുന്നതെന്ന് വ്യക്തമാകും. മനുഷ്യത്വം കെടുത്തിക്കളയുന്ന അത്തരം ചില നിയമങ്ങളാണ് താഴെ പറയുന്നത്:

3- ദലിതുകളെക്കുറിച്ചും അയിത്തത്തെക്കുറിച്ചും മനു പറയുന്ന നിയമങ്ങള്‍(12)

1- ഈ ലോകത്തിന്റെ അഭിവൃദ്ധിക്ക് ബ്രാഹ്മണ, ക്ഷത്രിയ, വൈഷ്യ, ശൂദ്ര എന്ന വിഭജനം ഇവിടെ നിലനില്‍ക്കല്‍ അനിവാര്യമാണ്.(1/91)
2- ശൂദ്രന്മാര്‍ക്ക് ഒറ്റൊരു ജോലി മാത്രമാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത്. മറ്റുള്ള മൂന്ന് ജാതിയെയും വിനയത്തോടുകൂടെ സേവിക്കലാണ് അവരുടെ ജോലി.(1/91)
3- ഒറ്റ ജന്മം മാത്രമുള്ളവന്‍(ശൂദ്രന്‍) ഇരു ജന്മമുള്ളവനെ അപമാനിക്കുന്ന പക്ഷം അവന്റെ നാവ് പിഴുതെടുക്കപ്പെടുന്നതാണ്. കാരണം അവന്‍ താഴ്ന്ന ജാതിയില്‍ ജനിച്ചവനാണ്.(vii/270)
4- ഇരു ജന്മമുള്ളവന്റെ പേരോ ജാതിയോ അവജ്ഞതയോടെയെങ്ങാന്‍ അവന്‍ ഉച്ചരിച്ചാല്‍ പത്ത് വിരല്‍ നീളമുള്ള ചുട്ടുപഴുത്ത ദണ്ഡ് അവന്റെ വായിലേക്ക് കുത്തിക്കയറ്റണം.(viii/271)
5- അവന്‍ അഹങ്കാരത്തോടെ ബ്രാഹ്മണരെ അവരുടെ കടമ പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിളച്ച ചുടു എണ്ണ അവന്റെ വായിലേക്കും ചെവിയിലേക്കും ഒഴിക്കേണ്ടതാണ്.(viii/272)
6- താഴ്ന്ന ജാതിക്കാരന്റെ ഏതെങ്കിലും ഒരു അവയവം മറ്റു മൂന്ന് ഉയര്‍ന്ന ജാതിയുലുള്ളവനെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അത് ഛേദിക്കപ്പെടും. അതാണ് മനു പഠിപ്പിക്കുന്നത്.(viii/279)
7- താഴ്ന്ന ജാതിയിലെ ആരെങ്കിലും മേല്‍ ജാതിക്കാരെ വടികൊണ്ടോ കൈ കൊണ്ടോ തൊഴിച്ചാല്‍ അവന്റെ കൈ ഛേദിക്കുന്നതാണ്. ദേഷ്യത്തോടെ കാല് കൊണ്ട് തൊഴിച്ചാല്‍ അവന്റെ കാലും വെട്ടിമാറ്റപ്പെടുന്നതാണ്.(viii/280)
8- താഴ്ന്ന ജാതിക്കാരന്‍ ഉയര്‍ന്ന ജാതിക്കാരന്റെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ശ്രമിച്ചാല്‍ അവന്റെ ഊരയില്‍ മുദ്രകുത്തപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുകയോ അല്ലെങ്കില്‍ അവന്റെ ആസനം അരിഞ്ഞ് കളയുകയോ ചെയ്യും.(viii/281)

Also read: പത്രപ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്ന കാലം

4- സ്ത്രീകളെ സംബന്ധിച്ച് മനു പറയുന്ന നിയമം

1- രാപകല്‍ മുഴുവന്‍ സ്ത്രീകള്‍ കുടുംബത്തിലെ പുരുഷന്മാരുടെ അധികാരത്തിലായിരിക്കണം. ലൗകികമായ വല്ല സന്തോഷത്തിലും ആനന്ദത്തിലും ഏര്‍പ്പെടുന്നുവെങ്കില്‍ അത് പുരുഷന്റെ നിയന്ത്രണത്തിലായിരിക്കണം.(ix/2)
2- ചെറുപ്പകാലത്ത് അവളെ പിതാവ് സംരക്ഷിക്കും. യൗവനകാലത്ത് ഭര്‍ത്താവും വാര്‍ദ്ധക്യ കാലത്ത് മക്കളും. അഥവാ സ്ത്രീ ഒരിക്കലും പൂര്‍ണ്ണ സ്വതന്ത്രയായിരിക്കരുത്.(ix/3)
3- പൈശാചിക പ്രവണതകളെത്തൊട്ട് വിവാഹിതയായ സ്ത്രീയെ എപ്പോഴും സംരക്ഷിക്കണം. സംരക്ഷിക്കപ്പെടാത്ത പക്ഷം ഇരു കുടുംബങ്ങള്‍ക്കും അവള്‍ ആപത്ത് കൊണ്ടുവരും.(ix/5)
4- എല്ലാ ജാതിക്കാരുടെയും സുപ്രധാന ചുമതല(അത് ദുര്‍ബലനായ ഭര്‍ത്താവാണെങ്കില്‍ പോലും) അവരുടെ സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയെന്നുള്ളതാണ്.(ix/6)
5- സമ്പത്തിലെ കളക്ഷനിലും ചെലവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, വീട്ടു പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, മതകീയാചാരങ്ങള്‍ പൂര്‍ത്തീകരിക്കുക, ഭക്ഷണം തയ്യാറാക്കുക, ഗാര്‍ഹിക പാത്രങ്ങള്‍ സൂക്ഷിക്കുക തുടങ്ങിയവയില്‍ ഭാര്യയെ ഭര്‍ത്താവ് വ്യാപൃതയാക്കുക.
6- വിശ്വസ്തരും അനുസരണശീലരുമായ സേവകരായി വീട്ടില്‍ ഒതുങ്ങി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പരിരക്ഷ ആവശ്യമില്ല. എന്നാല്‍ തന്നിഷ്ടപ്രകാരം സ്വയം സംരക്ഷിക്കുന്നവര്‍ക്കാണ് പരിരക്ഷ നല്‍കേണ്ടത്.(ix/12)
7- ചപലമായ മനോഭാവത്തിലൂടെയും സ്വഭാവികമായ നിര്‍ദ്ദയത്വത്തിലൂടെയും പുരുഷന്മാരോട് അവര്‍ക്കുണ്ടാകുന്ന അടങ്ങാത്ത അഭിനിവേശത്തിലൂടെ അവര്‍ ഭര്‍ത്താക്കന്മാരോട് വിശ്വസ്തതയില്ലാത്തവരായി തീരുന്നു. ഈ ലോകത്ത് അവരെ എങ്ങനെ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചാലും അവര്‍ ഇങ്ങനെത്തന്നെയായിരിക്കും.(ix/15)
8- അവരെ സൃഷ്ടിക്കുമ്പോള്‍ തന്നെ മനു അവര്‍ക്ക് കിടപ്പറ, ഇരിപ്പിടം, ആഭരണങ്ങള്‍ എന്നിവയോടുള്ള സ്‌നേഹം, അശുദ്ധമായ മോഹങ്ങള്‍, അവിശ്വസ്തത, മുന്‍കോപം, ദുസ്സ്വഭാവം എന്നിവയും അവരില്‍ സംവിധാനിച്ചിട്ടുണ്ട്.(ix/17)
9- സ്ത്രീകള്‍ക്ക് വിശുദ്ധ ഗ്രന്ഥങ്ങളുപയോഗിച്ചുള്ള ആചാരപരമായ ആരാധന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവകാശമില്ല. നിയമം അങ്ങനെയാണ് സംവിധാനിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീ അശക്തയും വേദ ഗ്രന്ഥങ്ങളെക്കുറിച്ച് അറിവില്ലാത്തവരും കാപട്യം കാണിക്കുന്ന അശുദ്ധരുമാണ്. അതാണ് നിയമം.(ix/18)
മനു കഥയുടെ നിയമഗ്രന്ഥം ഇപ്പോള്‍ ഒരു വലിയ വിഷയമല്ല. ആര്‍.എസ്.എസിന്റെ പുസ്തക കടകളില്‍ സൂക്ഷിക്കപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്യുന്ന സ്വാമി രാമസുഖദാസിന്റെ ‘എങ്ങനെ ഗാര്‍ഹിക ജീവിതം നയിക്കാം'(how to lead a household life) എന്നിവ പോലുള്ള പുസ്തകങ്ങളാണ് ഇന്ന് പരസ്യമായി അക്രമങ്ങള്‍ സൃഷ്ടിക്കുന്നത്. ഗീത പ്രസ്സാണ് ഒട്ടും മൂല്യമില്ലാത്ത ഇത്തരം സ്ത്രീ വിരുദ്ധ സാഹിത്യങ്ങള്‍ അടിച്ചിറക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാകുന്ന ഈ പുസ്‌കതത്തിലെ ചോദ്യോത്തര രൂപങ്ങളില്‍ നിന്ന് ചിലതാണ് താഴെ പറയുന്നത്:(13)

ചോദ്യം: തന്റെ ഭര്‍ത്താവ് തന്നെ അടിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഭാര്യ എന്ത് ചെയ്യണം?
മറുപടി: താനിവിടെ മുന്‍ ജീവിതത്തിന്റെ കടം വീട്ടുകയാണെന്നും തനിക്ക് അനുഭവിക്കേണ്ടി വരുന്നത് തന്റെ പാപങ്ങള്‍ തന്നെയാണെന്നുമാണ് ഇത്തരം അവസരങ്ങളില്‍ ഭാര്യ ചിന്തിക്കേണ്ടത്. അത് സഹിക്കുക വഴി അവള്‍ നിര്‍മ്മലയായിത്തീരുന്നു. ഭര്‍ത്താവിന്റെ ഈ പെരുമാറ്റം അറിയുമ്പോള്‍ ഭാര്യയെ അവളുടെ വീട്ടുകാര്‍ തിരികെ കൊണ്ടുപോകും. ഇങ്ങനെയുള്ള കാര്യങ്ങളെ സഹിക്കാന്‍ അവളെ പരിശീലിപ്പിക്കാന്‍ വേണ്ടിയാണിത്.

ചോദ്യം: തന്റെ മാതാപിതാക്കള്‍ തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നില്ലെങ്കില്‍ ഭാര്യ എന്ത് ചെയ്യണം?
മറുപടി: ഇങ്ങനെയുള്ള അസന്നിഗ്ദ ഘട്ടങ്ങളില്‍ നിസ്സഹായയായ ഭാര്യക്ക് എന്ത് ചെയ്യാനാകും? അവള്‍ ഭൂതകാലത്ത് ചെയ്ത് കൂട്ടിയ പാപങ്ങളുടെ പരിണിതഫലം പേറുകയാണവള്‍. അതുകൊണ്ട് തന്നെ അവള്‍ ഭര്‍ത്താവിന്റെ അടിയും ഉപദ്രവും സഹിച്ചേ തീരൂ. ഇങ്ങനെ എല്ലാം സഹിക്കുന്നതിലൂടെ അവള്‍ പാപമുക്തയാകും. അതുവഴി ഭര്‍ത്താവ് അവളെ സ്‌നേഹിക്കുകയും ചെയ്യും.

ചോദ്യം: ‘സതി പ്രത'(ഭര്‍ത്താവിനെ ശവദാഹം നടത്തുന്ന സമയത്ത് ഭാര്യ ചിതയിലേക്ക് സ്വയം എടുത്ത് ചാടുന്ന പാരമ്പര്യ ആചാരം) ഉചിതമാണോ അനുചിതമാണോ?
മറുപടി: സ്വന്തം ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിനൊപ്പം അതിലേക്ക് എടുത്ത് ചാടി മരണം വരിക്കുകയെന്നത് പാരമ്പര്യമല്ല. ശരിയായ വിശ്വസവും സന്തോഷവുമുള്ളവളാണെങ്കില്‍ തീയിലേക്ക് എടുത്തു ചാടുന്ന സമയത്ത് അവള്‍ക്ക് ഒരിക്കലും വേദന അനുഭവപ്പെടുകയില്ല. ഇതൊരു പാരമ്പര്യ പ്രവര്‍ത്തിയല്ല. മറിച്ച് വിശ്വസത്തിന്റെയും പരമാനന്ദത്തിന്റെയും അന്തസ്സിന്റെയും ഭാഗമായി ചെയ്യേണ്ടതാണ്.
1927 ഡിസംബര്‍ 25ന് ചരിത്രപരമായ മഹത് സമരത്തിന്റെ ഭാഗമായി അംബേദ്കറിന്റെ സാന്നിധ്യത്തില്‍ വെച്ച് മനസ്മൃതിയുടെ ഒരു കോപ്പി കത്തിച്ചു. പിന്നീട് ഈ ദിവസം ‘മനുസ്മൃതി ദഹന്‍ ദിവസ്’ ആയി ആചിരിക്കപ്പെട്ടു തുടങ്ങി.

5- ഹിന്ദുത്വയെ സംബന്ധിച്ചെടുത്തോളം വടക്കേന്ത്യന്‍ ഹിന്ദുക്കള്‍ അവര്‍ണ ജാതിക്കാരാണ്.

1960 ഡിസംബര്‍ 17ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫാക്കല്‍റ്റിയെയും വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്ത് നടത്തിയ ധര്‍മ്മ പ്രഭാഷണത്തില്‍ ഗോവാള്‍ക്കര്‍ ഊന്നിപ്പറഞ്ഞത് സങ്കരജാതി സിദ്ധാന്തത്തെക്കുറിച്ചായിരുന്നു:
‘നമ്മുടെ പൂര്‍വ്വികര്‍ ഈ ലോകത്ത് ചെയ്ത കാര്യങ്ങളെല്ലാം നാം പരിശോധിക്കേണ്ടതുണ്ട്. സങ്കരജാതിയെന്ന സിദ്ധാന്തത്തെ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി നമ്പൂതിരി ബ്രാഹ്മണര്‍ വടക്ക് കേരളത്തില്‍ താമസമാക്കി. കേരളത്തിലെ ജനങ്ങളില്‍ ശൂദ്രര്‍, ക്ഷത്രിയര്‍, വൈഷ്യര്‍ എന്നിവരില്‍ നിന്ന് മാത്രമേ നമ്പൂതിരി കുടുംബത്തിലെ മുതിര്‍ന്ന മകന് വിവാഹം ചെയ്യാനാകൂ എന്ന നിയമവും അവര്‍ക്കിടയിലുണ്ടായിരുന്നു. അതിലും ധീരമായ മറ്റൊരു നിയമം ഏത് വിഭാഗത്തിലെയും വിവാഹിതയായ സ്ത്രീയുടെ ആദ്യ വസന്തകാലം നമ്പൂതിരിയായ ഒരു പുരുഷനൊപ്പം ആയിരിക്കും. അതില്‍ ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ യഥാര്‍ത്ഥ ഭര്‍ത്താവിന് ബന്ധപ്പെടാവൂ. ഇന്ന് ഇതൊരു വ്യഭിചാരമായി കണ്ടേക്കാം. പക്ഷെ, ഇത് അത്തരത്തിലുള്ള ഒന്നല്ല. കാരണം, ആദ്യത്തേ കുഞ്ഞില്‍ മാത്രമായി ഇതിനെ പരിമിതപ്പെടുത്തിയിരുന്നു’.(14)

മേലുദ്ധരിച്ച ഗോള്‍വാള്‍ക്കറുടെ പ്രസ്താവന പല രീതിയിലും ദോശകരമായ ബാധിക്കുന്ന ഒന്നാണ്. ആദ്യമായി, ഇന്ത്യന്‍ ഹിന്ദുക്കളെ ഉന്നത ജാതിയും താഴ്ന്ന ജാതിയുമായി വേര്‍തിരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ വിശ്വാസം. രണ്ടാമതായി, വടക്കേന്ത്യയിലെ ബ്രാഹ്മണര്‍(പ്രത്യേകിച്ചും നമ്പൂതിരി ബ്രാഹ്മണര്‍) ഉന്നത ജാതിയിലുള്ളവരാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് ശക്തമായി നിലനിര്‍ത്താന്‍ നമ്പൂതിരികളായ ബ്രാഹ്മണരെയെല്ലാം വടക്കേന്ത്യയിലേക്ക് അയക്കപ്പെടും. മൂന്നാമതായി, വടക്കേന്ത്യയില്‍ താമസിക്കുന്ന നമ്പൂതിരി ബ്രാഹ്മണരിലൂടെ മാത്രമേ അധീന മനുഷ്യ ജാതി നിലനിര്‍ത്താന്‍ സാധിക്കൂ എന്നതാണ് ഒരു ആണ്‍ ഷോവനിസ്റ്റായ ഗോള്‍വാള്‍ക്കറുടെ മറ്റൊരു വിശ്വാസം. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം കേരളത്തിലെ സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങള്‍ യാതൊരു പവിത്രതയും ഇതുവരെ ആസ്വദിച്ചിട്ടില്ല. നമ്പൂതിരിമാരായ ബ്രാഹ്മണരുമായി കൂടിച്ചേര്‍ന്ന് മാത്രമേ അത്തരത്തിലൊരു പവിത്രത അവര്‍ക്ക് കൈവരിക്കാനാകൂ. വാസ്തവത്തില്‍, താഴ്ന്ന ജാതിയിലുള്ള വിവാഹിതരായ സ്ത്രീകളുടെ ആദ്യ രാത്രി കൂടാന്‍ യഥാര്‍ത്ഥ ഭര്‍ത്താക്കന്മാരെ അനുവദിക്കാതെ അവരുടെ കന്യകാത്വം പൊട്ടിച്ചു കളയാന്‍ കച്ചകെട്ടിയിറങ്ങിയിരുന്ന ഉയര്‍ന്ന ജാതിക്കാരുടെ ആണധികാര മേധാവിത്വത്തെ ഇതിലൂടെ ഗോള്‍വാള്‍ക്കര്‍ സമ്മതിച്ചു തരികയാണ്.

————-
1- വീര്‍ സവര്‍ക്കര്‍, ധനഞ്ചയ് കീര്‍, പോപുലര്‍ പ്രകാശന്‍, ബോംബെ,1988, പേ. 527.
2- ഡോ. ഹെഡ്ഗവാര്‍: ദി എപോച്ച് മേക്കര്‍, എച്ച്.വി സേശാദ്രി, സാഹിത്യ സിന്ധു, ബാംഗ്ലൂര്‍, 1981, പേ. 65.
3- ഹിന്ദുത്വ, എ. മഹ്‌രത്ത(വി.ഡി സവര്‍ക്കര്‍), വി.വി കെല്‍ക്കാര്‍, നാഗ്പൂര്‍, 1923, പേ. 3.
4- ഹിന്ദുത്വ, എ. മഹ്‌രത്ത(വി.ഡി സവര്‍ക്കര്‍), വി.വി കെല്‍ക്കാര്‍, നാഗ്പൂര്‍, 1923, പേ. 102-103.
5- വി ഓര്‍ അവര്‍ നാഷണല്‍ഹുഡ് ഡിഫൈന്‍ഡ്, എം.സ് ഗോള്‍വാള്‍ക്കര്‍, ഭാരത് പബ്ലിക്കേഷന്‍സ്, നാഗ്പൂര്‍, 1939, പേ. 9.
6- ദി കംബ്ലീറ്റ് വര്‍ക്ക്‌സ് ഓഫ് സ്വാമി വിവേകാനന്ദ, വാല്യം. 3, വിവേകാനന്ദ, അദ്വൈത് ആശ്രമം, കല്‍ക്കട്ട, 1997, പേ. 228.
7- പാക്കിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ, ബി.ആര്‍ അംബേദ്കര്‍, ബോംബെ: ഗവണ്‍മെന്‍് ഓഫ് മഹാരാഷ്ട്ര, 1990, പേ. 13.
8- ദ്വിരാഷ്ട്ര വാദത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വികാസത്തെക്കുറിച്ചും കൂടുതല്‍ അറിയുവാന്‍: http://southasiajournal.net/guilty-men-of-the-two-nation-theory-a-hindu-nationalist-projectborrowed-by-jinnah/
9- ബഞ്ച് ഓഫ് തോട്ട്‌സ്, എം.സ് ഗേള്‍വാള്‍ക്കര്‍, സാഹിത്യ സിന്ധു, ബാംഗ്ലൂര്‍, 1996, പേ. 36-37.
10- ഓര്‍ഗനൈസര്‍, എം.എസ് ഗോള്‍വാള്‍ക്കര്‍, ജനുവരി 2, 1961, പേ. 5.
11- ‘വിമണ്‍ ഇന്‍ മനസ്മൃതി’ ഇന്‍ സവര്‍ക്കര്‍ സമഗാര്‍(ദി കളക്ഷന്‍ ഓഫ് സവര്‍ക്കര്‍സ് റൈറ്റിംഗ് ഇന്‍ ഹിന്ദി), വാല്യം. 4, വി.ഡി സവര്‍ക്കര്‍, പ്രഭാത്, ഡല്‍ഹി, 2000, പേ. 416.
12- എഫ്. മാക്‌സ് മുള്ളറുടെ ‘ലോസ് ഓഫ് മനു'(എല്‍.പി പബ്ലിക്കേഷന്‍, ഡല്‍ഹി, 1996. 1886ലാണ് ആദ്യ എഡിഷന്‍ പുറത്തിറങ്ങുന്നത്) എന്ന ഗന്ഥത്തില്‍ നിന്നാണ് ഈ നിയമങ്ങള്‍ എടുത്തിട്ടുള്ളത്.
13- ഹൗ ടു ലീഡ് എ ഹൗസ്‌ഹോള്‍ഡ് ലൈഫ്, സ്വാമി രാമസുഖദാസ്, ഗീത പ്രസ്സ്, ഗോരഖ്പൂര്‍, 1999, പേ. 43. (ഇംഗ്ലീഷ് ഉള്‍പ്പെടെ വ്യത്യസ്ത ഭാഷകളില്‍ പതിനഞ്ചോളം സ്ത്രീ വിരുദ്ധ പുസ്തകങ്ങള്‍ ഗീത പ്രസ്സ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം വലിയ കുറ്റമായി കണക്കാക്കപ്പെടുന്ന സതിയെയും സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങളെയും പ്രബോധനം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ വരെ അതിലുണ്ട്)
14- ഓര്‍ഗനൈസര്‍, എം.എസ് ഗോള്‍വാള്‍ക്കര്‍, ജനുവരി 2, 1961, പേ. 5.

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles