Current Date

Search
Close this search box.
Search
Close this search box.

‘മുസൽമാൻ’: കൈ കൊണ്ട് എഴുതുന്ന ന്യൂസ് പേപ്പർ

1927 ലാണ് ചെന്നൈയിൽ ‘മുസൽമാൻ’ എന്ന പേരിൽ ഉറുദു പത്രം ഇന്ത്യയിൽ ആരംഭിക്കുന്നത്. ആരംഭം മുതൽ ഇന്ന് വരെയും നൂതന സാങ്കേതിക വിദ്യയുടെ വ്യത്യസ്തതകളെ അനുഭവിക്കാൻ ‘മുസൽമാൻ’ താല്പര്യം കാണിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ലോകത്ത് കൈകൾ കൊണ്ട്, മനോഹര ഫാർസി കലിഗ്രഫിയിൽ പുറത്തിറങ്ങുന്ന ഒരേയൊരു ന്യൂസ് പേപ്പർ എന്ന പ്രത്യേകതയും ഇന്ന് ‘മുസൽമാന’വകാശപ്പെട്ടതാണ്.

പതിമൂന്നിലധികം ഡിഗ്രി കരസ്ഥമാക്കിയ സയ്യിദ് ആരിഫുല്ലാഹ് എന്ന വ്യക്തിയാണ് ‘മുസൽമാ’ ൻ്റെ നിലവിലെ എഡിറ്റർ. ഇദ്ദേഹത്തിൻ്റെ വല്ലുപ്പ സയ്യിദ് അസദുല്ലാഹ യാണ് പ്രസ്തുത പ്രസിദ്ധീകരണാലയം ആരംഭിച്ചത്. ‘ഈ രാജ്യത്തെ മുസ്ലിങ്ങളുടെ ശബ്ദമായി’ മാറുക എന്ന വലിയ ആശയത്തിൽ നിന്നാണ് പ്രസ്തുത ഉറുദു ന്യൂസ് പേപ്പർ ജന്മമെടുത്തത്. ചെന്നൈയിലെ പ്രശസ്ത വല്ലജഹ് പളളിയുടെ സമീപത്ത്, 2 ചെറിയ റൂമുകളിലായി ‘മുസൽമാൻ’ പ്രവർത്തിക്കുന്നു.

രാജ്യത്തിൻ്റെ വ്യത്യസ്ത പ്രദേശങ്ങളിൽ ‘മുസൽമാന്’ നിരവധി റിപ്പോർട്ടർമാരുണ്ട്. കേവലം നാല് പേജിൽ രാജ്യത്തെ പ്രധാന വാർത്തകൾ ഉൾകൊള്ളാൻ കഴിയുന്നു എന്നതാണ് ‘മുസൽമാൻ്റെ ‘ മറ്റൊരു പ്രത്യേകത. ദിവസവും 10 മണി മുതൽ ആരംഭിക്കുന്ന പ്രവർത്തനങ്ങളിൽ, വാർത്തകൾ ഉറുദു ഭാഷയിലേക്ക് പരിഭാഷ ചെയ്യാൻ വരുന്നവർക്കാണ് പ്രാരംഭ ജോലികൾ തീർക്കാനുള്ളത്. അത് കഴിഞ്ഞാലാണ് ‘മുസൽമാൻ’ എന്ന പത്രത്തിൻ്റെ പ്രധാന ഭാഗത്തേക്ക് പ്രവേശിക്കുന്നത്. കലിഗ്രഫിയിൽ നൈപുണ്യം നേടിയ, ഉറുദു ഭാഷ വളരെ മനോഹരമായി ഫാർസി ഭാഷയിൽ കൈകൾ കൊണ്ട് എഴുതാൻ കഴിയുന്ന ‘കാതിബുകൾ’ രംഗം കയ്യടക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. ചില പരസ്യങ്ങൾ ആവശ്യാനുസരണം കളറുകളിൽ വരുമെന്നതൊഴിച്ചാൽ ബ്ലാക്ക് ആൻ്റ് വൈറ്റ് സ്വഭാവത്തിലാണ് പത്രം രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത്. 21,000 കോപ്പികളാണ് ദിവസവും രാജ്യത്തിൻ്റെ വിവിധ മേഖലകളിലേക്ക് എത്തിക്കപ്പെടുന്നത്. 75 പൈസ നിരക്കിൽ വായനക്കാർക്കിടയിലേക്ക് എത്തുന്ന മുസൽമാനായിരിക്കും ഏറ്റവും ചെറിയ തുകയിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന പത്രം.

കലിഗ്രഫിയാണ് യഥാർത്ഥത്തിൽ ‘മുസൽമാൻ്റെ ‘ ആത്മാവ് എന്ന് പറയുന്നത്. ഇന്നും എഴുത്ത് കലയെ സ്നേഹിക്കുന്ന കലിഗ്രഫി കലാകാരന്മാർക്ക് ഏറെ പ്രചാദനം നൽകുന്നതാണ് ഇവിടെ ജോലി ചെയ്യുന്നവരുടെ വരകൾ എന്ന് തീർച്ചയാണ്. ഇന്ത്യയിലെ പ്രശസ്ത പത്രമാസികകളിൽ ജോലി ചെയ്തിരുന്ന പത്രപ്രവർത്തകരും, ഉറുദു കലിഗ്രഫിയിൽ പ്രാവിണ്യം നേടിയ കലാകാരന്മാരും ഇന്ന് ‘മുസൽമാൻ്റെ’ അഭിവാജ്യ ഘടകങ്ങളാണ്. ആരിഫുല്ലയുടെ പിതാവ് നല്ല ഉറുദു കലിഗ്രഫി കാതിബുക്കളെ കണ്ടെത്താൻ വിവിധ ടെസ്റ്റുകൾ നടത്തിയിരുന്നതായി മകൻ ഇന്നും ഓർക്കുന്നു. അന്ന് പിതാവിനൊപ്പം ജോലി ചെയ്ത ഭൂരിപക്ഷം പേരും 30, 35 വർഷത്തിലധികമായി, ഒരു കുടുംബമെന്നോണം ഇവിടെ ജോലി ചെയ്തു വരുന്നതായും ആരിഫുല്ല വിശദീകരിക്കുന്നു. ശ്രീനഗറിലെ The Industrial Training Institute ആയിരുന്നു ഇന്ത്യയിൽ ഉറുദു കലിഗ്രഫി രംഗത്തെ അവസാനത്തെ ഗവൺമെൻ്റ് അംഗീകാരള്ള സ്ഥാപനം. ഡൽഹിയിലെ ഗാലിബ് അക്കാദമിയും ഉറുദു കലിഗ്രഫി കോഴ്‌സുകൾ നടത്തി വരുന്നു.

എഴുതി തയ്യാറാക്കാനുള്ള സമയം ലഭിക്കാത്തത് കൊണ്ട് തന്നെ ബ്രേക്കിംഗ് ന്യൂസുകൾക്ക് പിറകെ ‘മുസൽമാൻ’ പോകാറില്ല. രാജ്യത്തെ ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളാണ് കൂടുതൽ പരസ്യപ്പെടുത്തുന്നതെങ്കിലും വായനക്കാർക്കിടയിൽ അമുസ്ലിം വരിക്കാർ കൂടുതലാണ് ‘മുസൽമാനു’ള്ളത് എന്ന് ആരിഫുല്ലാഹ് തുറന്ന് സമ്മതിക്കുന്നു. ഡൽഹി, കൊൽക്കത്ത തുടങ്ങി രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം ഇന്നും മുസൽമാനെ കാത്തിരിക്കുന്ന വായനക്കാർ ഏറെയാണ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഇന്നും ‘മുസൽമാൻ’ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കേരളത്തിലും ഉറുദു ഭാഷയെ സ്നേഹിക്കുന്നവർ പ്രസ്തുത പത്രത്തെ സ്വീകരിക്കുന്നുണ്ട്.

സ്വാതന്ത്രത്തിന് മുമ്പ് ദക്ഷിണേന്ത്യയിൽ നിരവധി ഉറുദു പത്രങ്ങൾ ഉണ്ടായിരുന്നു. വിഭജനാനന്തര ഇന്ത്യയിൽ ഉറുദു എന്ന ഭാഷ തന്നെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന് പറയേണ്ടി വരും. മാത്രമല്ല നിലവിലുള്ളവ തന്നെ പുതിയ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങളിലേക്ക് മറിയെങ്കിലും ‘മുസൽമാൻ’ എന്നും നിലവിലെ രീതി തന്നെ തുടരുമെന്ന് ആരിഫുല്ലാഹ് അടിവരയിടുന്നു. ഏതൊരു പത്രത്തിൻ്റെയും പ്രത്യേകത എന്ന് പറയുന്നത് അതിൻ്റെ പാരമ്പര്യമാണ്. അത് നിലനിർത്താൻ കഴിയില്ലെങ്കിൽ ആ പത്രത്തിന് തന്നെ നിലനില്പ്പുണ്ടാവില്ലെന്ന് ആരാഹുല്ലാഹ് പറയുന്നു.

94 വർഷത്തിനിപ്പുറവും ‘മുസൽമാൻ’ വെല്ലുവിളികളില്ലാതെ മുന്നോട്ട് പോവുകയാണ്.

Related Articles