Current Date

Search
Close this search box.
Search
Close this search box.

ലിംഗസമത്വം ഇസ്‌ലാമില്‍ ( 4 – 4 )

നിയമപരവും രാഷ്ട്രീയവുമായ വീക്ഷണം:

1- നിയമത്തിന് മുന്നിലും നിയമസ്ഥാപനങ്ങള്‍ക്ക് മുന്നിലും സ്ത്രീയും പുരുഷനും സമന്മാരാണ്. ലിംഗാതീതമാണ് നീതി. സാക്ഷികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊരിടത്തും ലിംഗഭേദത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍, സാക്ഷി നില്‍ക്കുന്നതില്‍ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് പലയിടത്തും പറയുന്നുണ്ട് താനും.

‘സ്വപത്നിമാരുടെ മേല്‍ വ്യഭിചാരാരോപണം നടത്തുകയും മറ്റു സാക്ഷികളൊന്നുമില്ലാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ, അവര്‍ നിര്‍വഹിച്ചിരിക്കേണ്ട സാക്ഷ്യ സമര്‍പ്പണം ഇപ്രകാരമാണ്-താന്‍ സത്യസന്ധന്മാരില്‍ പെട്ടവന്‍ തന്നെയാകുന്നു എന്ന് നാലു പ്രാവശ്യം സാക്ഷ്യം പറയുക; അഞ്ചാമതായി, വ്യാജമാണു ബോധിപ്പിക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ ശാപം എന്റെ മേല്‍ വര്‍ഷിച്ചുകൊള്ളട്ടെ എന്നും പറയണം. അവന്‍ നുണയന്മാരില്‍ പെട്ടവന്‍ തന്നെയാണ് എന്ന് നാലുവട്ടം സാക്ഷ്യം വഹിക്കുകയും അഞ്ചാമതായി അവന്‍ സത്യസന്ധരില്‍ പെട്ടവനാണെങ്കില്‍ അല്ലാഹുവിന്റെ ക്രോധം തന്റെ മേല്‍ വര്‍ഷിച്ചുകൊള്ളട്ടെ എന്നു പറയുകയും ചെയ്താല്‍ അവളില്‍ നിന്നത് ശിക്ഷയെ പ്രതിരോധിക്കുന്നതാണ്.'(നൂര്‍: 69).

ഖുര്‍ആനില്‍ ഒരിടത്ത് പുരുഷന്റെയും സ്ത്രീയുടെയും സാക്ഷിത്വത്തെ വേര്‍തിരിച്ചു പറയുന്നുണ്ട്. അതിന്റെ പശ്ചാത്തലം അടിസ്ഥാനമാക്കിയാണ് അതിനെ വിശദീകരിക്കേണ്ടത്:

‘സത്യവിശ്വാസികളേ, ഒരവധിവെച്ച് വല്ല കടമിടപാടും നിങ്ങള്‍ പരസ്പരം ചെയ്യുന്നുവെങ്കില്‍ അതു രേഖപ്പെടുത്തണം. ഒരെഴുത്തുകാരന്‍ നീതിപൂര്‍വം അതുല്ലേഖനം ചെയ്യട്ടെ. അല്ലാഹു പഠിപ്പിച്ച പോലെ ആലേഖനം ചെയ്യാന്‍ ഒരെഴുത്തുകാരനും വിസമ്മതിക്കരുത്. അവന്‍ എഴുതുകയും കടം വാങ്ങുന്നവന്‍ വാചകം പറഞ്ഞുകൊടുക്കുകയും വേണം. തന്റെ നാഥനെ അവന്‍ സൂക്ഷിക്കുകയും യാതൊന്നും കുറവു വരുത്താതിരിക്കുകയും ചെയ്യട്ടെ. ഇനി, കടംവാങ്ങുന്നവന്‍ അവിവേകിയോ അപ്രാപ്തനോ വാചകം പറഞ്ഞുകൊടുക്കാന്‍ കഴിയാത്തവനോ ആണെങ്കില്‍ രക്ഷാകര്‍ത്താവ് നീതിപൂര്‍വം പറഞ്ഞുകൊടുക്കണം. നിങ്ങളില്‍ രണ്ടു പുരുഷരെ സാക്ഷിനിറുത്തുക; അതില്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പുരുഷനും രണ്ടു സ്ത്രീകളും-ഒരുത്തി മറന്നാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കുന്നതിന്നു-സാക്ഷികളായി വേണം. തെളിവുനല്‍കാന്‍ വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ നിരസിക്കാവതല്ല. ഇടപാട് ചെറുതോ വലുതോ ആവട്ടെ, അവധിവരെ അതുല്ലേഖനം ചെയ്തുവെക്കാന്‍ യാതൊരലസതയുമുണ്ടാകരുത്. അതാണ് റബ്ബിങ്കല്‍ ഏറ്റം നീതിപൂര്‍വകവും സാക്ഷ്യത്തിന്നു കൂടുതല്‍ ബലദായകവും നിങ്ങള്‍ക്കു സംശയമുണ്ടാകാതിരിക്കാന്‍ ഏറെ അനുയോജ്യവും. എന്നാല്‍ നിങ്ങളന്യോന്യം റൊക്കമായി നടത്തുന്ന ഇടപാട് ഇങ്ങനെയല്ല; അവ രേഖപ്പെടുത്താതിരിക്കുന്നതില്‍ കുറ്റമൊന്നുമില്ല. ക്രയവിക്രയങ്ങളില്‍ നിങ്ങള്‍ സാക്ഷി നിറുത്തണം. എഴുത്തുകാരനും സാക്ഷിയും ദ്രോഹിക്കപ്പെട്ടുകൂടാ; അത് അധര്‍മമാകുന്നു. അല്ലാഹുവിനെ സൂക്ഷിക്കുക; അവന്‍ നിങ്ങള്‍ക്കു പഠിപ്പിച്ചു തരികയാണ്. ഏതു കാര്യത്തെ സംബന്ധിച്ചും അവന്‍ സൂക്ഷ്മജ്ഞനാകുന്നു.'(ബഖറ: 282).

ഈ സൂക്തത്തില്‍ പറഞ്ഞ സാക്ഷ്യവുമായി ബന്ധപ്പെട്ട് വന്ന തെറ്റിധാരണകളെ തിരുത്താന്‍ ചില വ്യാഖ്യാനങ്ങള്‍ കൂടി വിവരിക്കാം:
(1) സ്ത്രീയുടെ സാക്ഷ്യത്തിന് പുരുഷന്റെതിന്റെ പകുതി മാത്രമേ മൂല്യമുള്ളൂ എന്നത് ഖുര്‍ആനിന്റെ പൊതുതത്വമാണെന്ന വാദം തെറ്റാണ്. ഉപര്യുക്ത സൂക്തം(നൂര്‍: 6-9) ഈ വാദത്തെ റദ്ദ് ചെയ്യുന്നുണ്ട്.

(2) ഇവിടെ ഉദ്ധരിച്ച സൂക്തത്തിന്റെ പശ്ചാത്തലം സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സാക്ഷ്യവുമായി ബന്ധപ്പെട്ടാണ്. അവ പലപ്പോഴും സങ്കീര്‍ണവും സാമ്പത്തിക പദപ്രയോഗങ്ങളാല്‍ നിറഞ്ഞതുമായിരിക്കും. ഈ പറഞ്ഞ സൂക്തവും ഉപര്യുക്ത സൂക്തത്തിലെ നിയമവും തമ്മില്‍ വൈരുധ്യമില്ല.

ഖുര്‍ആനില്‍ ഒരിടത്ത് പുരുഷന്റെയും സ്ത്രീയുടെയും സാക്ഷിത്വത്തെ വേര്‍തിരിച്ചു പറയുന്നുണ്ട്. അതിന്റെ പശ്ചാത്തലം അടിസ്ഥാനമാക്കിയാണ് അതിനെ വിശദീകരിക്കേണ്ടത്:

(3) സ്ത്രീ-പുരുഷ സാക്ഷ്യത്തിലെ എണ്ണത്തില്‍ വ്യത്യാസം വരാനുള്ള കാരണവും പ്രസ്തുത സൂക്തത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. അതിലൊരിക്കലും ഒരു ലിംഗത്തിന് മറ്റൊന്നിനെക്കാള്‍ പ്രാധാന്യം നല്‍കുന്നുമില്ല. സ്ത്രീയുടെ സാക്ഷ്യത്തെ സ്ഥിരീകരിക്കുകയും ബിസിനസ് ഇടപാടില്‍ ഉദ്ദേശിക്കാത്ത തരത്തില്‍ വന്നേക്കാവുന്ന തെറ്റുകള്‍ തടയുകയും ചെയ്യുകയെന്നതാണ് പ്രസ്തുത സാഹചര്യത്തിലെ താല്‍പര്യം. സൂക്തത്തില്‍ ഉപയോഗിച്ചിരിക്കുന്ന ‘തദില്ല’ എന്നതിന്റെ അര്‍ഥം ‘വഴി നഷ്ടപ്പെടുക’, ‘കുഴപ്പത്തിലാവുക’ എന്നെല്ലാമാണ്. എന്നാല്‍, തെറ്റു പറ്റിയേക്കാവുന്ന ഏക ലിംഗം സ്ത്രീകളാണോ? അവരുടെ സാക്ഷ്യത്തിന് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നുണ്ടോ? ഒരിക്കലുമല്ല. അതുകൊണ്ടാണ്, ഇസ്‌ലാമിക ശരീഅത്തിലെ സാക്ഷ്യവുമായി ബന്ധപ്പെട്ട പൊതുനിയമം രണ്ടുപേരും പുരുഷന്മാരാണെങ്കിലും രണ്ട് സാക്ഷികള്‍ അനിവാര്യമാണെന്ന് നിസ്‌കര്‍ഷിച്ചത്.

(4) ഒരു പ്രത്യേക കേസില്‍, ഏതൊരു സാക്ഷിയുടെയും വിശ്വാസ്യത, അറിവ്, അനുഭവം, കേസിന്റെ പ്രത്യേക സാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തുന്നത് ഒരു ജഡ്ജിയുടെ ന്യായമായ കടമയാണെന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.

1- പൊതുകാര്യങ്ങളില്‍ സ്ത്രീയുടെയും പുരുഷന്റെയും പങ്കാളിത്തവും സഹകരണവുമാണ് സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിലെ പൊതുനിയമം:

‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു. അവര്‍ നന്മ കല്‍പിക്കുകയും തിന്മ നിരോധിക്കുകയും നമസ്‌കാരം യഥാവിധി അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അല്ലാഹു വിന്റെ കാരുണ്യവര്‍ഷമുണ്ടാകുന്നതാണ്. അവന്‍ പ്രതാപശാലിയും യുക്തിമാനും തന്നെയാണ്, തീര്‍ച്ച.'(തൗബ: 71)

2- ഭരണാധികാരികളെ തെരെഞ്ഞെടുപ്പ്, പൊതു പ്രശ്‌നം, നിയമനിര്‍മാണം, ഭരണപരമായ സ്ഥാനങ്ങള്‍, പാണ്ഡിത്യം, അധ്യാപനം തുടങ്ങി യുദ്ധഭൂമിയില്‍ പോലും മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്തത്തിന് മതിയായ ചരിത്രപരമായ തെളിവുകളുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ അത്തരം ഇടപെടല്‍ ഇരു ലിംഗങ്ങളുടെയും പരസ്പര പൂരകമായ മുന്‍ഗണനകള്‍ നഷ്ടപ്പെടാതെയും എളിമയുടെയും സദ്ഗുണത്തിന്റെയും ഇസ്ലാമിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാതെയുമാണ് അവര്‍ ചെയ്തത്.

3- സ്ത്രീകളെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുന്ന ഒരു വാചകവും ഖുര്‍ആനിലും ഹദീഥിലുമില്ല. ആരാധന കര്‍മങ്ങളിലെയും രാഷ്ട്രീയ തലത്തിലെയും(ഹദീഥിന്റെ പൊതുവായതും ന്യായയുക്തവുമായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി) നേതൃത്തില്‍ മാത്രമാണത് ഒരു അപവാദമായി വരുന്നത്.

രാഷ്ട്രത്തലവനാവുക എന്നത് ഇസ്‌ലാമില്‍ കേവലമൊരു ആചാരമല്ല. ചില അവസരങ്ങളില്‍ അദ്ദേഹം പൊതു പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നു. നിരന്തരം യാത്ര ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുന്നു. ചിലപ്പോള്‍ അവരുമായി രഹസ്യ കൂടിക്കാഴ്ചകളിലും ഏര്‍പ്പെട്ടേക്കാം. ഇത് പലപ്പോഴും മേല്‍പറഞ്ഞ രീതിയിലുള്ള ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങളുമായി പൊരുത്തപ്പെടണമെന്നില്ല. മാത്രവുമല്ല, ഇതിനെതിരെ വരുന്ന വിമര്‍ശനങ്ങളെല്ലാം വ്യക്തിവാദികള്‍, ദൈവിക നേതൃത്വത്തെ നിരസിക്കുന്ന മനുഷ്യനിര്‍മിത തത്വശാസ്ത്രത്തിന്റെ ആചാരന്മാര്‍, തത്വസംഹിതാ വാക്താക്കള്‍ എന്നിവരില്‍ നിന്നാണ് വരുന്നതെന്നതും ശ്രദ്ധേയമാണ്. ഒരു മുസ്‌ലിം പുരുഷന്റെയോ സ്ത്രീയുടെയോ ആത്യന്തിക ലക്ഷ്യം അല്ലാഹുവിനെയും ഉമ്മത്തിനെയും നിസ്വാര്‍ത്ഥമായി സേവിക്കുക എന്നതാണ്.

ഒടുക്കം:

1- ലിംഗസമത്വത്തെയും പ്രവാചക മാതൃകയെയും കുറിച്ചുള്ള ടെക്‌സ്ച്വല്‍ കല്‍പനകള്‍ പലപ്പോഴും പലരുടെയും ചിന്താധാരകളെ അവഗണിക്കുന്നവയായിരിക്കും. ആചാരങ്ങളിലെ(ദൈവിക കല്‍നകളല്ല) പുനരവലോകനം അനിവാര്യമാണ്. വെളിപാടു ഗ്രന്ഥമായ ഖുര്‍ആനിലോ അതിന്റെ വ്യാഖ്യാനമായ ഹദീഥിലോ യാതൊരു വിധ തിരുത്തലുകളുടെയും ആവശ്യമില്ല. മറിച്ച്, പിഴവുകള്‍ക്ക് സാധ്യതയുള്ള മാനുഷിക വ്യാഖ്യാനങ്ങളും പ്രയോഗങ്ങളും പുനഃപരിശോധിക്കുകയാണ് വേണ്ടത്.
2- മുസ്‌ലിം രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന സമ്പ്രദായങ്ങള്‍ പലപ്പോഴും ശരീഅത്തിന്റെ ആത്മാവിനെക്കാളും പ്രാദോശികമോ വൈദേശികമോ ആയ സാംസ്‌കാരിക സ്വാധീനങ്ങളെ പ്രതിഫലിപ്പിക്കുന്നു.
3- ഖുര്‍ആനിലും ഹദീഥിലും അധിഷ്ഠിതമായി, ലിംഗസമത്വത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിപ്പിക്കുന്നതിനുള്ള സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത് ആശാവഹമാണ്. അവ പലപ്പോഴും അനിസ്‌ലാമികമോ പാശ്ചാത്യ ഇറക്കുമതിയോ ആയ ആശയങ്ങളെയും മൂല്യങ്ങളെയും നിരകരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ഒരു മുസ്‌ലിം പുരുഷന്റെയോ സ്ത്രീയുടെയോ ആത്യന്തിക ലക്ഷ്യം അല്ലാഹുവിനെയും ഉമ്മത്തിനെയും നിസ്വാര്‍ത്ഥമായി സേവിക്കുക എന്നതാണ്.

അനുബന്ധങ്ങള്‍:
1- ഇക്വാലിറ്റി ( equality) എന്നതിന് പകരമായി ഉപയോഗിക്കുന്ന പദമാണ് ഇക്വിറ്റി ( e quity ). സര്‍വമേഖലയിലും സമ്പൂര്‍ണ സമത്വമെന്ന ആശയത്തിലതിനെ തെറ്റായി മനസ്സിലാക്കപ്പെടാറുണ്ട്. നിയമങ്ങളിലും ഉത്തരവാദിത്തങ്ങളിലുമുള്ള നീതിയാണ് ഇക്വിറ്റികൊണ്ടും ഇക്വാലിറ്റികൊണ്ടുമെല്ലാം ഉദ്ദേശിക്കപ്പെടുന്നത്. എല്ലാവരുടെയും ചുമതലയിലും ഉത്തരവാദിത്തങ്ങളിലും മാറ്റമുണ്ടാകാം പക്ഷെ നീതിയുടെ കാര്യത്തില്‍ എല്ലാവരും സമമായിരിക്കും.

2- മുഹമ്മദ് നബിയുടെ വാക്കും പ്രവര്‍ത്തിയും അംഗീകാരങ്ങളുമാണ് സുന്നത്തെന്ന് പറയുന്നത്. സുന്നത്ത് എന്നതിനോട് യോചിക്കുന്ന രീതിയില്‍ പണ്ഡിതന്മാര്‍ ഉപയോഗിക്കുന്ന മറ്റു വാക്കുകളാണ് സംസാരം എന്ന് അര്‍ഥം വരുന്ന ഹദീഥ്, അഹാദീഥ് എന്നത്.

3- ഖുര്‍ആനിലെ പതിനഞ്ചാം അധ്യായത്തിലെ ഇരുപത്തിയൊമ്പതാം സൂക്തത്തിലും മുപ്പത്തിരണ്ടാം അധ്യായത്തിലെ തൊണ്ണൂറ്റി ഒമ്പതാം സൂക്തത്തിലും മനുഷ്യന്‍, വ്യക്തി എന്നീ അര്‍ഥത്തില്‍ ഉപയോഗിച്ചിട്ടുള്ളത് ബഷര്‍, ഇന്‍സാന്‍ എന്നീ പദങ്ങളാണ്. ഇംഗ്ലീഷില്‍ കാര്യമായി മാന്‍ എന്നും വ്യക്തിയെ സൂചിപ്പിക്കാന്‍ ലിംഗഭേദം പരിഗണിക്കാതെ ഹിം എന്നുമാണ് ഉപയോഗിക്കുന്നത്. ബനീ ആദം എന്നതിന് സണ്‍സ് ഓഫ് ആദം എന്ന രീതിയിലും സമാനമായ തെറ്റുകള്‍ കാണാം.

4- ആദമിനെയും ഹവ്വയെയും പറഞ്ഞിടത്ത് ഇംഗ്ലീഷില്‍ യു എന്നതിന് പകരം ബോത്ത് എന്ന ഉപയോഗിച്ചത് തെറ്റായ വ്യാഖ്യാനത്തെ ഇല്ലാതാക്കാന്‍ സഹായിക്കും. പ്രസ്തുത കഥ വിവരിക്കുന്ന ബൈബിളിലെ പ്രയോഗവും പരിശോധിക്കുക. ദി ഹോളി ബൈബിള്‍, ആര്‍എസ്‌വി, അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി, ന്യൂയോര്‍ക്ക്, 1952, ജെനസിസ് ചാപ്റ്റര്‍ 23, 3:6, 12, ലെവി ടികസ് 12:17, 15:19-30, തിമോത്തി 2:11-14.

5- ലിബറല്‍ ചര്‍ച്ചുകളിലുള്ളത് പോലെ മുസ്‌ലിം സ്ത്രീയെയും പുരോഹിതയായി അംഗീകരിക്കാനാകുമോ എന്നതാണ് പടിഞ്ഞാര്‍ ഉയര്‍ത്തുന്ന പൊതുവായ ചോദ്യങ്ങളിലൊന്ന്. ഇസ്‌ലാമില്‍ ചര്‍ച്ചും പൗരോഹിത്യവും ഇല്ലെന്നതാണ് വാസ്തവം. അതുകൊണ്ട്തന്നെ അവളെ പുരോഹിതയായി നിമയിക്കാനാകുമോ എന്ന ചോദ്യം തന്നെ അസ്ഥാനത്താണ്. പുരോഹിതന്മാരുടെ പ്രവര്‍ത്തനങ്ങളായ മതവിദ്യഭ്യാസം, ആത്മീയവും സാമൂഹികവുമായ ഉപദേശങ്ങള്‍ ഇതൊന്നും മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം അന്യമല്ല. നമസ്‌കാരം പോലെയുള്ള ആരാധനാ കര്‍മങ്ങളില്‍ സ്ത്രീയും പുരുഷനും ഇഴചേരുകയെന്നത് ബുദ്ധിമുട്ടുണ്ടാക്കിത്തീര്‍ക്കും. അത് ഉചിതമല്ല താനും. പുരുഷനെപ്പോലെത്തന്നെ മുസ്‌ലിം സ്ത്രീക്കും പണ്ഡിതയാകാം. ഇസ്‌ലാമിക ചരിത്രത്തില്‍ മുസ്‌ലിം പണ്ഡിതമാരുടെ നിരവധി ഉദാഹരണങ്ങള്‍ ദര്‍ശിക്കാനാകും.

6- ഇസ്‌ലാം വന്നതിന് ഒരുപാട് വര്‍ഷം പിന്നെയാണ് സ്ത്രീകളെ പരിഗണിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ വരുന്നത്. 1879-ലാണ് മാരീഡ് വിമന്‍സ് പ്രോപര്‍ട്ടി ആക്ട് വരുന്നത്. 1882-ലും 1997-ലും അതില്‍ ഭേദഗതി വന്നു. അവിവാഹിത, വിധവ, വിവാഹമോചിത എന്നവരുമായി ബന്ധപ്പെട്ടും പിന്നീട് നിയമങ്ങള്‍ വന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക നോക്കുക, 1968, വാല്യം. 23. പേ. 624.

7- സാധാരണഗതിയില്‍ ഇദ്ദ മൂന്ന് മാസമാണ്. ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ അത് പ്രസവം വരെ നീളും.

8- അഹ്‌മദ് ബ്‌നു ഹമ്പല്‍, മുസ്‌നദു ബ്‌നു ഹമ്പല്‍, ദാറുല്‍ മആരിഫ്, കൈറോ, 1950 & 1955, വാല്യം. 3, ഹദീഥ് 1957, 2104.

9- ഇമാം ബൈയ്ഹഖിയും ഇബ്‌നു മാജയും നിവേദനം ചെയ്തതായി എ.എസ് അഫ്തഫി തന്റെ അല്‍മര്‍അത്തു വ ഹുഖൂഖുഹാ ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു, മക്തബത്തു നഹ്ദ, കൈറോ, 1988, പേ. 71.

10- ഇബ്‌നു മാജ, സുനനു ഇബ്‌നു മാജ, ദാറു ഇഹ്‌യാ കുതുബുല്‍ അറബിയ, കൈറോ, 1952, വാല്യം 1, ഹദീഥ് 1873.

11- മത്‌നുല്‍ ബുഖാരി, വാല്യം. 3, പേ. 257.

12- റിയാദുസ്വാലിഹീന്‍, പേ. 140.

13- കുടുംബ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വളരെ വാത്സല്യത്തോടെ മാത്രം ഭാര്യയോട് പെരുമാറണമെന്നാണ് ഖുര്‍ആന്‍ നിസ്‌കര്‍ഷിക്കുന്നത്. ഭാര്യയുടെ സ്വഭാവദൂഷ്യമാണ് പ്രശ്‌നമെങ്കില്‍ ഭര്‍ത്താവിന് അവളെ ഗുണദോഷിക്കാം. പ്രശ്‌നം അവസാനിക്കാത്ത പക്ഷം കിടപ്പറയില്‍ അവളെ വിട്ടുനിന്ന് അതൃപ്തി അറിയിക്കാം. എന്നിട്ടും അവസാനിക്കുന്നില്ലെങ്കില്‍ വിവാഹ മോചനമല്ലാത്ത മറ്റു മാര്‍ഗങ്ങളും ഉപയോഗിക്കാം.
‘പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്. ചിലരെ മറ്റുചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതു കൊണ്ടും ആണുങ്ങള്‍ സമ്പത്തു ചെലവഴിക്കുന്നതിനാലുമാണത്. അനുസരണ ശാലിനികളും നാഥന്റെ നിയമാനുസൃതം പുരുഷന്റെ അഭാവത്തില്‍ വേണ്ടതൊക്കെ സംരക്ഷിക്കുന്നവരുമായിരിക്കും പുണ്യവതികള്‍. എന്നാല്‍, പിണങ്ങിയേക്കുമെന്ന് ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുകയും, വേണ്ടി വന്നാല്‍ കിടപ്പറകളില്‍ മാറ്റി നിര്‍ത്തുകയും ചെയ്യുക. ഇവയൊക്കെ നിഷ്ഫലമായാല്‍ അടിക്കുക. ഇനി നിങ്ങളെ അനുസരിച്ചാല്‍ പിന്നീടവരെപ്പറ്റി ശിക്ഷാമാര്‍ഗമന്വേഷിക്കരുത്. നിശ്ചയം അല്ലാഹു ഉന്നതനും മഹാനുമാകുന്നു.'(നിസാഅ്: 34).

14- വിവാഹമോചനവും കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എ. അബ്ദുല്‍ അലിയുടെ ഫാമിലി സ്ട്രക്ചര്‍ ഇന്‍ ഇസ്‌ലാം നോക്കുക. ഇന്ത്യാനാപോളിസ്, അമേരിക്കന്‍ ട്രസ്റ്റ് പബ്ലിക്കേഷന്‍, 1977, പേ. 217-49.

15- ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരത്തിന് ജമാല്‍ എ ബദവിയുടെ പോളിജീനി ഇന്‍ ഇസ്‌ലാമിക് ലോ നോക്കുക, പ്ലെയ്ന്‍ഫീല്‍ഡ്, അമേരിക്ക ട്രസ്റ്റ് പബ്ലിക്കേഷന്‍, അതുപോലെ ഇസ്‌ലാമിക് ടീച്ചിംഗ്‌സ്(ഓഡിയോ സീരീസ്), ഇസ്‌ലാമിക് ഇന്‍ഫോര്‍മേഷന്‍ ഫൗണ്ടേഷന്‍, 1982, ആല്‍ബം നാല്.

16- ഉദാഹരണത്തിന് ഏഡ്വേര്‍ഡ് എ. വെസ്റ്റര്‍മാര്‍കിന്റെ ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ മാര്യേജ് നാലാം എഡിഷന്‍ നോക്കുക. ലണ്ടന്‍, മാക്മില്യന്‍, 1925, വാല്യം 3, പേ. 42-43.

17- മത്‌നുല്‍ ബുഖാരി, അല്‍ബുഖാരി, ദാറു ഇഹ്‌യാ കുതുബുല്‍ അറബിയ, കൈറോ, ഈജിപ്ത്, വാല്യം. 3, കിതാബുല്‍ അദബ്, പേ. 47. സമാന വിവര്‍ത്തനം എം.എം ഖാന്റെ സ്വഹീഹുല്‍ ബുഖാരിയിലും കാണാം, മക്തബത്തു റിയാദില്‍ ഹദീഥ്, റിയാദ്, സൗദി അറേബ്യ.

18- ആയിശ ബീവിയുടെ നിവേദനം, ഇബ്‌നു അസാകിര്‍ സമാഹരിച്ചത്, സില്‍സിലതു കുനൂസിസ്സുന്ന 1, അല്‍ജാമി അസ്വഗീര്‍, ആദ്യ എഡിഷന്‍, 1410.

19- രിയാളുസ്വാലിഹീന്‍, പേ. 139

ഗ്രന്ഥസൂചി:
(1) ഖുര്‍ആനും ഹദീഥും
1- ഖുര്‍ആന്‍: സൂക്തം, എ.വൈ അലിയുടെ പരിഭാഷയും വ്യാഖ്യാനവും, ദി അമേരിക്കന്‍ ട്രസ്റ്റ് പബ്ലിക്കേഷന്‍, പ്ലൈന്‍ഫീല്‍ഡ്, 1977.
2- മത്‌നുല്‍ ബുഖാരി, അല്‍ബുഖാരി, ദാറു ഇഹ്‌യാ കുതുബുല്‍ അറബിയ, കൈറോ, ഈജിപ്ത്.
3- മുസ്‌നദു അഹ്‌മദ് ഇബ്‌നു ഹമ്പല്‍, ഇബ്‌നു ഹമ്പല്‍, ദാറു ഇഹ്‌യാ കുതുബുല്‍ അറബിയ, കൈറോ, ഈജിപ്ത്.
4- രിയാളുസ്വാലിഹീന്‍, നവവി, ന്യൂഡല്‍ഹി, ഇന്ത്യ.
5- സ്വഹീഹുല്‍ ബുഖാരി, എ. ഖാന്‍(വിവര്‍ത്തനം), മക്തബത്തു രിയാളില്‍ ഹദീഥാത്, രിയാള്, സഈദി അറേബ്യ, 1982.
6- സില്‍സിലത്തു കുനൂസിസ്സുന്ന: അല്‍ജാമിഉ സ്വഗീര്‍.
7- സുനനു ഇബ്‌നു മാജ, ദാറു ഇഹ്‌യാ കുതുബുല്‍ അറബിയ, കൈറോ, ഈജിപ്ത്.

(2) മറ്റു അവലംബങ്ങള്‍:
1- അല്‍മര്‍അത്തു വ ഹുഖൂഖുഹാ ഫില്‍ ഇസ്‌ലാം, മകത്ബത്തു നഹ്ദ, കയ്‌റോ, 1988.
2- ബൈബിള്‍, അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി, ന്യൂയോര്‍ക്ക്, 1952.
3- എന്‍സൈക്ലോപീഡീയ ബൈബ്ലിക, വാല്യം. 3, ടി.കെ ചെയന്നെ & ജെ.എസ് ബ്ലാക്ക്, എഡിറ്റേര്‍സ്, ലണ്ടന്‍, 1925.
4- എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക, വാല്യം. 23, 1968.
5- ദി ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ മാര്യേജ്, വാല്യം. 3, എഡ്വേര്‍ഡ് എ. വെസ്റ്റര്‍മാര്‍ക്, ലണ്ടന്‍, മാക്മിലന്‍, 1925.

( അവസാനിച്ചു )

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles