Current Date

Search
Close this search box.
Search
Close this search box.

ലിംഗസമത്വം ഇസ്‌ലാമില്‍ ( 3 – 4 )

ബഹുഭാര്യത്വം:

1- ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് ഇസ്‌ലാമിനെ കൊണ്ടുവരുന്നത് ഇസ്‌ലാം മുന്നോട്ടുവെച്ച അധ്യാപനങ്ങള്‍ക്ക് അടിസ്ഥാനമാക്കിയാണ്. ഏകഭാര്യത്വമോ ബഹുഭാര്യത്വമോ ആണ് മാനദണ്ഡമെന്ന് ഖുര്‍ആനിലോ ഹദീഥിലോ ഒരിടത്തും പറയുന്നില്ല. എന്നാല്‍, ജനസംഖ്യാപരമായ ഡാറ്റ പ്രകാരം ഏകഭാര്യത്വമാണ് മാനദണ്ഡം. ബഹുഭാര്യത്വം അതില്‍നിന്നും അപവാദമാണ്. ചിലയിടങ്ങളില്‍ സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ കൂടുതലായുള്ളതെങ്കിലും ലോകതലത്തിൽ പുരുഷ-സ്ത്രീ ആനുപാതികം ഏകദേശം സമമാണ്.
ബഹുഭാര്യത്വം ഒരു മാനദണ്ഡമായി പരിഗണിക്കുന്നത് പ്രായോഗികമായി അസാധ്യമാണ്. കാരണം, നാല് ഭാര്യമാര്‍ വേണമെന്ന് മാനദണ്ഡമായി നിര്‍ണയിക്കുകയാണെങ്കില്‍ ഇരുപത് ശതമാനം പുരുഷന്മാര്‍ക്ക് എണ്‍പത് ശതമാനം സ്ത്രീകള്‍ ആവശ്യമായി വരും. അസാധ്യമായ ഒരു അനുമാനത്തെ അടിസ്ഥാനമാക്കി ഇസ്‌ലാം ഒരു മാനദണ്ഡവും നിര്‍ണയിക്കുകയില്ല.

2- മറ്റു പല മതങ്ങളെയും വ്യക്തികളെയും പോലെ ബഹുഭാര്യത്വത്തിന് നിയമം നിശ്ചയിക്കാത്ത മതമല്ല ഇസ്‌ലാം. കൃത്യമായ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം അതിന് മുന്നോട്ട് വെക്കുന്നുണ്ട്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം, ബഹുഭാര്യത്വം ഒരിക്കലും നിഷേധിക്കപ്പെട്ടതോ എന്നാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതോ അല്ല. അതേസമയം അനുവദനീയവും നിയമങ്ങളും ചട്ടങ്ങളും നിര്‍ണയിക്കപ്പെട്ടതുമാണ്. ജൂത-ക്രൈസ്തവ വിഭാഗങ്ങളിലെല്ലാം ബഹുഭാര്യത്വം യഥേഷ്ടം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ ഫിന്നിഷ് ഫിലോസഫര്‍ എഡ്വേര്‍ഡ് വെസ്റ്റര്‍മാര്‍ക് വിവരിക്കുന്നുണ്ട്.

3- ബഹുഭാര്യത്വത്തെ പരാമര്‍ശിച്ച ഏക ഖുര്‍ആന്‍ സൂക്തം നിസാഅ് അധ്യായത്തിലെ മൂന്നാം സൂക്തമാണ്. അവിടെത്തന്നെ അതിന്റെ എണ്ണവും നിര്‍ണയിക്കുന്നുണ്ട്. മാത്രവുമല്ല, അവര്‍ക്കിടയില്‍ പരസ്പരം നീതി പുലര്‍ത്തണമെന്ന് നിസ്‌കര്‍ഷിക്കുന്നുമുണ്ട്. ഉഹ്ദ് യുദ്ധാനന്തരം ഒരുപാട് സ്വഹാബീ വനിതകള്‍ വിധവകളും അനാഥരുമായി മാറിയതാണ് ഇത്തരമൊരു അനുമതിക്ക് കാരണമായത്. വരുംകാലങ്ങളില്‍ ഉണ്ടായേക്കാവുന്ന വൈയക്തികവും കൂട്ടമായതുമായ അനിശ്ചിതത്വങ്ങളെ(യുദ്ധങ്ങള്‍ വഴി സ്ത്രീ-പുരുഷ ആനുപാതികങ്ങളില്‍ വരുന്ന അസന്തുലിതാവസ്ഥ പോലെ) ഇല്ലായ്മ ചെയ്യുകയെന്നതാണ് ഈ അനുവദനീയതയുടെ ഉദ്ദേശമെന്ന് മനസ്സിലാക്കാം. ഭര്‍ത്താവിന്റെ/പിതാവിന്റെ അഭാവത്തില്‍ കൂടുതല്‍ ദുര്‍ബലരായി മാറാന്‍ സാധ്യതയുള്ള വിധവകളുടെയും അനാഥരുടെയും പ്രശ്‌നങ്ങള്‍ക്കിത് ധാര്‍മികവും മാനുഷികവും പ്രായോഗികവുമായ പരിഹാരം നല്‍കുന്നു.

‘ഒരിക്കലൊരാള്‍ നബിക്ക് അരികില്‍ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ആരോടാണ് ഞാന്‍ ഏറ്റവും നന്നായി സഹവര്‍ത്തിക്കേണ്ടത്? പ്രവാചകന്‍ പറഞ്ഞു: ‘നിന്റെ ഉമ്മയോട്’. പിന്നെയോ?, ആഗതന്‍ ചോദ്യം ആവര്‍ത്തിച്ചു. ‘നിന്റെ ഉമ്മയോട്’ പ്രവാചകന്‍ പ്രതിവചിച്ചു. പിന്നെയോ?, അയാള്‍ വീണ്ടും ചോദിച്ചു. ‘നിന്റെ പിതാവിനോട്’ തിരുനബി മറുപടി പറഞ്ഞു.’

‘അനാഥക്കുട്ടികളുടെ കാര്യത്തില്‍ നീതി പാലിക്കാന്‍ കഴിയില്ലെന്നു ഭയപ്പെടുകയാണെങ്കില്‍ മറ്റുവനിതകളില്‍ നിന്നു നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം കഴിക്കുക; അവരോടും നീതി ചെയ്യാനാവില്ലെന്നു പേടിയുണ്ടെങ്കില്‍ ഒരുത്തിയെ മാത്രം; അല്ലെങ്കില്‍ നിങ്ങളുടെ അടിയാത്തികള്‍. പരിധികള്‍ ലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് അതാണേറ്റം നല്ലത്'(നിസാഅ്: 3).

4- ഭര്‍ത്താവ് രണ്ടാം സ്ത്രീയെ വിവാഹാലോചന നടത്തുമ്പോള്‍ അയാളെ മോചനദ്രവ്യം നല്‍കി ഒഴിവാക്കാന്‍ ഭാര്യക്കും രണ്ടാം വിവാഹത്തിന് സമ്മതിക്കാത്ത പ്രഥമ ഭാര്യയെ മോചനം നടത്താന്‍ ഭര്‍ത്താവിനും അവസരമുണ്ട്. ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബഹുഭര്‍തൃത്വത്തിന് ഇസ്‌ലാം ഒരിക്കലും അനുമതി നല്‍കുന്നില്ല. നരവംശശാസ്ത്രപരമായി അത് വളരെ വിരളമാണ് താനും. കുട്ടികളുടെ സ്വത്വപരമായി അതൊരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നത് തന്നെ കാരണം.

(3) മാതാവെന്ന നിലയില്‍

1- മാതാപിതാക്കളോട്, മാതാവിനോട് പ്രത്യേകിച്ചും, സ്‌നേഹത്തോടെ വര്‍ത്തിക്കുകയെന്നത് ആരാധനയുടെ ഭാഗമാണ്:
‘മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വഹണകാര്യം മനുഷ്യനോട് നാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാതാവ് അവനെ ഗര്‍ഭത്തില്‍ ചുമന്നത് മേല്‍ക്കുമേല്‍ ബലഹീനതയോടെയാണ്. അവന്റെ മുലയൂട്ടല്‍ നിര്‍ത്തുക രണ്ടു വര്‍ഷം കൊണ്ടത്രേ. അതുകൊണ്ട്, എനിക്കും മാതാപിതാക്കള്‍ക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം; നിന്റെ തിരിച്ചുവരവ് എന്റെയടുത്തേക്ക് തന്നെയാണ്.'(ലുഖ്മാന്‍: 14), ‘തനിക്കല്ലാതെ നിങ്ങള്‍ ആരാധനകളര്‍പ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചിരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ച്ഛെ എന്നുപോലും പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യരുത്; ആദരപൂര്‍ണമായ വാക്കുകള്‍ മാത്രം പറയുക.'(ഇസ്‌റാഅ്: 23).

2- തിരുമൊഴിയിലും ഉമ്മമാര്‍ക്ക് പ്രത്യേക സ്ഥാനം ലഭിച്ചതായി കാണാം:
‘ഒരിക്കലൊരാള്‍ നബിക്ക് അരികില്‍ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ആരോടാണ് ഞാന്‍ ഏറ്റവും നന്നായി സഹവര്‍ത്തിക്കേണ്ടത്? പ്രവാചകന്‍ പറഞ്ഞു: ‘നിന്റെ ഉമ്മയോട്’. പിന്നെയോ?, ആഗതന്‍ ചോദ്യം ആവര്‍ത്തിച്ചു. ‘നിന്റെ ഉമ്മയോട്’ പ്രവാചകന്‍ പ്രതിവചിച്ചു. പിന്നെയോ?, അയാള്‍ വീണ്ടും ചോദിച്ചു. ‘നിന്റെ പിതാവിനോട്’ തിരുനബി മറുപടി പറഞ്ഞു.'(ബുഖാരി).

(4) സഹോദരിയെന്ന നിലയില്‍

1- പ്രവാചകന്‍(സ്വ) പറയുന്നു: ‘സ്ത്രീകള്‍ പുരുഷന്മാരുടെ പാതികളാണ്.’

2- എല്ലാ സ്ത്രീകളോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ തിരുനബി(സ്വ) നിര്‍ദേശിക്കുന്നു:
‘നിങ്ങള്‍ സ്ത്രീകളോട് അനുകമ്പയുള്ളവരാവുക.’

(5) എളിമയുടെയും സാമൂഹിക ഇടപെടലുകളുടെയും പ്രശ്‌നങ്ങള്‍

1- മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, യാഥാര്‍ഥ്യത്തെ കുറിച്ചുള്ള ആലോചനകള്‍ക്കിടയില്‍ വലിയൊരു വിടവ് നിലനില്‍ക്കുന്നുണ്ട്. ചില മുസ്‌ലിംകള്‍ ഇസ്‌ലാമേതര സംസ്‌കാരങ്ങള്‍ അനുകരിക്കുകയും വസ്ത്രധാരണ രീതികളിലും മറ്റും അനിയന്ത്രിതമായ പാശ്ചാത്യ പെരുമാറ്റങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും മുസ്‌ലിംകളെ സാംസ്‌കാരികമായി ദുഷിപ്പിക്കുകയും കുടുംബത്തിന്റെ കെട്ടുറപ്പ് അപകടത്തിലാക്കുകയും ചെയ്യുന്നു. എന്നാല്‍, മറ്റു ചിലര്‍ അനാവശ്യമായ കാര്‍ക്കശ്യം സ്വീകരിക്കാന്‍ ശ്രമിക്കുന്നു. രണ്ടും ഇസ്‌ലാമിന്റെ മധ്യമ നിലപാടിനെതിരാണ്. ഇതൊരിക്കലും പ്രവാചക അധ്യാപനങ്ങളോടോ അക്കാലത്തെ ഉല്‍കൃഷ്ടമായ സാമൂഹിക ജീവിത രീതികളോടോ പൊരുത്തപ്പെടുന്നതോ അല്ല.

2- സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉണ്ടായിരിക്കേണ്ട എളിമയുടെയും താഴ്മയുടെയും(വസ്ത്രധാരണം പെരുമാറ്റം പോലെ) മാനദണ്ഡങ്ങള്‍ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയുള്ളതാണ്. അത്തരം വിശ്വാസം കൈകൊള്ളുന്നവര്‍ ദൈവിക ജ്ഞാനങ്ങളെയും നിയമാനുസൃതമായ ലക്ഷ്യങ്ങളെയും ജീവിത മാര്‍ഗനിര്‍ദേശങ്ങളായി കാണുന്നു.

3- സ്ത്രീകളുടെ സമ്പൂര്‍ണ ഏകാന്തത എന്ന ആശയം പ്രവാചക കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം അപരിചിതമായൊരു കാര്യമാണ്. ഏകാന്തതയെ ന്യായീകരിക്കുന്നിടത്ത് വന്ന വ്യാഖ്യാനങ്ങളിലെ പ്രശ്‌നങ്ങളാണ് പിന്നീട് അത്തരം ആലോചനകളിലേക്ക് എത്തിച്ചത്. ( തുടരും )

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles