Current Date

Search
Close this search box.
Search
Close this search box.

ലിംഗസമത്വം ഇസ്‌ലാമില്‍ ( 2 – 4 )

സാമ്പത്തിക വീക്ഷണം:

1- വിവാഹത്തിന് മുമ്പും ശേഷവും സ്ത്രീകളുടെ മുഴുവന്‍ സ്വത്തവകാശവും ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കുന്നു. വിവാഹിതയായ ഒരു സ്ത്രീക്ക് അവളുടെ ആദ്യനാമം സൂക്ഷിക്കാനും അവകാശമുണ്ട്.

2- ഏറ്റവും വലിയ സാമ്പത്തിക ഭദ്രതയാണ് ഇസ്‌ലാം സ്ത്രീകള്‍ക്ക് ഉറപ്പു വരുത്തിയിട്ടുള്ളത്. വൈവാഹിക സമ്മാനങ്ങള്‍ സ്വീകരിക്കാനും അത് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വരുമാനമായും സ്വന്തം സുരക്ഷക്കുള്ള സൂക്ഷിപ്പു സ്വത്തായും കരുതി വെക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വിവാഹിതയായ സ്ത്രീ അവളുടെ സ്വത്തില്‍ നിന്നും അല്‍പം പോലും കുടംബത്തിന് വേണ്ടി ചെലവഴിക്കേണ്ടതില്ല. വിവാഹ സമയത്തും വിവാഹമോചന സമയത്തെ ഇദ്ദയിലും അവള്‍ക്ക് പൂര്‍ണ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്. മകള്‍, ഭാര്യ, മാതാവ്, സഹോദരി എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മുസ്‌ലിമായ ഒരു സ്ത്രീക്ക് ഇസ്‌ലാം പൂര്‍ണ പിന്തുണ ഉറപ്പു വരുത്തുന്നു. ഇത്തരം വിഷയങ്ങളില്‍ പുരുഷനെക്കാള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണന അനന്തരാവകാശ വ്യവസ്ഥിതികളാല്‍ ഒരു പരിധിവരെ ഇസ്‌ലാം സന്തുലിതമായി നിലനിര്‍ത്തുന്നുണ്ട്. സ്ത്രീകളെക്കാള്‍ ഇരട്ടി അനന്തരാവകാശം ലഭിക്കുന്നുണ്ടെങ്കിലും പെണ്‍മക്കള്‍, ഭാര്യ, മാതാവ്, സഹോദരി എന്നിവരുടെ സാമ്പത്തിക വിഷയത്തിലും പുരുഷന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, തനിക്ക് ലഭിച്ച അനന്തരാവകാശം, പുരുഷനെ അപേക്ഷിച്ച് താരതമ്യേന കുറവാണെങ്കിലും, തന്നിഷ്ടം പോലെ നിയമപരമായ ബാധ്യതകളില്ലാതെ നിക്ഷേപത്തിനും സൂക്ഷിപ്പു സ്വത്തായി കരുതിവെക്കാനും സ്ത്രീക്ക് സാധ്യമാകും. അവള്‍ക്കതില്‍നിന്നും ഉപജീവനത്തിന് ആവശ്യമായതെന്നും(ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മരുന്ന് പോലെ) വാങ്ങുകയും ചെയ്യാം.

സാമൂഹിക വീക്ഷണം:

(1) മകളെന്ന നിലയില്‍

1- ഇസ് ലാമിന് മുമ്പുണ്ടായിരുന്ന പെണ്‍ ശിശുഹത്യയെ(വഅ്ദ്) വിശുദ്ധ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍തന്നെ എതിര്‍ത്തു:
‘എന്തു പാതകത്തിനാണ് താന്‍ വധിക്കപ്പെട്ടത് എന്ന് ജീവനോടെ കുഴിച്ചുമൂടപ്പെട്ടവളോട് ചോദിക്കപ്പെടുന്ന സന്ദര്‍ഭം'(തക്‌വീര്‍: 8-9).

2- പെണ്‍കുഞ്ഞാണ് പിറന്നതെന്ന് കേള്‍ക്കുമ്പോള്‍ അസന്തുഷ്ടരാകുന്ന ചില രക്ഷിതാക്കളുടെ ദൂഷ്യ മനോഭാവത്തെ ഖുര്‍ആന്‍ നിഷിധമായി വിമര്‍ശിച്ചു:
‘തനിക്കൊരു പെണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്ന് അവരിലൊരാള്‍ക്ക് ശുഭവാര്‍ത്തയറിയിക്കപ്പെട്ടാല്‍ കോപാന്ധനായി അവന്റെ മുഖം കരുവാളിച്ചുപോകും. ആ ശുഭവൃത്താന്തത്തിന്റെ മനോവിഷമം മൂലം ജനങ്ങളില്‍ നിന്ന് അവന്‍ അപ്രത്യക്ഷനാകുന്നു – ആ കുഞ്ഞിനെ അപമാനം സഹിച്ച് വെച്ചുകൊണ്ടിരിക്കണമോ അതോ മണ്ണില്‍ കുഴിച്ചിടണമോ? ( ഇതാണവനെ മഥിക്കുന്ന ചിന്ത.) അറിയുക, അവരുടെ ഈ വിധി എത്ര ഹീനം.'(നഹ്‌ല്: 58-59).

3- പെണ്‍കുട്ടികളോട് നീതിപൂര്‍വം പെരുമാറാനും അവരോട് അനുകമ്പ കാണിക്കാനും പിന്തുണ നല്‍കാനും മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. തിരുനബി(സ്വ) പറഞ്ഞത് നോക്കുക:
‘ഒരാള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ടാവുകയും അവളെ ജീവിനോടെ കുഴിച്ചുമൂടുകയോ അധിക്ഷേപിക്കുകയോ അവളെക്കാള്‍ മകന് ശ്രേഷ്ഠത കല്‍പിക്കുകയോ ചെയ്യാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവനെ സ്വര്‍ഗസ്ഥനാക്കുന്നതാണ്'(അഹ്‌മദ്), ‘തന്റെ രണ്ട് പെണ്‍മക്കളെയും പ്രായപൂര്‍ത്തിയാകുന്നത് വരെ പരിപാലിക്കാന്‍ ഒരാള്‍ തയ്യാറായാല്‍ അന്ത്യനാളില്‍ അവനും ഞാനും തമ്മില്‍ ഇതുപോലെയായിരിക്കും(അതുപറഞ്ഞ് പ്രവാചകന്‍ തന്റെ രണ്ട് വിരലുകള്‍ ചേര്‍ത്തു വച്ചു)'(അഹ്‌മദ്).

4- വിദ്യഭ്യാസം പുരുഷന്മാരുടെയും സ്ത്രീകളുടെയും അവകാശം മാത്രമല്ല. അത് അവര്‍ക്ക് ലഭ്യമായെന്ന് ഉറപ്പുവരുത്തല്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തം കൂടിയാണ്. പ്രവാചകന്‍(സ്വ) പറഞ്ഞത് കാണുക:
‘ജ്ഞാന സമ്പാദനം എല്ലാ മുസ്‌ലിമിനും നിര്‍ബന്ധമാണ് (പുരുഷനെയും സ്ത്രീയെയും ഉള്‍കൊള്ളുന്ന പൊതു അര്‍ഥത്തിലാണ് ഇവിടെ മുസ്‌ലിം എന്ന് ഉപയോഗിച്ചിട്ടുള്ളത്)’.

(2) ഭാര്യയെന്ന നിലയില്‍

1- മനുഷ്യന്റെ ആവശ്യനിര്‍വഹണത്തിന് മാത്രമുള്ളതല്ല വിവാഹം. സമാധാനം, സ്‌നേഹം, അനുകമ്പ തുടങ്ങിയവയാണ് അതിന്റെ അടിസ്ഥാനം:
‘ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട്, തീര്‍ച്ച.'(റൂം: 21).

2- വിവാഹാലോചനകള്‍ സ്വീകരിക്കാനും നിരസിക്കാനും സ്ത്രീക്ക് അവകാശമുണ്ട്. പ്രവാചക അധ്യാപന പ്രകാരം വിവാഹ കരാറിന്റെ സാധുതയ്ക്ക് അവളുടെ സമ്മതം അനിവാര്യമാണ്. ‘അറേഞ്ച്ഡ് മാര്യേജ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ വേളി കഴിപ്പിക്കുന്നതാണെങ്കില്‍, തനിക്ക് താല്‍പര്യമുണ്ടെങ്കില്‍ അവള്‍ക്കത് അസാധുവാക്കാവുന്നതാണ്.

‘മുഹമ്മദ് നബി(സ്വ)യുടെ അരികിലേക്ക് പരാതിയുമായി വന്ന ഒരു സ്ത്രീയെക്കുറിച്ച് ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു; തനിക്ക് താല്‍പര്യമില്ലാതെ പിതാവ് തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് അവള്‍ പ്രവാചകനോട് പരാതി പറഞ്ഞു. അന്നേരം തിരുനബി(സ്വ) ആ സ്ത്രീക്ക് രണ്ട് അവസരങ്ങള്‍ നല്‍കി(ഒന്നുകില്‍ വിവാഹത്തിന് സമ്മതിക്കാം അല്ലെങ്കില്‍ നിരസിക്കാം).'(അഹ്‌മദ്). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ‘സ്ത്രീ പറഞ്ഞു: യഥാര്‍ഥത്തില്‍ എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്. പക്ഷേ, സ്ത്രീകളെ തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമില്ലെന്ന് എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു.'(ഇബ്‌നു മാജ). പരിപാലനം, സംരക്ഷണം, കൂടിയാലോചനകളും അനുകമ്പയും അടിസ്ഥാനമായുള്ള കുടുംബത്തിന്റെ ഉത്തരവാദിത്തം(ഖിവാമ) എന്നിവയെല്ലാം പുരുഷന്റെ മാത്രം ചുമതലയാണ്. പുരുഷന്റെയും സ്ത്രീയുടെയും ചുമതലകളിലെ സ്വാശ്രയത്വവും പരിപൂരകത്വവും ഭാഗികമായി പോലും ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന വിശദീകരണമല്ല. പ്രവാചകത്വത്തിന്റെ തിരക്കുകള്‍ക്കിടയിലും തിരുനബി(സ്വ) വീട്ടുകാര്യങ്ങളില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നു.

‘ഉമ്മമാര്‍ ശിശുക്കള്‍ക്ക് രണ്ടു പൂര്‍ണ വര്‍ഷം മുലപ്പാല്‍ നല്‍കണം. മുലകുടി പൂര്‍ത്തീകരിക്കണമെന്നുദ്ദേശിക്കുന്നവര്‍ക്കാണിത്. മുലയൂട്ടുന്നവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവും ന്യായമായി നല്‍കേണ്ടത് ശിശുവിന്റെ പിതാവാണ്. എന്നാല്‍ കഴിവിനപ്പുറം ഒരാളും നിര്‍ബന്ധിക്കപ്പെടുകയോ, ഒരുമ്മയോ ബാപ്പയോ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടുകയോ ചെയ്യരുത്. അവകാശികള്‍ക്കും ഇതേ ബാധ്യതയുണ്ട്. ഇനി കൂടിയാലോചിച്ച് പരസ്പര സംതൃപ്തിയോടെ അവരിരുവരും സ്തനമൂട്ടല്‍ നിര്‍ത്താമെന്നു വെച്ചാലും മറ്റൊരുത്തിയെക്കൊണ്ട് മുലയൂട്ടാന്‍-ന്യായമായ പ്രതിഫലം കൊടുത്ത്-തീരുമാനിച്ചാലും കുറ്റമൊന്നുമില്ല അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും അവന്‍ നിങ്ങളുടെ ചെയ്തികള്‍ നന്നായി കാണുന്നുണ്ടെന്നറിയുകയും ചെയ്യുക.'(ബഖറ: 233).

വിവാഹത്തിന് മുമ്പും ശേഷവും സ്ത്രീകളുടെ മുഴുവന്‍ സ്വത്തവകാശവും ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കുന്നു. വിവാഹിതയായ ഒരു സ്ത്രീക്ക് അവളുടെ ആദ്യനാമം സൂക്ഷിക്കാനും അവകാശമുണ്ട്.

സ്വന്തം ഭാര്യയെ ഇഷ്ടമില്ലെങ്കില്‍ പോലും അവള്‍ക്ക് കാര്യമായ പരിഗണന നല്‍കാനും സ്‌നേഹിക്കാനും ഖുര്‍ആന്‍ പ്രേരിപ്പിക്കുന്നു: ‘സത്യവിശ്വാസികളേ, സ്ത്രീകളെ നിങ്ങള്‍ നിര്‍ബന്ധപൂര്‍വം അനന്തരാവകാശമായി എടുക്കുക അനുവദനീയമല്ല നിങ്ങളവര്‍ക്ക് കൊടുത്ത മഹ്റില്‍ നിന്നു ഒരു വിഹിതം തട്ടിയെടുക്കാനായി അവരെ തടഞ്ഞുവെക്കാനും പാടില്ല, വ്യക്തമായ വല്ല ദുര്‍വൃത്തിയിലും അവര്‍ ഏര്‍പ്പെട്ടാലൊഴികെ. ഉദാത്തരീതിയില്‍ അവരോടു വര്‍ത്തിക്കണം. ഇനി അവരോട് വെറുപ്പുണ്ടെങ്കില്‍ ക്ഷമിക്കുക; കാരണം, നിങ്ങള്‍ക്ക് ഒരു വസ്തുവിനോടു അസംതൃപ്തിയുണ്ടാവുകയും അല്ലാഹു അതില്‍ ഒട്ടേറെ നന്മ നിശ്ചയിക്കുകയും ചെയ്തെന്നുവന്നേക്കാം.'(നിസാഅ്: 19). പ്രവാചകന്‍(സ്വ) അരുള്‍ ചെയ്തു: ‘സ്ത്രീകളോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക’, ‘തന്റെ കുടുംബത്തോട്(ഭാര്യയോട്) ഉത്കൃഷ്ടമായി പെരുമാറുന്നവാനാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍’.

ഭാര്യഭര്‍ക്കാത്തന്മാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ആവുന്നത്രയും സ്വകാര്യമായി കൈകാര്യം ചെയ്യണം. അതില്‍ അതിര് കടന്ന് പ്രവര്‍ത്തിക്കുകയോ ക്രൂരമായി പെരുമാറുകയോ ചെയ്യരുത്. ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പരിഹാരമായില്ലെങ്കില്‍ മാത്രം കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഒരാളെ മധ്യസ്ഥനായി നിര്‍ത്തി പരിഹാരം തേടുക. അനുവദനീയമാണെങ്കില്‍ പോലും വിവാഹമോചനമെന്നത് ഏറ്റവും ഒടുവിലത്തെ പടിയാണ്. നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. കൗടംബിക അക്രമങ്ങളെയോ ശാരീരിക പീഢനങ്ങളെയോ ഒരു സാഹചര്യത്തിലും വിശുദ്ധ ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. വിവാഹബന്ധത്തെ ഒരിക്കലും ബാധിക്കാത്ത തരത്തിലുള്ള, അതും അനിവാര്യമായ ഘട്ടത്തില്‍ മാത്രം, മൃദുവായ അടി മാത്രമാണ് ശരീഅത്ത് അനുവദിക്കുന്നത്.

3- പരസ്പര ധാരണ, ഭാര്യയോ ഭര്‍ത്താവോ മുന്‍കൈയെടുക്കല്‍ എന്നിവയെല്ലാം വിവാഹമോചനത്തിന്റെ ഭാഗമാണ്. പ്രത്യേക കാരണമൊന്നുമില്ലാതെയാണ് ഭാര്യ വേര്‍പിരിയുന്നതെങ്കില്‍ ഭര്‍ത്താവിനവള്‍ മോചനദ്രവ്യം നല്‍കണം.

4- വിവാഹമോചന കാലയളവില്‍, ചെറിയ കുട്ടികളുടെ(ഏകദേശം ഏഴ് വയസ്സ് വരെ) സംരക്ഷണത്തില്‍ മാതാവിനാണ് മുന്‍ഗണന നല്‍കപ്പെടുക. പിന്നീട് കുട്ടിക്ക് തന്നിഷ്ട പ്രകാരം മാതാവിന്റെയോ പിതാവിന്റെയോ സംരക്ഷണത്തില്‍ കഴിയാം. മാതാപിതാക്കളുടെയും കുട്ടിയുടെയും താല്‍പര്യങ്ങളും ക്ഷേമവും സന്തുലിതമാകുന്ന വിധത്തിലാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത്. ( തുടരും )

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles